ഹൃദയകുമാരി ടീച്ചറുടെ ഓര്‍മകള്‍ക്ക് മുന്നില്‍ മാതൃഭൂമിയുടെ സ്‌നേഹപ്രണാമം. നന്ദിപൂര്‍വ്വം എന്ന ആത്മകഥയില്‍ നിന്ന് ഒരു ഭാഗം ചുവടെ വായിക്കാം.


'ഞാനാര്?' എന്നുള്ളത് വളരെ പഴയ ചോദ്യമാണ്. ഇതിന് ഉത്തരം കാണാന്‍ ശ്രമിച്ചവര്‍ 'നേതി, നേതി'യുടെ മാര്‍ഗത്തില്‍ക്കൂടി പോകുന്നു. ഞാന്‍ ശരീരമല്ല, മനസ്സല്ലയെന്നിങ്ങനെ സുപരിചിതമായ ഓരോന്നിനെയും ത്യജിച്ച് അവര്‍ അന്തര്യാമിയായ പരംപൊരുളിനെ സാക്ഷാത്കരിക്കുന്നു. എന്തൊരു സമാധാനം. ജന്മങ്ങളില്‍ക്കൂടിയുള്ള അന്വേഷണത്തിന്റെ ഫലമാണ് 'സോഹം' എന്ന സാക്ഷാത്കാരം. അങ്ങനെയൊരു മാര്‍ഗവും കണ്ടെത്തലുമുണ്ടെന്ന് സ്വയം ഓര്‍മപ്പെടുത്തുകമാത്രം ചെയ്യുന്നു.

'നന്ദിപൂര്‍വ്വം' വാങ്ങാം
'കാല്പനികത' വാങ്ങാം

മറ്റൊരു കണ്ടെത്തലിനെപ്പറ്റി കോള്‍റിജ് (19-ാംശതാബ്ദത്തില്‍ ജീവിച്ചിരുന്ന ആംഗലകവി, വിമര്‍ശകന്‍, തത്ത്വചിന്തകന്‍) പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ഞാന്‍ ഉള്ളിലേക്കു നോക്കുന്നു, ഒന്നും കാണുന്നില്ല, ഇരുട്ടു മാത്രം. ചില നിഴലുകള്‍ വരുന്നു, പോകുന്നു.' വായനക്കാരായ നമ്മള്‍ നോക്കുമ്പോള്‍ ഉള്ളുപൊള്ളയായ ഒരു കോള്‍റിജിനെയല്ല കാണുന്നത്, അതിമനോഹരമായ കവിതകളെഴുതുകയും ഗഹനമായ ഫിലോസഫിയുടെ ലോകത്ത് വിഹരിക്കുകയും ചെയ്ത ഒരു പ്രതിഭയെയാണ്. ആ കവിതകളുടെയും ചിന്തകളുടെയും മണ്ഡലങ്ങള്‍ക്കടിയില്‍ അദ്ദേഹം ഇരുളിന്റെ കയങ്ങള്‍ കണ്ടു, അവയില്‍ അകപ്പെടുകയും ചെയ്തു.

ഇന്ത്യന്‍ തത്ത്വചിന്തയുടെയും കോള്‍റിജിനെപ്പോലെയുള്ള പല മഹാന്മാരുടെ ദുഃഖസാക്ഷ്യത്തിനുമിടയ്ക്ക് മറ്റൊരു താവളമുണ്ട്-അവിടെയാണ് നമ്മള്‍, സാധാരണക്കാര്‍ കഴിച്ചുകൂട്ടുന്നത്. 'ഞാനാര്?' എന്ന് ചോദിക്കുന്നവര്‍ കുറവ്. ചോദിക്കുന്നവര്‍ക്ക് ചില ഉടനടിയുത്തരങ്ങളുണ്ട്! 'ഇന്നയാളുടെ ഇന്നയാള്‍', അല്ലെങ്കില്‍ 'ഇന്ന ഓഫീസിലെ ഉദ്യോഗസ്ഥന്‍.' ബന്ധങ്ങളും ചെയ്യുന്ന ജോലിയും നമുക്കൊരു മേല്‍വിലാസം തരുന്നു. അതുകൊണ്ട് നമ്മള്‍ മിക്കവാറുമൊക്കെ തൃപ്തരുമാണ്. എന്നാല്‍ ചില അപൂര്‍വസന്ദര്‍ഭങ്ങളില്‍ സന്തോഷത്തിന്റെയോ സങ്കടത്തിന്റെയോ തീവ്രമായ അനുഭൂതികള്‍ നമ്മെ പിടികൂടുമ്പോള്‍ ഒരു വാക്കു പറയാന്‍, ഒരു ൈകയൊന്നു പിടിക്കാന്‍ നമ്മള്‍ മോഹിച്ചുപോകും. അപ്പോള്‍ മിന്നലേല്ക്കുന്നതുപോലെ അറിയും, നമ്മള്‍ തനിച്ചാണെന്ന്. മിന്നലേല്ക്കുന്നതുപോലെ കരിഞ്ഞുപോവുകയില്ല, പക്ഷേ, അറ്റം കരിഞ്ഞ ഞരമ്പുകള്‍ കുറെ നേരം പിടഞ്ഞുകൊണ്ടിരിക്കും. ഒറ്റയായ മനുഷ്യന്‍ ഒറ്റപ്പെടലെന്തെന്ന് അറിയുന്നു.

തീവ്രമായ അനുഭൂതികള്‍ അപൂര്‍വമായിരിക്കാം. അവ അലഭ്യമല്ല, അവയെ നിര്‍മ്മിച്ചെടുക്കുകയല്ല, അവ വന്നുചേരുകയാണ്. അവയ്ക്കും കുറെ അകലെയെവിടെയോ മറ്റൊരു തലത്തില്‍ 'ഞാന്‍ ആര്' എന്ന ചോദ്യത്തിന് ചില ഉത്തരങ്ങള്‍ കിട്ടുന്നു. ബോധതലത്തില്‍ ഞാനെന്റെ ആഗ്രഹങ്ങളാണ്, അവയുടെ ജയപരാജയങ്ങളുടെ ഭോക്താവാണ്. ഞാനെന്റെ സ്മരണകളാണ്, ഞാനെന്റെ ചിരിയും കരച്ചിലും മൗനങ്ങളുമാണ്, വാക്കുകളുമാണ്. അബോധതലത്തില്‍നിന്നു വരുന്ന സ്വപ്‌നങ്ങളും ഞാനാണ്. ഇതിലൊക്കെ എന്തിനു പരതിനടക്കണമെന്നു ചോദിച്ചാല്‍, അഹംബോധത്തിന്റെ പ്രേരണകൊണ്ടെന്നേ പറയാനുള്ളൂ. എഴുതിത്തുടങ്ങിയില്ലേ, പൂര്‍ത്തിയാക്കട്ടെ.

എന്താണെന്റെ ആഗ്രഹങ്ങള്‍? ഒരു പ്രായം കഴിഞ്ഞവര്‍ക്കൊക്കെ ആഗ്രഹമെന്നതിനുപരി, യാഥാര്‍ഥ്യബോധത്തില്‍നിന്നുദിക്കുന്ന ഒരു പ്രാര്‍ഥനയാണുള്ളത്-കിടന്നു കഷ്ടപ്പെടാതെ, ആരെയും കഷ്ടപ്പെടുത്താതെ പോകാന്‍ അനുഗ്രഹിക്കണേയെന്ന പ്രാര്‍ഥന. ഇതല്ലാതെ മറ്റെന്താഗ്രഹമുണ്ടെന്നു നോക്കുമ്പോള്‍ അവയും എന്റേതു മാത്രമല്ല-നാട്ടില്‍ സമാധാനം, പ്രകൃതിയോട് ബഹുമാനം, മാനംമര്യാദയായി ജീവിക്കുന്നതിന്റെ ആശ്വാസം; ഇതൊക്കെ എല്ലാവര്‍ക്കും കിട്ടണം. എല്ലാവരുടേതുമായ ഇത്തരം മോഹങ്ങള്‍ മാറ്റിവെച്ച് സ്വന്തമായി എന്താണുള്ളതെന്നു നോക്കുമ്പോള്‍ അനേകവര്‍ഷം ചെയ്ത ജോലിയുടെ മൂല്യങ്ങളിലും ശീലങ്ങളിലും നിന്നുദിച്ച ഒരു മോഹത്തെ തിരിച്ചറിയുന്നു. പറയുമ്പോള്‍ വളരെ ലളിതമാണത്-സ്‌കൂളിലും കോളേജിലും വിദ്യാഭ്യാസം നേരേ നടക്കണം. 'നേരേ'യെന്നുള്ള വാക്ക് ഇവിടെ വ്യാഖ്യാനിക്കുന്നില്ല. വരുന്നതു വരട്ടെ, എനിക്കിതിലെന്തു കാര്യം, എന്നൊരു നിസ്സംഗത സാധ്യമാകുന്നില്ല. തീവ്രമായ വ്യഥയാണ് വിദ്യാഭ്യാസമണ്ഡലത്തെയും ഞാന്‍ സ്‌നേഹിച്ച ഓരോ സ്ഥാപനത്തെയും നോക്കുമ്പോള്‍ എനിക്കനുഭവപ്പെടുന്നത്.

ഒരു സ്‌കൂളു തുടങ്ങണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിനെപ്പറ്റി പല ആശയങ്ങളും സങ്കല്പങ്ങളുമുണ്ടായിരുന്നു. എന്നാല്‍ വിമന്‍സ് കോളേജില്‍ മൂന്നു വര്‍ഷം പ്രിന്‍സിപ്പലായിരുന്നതോടെ ഒരു സ്ഥാപനം ഉണ്ടാക്കാനും നടത്തിക്കൊണ്ടുപോകാനുമുള്ള താത്പര്യം അസ്തമിച്ചു. മോഹഭംഗംകൊണ്ടല്ല, മോഹസാഫല്യംകൊണ്ടാണെന്നു പറയാം. കോളേജിന്റെ ജീവിതത്തില്‍ ഞാന്‍ അത്രമാത്രം ഉള്‍പ്പെട്ടിരുന്നു. എന്റെ പരിമിതമായ അധികാരവും സ്വാതന്ത്ര്യവും ഞാന്‍ സാര്‍ഥകമായി ഉപയോഗിച്ചിരുന്നു. ഇത്രയൊക്കെ മതി, ഇനി ഈ വഴി പോകേണ്ടയെന്ന് മനസ്സു തീരുമാനിച്ചുകാണും, ആ തീരുമാനം ഞാനറിയുകയായിരുന്നു. മറ്റൊരു കാരണം, ഒരു സ്ഥാപനത്തിന് എത്രമാത്രം പണം വേണമെന്ന് കോളേജില്‍വെച്ച് മനസ്സിലായതാണ്. കെമിസ്ട്രി ലാബില്‍ ടെസ്റ്റ്ട്യൂബ് വാങ്ങാനും ലൈബ്രറിയിലെ ചോര്‍ച്ചയടയ്ക്കാനും പണമില്ലാതെ സര്‍ക്കാര്‍ കോളേജിനകത്ത് ഞാന്‍ വലഞ്ഞിട്ടുണ്ട്. ഒരു സ്‌കൂള്‍ തുടങ്ങാന്‍ പിന്നീട് ധൈര്യമുണ്ടായില്ല. ഇവിടെ സുഗതയുടെ ധൈര്യത്തെയും പ്രവര്‍ത്തനശേഷിയെയും അഭിനന്ദിച്ചുകൊള്ളട്ടെ. ഒന്നുമില്ലായ്മയില്‍നിന്നാണ് 'അഭയ' തുടങ്ങിയത്.

ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ ചില വിഷയങ്ങളെപ്പറ്റി മലയാളത്തിലെഴുതണമെന്ന് ഇടയ്ക്കിടെ ആഗ്രഹം തോന്നിയിരുന്നു. ഉദ്യോഗത്തില്‍നിന്നു വിരമിച്ചപ്പോള്‍ ആ ആഗ്രഹം ഒരു തീവ്രാഭിലാഷമായി മാറി. യൂണിവേഴ്‌സിറ്റി ലൈബ്രറിയിലിരുന്ന് നല്ലവണ്ണം ജോലി ചെയ്ത് രണ്ടു പുസ്തകങ്ങളെഴുതി-കാല്പനികത, നവോത്ഥാനം ആംഗലസമൂഹത്തില്‍. കാല്പനികതയ്ക്ക് തരക്കേടില്ലാത്ത സ്വീകരണം കിട്ടി. നവോത്ഥാനം പത്തുപേരെങ്കിലും വായിച്ചുകാണുമോയെന്ന് നിശ്ചയമില്ല. വായിക്കുകയും എഴുതുകയും ശീലമായതുകൊണ്ട് അവ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പഠിപ്പിക്കുമ്പോഴെന്നപോലെ, ഇപ്പോള്‍ വായിക്കുമ്പോഴും ഗവേഷണത്തിനുള്ള ടോപ്പിക്കുകള്‍ മനസ്സില്‍ തെളിഞ്ഞുകൊണ്ടിരിക്കും-പലതും ചരിത്രവുമായി, അല്ലെങ്കില്‍ സോഷ്യോളജിയുമായി ബന്ധപ്പെട്ടത്, ചിലത് ഇംഗ്ലീഷ് സാഹിത്യവുമായി. അതിനൊന്നും ഇനി സമയമില്ല.

യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങള്‍ കാണാനുമുള്ള മോഹം പല കാരണങ്ങള്‍കൊണ്ടും നിറവേറാതെ പോയി. എന്റെ വീട്ടില്‍ ഞാന്‍ മാത്രമേയുള്ളൂ സൈലന്റ്‌വാലി കാണാതെ. അതിന്റെ പടങ്ങള്‍ കാണുകയും വര്‍ണനകള്‍കേള്‍ക്കുകയും ചെയ്യുമ്പോള്‍ കാണാനുള്ള കൊതി ഏറിവരാതെയല്ല. സൈലന്റ്‌വാലിയില്‍ ചെറുമരങ്ങളെ രാത്രിയില്‍ മിന്നാമിന്നികള്‍ പൊതിയുമ്പോഴുള്ള അലൗകികഭംഗിയെപ്പറ്റി ശ്രീദേവി, എന്റെ മകള്‍ പറയാറുണ്ട്. എന്റെ മുറിയില്‍ അപൂര്‍വം ചില രാത്രികളില്‍ രണ്ടു മിന്നാമിന്നികള്‍ വരും. ഗൗളി പിടിക്കാതെ അവ പുറത്തു പോകണേയെന്ന് പ്രാര്‍ഥിച്ചുകൊണ്ട് ഞാനുറങ്ങും. ഒരു മരം കാണുമ്പോള്‍ ഒരു കാടു കാണാമെന്ന് സങ്കല്പിക്കാനൊക്കും. വീട്ടുമുറ്റത്തെ പഴയ കണിക്കൊന്ന പൂക്കുമ്പോള്‍ പൂക്കളുടെയെന്നപോലെ ശലഭങ്ങളുടെയും കിളികളുടെയും ഉത്സവമാണ്. അടുത്ത വീട്ടിലെ വലിയ പുളിമരത്തില്‍ പൂക്കളുണ്ടാകുമ്പോള്‍, ഇളംകായ്കള്‍ നിറയുമ്പോള്‍ ഇപ്പോഴും തത്തകള്‍ വരുന്നു. വേനലിന്റെ തുടക്കത്തില്‍ ആ പുളിയിലും ഞങ്ങളുടെ ചെടിപ്പടര്‍പ്പുകളിലും എന്തെല്ലാം തരം പക്ഷികള്‍-അതിമധുരമായിപ്പാടുന്ന മഞ്ഞക്കിളികള്‍, നീണ്ട ഇരട്ടവാലുള്ള 'കുരുത്തോലവാലന്‍' (Paradise fly catcher) മങ്ങിയ കറുപ്പില്‍ വരകളുള്ള ചുണക്കുട്ടികളായ വിദേശക്കുരുവികള്‍, പിന്നെ നിരവധി നാടന്‍കിളികളും. ധാരാളം മരങ്ങളും ചെടികളുമുള്ള മ്യൂസിയം-മൃഗശാലാപരിസരം അടുത്തായതുകൊണ്ടാകാം, ഞങ്ങള്‍ക്കും ഈ സന്ദര്‍ശകരെ കിട്ടുന്നത്. ഇങ്ങനെ പലതും കാണാനും നോക്കിയിരിക്കാനും അറിയാനും അവയെക്കൊണ്ട് ഒരുപാടു സന്തോഷിക്കാനും സാധിക്കുന്നത് അങ്ങനെയൊന്നും മോഹിച്ചില്ലെങ്കില്‍പ്പോലും മോഹസാഫല്യമാണ്. പ്രകൃതിയില്‍നിന്നു കിട്ടുന്ന ആഹ്ലാദം പ്രകൃതിയുടെതന്നെ ഏറ്റവും വിശിഷ്ടമായ വരദാനം.

നല്ല കൂട്ടുകാര്‍ ഒരുപാടു പേരെനിക്കുണ്ട്. അവരില്‍ ചിലരൊക്കെ സമാനചിന്താഗതിക്കാര്‍, ചിലര്‍ പൊതുക്കാര്യങ്ങളില്‍ താത്പര്യമുള്ളവര്‍, പലരും ധാരാളം വായിക്കുന്നവര്‍. സുഹൃത്തുക്കളില്‍ ഒരു നല്ല പങ്ക് പൂര്‍വവിദ്യാര്‍ഥികളാണ്. പൊതുവായ താത്പര്യങ്ങളും സ്മരണകളും പരസ്​പരസ്‌നേഹവും മതിപ്പുമുള്ള സുഹൃദ്ബന്ധങ്ങളാണ് ഒരു ജീവിതത്തെ ധന്യമാക്കുന്നത്. എങ്കിലും എന്റെ അച്ഛനും അമ്മയ്ക്കുമുണ്ടായിരുന്ന സുഹൃത്തുക്കളെ ഓര്‍മിക്കുമ്പോള്‍ എന്തോ ഒരു വ്യത്യാസം. എനിക്കു തോന്നുന്നു, അന്നത്തെ 'മിഡില്‍ ക്ലാസ്' നാടന്‍മനസ്സുള്ളവരായിരുന്നു. ഗ്രാമീണപശ്ചാത്തലത്തില്‍നിന്നു വന്നവരാണ് മിക്കവരും. വലിയ മറകളില്ലാത്ത ജീവിതവും അതിന്റെ കാറ്റും വെളിച്ചവുമുള്ള സംഭാഷണശൈലിയും അവര്‍ക്കുണ്ടായിരുന്നു. രഹസ്യങ്ങള്‍ എന്നുമുണ്ട്, എന്നാല്‍ സ്വകാര്യത (Privacy) എന്നു പറയുന്ന ആശയത്തിന് ആധിപത്യം കുറവായിരുന്നു. ഇന്നത്തെ മിഡില്‍ ക്ലാസ്, അതിലും ഉയര്‍ന്ന ക്ലാസ്സും മറ്റൊരു തരക്കാരാണ്. മുപ്പതും നാല്പതും വര്‍ഷം പരിചയമുള്ള ചിലരെ ഓര്‍മിക്കുകയാണ്-തുടക്കത്തില്‍ അറിയാവുന്നതില്‍ കൂടുതലൊന്നും, ഇത്രയും വര്‍ഷം ഇടയ്ക്കിടെ കാണുന്നവരായിട്ടും അവരെപ്പറ്റി എനിക്ക് അറിഞ്ഞുകൂടാ. സുധ എന്നോടു സംസാരിക്കുമ്പോള്‍ മകള്‍ക്കൊരു പ്രമോഷന്‍ കിട്ടിയെന്നും മകന് പനി വന്ന് രണ്ടു ദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവന്നുവെന്നും പറയുന്നു. ഏതാശുപത്രിയെന്ന് ഞാന്‍ തിരക്കുന്നു. പിന്നെ ആശുപത്രിയെയും ഡോക്ടറെയും പറ്റി ചെറിയൊരു സംഭാഷണം. അടുത്തയാഴ്ച യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വവിദ്യാര്‍ഥികളുടെ ഒത്തുചേരലുണ്ട്. അവിടെവെച്ചു കാണാമെന്നു പറഞ്ഞു പിരിയുന്നു. ഒരു സാധാരണ കുശലപ്രശ്‌നം, ഇത്രയൊക്കെ മതി. എന്നാല്‍ സംസാരിക്കുന്നത് അരശതാബ്ദത്തെ അടുപ്പമുള്ളവരാണെന്നു വരുമ്പോള്‍ ഈ സംഭാഷണത്തിന് എന്തൊക്കെയോ പോരായ്മകളുണ്ട്. ഇങ്ങനെയുള്ള സംഭാഷണശകലങ്ങള്‍കൊണ്ട് ഇടതൂര്‍ന്ന ഒരു സാമൂഹികജീവിതമാണ് മിക്കവാറുമുള്ളത്. യാതൊരു കാര്യവുമില്ലാത്ത കാര്യങ്ങളെപ്പറ്റി ഒരുപാടു സംസാരിക്കുന്നവരുമുണ്ട്. നിസ്സാരമായ ചോദ്യങ്ങളും അതുപോലെയുള്ള ഉത്തരങ്ങളുമായി, വര്‍ഷങ്ങള്‍ പരിചയമുള്ളവരോടുപോലും വളരെ ലഘുവായി ഇടപെടാനുള്ള ദുഷ്ടമായ ഈ കലാവിദ്യ ഞാനും പഠിച്ചിട്ടുണ്ട്. എങ്കിലും ഈ ഉപരിപ്ലവത എന്നെ ചിലപ്പോള്‍ വളരെ വേദനിപ്പിക്കുന്നു. എന്റെ അമ്മയും, പിന്നീട് അച്ഛനും മരിച്ചപ്പോള്‍ സ്‌നേഹിതരായ പലരും ഞങ്ങളെക്കാണാന്‍ വന്നു. രണ്ടോ മൂന്നോ പേരൊഴിച്ച് ആരും ചോദിച്ചില്ല, അന്ത്യദിനങ്ങള്‍ എങ്ങനെയായിരുന്നുവെന്ന്. സന്ദര്‍ശനം എന്ന സാമൂഹികമര്യാദ എല്ലാവരും പാലിച്ചു. ഡോ. പൈ (K.N.Pai) വന്നത് ഇവിടെ ഓര്‍മിക്കട്ടെ. അദ്ദേഹം അച്ഛന്റെ അവസാനദിവസത്തെപ്പറ്റി പ്രത്യേകം എടുത്തുചോദിച്ചു. ആരൊക്കെ അടുത്തുണ്ടായിരുന്നുവെന്നും ചോദിച്ചു. ഞങ്ങള്‍ മക്കളും കൊച്ചുമക്കളില്‍ ചിലരും അച്ഛനെ തൊട്ട് നാമം ജപിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നു പറഞ്ഞു. 'ജയന്തി തനിച്ചു കിടന്നു മരിച്ചു, എന്നെ അടുത്തു ചെല്ലാന്‍ സമ്മതിച്ചില്ല' എന്നു പറഞ്ഞ് ഡോ. പൈ കരഞ്ഞു. പ്രശസ്തമായ ആശുപത്രിയിലെ ഇന്റന്‍സീവ് കെയറിലായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരിക്കാം, ആരായാലും അവര്‍ നിയമം പാലിച്ചു കൃതാര്‍ഥരായി. പറഞ്ഞുവന്നപ്പോള്‍ ഈ കഥ ഓര്‍മിച്ചതാണ്. ജയന്തിയും ഞാനും സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചിരുന്നു. സുന്ദരമായ ആമുഖവും മാധുര്യവും ഉത്സാഹമുള്ള ആ വ്യക്തിത്വവും എന്റെ മനസ്സിലുണ്ട്. എല്ലാവരില്‍നിന്നും വ്യക്തിപരമായ വെളിപ്പെടുത്തലുകളോ, എല്ലാവര്‍ക്കും നമ്മുടെ മനോവ്യാപാരങ്ങളെപ്പറ്റി അമിതമായ താത്പര്യമോ വേണമെന്നല്ല. എന്നാല്‍ ഇടയ്‌ക്കൊക്കെ കാണുന്ന ഒരാളെ കഴിഞ്ഞ ശതാബ്ദത്തിന്റെ അന്‍പതുകളില്‍ അറിഞ്ഞതില്‍ അല്പംകൂടി 2010-ല്‍ അറിയേണ്ടതല്ലേ? ഇക്കാര്യത്തില്‍ എന്റെ വ്യക്തിപരമായ കുറവ്, കുറ്റമെന്നു പറഞ്ഞാലും തെറ്റില്ല, ഞാന്‍ ശരിക്കും മനസ്സിലാക്കിയത് അയ്യപ്പപ്പണിക്കര്‍ മരിച്ചപ്പോഴാണ്. ചില വാരികകളും മാസികകളും എന്നോട് അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മകളെഴുതാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് അറിയുന്നത്, എനിക്കൊന്നും അറിഞ്ഞുകൂടല്ലോയെന്ന്. അദ്ദേഹം എം.എയ്ക്കും ഞാന്‍ ഓണേഴ്‌സിനുമായി ഒരേ ക്ലാസ്സിലിരുന്നു പഠിച്ചിട്ടുണ്ട്. ഒരേ കോളേജില്‍ ഒരേ വകുപ്പില്‍ ഒരുപാടു വര്‍ഷം പഠിപ്പിച്ചിട്ടുണ്ട്. ധാരാളം സംസാരിച്ചിട്ടുണ്ട്. എന്നിട്ട് ഒരു ചെറുലേഖനമെഴുതാനുള്ള വസ്തുതകള്‍ പണിക്കര്‍ എന്ന വ്യക്തിയെ സംബന്ധിച്ച് എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. എല്ലാവരും കാണുന്നതിനും വായിക്കുന്നതിനുമപ്പുറം ഒന്നു പരതിനടക്കാനുള്ള ഇടംപോലുമുണ്ടായിരുന്നില്ല. ഔപചാരികതയുടെ അദൃശ്യമായ ഒരു ഭിത്തി സുഹൃത്തുക്കള്‍ക്കിടയിലുണ്ട്. അത് സ്ത്രീപുരുഷസൗഹൃദങ്ങളില്‍ മാത്രമല്ല, എല്ലാ സാമൂഹികബന്ധങ്ങളിലും ആവശ്യമായ ഒരു ഘടകമാണ്. ബന്ധങ്ങളെ ഒരു നിഴല്‍നാടകമാക്കാന്‍ അതിനെ സമ്മതിക്കരുതെന്നു മാത്രം.

സൗഹൃദങ്ങളോടുള്ള ആഗ്രഹം പാരസ്​പര്യത്തിനുള്ള ആഗ്രഹമാണ്. പൂര്‍ണമായ പരസ്​പരധാരണയും അനുഭാവവുമാണ് ആദര്‍ശദാമ്പത്യത്തില്‍നിന്നു പ്രതീക്ഷിക്കുന്നത്. പൂര്‍ണമല്ലെങ്കിലും കുറെയൊക്കെയുണ്ടെങ്കില്‍ സന്തോഷത്തിന്റെ ഒരുറവ ഉള്ളില്‍ ഒഴുകിക്കൊണ്ടിരിക്കും. പറയാനും കേള്‍ക്കാനും പറയാതെതന്നെയറിയാനും ബുദ്ധിയുടെ സൂക്ഷ്മമായ ചില സ്​പര്‍ശമാപിനികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം. അതിനു സമാനസംസ്‌കാരവും മനസ്സില്‍ സ്‌നേഹവും വേണം. ഇതൊക്കെ ഈശ്വരാനുഗ്രഹമാണ്. ആദര്‍ശദമ്പതികള്‍ എന്നു പറയാവുന്ന ഒരമേരിക്കക്കാരനെയും അദ്ദേഹത്തിന്റെ പത്‌നിയെയും ഞാന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ടിട്ടുണ്ട്. ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ഒരു റിഫ്രഷര്‍ കോഴ്‌സു നടത്താന്‍ വന്നവരാണ്. രണ്ടുപേരും ഇംഗ്ലീഷ് അധ്യാപകര്‍, സാമാന്യം വൃദ്ധരായിക്കഴിഞ്ഞവര്‍. ക്ലാസ്സെടുക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ചില വൈകുന്നേരങ്ങളിലെ ഒഴിവുവേളകളിലും മാത്രമേ അവരെ കണ്ടിട്ടുള്ളൂ. യാതൊരു നാട്യവുമില്ലാത്ത, ലളിതമായ അവരുടെ പെരുമാറ്റത്തില്‍ക്കൂടി അവര്‍ക്ക് പരസ്​പരമുള്ള സ്‌നേഹവും പരിഗണനയും ആര്‍ദ്രതയും ഞാന്‍ കണ്ടറിഞ്ഞു. അങ്ങനെ മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല.

പുസ്തകങ്ങള്‍ വാങ്ങാനും ചെടികള്‍ നട്ടുവളര്‍ത്താനും പണ്ടേയുള്ള ആഗ്രഹം ഇപ്പോഴുമുണ്ട്. ഒരുകാലത്ത് ഇഷ്ടംപോലെ പുസ്തകങ്ങള്‍ വാങ്ങിയിരുന്നു. പിന്നീടവയ്ക്ക് പെട്ടെന്ന് വില കൂടി, പ്രത്യേകിച്ച് ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക്. എന്റെ പുസ്തകംവാങ്ങല്‍ ചുരുങ്ങിയെങ്കിലും തരക്കേടില്ലാത്ത ഒരു ഗ്രന്ഥശേഖരം ഉണ്ടാക്കാന്‍ സാധിച്ചു. സുഹൃത്തുക്കള്‍ സമ്മാനിച്ച പുസ്തകങ്ങളും ധാരാളം. അവര്‍ക്കൊക്കെ നന്ദി പറയട്ടെ.

ചില ശീലങ്ങള്‍ പിടികൂടിയാല്‍ പിന്നെ വിടുകില്ലല്ലോ. അങ്ങനെയൊന്നാണ് ചെടികളിലുള്ള കമ്പം. ആറോ ഏഴോ വയസ്സില്‍ തുടങ്ങിയത് ഇന്നും തുടരുന്നു. ഒരുകാലത്ത് റോസാച്ചെടികളുടെയും ഓര്‍ക്കിഡുകളുടെയും നാടന്‍ പൂച്ചെടികളുടെയും നല്ല ഒരു ശേഖരമുണ്ടായിരുന്നു. ഇപ്പോള്‍ വീടിനു ചുറ്റും തണല്‍മരങ്ങളാണ്. അതുകൊണ്ട് തണലിഷ്ടപ്പെടുന്ന ഇലച്ചെടികള്‍ക്കു മാത്രമേ ഇവിടെ സന്തോഷമുള്ളൂ. ആകെയൊരു കാടുപിടിച്ച മട്ട്. എങ്കിലും അല്പസ്വല്പം വെയിലുള്ളിടത്ത് പൂക്കാവുന്നവയൊക്കെ പൂക്കുന്നു. വായിക്കുന്നവരെ കൊതിപിടിപ്പിക്കുവാനായി ചില സുഗന്ധങ്ങളെപ്പറ്റിയെഴുതട്ടെ. മാറിമാറി ചില മാസങ്ങളില്‍ എന്റെ മുറ്റത്തു നിറയുന്നതും വീട്ടിനുള്ളിലേക്ക് ഒഴുകിവരുന്നതുമായ മണങ്ങളാണ്. പവിഴമല്ലിയുടെ നറുമണമുണ്ട്, നാരകമുല്ലയുടെ മദഗന്ധമുണ്ട്. ഒരേയൊരു പിച്ചിച്ചെടിയില്‍നിന്ന് പ്രസരിക്കുന്ന പരിമളമുണ്ട്. പേരറിയാത്ത ഒറീസ്സാച്ചെടിയുടെ സാമ്പ്രാണിമണമുണ്ട്, ഒരു നീലപ്പൂവിന്റെ ചോക്ലേറ്റ് മണമുണ്ട്, ആണ്ടിലൊരിക്കല്‍ മാത്രം പൂക്കുന്ന സുഗന്ധരാജന്റെ തീവ്രസൗരഭ്യമുണ്ട്. കടയില്‍നിന്നു വാങ്ങിയ ഓറഞ്ചിന്റെ ഒരു കുരു കിളിച്ചുയര്‍ന്ന് കായ്കള്‍ തരുന്നു. ചെറിയ കായ്കള്‍ ലേശം കയ്പുണ്ട്, പിഴിഞ്ഞ് അല്പം പഞ്ചസാര ചേര്‍ത്താല്‍ നല്ല ഓറഞ്ചു ജൂസുതന്നെ. ആ ചെറുമരം പൂക്കുമ്പോള്‍ ഓറഞ്ചുമണമുള്ള വെള്ളപ്പൂക്കളാണ്, നിറയെ. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മാത്രം പൂക്കുന്ന ഒരു വള്ളിയുമുണ്ട് 'ക്രിസ്തുമസ് ബ്ലോസംസ്' എന്നല്ലാതെ ശരിയായ പേര് അറിഞ്ഞുകൂടാ. മഞ്ഞു വീണതുപോലെ വെളുത്ത, സുഗന്ധവാഹിയായ പൂങ്കുലകള്‍ അടിമുടി നിറയുന്നു. ആ വള്ളി നാലഞ്ചു പൂങ്കുലകള്‍ മാത്രം ഇപ്പോള്‍ കാട്ടിത്തരുന്നു. തണലു കൂടിപ്പോയതാണ് കാരണം. വേനല്‍ക്കാലത്താണ് അശോകപ്പൂങ്കുലകളുടെ ദിവ്യഗന്ധം. ഒരു ചമ്പകമരവുമുണ്ട്. അത് മറ്റു മരങ്ങളോടു മത്സരിച്ച് ഉയര്‍ന്നുയര്‍ന്നു പോയി എവിടെയോ പൂക്കുന്നു. ചെറിപ്പഴങ്ങളുണ്ടാകുന്ന മുള്‍ച്ചെടി വള്ളിയുമല്ല, മരവുമല്ലായെന്ന വര്‍ഗത്തില്‍പ്പെട്ടതാണ്. അതിന്റെ ചെറുപൂക്കള്‍ക്ക് നല്ല മണം. വെളുത്തുരുണ്ട കായ്കള്‍ റോസ് നിറമായി, പിന്നെ ചുവന്നു വരുന്നതിന്റെ ഭംഗി വാക്കുകള്‍ക്കതീതം. ഇങ്ങനെ പറഞ്ഞുപറഞ്ഞു പോകാം. നിര്‍ത്തട്ടെ.

ആഗ്രഹങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ ചെറിയ പറുദീസകളെ ഓര്‍മിക്കുകയായിരുന്നു. ഇഷ്ടമുള്ള ജോലിയും ഇഷ്ടമുള്ള ചുറ്റുപാടുകളുമായി കഴിഞ്ഞുകൂടുന്ന ഒരു തുടര്‍ക്കഥ മാത്രമായിരുന്നില്ല എന്റെ അനുഭവങ്ങള്‍. നഷ്ടങ്ങളും ദുഃഖങ്ങളുമുണ്ടായി. എങ്കിലും പരാജയബോധം എന്നെ അലട്ടിയില്ല. ദാമ്പത്യജീവിതം ഒരു കാറ്റുപോലെ ആകെയൊന്നുലച്ചു കടന്നുപോയെങ്കിലും അതെന്റെ വേരുകളിളക്കുകയോ ചില്ലകള്‍ തകര്‍ക്കുകയോ ചെയ്തില്ല. സുഗതയും സുജാതയും ഞാനും അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നു. പഴയ ഒരു കൂട്ടുകുടുംബത്തിന്റെ സാന്ത്വനവും സഹായവും അനുഭവപ്പെടാന്‍ സാധിക്കുന്നതുകൊണ്ടുകൂടിയാകാം, പരീക്ഷണങ്ങളെ തരണംചെയ്യുന്നത്.

ഇടി വീണതുപോലെയായിരുന്നു ഉണ്ണിയുടെ മരണം. ശരിയായ പേര് ഗോവിന്ദന്‍. സുജാതയുടെ രണ്ടാമത്തെ മകന്‍. മരിക്കുമ്പോള്‍ അവനു മുപ്പതുവയസ്സുണ്ടായിരുന്നു. അവന്റെ ഏകസന്താനമായ വിഷ്ണുവിന് അന്ന് ആറു മാസം പ്രായം. ഇന്നവന് ഒന്‍പതു വയസ്സു കഴിഞ്ഞു. നാലാംക്ലാസ്സിലെത്തി. അവന്റെ അമ്മ വിനീതയ്ക്ക് ജോലി ചെയ്ത് ധൈര്യമായി ജീവിക്കാന്‍ കഴിയുന്നു. ജീവിതാസക്തി കത്തിനില്ക്കുന്ന വ്യക്തിത്വമായിരുന്നു ഉണ്ണിക്കുണ്ടായിരുന്നത്. അതോടൊപ്പം ഭക്തിയും അവനില്‍ വളര്‍ന്നുകൊണ്ടിരുന്നു. ഒന്നുമെങ്ങുമെത്തിയില്ല. കാറപകടത്തില്‍ അവന്‍ പോയി.

ചിലപ്പോഴൊക്കെ ആ ദിവസം അതുപോലെ കടന്നുവരും. പലപ്പോഴും അവന്റെ കുട്ടിക്കാലവും അവന്‍ ജീവിതത്തില്‍ നടത്തിയ പരീക്ഷണങ്ങളും ഓര്‍മിക്കും. അവനെപ്പോലെയുണ്ട് അവന്റെ മകന്‍- രൂപത്തിലും ശബ്ദത്തിലും ചേഷ്ടകളിലുമെല്ലാം. എങ്കിലും എത്ര ആശ്വാസമാണെങ്കിലും, ഒരാള്‍ മറ്റൊരാള്‍ക്കു പകരമാകുന്നില്ല. പിടിക്കാവുന്നതിലൊക്കെ പിടിച്ച് ജീവിതം സ്വയം നിലനിര്‍ത്തുകയും മുന്നോട്ടു പോവുകയും ചെയ്യും. എന്നാലും ബോധമനസ്സില്‍നിന്ന് അബോധമനസ്സ് വലിച്ചെടുത്തു സൂക്ഷിക്കുന്ന ചില അവസ്ഥകളുണ്ട്. അവ ഉണര്‍വിലോ ഉറക്കത്തിലോ ചിലപ്പോള്‍ തിരിച്ചുവരും. വെറുമൊരു ഏങ്ങലായോ വിദൂരതകളിലെ 'തമോഗര്‍ത്ത'മെന്നു പേരുള്ള കറുത്ത ചുഴിയായോ അവ ഗ്രസിക്കുമ്പോള്‍ കീഴടങ്ങിക്കൊടുക്കുകയല്ലാതെ മറ്റു വഴിയില്ല. ഉണ്ണിയുടെ അച്ഛനമ്മമാരുടെ ദുഃഖം ഞാനറിയുന്നതിലും എത്രയോ അഗാധമായിരിക്കും.

സുഗതയുടെ ഭര്‍ത്താവ് വേലായുധന്‍ നായരുടെ മരണം അതി ദുഃഖകരമായ മറ്റൊരനുഭവമായിരുന്നു. ഉള്‍ക്കനമുള്ള പുസ്തകങ്ങള്‍ വായിക്കുന്നവരോട് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെയോ ബുദ്ധിവൈഭവത്തെയോ പറ്റി പറയേണ്ട കാര്യമില്ല. ഞങ്ങളുടെ കുടുംബത്തിനാകെ അദ്ദേഹം താങ്ങും തണലുമായിരുന്നു. കാന്‍സര്‍ രോഗത്തിന്റെ കഷ്ടപ്പാടുകള്‍ അനുഭവിച്ച് അദ്ദേഹം കടന്നുപോയി. സുഗത അനുഭവിച്ച വ്യഥയെപ്പറ്റി ഓര്‍മിക്കാന്‍ മുതിരുന്നില്ല.

ഇവിടെ ഞാനെന്റെ അച്ഛനെ ഒന്നുകൂടി ഓര്‍മിക്കുകയാണ്. രോഗവും മരണവുമൊന്നുമല്ല, അതിനു മുന്‍പുണ്ടായിരുന്ന ഒരു ഘട്ടം. ശരീരത്തിനു ക്ഷീണമായി, ഓര്‍മ ചിലപ്പോള്‍ മങ്ങും, വീണ്ടും നന്നായിത്തെളിയും. അക്കാലത്ത് അസാധാരണമായ മൗനം അച്ഛനെ പിടികൂടി. ദീര്‍ഘനേരം ഒന്നും മിണ്ടാതെയിരിക്കും. ചിലപ്പോള്‍ എന്തോ ആലോചിക്കുന്നതുപോലെ, ചിലപ്പോള്‍ ഒന്നും അറിയാത്തതുപോലെ. ഇടയ്ക്ക് കണ്ണു നിറഞ്ഞൊഴുകിയാലുമായി. അതു കാണുമ്പോള്‍ എന്തോ ഒരു ഭയം എന്നെ ബാധിച്ചിരുന്നു. എനിക്ക് അച്ഛനെ പരിചയമില്ലായെന്നൊരു തോന്നല്‍. മൗനത്തിന്റെ ഈ വല്മീകത്തിന്റെയുള്ളില്‍ ആരാണ് മറഞ്ഞിരിക്കുന്നത്? എത്രയോ ജന്മങ്ങളില്‍ക്കൂടി കടന്നുവന്ന ഏതോ ഒരാത്മാവ് (ആത്മാവെന്നല്ല being എന്ന വാക്കാണ് എന്റെയുള്ളില്‍). അതു തന്റെ യാത്രയ്ക്കിടയില്‍ ഞങ്ങളുടെ അച്ഛനുമായെന്നേയുള്ളൂ. അതാരാണെന്ന് എനിക്ക് അറിഞ്ഞുകൂടാ. മൗനത്തിന്റെയോ ഉള്‍വലിവിന്റെയോ ആ ഘട്ടം അവസാനിച്ചു. 'അപരാധശതം, ദേവീ, ക്ഷമസ്വ കരുണാനിധേ'യെന്ന് ഇടയ്ക്കിടെ പ്രാര്‍ഥിക്കും. സാധാരണരീതിയില്‍ സംസാരിക്കും. അങ്ങനെയൊക്കെയായിരുന്നു ആശുപത്രിയിലാകുന്നതുവരെ.

ഓര്‍മിക്കുംതോറും എത്രയോ ചെറുസംഭവങ്ങളും എത്രയോ മുഖങ്ങളും തെളിഞ്ഞുവരുന്നു. ആഴത്തില്‍ സ്​പര്‍ശിച്ചിട്ടുള്ള സംഭവങ്ങള്‍, രസമുള്ള ചെറു നാടകീയരംഗങ്ങള്‍, പഠിച്ച ചില പാഠങ്ങള്‍ എന്നിങ്ങനെ എണ്ണിയെണ്ണിയെടുക്കാവുന്ന മിക്കതിനെയും ഉള്ളിലൊതുക്കുകയാണ്. ആത്മകഥ ഒരാത്മഗതംപോലെയാകാന്‍ വയ്യ.

ചില മാനസികാവസ്ഥകള്‍-അവസ്ഥയെന്നു പറയാനില്ല, ഒരു ഫ്ലഷുപോലെ അനുഭവപ്പെടുന്ന ഭാവങ്ങള്‍-മാഞ്ഞുപോകാതെ നിലനില്ക്കുന്നത് ഒരദ്ഭുതമാണ്. ഒരു വികാരത്തെ ഓര്‍മിക്കുകയല്ല, അതിനെ വീണ്ടും അനുഭവിക്കുകയാണ്. വികാരത്തിനു താങ്ങായി ഒരു ചട്ടക്കൂടു വേണം. അതും സ്വയം പ്രത്യക്ഷപ്പെട്ടുകൊള്ളും. തീരെ കുട്ടിക്കാലത്ത് അമ്മ ഒരു കഥ പറഞ്ഞുതന്നതിലെ ഒരു സംഭവം ഓര്‍മിക്കുന്നു: ഒരു രാജാവും രാജ്ഞിയും അവരുടെ നാലോ അഞ്ചോ വയസ്സുള്ള കുഞ്ഞുമകളും കൂടി കുതിരകള്‍ വലിക്കുന്ന രഥത്തില്‍ എങ്ങോട്ടോ പോവുകയാണ്. മഞ്ഞു നിറഞ്ഞ ഒരു മൈതാനത്തില്‍ക്കൂടി, വൈകുന്നേരം രഥം കടന്നുപോയപ്പോള്‍ ആ കുഞ്ഞ് വണ്ടിയില്‍നിന്ന് താഴേക്കു വീണു. ഉറക്കത്തിലായിരുന്ന അച്ഛനമ്മമാര്‍ ഇതറിയുന്നില്ല. രഥം പോയ്മറഞ്ഞു. കുഞ്ഞുരാജകുമാരി തനിച്ച്, പേടിച്ചരണ്ട് നില്ക്കുകയാണ്. തീര്‍ച്ചയായും ആരെങ്കിലും അവളെ രക്ഷിച്ചുകാണും. ശുഭപര്യവസായിയായ കഥ ഞാന്‍ മറന്നു. പക്ഷേ, കുഞ്ഞിന്റെ പേടിയും എന്റെ പേടി കലര്‍ന്ന സങ്കടവും തണുത്തിരുണ്ട വിസ്തൃതമായ ഒരു ഭൂദൃശ്യവും മനസ്സിലുണ്ട്. സങ്കടത്തിന് എന്തെല്ലാം വകഭേദങ്ങള്‍. അതില്‍ റലീെഹമശേീി എന്നത് ഞാനറിഞ്ഞത്, എഴുപത്തഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഈ ഓര്‍മയില്‍ക്കൂടി അതുപോലെ തിരിച്ചുവരുന്നു. മറ്റൊന്ന് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു കണ്ട ഒരു പേടിസ്വപ്‌നമാണ്. ഞാന്‍ ഭൂമിക്കടിയില്‍ക്കൂടി നടക്കുകയാണ്. അഴുകുന്ന ശവശരീരങ്ങളുടെ വല്ലാത്ത ദുര്‍ഗന്ധം എന്റെ മൂക്കിലേക്ക് ഊര്‍ന്നെത്തുന്നു. ചത്ത എലിയുടെയും മറ്റും നാറ്റം ഞാനറിഞ്ഞിട്ടുണ്ട്. ഇത് തികച്ചും വ്യത്യസ്തമായ ദുര്‍ഗന്ധമാണ്. ഞാനറിഞ്ഞിട്ടേയില്ലാത്തത്. ഒരു പള്ളിപ്പറമ്പിന്റെ അടിയില്‍ക്കൂടി പോവുകയാണെന്ന് ഞാനറിഞ്ഞു. ഗുഹപോലെ ഒരു സ്ഥലത്ത് ഞാനെത്തി. അവിടെ നാലഞ്ചു മെഴുകുതിരികള്‍ കത്തുന്നു. വെള്ളയുടുപ്പിട്ട അച്ചന്മാര്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്നു. ഞാനും കൈ കൂപ്പി. എന്റെ മനസ്സില്‍ ഭക്തി നിറഞ്ഞു. ഈ വികാരമാണ് സാരമായത്, ഏതു രൂപത്തിന്റെ മുന്നിലെന്നുള്ളതല്ല, എന്ന് മനസ്സ് പറഞ്ഞു. എത്രയോ ക്ഷേത്രങ്ങളില്‍ ഞാന്‍ ഭക്തിപൂര്‍വം തൊഴുതു നിന്നിട്ടുണ്ട്. എന്നാല്‍ മനസ്സിനെ ആകെ ഗ്രസിക്കുന്ന, കലര്‍പ്പില്ലാത്ത ഭക്തി ഞാനറിഞ്ഞത് ഈ സ്വപ്‌നത്തിലാണ്. ഒരു പരിഹാരവുമില്ലാത്ത കുണ്ഠിതങ്ങള്‍, ഉദയസൂര്യനെപ്പോലെയുള്ള സന്തോഷങ്ങള്‍, വെറുമൊരു ഇളിഭ്യത മുതല്‍ തലയില്‍ ഇടി വീണെന്നുവരെ തോന്നിപ്പിക്കുന്ന നിസ്സാരതയുടെ വെളിപ്പെടലുകള്‍ വരെ എന്തെല്ലാം മനസ്സു സൂക്ഷിക്കുന്നു, ചിരിയും കണ്ണുനീരും അദ്ഭുതവുമായി എന്തെല്ലാം നിലനില്ക്കുന്നു.

രസമുള്ള ഒരു കൊച്ചുസംഭവം ഓര്‍മിക്കുകയാണ്, സംഭവമെന്നുപോലും പറയാനില്ലാത്തത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്തു നടന്ന ഒരു വലിയ സമ്മേളനം. ഞാന്‍ പന്തലിന്റെ ഏറ്റവും പുറകില്‍ നില്ക്കുന്നു. മുന്‍വശത്ത്, വേദിയുടെ തൊട്ടുതാഴെ രണ്ടുമൂന്നു പുരുഷന്മാരും ഒരു സ്ത്രീയും സംസാരിച്ചുകൊണ്ടു നില്ക്കുന്നു. സ്ത്രീയുടെ മുഖം വ്യക്തമല്ല. ഞാന്‍ അദ്ഭുതത്തോടെ അവരെ നോക്കി, ആരാണത്? എന്നെപ്പോലെയിരിക്കുന്നല്ലോ. പെട്ടെന്ന് ഒരു ഗ്രീക്കുനാടകത്തിലെ ചില വരികള്‍ എന്റെ മനസ്സില്‍ വന്നു. അനേകവര്‍ഷങ്ങള്‍ക്കുശേഷം കണ്ണില്‍പ്പെട്ട ഒരാളെപ്പറ്റി ഇലക്ട്ര ചിന്തിക്കുകയാണ് -'അവിടെ ആരോ നില്ക്കുന്നു, എന്നെപ്പോലെത്തന്നെയുണ്ട്. എന്നെപ്പോലെ മറ്റാരുണ്ടാകാന്‍, എന്റെ അച്ഛന്റെ മകനല്ലാതെ? അത് ഒറസ്റ്റസ് തന്നെയാണ്.' (There is somebody who looks like me/ Nobody looks like me but my father's son. That must be Orestes.) അത് സുഗതയാണെന്ന് ഞാനുടനറിഞ്ഞു. മനസ്സ് ഉദ്ധരണികളേയും ഒരു നിമിഷത്തിലെടുത്തുപയോഗിക്കുമായിരിക്കും.

മനസ്സിന്റെ ചില അവസ്ഥകളെപ്പറ്റി, കണ്ടെത്തലുകളെപ്പറ്റി പറയുമ്പോള്‍ സുജാത പറയും, അവയൊക്കെ വിട്ടുകളയേണ്ടവയാണ്, പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ലാത്തവയാണ്. മാനസികതലത്തിന് അതീതമായ കാഴ്ചപ്പാടുകളിലും അറിവുകളിലും എത്താന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. യാഥാര്‍ഥ്യത്തെയും യാഥാര്‍ഥ്യമല്ലാത്തതിനെയും വേര്‍തിരിച്ചെടുക്കാനുള്ള ശ്രമം എത്ര കഠിനമാണെന്ന് അവള്‍ക്കറിയാം. അതിനെപ്പറ്റി അവള്‍ക്ക് ഭയമില്ല.

സന്തോഷങ്ങളുടെയും സന്താപങ്ങളുടെയും സാധാരണലോകത്തിനെ ചിന്തകളുടെ, അല്ലെങ്കില്‍ അറിവുകളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ കൊണ്ടുവന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാമെന്നല്ലാതെ അതിനപ്പുറമോ ഇപ്പുറമോ പോകാന്‍ എനിക്കാവുന്നില്ല. ആവര്‍ത്തനമെന്ന നിരന്തര പ്രക്രിയയ്ക്കുള്ളില്‍, ചരിത്രമെന്ന അതിസങ്കീര്‍ണമായ ട്രാജി- കോമഡിക്കുള്ളില്‍ പുരോഗതിയുടെ മിന്നലാട്ടങ്ങള്‍ ചിലപ്പോള്‍ കാണാം. ഒരാശുപത്രി നേരേ പ്രവര്‍ത്തിക്കുന്നു, ഒരു സ്‌കൂളില്‍ പഠിത്തം വേണ്ടപോലെ നടക്കുന്നു, എത്രയോ ആളുകള്‍ സത്യത്തോടെ, സ്‌നേഹത്തോടെ ജീവിക്കുന്നു, എത്രയോ പേര്‍ പ്രകൃതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ഇതൊക്കെ വ്യക്തമായി കാണുമ്പോള്‍ ഇതിന്റെ മറുവശവും വളരെ വ്യക്തംതന്നെയാണ്. ബുദ്ധിപരമായ നിസ്സംഗത കുറെയൊക്കെ നേടിയെടുക്കുവാന്‍ കഴിയുന്നുണ്ടെങ്കിലും അത് ഒരുതരം നിസ്സഹായതാബോധത്തില്‍ വേരോടിയതാണെന്ന് തിരിച്ചറിയുന്നു. ഇന്ത്യന്‍ തത്ത്വചിന്തയിലെ നിസ്സംഗത മറ്റൊന്നാണ്.

കുറെ വര്‍ഷം മുന്‍പ് യൂണിവേഴ്‌സിറ്റി കോളേജില്‍, ഞങ്ങളുടെ വകുപ്പില്‍ ഒരു സന്ദര്‍ശകനെത്തി-അമേരിക്കക്കാരനായ ഒരു ഇംഗ്ലീഷ് പ്രൊഫസര്‍. അദ്ദേഹം എലിയറ്റിന്റെ 'Hollow Men' (ഉള്ളു പൊള്ളയായ മനുഷ്യര്‍) എന്ന കവിതയെപ്പറ്റി ഒരു പ്രഭാഷണം നടത്തി. യുങ്ങിന്റെ ശിഷ്യനായ അദ്ദേഹം അബോധമനസ്സിന്റെ നിഗൂഢതകളെപ്പറ്റി, അതിന്റെ സര്‍ഗശക്തിയെപ്പറ്റിയൊക്കെ സംസാരിച്ചു. അദ്ദേഹം പറഞ്ഞു: 'നാല്പതാംവയസ്സ് ഒരു പ്രധാന വഴിത്തിരിവാണ്. മുപ്പത്തൊന്‍പതാംവയസ്സിലോ നാല്പതിലോ നിങ്ങളൊരു സ്വപ്‌നം കാണും. അതൊരു പുനര്‍ജ്ജനിയായിരിക്കും. ഒരു ശിശു, അല്ലെങ്കില്‍ ഒരു ദിവ്യമാതാവ്, അല്ലെങ്കില്‍ ബുദ്ധനെപ്പോലെ ഒരു ആചാര്യരൂപം. ഇതിലേതെങ്കിലുമൊന്ന് കാണുകയാണെങ്കില്‍ (കാണുമെന്നതില്‍ സംശയമില്ല) നിങ്ങളുടെ മനസ്സില്‍ ഒരു നവീകരണം നടക്കുകയായിരിക്കും.' ഞാന്‍ പ്രത്യാശയോടെ നാലഞ്ചു വര്‍ഷം കാത്തിരുന്നു. മുപ്പത്തൊന്‍പതും നാല്പതും കടന്നുപോയി. സാരവത്തായ ഒരു രൂപവും വന്നില്ല. എന്റെ മനസ്സ് അതിന്റെ സാധാരണത്വംകൊണ്ട് അത്ര പ്രതിരോധസജ്ജമായിരിക്കാം. എന്റെ സഹപ്രവര്‍ത്തകരിലും പറയത്തക്ക വ്യത്യാസമൊന്നും ഞാന്‍ കണ്ടില്ല.

എങ്കിലും ഞാന്‍ സ്വപ്‌നങ്ങള്‍ കാണുന്നു. കടലാണ് എന്റെ സ്വപ്‌നങ്ങളുടെ മുഖ്യവിഷയം. നീലക്കടല്‍, പച്ചക്കടല്‍, സാന്ധ്യവെളിച്ചത്തില്‍ സ്ലേറ്റുനിറത്തില്‍, വെളുത്ത പതയോടുകൂടിയ അതിമനോഹരമായ കടല്‍. ചിലപ്പോള്‍ കടല്‍ പുറകോട്ടു മാറി ഇളകുന്ന കൂറ്റന്‍ മതില്‍പോലെ നില്ക്കും. അടിയിലെ മണലും പാറകളും ഏതൊക്കെയോ വിശാലമായ സ്ഥലങ്ങളും കാണാം. അദ്ഭുതപ്പെട്ടും ആനന്ദിച്ചും പേടിച്ചും നില്ക്കുമ്പോള്‍ കടല്‍ മുന്നോട്ടൊരു വരവാണ്. രണ്ടു വശത്തുംകൂടി വളഞ്ഞ്, മുന്നില്‍ ഒരു കൂറ്റന്‍ പ്രവാഹമായി, പുറകിലത്തെ മലയിടുക്കുകളില്‍ക്കൂടി ചിലപ്പോള്‍ ഒലിച്ചും, ചിലപ്പോള്‍ തള്ളിത്തിമര്‍ത്തു വരുന്ന തടിനികളായും. അതെന്നെ ഇതുവരെ വിഴുങ്ങിയിട്ടില്ല. അപ്പോഴേക്കും ഞാനുണര്‍ന്നുകഴിയും. ആകാശത്ത് കടല്‍ നിറഞ്ഞുനില്ക്കുന്നതും വന്‍മത്സ്യങ്ങള്‍ നീന്തിനടക്കുന്നതും കണ്ടിട്ടുണ്ട്. പേടിയുണ്ടെങ്കിലും ഏറ്റവും ആനന്ദം തരുന്നത് കടല്‍സ്വപ്‌നങ്ങളാണ്. ഇനിയുമുണ്ട് പലപല വിചിത്രസ്വപ്‌നങ്ങള്‍- കടലല്ലാത്തവ അതിലേക്കൊന്നും കടക്കുന്നില്ല. എല്ലാവര്‍ക്കും ഉണര്‍ന്നിരിക്കുമ്പോഴുള്ളതിലും അദ്ഭുതങ്ങള്‍ നിറഞ്ഞ ഒരു സമാന്തരജീവിതം ഉറക്കത്തിലുണ്ടായിരിക്കാം. അല്ലെങ്കില്‍ ഇത്ര വ്യാഖ്യാനസമര്‍ഥമായി മനശ്ശാസ്ത്രം വളരുകയില്ലായിരുന്നു. എങ്കിലും ശാസ്ത്രത്തിന് അര്‍ഥം കണ്ടുപിടിക്കാന്‍ സാധിക്കാത്തതായി പലതും സ്വപ്‌നത്തിലുണ്ട് - ചിലത് ചില സംഭവങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പുകളാണ്. ചിലത് ചില മുഖങ്ങളോ സ്ഥലങ്ങളോ കാണുന്നതും പിന്നെ ദിവസങ്ങള്‍ക്കുശേഷം അവയെ പകല്‍വെളിച്ചത്തില്‍ നേരില്‍ കാണുന്നതുമാണ്. ഒരുപക്ഷേ, അതിലൊക്കെ അദ്ഭുതം സാധാരണസ്വപ്‌നങ്ങള്‍ക്കുപോലുമുള്ള സര്‍ഗശക്തിയാണ്. നഗ്നനേത്രങ്ങള്‍ കാണുന്നതിലും എത്രയോ മടങ്ങ് അധികമായ ഭംഗിയോടെ, അല്ലെങ്കില്‍ നിഗൂഢതയോടെ, ചിലപ്പോള്‍ ഇന്നതെന്ന് തിരിച്ചറിയാനാകാത്ത അപൂര്‍വമായൊര�