അധ്യാപകനായിരുന്ന കാലം മുഴുവന്‍ ലൈബ്രേറിയനുംകൂടിയായി ജീവിച്ച ഒരാളുടെ പുസ്തകജീവിതം. പലതരം വായനാശീലങ്ങേളയും വായനക്കാരേയും കുറിച്ചുള്ള തിരിച്ചറിവുകളാണ് ഈ പുസ്തകകാലം പറയുന്നത്. വിദ്യാര്‍ഥിവായനയുടെ കൗതുകങ്ങളും വായനയേ ഇല്ലാത്ത അധ്യാപകരോടുള്ള വിമര്‍ശനവും ഈ അനുഭവമെഴുത്തിലുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ നിന്ന്..

കേരളത്തിലെ നാലു സര്‍ക്കാര്‍ കലാലയങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായി മുപ്പതു വര്‍ഷം ജോലി ചെയ്ത ശേഷം, 2010 മാര്‍ച്ചില്‍ അടുത്തൂണ്‍ പറ്റിയപ്പോള്‍, ഇനി മരണംവരെ വീട്ടില്‍ത്തന്നെ ജീവിതം മുഴുവനും എന്നു ചിന്തിച്ചിരുന്നു. എന്നാല്‍, കലാലയജീവിതം അങ്ങനെ പൂര്‍ണമായും അവസാനിച്ചിട്ടില്ല എന്ന് പഴയ അധ്യാപകനെ വീണ്ടും ഓര്‍മിപ്പിച്ചത്, പുസ്തകങ്ങളുമായുള്ള അടുത്ത ബന്ധംതന്നെ ആയിരുന്നു. മുപ്പതില്‍ ഇരുപത്തിയൊമ്പത് വര്‍ഷവും കുട്ടികളുമായിട്ടെന്നതുപോലെ പുസ്തകങ്ങളുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തുവാന്‍ കഴിഞ്ഞിരുന്നത്, പുസ്തകങ്ങളോടു തോന്നിയിരുന്ന സവിശേഷമായ ഒരു ഇഷ്ടം കാരണമായിരുന്നു. ബോംബെ മഹാനഗരത്തില്‍ നിന്നു കേരളത്തില്‍ മടങ്ങിയെത്തുന്നത്, കോഴിക്കോട് ജില്ലയിലെ ഒരു ചെറുഗ്രാമമായ പേരാമ്പ്രയില്‍, 'ജൂനിയര്‍ ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ്' ആയി ജോലി ചെയ്യാനായിരുന്നു. പേരാമ്പ്രയിലെ സി.കെ.ജി. ഗവണ്‍മെന്റ് കോളേജ് അന്ന്, സര്‍ക്കാര്‍ സ്‌കൂളിനു തൊട്ടുതന്നെ, കുന്നിന്‍മുകളിലെ ഒരു ജൂനിയര്‍ കോളേജ് മാത്രമാണ്. 1980-ല്‍ ആ കോളേജിലെ ഭൂരിഭാഗവും നഗ്‌നപാദവിദ്യാര്‍ഥികള്‍ ആയിരുന്ന കാലം. എഴുത്തുകാരായിരുന്ന സി.പി. അബൂബക്കര്‍, എന്‍. പ്രഭാകരന്‍ തുടങ്ങിയവര്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആയിരുന്നതുകൊണ്ട്, പേരാമ്പ്രയിലെ സന്തോഷകരമായ ഗ്രാമീണ കലാലയജീവിതത്തില്‍ പുസ്തകങ്ങള്‍ക്കുള്ള സ്ഥാനം ചെറുതായിരുന്നില്ല. എന്നാല്‍, 1981-ല്‍ തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജില്‍ എത്തുന്നതോടെ, ജീവിതം അവിസ്മരണീയമാംവിധം പുസ്തകസമ്പന്നവും സര്‍ഗാത്മകവും ആയിത്തീര്‍ന്നു. വകുപ്പുമേധാവിയായിരുന്ന എലിസബത്ത് ജോര്‍ജ് ടീച്ചര്‍, എന്തുകൊണ്ടോ, പുതുതായി വന്ന താടിക്കാരന്‍ യുവാവിനെ ഡിപ്പാര്‍ട്ടുമെന്റ് ലൈബ്രറിയുടെ ചുമതലയും ഏല്പ്പിച്ചു. അങ്ങനെയാണ് പുസ്തകങ്ങളെ സ്‌നേഹിച്ചിരുന്ന ഒരു യുവാവിന്റെ ലൈബ്രേറിയന്‍ എന്ന നിലയ്ക്കുള്ള ജീവിതം ആരംഭിക്കുന്നത്.


മാതൃഭൂമി ആഴ്ചപ്പതിപ്പ് ഓണ്‍ലൈന്‍ വഴി വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക


ബോംബെ നഗരത്തിലെ ജൂനിയര്‍ കോളേജുകളില്‍ ഒരു 'പ്രൊഫസര്‍' ആയി രണ്ടു വര്‍ഷം ജോലി ചെയ്ത് കേരളത്തിലേക്കു മടങ്ങിവരുമ്പോള്‍, സമ്പാദ്യമായി കൂടെ കൊണ്ടുവന്നത്, ഒരു വലിയ ചാക്കു നിറയെ പുസ്തകങ്ങള്‍ ആണ്. ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്തിരുന്ന അനുജന്‍ കൊണ്ടു വന്നിരുന്ന വലിയ ഒരു വെളുത്ത കാന്‍വാസ് ബാഗില്‍ കുത്തി നിറച്ചാണ്, മഹാനഗരത്തിലെ വഴിയോരങ്ങളില്‍ നിന്നു മേടിച്ചുകൂട്ടിയ പഴയ ഇംഗ്ലീഷ് പുസ്തകങ്ങള്‍ കൊണ്ടുവന്നത്. ഹുതാത്മ ചൗക്ക് എന്ന ഫ്‌ളോറാ ഫൗണ്ടന്‍, ജി.പി.ഒ എന്ന ജനറല്‍ പോസ്റ്റ് ഓഫീസ് തുടങ്ങിയ ഇടങ്ങളില്‍നിന്നു പല നാളുകള്‍കൊണ്ടു വാങ്ങിയ പുസ്തകങ്ങളില്‍ രണ്ടു പ്രിയപ്പെട്ട പുസ്തങ്ങള്‍ ഉണ്ടായിരുന്നു. രണ്ടും നഷ്ടപ്പെട്ടു പോയതില്‍ ചെറിയ ഒരു നഷ്ടബോധവിഷാദം മാത്രമേ അവശേഷിക്കുന്നുള്ളൂ എങ്കിലും, ഓര്‍മയില്‍ ആ പുസ്തകങ്ങള്‍ ഇപ്പോഴും ഉണ്ട് എന്നത് കൗതുകകരമായി തോന്നുന്നു. അപ്ട്ടന്‍ സിങ്ക്‌ലെയറുടെ 'ഒരു കോടീശ്വരനുള്ള കത്തുകള്‍' അന്നു ചെറിയ രീതിയില്‍ ജീവിതത്തില്‍ സ്വാധീനം ചെലുത്തി. കോടീശ്വരനായി മാറിയ ബാല്യകാല സുഹൃത്തിന്, സോഷ്യലിസ്റ്റും എഴുത്തുകാരനും ആയി മാറിയ സിങ്ക്‌ലെയര്‍, സമ്പത്തുണ്ടാകുന്നതിന്റെ സാമൂഹികചരിത്രം വിശദീകരിക്കാന്‍ ശ്രമം നടത്തുകയാണ് പുസ്തകത്തില്‍ ചെയ്യുന്നത്. രണ്ടാമത്തെ പുസ്തകം, പ്രശസ്ത സോവിയറ്റ് സംവിധായകനും ചലച്ചിത്ര സൈദ്ധാന്തികനും ആയ സെര്‍ജി ഐസന്‍സ്റ്റൈന്‍ എഴുതിയ 'ചലച്ചിത്രബോധം' ആണ്. രണ്ടു പുസ്തകങ്ങളും ഹാര്‍ഡ് ബൗണ്ട് ആണെന്നു മാത്രമല്ല, ഏടുകളെല്ലാംതന്നെ പഴക്കത്തിന്റെ മഞ്ഞനിറത്തില്‍ കാലത്തിന്റെ ശ്വാസോച്ഛ്വാസംകൊണ്ടു വിശുദ്ധഗ്രന്ഥങ്ങളുടെ പരിവേഷമണിഞ്ഞുതുടങ്ങിയിരുന്നു.പുസ്തകങ്ങളോടുള്ള പ്രണയം തുടങ്ങിയത്, ബാല്യകാലദിനങ്ങളില്‍ ആണ്. ആ കാലത്തെ എല്ലാ കുഞ്ഞുങ്ങളെയും പോലെ, ജനിച്ചത് ആശുപത്രിയില്‍ ആയിരുന്നില്ല, വീട്ടിലായിരുന്നു. ഒറ്റപ്പാലത്തെ സെന്‍ഗുപ്ത റോഡിലെ ആ വാടക വീടിനു തൊട്ടടുത്തുള്ള രണ്ടു വീടുകളില്‍ നിന്നാണ് ജീവിതത്തില്‍ ആദ്യമായി ഒരു പുസ്തകശേഖരം എന്നു പറയാനാവുംവിധം ഒന്നില്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഒരുമിച്ചു കാണാനിട വരുന്നത്. വീട്ടിലും ഉണ്ടായിരുന്നു ഒരു പുസ്തകം. ആദ്യമായി ഒരു പുസ്തക വായന എന്നു വിശേഷിപ്പിക്കാനാകുംവിധം വായിച്ച ആ പുസ്തകം, എഴുതിയത് ആരാണ് എന്നറിഞ്ഞു കൂടാത്ത ആ പുസ്തകം, 'സത്യഗ്രാഹി' ആയിരുന്നു. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍, അവിടെ എത്തിയ ഗാന്ധിജിയെ കണ്ടതിന്റെ ഓര്‍മയില്‍ ആയിരുന്നോ അച്ഛന്‍, സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ആ പുസ്തകം വീട്ടില്‍ കൊണ്ടു വെച്ചിരുന്നത് എന്നോ, എന്തുകൊണ്ടാണ് എപ്പോഴും ഖദര്‍ ധരിച്ചിരുന്നത് എന്നോ, ഒരിക്കല്‍ പോലും ഇന്നേവരെ ആലോചിച്ചിട്ടില്ല. ഒരു തരം ആവേശം ആ വായന ഉള്ളില്‍ ഉണര്‍ത്തിയിരുന്നു എന്നു നിശ്ചയം. എങ്കിലും, ഒരു പുസ്തകം ഒരു ലൈബ്രറിയുടെ അനുഭവത്തിനു പകരം നില്ക്കുകയില്ലല്ലോ ഒരിക്കലും. വാടകവീടിനു തൊട്ടു മുന്നില്‍ തന്നെ അഭിമുഖമായി നിന്നിരുന്ന 'രോഹിണി' എന്ന വീട്ടിലാണ്, ആദ്യമായി വിപുലമായ ഒരു പുസ്തകശേഖരം കാണാനിടവരുന്നത്. ആ ശേഖരത്തില്‍ നിന്നാണ്, വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ 'വെള്ളിത്താലം', ഒളപ്പമണ്ണയുടെ 'പാഞ്ചാലി', ഒ.എം അനുജന്റെ 'നഗരശില്പികള്‍', തുടങ്ങിയ കവിതാപുസ്തകങ്ങള്‍ വായിക്കുന്നത്. രവിയും നീലകണ്ഠനുമാണ്, ആ അയല്‍വീട്ടില്‍ നിന്നുള്ള കളിക്കൂട്ടുകാര്‍. താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്റെ വീടായിരുന്നു മറ്റൊരു അയല്‍പക്കം. ഈ വീട്ടിലും ഒരു സ്‌കൂള്‍ കുട്ടിക്ക് വേണ്ട പുസ്തകങ്ങള്‍ ആവശ്യത്തിനുണ്ടായിരുന്നു. കൂട്ടുകാരായി അച്യുത് കുമാര്‍, ഹരിദാസ്, രാംമോഹന്‍ തുടങ്ങിയവരും. ഇവരുടെ അടുത്ത ബന്ധുവായിരുന്ന കാളിയത്ത് ദാമോദരന്‍മാഷെ പരിചയപ്പെടുന്നത് ആ വീട്ടില്‍ വെച്ചാണ്. അന്ന് അദ്ദേഹം, 'മനുഷ്യരുണരുമ്പോള്‍', 'ഉചല്യ', 'അക്കര്‍മാശി' തുടങ്ങിയ മറാത്തി കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടില്ലായിരുന്നു എങ്കിലും, പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും സംസാരിക്കുക പതിവായിരുന്നു. കൂട്ടുകാരുടെ ആ അയല്‍വീട്ടില്‍ ഒരു ചെറിയ പടിപ്പുരമുറിയുണ്ടായിരുന്നത്, ഓര്‍മയില്‍നിന്ന് ഇന്നും മാഞ്ഞുപോയിട്ടില്ല. ഇതിന്റെ ഒരു അടിസ്ഥാന കാരണം, ആ മുറിയിലായിരുന്നു ഞങ്ങള്‍ കുട്ടികള്‍, പുസ്തകങ്ങള്‍ തേടിപ്പിടിച്ചു കൊണ്ടുവന്ന് 'ലൈബ്രറി'യുണ്ടാക്കി കളിച്ചിരുന്നത്. അന്നത്തെ ആ കളിലൈബ്രറിയില്‍ ഉണ്ടായിരുന്ന പുസ്തകങ്ങള്‍ ഏതൊക്കെ ആയിരുന്നു എന്ന് ഓര്‍ക്കുവാന്‍ ഒട്ടും കഴിയുന്നില്ല എങ്കിലും, അക്കാലത്തു പ്രചാരത്തില്‍ ഉണ്ടായിരുന്ന 'ചിലമ്പൊലി', 'അമ്പിളി അമ്മാവന്‍' തുടങ്ങിയ കുട്ടികളുടെ മാസികകള്‍ കൊതിയോടെ വായിച്ചിരുന്നു എന്ന വസ്തുത ഓര്‍മയിലുണ്ട്. വാരികയോ മാസികയോ പുസ്തകമോ എന്ന വകുപ്പുവ്യത്യാസങ്ങള്‍ ഒന്നുമില്ലാതെ എല്ലാവരും സൗഹൃദത്തോടെ വാണിരുന്ന ഒരു പുസ്തകകാലമായിരുന്നു അത്. അരങ്ങുപോലെ ഉയര്‍ന്ന ഒരിടം ഉള്ള ഒരു ഇടനാഴി ഉണ്ടായിരുന്നു ആ കളിക്കൂട്ട 'ലൈബ്രറി'യുടെ തൊട്ടുതന്നെ. ആ ഇടനാഴിയായിരുന്നു ഞങ്ങള്‍ കുട്ടികള്‍ കളിച്ചിരുന്ന നാടകങ്ങള്‍ക്കെല്ലാം ഒരു നാടകശാല. കുട്ടികളുടെ ആ നാടകക്കളിയില്‍ ഏതു വേഷങ്ങള്‍ കെട്ടി എന്നതൊന്നും ഓര്‍മയില്‍ ഇന്നില്ലാത്തതുപോലെ, കുട്ടിലൈബ്രറിയില്‍ കുട്ടിലൈബ്രേറിയന്റെ വേഷം ആരായിരുന്നു കെട്ടിയിരുന്നത് എന്നും ഓര്‍ത്തെടുക്കാനാകുന്നില്ല. ഏതായാലും ബ്രണ്ണന്‍ കോളേജില്‍ അധ്യാപകനായി എത്തിച്ചേര്‍ന്നതോടെ പണ്ടത്തെ കളി, കാര്യമായി, ലൈബ്രറിയിലെ പുസ്തകങ്ങളുടെ ചുമതലക്കാരനായി, വിതരണക്കാരനായി.

ഒറ്റപ്പാലത്തെ എല്‍.എസ്.എന്‍ കോണ്‍വെന്റില്‍ ലോവര്‍ പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോഴാണ്, മലയാളം പഠിപ്പിച്ചിരുന്ന അച്ചാമ്മട്ടീച്ചര്‍ ഒരു കലാപരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്. ആണ്‍കുട്ടികളുടെ ഒരു നൃത്തം. ഒപ്പനയായിരിക്കണം, കുട്ടികളെല്ലാം വട്ടംകൂടി അന്നു ചുവടുവെച്ചത്, 'കൊഞ്ചുന്ന പൈങ്കിളിയാണേ, മൊഞ്ചുള്ള സുന്ദരിയാണേ', എന്ന ഒരു പാട്ടിനായിരുന്നു എന്നും തട്ടമിട്ട മുസ്‌ലിം പെണ്‍കുട്ടിയുടെ വേഷം അണിഞ്ഞിരുന്നു എന്നും അല്ലാതെ, മറ്റൊന്നും ഓര്‍ക്കുവാനാകുന്നില്ല എങ്കിലും, കലയുമായി കുട്ടിക്കാലത്തു തന്നെ ബന്ധപ്പെടുവാന്‍ അവസരമൊരുക്കിയ, തമാശകള്‍ പറഞ്ഞ് കുട്ടികളോടു നല്ലപോലെ സ്‌നേഹത്തോടു പെരുമാറിയിരുന്ന, അച്ചാമ്മട്ടീച്ചറെ ഇപ്പോഴും ഒട്ടും മറന്നിട്ടില്ല. ഈ കാലത്താണ് ചൈനയുമായുള്ള യുദ്ധം നടന്നത്. ഒരു ഇംഗ്ലീഷ് നാടകത്തില്‍ ഒരു ചെടിയോ പൂവോ മരമോ ആയി ഇംഗ്ലീഷ് ഡയലോഗ് പറയിപ്പിച്ച്, ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന സിസ്റ്റര്‍ അഭിനയിപ്പിച്ചതും ഓര്‍ക്കുന്നു.

പാഠപുസ്തകങ്ങള്‍ അല്ലാതെ ലൈബ്രറിപുസ്തകങ്ങള്‍ ജീവിതത്തിലേക്കു കടന്നുവരുന്നത്, ഒറ്റപ്പാലത്തെതന്നെ എന്‍.എസ്. എസ് കെ.പി തമ്പാന്‍ ഹൈസ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴായിരിക്കണം. സുശീലട്ടീച്ചര്‍ ആയിരുന്നു ക്ലാസ് ടീച്ചര്‍. മാസത്തിലോ ആഴ്ചയിലോ ഒരിക്കല്‍ മാത്രമാണ്, ഒരു ലൈബ്രറി പീരിയഡ്. അതോ സാഹിത്യസമാജം പീരിയഡ് ആയിരുന്നോ അത്? സഞ്ചരിക്കുന്ന ലൈബ്രറിയുടെ മനോഹരമായ ഒരു അനുഭവം ആയിരുന്നു അത്. ചെറുചെറു പുസ്തകങ്ങളുടെ ചെറുതല്ലാത്ത ശേഖരവുമായി ടീച്ചര്‍ ക്ലാസില്‍ വന്നതും പുസ്തകങ്ങള്‍ വിതരണം ചെയ്തതും ആയ ഈ ഒരു മധുരസ്മരണ, കൂടെ പഠിച്ചിരുന്ന മറ്റു കൂട്ടുകാരിലാരുടെയെങ്കിലും മനസ്സില്‍ അവശേഷിക്കുന്നുണ്ടോ എന്നറിഞ്ഞു കൂടാ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ അവധിക്കാലത്തു വായിക്കാനിടയായ ഒരു പുസ്തകം എന്തുകൊണ്ടോ വ്യത്യസ്തമായ ഒരനുഭവമായി മാറി. ഒരുപക്ഷേ, ആദ്യം വായിച്ച ഡിറ്റക്ടീവ് നോവല്‍ എന്നതുകൊണ്ടായിരിക്കണം, വലിയ ഉദ്വേഗം മനസ്സിലുണര്‍ത്തുകയുണ്ടായി, എഴുതിയതാര് എന്നു നോക്കാതെ വായിച്ച 'രഹസ്യസങ്കേതം' എന്ന ആ കൃതി. ഒരു അവധിക്കാലത്തുതന്നെയാണ് 'ഡ്രാക്കുള'യും വായിച്ചത് . കവിയും ഇംഗ്ലീഷ് അധ്യാപകനും ആയ കെ.വി. രാമകൃഷ്ണന്‍ മലയാളത്തിലാക്കിയ, ബ്രാം സ്റ്റോക്കറുടെ ആ നോവല്‍, ഭയം എന്ന വികാരം ഒരു ആസ്വാദ്യകരമായ അനുഭവമായി, രസാനുഭൂതിയായി, അറിയാന്‍ അവസരമൊരുക്കി. ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് എന്ന ഒരു പേര് പിന്നെയും എത്രയോ വര്‍ഷം കഴിഞ്ഞു മാത്രമാണ് കേള്‍ക്കാനിടവന്നത്. പത്താം ക്ലാസ്സിലെ പരീക്ഷയ്ക്ക് മലയാളത്തില്‍ ഒന്നാമനായതിന്, സ്‌കൂളില്‍നിന്ന് ഒരു സമ്മാനം ലഭിച്ചത്, പുസ്തകം ആയിരുന്നു. മലയാളത്തിലെ രണ്ട് എഴുത്തുകാര്‍ ഒരുമിച്ചെഴുതിയ പുസ്തകം. ജീവിതത്തിലെ ആദ്യാനുഭവങ്ങളില്‍ ഒന്ന്. മറ്റുള്ളവര്‍ക്ക് വായിക്കാന്‍ കൊടുത്ത് നഷ്ടപ്പെടുന്ന ആദ്യത്തെ പുസ്തകവും സമ്മാനമായിക്കിട്ടിയ ഈ പുസ്തകംതന്നെ. ആ സമ്മാനമാണ്, എം.ടി. വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും ചേര്‍ന്നെഴുതിയ 'അറബിപ്പൊന്ന്'.

വായിക്കാന്‍ കടംകൊടുത്ത പുസ്തകം എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന അനുഭവം പുസ്തകത്തെ ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന ഒരു അനുഭവമായിരിക്കുകയില്ല. ആര്‍ക്കാണ് കൊടുത്തത് എന്നു പെട്ടെന്നുതന്നെ മറന്നുപോയേക്കാമെങ്കിലും, നഷ്ടപ്പെട്ട പുസ്തകത്തിന്റെ ഓര്‍മ എപ്പോഴും കൂടെ ഉണ്ടായിരിക്കും. പുസ്തകം കൊടുത്ത് തിരിച്ചുകിട്ടാതെ നഷ്ടപുസ്തകങ്ങളുടെ കണക്കുനോക്കിയിരിക്കുന്ന അവസ്ഥ പുതുമ തെല്ലുമില്ലാത്ത അനുഭവമായിത്തീരുന്നത്, ലൈബ്രേറിയന്‍ എന്ന നിലയിലും ഒരു ജീവിതം തുടങ്ങിയതിനുശേഷം മാത്രമാണ്. ബ്രണ്ണന്‍ കോളേജിലെ ജീവിതം, കുട്ടികളെ പഠിപ്പിക്കുന്ന ഒരു അധ്യാപകന്‍ എന്ന നിലയിലും കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പുസ്തകം വിതരണം ചെയ്യുന്ന ഒരാള്‍ എന്ന നിലയിലും പുസ്തകത്തെ സ്‌നേഹിക്കുന്ന ഒരാള്‍ എന്ന നിലയിലും തികച്ചും സമ്പന്നമായിരുന്നു. മുപ്പതു വര്‍ഷം മുന്‍പ് ആരംഭിച്ച അക്കാലത്തെ ആ സൗഹൃദങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കോളേജിലെ എല്ലാ കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന പ്രധാന ലൈബ്രറിയിലെ ജീവനക്കാരനായ കോട്ടയംകാരനായ ലൂക്കോസ് താമസിച്ചിരുന്നത്, ധര്‍മടത്തെ താഴെപ്പീടികയിലെ വെട്ടുകല്ലുകൊണ്ട് പണിത ഒരു പഴയ വലിയ വീട്ടിലായിരുന്നു. ഫിലോസഫി അധ്യാപകരായിരുന്ന ദാമോദരന്‍, കെ.എസ്. രാധാകൃഷ്ണന്‍, വിദ്യാഭ്യാസ വകുപ്പില്‍ ജോലിചെയ്തിരുന്ന പീറ്റര്‍ സാര്‍, തൊട്ടടുത്തുള്ള സ്‌കൂളില്‍ അറബി പഠിപ്പിച്ചിരുന്ന മൊയ്തീന്‍ മാഷ്, തുടങ്ങിയവരുമൊത്ത് ഞങ്ങള്‍ താമസിച്ചിരുന്ന ആ വീട്, കോളേജിനു തൊട്ടടുത്തായുള്ള പുഴക്കരയില്‍ ഇപ്പോഴും ഉണ്ടായിരിക്കണം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഭൂപടത്തില്‍ മാത്രം കണ്ടുപരിചയിച്ച അറബിക്കടലാണെങ്കില്‍, നടന്നാല്‍ പത്തു മിനുട്ടുകൊണ്ട് എത്തിച്ചേരാവുന്ന അത്ര അടുത്തും. ലൈബ്രറിയില്‍ ആയിരുന്നു ജോലിയെങ്കിലും ലൂക്കോസിനെ ഓര്‍ക്കുന്നത്, അദ്ദേഹം പറഞ്ഞിരുന്ന തമാശകളുടെ പേരിലാണ്. എന്നാല്‍ ദീര്‍ഘകാലമായി ലൈബ്രറിയില്‍ പണിയെടുത്തിരുന്ന ഗോവിന്ദന്‍കുട്ടിയെ ഓര്‍ക്കുന്നത് പുസ്തകങ്ങളുമായി ബന്ധപ്പെട്ടുതന്നെയാണ്. ഒരു അധ്യാപകന്‍ ലൈബ്രറിയില്‍ എത്തിച്ചേര്‍ന്നാല്‍, അയാള്‍ക്കു വേണ്ട പുസ്തകം എവിടെയാണ് എന്ന് ഒരു ബുദ്ധിമുട്ടും കൂടാതെ കണ്ടുപിടിച്ചു കൊണ്ടുവരാന്‍ സവിശേഷമായ ഒരു കഴിവ്, അദ്ദേഹത്തിന് സ്വതസിദ്ധമായി ഉണ്ടായിരുന്നു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റ് ലൈബ്രറിയുമായി ബന്ധപ്പെട്ട ഒരു അനുഭവം ഓര്‍മയില്‍ ഉള്ളത്, വായിച്ച ഒരു പുസ്തകം ആയിട്ടാണ്. 'യുലീസസ്' എഴുതിയ ജോയ്‌സ്, ഭാര്യയായ നോറയ്‌ക്കെഴുതിയ കത്തുകളുടെ ഒരു പുസ്തകം. ആഭാസമെന്നും അശ്ലീലമെന്നും ആരോപിക്കപ്പെടാവുന്ന ആ പുസ്തകം ആരുംതന്നെ വായിക്കാനെടുത്തിരുന്നില്ല. സമ്പന്നമായ ഒരു പുസ്തകശേഖരമായിരുന്നു, മലയാളം വകുപ്പിനുണ്ടായിരുന്നത്. പലതും വളരെ ഉയര്‍ന്ന നിലവാരമുള്ളവ. എം.എന്‍. വിജയന്‍ മാഷായിരുന്നു ഈ ലൈബ്രറിയുടെ ചുമതല വഹിച്ചിരുന്നത്. മലയാളം വകുപ്പിന്റെ ലൈബ്രറിയായിരുന്നുവെങ്കിലും നല്ല ഇംഗ്ലീഷ് പുസ്തകങ്ങള്‍ നിറയെ. സാഹിത്യത്തിലും കലയിലും തത്പരരായ ചെറുപ്പക്കാരായ അധ്യാപകര്‍ പലരും മലയാളം ഡിപ്പാര്‍ട്ടുമെന്റില്‍ അക്കാലത്തായിരുന്നു ഒത്തുകൂടിയിരുന്നത്. മലയാളം അധ്യാപകരായ രാഘവന്‍ പയ്യനാട്, എന്‍. പ്രഭാകരന്‍, എ.ടി. മോഹന്‍രാജ്, നരേന്ദ്രന്‍, ഫിലോസഫി അധ്യാപകനായ പി.കെ. പോക്കര്‍, ചരിത്രാധ്യാപകനായ അശോകന്‍, വിദ്യാര്‍ഥികളായിരുന്ന വി.ആര്‍. സുധീഷ്, പ്രഭാകരന്‍ പഴശ്ശി, മൊയ്തു വാണിമേല്‍, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, ശ്രീഷ്, രത്‌നാകരന്‍ മാങ്ങാട്, കെ. ബാലകൃഷ്ണന്‍ തുടങ്ങിയ പലരും ഉള്‍ക്കൊള്ളുന്ന അക്കാലത്തെ ആ ബ്രണ്ണന്‍ കൂട്ടായ്മയുടെ പ്രധാന പശ്ചാത്തലം പുസ്തകങ്ങള്‍ ചുറ്റിലും ഉണ്ടായിരുന്ന മലയാളം ഡിപ്പാര്‍ട്ട്‌മെന്റുതന്നെ യായിരുന്നു. എം.എ. റഹ്മാന്‍, കല്പ്പറ്റ നാരായണന്‍ എന്നിവരും പിന്നീട് ബ്രണ്ണനില്‍ എത്തി. വിജയന്‍ മാഷ് എന്തുകൊണ്ട് ഏറ്റവും കൂടുതല്‍ സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഒരു അധ്യാപകനായി ഇന്നും ഓര്‍മിക്കപ്പെടുന്നു എന്നതിന് അക്കാലത്തെ തലശ്ശേരി നാളുകള്‍ വേണ്ടത്ര അനുഭവങ്ങള്‍ തന്നിട്ടുണ്ട്. ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോളേജില്‍ നടന്ന നിരവധി സാംസ്‌കാരിക പരിപാടികള്‍ വൈവിധ്യമുള്ള പൊതുപരിപാടികളായി കുട്ടികളുടെ മനസ്സില്‍ ഇപ്പോഴും ഉണ്ടാവാതിരിക്കില്ല. എന്‍. പ്രഭാകരന്റെ 'ഏഴിനും മീതെ' എന്ന ചെറു നോവലിനെ ആധാരമാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'പുലിജന്മം' എന്ന ചലച്ചിത്രം ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടപ്പോള്‍, തലശ്ശേരിയില്‍ ഒരു സ്വീകരണം നടന്നു. ആശംസകനായി അവിടെ എത്തിയപ്പോള്‍ ആണ്, പണ്ടു ബ്രണ്ണനില്‍ പഠിപ്പിച്ച വിജയനെ കണ്ടത്. മൃണാള്‍ സെന്‍ സംവിധാനം ചെയ്ത Mvzlrj Phnoyhcdlzho എന്ന ഡോക്യുമെന്ററി കോളേജ് ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിച്ചത് ഒരു ബാങ്കില്‍ ജോലിചെയ്യുന്ന വിജയന്‍ ഓര്‍മിപ്പിച്ചു. അന്ന് അധ്യാപകന്‍ തൂവാലയില്‍ പിരിവെടുക്കാന്‍ വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ കിട്ടിയത്, ഇരുപത് രൂപയാണ്. അധ്യാപകന്റെ കൂടെ താനും ഉണ്ടായിരുന്നു എന്ന് വിജയന്‍ ഓര്‍ത്തു. ഒരു ചെറു മാസികയായി 'അകം' ഇറക്കാനായത് ഈ കൂട്ടായ്മയുടെ ഒരു വലിയ നേട്ടം ആയിരുന്നു. വിജയന്‍ മാഷിന്റെ ഒരു പുസ്തകം ആദ്യമായി ഇറക്കുന്നതും 'അകം' കൂട്ടായ്മയാണ്. 'ചിതയിലെ വെളിച്ചം'.ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റ് ലൈബ്രറിയുടെ ചുമതലക്കാരനായതുകൊണ്ട് പാലക്കാട് വിക്ടോറിയ കോളേജിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോള്‍ ചെറിയ ഒരു പ്രതിസന്ധിയുദിച്ചു. സ്വന്തം പേരില്‍ എടുത്ത കുറച്ചു പുസ്തകങ്ങള്‍ തിരിച്ചുകൊടുക്കാന്‍ പറ്റാത്ത അവസ്ഥ. ആര്‍ക്കൊക്കെയോ കൊടുത്ത പുസ്തകങ്ങള്‍ തിരിച്ചുമേടിക്കാനാകും എന്ന പ്രതീക്ഷയുണ്ടായിരുന്നതുകൊണ്ട്, ഓഫീസില്‍ പണമടച്ച് റിലീവിങ് സര്‍ട്ടിഫിക്കറ്റ് മേടിക്കുന്നതിനെക്കാള്‍ നല്ലത് സുഹൃത്തുക്കള്‍ ആരുടെയെങ്കിലും പേരിലേക്ക് പുസ്തകങ്ങള്‍ മാറ്റുന്നതാണ് എന്നു തോന്നി. എല്ലാവരും പതിവായി ചെയ്തുപോന്നിരുന്ന ഒരു സാധാരണ കാര്യം. എന്നാല്‍ സ്വന്തം ഡിപ്പാര്‍ട്ടുമെന്റിലെ ആരുടെയും സഹായം അഭ്യര്‍ഥിക്കാന്‍ നിവൃത്തിയില്ലാത്ത ഒരു സാഹചര്യം അന്ന് നിലനിന്നിരുന്നു. നേരത്തെ സ്ഥലംമാറിപ്പോയ ഒരു സുഹൃത്ത് അതുവരെയും പുസ്തകങ്ങള്‍ തിരിച്ചെത്തിക്കാനുള്ള ഒരു ശ്രമവും നടത്തിയിരുന്നില്ല എന്നതുകൊണ്ട് സ്വന്തം ഡിപ്പാര്‍ട്ടുമെന്റിലെ ആരോടും സഹായിക്കാന്‍ അഭ്യര്‍ഥിക്കാന്‍ മനസ്സുവന്നില്ല. ഒടുവില്‍ മലയാളം ഡിപ്പാര്‍ട്ടുമെന്റിലെ മോഹന്‍രാജാണ് സഹായിച്ചത്. കടം കൊണ്ടുപോയ ആ പുസ്തകങ്ങളില്‍ ഒന്നുപോലും മടങ്ങിവന്നില്ല. പുസ്തകത്തിന്റെ വിലയുടെ മൂന്നിരട്ടിയോ അഞ്ചിരട്ടിയോ പിഴ അടയ്‌ക്കേണ്ടത് എത്രയായിരിക്കും എന്നു ചോദിച്ചുകൊണ്ട് പലവട്ടം കത്തെഴുതി എങ്കിലും, സ്വന്തം ശമ്പളത്തില്‍നിന്നെടുത്ത് സുഹൃത്തുതന്നെ ആ കണക്കുതീര്‍ക്കുകയാണുണ്ടായത്. പുസ്തകങ്ങളെ സ്‌നേഹിച്ചിരുന്ന ഒരു മനുഷ്യന് പുസ്തകങ്ങളെ സ്‌നേഹിച്ചിരുന്ന മറ്റൊരു മനുഷ്യനോടു തോന്നുന്ന സ്വാഭാവികമായ ഉത്തരവാദിത്വബോധം ആയിരുന്നിരിക്കാം കാരണം. പുസ്തകങ്ങളുടെ പേരില്‍ സുഹൃത്തുക്കള്‍ തമ്മില്‍ കണക്കുപറയുന്നതു പാപമാണ് എന്നും അദ്ദേഹത്തിനു തോന്നിയിട്ടുണ്ടാകണം. ഒരു മാസം മുന്‍പ് ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് ചെന്നപ്പോള്‍ കവിയും ഇംഗ്ലീഷ് അധ്യാപകനുമായ വിഷ്ണു നാരായണന്‍ മാഷെ ചെന്നു കണ്ടു. മാഷ് ലൈബ്രറിയുമായി ബന്ധപ്പെട്ടു പറഞ്ഞ വാക്കുകള്‍, പുസ്തകങ്ങളെ ഇപ്പോഴും സ്‌നേഹിക്കുന്ന ഒരു അധ്യാപകന്‍ എന്ന നിലയില്‍, സന്തോഷം പകര്‍ന്നു . വിക്ടോറിയയിലേക്കു സ്ഥലംമാറിപ്പോയപ്പോള്‍ ബ്രണ്ണനില്‍ വകുപ്പു മേലധ്യക്ഷനായി മാഷായിരുന്നു എത്തിയത്. ലൈബ്രറിയുടെ ചുമതലയുമായി ബന്ധപ്പെട്ട് ചര്‍ച്ചവന്നപ്പോള്‍, മുഴുവന്‍ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നു എന്ന് നിലപാടെടുക്കുകയാണ് താന്‍ ചെയ്തത് എന്നാണ്, മുപ്പതു വര്‍ഷത്തിനുശേഷം മാഷ് ഓര്‍ത്തത്. 'ഉത്തരായനം' എന്ന തന്റെ ഒരു പുസ്തകം ഇറങ്ങിയപ്പോള്‍, സ്വന്തം കൈയൊപ്പിട്ട് മാഷ് അയച്ചുതന്നത് സന്തോഷത്തോടുകൂടി ഓര്‍ക്കുന്നു.

വിക്ടോറിയയില്‍ എത്തിയപ്പോഴും ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രറിയുടെ ചുമതല ലഭിച്ചത് അധികഭാരമായി തെല്ലും തോന്നാതിരുന്നത്, വായനക്കാരന്‍ എന്ന നിലയ്ക്കുള്ള ജീവിതത്തില്‍ പ്രത്യേകമായ ആനന്ദം കുട്ടിക്കാലം തൊട്ടുതന്നെ അറിഞ്ഞനുഭവിച്ചതുകൊണ്ടായിരിക്കണം. ബ്രണ്ണനില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രറിക്ക് വേറിട്ട് ഒരു മുറി ഉണ്ടായിരുന്നില്ല. വിക്ടോറിയയില്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ മരഅലമാരകളില്‍ വൃത്തിയായി അടുക്കിവെച്ചിരുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രറി, മലയാളം അധ്യാപകരുടെയും ഇംഗ്ലീഷ് അധ്യാപകരുടെയും സ്റ്റാഫ് റൂമുകള്‍ക്ക് ഒത്ത നടുവിലായിരുന്നു. ലൈബ്രറിയുടെ ചുമതലയുള്ള അധ്യാപകനായിരുന്നു എങ്കിലും, പുസ്തകങ്ങള്‍ വിതരണംചെയ്യാന്‍ കോളേജ് സമയം മുഴുവന്‍ ഒരാള്‍ ലൈബ്രറിയില്‍ ഉണ്ടായിരിക്കും. രാജഗോപാല്‍ ആയിരുന്നു ഈ ജോലിചെയ്തിരുന്നത്. ബ്രണ്ണന്‍ കോളേജില്‍ ബി.എ. ഇംഗ്ലീഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട്, പുസ്തകങ്ങളും കുട്ടികളും പുസ്തകം എടുക്കാനധികം ഉണ്ടായിരുന്നില്ല എന്നതുകൊണ്ട്, പ്രത്യേകം മുറിയോ വിതരണം നടത്താന്‍ വേറെ ആളോ ഉണ്ടായിരുന്നില്ല. എം.എ. ഉണ്ടായിരുന്നതുകൊണ്ടുതന്നെ വിക്ടോറിയയില്‍ ഒരു മുഴുവന്‍ സമയ ലൈബ്രറിയുടെ എല്ലാ സൗകര്യങ്ങളും ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഭിക്കാന്‍ ഇട വന്നു. എം.എ. ഉണ്ടായിരുന്നതുകൊണ്ട് കുറെയേറെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കാന്‍ വിക്ടോറിയയില്‍ വെച്ചു സാധിച്ചു. വേറിട്ട ഒരു പുസ്തകം എന്നു പറയുക വയ്യ എങ്കിലും കലാലയ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഇഷ്ടപ്പെട്ട കവിയായിരുന്ന ഡബ്ലിയു.

എച്ച്. ഓഡന്റെ ഉപന്യാസങ്ങളുടെ സമാഹാരം വായിച്ചത് കൗതുകകരമായിരുന്നു. പ്രത്യേകിച്ച്, കലയെക്കുറിച്ചും കലാകാരന്മാരെക്കുറിച്ചും ഫ്രോയ്ഡ് എഴുതിയ പഠനത്തെ അപഗ്രഥിച്ച് ഓഡന്‍ എഴുതിയ ലേഖനം. ഡിഗ്രിക്കു പഠിക്കുമ്പോള്‍ വായിച്ച ഒരു ഓഡന്‍ കവിതയിലേക്ക് കൂടുതല്‍ വെളിച്ചം പകരുന്നതിന് ഈ വായന ഉപകരിച്ചു. ഐറിഷ് കവിയായ യേറ്റ്‌സിനെക്കുറിച്ചുള്ള ഒരു വ്യത്യസ്ത വിലാപകാവ്യമായിരുന്നു 'ഡബ്ലിയു.ബി. യേറ്റ്‌സിന്റെ ഓര്‍മയ്ക്ക്' എന്ന കവിത. ബ്രണ്ണനില്‍ ഇംഗ്ലീഷ് വിദ്യാര്‍ഥികളെ ഈ കവിത പഠിപ്പിക്കുന്ന സമയത്ത്, ഉള്‍ക്കാഴ്ചയോടെ ഈ കവിതയെ അപഗ്രഥിച്ചു വിജയന്‍ മാഷ് പറഞ്ഞു തന്നതിന്റെ ഒരു തുടര്‍ച്ച, വിക്ടോറിയയില്‍നിന്നു ലഭിച്ചത്, ഈ ലേഖനത്തില്‍നിന്നും പുസ്തകത്തില്‍നിന്നും ആയിരുന്നു. യേറ്റ്‌സിനെക്കുറിച്ച് തൃശ്ശൂര്‍കാരനായ മലയാളിയും സംഗീതപണ്ഡിതനും ആയിരുന്ന ഡോക്ടര്‍ വി.കെ. നാരായണമേനോന്‍ എഴുതിയതും ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചതും ആയ ഒരു പുസ്തകവും ആവേശത്തോടെ എം.എ. ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനിടയില്‍ കൗതുകത്തോടെ വായിക്കുകയുണ്ടായി. അന്നു വിദ്യാര്‍ഥികള്‍ ആയിരുന്ന രണ്ടു പേരെങ്കിലും ഇന്ന് കോളേജ് അധ്യാപകര്‍ ആയിട്ടുണ്ട്. ഗീത കൃഷ്ണന്‍കുട്ടി തഞ്ചാവൂര്‍ സര്‍വകലാശാലയിലും ഉമ ആലത്തൂര്‍ എസ്.എന്‍. കോളേജിലും ഇപ്പോള്‍ ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നു.

അന്നു കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന മദനനെ പലപ്പോഴും പിന്നീട് കാണാനിടയായത് തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വെച്ചാണ്. ഒരു നാടകക്കാരനായിട്ടാണ് കോളേജിലെ മദനനെ കൂടുതലും ഓര്‍ക്കുന്നത്. അതിന്റെ കാരണം മദനന്റെ നേതൃത്വത്തില്‍ കോളേജ് അങ്കണത്തില്‍ അരങ്ങേറിയ ഒരു നാടകമാണ്. കൃഷ്ണന്‍ നായര്‍ കവാടം തൊട്ടു ഘടികാരഗോപുരം വരെ അരങ്ങായി വിഭാവനം ചെയ്തുകൊണ്ട് അവതരണം പദ്ധതിയിട്ടിരുന്ന നാടകത്തിന്റെ ഒരു പ്രത്യേക മുഹൂര്‍ത്തത്തില്‍ അവതരണം തടഞ്ഞുകൊണ്ട് പ്രിന്‍സിപ്പലിന്റെ മുന്നറിയിപ്പുണ്ടായി. അവതരണത്തിലെ അത്യന്തം നാടകീയമായ സന്ദര്‍ഭം അങ്ങനെ ആ ഉത്തരവു തന്നെ ആയി മാറി. ക്ലാസുമുറിയെ പവിത്രമായി ഒരു അധ്യാപകന്‍ സങ്കല്പിക്കുന്നുണ്ട് എങ്കില്‍, നാടകക്കാര്‍ക്ക് നാടകവേദിയും പവിത്രമായ ഇടം എന്നു കരുതിയിരുന്ന ഒരു യൗവനതീഷ്ണകാലമായിരുന്നു അത്. കുട്ടികളുടെ നാടക പ്രവര്‍ത്തനത്തിന് ധാര്‍മികമായ സര്‍വപിന്തുണയും നല്കിയിരുന്ന ഇംഗ്ലീഷ് അധ്യാപകരില്‍ ഒരാളായി, ധാര്‍മികരോഷത്തോടെ, മലയാളം, ഇംഗ്ലീഷ്, സ്റ്റാഫ് റൂമുകള്‍ക്കും ലൈബ്രറിക്കും മുന്നിലുള്ള വരാന്തയില്‍നിന്ന്, നാടകത്തിനുള്ളിലെ ആ നാടകം കാണാനിട വന്നത് അപൂര്‍വമായ ഒരു അനുഭവം തന്നെ ആയിരുന്നു.


പതിവുപോലെ വീണ്ടും സ്ഥലംമാറ്റം വന്നപ്പോള്‍, മുഖ്യലൈബ്രറിയിലും ചുമതലക്കാരനായിരുന്ന ഡിപ്പാര്‍ട്ടുമെന്റ് ലൈബ്രറിയിലും തിരിച്ചു കൊടുക്കാനുള്ള പുസ്തകങ്ങള്‍ പലതും മറ്റു കൈകളില്‍ ആയിരുന്നു കൂടുതല്‍ സുരക്ഷിതമായി ഇരുന്നിരുന്നത്. ബ്രണ്ണനില്‍ എന്നതുപോലെ വിക്ടോറിയയിലും അവസ്ഥ വ്യത്യസ്തമായിരുന്നില്ല. രണ്ടിടത്തും അടുത്ത സുഹൃത്തും പല ഘട്ടങ്ങളിലും സഹായിയും ആയിരുന്ന സഹപ്രവര്‍ത്തകന്‍ സ്ഥലം മാറിപ്പോയപ്പോള്‍ കുറെ പുസ്തകങ്ങള്‍ സഹപ്രവര്‍ത്തകരുടെ പേരിലേക്ക് മാറ്റി അവര്‍ക്കു വലിയ അപ്രിയം ഉണ്ടാക്കി വെച്ചിരുന്നു. സഹപ്രവര്‍ത്തകരില്‍ ഒരാള്‍ സ്വന്തം പേരില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പറ്റില്ല എന്നു വളച്ചുകെട്ടില്ലാതെ തന്നെ പറഞ്ഞു. അത്രയും ശക്തമായ ഒരു മനോഭാവം ആയിരുന്നു സുഹൃത്ത് സഹപ്രവര്‍ത്തകരില്‍ ഉണ്ടാക്കിവെച്ചിരുന്നത്. കൈമാറിപ്പോയ പുസ്തകങ്ങള്‍ അധികം വൈകാതെ കൈവശം തിരിച്ചു വരുമെന്നു കരുതി ശുഭാപ്തിവിശ്വാസക്കാരനായ ഒരാള്‍ക്ക്, തത്കാലം ഭാരം ഏറ്റെടുക്കാന്‍ ഒരു അറ്റ്‌ലസ്സിനെ തേടുകയോ പണം അടച്ചു സര്‍വസ്വതന്ത്രനാവുകയോ അല്ലാതെ മറ്റു വഴിയൊന്നും മുന്നിലുണ്ടായിരുന്നില്ല. തലശ്ശേരിയില്‍ വെച്ചും അതിനുമുമ്പും അടുത്ത സുഹൃത്തായ അബ്ദുല്‍ റഹ്മാന്‍ സംസ്‌കൃതം ഡിപ്പാര്‍ട്ടുമെന്റിലെ അധ്യാപകനായിരുന്നതും ഭാര്യ സക്കീന ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റില്‍ത്തന്നെ അധ്യാപികയായിരുന്നതും ആണ് ഒടുവില്‍ സഹായകരമായത്. മലയാളസാഹിത്യം വായിക്കുക മാത്രമല്ല, മലയാളത്തില്‍ കഥകള്‍ എഴുതുകയും ചെയ്തിരുന്നതുകൊണ്ട്, പുസ്തകങ്ങള്‍ വായിക്കാന്‍ മാത്രമല്ല, വായിക്കുന്നവര്‍ക്ക് വായിക്കാന്‍ കൊടുക്കാനുള്ളവയാണെന്നും സക്കീന ടീച്ചര്‍ വിശ്വസിച്ചിരുന്നിരിക്കണം. ഇതിനകം സ്വന്തമായി സ്ഥലംമാറ്റക്കാരന്റെ ഒരു പുസ്തകവും ഇറങ്ങിക്കഴിഞ്ഞിരുന്നു. 'മലകളില്‍ മഞ്ഞു പെയ്യുന്നു' എന്ന സിനിമയെക്കുറിച്ചുള്ള ഈ പുസ്തകത്തിന്റെ പേരു കേട്ടിട്ട്, എഴുത്തുകാരന്‍ ഒരു നോവലിസ്റ്റ് ആണെന്നു തെറ്റിദ്ധരിച്ച ചിലരും ഉണ്ട്. പുസ്തകങ്ങള്‍ എല്ലാം തന്നെ ടീച്ചറുടെ കണക്കില്‍ ചേര്‍ത്തു വെച്ച്, കുട്ടനെല്ലൂരിലുള്ള തൃശ്ശൂര്‍ ഗവണ്‍മെന്റ് കോളേജില്‍ എത്തുമ്പോള്‍, അവിടെയും എഴുത്തുകാരനെ കാത്തിരിക്കുന്ന ഒരു പുസ്തകശേഖരം ഉണ്ടായിരുന്നു.

ലൈബ്രറി എന്നു വിശേഷിപ്പിക്കാന്‍ മാത്രമുള്ള പുസ്തകങ്ങള്‍ തുടക്കത്തില്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഉണ്ടായിരുന്നില്ല. കേവലം മുന്നൂറു പുസ്തകങ്ങള്‍ മാത്രമുള്ള ആ 'ലൈബ്രറി'യുടെ ചുമതല കുട്ടിക്കാലത്തു ലൈബ്രറി കളിച്ചു നടന്നിരുന്നവനാണ് എന്നു സ്വപ്നത്തില്‍ പോലും ചിന്തിട്ടില്ലായിരുന്നു എന്നതുകൊണ്ടായിരിക്കണം കമലകുമാരി ടീച്ചര്‍, പാലക്കാടന്‍ കാറ്റ് അറിഞ്ഞനുഭവിച്ചിട്ടുള്ള ഒരാളെ തന്നെ ഏല്പിച്ചത്. തൃശ്ശൂര്‍ പട്ടണത്തിനു നടുവിലുള്ള ബി.എഡ്. കോളേജില്‍നിന്ന് കുട്ടനെല്ലൂരിലെ പണി തീര്‍ന്ന കെട്ടിടത്തിലേക്ക് കോളേജ് മാറ്റിയിട്ട് പുതിയ അധ്യയനവര്‍ഷം തുടങ്ങിയിട്ടേ ഉള്ളൂ. പട്ടണത്തില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള കോളേജിലേക്ക് ആദ്യമായി വന്നത് സൈക്കിള്‍ ചവിട്ടിയാണ്. ഒന്നോ രണ്ടോ ആളുകള്‍ മാത്രമേ അന്ന് കാറില്‍ കോളേജില്‍ വരാറുള്ളൂ. ഏതാനും പ്രീഡിഗ്രി ബാച്ചുകളും ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ചരിത്രം, കൊമേഴ്‌സ് ബിരുദകോഴ്‌സുകളും കൂടാതെ ബിരുദാനന്തരകോഴ്‌സായി എം.കോം. മാത്രമേ അക്കാലത്ത് കോളേജില്‍ ഉണ്ടായിരുന്നുള്ളൂ. തൃശ്ശൂര്‍ ഗവണ്‍മെന്റ് കോളേജ് പിന്നീട് ശ്രീ അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജ് ആയി മാറുകയും പ്രീഡിഗ്രി ഹയര്‍സെക്കന്‍ഡറിയായി കോളേജ് വിദ്യാഭ്യാസത്തിന്റെ ഭാഗമല്ലാതാവുകയും ചെയ്തു. ഒരു അലമാരയില്‍ ഒതുങ്ങുമായിരുന്ന ഡിപ്പാര്‍ട്ടുമെന്റ് ലൈബ്രറി, ഒരു മുറിയായി മാറുന്നത്, എം.എ. ഇംഗ്ലീഷ് തുടങ്ങിയതിനു ശേഷമാണ്. കുട്ടനെല്ലൂരില്‍ ജോലി ചെയ്ത ഇരുപതു വര്‍ഷം കുട്ടികളുടെ കൂടെ എന്നതുപോലെ പുസ്തകങ്ങളുടെയും കൂടെ ആയിരുന്നു എന്നതിന്റെ തുടക്കം ആ മുന്നൂറു പുസ്തകങ്ങളില്‍ നിന്നായിരുന്നു.

കോളേജിലെ മുഖ്യലൈബ്രറിയുടെ ചുമതലയും കുറച്ചുകാലം ഏറ്റെടുക്കേണ്ടി വന്നു. അങ്ങനെ 'പ്രൊഫസര്‍ ഇന്‍ ചാര്‍ജ്' ആയി ചുമതലയുണ്ടായിരുന്ന കാലത്താണ് ലൈബ്രേറിയന്‍ ആയി സുഹൃത്ത് ഉമ്മര്‍കുട്ടി കോളേജില്‍ എത്തിയത്. 1980-ലോ മറ്റോ മലപ്പുറം ജില്ലയിലെ തിരൂരില്‍ ജ്വാല ഫിലിം സൊസൈറ്റി നടത്തിയ ചലച്ചിത്രാസ്വാദന ക്യാമ്പില്‍ ഒരു പ്രഭാഷണത്തിനു ചെന്നപ്പോള്‍ പരിചയപ്പെട്ട അദ്ദേഹം പുസ്തകങ്ങളെ എന്നതുപോലെ സിനിമയെയും സ്‌നേഹിച്ചിരുന്ന ഒരു സഹൃദയന്‍ ആയിരുന്നു, 'അറബിപ്പൊന്നി'ന്റെ എഴുത്തുകാരനായ എന്‍.പി. മുഹമ്മദിന്റെ അടുത്ത ബന്ധുവും. ഒരു കൊല്ലം കഴിഞ്ഞ് സ്ഥലംമാറ്റം കിട്ടി നാട്ടിനടുത്തേക്കു പോകാന്‍ തയ്യാറായിനിന്ന ഉമ്മറിന്, പകരക്കാരന്‍ പെട്ടെന്നു വരുന്നില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ പോകാന്‍ അനുമതി നല്കിയില്ല. പോകാന്‍ ഒടുവില്‍ അനുവാദം നല്‍കിയത് ഒരു വ്യവസ്ഥയില്‍ മാത്രമാണ്. പ്രൊഫസര്‍ ഇന്‍ ചാര്‍ജ് മൊത്തം ചുമതല ഏറ്റെടുക്കുകയാണ് എങ്കില്‍, പോകാന്‍ അനുവദിക്കാം. മറ്റൊന്നും ആലോചിക്കാതെ, ഒടുവില്‍ മുഴുവന്‍ ലൈബ്രറിയുടെയും ഉത്തരവാദിത്വം ഏറ്റെടുത്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പല്‍ ഓഫിസിലേക്കു വിളിപ്പിച്ചു കാര്യത്തിന്റെ ഗൗരവം വിശദീകരിച്ചു. വെറുതെ കടലാസില്‍ മാത്രം ചുമതല ഏറ്റെടുത്തതു കൊണ്ടായില്ല. കുട്ടികള്‍, പുസ്തകം വിതരണം ചെയ്യുന്നില്ല എന്നു പരാതിപ്പെട്ടിരിക്കുന്നു. ചുമതലക്കാരനായി ഒരു ലൈബ്രേറിയന്‍ ലൈബ്രറിയില്‍ ഇല്ലാത്തതിനാല്‍, പുസ്തകം ഇഷ്യു ചെയ്യാനായി മറ്റു ജീവനക്കാര്‍ക്കു ബുദ്ധിമുട്ടുണ്ട്. അങ്ങനെ, ക്ലാസില്‍ അല്ല എങ്കില്‍, മുഴുവന്‍ സമയവും മുഖ്യലൈബ്രറിയിലും ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രറിയിലും ആയി ജീവിതം. തീര്‍ച്ചയായും വളരെ സന്തോഷത്തോടെയാണ്, ലൈബ്രേറിയന്റെ കസേരയില്‍ ഇരുന്ന് പിന്നീടുള