എന്നും അച്ഛന്റെ പരിഗണനാപ്പട്ടികയില്‍ വായന കഴിഞ്ഞേ മറ്റെന്തിനും സ്ഥാനമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ കുട്ടിയായിരിക്കുമ്പോള്‍ എനിക്ക് അച്ഛന്റെ പുസ്തകങ്ങളോട് അസൂയകലര്‍ന്ന ഒരു വിരോധമായിരുന്നു എന്ന് തോന്നുന്നു. ഏതു നേരവും എവിടെയായാലും അച്ഛനില്‍ പുസ്തകങ്ങള്‍ കുത്തകാവകാശം സ്ഥാപിച്ചു. വീട്ടില്‍ മാത്രമല്ല, പുറത്തുപോകുമ്പോഴും അതില്‍ മാറ്റമില്ല. അഞ്ചു മിനിട്ട് നേരത്തേക്ക് പുറത്തിറങ്ങുമ്പോള്‍പോലും അച്ഛന്‍ ഒപ്പം കൂട്ടിയിരുന്നത് ഒരു പുസ്തകത്തെ ആണ്; യാത്രയ്ക്കിടയിലും വാഹനം കാത്തുനില്ക്കുമ്പോഴും. വിവാഹം, മരണം തുടങ്ങിയവ നടക്കുന്ന ഇടങ്ങളില്‍ ചെന്നാല്‍ മറ്റെല്ലാവരും ചടങ്ങുകള്‍ക്ക് ഓടിനടക്കുമ്പോഴും ഏതെങ്കിലും ഒഴിഞ്ഞകോണ്‍ നോക്കി ഒരു പുസ്തകത്തിലോ പത്രത്തിലോ മുഴുകി ലോകമാകെ മറന്ന് ഇരിക്കുന്ന അച്ഛന്‍ പതിവു കാഴ്ചയായിരുന്നു.

വായിച്ചു തീരാത്ത അച്ഛന്‍ വാങ്ങാം

തീവണ്ടിയാത്രാവേളയില്‍ കിട്ടാവുന്ന എല്ലാ പത്രങ്ങളും വാങ്ങി കൈയില്‍ വെക്കുന്ന അച്ഛന്‍ യാത്രികരാരെങ്കിലും ഒരു പത്രം വായിക്കാന്‍ ചോദിച്ചാല്‍ നിഷ്‌കരുണം മുഖത്തു നോക്കി നിഷേധിക്കുന്നത് കണ്ട് ഞാന്‍ പില്ക്കാലത്തും ചമ്മിയിട്ടുണ്ട്. ഒരു കാര്യത്തിലും സ്വന്തം കാര്യം എന്നൊന്നേ ഇല്ലാതിരുന്ന അച്ഛന്റെ സ്വാര്‍ഥത പുസ്തകക്കാര്യത്തില്‍ മാത്രമാണ്. ആരും പുസ്തകങ്ങള്‍ എടുത്തുകൊണ്ടു പോകുന്നത് അച്ഛന് ഇഷ്ടമല്ല. നിവൃത്തിയില്ലാത്ത അവസ്ഥയില്‍ കടം കൊടുത്താല്‍ എത്ര നാള്‍ കഴിഞ്ഞു കണ്ടാലും മറക്കാതെ മടക്കിച്ചോദിക്കുകയും ചെയ്യും. അച്ഛന്റെ പക്കല്‍നിന്ന് എപ്പോഴെങ്കിലും ഞാന്‍ എടുക്കുന്ന പുസ്തകമോ മാസിക പോലുമോ രണ്ടുമൂന്നു ദിവസം കഴിഞ്ഞ് തിരിച്ചുചോദിക്കുന്നതും അല്ലെങ്കില്‍ എന്റെ വീട്ടില്‍ വന്ന് തിരിച്ച് എടുത്തുകൊണ്ടുപോകുന്നതും പതിവാണ്. വായിക്കാനുള്ളതെന്ത് കണ്ടാലും ആര്‍ത്തിയാണ് അച്ഛന്. ആരുടെ പുസ്തകമായാലും അതിനുള്ള ആദ്യാവകാശം തനിക്കാണെന്ന് അദ്ദേഹത്തിന്റെ ഉപബോധമനസ്സ് വിശ്വസിച്ചു. എന്റെയും പാര്‍വതിയുടെയും മക്കളുടെ കാണാതാകുന്ന പാഠപുസ്തകങ്ങള്‍ പലപ്പോഴും കണ്ടെടുക്കാറുള്ളത് അച്ഛന്റെ ലൈബ്രറിയില്‍ നിന്നായിരുന്നു. ഒന്നിനും കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത അച്ഛനെ, ചിലപ്പോള്‍ ഡോക്ടര്‍മാരെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ അടക്കിയിരുത്തുക അവിടെ കിടക്കുന്ന ഏതെങ്കിലും പഴയ പ്രസിദ്ധീകരണം നല്കിയാണ്. ഒന്നുമില്ലെങ്കില്‍ ഒരു ടെലിഫോണ്‍ ഡയറക്ടറിയെങ്കിലും കൊടുത്താല്‍ മതി അച്ഛന് ആശ്വാസമാകുമെന്ന് അനിയത്തി പാര്‍വതി തമാശ പറയും. ബസ്സ് കാത്തുനില്ക്കുമ്പോള്‍ പുസ്തകം തുറക്കുന്ന അച്ഛന്‍ ബസ്സുകള്‍ പലതും കടന്നുപോകുമ്പോഴും ഒന്നുമറിയാതെ വായനയില്‍ മുഴുകിനില്ക്കുന്ന കഥ പലരും പറയാറുണ്ട്.

അച്ഛന്റെ വായനാക്കമ്പം - വായനാഭ്രാന്തെന്നോ വായനാരതി (ബിബ്ലിയോഫീലിയ) എന്നതോ ആകും കൂടുതല്‍ പറ്റിയ പദം - കുട്ടിയായ എനിക്ക് ശത്രു ആയതിന് അസൂയ മാത്രമല്ല കാരണം. അത് ചിലപ്പോഴെങ്കിലും ഞങ്ങളെ അപായപ്പെടുത്തിയിട്ടുമുണ്ട്. അഞ്ചു വയസ്സുകാരനായ എന്നെ ദില്ലിയിലെ തിരക്കേറിയ തീവണ്ടിസ്റ്റേഷനില്‍ അച്ഛന് കളഞ്ഞുപോയത്, ഞാന്‍ ഒപ്പമുണ്ടെന്നോര്‍ക്കാതെ സകലതും മറന്ന് ഒരു പുസ്തകക്കടയിലേക്ക് ഒരു സ്വപ്‌നാടനക്കാരനെപ്പോലെ കയറിപ്പോയതിനാലായിരുന്നു. അക്കാലത്ത് ദില്ലിയില്‍ ഒരു രാത്രി ഞങ്ങളുടെ കുടുംബം കാണാന്‍ പോയ ഉത്പല്‍ ദത്തിന്റെ നാടകത്തിനിടയില്‍ കരഞ്ഞുബഹളമുണ്ടാക്കിയ എന്റെ ആറുമാസം പ്രായക്കാരിയായ അനിയത്തിയുമായി പുറത്തുപോയ അച്ഛന്‍ നാടകം കഴിഞ്ഞ് രാത്രി വൈകിയിട്ടും എന്നെയും അമ്മയെയും വിളിക്കാനെത്തിയില്ല. രാത്രി വൈകി അപരിചിതമായ മഹാനഗരത്തില്‍ എങ്ങനെയൊക്കെയോ ഞങ്ങള്‍ രണ്ടു പേരും കൂടി താമസസ്ഥലമായ 89 സൗത്ത് അവന്യൂവില്‍ - 'പി.കെ.വിയുടെ ധര്‍മശാല' - എത്തിയപ്പോള്‍ എല്ലാം മറന്ന് വായനയില്‍ മുഴുകിയിരിക്കുന്ന അച്ഛന്‍.

യാത്രകള്‍ കഴിഞ്ഞ് - വിദേശങ്ങളില്‍ അടക്കം - എത്തുന്ന അച്ഛന്‍ ഒപ്പം കൊണ്ടുവരുന്ന വലിയ പായ്ക്കറ്റുകള്‍ കൊതിയോടെ വലിച്ചുകീറി തുറന്നു നോക്കുമ്പോള്‍ അട്ടിയട്ടിയായി കാണുന്ന പുത്തന്‍ തടിയന്‍ പുസ്തകങ്ങള്‍ കണ്ട് നിരാശയും രോഷവും സഹിക്കാനാവാതെപോയ എത്രയോ സന്ദര്‍ഭങ്ങള്‍ എന്റെ ബാല്യത്തില്‍ ഉണ്ടായിരുന്നു. എന്തെങ്കിലും കൊണ്ടുവരാന്‍ പറയുന്ന സാധനമാകട്ടെ പൂര്‍ണമായും മറക്കുകയും ചെയ്യും. കാക്കത്തൊള്ളായിരം തവണ ഈ അനുഭവമുണ്ടായിട്ടും യാത്രകഴിഞ്ഞുവരുന്ന അച്ഛന്റെ പൊതിക്കെട്ടുകള്‍ ആവേശത്തോടെ തുറന്നുനോക്കി നിരാശപ്പെടുന്ന എന്റെ ശീലം മുതിര്‍ന്നിട്ടും മാറിയില്ലെന്നാണ് അമ്മ പറയുക. പലപ്പോഴും അര്‍ധരാത്രി കയറിവരുന്നത് പുസ്തകം അടങ്ങിയ ചണച്ചാക്കുകളുമായിട്ടായിരുന്നുവെന്ന് ഓര്‍ക്കുന്നു. ഞങ്ങളുടെ വീട്ടില്‍ നിമിഷംതോറും പടരുന്ന ചിതല്‍ പോലെയായിരുന്നു അച്ഛന്റെ പുസ്തകങ്ങളുടെ വ്യാപനം. എല്ലാ അലമാരകളും നിറഞ്ഞ പുസ്തകം പിന്നീട് മറ്റിടങ്ങളെയും ആക്രമിച്ചു. മറ്റു വസ്തുക്കള്‍ക്കുള്ള ഇടങ്ങളെല്ലാം പുസ്തകങ്ങള്‍ കൈയേറിവന്നു. കിടപ്പുമുറിയില്‍ മാത്രമല്ല, ഊണുമുറിയിലും അടുക്കളയിലും അവ വെട്ടുകിളികളെപ്പോലെ ആക്രമിച്ചപ്പോള്‍ അമ്മ ഉയര്‍ത്തിയ പ്രതിഷേധം സാധാരണനിലയില്‍ സ്ത്രീപക്ഷവാദിയാണെങ്കിലും അച്ഛന്‍ അവഗണിച്ചു. പലപ്പോഴും ഞങ്ങളുടെ മുറികളിലെ അലമാരകള്‍ മാത്രമല്ല, കട്ടിലുകളിലും അവ ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ പൊറുതി ഉറപ്പിച്ചു. ഇന്ത്യയിലെ വിവിധയിടങ്ങളില്‍നിന്ന് മാസംതോറും വന്നിരുന്ന വന്‍ തുകയ്ക്കുള്ള ബില്ലുകള്‍ക്കായിരുന്നു അച്ഛന്റെ വരുമാനം മുഴുവന്‍ ചെലവഴിച്ചത്. അമ്മയുടെ ശമ്പളം മാത്രമേ വീട്ടുചെലവുകള്‍ക്ക് ഉപകരിച്ചുള്ളൂ.

പക്ഷേ, ഞാന്‍ മുതിര്‍ന്നുതുടങ്ങിയപ്പോള്‍ എന്റെ പുസ്തകവിരോധം സ്വാഭാവികമായും കുറഞ്ഞുവന്നു. ക്രമേണ അവയുമായി ഒത്തുതീര്‍പ്പാകാതെ വയ്യെന്നതും ഇതിന് ഒരു കാരണമായിരിക്കാം. കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ അച്ഛന്‍ ഞങ്ങള്‍ക്കായി എത്തിച്ചുതന്നിരുന്നു. മാലിയുടെ പുരാണകഥകള്‍, നെഹ്രുവിന്റെ ജന്മദിനമായ ശിശുദിനത്തില്‍ എന്‍.ബി.എസ്. ഇറക്കിയിരുന്ന പുസ്തകങ്ങളുടെ സമ്മാനപ്പെട്ടി തുടങ്ങിയവയ്‌ക്കൊപ്പം ലോകക്ലാസ്സിക്കുകളുടെ കുട്ടികള്‍ക്കു വേണ്ടി ഇറക്കുന്ന ആഖ്യാനങ്ങള്‍, ശാസ്ത്രപുസ്തകങ്ങള്‍, ജീവചരിത്രങ്ങള്‍ എന്നിവയിലൂടെയായിരുന്നു ശത്രുരാജ്യത്തിലേക്കുള്ള എന്റെ പ്രവേശനം. പക്ഷേ, പുസ്തകങ്ങളിലേറേ എന്നെ ആകര്‍ഷിച്ചത് ചിലമ്പൊലി, പൂമ്പാറ്റ, അമര്‍ചിത്രകഥ എന്നീ ആനുകാലികങ്ങള്‍ ആയിരുന്നു.

അച്ഛന്റെ വായനാവസ്തുക്കളില്‍ ചിലതിനോട് എനിക്ക് ആദ്യം ഇഷ്ടം തോന്നിയത് ഹൈസ്‌കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. അതും പുസ്തകങ്ങളോടല്ല. ടൈം, ന്യൂസ് വീക്ക് എന്നിങ്ങനെ അച്ഛന്‍ പതിവുതെറ്റാതെ വായിച്ചിരുന്ന ആനുകാലികങ്ങളോടാണ്. അവയിലൂടെ ഞാന്‍ ക്രമേണ പുസ്തകലോകത്തേക്ക് പ്രവേശിച്ചു. വാസ്തവത്തില്‍ അച്ഛന്റെ പുസ്തകങ്ങളുടെ വൈവിധ്യമാണ് എന്നെ ആദ്യം അമ്പരപ്പിച്ചതെന്നോര്‍ക്കുന്നു. രാഷ്ട്രീയം, ചരിത്രം, ഗണിതശാസ്ത്രം, ശാസ്ത്രവിഷയങ്ങള്‍, ശാസ്ത്രകഥ, സാമ്പത്തികശാസ്ത്രം, സാഹിത്യം, ലാവണ്യശാസ്ത്രം. മനഃശാസ്ത്രം, മതം എന്നീ വിഷയങ്ങള്‍ക്കൊപ്പം അന്ന് പുസ്തകശാലകളില്‍പോലും ഇല്ലാതിരുന്ന ഒട്ടേറെ വിഷയങ്ങള്‍ -ആര്‍ക്കിയോളജി, ചിത്രകല, നരവംശശാസ്ത്രം, മതം- എന്നിവയിലുള്ള ഗ്രന്ഥങ്ങള്‍ അച്ഛന്‍ ലോകത്തിന്റെ പലയിടത്തുനിന്നും വരുത്തി ശേഖരിച്ചു. ബോംബെയില്‍ അക്കാലത്ത് അച്ഛനോടൊപ്പം പോയപ്പോള്‍ അവിടെ എന്നെ കൊണ്ടുപോയത് സ്ട്രാന്‍ഡ്, സ്റ്റെര്‍ലിങ് എന്നീ പുസ്തകശാലകളും അച്ഛന്‍ സെന്റ് സേവിയേഴ്‌സില്‍ പഠിക്കുന്ന കാലം മുതല്‍ പോയിരുന്ന സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടത്തെരുവുകളിലും മാത്രം. ചെന്നൈയിലും കൊല്‍ക്കത്തയിലും ഒക്കെ പോയപ്പോഴും സ്ഥിതി മറിച്ചല്ല. കോളേജ്കാലമായപ്പോള്‍ അച്ഛന്റെ പുസ്തകലോകവുമായി എന്റെ പ്രണയം ആരംഭിച്ചു. സിനിമ സംബന്ധിച്ച പുസ്തകങ്ങളായിരുന്നു എനിക്ക് ഏറ്റവും പ്രിയം. ആധുനികത, ഘടനാവാദം, ചിഹ്നശാസ്ത്രം, സാംസ്‌കാരികവിമര്‍ശം, അത്യന്താധുനികത തുടങ്ങിയവ സംബന്ധിച്ച് എഴുപതുകളിലും എണ്‍പതുകളിലും ഒക്കെ ചെറുപ്പക്കാരെ ഹരം പിടിപ്പിച്ച വിഷയങ്ങളിലൊക്കെ അച്ഛന്റെ ശേഖരം കണ്ട് ഞാന്‍ അന്തംവിട്ടുപോയിട്ടുണ്ട്. ലൈംഗികശാസ്ത്രം, ആത്മഹത്യ തുടങ്ങിയ വിഷയങ്ങളിലുള്ള ഒട്ടേറെ പുസ്തകങ്ങളും ഞാന്‍ അച്ഛന്റെ ശേഖരത്തിലെ ഉള്ളറകളില്‍ കണ്ടെത്തിയിട്ടുണ്ട്. ബൈബിള്‍, ഖുറാന്‍, ഭഗവദ്ഗീത എന്നിവയിലുള്ള വിപുലമായ ശേഖരം അച്ഛന്റെ അഭിമാനമാണ്. കഥ, നോവല്‍ എന്നീ ശാഖകളിലെ പുസ്തകങ്ങളുടെ എണ്ണം മറ്റുള്ളവയ്‌ക്കൊപ്പം ഉണ്ടായിട്ടില്ല. പക്ഷേ, മിക്ക ക്ലാസ്സിക്കുകളും എന്ന് മാത്രമല്ല ആധുനികകാലത്തെ ജനപ്രിയസാഹിത്യകാരന്മാരായ ജെഫ്രി ആര്‍ച്ചര്‍, ആര്‍തര്‍ ഹെയ്ഫലി എന്നിവരൊക്കെ അച്ഛന് പ്രിയങ്കരരാണ്. ജാക് ലണ്ടനാണ് മറ്റൊരു പ്രിയപ്പെട്ട ജനപ്രിയസാഹിത്യകാരന്‍. ആഫ്രിക്കന്‍-ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യവും രാഷ്ട്രീയകാരണംകൊണ്ടു കൂടിയാകാം അച്ഛന് ഇഷ്ടപ്പെട്ടവയാണ്. പ്രത്യേകിച്ച് ആഫ്രിക്കയിലെ ചിനുവ അച്ചെബെ, ഒകോതെക് എന്നിവരെയൊക്കെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് അച്ഛന്‍ ആണെന്നു തോന്നുന്നു. എന്നാല്‍ കിഴക്കന്‍ യൂറോപ്യന്‍ സാഹിത്യം അധികം കണ്ടിട്ടില്ല. കവിതകളുടെ കാര്യത്തില്‍ മാത്രമെങ്കിലും അച്ഛന്‍ ഒരു മലയാളപക്ഷപാതിയാണ്. കുമാരനാശാന്‍, ഇടശ്ശേരി, വൈലോപ്പിള്ളി, ഒ.എന്‍.വി., സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍ എന്നിവരുടെയൊക്കെ സമാഹാരങ്ങളെല്ലാം അച്ഛന്റെ പക്കല്‍ പണ്ടേ ഉണ്ട്. ദില്ലിയില്‍ താമസിക്കുന്ന കാലംമുതല്‍ ഞങ്ങളുടെ കുടുംബക്കാരെപ്പോലെ ആയിരുന്ന വി.കെ.എന്‍., ഒ.വി. വിജയന്‍ അടുത്ത ബന്ധുവായ എം.പി. നാരായണ പിള്ള, കാക്കനാടന്‍, മുകുന്ദന്‍ എന്നിവരുടെയൊക്കെ പുസ്തകങ്ങള്‍ അവരോടുള്ള സ്‌നേഹംമൂലം കൂടിയാകാം അച്ഛന്റെ ലൈബ്രറിയില്‍ ആദ്യമേ ഉണ്ട്. പക്ഷേ, അവയൊക്കെ ഇഷ്ടമായിരുന്നുവോ എന്ന് സംശയം. വര്‍ത്തമാനകാല മലയാള സാഹിത്യം അധികമൊന്നും അച്ഛന്റെ ശേഖരത്തില്‍ ഇല്ല. അച്ഛന്റെ പക്കല്‍ ഇല്ലാത്ത ഒരേ ഒരു വിഷയം സ്‌പോര്‍ട്‌സ് ആണ്. കടുത്ത മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ ട്രിനിഡാഡിലെ സി.എല്‍.ആര്‍. ജെയിംസ് എഴുതിയ ചില ക്രിക്കറ്റ് പുസ്തകങ്ങളില്‍ മാത്രമേ, അച്ഛന്‍ അല്പമെങ്കിലും താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളൂ.
ഒരു പുസ്തകം ഒറ്റയിരിപ്പില്‍ ആദ്യാവസാനം വായിക്കുകയല്ല അച്ഛന്റെ രീതി. ഒന്നിച്ച് ഒന്നിലേറെ പുസ്തകങ്ങള്‍ വായിക്കുകയാണ്. പക്ഷേ, പതിനായിരക്കണക്കിനുള്ള സ്വന്തം ശേഖരത്തിലെ ഓരോ പുസ്തകവും ഏത് അലമാരയില്‍ എവിടെ ഇരിക്കുന്നു എന്ന് കൃത്യമായി അറിയാം.

വായനാക്കമ്പത്തിന്റെ ചരിത്രം ഞാന്‍ അച്ഛനോടു ചോദിച്ചറിഞ്ഞിട്ടുണ്ട്. അച്ഛന്റെ അമ്മ നിത്യം വായിച്ചിരുന്ന രാമായണവും ഭാഗവതവുമായിരുന്നു ആദ്യം കണ്ട പുസ്തകങ്ങള്‍. കുട്ടിയായിരിക്കുമ്പോള്‍ അച്ഛനെക്കൊണ്ടും അവയൊക്കെ വായിപ്പിച്ചു. പുരാണങ്ങള്‍ കഴിഞ്ഞാല്‍ അമ്മമ്മയുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ സി. വി. രാമന്‍പിള്ളയുടെ നോവലുകളായിരുന്നു. മാര്‍ത്താണ്ഡവര്‍മയും ധര്‍മരാജയും മറ്റും വീട്ടില്‍ ഉണ്ടായിരുന്നതിനാല്‍ അച്ഛനും ആദ്യം വായിച്ച പുസ്തകങ്ങള്‍ അവയാണ്. വലിയ വായനാശീലമില്ലാത്ത ഒരു ഭൂവുടമയായിരുന്ന മുത്തശ്ശന്‍ -അച്ഛന്റെ അച്ഛന്‍- പക്ഷേ മലയാളരാജ്യം പത്രം വരുത്തി വായിച്ചിരുന്നു. അച്ഛന്‍ ആദ്യം വായിക്കുന്ന പത്രം ഇതാണ്. നായര്‍സമുദായവാദി എങ്കിലും അഖിലേന്ത്യാതലത്തില്‍ ദേശീയപ്രസ്ഥാനത്തെ മലയാളരാജ്യം പിന്തുണച്ചിരുന്നു. വീട്ടില്‍ വരുത്തിയ ഏക ആനുകാലികം ആയ മാതൃഭൂമി ആഴ്ചപ്പതിപ്പാണ് ആദ്യം വായിക്കുന്ന ആഴ്ചപ്പതിപ്പ്. ആദ്യം അച്ഛന്‍ നേരില്‍ പരിചയപ്പെടുന്ന എഴുത്തുകാര്‍ പെരുമ്പാവൂര്‍ പ്രദേശത്തെ അന്നത്തെ അറിയപ്പെടുന്ന സാഹിത്യകാരാണ്. ഇന്ദിരാവിലാസം എന്ന നോവലിന്റെ രചയിതാവ് പാവിളാവത്ത് ശങ്കരപ്പിള്ള, വട്ടോളി കൊച്ചുകൃഷ്ണന്‍ നായര്‍, ചങ്ങമ്പുഴയെ അനുകരിച്ച് കവിത എഴുതിയിരുന്ന തൈക്കാട് ചന്ദ്രശേഖരന്‍ നായര്‍, നാഗപ്പാടി കൃഷ്ണപ്പിള്ള തുടങ്ങിയവര്‍. കവിയും കഥാപ്രസംഗകനും അധ്യാപകനും അകന്ന ബന്ധുവും പെരുമ്പാവൂരിനടുത്ത് മൂവാറ്റുപുഴക്കാരനുമായിരുന്ന പ്രൊഫ. എം. പി. മന്മഥന്‍ ആണ് നേരില്‍ അറിയുന്ന പ്രമുഖ സാംസ്‌കാരിക നായകന്‍. കവി ജി. ശങ്കരക്കുറുപ്പിനെയും ചെറുപ്പത്തിലേ കേട്ടറിഞ്ഞിരുന്നു. സമീപസ്ഥമായ അങ്കമാലിയിലായിരുന്നല്ലോ ജിയുടെ സ്വന്തം നാട്. പുസ്തകങ്ങളോട് ആദ്യം മുതലേ കമ്പം കയറിയ അച്ഛന്‍ കൂട്ടുകാരുമൊത്ത് വീട്ടില്‍ ഒരു ബാലസമാജം ഗ്രന്ഥശാലയും ആരംഭിച്ചിരുന്നു. കുറുപ്പമ്പടി ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപകനായ കോര്‍ എപ്പിസ്‌കോപ്പ പി. എ. പൗലോസ് ആണ് -ഡോ. ബാബുപോളിന്റെ പിതാവ്- ഗൗരവതരമായി പുസ്തകങ്ങളുടേ ലോകത്തേക്കു കയറാന്‍ പ്രേരിപ്പിച്ച ആള്‍. ഉറച്ച ദേശീയവാദിയായിരുന്ന അദ്ദേഹമാണ് ആദ്യമായി ഒരു 'രാഷ്ട്രീയഗ്രന്ഥം' പരിചയപ്പെടുത്തിയതത്രെ- ബെര്‍ണാഡ് ഷായുടെ ഇന്റലിജന്റ് വുമണ്‍സ് ഗൈഡ് റ്റു സോഷ്യലിസം. ആദ്യം പരിചയിച്ച ഇംഗ്ലീഷ് പുസ്തകവും അതുതന്നെ.

ആദ്യമായി ഒരു വന്‍ ഗ്രന്ഥശേഖരം കാണുന്നത് കാലടിയിലെ ആഗമാനന്ദസ്വാമികളുടെ അദൈ്വതാശ്രമത്തില്‍ പോകുമ്പോഴായിരുന്നു. സ്‌കൂള്‍ഒഴിവുകാലത്ത് ബ്രഹ്മസൂത്രവും മറ്റും പഠിക്കാന്‍ അവിടെ അന്തേവാസിയായിരുന്നപ്പോള്‍. പണ്ഡിതനും പുരോഗമനവാദിയും ദേശീയവാദിയും ഒക്കെയായിരുന്ന സ്വാമിജിയും അവിടുത്തെ പുസ്തകങ്ങളും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായിത്തീര്‍ന്നു എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. വിവേകാനന്ദസാഹിത്യത്തിലൂടെ ദേശീയതയും സോഷ്യലിസവും ഒക്കെയായി പരിചയപ്പെടാന്‍ കഴിഞ്ഞത് അന്നാണ്. ആശ്രമത്തിനോടനുബന്ധിച്ചുള്ള സംസ്‌കൃതസ്‌കൂളില്‍ അധ്യാപകനായിരുന്നു അന്ന് യുവാവായ എന്‍. വി. കൃഷ്ണവാര്യര്‍. ചെറിയ രൂപമായിരുന്നതിനാല്‍ 'കൊച്ചുസാര്‍' എന്നു കുട്ടികള്‍ വിളിച്ച എന്‍. വി. ആണ് ആദ്യത്തെ രാഷ്ട്രീയാധ്യാപകന്‍. ആശ്രമത്തില്‍വെച്ച് പരിചയപ്പെട്ട പെരുമ്പാവൂര്‍ സ്വദേശി ജി. നാരായണയ്യര്‍ അച്ഛന്റെ ഏറ്റവും വലിയ ആത്മമിത്രവും ബൗദ്ധികഗുരുവുമായിത്തീര്‍ന്നു. അതീവബുദ്ധിജീവിയായിരുന്ന 'ജി' ആശ്രമത്തില്‍ വരുമ്പോള്‍ കടുത്ത നിരീശ്വരവാദിയും യുക്തിവാദിയും ആയിരുന്നു. സൂര്യനു താഴെയുള്ള എല്ലാ വിഷയങ്ങളിലും ഗാഢമായ അവഗാഹം ഉണ്ടായിരുന്ന ജി ആണ് ഗണിതശാസ്ത്രത്തില്‍ അച്ഛന് വന്‍ താത്പര്യം സൃഷ്ടിച്ച ആള്‍. അടുത്ത കാലത്ത് 'ജി' മരിക്കുന്നതുവരെ ഇവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോഴൊക്കെ ലോകമാകെ മറന്ന് നേരം വെളുക്കുംവരെ ആവേശകരമായ പുസ്തകച്ചര്‍ച്ചകള്‍ നടത്തിയിരുന്നത് മറക്കാനാവില്ല. കമ്യൂണിസ്റ്റ് നേതാവും മാതൃഭൂമി പത്രാധിപരുമായിരുന്ന പി. നാരായണന്‍ നായര്‍ തര്‍ജമ ചെയ്ത് മാതൃഭൂമി പ്രസിദ്ധീകരിച്ച ജയപ്രകാശ് നാരായണന്റെ എന്തുകൊണ്ട് സോഷ്യലിസം?', നെഹ്രുവിന്റെയും ഗാന്ധിയുടെയും ആത്മകഥകള്‍ (അന്ന് ഗാന്ധിയുടെ ആത്മകഥ തീരെ പിടിച്ചില്ലത്രേ), റൈസ് ഓഫ് ക്രിസ്ത്യന്‍ പവര്‍ ഇന്‍ ഇന്ത്യ എന്ന മേജര്‍ ബി. ഡി. ബാസുവിന്റെ ബ്രിട്ടീഷ് വിരുദ്ധ ഗ്രന്ഥം എന്നിവ അന്ന് എന്‍. വി. ശിപാര്‍ശ ചെയ്ത് വായിച്ചവയാണ്. ജി. നാരായണന്റെ പ്രേരണയില്‍ അന്ന് വായിച്ച പുസ്തകങ്ങള്‍ അച്ഛന്റെ രാഷ്ട്രീയ-സാമൂഹികജീവിതത്തെതന്നെ കരുപ്പിടിപ്പിച്ച പ്രധാന സ്വാധീനങ്ങളാണ്. സി. എ. എം. ജോഡ്, (ദ് സ്റ്റോറി ഓഫ് സിവിലൈസേഷന്‍) , ഇംഗര്‍സോള്‍ (ഗോഡ്‌സ് ആന്‍ഡ് അദര്‍ ലെക്‌ചേഴ്‌സ്), ആനി ബെസന്റിന്റെ കൂട്ടുകാരനും ഗുരുവുമായ ചാള്‍സ് ബ്രാഡ്ഫലോഗ് എന്നിവരുടെ സോഷ്യലിസ്റ്റ്-യുക്തിവാദ പുസ്തകങ്ങള്‍ ആണവ.

അപ്പോഴേക്കും ഉറച്ച ഗാന്ധിയന്‍ കോണ്‍ഗ്രസ്സുകാരനായിത്തീര്‍ന്നാണ് അച്ഛന്‍ ആലുവ യു. സി. കോളേജില്‍ എത്തുന്നത്. അന്ന് മുന്നില്‍ തുറന്നത് പുതിയൊരു വലിയ ലോകം. ക്രിസ്ത്യന്‍ കോളേജായിട്ടും ഉറച്ച രാഷ്ട്രീയ-സാമൂഹിക നിലപാടുകളുള്ളവരായിരുന്നു അവിടുത്തെ അധ്യാപകര്‍. യുക്തിവാദിയും പിന്നീട് പ്രശസ്തനായ എഴുത്തുകാരനുമായ കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, ഉറച്ച ദേശീയവാദിയായ സി. പി. മാത്യു, സോഷ്യലിസ്റ്റായ രാമാനുജം എന്നിവരായിരുന്നു അവര്‍. പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരനായ മാല്‍ക്കം മഗറിഡ്ജും അന്ന് യു. സിയില്‍ പഠിപ്പിക്കാന്‍ വന്ന കാലം. ഇവരെല്ലാവരുമായി അടുത്ത വ്യക്തിബന്ധവും ബൗദ്ധികബന്ധവും സ്ഥാപിച്ചു. ഉറ്റ സുഹൃത്തുക്കളും സഹപാഠികളും ഉറച്ച രാഷ്ട്രീയവിശ്വാസികള്‍ തന്നെ. അന്ന് കമ്യൂണിസ്റ്റുകാര്‍ ആയിത്തീര്‍ന്നിരുന്ന പി. കെ. വി., കെ. സി. മാത്യു, മലയാറ്റൂര്‍, എം. എം. ചെറിയാന്‍, പന്തളം കൊട്ടാരത്തിലെ രാമവര്‍മ, പിന്നീട് ജസ്റ്റിസായ നരേന്ദ്രന്‍ എന്നിവരൊക്കെ ഇതില്‍ പെടുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ഒന്നിച്ചു പങ്കെടുത്ത ആത്മസുഹൃത്തുക്കളായ ഇവര്‍ പിന്നീട് കമ്യൂണിസ്റ്റുകാരായപ്പോഴും ഇളക്കമില്ലാത്ത കോണ്‍ഗ്രസ്സുകാരനായി തുടര്‍ന്ന അച്ഛന്‍ പക്ഷേ, യു.സി. കോളേജ് വിടുന്നതിനുമുന്‍പ് പി. കൃഷ്ണപ്പിള്ളയുടെ കൂടെ പ്രേരണയില്‍ കമ്യൂണിസത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നു.

അക്കാലത്ത് പുസ്തകക്കമ്പം പുസ്തകഭ്രാന്തിലേക്ക് എത്തിയ അച്ഛനും ജി. നാരായണനും തീവണ്ടി കയറി മദിരാശിക്ക് യാത്ര പോകുമായിരുന്നു. അവിടെ മൂര്‍ മാര്‍ക്കറ്റിലെ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടകള്‍ സന്ദര്‍ശിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. അച്ഛന്റെ ലോകം വീണ്ടും അമ്പരപ്പിക്കുന്ന വിധം വികസിക്കുന്നത് ബോംബെയിലെ സെന്റ് സേവിയേഴ്‌സില്‍ ബിരുദപഠനത്തിനായി ചേര്‍ന്നപ്പോളാണ്. രാജഭരണത്തിനെതിരെയുള്ള സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍നിന്ന് ബലമായി മോചിപ്പിച്ച് വിദേശപഠനത്തിനയയ്ക്കാനുള്ള മുന്നോടിയായി മുത്തശ്ശന്‍ ആണ് ബന്ധുവിനൊപ്പം മകനെ ബോംബെയില്‍ അയച്ചത്. കോളേജിലെ അതിവിശാല ലൈബ്രറി ഒരു അദ്ഭുതലോകമായിരുന്നു. അവിടെ ഇല്ലാത്ത പുസ്തകങ്ങള്‍ ഇല്ല. എച്ച്. ജി. വെല്‍സ്, ഹരോള്‍ഡ് ലാസ്‌കി എന്നിവരുടെ പുസ്തകങ്ങള്‍, വിപ്ലവാനന്തര റഷ്യയെപ്പറ്റി പാറ്റ് സ്ലോനിന്റെ റഷ്യ വിത്തൗട്ട് ഇല്യൂഷന്‍സ് , കാന്റര്‍ബറി സഭാപുരോഹിതനായ ഹ്യൂലറ്റ് ജോണ്‍സന്റെ സോഷ്യലിസ്റ്റ് സിക്‌സ്ത് ഓഫ് ദ് വേള്‍ഡ്, വിക്ടര്‍ ഗൊലാഞ്ച്, ജോണ്‍ സ്റ്റ്രാച്ചി എന്നിവരുടെ ഗ്രന്ഥങ്ങള്‍ തുടങ്ങിയവയൊക്കെയാണ് അന്ന് വായിച്ച് പ്രണയത്തിലായ രചനകള്‍. മുല്‍ക്ക് രാജ് ആനന്ദും ലോഹ്യയും മറ്റും ചേര്‍ന്ന് അലഹബാദില്‍ നടത്തിയിരുന്ന ന്യൂ ലെഫ്റ്റ് ക്ലബ്ബിന്റെ പുസ്തകങ്ങള്‍, ബോംബെയിലെ താരാപുര്‍വാല എന്ന പുസ്തകക്കട എന്നിവയും ബോംബെ ജീവിതത്തിലെ പ്രിയപ്പെട്ടവ. ഹരോള്‍ഡ് ലാസ്‌കിയുടെ വ്യാഖ്യാനത്തോടെയുള്ളതാണ് ആദ്യമായി വയിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. പഠനത്തെ പിന്തള്ളി മുഴുവന്‍ സമയവും കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും വിദ്യാര്‍ഥിഫെഡറേഷന്റെയും പ്രവര്‍ത്തനം, അറസ്റ്റ്, ജയില്‍വാസം എന്നിവയിലൊക്കെ മുഴുകിയെങ്കിലും ഒപ്പം പുസ്തകപ്രണയം വളര്‍ന്നുവന്നു. ബോംബെ ജീവിതത്തിലെ മറക്കാനാവാത്ത രാഷ്ട്രീയ-ബൗദ്ധിക സൗഹൃദവൃത്തങ്ങളില്‍ ഡാങ്കേയുടെ മകള്‍ റോസ, പിന്നീട് കുന്നിക്കല്‍ നാരായണന്റെ പത്‌നിയായ മന്ദാകിനി, കിറ്റി, അവരുടെ മലയാളി ഭര്‍ത്താവ് രാംദാസ് മേനോന്‍, അഹല്യ രങ്ങനേക്കര്‍, സുരീന്ദര്‍ ഝാ, സെന്റ് സേവിയേഴ്‌സിന്റെ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചിരുന്ന കെ. പി. പി. നമ്പ്യാര്‍ എന്നിവരൊക്കെ ഉള്‍പ്പെടുന്നു.

പക്ഷേ, അച്ഛന്റെ പുസ്തകപ്രണയം മുന്‍പെന്നേക്കാളും എന്നെ അമ്പരപ്പിച്ചത് ഇക്കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളിലാണ്. വാര്‍ധക്യം, ഗുരുതരമായ അനാരോഗ്യം, അങ്ങേയറ്റം മോശമായ കാഴ്ചശക്തി, കേള്‍വി എന്നീ ഭീമമായ പ്രതികൂലഘടകങ്ങളുടെ നിരന്തരമായ ആക്രമണത്തെ അച്ഛന്‍ സാഹസികമായി ചെറുത്തത് ഒരൊറ്റ ആയുധംകൊണ്ടായിരുന്നു- വായന. സ്ഥിരമായി വായിച്ചുകൊടുക്കാന്‍ സന്നദ്ധരായി ചില സഖാക്കള്‍ എത്തി. ഞങ്ങളൊക്കെ ഊഴം വെച്ച് ആ ജോലി നിര്‍വഹിച്ചു. ഓരോ വായനക്കാരനും രുചിക്കുന്ന പുസ്തകങ്ങള്‍ അദ്ദേഹം വെവ്വേറെ എടുത്തുവെച്ചു. ആരും വായിച്ചുകൊടുക്കാനെത്താത്ത ദിവസങ്ങളില്‍ അഞ്ച് ലൈറ്റുകളും വലിയ ലെന്‍സുകളും കൊണ്ട് അച്ഛന്‍ മണിക്കൂറുകള്‍ കഷ്ടപ്പെട്ട് സ്വയം വായിച്ചുതീര്‍ത്തു. ഏഴാച്ചേരി രാമചന്ദ്രന്‍ അച്ഛന്റെ വായനയെപ്പറ്റി പറയുന്നത് ചങ്ങമ്പുഴയുടെ വാക്കുകള്‍ കടംകൊണ്ടാണ്. വായന, വായന ലഹരി പിടിക്കും വായന, 'ഞാനതില്‍ മുഴുകട്ടെ' എന്നാണ്. വായിക്കുക മാത്രമല്ല അച്ഛന്‍ തന്റെ ഏറ്റവും വലിയ അഞ്ചു പുസ്തകങ്ങള്‍ ഈ അഞ്ചു വര്‍ഷത്തില്‍ എഴുതിത്തീര്‍ക്കുകയും ചെയ്തു. വായിക്കാന്‍ ഒട്ടും വയ്യാത്തപ്പോള്‍ കഷ്ടപ്പെട്ട് ഗോവണിപ്പടി കയറി മുകള്‍നിലയിലെ തന്റെ ലൈബ്രറിയില്‍ എത്തി മണിക്കൂറുകള്‍ പുസ്തകങ്ങളുടെ ഗന്ധം നുകര്‍ന്നും തൊട്ടുതലോടിയും തുടച്ചുമിനുക്കിയും ആണ് ഇപ്പോള്‍ അച്ഛന്റെ ജീവിതദൗത്യനിര്‍വഹണം. വളരെ ദരിദ്രമായ ലൈബ്രറികള്‍ക്ക് സ്വന്തം പുസ്തകങ്ങളില്‍ പലതും സംഭാവന ചെയ്യുന്നതാണ് ആര്‍ക്കും പുസ്തകമൊഴിച്ച് മറ്റെന്തും നല്കിയിരുന്ന അച്ഛന്റെ ഈയിടെയായുള്ള ഒരു സന്തോഷം.

ഇപ്പോഴും ഒരു പുതിയ പുസ്തകം കിട്ടിയാല്‍ കൊച്ചുകുട്ടികള്‍ മിഠായി കിട്ടുമ്പോഴെന്നപോലെ ആഹ്ലാദഭരിതനാകും അച്ഛന്‍. വിദേശങ്ങളില്‍നിന്ന് വരുന്ന ബന്ധുക്കളോടൊക്കെ ഇന്ത്യയില്‍ ഇനിയും എത്താത്ത പുതിയ പുസ്തകങ്ങളുടെ പേരുകള്‍ ഏല്പിക്കും. പ്രായത്തില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും അച്ഛന്റെ ആത്മസുഹൃത്തായ എന്‍. ഇ. സുധീര്‍ മുതലായവര്‍ വരുമ്പോള്‍ ഇനിയും വരുത്തിക്കൊടുക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് നല്കും. സി. പി. ജോണ്‍ ഈയിടെ അസുഖമന്വേഷിച്ചുവന്നപ്പോള്‍ വാള്‍ട്ടര്‍ ഐസക്‌സണ്‍ എഴുതിയ ഐന്‍സ്റ്റൈനെപ്പറ്റിയുള്ള പുതിയ ജീവചരിത്രത്തെക്കുറിച്ച് പറഞ്ഞു കേട്ട് ആ പുസ്തകം കൊണ്ടുത്തരണമെന്ന് ആര്‍ത്തിയോടെ ശട്ടം കെട്ടുന്നതു കണ്ടു. അച്ഛന്റെ പ്രിയ ഡോക്ടറും കേശവദേവിന്റെ മകനുമായ ഡോ. ജ്യോതിദേവ് ഈയിടെ ആപ്പിള്‍ ഐപാഡിലൂടെ പുസ്തകം വായിക്കുന്ന പുതിയ രീതി പഠിപ്പിച്ചുകൊടുത്തപ്പോള്‍ അച്ഛന്റെ കൗതുകം ശിശുസഹജമായിരുന്നു. ഡോ. ബി. ഇക്ബാല്‍ കഴിഞ്ഞ ദിവസം കൊണ്ടുക്കൊടുത്തത് വായനാക്കമ്പം മാനസികരോഗംപോലെ തീവ്രമായിരുന്നവരെക്കുറിച്ചൊരു പുസ്തകമാണ്-ഹോല്‍ബ്രൂക് ജോണ്‍സന്റെ ദ് അനാട്ടമി ഓഫ് ബിബ്ലിയോമാനിയ. അപ്പോള്‍ 'എന്റെയും ജീവിതകഥ റെഡി' എന്നായിരുന്നു അച്ഛന്റെ പ്രതികരണം.
(2012)

(വായിച്ചു തീരാത്ത അച്ഛന്‍ എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം