മാതൃഭൂമി ചീഫ് സബ് എഡിറ്ററും എഴുത്തുകാരനുമായ കെ.വി.അനൂപിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ മാതൃഭൂമിയുടെ സ്‌നേഹപ്രണാമം.
അന്തരിച്ച കെ.വി അനൂപിനെ കഥാകൃത്ത് എന്‍.പ്രഭാകരന്‍ അനുസ്മരിക്കുന്നു.


കെ.വി.അനൂപ് എന്റെ സൗഹൃദവൃത്തത്തിലെ ഏറ്റവും സൗമ്യമായ സാന്നിധ്യമായിരുന്നു. ശരീരത്തിന്റെ ആതുരാവസ്ഥ ഭക്ഷണകാര്യങ്ങളിലും മറ്റും അടിച്ചേല്‍പ്പിച്ച അച്ചടക്കം അനൂപിന്റെ പ്രകൃതത്തില്‍ തന്നെയുള്ള ഒതുക്കത്തെ ഒന്നുകൂടി സാന്ദ്രമാക്കി. ഞങ്ങളുടെ വല്ലപ്പോഴത്തെയും കൂടിക്കാഴ്ചയിലെല്ലാം എനിക്ക് അങ്ങനെ തോന്നിയിരുന്നു.

മൃദുവും സത്യസന്ധവുമായ ചിരി, ശാന്തമായ സംസാരം, ഏത് കൂട്ടായ്മയിലായാലും കുറച്ചൊന്നു പിന്‍വാങ്ങിയുള്ള നില്‍പ്. അനൂപ് എന്ന വ്യക്തിയെ അങ്ങനെയൊക്കയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഇനി നേരിട്ട് അനുഭവിക്കാനാവാത്ത ആ സൗമ്യസാന്നിധ്യത്തെ ഒരു ചരമക്കുറിപ്പിലേക്ക് ആനയിക്കേണ്ടി വരുന്നതിന്റെ വിഷമം ചെറുതല്ല.

ആഖ്യാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഭ്യാസങ്ങള്‍ക്കോ അലങ്കാരപ്പണികള്‍ക്കോ മുതിരാതിരുന്ന കഥാകാരനാണ് അനൂപ്. അതേസമയം തന്റെ കഥാവസ്തുവിനെ ആദ്യന്തം വളരെ അവധാനതയോടെ പിന്തുടരുന്നതില്‍ ചെറിയ വിട്ടുവീഴ്ചപോലും കാണിച്ചിരുന്നില്ല. പുതിയ കാലത്തെ മധ്യവര്‍ഗജനജീവിതത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ പരിസരങ്ങളിലെ ഭയാനകവും വേദനാജനകവുമായ നൈതികത്തകര്‍ച്ചകളില്‍ നിന്നു തന്നെയാണ് അനൂപ് തന്റെ കഥാപാത്രങ്ങളെയും അവരുടെ അനുഭവലോകങ്ങളെയും കരുപ്പിടിപ്പിച്ചിട്ടുള്ളത്. അനൂപിന്റെ ആഖ്യാനരീതി സാമാന്യേന യഥാതഥവുമാണ്.

കഥയുടെ ഇതിവൃത്തത്തോടൊപ്പം വളരെ സ്വാഭാവികമായി ,നിരലംകൃതമായി, നാട്യരഹിതമായി അത് വളരുന്നു. കഥ അവസാനിക്കുമ്പോഴേക്കും കഥയ്ക്കുള്ളിലെ പ്രശ്‌നപരിസരങ്ങളില്‍ ഒതുങ്ങിപ്പോവാത്ത വിധത്തിലുള്ള ഒരു വിപുലനം അതിന് സംഭവിക്കുകയും ചെയ്യുന്നു. നാം നമ്മുടെ ഭയത്തിന്റെ ഒരു വിഗ്രഹം തീര്‍ത്ത് അതിനെ ദൈവമെന്നു വിളിക്കണം എന്ന ബര്‍ഗ്മാന്റെ വാക്യം തന്റെ ആദ്യകഥാസമാഹാരത്തിന്റെ മുഖമൊഴിയായി ചേര്‍ത്ത എഴുത്തുകാരന്റെ രചനകളില്‍ അനുഭവങ്ങള്‍ യഥാതഥാവിഷ്‌കാരത്തിന്റെ പരിധിക്കുള്ളില്‍ ഒതുങ്ങി നില്‍ക്കില്ലല്ലോ.

ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങളിലെയും സമരപാതകളിലെയും ഒരു ചെറുപ്പക്കാരന്‍ എന്ന നിലയില്‍ എന്റെ ജീവിതം എന്ന കഥയിലെയും തുറന്ന സാമൂഹികവിമര്‍ശനങ്ങള്‍ പോലും രാഷ്ട്രീയ കഥകള്‍ക്ക് സംഭവിച്ചുപോകാവുന്ന വൈകാരികരക്തക്ഷയത്താല്‍ ബാധിക്കപ്പെടാത്ത വ്യത്യസ്തമായ സൗന്ദര്യാനുഭവങ്ങളായിത്തീര്‍ന്നത് കഥാകാരന്റെ ജീവിതദര്‍ശനത്തില്‍ ഇങ്ങനെയൊരുതലം കൂടി സജീവമായി പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടാണ്.

മുംബൈയിലെ ചെമ്പൂരിലുള്ള ഇരിപ്പ് എന്ന സാംസ്‌കാരിക സംഘടന 2006ല്‍ അവിടത്തെ ആദര്‍ശവിദ്യാലയം എന്ന സ്ഥാപനത്തില്‍ മലയാളികളും മറാഠികളുമായ എഴുത്തുകാരുടെ ഒരു കൂടിച്ചേരലും സംവാദവും സംഘടിപ്പിച്ചിരുന്നു. സുഭാഷ് ചന്ദ്രന്‍, സുസ്‌മേഷ് ചന്ദ്രോത്ത്, ഇന്ദുമേനോന്‍, അനൂപ് തുടങ്ങിയവരും ഞാനും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആ മുംബൈ യാത്രയിലും അവിടത്തെ ഒന്നു രണ്ടു ദിവസത്തെ സഞ്ചാരങ്ങള്‍ക്കിടയിലുമാണ് അനൂപിനെ ഞാന്‍ അടുത്തറിഞ്ഞത്.

ഇരിപ്പിന്റെ നടത്തിപ്പുകാരിലൊരാള്‍, പല വര്‍ഷങ്ങളായി മുംബൈയില്‍ ജോലി ചെയ്യുന്ന രാജേന്ദ്രന്‍ കുറ്റൂര്‍ എന്ന സുഹൃത്ത് അല്പം മുമ്പ് അനൂപിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു: 'നിറയെ സ്‌നേഹവും സത്യവുമുള്ള ഒരു മനുഷ്യനായിരുന്നു. അത്തരക്കാര്‍ പോവുന്നത് വല്ലാത്ത സങ്കടമാണ്.'

കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍- കെ.വി.അനൂപിന്റെ കഥാസമാഹാരം വാങ്ങാം

ഞാന്‍, എന്റെ കഥ

സ്വന്തം രചനാവഴികളെക്കുറിച്ച് കെ.വി.അനൂപ് എഴുതിയ ലേഖനം.

കഥ കേട്ടു വളര്‍ന്ന കുട്ടിക്കാലമായിരുന്നില്ല എന്റേത്. മുത്തച്ഛനേയും മുത്തശ്ശിയേയും കണ്ട ഓര്‍മ്മയില്ല. വീട്ടില്‍ അദ്ധ്യാപകരായ മാതാപിതാക്കളും ഞങ്ങള്‍ മക്കളും മാത്രം. അവധിക്കാലത്ത് അമ്മയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അച്ഛാച്ചന്‍ കഥ പറഞ്ഞു തരാന്‍ വിളിക്കും. ആദ്യമൊക്കെ ഉത്സാഹത്തോടെ ഓടിച്ചെല്ലുമായിരുന്നു. പക്ഷേ, അദ്ദേഹം പറയുന്ന പുരാണകഥകള്‍ അതിനകം ചിത്രകഥകളില്‍ നിന്നും ഞാന്‍ ഹൃദിസ്ഥമാക്കിക്കഴിഞ്ഞവയായിരുന്നു.

സ്‌കൂളില്‍ ചേരുന്നതിനു മുന്‍പു തന്നെ എന്നെ അമ്മ അക്ഷരങ്ങള്‍ പഠിപ്പിച്ചു. അച്ഛന്‍ കൊണ്ടുതരുന്ന പൂമ്പാറ്റയും ലാലുലീലയുമൊക്കെ തപ്പിത്തടഞ്ഞു വായിച്ച് കല്പനകളുടെ ലോകത്തേക്കു പിച്ചവച്ചു. മൂന്നാം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും വായന മംഗളത്തിലേക്കും മനോരമയിലേക്കും പൗരദ്ധ്വനിയിലേക്കുമൊക്കെ പുരോഗമിച്ചു. അയല്‍പക്കത്തെ മാമന്‍മാര്‍ക്കും ഏട്ടന്‍മാര്‍ക്കും വേണ്ടിയായിരുന്നു വായന. അവര്‍ ബീഡി തെരുത്തു കൊണ്ടിരിക്കും. ഞാന്‍ നോവലുകള്‍ ഉറക്കെ വായിക്കും.

ആദ്യമൊക്കെ വായിച്ചു കൊടുക്കുന്നതൊന്നും എനിക്കു മനസ്സിലായിരുന്നില്ല. പിന്നെപ്പിന്നെ എനിക്കു വേണ്ടിത്തന്നെ ഞാനവ വായിക്കാന്‍ തുടങ്ങി. കോട്ടയം പുഷ്പനാഥും വേളൂര്‍ പി. കെ. രാമചന്ദ്രനുമായിരുന്നു അന്ന് ഇഷ്ടപ്പെട്ട എഴുത്തുകാര്‍. പതിയെ ആ ഇഷ്ടം ബാറ്റണ്‍ ബോസിലേക്കും ജോണ്‍ ആലുങ്കലിലേക്കും കാനം ഈ. ജെ.യിലേക്കുമൊക്കെ വികസിച്ചു.

ഇതിനിടയില്‍, അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പും കലാകൗമുദിയും കുങ്കുമവും മലയാളനാടും പരിചയപ്പെട്ടു. മുച്ചീട്ടുകളിക്കാരന്റെ മകളും പ്രേമലേഖനവും ബാല്യകാലസഖിയും വായിച്ച് ബഷീറിന്റെ ആരാധകനായി. അമ്മാവന്‍മാരുടെ സംസാരങ്ങളില്‍ നിന്നും ബഷീറും എം. ടിയും മാധവിക്കുട്ടിയുമൊക്കെയാണ് എഴുത്തുകാര്‍ എന്നൊരു ബോധം ഉറച്ചു.

ആറാം തരത്തിലായപ്പോഴേക്കും പഠിത്തം അമ്മയുടെ വീട്ടില്‍ നിന്നായി. അമ്മാവന്റെ പുസ്തകശേഖരം അക്ഷരങ്ങളുടെ പുതിയ ലോകങ്ങള്‍ കാട്ടിത്തന്നു. ഗോവിന്ദന്‍ മാമനും അയലത്തെ സൗമ്യന്‍ മാമനും (തലശ്ശേരിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'പടയണി ' മാസികയുടെ സഹപത്രാധിപരും ചിത്രകാരനുമായിരുന്നു സൗമ്യചന്ദ്രന്‍) നേതൃത്വം നല്‍കുന്ന സാഹിത്യചര്‍ച്ചകള്‍ കേട്ട് അതിനു മുന്‍പു തന്നെ ഒരു എഴുത്തുകാരനാവണം എന്ന് ഞാന്‍ ഉറച്ചിരുന്നു.

കൗമാരപ്രായത്തില്‍ വായിച്ചു കൂട്ടിയ പുസ്തകങ്ങളാണ് യഥാര്‍ത്ഥത്തില്‍ എന്നെ എഴുത്തുകാരനാക്കിയത്.

പൂമ്പാറ്റയുടെ കഥാപൂരണ മത്സരത്തിലേക്കയക്കാന്‍ എഴുതിയ കഥകളാണ് ആദ്യത്തെ എഴുത്തു ശ്രമങ്ങള്‍. ചിലതൊക്കെ അയച്ചു നോക്കിയെങ്കിലും വിശേഷമൊന്നുമുണ്ടായില്ല. അവഗണനയില്‍ പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്വന്തമായി ഒരു പ്രസിദ്ധീകരണം തന്നെ തുടങ്ങി! 'തുമ്പി' എന്ന കയ്യെഴുത്തു മാസിക. നോട്ടുബുക്കില്‍ നിന്നും ചീന്തിയെടുക്കുന്ന കടലാസിലായിരുന്നു 'അച്ചടി'. പ്രസാധകനായ ഞാന്‍ മാത്രമായിരുന്നു ആദ്യമൊക്കെ അതിന്റെ ഏക വായനക്കാരനും. അമ്മയും അനിയത്തിയുമൊക്കെ കൗതുകത്തോടെ ഒന്നു നോക്കുമെന്നല്ലാതെ വായിക്കാന്‍ മെനക്കെട്ടിരുന്നില്ല. 'തുമ്പി'യില്‍ പല പേരുകളില്‍ ഞാന്‍ കഥകളും കവിതകളും എഴുതി നിറച്ചു. മറ്റു പ്രസിദ്ധീകരണങ്ങള്‍ നോക്കി ചിത്രങ്ങള്‍ പകര്‍ത്തി. പിന്നീട് സൗമ്യന്‍ മാമന്റെ വീട്ടിലെ ആന്റിമാരെ 'തുമ്പി'ക്ക് വായനക്കാരായി കിട്ടി.

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഗൗരവമുള്ളൊരു സൃഷ്ടി ആദ്യമായി നടത്തുന്നത്. 'ഡയറികള്‍ക്കൊരു ചരമഗീതം' എന്ന ആ കഥയ്ക്ക് മാഹി ഗവ. ടീച്ചേഴ്‌സ് അസോസിയേഷന്‍ നടത്തിയ കഥാമത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടി. അവരുടെ സുവനീറില്‍ അതച്ചടിച്ചു വരികയും ചെയ്തു.

പ്രീഡിഗ്രി കാലത്ത് മാതൃഭൂമിയുടെയും ദേശാഭിമാനിയുടെയും ബാലപംക്തികളിലും ജനയുഗം വാരികയിലും കഥകളും കവിതകളും പ്രസിദ്ധീകരിച്ചു വന്നു. ജനയുഗത്തില്‍ വന്ന 'ഹാജീക്ക' എന്ന കഥയെപ്പറ്റി എം.കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില്‍ എഴുതി: ഇനി കഥയെഴുതാന്‍ തോന്നുമ്പോള്‍ അനൂപ് ഒരു വടിയെടുത്ത് സ്വയം അടിക്കണം. ആ വേദന കൊണ്ട് എഴുത്തു മുടങ്ങിയിട്ടെങ്കിലും വായനക്കാര്‍ രക്ഷപ്പെടട്ടെ. അതു വായിച്ചപ്പോള്‍ ഒട്ടും സങ്കടം തോന്നിയില്ല. മറിച്ച് കൃഷ്ണന്‍ നായര്‍ ഈയുള്ളവന്റെ കഥ വായിച്ചുവല്ലോ, അതേപ്പറ്റി എഴുതിയല്ലോ എന്ന അഭിമാനമാണുണ്ടായത്. കൃഷ്ണന്‍ നായരെക്കൊണ്ട് എന്റെ ഒരു കഥയെക്കുറിച്ചെങ്കിലും നല്ല വാക്കു പറയിക്കണം എന്ന വാശിയും ഉള്ളിലുണ്ടായി.

ഡിഗ്രിക്കു പഠിക്കുന്ന കാലത്തൊക്കെ ദിനംപ്രതിയെന്നോണം എഴുത്തായിരുന്നു. എഴുതുന്നവ മുറപ്പടി അയച്ചുകൊണ്ടേയിരിക്കും. മിക്കതും മടക്കക്കവറില്‍ തിരിച്ചു കിട്ടും. ജനയുഗവും കഥ ദൈ്വവാരികയുമൊക്കെ ഇതിനിടയില്‍ സന്തോഷിക്കാനുള്ള ചില അവസരങ്ങള്‍ സമ്മാനിക്കും.

1993-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ കഥാമത്സരത്തില്‍ ഞാനും പങ്കെടുത്തിരുന്നു. 'വലിയവെളിച്ചം' എന്ന കഥയാണ് അയച്ചത്. മത്സരഫലം വന്നപ്പോള്‍ സുഭാഷ്ചന്ദ്രന്റെ 'ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയ'ത്തിനായിരുന്നു ഒന്നാം സമ്മാനം. ആ കഥ വായിച്ചതോടെ, കഥാകൃത്ത് എന്ന മേല്‍വിലാസം ഉണ്ടാക്കിയെടുക്കാന്‍ ഇനിയും ഞാന്‍ കഷ്ടപ്പെടേണ്ടതില്ല എന്നു തോന്നി. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്റെ കലാലയകഥാ പുരസ്‌കാരവും ഉറൂബ് സ്്മാരക കലാലയ നോവല്‍ പുരസ്‌കാരവും ലഭിച്ച്, പത്രങ്ങളിലൊക്കെ വാര്‍ത്തയും പടവും വന്ന് ഞാനൊന്നറിയപ്പെട്ടു വരുമ്പോഴായിരുന്നു സുഭാഷ്ചന്ദ്രന്‍ എന്റെ കാലിനടിയിലെ ഭൂമി പിടിച്ചു കുലുക്കിയത്. സമപ്രായക്കാരനൊരാള്‍ ഇത്ര ഗംഭീരമായെഴുതുമ്പോള്‍, അത്രക്കില്ലെങ്കിലും അതിനടുത്തെങ്കിലും വരണ്ടേ എന്റെ എഴുത്ത്?

പിന്നീടുള്ള രണ്ടു വര്‍ഷക്കാലം എഴുതുന്നതേപ്പറ്റിയുള്ള വേവലാതികളൊഴിഞ്ഞു നിന്നു. എഴുതണമെന്നാഗ്രഹിക്കുമ്പോഴും എഴുതാന്‍ ഒരു ധൈര്യക്കുറവ്.

1996-ല്‍ ആദിവാസി ഭൂസംരക്ഷണ നിയമ ഭേദഗതിയുടെ വെളിച്ചത്തില്‍, കാസര്‍ക്കോട് ജില്ലയിലെ ആദിവാസി മേഖലകളില്‍ ഒരു വസ്തുതാന്വേഷണ സംഘത്തിനൊപ്പം പോയിരുന്നു. അവിടെ വച്ചു വീണു കിട്ടിയ ഒരു സംഭവം മനസ്സിനെ വല്ലാതെ മഥിച്ചപ്പോള്‍ എഴുതാതെ വയ്യെന്നായി. അങ്ങനെ ഏറെക്കാലത്തിനു ശേഷം ഒരു കഥയെഴുതി: അന്യാധീനം. അത് പ്രസിദ്ധീകരണത്തിനയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അടുത്തവര്‍ഷം 'ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍'. അതിന് ആ വര്‍ഷത്തെ 'അങ്കണം' കഥാമത്സരത്തില്‍ സമ്മാനം ലഭിക്കുകയും ഭാഷാപോഷിണിയില്‍ നിന്ന് അതു പ്രസിദ്ധീകരണത്തിനു തെരഞ്ഞെടുത്തതായി കത്തു കിട്ടുകയും ചെയ്തതോടെ എഴുതാനുള്ള ആത്മവിശ്വാസം തിരിച്ചു കിട്ടി. എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത് ബോധപൂര്‍വ്വമുള്ള ഒരു പ്രക്രിയയായി മാറുന്നത് 'അന്യാധീന'ത്തിനു ശേഷമാണ്.

സ്വന്തം എഴുത്തിനെപ്പറ്റി വലിയ മതിപ്പൊന്നും എനിക്കില്ല. അവയുടെ പരിമിതികളെക്കുറുച്ച് മറ്റാരെക്കാളും നന്നായി ബോദ്ധ്യവുമുണ്ട്. അറിവിന്റെയും അനുഭവങ്ങളുടെയും മാത്രമല്ല സര്‍ഗ്ഗാത്മകതയുടെ കാര്യത്തിലും ഞാന്‍ സമ്പന്നനല്ലെന്ന് എനിക്കറിയാം. എങ്കിലും എന്റെ മുരിങ്ങച്ചോട്ടിലിരുന്ന് എനിക്കെഴുതണമെന്നു തോന്നുന്നതില്‍ ചിലതൊക്കെ ഞാന്‍ എഴുതുന്നു.

വ്യക്തികളെക്കുറിച്ചും അവരുടെ സ്വത്വപ്രതിസന്ധികളെക്കുറിച്ചും വൈകാരികതലത്തില്‍ മാത്രം ആകുലപ്പെടുന്ന എഴുത്തില്‍, എന്റെ തന്നെ ഉള്ളിലേക്കു നോക്കിയുള്ള എഴുത്തില്‍ എനിക്കു വലിയ താല്പര്യം തോന്നിയിട്ടില്ല. ജീവിതത്തിലെന്ന പോലെ എഴുത്തിലും എന്റെ രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്നത് സമൂഹമാണ്. ജനിച്ചുവളര്‍ന്ന കണ്ണൂരിന്റെ രാഷ്ട്രീയ- സാമൂഹ്യ മനസ്സാണ് അതിന്റെ നിലപാടുതറ.

യൗവനാരംഭത്തില്‍ നാട്ടില്‍ ഡി.വൈ.എഫ്.ഐ., ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നീ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചപ്പോള്‍, എഴുത്തുകാരനേക്കാള്‍ സമൂഹത്തിനാവശ്യം പൊതുപ്രവര്‍ത്തകനെയാണ് എന്നു തിരിച്ചറിയാന്‍ കഴിഞ്ഞു. പക്ഷേ, ഒരു നല്ല പൊതുപ്രവര്‍ത്തകനാവുക ഇന്നത്തെക്കാലത്ത് പ്രയാസമാണെന്നും അതിനുള്ള കഴിവോ, ഒത്തുതീര്‍പ്പുകള്‍ക്കുള്ള തൊലിക്കട്ടിയോ ഇല്ലെന്നും ബോദ്ധ്യമായപ്പോള്‍ എഴുത്തുകാരന്റെ കുപ്പായത്തിലേക്ക് ഒതുങ്ങി. ഉള്ളില്‍ പരാജിതനായി ഒതുങ്ങിക്കിടക്കുന്ന ആ രാഷ്ട്രീയക്കാരനാണ് മിക്കപ്പോഴും എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നത്.

സമൂഹത്തിന്റെ നാഡി പിടിച്ചുനോക്കി രോഗം കണ്ടെത്താന്‍ കഴിയുന്നവനാകണം എഴുത്തുകാരന്‍. എഴുത്താവട്ടെ, അവയെ ചികിത്സിക്കാനുള്ള ശ്രമവും. മറ്റു പലതിനേയുമപേക്ഷിച്ച് വളരെയേറെ രാഷ്ട്രീയാരോഗ്യമുള്ള സമൂഹമാണ് കേരളത്തിലേത്. എങ്കിലും, അതിന് മറ്റെല്ലാ സമൂഹങ്ങളെയും പോലെ കലശലായ രോഗങ്ങളുമുണ്ട്. മറവി, കാഴ്ചയുടെ വൈകല്യങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം അതിനെ അലട്ടുന്നുണ്ട്. ഈ പ്രശ്‌നങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്ന ജീവന്‍മശായിമാരെയാണ് കാലം ആവശ്യപ്പെടുന്നത്. ഒരു ജീവന്‍മശായി ആവാനുള്ള കഴിവില്ലെങ്കിലും അങ്ങനെ ആവാനുള്ള ആഗ്രഹമാണ് എഴുത്തില്‍ എനിക്കു വഴികാട്ടുന്നത്.

വായനക്കാരെ സന്തോഷിപ്പിക്കുന്ന കഥകള്‍ ധാരാളമുണ്ടാവുമ്പോള്‍, കഥകളിലൂടെ അവരെ പ്രകോപിപ്പിക്കാനും പ്രതികരിപ്പിക്കുവാനും കഴിയണം എന്നാണ് എന്റെ വിശ്വാസം; ആഗ്രഹവും.