ഡിസംബര്‍ 24- അനശ്വരഗായകന്‍ മുഹമ്മദ് റാഫിയുടെ തൊണ്ണൂറാം ജന്മദിനം.


പഞ്ചാബിലെ അമൃത്‌സറില്‍നിന്നും വടക്കുകിഴക്കു ദിശയിലേക്കുള്ള റോഡിലൂടെ ഏകദേശം 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്ന ഒരു ചെറിയ നഗരമാണ് മജീം. അവിടുന്ന് മുന്നോട്ടു പോയാല്‍ പ്രധാന റോഡിന്റെ ഇടതുഭാഗത്ത് ഒരു കല്യാണമണ്ഡപമുണ്ട്. അതിന്റെ മുന്‍പിലൂടെ മറ്റൊരു റോഡ് പോകുന്നുണ്ട.് അതിലൂടെ രണ്ടു ഗ്രാമങ്ങള്‍ വിട്ട് മുന്നോട്ടു പോയാല്‍ മറ്റൊരു ഗ്രാമമുണ്ട്, കോട്ട്‌ലാ- സുല്‍ത്താന്‍സിംഹ്. അമൃത്‌സര്‍ താലൂക്കില്‍പ്പെട്ട മുസ്‌ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ഗ്രാമത്തില്‍ ഇന്ത്യാവിഭജനത്തിനു മുന്‍പ് ഏറെ മുസ്‌ലിം കുടുംബങ്ങളും സുന്നികളായിരുന്നു. എന്നാല്‍, ഇവിടെ ശിയാ സമുദായക്കാരും ഉണ്ടായിരുന്നു. ഗ്രാമത്തിലെ എല്ലാ സമുദായക്കാരും ഒത്തൊരുമിച്ചു കഴിയുകയും സുഖദുഃഖങ്ങളില്‍ പരസ്​പരം പങ്കുചേരുകയും ചെയ്തിരുന്നു. ജനങ്ങള്‍ പരസ്​പരം ഇതരവിഭാഗക്കാരുടെ മതപരമായ ആഘോഷങ്ങളിലും ഉത്സവങ്ങളിലും പങ്കുചേരുമായിരുന്നു.

ഈ ഗ്രാമത്തോട് അധികമാളുകള്‍ക്കും പ്രത്യേക മമതയൊന്നും ഇല്ലായിരിക്കാം. എന്നാല്‍, സംഗീതപ്രേമികള്‍ക്ക് ഈ ഗ്രാമം ഒരു തീര്‍ഥാടനകേന്ദ്രം തന്നെയായിരുന്നു. ഈ ഗ്രാമത്തിലാണ് 1924 ഡിസംബര്‍ 24ന് മുഹമ്മദ് റഫി എന്ന പേരില്‍ പ്രസിദ്ധനായിത്തീര്‍ന്ന, സംഗീതത്തിലെ ഒരു നക്ഷത്രം ജന്മമെടുത്തത്. ഇന്നും ഈ ഗ്രാമത്തില്‍ റഫിയുടെ ആരാധകര്‍ വരികയും പോകുകയും ചെയ്യുന്നു. ചിലര്‍ ആ സ്ഥലത്തുപോയി നമസ്‌കരിക്കുന്നു. മറ്റു ചിലരാകട്ടെ, ആ വീടിരുന്ന സ്ഥലത്തെ മണ്ണ് എടുത്തുകൊണ്ടുപോകുന്നു.

'മുഹമ്മദ് റഫി: സംഗീതവും ജീവിതവും' വാങ്ങാം

കുട്ടിക്കാലം

മുഹമ്മദ് റഫിയുടെ അച്ഛന്‍ ഹാജി അലി മുഹമ്മദും അമ്മ അല്ലാറുഖിയുമായിരുന്നു. അവര്‍ സുന്നികളായിരുന്നു. ഈ കുടുംബത്തോട് ഗ്രാമത്തിലാകെ വിശേഷിച്ച് അവരുടെ സമുദായത്തില്‍ പ്രത്യേക ബഹുമാനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ ഗ്രാമത്തില്‍ നടക്കുന്ന ആഘോഷങ്ങളിലും വിവാഹാദി സന്ദര്‍ഭങ്ങളിലും ഏഴു നിറങ്ങളിലുള്ള രുചികരമായ പുലാവ് ഉണ്ടാക്കുമായിരുന്നു. റഫിയുടെ മൂത്ത സഹോദരന്‍ മൊഹമ്മദ് ദീന് ബാര്‍ബര്‍ ഷോപ്പ് ഉണ്ടായിരുന്നു. അവിടെയാണ് റഫി കുട്ടിക്കാലത്ത് അധികവും ഉണ്ടാവുക. അവന് ഏകദേശം ഏഴു വയസ്സുള്ളപ്പോള്‍ ഒറ്റക്കമ്പിവീണയും മീട്ടി പാട്ടു പാടിപോകുന്ന ഒരു ഫക്കീറിനൊപ്പം അവന്‍ പാടിനടക്കുന്നത് മൂത്ത സഹോദരന്‍ കണ്ടു. ഈ വാര്‍ത്ത അച്ഛന്റെ ചെവിയിലെത്തിയപ്പോള്‍ അവനെ അച്ഛന്‍ ശകാരിക്കുകയുണ്ടായി.

അവന്‍ ഭാവിയില്‍ പ്രശസ്തി നേടുമെന്ന് ആ ഫക്കീര്‍ ആശീര്‍വദിച്ചതായി പറയപ്പെടുന്നു. ഒരിക്കല്‍ കടയിലെത്തിയ ചിലര്‍ റഫി ഫക്കീറിന്റെ പാട്ടുകള്‍ പാടുന്നതായി കേട്ടു. അവന്‍ ആ ഗാനം സ്വരശുദ്ധിയോടെ പാടുന്നതു കേട്ടവര്‍ അദ്ഭുതപ്പെട്ടുപോയി. റഫിയുടെ മൂത്ത സഹോദരന്‍ അവന്റെ ഉള്ളില്‍ ജന്മനാ ഉള്ള പ്രതിഭ തിരിച്ചറിയുകയും അവനെ പാടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ലാഹോറില്‍

1935-ല്‍ റഫിയുടെ പിതാവ് നിത്യവൃത്തിക്കായി ലാഹോറില്‍ പോവുകയും കുറച്ചു മാസങ്ങള്‍ക്കുശേഷം റഫിയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റുള്ളവരുംകൂടി അങ്ങോട്ടു പോവുകയും ചെയ്തു. എന്നാല്‍ റഫിയുടെ ഇളയച്ഛനും മകനും മറ്റു പല ബന്ധുക്കളും ഈ ഗ്രാമത്തില്‍ത്തന്നെ കഴിഞ്ഞു. റഫി ലാഹോറില്‍ പോവുന്നതിനുമുന്‍പ് ഈ ഗ്രാമത്തില്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നു. ലാഹോറില്‍ അദ്ദേഹം ചങ്ങാതിമാര്‍ക്കൊപ്പം പാടുമായിരുന്നു. ഏകദേശം 14 വയസ്സായപ്പോള്‍ റഫി പാട്ടുകാരനാവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ അച്ഛന്‍ അതിന് ബദ്ധവിരോധിയായിരുന്നു. എന്നാല്‍ റഫിയുടെ പ്രതിഭ മനസ്സിലാക്കിയ മൂത്ത സഹോദരന്‍ ആ പ്രതിഭ നഷ്ടപ്പെടുത്താന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല, അത് മെച്ചപ്പെടുത്താനും തീരുമാനിച്ചു. ഭാഗ്യമെന്നു പറയട്ടെ, പ്രസിദ്ധ ഗായകനായ ഉസ്താദ് ഉസ്മാന്‍ഖാന്‍ അബ്ദുള്‍ വഹീദ്ഖാനുമായി മൂത്ത സഹോദരന്‍ നല്ല പരിചയത്തിലായിരുന്നു. അതുകൊണ്ട് റഫിക്ക് ഉസ്താദ് ഉസ്മാന്‍ഖാന്റെ ശിഷ്യത്വം സ്വീകരിക്കാനും വിഷമമുണ്ടായില്ല. പിന്നീട് റഫി പണ്ഡിറ്റ് ജീവന്‍ലാല്‍, ഉസ്താദ് ബഡെ ഗുലാമലിഖാന്‍ തുടങ്ങിയ ശാസ്ത്രീയസംഗീതപണ്ഡിതരില്‍നിന്നും സംഗീതവിദ്യാഭ്യാസം നേടി.

സൈഗളുമായുള്ള ആദ്യ കൂടിക്കാഴ്ച

അന്ന് മുഹമ്മദ് റഫി പ്രശസ്ത ഗായകനും നടനുമായ കുന്ദന്‍ ലാല്‍ സൈഗളിനെ ഭ്രാന്തമായി ആരാധിക്കുകയും അദ്ദേഹത്തെപ്പോലെയാവാന്‍ ആഗ്രഹിക്കുകയും ചെയ്തു. അദ്ദേഹം അന്ന് സുഹൃത്തുക്കളുടെ വീട്ടിലും കൊച്ചുകൊച്ചു ആഘോഷങ്ങളിലും സൈഗള്‍ പാടിയ പാട്ട് പാടുമായിരുന്നു. ആ കാലത്ത് സൈഗളുമായി കണ്ടുമുട്ടിയതും അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചു എന്നതും സൗഭാഗ്യമായി. അന്നദ്ദേഹത്തിന് ഏകദേശം 15 വയസ്സുകാണും. ലാഹോറിലെ ഒരാഘോഷത്തില്‍ സൈഗള്‍ പാടുന്നുണ്ടായിരുന്നു. ആ പാട്ട് കേള്‍ക്കാനായി റഫി സഹോദരനോടൊപ്പം എത്തിയതായിരുന്നു സംഭവം. പരിപാടി തുടങ്ങുന്നതിനു മുന്‍പ് സ്റ്റേജിലെ മൈക്ക് കേടായി. പരിപാടി വൈകുന്നത് കണ്ട് ജനം ബഹളംവെക്കാന്‍ തുടങ്ങി. ജനങ്ങളെ എങ്ങനെ ശാന്തരാക്കുമെന്ന് സംഘാടകര്‍ വിഷമിച്ചു. ആ സമയത്ത് റഫിയുടെ മൂത്ത സഹോദരന്‍ സംഘാടകരുടെ അടുത്തു ചെന്ന് മൈക്ക് ശരിയാക്കുംവരെ ജനങ്ങളെ ശാന്തരാക്കാന്‍ തന്റെ സഹോദരനു പാടാന്‍ അവസരം നല്കണം എന്ന് അപേക്ഷിച്ചു.

സംഘാടകര്‍ക്ക് ഈ നിര്‍ദേശം സ്വീകാര്യമായില്ല. കാരണം മൈക്കില്ലാതെ പാടുന്നത് തമാശയാണോ? പക്ഷേ, അവരും ആകെ വിഷമിച്ചിരുന്നു. മറ്റു പോംവഴിയില്ലാതെ അവര്‍ റഫിക്കു പാടാന്‍ അനുമതി കൊടുത്തു. റഫിക്ക് മാറ്റുരയ്ക്കാനുള്ള ഒരവസരമായിരുന്നു ഇത്. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. മൈക്കില്ലാതെതന്നെ പാടി അദ്ദേഹം ശ്രോതാക്കളെ ശാന്തരാക്കി. അപ്പോഴേക്കും സൈഗളും എത്തിച്ചേര്‍ന്നു. അദ്ദേഹം കൗതുകവും പ്രശംസയും നിറഞ്ഞ ദൃഷ്ടിയോടെ ആ കൊച്ചുഗായകനെ നോക്കിനില്പായി. റഫി മൈക്കില്ലാതെതന്നെ ഉച്ചസ്വരത്തില്‍ പാടുകയും ശ്രോതാക്കള്‍ 'വണ്‍സ് മോര്‍' എന്നു പറഞ്ഞ് റഫിയുടെ ഉത്സാഹത്തെ വര്‍ധിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും മൈക്ക് ശരിയായി, സൈഗള്‍ തന്റെ മധുരസ്വരത്തില്‍ പാട്ടു തുടങ്ങി. എന്നാല്‍ അതിനു മുന്‍പുതന്നെ ഈ വളര്‍ന്നുവരുന്ന പാട്ടുകാരനെ പ്രശംസിക്കാന്‍ അദ്ദേഹം മറന്നില്ല. റഫിയുടെ ശിരസ്സില്‍ കൈവെച്ച് അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ഒരിക്കല്‍ നിന്റെ ശബ്ദം വിദൂരങ്ങളില്‍ വ്യാപിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.'

പിന്നീട് റഫിക്ക് സംഗീതജ്ഞനായ ഫിറോസ് നിസാമിയുടെ സംഗീതസംവിധാനത്തില്‍ ലാഹോര്‍ റേഡിയോയില്‍ പാടാന്‍ അവസരം ലഭിച്ചു. അവിടെ അദ്ദേഹത്തിന് പ്രസിദ്ധി ലഭിക്കുകയും ലാഹോര്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ കാരണമാകുകയും ചെയ്തു. ആ സമയത്ത് റഫിയുടെ വിവാഹം, ബന്ധത്തില്‍ ഒരു സഹോദരി എന്നു പറയാവുന്ന ബശീറനുമായി നടന്നു. ഈ വിവാഹം കോട്ട്‌ല-സുല്‍ത്താന്‍സിംഹില്‍വെച്ചാണ് നടന്നത്. അന്ന് റഫിക്ക് 20 വയസ്സ് പ്രായമാണ്.

ആ കാലത്താണ് അന്നത്തെ പ്രശസ്ത സംഗീതജ്ഞനായ ശ്യാംസുന്ദറും മികച്ച അഭിനേതാവും നിര്‍മാതാവുമായ നാസിര്‍ഖാനുമായി റഫി കണ്ടുമുട്ടുന്നത്. അവര്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കുകയും മുംബൈയില്‍ ചെല്ലാന്‍ ക്ഷണിക്കുകയും ചെയ്തു.
മുഹമ്മദ് റഫി ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു: 'നാസിര്‍ഖാന്‍ എന്നെ മുംബൈയില്‍ കൊണ്ടുപോയി സിനിമാപ്പാട്ടുകാരനാക്കാന്‍ അച്ഛനോട് അനുവാദം വാങ്ങി. എന്നാല്‍ അച്ഛന്‍ അത് ഒറ്റയടിക്ക് നിരസിച്ചു. കാരണം, അദ്ദേഹം പാട്ടിനെ ഇസ്‌ലാംവിരോധിയായി കണക്കാക്കിയിരുന്നു. നാസിര്‍ഖാന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നപ്പോള്‍ എന്റെ മൂത്ത സഹോദരന്‍ എന്നെ മുംബൈയില്‍ കൊണ്ടുപോകാന്‍ അച്ഛനെക്കൊണ്ട് സമ്മതിപ്പിച്ചു. ഏറെ പ്രതിഷേധങ്ങള്‍ക്കു ശേഷം എന്റെ അച്ഛന്‍ സിനിമാപ്പാട്ട് പാടുന്നത് എന്റെ തൊഴിലാക്കാന്‍ അനുവദിച്ചു.'

മുംബൈയില്‍ സംഘര്‍ഷം

റഫി മൂത്ത സഹോദരനോടൊപ്പം സ്ഥലമറിയാതെ മുംബൈയിലെത്തി. രണ്ടുസഹോദരങ്ങള്‍ക്കും മുംബൈയിലെത്തിയപ്പോഴാണ് ഈ വഴി എത്ര ദുര്‍ഘടമാണെന്ന് മനസ്സിലായത്. അവരുടെ കൈയില്‍ പണവും കുറവായിരുന്നു. അവര്‍ ഭിണ്ടി ബസാറിലാണ് താമസിച്ചത്. അവിടെനിന്നും ശ്യാംസുന്ദറിനെ കാണാനായി എല്ലാ ദിവസവും ദാദറിലുള്ള സ്റ്റുഡിയോയില്‍ പോകും. അവര്‍ രണ്ടു തലയണ ഉറകളില്‍ കടല നിറച്ചുകൊണ്ടുവന്നിരുന്നു. ദിവസങ്ങളോളം അവര്‍ കടല തിന്ന് കഴിച്ചുകൂട്ടി. അവസാനം ഒരുദിവസം ശ്യാംസുന്ദറിനെ കാണാനുള്ള അവരുടെ ശ്രമം വിജയിച്ചു. അദ്ദേഹം തന്റെ വാഗ്ദാനപ്രകാരം റഫിക്ക് പഞ്ചാബി സിനിമയായ ഗുല്‍ബലോചില്‍ സീനത്തിനൊപ്പം പാടാന്‍ അവസരം നല്കി. 1944ലെ കാര്യമാണിത്. അങ്ങനെ റഫി ഗുല്‍ബലോചിലെ 'ഗൊരിയേനി, ഹിരിയേ നി തേരീ യാദ് ന യാന് സതായാ' എന്ന ഗാനത്തോടെ പിന്നണിഗാനമേഖലയില്‍ കാല്‍വെച്ചു. പഞ്ചാബി ഗാനത്തില്‍ ജനപ്രിയനായ ശേഷം റഫി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും ശ്യാംസുന്ദറിന്റെ ക്ഷണപ്രകാരം മുംബൈയില്‍ പോയി. ഇത്തവണ അദ്ദേഹം ഗാവ് കീ ഗോരിയില്‍ പാടി. അതദ്ദേഹത്തിന്റെ ആദ്യ ഹിന്ദി സിനിമയായിരുന്നു.

നൗഷാദിനൊപ്പം

അക്കാലത്ത് റഫി അന്നത്തെ പ്രശസ്ത സംഗീതകാരനായ നൗഷാദുമായി കണ്ടുമുട്ടി. നൗഷാദ് ഒരു അഭിമുഖത്തില്‍ റഫിയുമായുള്ള തന്റെ കണ്ടുമുട്ടലിനെക്കുറിച്ചു ഇങ്ങനെ പറഞ്ഞു: റഫി ആദ്യമായി തന്നെ അറിയുന്ന ഒരാളുടെ ശിപാര്‍ശക്കത്തുമായാണ് കാണാന്‍ വന്നത്. കത്തില്‍ പറഞ്ഞിരുന്നത്, വ്യക്തി വളരെ സുന്ദരമായ ശബ്ദത്തിനുടമയാണെന്നും അയാള്‍ക്ക് പാടാന്‍ അവസരം നല്കണമെന്നുമായിരുന്നു. നൗഷാദ് പറഞ്ഞു, 'ഞാന്‍ ആ യുവാവിന്റെ ഒന്നുരണ്ടു ഗാനങ്ങള്‍ കേട്ട് അതില്‍ വളരെയധികം സ്വാധീനിക്കപ്പെട്ടു. അയാള്‍ ഒരു വലിയ ഗായകനായിത്തീരുമെന്ന് ഞാനയാളോട് പറഞ്ഞു. ബന്ധം തുടരണമെന്നും ഞാന്‍ ഓര്‍മിപ്പിച്ചു. തുടക്കത്തില്‍ ഞാന്‍ ആ യുവാവിന് കോറസില്‍ പാടാന്‍ അവസരം നല്കി. 'ഹിന്ദുസ്ഥാന്‍ കെ ഹം, ഹിന്ദുസ്ഥാന്‍ ഹമാരാ ഹേ' പോലുള്ള കോറസ്.'

നൗഷാദുമായി പരിചയപ്പെടുന്നതിന്റെ ആരംഭദശയില്‍ത്തന്നെ റഫി താന്‍ സൈഗളിന്റെ ആരാധകനാണെന്നും അദ്ദേഹത്തോടൊപ്പം പാട്ടുപാടാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു. നൗഷാദ് അന്ന് ഷാജഹാന്‍ എന്ന സിനിമ ചെയ്യുകയായിരുന്നു. ഇത് സൈഗളിന്റെ അവസാനകാലസിനിമകളിലൊന്നായിരുന്നു. ഈ ഫിലിമിലെ ഒരു പാട്ട് സൈഗളിനൊപ്പം പാടാന്‍ നൗഷാദ്, റഫിക്ക് അവസരം കൊടുത്തു. കേവലം രണ്ടു വരികളേ പാടാനുണ്ടായിരുന്നുള്ളൂ- 'മേരേ സപ്‌നോംകീ റാണി... രൂഹി, രൂഹി, രൂഹി.' ഈ പാട്ടിന്റെ പശ്ചാത്തലം ഏകദേശം ഇപ്രകാരമാണ്: സുഹൈല്‍ എന്നു പേരായ കവി (സൈഗള്‍) ഈ പാട്ടിലൂടെ രൂഹി എന്നു പേരായ ഒരു സുന്ദരി (സല്‍മാ ആഗായുടെ അമ്മ)യുടെ ആകാരം വിവരിക്കുകയാണ് ചെയ്യുന്നത്. കവിയുടെ ഈ പാട്ടുകാരണം ആ സുന്ദരിയുടെ മനോഹാരിതയുടെ ഖ്യാതി എങ്ങുമെത്തുന്നു. ആസ്വാദകര്‍ ഈ പാട്ടുപാടി നടക്കുന്നു. ഫിലിമില്‍ ആസ്വാദകരില്‍ ഒരാള്‍ ഈ പാട്ടിന്റെ അവസാനത്തെ രണ്ടു വരികള്‍ പാടുന്നതായി കാണിക്കുന്നു. ഈ രണ്ടു വരികളാണ് റഫി പാടുന്നത്.

നൗഷാദ് അതിനുശേഷം 1946-ല്‍ റഫിയുടെ ശബ്ദത്തില്‍ അന്‍മോല്‍ ഘഡിയുടെ ഒരു പാട്ട് റെക്കോഡ് ചെയ്യിച്ചു. 'തേരാ ഖിലൗനാ ടൂട്ടാ ബാലക്ക്, തേരാ ഖിലൗനാ ടൂട്ടാ'. ഈ സിനിമയില്‍ സുരയ്യ, സുരേന്ദ്ര, നൂര്‍ജഹാന്‍ എന്നിവര്‍ അഭിനയിച്ചു. മൂന്നുപേരും പാടുകയും ചെയ്തു. ഇത് തന്റെ കാലത്തെ വിജയപ്രദമായ സംഗീതാത്മകപ്രേമകഥയാണ്. റഫിയുടെ ശബ്ദത്തിലുള്ള പാട്ട് സിനിമയില്‍ അണിയറഗാനശൈലിയില്‍ ചിത്രീകരിക്കപ്പെട്ടു.

ഒന്നാമത്തെ സാഫല്യം

1947-ല്‍ ജുഗുനുവില്‍ ഫിറോസ് നിസാമി റഫിയെക്കൊണ്ട് ഒരു കോറസ് അഭിനയിപ്പിച്ചുകൊണ്ട് പാടിച്ചു. 'വോ അപ്‌നീ യാദ് ദിലാനേ കോ' എന്നതായിരുന്നു വരികള്‍. ഈ പാട്ട് ധമാല്‍ രീതിയിലുള്ളതായിട്ടും മെച്ചപ്പെട്ട രചനാരീതികൊണ്ട് ജനങ്ങള്‍ക്ക് ഇഷ്ടമായി. എന്നാല്‍ ഇതേ സിനിമയില്‍ നൂര്‍ജഹാനൊപ്പം 'യഹാം ബദലാ വഫാ കാ ബേവഫായീ കേ സിവാ ക്യാ ഹേ' എന്ന യുഗ്മഗാനം റെക്കോഡ് ചെയ്യേണ്ട സമയമായപ്പോള്‍ ഫിറോസ് നിസാമി എതിര്‍ത്തു. റഫിയെയും അദ്ദേഹത്തിന്റെ കഴിവിനെയും കുറിച്ച് നന്നായി അറിയാമെങ്കിലും നൂര്‍ജഹാനെപ്പോലെയുള്ള മികച്ച ഒരു ഗായികയ്‌ക്കൊപ്പം അദ്ദേഹം പാടുന്നതില്‍ ഒരു സങ്കോചം തോന്നുകയുണ്ടായി. റഫിയെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസം ഈ പാട്ടിന്റെ വേളയില്‍ ചഞ്ചലപ്പെട്ടു. റഫിയുടെ സ്ഥാനത്ത് ആരെ കൊണ്ടുവരും? തലത് മെഹമൂദിനെ കൊണ്ടുവരുന്ന പ്രശ്‌നമേ ഇല്ലായിരുന്നു. കാരണം, അദ്ദേഹത്തിന്റെ സിനിമകള്‍ അപ്പോള്‍ വ്യക്തമായ അംഗീകാരം നേടിയിരുന്നില്ല. മുകേഷ് ഫിറ്റാവും, സുരേന്ദ്രയെയോ ജി.എം. ദുറാനിയെയോ കൊണ്ടുവരാം എന്നെല്ലാം അഭിപ്രായങ്ങളുണ്ടായി. നിസാമിസാഹിബ് അങ്കലാപ്പിലായി. അദ്ദേഹം ഈ കാര്യം നൂര്‍ജഹാനോടു പറഞ്ഞപ്പോള്‍ റഫിക്ക് അവസരം കൊടുക്കാനാണ് നൂര്‍ജഹാന്‍ പറഞ്ഞത്. അവര്‍ 1945-ല്‍ സീനത്തില്‍ റഫിക്കൊപ്പം ഒരു യുഗ്മഗാനം പാടിയിരുന്നു. ഈ ഗാനം അത്ര ജനപ്രിയമായില്ലെങ്കിലും അവര്‍ അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. അതിനു പുറമേ അവര്‍ ഗാവ് കീ ഗോരിയില്‍ റഫിയുടെ പാട്ട് കേള്‍ക്കുകയും അതവരെ ഏറെ സ്വാധീനിക്കുകയും ചെയ്തിരുന്നു. അവര്‍ നിസാമിയോട് പറഞ്ഞു: 'താങ്കള്‍ അത്തരം തെറ്റ് ചെയ്യരുത്. താങ്കളുടെ ഭയം അടിസ്ഥാനരഹിതമാണ്. താങ്കള്‍ അയാള്‍ക്ക് അവസരം കെടുത്തുനോക്കൂ. ആ പയ്യന്‍ ഭാരതത്തെയാകെ ഇളക്കിമറിക്കും.'

നൂര്‍ജഹാന്‍ പറഞ്ഞപ്പോള്‍ നിസാമിസാഹിബ് ഒന്ന് അലിഞ്ഞു. പിന്നെ ഈ പാട്ടുപാടാന്‍ റഫിക്ക് അവസരം കൊടുത്തു. നൂര്‍ജഹാനെപ്പോലുള്ള അതുല്യഗായികയോടൊപ്പം ഈ അനശ്വര യുഗ്മഗാനം പാടി അതിന്റെ മനോഹാരിതയ്ക്കും മാധുര്യത്തിനും മാറ്റുകൂട്ടി. രണ്ടുപേരും മാധുരിയുതിര്‍ക്കാന്‍ മത്സരിക്കുംപോലെ തോന്നി. നൂര്‍ജഹാന്‍ റഫിയെ പരീക്ഷിച്ചുകൊണ്ട് അദ്ദേഹത്തിലെ കലയുടെ ഒരു പുതിയ മാനം നിസാമിസാഹിബിന്റെ മുന്‍പില്‍ അവതരിപ്പിക്കുകയാണോ എന്നു തോന്നി. ഈ ഗാനത്തില്‍ ഭാവത്തിന്റെയും ശബ്ദത്തിന്റെയും ലാളിത്യം നൂര്‍ജഹാനുമായി സമതുലനം ചെയ്തുകൊണ്ട് റഫി പാടുകയായിരുന്നു. (ഒപ്പം കരുണരസം പ്രദര്‍ശിപ്പിക്കുന്ന റഫിയുടെ കല നൂര്‍ജഹാനുമുന്‍പില്‍ വെളിപ്പെടുകയായിരുന്നു.) റഫിയെക്കുറിച്ച് നൂര്‍ജഹാന്റെ ഊഹം ശരിയാണെന്നുതെളിഞ്ഞു. ഈ ഗാനം നാടുമുഴുക്കെ എങ്ങനെ വിപ്ലവമുണ്ടാക്കി എന്ന് എല്ലാവര്‍ക്കുമറിയാം.

വിജയത്തിന്റെ ഔന്നത്യം

റഫിയുടെ ഈ ആരംഭകാലവിജയങ്ങള്‍ ഉണ്ടായിട്ടും നൗഷാദ് സിനിമയിലെ നായകന്മാര്‍ക്ക് അദ്ദേഹത്തിന്റെ ശബ്ദം കൊടുക്കാന്‍ മടിച്ചുനിന്നു. അതു കാരണമാണ് അദ്ദേഹം അനോഖീ അദാ എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും മുകേഷിനെക്കൊണ്ടു പാടിച്ചത്. അതേപോലെ അദ്ദേഹം മേലയിലും റഫിക്ക് കേവലം ശീര്‍ഷകഗാനം- 'യേ സിന്ദഗീ കേ മേലേ' -പാടാന്‍ കൊടുത്തു. ദിലീപ്കുമാറിനുവേണ്ടിയുള്ള സിനിമയിലെ മറ്റു ഗാനങ്ങളെല്ലാം മുകേഷിനെക്കൊണ്ടു പാടിച്ചു. എന്നാല്‍ മേലയില്‍ ഓര്‍മിക്കപ്പെടുന്ന ഗാനം 'യേ സിന്ദഗീ കേ മേലേ' മാത്രമാണ്. ഈ ഗാനം റഫിയുടെ അനശ്വരഗാനങ്ങളില്‍ മാത്രമല്ല, സിനിമാസംഗീതചരിത്രത്തിലെതന്നെ ജനപ്രിയഗാനങ്ങളിലൊന്നുമാണ്. ഈ ഗാനത്തിലെ ഭാവവും ശബ്ദവും ശൈലിയും ഉന്നതനിലവാരം പുലര്‍ത്തുന്നു. റഫിയുടെ പ്രഭാവാത്മകമായ സ്വരം ഈ ഗാനത്തെ അനശ്വരമാക്കിത്തീര്‍ത്തു. നൗഷാദ് അന്ന്, പ്രസിദ്ധ നടനായ ശ്യാംകുമാറിനുവേണ്ടിയുള്ള പടത്തിലെ ഗാനത്തിനും മുകേഷിനെ സ്വീകരിച്ചെങ്കിലും അദ്ദേഹം ഇടയ്ക്കിടെ റഫിക്ക് അവസരം നല്കാന്‍ മറന്നില്ല.

ഇതിനിടെ റഫി സംഗീതജ്ഞന്മാരുടെ ആദ്യ ജോഡിയായ ഹുസ്‌ന്‌ലാല്‍- ഭഗത്‌റാമുമായി സൗഹൃദത്തിലായി. ഈ ജോഡികള്‍ പ്രാരംഭകാലസിനിമകളായ പ്യാര്‍ കീ ജീത്, ബഡീ ബഹന്‍, മീനാ ബാസാര്‍ എന്നിവയില്‍ റഫിയുടെ ശബ്ദം പൂര്‍ണമായും ഉപയോഗപ്പെടുത്തി. റഫിയുടെ ശബ്ദം ശ്യാംകുമാറിന് ഫിറ്റായിരുന്നു. അതിനുശേഷം നൗഷാദിനും ദില്ലഗിയില്‍ നായകവേഷം ചെയ്യുന്ന ശ്യാംകുമാറിനുവേണ്ടി റഫിയുടെ ശബ്ദംതന്നെ ഉപയോഗിക്കേണ്ടിവന്നു. അദ്ദേഹം റഫിയുടെ ശബ്ദത്തില്‍ ഈ സിനിമയിലെ 'തേരേ കൂ ചേ മേ അര്‍മാനോം കീ ദുനിയാ ലേകേ ആയാഹും', 'ഇസ് ദുനിയാ മേ ഏ ദില്‍വാലോ ദില്‍കാ ലഗാനാ ഖേല്‍ നഹീ' എന്നീ രണ്ടു ഗാനങ്ങള്‍ പാടി. ഈ രണ്ടു പാട്ടുകളും, വിശേഷിച്ച് 'തേരേ കൂ ചേ മേ അര്‍മാനോം കീ ദുനിയാ' രാജ്യം മുഴുക്കെ ജനപ്രിയഗാനമായി. ഈ പാട്ടുകളോടെ റഫി പിന്നണിഗാനത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കുക മാത്രമല്ല, നൗഷാദിന്റെ സംഗീതത്തിനും ഒരു പുതിയ മാനം നല്കുകകൂടി ചെയ്തു.

റഫി പാടിയ പ്രാരംഭകാലഗാനങ്ങളുടെ ജനപ്രീതിയുടെ സ്വാധീനത്തില്‍ നൗഷാദ് ചാന്ദ്‌നി രാത്തില്‍ റഫിയുടെ ശബ്ദം വീണ്ടും ഉപയോഗിച്ചു. ഈ ഫിലിമില്‍ അന്ന് വളര്‍ന്നുവരുന്ന ഗായിക ലതാ മങ്കേഷ്‌കര്‍ അന്നത്തെ പ്രസിദ്ധ ഗായകന്‍ ജി.എം. ദുറാനിക്കൊപ്പവും ശ്യാംകുമാര്‍, അമീര്‍ബായി കര്‍ണാടകി എന്നിവര്‍ക്കൊപ്പവും യുഗ്മഗാനം പാടി. എന്നാല്‍ റഫിയും ഷംഷാദും ചേര്‍ന്നു പാടിയ 'കൈസേ ബഡേ ദില്‍ കാ സിതാര്‍' എന്ന യുഗ്മഗാനവും 'ദില്‍ ഹോ ഉനേം മുബാറക് ജോ ദില്‍ കോ ഢൂണ്ട് തേ ഹെ' എന്ന ഒറ്റയാന്‍ഗാനവും ഏറെ ജനപ്രിയമായി മാറി.

ഇതിനുശേഷം നിര്‍മിച്ച ബൈജുബാവരാ സിനിമാസംഗീതചരിത്രത്തിലെ സുപ്രധാന സിനിമയായി ഗണിക്കപ്പെടുന്നു. ഈ ഫിലിം റഫിയെ വിജയത്തിന്റെ ഔന്നത്യത്തിലെത്തിച്ചു. നൗഷാദ് ഈ സിനിമയിലെ രണ്ടു ഗാനങ്ങളില്‍ ഒന്ന് പ്രശസ്ത ശാസ്ത്രീയസംഗീതകാരന്‍ ഉസ്താദ് അമീര്‍ഖാന്‍ സാഹിബിനെക്കൊണ്ടും ശേഷിച്ച ഒരു ഗാനം ഡി.വി.പലൂസ്‌കറിനെക്കൊണ്ടും പാടിച്ചു. മറ്റു ഗാനങ്ങള്‍ റഫി പാടിയതോ റഫിയും ലതയും ചേര്‍ന്നുള്ള യുഗ്മഗാനമോ ആണ്. സിനിമാസംവിധായകന്‍ വിജയ് ഭട്ടിന് റഫിയുടെ യോഗ്യതയിലും ജനപ്രിയതയിലും അത്ര വിശ്വാസമില്ലായിരുന്നു. അതുകൊണ്ട് സിനിമ റിലീസായപ്പോള്‍ അദ്ദേഹം പോസ്റ്ററുകളില്‍ അമീര്‍ഖാന്‍ സാഹിബിന്റെയും പലൂസ്‌കറിന്റെയും പേര് പ്രചാരണത്തിനു നല്കി. എന്നാല്‍ കാണികള്‍ റഫി പാടിയ 'തൂ ഗംഗാകീ മൗജ്' 'ഓ ദുനിയാ കേ രഖ്‌വാലേ' എന്നീ ഗാനങ്ങള്‍ മൂളിക്കൊണ്ടിരുന്നു.

വിഭജനത്തിനുശേഷം

1947-ല്‍ ഇന്ത്യാവിഭജനം നടന്നു. റഫിയും അദ്ദേഹത്തിന്റെ ഗുരു ഗുലാം അലിഖാനും ഇന്ത്യയില്‍ത്തന്നെ നിന്നു. ഉഠോ ജാഗോ എന്ന സിനിമയില്‍ റഫി 'പ്രേം കീ നൈയാ ഡോല്‍ രഹീ ഹെ' പാടി. ദോ ബായി എന്ന സിനിമയില്‍ റഫിയുടെ വിഷാദാത്മകവും എന്നാല്‍ മധുരതരവുമായ വരികളാണ് 'ദുനിയാ മേ മേരേ ആജ് അന്ധേരാ ഹീ അന്ധേരാ' ഇതിന് എസ്.ഡി. ബര്‍മനാണ് സംഗീതം നല്കിയത്. ഇതേ വര്‍ഷം സി. രാമചന്ദ്രന്‍ റഫിയെക്കൊണ്ട് സാജനില്‍ രണ്ടു പാട്ടുകള്‍ പാടിച്ചു. അതിലെ വരികളാണ് 'ഹംകോ തുമാരാ ഹീ ആസരാ' 'ഓ ബാബൂ, ഗലീ മേ തേരീ ചാന്ദ് ചമകാ' എന്നിവ. ഈ ഗാനങ്ങള്‍ റഫിക്ക് ഏറെ ഗുണകരമായി. അദ്ദേഹത്തിന്റെ ഗാനരീതികൊണ്ട് ഈ ഗാനം ജനപ്രീതിയുടെ ഉയരങ്ങള്‍ കീഴടക്കി. ഈ പടത്തില്‍ റഫിയുടെ ചില ധമാല്‍ ഗാനങ്ങളുണ്ടായിരുന്നു. ലളിതാ ദേഉള്‍ക്കര്‍ (ഫഡ്‌കേ) ഗീതാ റോയ് (ദത്ത്) എന്നിവരോടൊപ്പം പാടിയ ഈ ഗാനങ്ങളില്‍ റഫി പാടിയ 'ഓ ബാബൂ, ഗലീ മേ തേരീ ചാന്ദ് ചമകാ'യും ഉണ്ടായിരുന്നു.

1948-ല്‍ റഫി മേളയ്ക്കു പുറമേ ശഹീദ്, പ്യാര്‍ കീ ജീത്, ശാഹനാസ് തുടങ്ങിയ ചിത്രങ്ങളിലും പാടി. ശഹീദില്‍ അദ്ദേഹം പാടിയ ദേശഭക്തിഗാനമായ 'വതന്‍ കീ രാഹ്‌മേ വതന്‍ കി നൌജവാന്‍' ആര്‍ക്കാണ് മറക്കാന്‍ കഴിയുക. ഈ ഗാനത്തിന്റെ സഹായത്താലാണ് സത്യമായും താന്‍ വിജയത്തിന്റെ പടവുകള്‍ കയറിയതെന്നാണ് റഫി കരുതുന്നത്. എന്നാല്‍ നിരവധി ആളുകളുടെ വിശ്വാസം പ്യാര്‍ കീ ജീത് (സംഗീതം-ഹുസ്‌ന്‌ലാല്‍- ഭഗത്‌റാം)ലെ 'ഇക് ദില്‍ കേ ടുക്കഡേ ഹസാര്‍ ഹുയേ, കോയീ യഹാം ഗിരാ കോയീ വഹാം ഗിരാ' എന്നീ ഗാനങ്ങളിലൂടെയാണ് റഫിയുടെ ഭാഗ്യതാരകം തെളിഞ്ഞതെന്നാണ്. ഈ ഗാനം ആ സമയത്തെ യുവതലമുറയില്‍ ഏറെ സ്വാധീനം ചെലുത്തി എന്ന കാര്യം സത്യമാണ്. അന്ന് ഈ പാട്ട് തെരുവുതോറും കേള്‍ക്കാമായിരുന്നു. ഈ പാട്ടിന്റെ ജനപ്രിയതയുടെ നിദാനം, വിവാഹത്തിനും മറ്റും ബാന്‍ഡുവാദ്യക്കാര്‍ ഈ ഗാനം ധാരാളമായി വായിക്കുമായിരുന്നു എന്നതാണ്.

സമകാലീനരായ ഗായകര്‍ക്കൊപ്പം

1949 മുതല്‍ അക്കാലത്തെ പ്രമുഖ പിന്നണിഗായകരായ തലത്, മുകേഷ്, റഫി എന്നിവര്‍ തമ്മില്‍ മത്സരം ആരംഭിച്ചിരുന്നു. മുകേഷ്, സൈഗളിനെപ്പോലെ ഗായകനും നടനുമാകാന്‍ സ്വപ്‌നം കാണുകയായിരുന്നു. അദ്ദേഹം അതിനായി പരസ്യവും തുടങ്ങിയിരുന്നു. എങ്കിലും കാര്യം നടന്നില്ല. തലത്തും ഹീറോ ആവാന്‍ ശ്രമിക്കുകയായിരുന്നു. എന്നാലദ്ദേഹം പിന്നണിഗാനം നിര്‍ത്താന്‍ ഒരിക്കലും ആഗ്രഹിച്ചില്ല. റഫി തുടക്കത്തില്‍ ശ്രമമാരംഭിച്ചശേഷം അഭിനയത്തോട് വിടപറയുകയായിരുന്നു. 1949 മുതല്‍ റഫിക്ക് ധാരാളം ഗാനങ്ങള്‍ കിട്ടാന്‍ തുടങ്ങി. പക്ഷേ, ആ കാലം ഭാവാത്മകസംഗീതത്തിന്റെതായിരുന്നു. അതിനാല്‍ റഫിയുമായി തട്ടിച്ചുനോക്കിയാല്‍ കുറച്ചു ഗാനങ്ങള്‍ പാടി തലത് തന്റെ ദൃഢശബ്ദത്തിന്റെ ബലത്തില്‍ തന്റെ അധികാരം ഉറപ്പിക്കുകയുണ്ടായി. തലത് ഒരു അഭിമുഖത്തില്‍ പറഞ്ഞു:'എന്റെ പാട്ടുകള്‍ എണ്ണത്തില്‍ കുറവാണെങ്കിലും എല്ലാം വിജയിക്കുകയായിരുന്നു. ചിലതൊക്കെ വിസ്മൃതിയുടെ കയങ്ങളില്‍ മുങ്ങിയെങ്കിലും.'

റഫിയുടെ തേജസ്സ്

1950-ല്‍ ആധീരാത്, ആംഖേം, ബാബുല്‍, ബാവരേ നൈന്‍, ബിരഹ് കീ രാത്, ബീവി, ബര്‍സാത്, ബേകസൂര്‍, ഛോട്ടീ ഭാഭി, ദാസ്താന്‍, ഗൗനാ, മീനാ ബാസാര്‍, നിരാല തുടങ്ങിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. അവയില്‍ പലതിലും റഫിക്ക് പാടാന്‍ അവസരം കിട്ടി. റഫി പാടിയ നിരവധി ഗാനങ്ങള്‍ ജനം ഇഷ്ടപ്പെടുകയും ചെയ്തു. ഇതെല്ലാമായിട്ടും അദ്ദേഹത്തിനു സമകാലീനഗായകര്‍ക്കിടയില്‍ തേജസ്സ് നിലനിര്‍ത്താനായില്ല. ആ സമയത്തെ ഒരു പ്രമുഖഗായകരായ തലത്തും മുകേഷും പാടിയ ഗാനങ്ങള്‍ മധുരതരവും ഭാവാത്മകവുമാകയാല്‍ ആളുകളെ മോഹിപ്പിച്ചിരുന്നെങ്കിലും ഈ രണ്ടു ഗായകര്‍ക്കും ചില സീമകളുണ്ടായിരുന്നു. രണ്ടുപേരും റഫിയെപ്പോലെ എല്ലാതരം ഗാനങ്ങളും പാടാന്‍ കഴിവുള്ളവരായിരുന്നില്ല. അതിന്റെ ഗുണം അദ്ദേഹത്തിനു ലഭിച്ചു. റഫി 1951-ല്‍ എല്ലാതരം ഗാനങ്ങളും പാടി കോളിളക്കം സൃഷ്ടിച്ചു. റഫിയുടെ വിവിധ മാനങ്ങളുള്ള സംഗീതപ്രതിഭയ്ക്കുള്ള മറുപടി തലത്തിന്റെ കൈയില്‍പ്പോലുമില്ലായിരുന്നു.
ആ കാലത്തെ എല്ലാ സംഗീതസംവിധായകര്‍ക്കും, റഫി ഏതു തരം പാട്ടുപാടാനുമുള്ള കഴിവുള്ളവനാണെന്ന് മനസ്സിലായി. ലതയെപ്പോലെ ഏതുതരം പാട്ടും പാടാന്‍ കഴിവുള്ള ഒരു ഗായകനും ഉണ്ടായിരുന്നെങ്കില്‍ എന്ന് അക്കാലത്തെ സംഗീതജ്ഞര്‍ ആഗ്രഹിച്ചിരുന്നു. റഫിയിലൂടെ അവര്‍ക്ക് അത്തരമൊരു ഗായകനെ ലഭിച്ചു. ശബ്ദത്തെ മൂന്നാംസപ്തകംവരെ ഉയര്‍ത്താന്‍ റഫിക്കു മാത്രമേ കഴിയൂ എന്ന് ഈ സംഗീതജ്ഞര്‍ക്കു മനസ്സിലായി.

ഗാനങ്ങളുടെ കലവറ

റഫി പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ടെന്ന് നിരവധി പത്ര മാസികകളില്‍ റഫിയെക്കുറിച്ചു വന്ന ലേഖനങ്ങളിലും റിപ്പോര്‍ട്ടുകളിലും ഇന്റര്‍നെറ്റ് സൈറ്റുകളിലും പലപ്പോഴും പ്രസ്താവിക്കപ്പെട്ടു. ചില സ്ഥലങ്ങളില്‍ ഈ സംഖ്യ 26,000 വരെ എത്തിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും ചുരുങ്ങിയത് നാലായിരത്തിത്തൊള്ളായിരത്തി ഇരുപത്തിയഞ്ച് സിനിമാ- സിനിമേതര ഗാനങ്ങള്‍ റഫി പാടിയതിനു തെളിവുകള്‍ ലഭ്യമാണ്.

ഹിന്ദി സിനിമാഗാന സംഗ്രഹത്തിന് ഒറ്റപ്പെട്ട ചില പ്രവര്‍ത്തനങ്ങളുണ്ടായിട്ടുണ്ട്. അവരില്‍ ഹര്‍മന്ദിര്‍ സിംഹ്, 'ഹംരാജി' ന്റെ പേര് പ്രധാനപ്പെട്ടതാണ്. അദ്ദേഹം ഗാനങ്ങള്‍ സംഗ്രഹിച്ച് ഗീത്‌കോശ് എന്ന പേരില്‍ അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1931 മുതല്‍ 1980 വരെയുള്ള എല്ലാ ഹിന്ദി സിനിമകളുടെയും ഗാനങ്ങളുടെ സംഗ്രഹം ഇവയില്‍ ഉള്‍പ്പെടുന്നു.

ഗീത്‌കോശിന്റെ ഈ അഞ്ചു ഭാഗങ്ങളും മുഹമ്മദ് റഫിയുടെ ഗാനങ്ങളുടെ മറ്റു രണ്ടു സംഗ്രഹങ്ങളും അടിസ്ഥാനപ്പെടുത്തി ചിലര്‍ റഫി നാലായിരത്തി അഞ്ഞൂറ്റി ഇരുപത്തിയഞ്ചു സിനിമാഗാനങ്ങള്‍ പാടിയിട്ടുണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. റഫിയുടെ ഗാനങ്ങളുടെ ലഭ്യമായ സംഗ്രഹങ്ങളിലൊന്ന് അജിത് പ്രധാന്‍, പ്രീതം മേഘാണി എന്നിവരുടെതും രണ്ടാമത്തേത് ഇക്ബാല്‍ ഖാന്‍, ആസിക് ബക്ഷി എന്നിവരുടെതുമാണ്. ഈ രണ്ടു സംഗ്രഹങ്ങളുമനുസരിച്ച് റഫി ഹിന്ദിസിനിമകള്‍ കൂടാതെ ഹിന്ദി സിനിമേതരഗാനങ്ങളായി ഏകദേശം നാനൂറു പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇതെല്ലാംകൂടി റഫി പാടിയ മൊത്തം ഗാനങ്ങളുടെ സംഖ്യ നാലായിരത്തിത്തൊള്ളായിരത്തി ഇരുപത്തിയഞ്ച് ആണെന്നു കണക്കാക്കാം.

റഫി 1944 മുതല്‍ 1980 ജൂലായ് 31 വരെ പാടിയ ഏകദേശം എല്ലാ സിനിമാ ഗാനങ്ങളും ഹംരാജിന്റെ ഗീത്‌കോശില്‍ സംഗ്രഹിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിനുശേഷവും അദ്ദേഹം പാടിയ ചില ഗാനങ്ങള്‍ ഗീത്‌കോശില്‍ ചേര്‍ക്കാന്‍ വിട്ടുപോയിരിക്കാം. ഗീത്‌കോശില്‍ ചേര്‍ക്കാന്‍ വിട്ടുപോയ ഗാനങ്ങളുടെ സംഖ്യ അഞ്ചുമുതല്‍ അമ്പതുവരെ ആവാന്‍ സാധ്യത ഏറെയാണ്. അറബ ്കാ സിതാര, ബാനു, ഹവായി ഖട്ടോല എന്നീ ഫിലിമുകളില്‍ റഫി പാടിയ ഏഴു പാട്ടുകളെക്കുറിച്ച് ഹംരാജിന്റെ ഗീത്‌കോശില്‍ ഇല്ല. ഈ ഏഴു ഗാനങ്ങളെക്കുറിച്ചുള്ള പരാമര്‍ശം റഫിസാഹിബിന്റെ ഗാനങ്ങളുടെ മറ്റു രണ്ടു സംഗ്രഹങ്ങളില്‍ ഉണ്ട്.

വാസ്തവത്തില്‍ ഗാനങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വിവാദാവസ്ഥ കേവലം മുഹമ്മദ് റഫിക്കു മാത്രമല്ല, ലതാ മങ്കേഷ്‌കര്‍, ആശാ ഭോസ്‌ലെ, കിഷോര്‍കുമാര്‍ തുടങ്ങി മറ്റു ഗായകര്‍ക്കുമുണ്ട്. ലതാ മങ്കേഷ്‌കര്‍ ഇരുപതിനായിരം ഗാനങ്ങള്‍ പാടിയിട്ടുള്ളതായി പറയപ്പെടുന്നു. എന്നാല്‍ സംഗീതത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന വിശ്വാസ് നെരൂക്കര്‍, ലതാ മങ്കേഷ്‌കര്‍ പാടിയ ഹിന്ദി ഫിലിം ഗാനങ്ങളുടെ എണ്ണം അയ്യായിരത്തി എണ്‍പതാണെന്നു പറയുന്നു. ഈ ഗാനങ്ങള്‍ക്കൊപ്പം ഹിന്ദി ഇതരഗാനങ്ങള്‍കൂടി കൂട്ടിയാല്‍ എണ്ണം ആറായിരംമുതല്‍ ആറായിരത്തിയഞ്ഞൂറു വരെ എത്തും. ആശാ ഭോസ്‌ലെയുടെ കാര്യത്തില്‍ അവര്‍ എണ്ണായിരത്തിലധികം ഹിന്ദിഗാനങ്ങള്‍ പാടിയതിനു തെളിവുകളുണ്ട്. അവര്‍ പാടിയ മറ്റു ഹിന്ദി ഇതരഗാനങ്ങള്‍കൂടി കൂട്ടിയാല്‍ അവയുടെ എണ്ണം പതിനായിരത്തിനടുത്തോ ഒരുപക്ഷേ അതിലധികമോ ആവാം. പരേതരായ മറ്റു രണ്ടു ഗായകരായ കിഷോര്‍കുമാര്‍, മുകേഷ് എന്നിവര്‍ പാടിയ പാട്ടുകളുടെ കാര്യത്തില്‍, കിഷോര്‍കുമാര്‍ രണ്ടായിരത്തിത്തൊള്ളായിരം ഗാനങ്ങളും മുകേഷ് ആയിരം ഗാനങ്ങളും പാടിയതിനു തെളിവുകളുണ്ട്.

ദേശീയതയുടെ ഊടും പാവും

ഇന്ന് നാട്ടില്‍ മതത്തിന്റെയും സാമുദായികതയുടെയും പേരില്‍ ലഹളകളും ഏറ്റുമുട്ടലുകളും ഉണ്ടാവുമ്പോള്‍ മുഹമ്മദ് റഫിയെ സ്മരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അദ്ദേഹം സര്‍വമതസമഭാവനയുടെ ഒരു ശക്തമായ പ്രതീകമായിരുന്നു. 'മന്‍ തര്പത് ഹരിദര്‍ശന്‍ കോ ആജ് (ബൈജുബാവരാ) പോലുള്ള ഭജന തന്മയത്വത്തോടെ പാടി അദ്ദേഹം ഇന്നും ശ്രോതാക്കളെ വികാരതരളിതരാക്കുന്നു.
റഫി ദേശഭക്തിയുടെയും സ്വരാജ്യസ്‌നേഹത്തിന്റെയും ഉത്കൃഷ്ടമായ ഉദാഹരണം പ്രകടമാക്കിയിട്ടുണ്ട്. നൂര്‍ജഹാന്‍, ഫിറോസ് നിസാമി, നിസാര്‍ വാജ്മി എന്നിവരെപ്പോലുള്ള സമകാലീനരായ പല വ്യക്തിത്വങ്ങളും പാകിസ്താനിലേക്കു പോയി. എന്നാല്‍ റഫി ഇന്ത്യ വിടുന്ന കാര്യം ചിന്തിച്ചില്ല. മാത്രമല്ല, മറ്റു ഗായകരെ അപേക്ഷിച്ച് റഫി ഏറ്റവും കൂടുതല്‍ ദേശഭക്തിഗാനങ്ങള്‍ പാടിയിട്ടുണ്ട്. 'വതന്‍ പെ ജോ ഫിദാ ഹോഗാ', 'കര്‍ചലേ ഹം ഫിദാ', 'അപ്‌നി ആസാദി കോ ഹം ഹര്‍ഗിസ് മിട്ടാ സക്‌തേ നഹിം' തുടങ്ങി റഫി പാടിയ ദേശഭക്തിഗാനങ്ങളില്ലാതെ ഇന്നും ഒരു ദേശീയോത്സവവും സമ്പൂര്‍ണമാവില്ല. 1948 ജനവരിയില്‍ മഹാത്മാഗാന്ധി വധിക്കപ്പെട്ട് ഒരു മാസം കഴിഞ്ഞ് ഗാന്ധിജിക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാനായി റഫി, ഹുസ്‌ന്‌ലാല്‍ ഭഗത്‌റാമിന്റെ സംഗീതസംവിധാനത്തില്‍ രാജേന്ദ്രകൃഷ്ണന്‍ രചിച്ച 'സുനോ സുനോ യേ ദുനിയാവാലോം, ബാപ്പുകീ യേ അമര്‍ കഹാനി' എന്ന ഗാനം പാടി. അതു കേട്ട് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇന്ത്യാ-പാക് യുദ്ധവേളയില്‍ റഫി ഭാരതീയസൈനികര്‍ക്കും സാധാരണജനത്തിനും ഉത്സാഹം വര്‍ധിപ്പിക്കാനുള്ള ഗാനം പാടിക്കൊണ്ടിരുന്നു. ഇതെല്ലാം ഒരുപക്ഷേ പാകിസ്താന്‍ സര്‍ക്കാറിന് ഇഷ്ടപ്പെട്ടുകാണില്ല. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യത്തും പരിപാടികള്‍ അവതരിപ്പിച്ച മുഹമ്മദ് റഫിക്ക് പാകിസ്താനില്‍ പരിപാടി അവതരിപ്പിക്കാന്‍ കഴിയാതിരുന്നത് മിക്കവാറും ഇതുകാരണമാകും.

ഇറക്കവും കയറ്റവും

ഭാരതീയ സിനിമാ സംഗീതത്തിന്റെ സുവര്‍ണയുഗത്തില്‍ മുഹമ്മദ് റഫിയുടെ ജനപ്രിയതാരകം ഒരിക്കലും മന്ദീഭവിച്ചില്ല, എന്നാല്‍ മുകേഷ്, മന്നാഡെ, തലത് മെഹമൂദ് തുടങ്ങിയ മികച്ച ഗായകര്‍ ഒരു വെല്ലുവിളിയായിരുന്നു. എങ്കിലും 70-ാം ദശകത്തില്‍ 1971 മുതല്‍ 1976 വരെ പല കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ തേജസ്സ് കുറഞ്ഞുവന്നു. 1969-ല്‍ ആരാധന എന്ന സിനിമ സൂപ്പര്‍ഹിറ്റായ ശേഷം കിഷോര്‍കുമാര്‍ അന്നത്തെ മിക്ക സംഗീതജ്ഞന്മാരുടെയും അഭിനേതാക്കളുടെയും ഇഷ്ടഗായകനായിത്തീര്‍ന്നു. അല്പകാലത്തേക്ക് റഫി പിന്‍നിരയിലേക്ക് പോയി. മീഡിയ ഈ കാലത്തെ 'മാന്ദ്യകാലം' (ലീന്‍ പീരിയഡ്) എന്ന് വിളിച്ചു.

1971 മുതല്‍ 1976 വരെയുള്ള കാലത്തെ ഈ അസ്ഥിരതയ്ക്കു പല കാരണങ്ങളുമുണ്ടായിരുന്നു. ഈ ദശകത്തിലാണ് രോഷന്‍ ജയ്കിഷന്‍, മദന്‍മോഹന്‍, സചിന്‍ദേവ് ബര്‍മന്‍ തുടങ്ങിയ സംഗീതജ്ഞരുടെ നിര്യാണമുണ്ടായത്. നൗഷാദ്, ഒ.പി. നയ്യാര്‍ തുടങ്ങിയ സംഗീതജ്ഞരുടെ ക്രിയാത്മകത കുറഞ്ഞു. ലക്ഷ്മീകാന്ത് പ്യാരേലാല്‍, കല്യാണ്‍ജി ആനന്ദ്ജി, ആര്‍.ഡി. ബര്‍മന്‍, രാജേഷ് രോഷന്‍ തുടങ്ങിയ പുതിയ താരോദയമുണ്ടായി. സിനിമാ സംഗീതത്തില്‍ ഒരു പരിധിവരെ വ്യാവസായികത രൂപംകൊണ്ടു. സംഗീതത്തോടുള്ള പുതിയ തലമുറയുടെ രുചിയും മാനസികാവസ്ഥയും മാറി. ഇക്കാരണങ്ങളാല്‍ സിനിമാസംഗീതത്തിന്റെ പശ്ചാത്തലം ഏറെ മാറി. ഈ പരിവര്‍ത്തനങ്ങള്‍ക്കു പുറമേ, കുടുംബപരവും മതപരവും വ്യക്തിഗതവുമായ കാരണങ്ങളാല്‍ ഏകദേശം നാലു വര്‍ഷത്തോളം റഫി സ്വയം സിനിമാസംഗീതത്തില്‍നിന്നും വിട്ടുനിന്നിരുന്നു. യഥാര്‍ഥത്തില്‍ ഹജ്ജ് യാത്രയ്ക്കിടെ ആരോ റഫിസാഹിബിനോട് പാട്ടു പാടുന്നത് പാപമാണെന്നു പറഞ്ഞിരുന്നു. ഇതിനാല്‍ അദ്ദേഹം വല്ലാതെ വ്യതിചലിക്കുകയും പാട്ടു നിര്‍ത്തി തന്റെ ഒരു മകന്റെ കൂടെ കഴിയാനായി ലണ്ടനിലേക്കു പോവുകയും ചെയ്തു. ബന്ധുക്കള്‍ അദ്ദേഹത്തെ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം സിനിമാസംഗീതത്തില്‍ തിരിച്ചുവന്നു. എന്നാല്‍ സിനിമാലോകത്ത് രാവും പകലും നടക്കുന്ന കഴുത്തറുപ്പന്‍മത്സരം അറിയുന്നവര്‍ക്കറിയാം സിനിമാലോകം ആരെയും ദീര്‍ഘകാലത്തേക്ക് പ്രതീക്ഷിക്കില്ലെന്ന്. കഴിഞ്ഞ കാലത്തെ സംഗീതജ്ഞനായ ഓമി (സോനിക്ക്-ഓമി)യുടെ വാക്കുകളില്‍, 'ഫിലിം ഇന്‍ഡസ്ട്ര