മലയാളിയുടെ കേള്‍വിയിലേക്ക് ആഴവും പരപ്പും സുഗന്ധവുമുള്ള സംഗീതത്തിന്റെ വിതാനങ്ങള്‍ സൃഷ്ടിച്ച രവീന്ദ്രന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് മാര്‍ച്ച് 3-ന് 10 വര്‍ഷം. പ്രണയത്തിലും സംഗീതത്തിലും കുടുംബജീവിതത്തിലുമടക്കം രവീന്ദ്രന്റെ സ്​പന്ദനങ്ങളെ തൊട്ടറിഞ്ഞ ജീവിതസഖി സംഘര്‍ഷഭരിതമായ ആ ജീവിതകാലം ഓര്‍മിച്ചെടുക്കുന്നു.1978 ജൂലായ് മാസം, രാവിലെ പത്തര മണിയായിട്ടുണ്ടാവും. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ കാര്‍ഡ്രൈവര്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. താഴെ കാറില്‍ ദാസേട്ടനിരിക്കുന്നു. രവിയേട്ടനെ വിളിക്കുന്നു എന്നുപറഞ്ഞു. താഴേക്കാണു വിളിച്ചതെങ്കിലും ഉയരത്തിലേക്കുള്ള വഴിയാണ് ദാസേട്ടന്‍ പറഞ്ഞുകൊടുത്തത്. രവീ, നീ ഉടനെ ഭരണി സ്റ്റുഡിയോയില്‍ പോകണം. അവിടെ ഡയറക്ടര്‍ ശശികുമാര്‍ സാറുണ്ട്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന് നീയാണ് സംഗീത സംവിധായകന്‍. എല്ലാം ഞാന്‍ സംസാരിച്ചിട്ടുണ്ട്. നീ പോയി അദ്ദേഹത്തെ കണ്ടാല്‍ മതി. ടാക്‌സിയില്‍ പൊയ്‌ക്കോളൂ എന്നുപറഞ്ഞ ദാസേട്ടന്‍ അതിനുള്ള കാശും കൊടുത്തു. അന്ന് രവിയേട്ടന്റെ വാഹനം സൈക്കിളായിരുന്നു.

നല്ല തുടക്കം. അന്നത്തെ ഹിറ്റ്‌മേക്കറായിരുന്നു ശശികുമാര്‍ സാര്‍. അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുതിയ സംഗീത സംവിധായകര്‍ക്ക് ചാന്‍സ് കിട്ടുക അത്ര എളുപ്പമായിരുന്നില്ല. ദാസേട്ടന്റെ ശക്തമായ ശുപാര്‍ശയുടെ പേരില്‍ പാട്ടുകള്‍ റെക്കോഡ് ചെയ്തശേഷം നിങ്ങള്‍ക്കിഷ്ടമായില്ലെങ്കില്‍ എന്റെ സ്വന്തം കാശില്‍ വേറെ പാട്ടുകള്‍ റെക്കോഡ് ചെയ്തുതരാം എന്ന ദാസേട്ടന്റെ ഉറപ്പിന്മേലായിരുന്നു ആ ചിത്രത്തിന്റെ നിര്‍മാതാക്കളായ ഒമ്പതു പേരും ശശികുമാര്‍ സാറും അങ്ങനെയൊരു റിസ്‌ക് എടുക്കാന്‍ സന്നദ്ധരായത്. സര്‍വദൈവങ്ങളെയും മനസ്സില്‍ പ്രാര്‍ഥിച്ചുകൊണ്ട് കമ്പോസിങ് ആരംഭിച്ചു. സത്യന്‍ അന്തിക്കാടും പൂവച്ചല്‍ ഖാദറുമായിരുന്നു ഗാനരചയിതാക്കള്‍. റെക്കോഡിങ് തീയതിയും കുറിക്കപ്പെട്ടു.

'രവീന്ദ്രസംഗീതം:കേള്‍ക്കാത്ത രാഗങ്ങള്‍' വാങ്ങാം
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു...
രവീന്ദ്രസംഗീതം: യേശുദാസ് എഴുതുന്നു
രവിയേട്ടന്‍- ഭാര്യ ശോഭന രവീന്ദ്രന്‍ ഓര്‍മിക്കുന്നു

നവരത്‌ന മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ തരംഗിണി സ്റ്റുഡിയോയില്‍ 'ചൂള' എന്ന ചിത്രത്തിനു വേണ്ടി നാലു പാട്ടുകള്‍ റെക്കോഡ് ചെയ്യപ്പെട്ടു. ശുപാര്‍ശ ചെയ്ത ദാസേട്ടന് ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. അതുവരെയുള്ള സിനിമാ സംഗീതത്തിന്റെ ട്രെന്‍ഡ് മാറിയിട്ടുള്ള ഒരു സംഗീതശൈലിയായിരുന്നു പുതിയ സംഗീതസംവിധായകന്‍ രവീന്ദ്രന്റേത്. എല്ലാവര്‍ക്കും ഇഷ്ടമായി. ദാസേട്ടന്റെ വോയ്‌സിന്റെ ബേസ് പരമാവധി ഉപയോഗിച്ച് പാടിച്ച 'താരകേ, മിഴിയിതളില്‍ കണ്ണീരുമായ്...' എന്ന ഗാനം ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു. ജാനകിയമ്മയും ദാസേട്ടനും ചേര്‍ന്നു പാടിയ 'സിന്ദൂരസന്ധ്യക്കു മൗനം...' മനോഹരമായൊരു യുഗ്മഗാനമായിരുന്നു.

മലയാളസിനിമയ്ക്ക് മുതല്‍ക്കൂട്ടായി മാറിയേക്കാവുന്ന ഒരു സംഗീത സംവിധായകനെ നല്കിയതിന് ശശികുമാര്‍ സാറും നിര്‍മാതാക്കളും ദാസേട്ടനെ അഭിനന്ദിച്ചു. എല്ലാവരും രവിയേട്ടനെയും പ്രോത്സാഹിപ്പിച്ചു.വഴിത്തിരിവുകള്‍
ദാസേട്ടന്റെ ഈ ശുപാര്‍ശയ്ക്ക് ഒരു ഫ്‌ളാഷ്ബാക്കുണ്ട്. രവിയേട്ടന്‍ സ്ഥിരമായി ശബ്ദം നല്കിയിരുന്നത് രവികുമാര്‍ എന്ന നടനുവേണ്ടിയാണ്. അദ്ദേഹത്തിന് സിനിമകള്‍ കുറഞ്ഞപ്പോള്‍ സ്വാഭാവികമായും രവിയേട്ടനും വര്‍ക്ക് കുറഞ്ഞു. ചെലവ് വര്‍ധിക്കുകയും വരുമാനം കുറയുകയുംചെയ്തു. ഇടയ്ക്കിടെ ദാസേട്ടനെ കാണാന്‍ സ്റ്റുഡിയോയിലും ദാസേട്ടന്റെ വീട്ടിലും പോകാറുണ്ടായിരുന്ന രവിയേട്ടന്‍ ഒരു ദിവസം സംസാരമധ്യേ ദാസേട്ടനോടു പറഞ്ഞു. ദാസേട്ടാ, ഞാന്‍ രണ്ടു കാറുകള്‍ വാങ്ങാന്‍ പോവുകയാണ്. അതെന്താ രണ്ടു കാറുകള്‍? ദാസേട്ടന്‍ തമാശയായി ചോദിച്ചു. എനിക്കുപയോഗിക്കാനല്ല, ടാക്‌സിയാക്കാനാണ്. കുടുംബം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ ഇങ്ങനെയെന്തെങ്കിലും വഴി കണ്ടുപിടിച്ചേ മതിയാകൂ. സംഗീതമല്ലാതെ മറ്റു തൊഴിലൊന്നും എനിക്കറിയില്ലല്ലോ.

അല്പനേരം മൗനമായിരുന്നിട്ട് ദാസേട്ടന്‍ ചോദിച്ചു, നിനക്ക് സിനിമയ്ക്ക് സംഗീതംചെയ്തുകൂടേ? ദാസേട്ടന്റെ തമാശകേട്ട് രവിയേട്ടന്‍ ചിരിച്ചു. പാട്ടുപാടാനുള്ള ചാന്‍സ് തേടിയലഞ്ഞ് എന്റെ ചെരിപ്പു മാത്രമല്ല, കാലും തേഞ്ഞുതുടങ്ങി. ഒരു പാട്ടു തരാത്തവരാണോ എനിക്ക് സംഗീതം ചെയ്യാന്‍ പടം തരുക?

പടം കിട്ടിയാല്‍ ചെയ്യാമോ? ദാസേട്ടന്‍ വീണ്ടും ചോദിച്ചു. തീര്‍ച്ചയായും ചെയ്യാം. ദൃഢമായിരുന്നു രവിയേട്ടന്റെ മറുപടി.

മുന്‍പ് നാടകങ്ങള്‍ക്കുവേണ്ടിയും ഗാനമേളകളില്‍ പാടാന്‍വേണ്ടിയും സ്വയം കമ്പോസ്‌ചെയ്ത പാട്ടുകള്‍ പലതും ദാസേട്ടന്‍ കേട്ടിരുന്നു. അതാണ് ദാസേട്ടന് അങ്ങനെയൊരു ആലോചന തോന്നിയത്.

ശരി ഞാന്‍ ശ്രമിക്കാം. ഈ ടാക്‌സിവിടലും കച്ചവടവുമൊന്നും നമുക്കു ശരിയാവില്ല. നമുക്ക് സംഗീതമാണ് ജീവിതം. അതുകൊണ്ട് അതൊക്കെ വിട്ടുകള, എന്ന് ദാസേട്ടന്‍ ഉപദേശിച്ചു. ഈ ഒരു വാഗ്ദാനമാണ് 'ചൂള'യിലൂടെ നിറവേറ്റപ്പെട്ടത്.

1979-ല്‍ ഗാനങ്ങള്‍ പുറത്തിറങ്ങുന്നതിനു മുന്‍പ് മറ്റൊരഭിപ്രായംകൂടി ദാസേട്ടന്‍ പറഞ്ഞു, കുളത്തൂപ്പുഴ രവി എന്ന പേരിനി വേണ്ട. രവി കുളത്തിലും പുഴയിലും അസ്തമിക്കേണ്ടവനല്ല, പ്രകാശിക്കേണ്ടവനാണ്. അതുകൊണ്ട് അച്ഛനുമമ്മയുമിട്ട രവീന്ദ്രന്‍ എന്ന പേരുമതി ഇനി. അങ്ങനെ കുളത്തൂപ്പുഴ രവി രവീന്ദ്രനായി. രവീന്ദ്രന്‍മാഷായി, രവീന്ദ്രസംഗീതമുണ്ടായി. ഇന്ന് അസ്തമിച്ചുകഴിഞ്ഞിട്ടും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.

ചൂളയ്ക്കു കിട്ടിയ പ്രതിഫലത്തുകയില്‍നിന്ന് എനിക്ക് ഒരു വള വാങ്ങിത്തന്നു രവിയേട്ടന്‍. അന്ന് 750 രൂപയായിരുന്നു ഒരു പവന് വില. പാട്ടുകള്‍ ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ടതില്‍ ഞങ്ങള്‍ സന്തോഷിച്ചു.

നവരത്‌ന മൂവി മേക്കേഴ്‌സിന്റെ രണ്ടാമത്തെ ചിത്രത്തിനും രവിയേട്ടന്‍ തന്നെയായിരുന്നു സംഗീത സംവിധായകന്‍ 'ഒരു വര്‍ഷം, ഒരു മാസം'. ഈ ചിത്രത്തില്‍ ദാസേട്ടന്‍ പാടിയ 'ഇനിയെന്റെ ഓമലിനായൊരു ഗീതം...' എന്റെ പ്രിയഗാനങ്ങളിലൊന്നാണ്.

1980-ല്‍ 'തേനും വയമ്പും' എന്ന ചിത്രത്തിനു സംഗീതം നല്കിയതോടുകൂടി മലയാളസിനിമാ സംഗീതശാഖയില്‍ അനിഷേധ്യമായ ഒരു സ്ഥാനമുണ്ടായി രവീന്ദ്രനെന്ന സംഗീത സംവിധായകന്. പടം ഒരു വിജയമായില്ലെങ്കില്‍ക്കൂടി കഴിവുകള്‍ നന്നായി പ്രശോഭിപ്പിക്കാന്‍ പറ്റിയ പാട്ടുകളായിരുന്നു. ഇന്നും 'തേനും വയമ്പും' എന്ന ഗാനം കേള്‍ക്കാന്‍ ഒരു പ്രത്യേക അനുഭൂതിയാണ്. ഇന്നത്തെ ഇളംതലമുറയ്ക്കുപോലും ഉന്മേഷം പകരുന്ന ഗാനമാണത്. മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും പുതുമ നശിക്കാതെ നിലനില്ക്കാന്‍ കാരണം മികച്ച വരികളും, മികച്ച സംഗീതവും മികച്ച ആലാപനവുമാണ്. 'ഒറ്റക്കമ്പി നാദ'വും 'മനസ്സൊരു കോവില്‍' തുടങ്ങിയ പാട്ടുകളും എവര്‍ഗ്രീനായി ഇന്നും നിലനില്ക്കുന്നു.

'തേനും വയമ്പും' ചിത്രത്തിലെ പാട്ടുകള്‍ ഇത്രത്തോളം ഹിറ്റായെങ്കിലും തുടര്‍ന്നു പുതിയ പടങ്ങള്‍ കിട്ടാന്‍ കാത്തിരിക്കേണ്ടിവന്നു. ആ പടത്തില്‍നിന്ന് കിട്ടിയ നിസ്സാര തുകയോടൊപ്പം വലിയൊരു തുക ലോണായും എടുത്ത് ഒരു അംബാസഡര്‍ കാര്‍ വാങ്ങി രവിയേട്ടന്‍. കാറ് വാങ്ങിയശേഷമാണ് ഡ്രൈവിങ് പഠിച്ചത്. നല്ല മഴക്കാലമായിരുന്നു. ദൂരെ ബീച്ചിനടുത്തുള്ള വിജനമായ റോഡിലായിരുന്നു പഠനം. മൂന്നാം ദിവസം സ്വയം കാറോടിച്ചാണ് വീട്ടില്‍ വന്നത്. നാലാം മാസം ലോണ്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ വാങ്ങിയതിന്റെ പകുതി വിലയ്ക്ക് കാര്‍ വിലേ്ക്കണ്ടിവന്നു. ഇരിക്കുന്നതിനു മുന്‍പ് കാല്‍ നീട്ടുന്ന ഈ സ്വഭാവം വളരെയധികം ടെന്‍ഷനും പ്രയാസങ്ങളുമുണ്ടാക്കിയിരുന്നു എന്നും. ആലോചനയില്ലാതെ വാങ്ങുന്ന ലോണുകള്‍, അതിന്റെ പലിശകള്‍. സമ്പാദിക്കുന്ന പണത്തിന്റെ മുക്കാല്‍ഭാഗവും ഇതിനുവേണ്ടിയായിരുന്നു ചെലവാക്കിയത്.

1981-ലും 82-ലും രണ്ടുമൂന്നു പടങ്ങള്‍ ചെയ്തു. 1983 രവിയേട്ടന്റെ വര്‍ഷമായിരുന്നു. 13 ചിത്രങ്ങള്‍ക്ക് സംഗീതം ചെയ്യാന്‍ സാധിച്ചു. അതില്‍ കൂടുതലും മോഹന്‍ലാല്‍ ചിത്രങ്ങളായിരുന്നു. ചിരിയോ ചിരി എന്ന ചിത്രത്തിലെ പാട്ടുകളിലൂടെ 'രവീന്ദ്രസംഗീതം' എന്നൊരു മുദ്ര തന്റെ സംഗീതത്തിനു നേടിയെടുക്കാനും കഴിഞ്ഞു.

വലിയ വീട്, കാര്‍, മറ്റു സൗകര്യങ്ങള്‍ എല്ലാമുണ്ടായി. പക്ഷേ, സമാധാനം നഷ്ടപ്പെട്ടു. കാരണം, രവിയേട്ടന്റെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം. പണവും പ്രതാപവും കൂടുമ്പോള്‍ സുഹൃത്തുക്കളും കൂടുന്നത് സ്വാഭാവികം. കുറേ ഇത്തിള്‍ക്കണ്ണികള്‍ രവിയേട്ടനോടൊപ്പവും പറ്റിക്കൂടി. പല പല സ്റ്റുഡിയോകളില്‍ പല പല ചിത്രത്തിന്റെ റെക്കോഡിങ്ങുകള്‍. അതുകഴിഞ്ഞുള്ള സുഹൃദ്‌സല്‍ക്കാരങ്ങള്‍. എല്ലാംകഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അര്‍ധരാത്രിയാകും. ചിലപ്പോള്‍ വെളുപ്പാന്‍ കാലമാകും. സുഹൃദ്‌വലയം ശരിയല്ലെന്ന് എനിക്ക് നന്നായി ബോധ്യമായി. പക്ഷേ, എന്തുഫലം; രവിയേട്ടനു ബോധ്യമാവണ്ടേ. അന്നൊക്കെ ഏതോ മായാലോകത്തിലായിരുന്നു എപ്പോഴും.

അപകടത്തിലേക്കാണ് യാത്ര എന്നെനിക്ക് മനസ്സിലായെങ്കിലും തടുക്കാനെനിക്കായില്ല. ഇക്കണക്കിന് പോയാല്‍ ഞാനും മക്കളും നാഥനില്ലാത്തവസ്ഥയിലെത്തും. ഇത്രയും കാലം ഇല്ലായ്മയിലും സന്തുഷ്ടമായിരുന്നു ഞങ്ങളുടെ കുടുംബജീവിതം.

ഇടയ്ക്കുണ്ടായ രവിയേട്ടന്റെ സ്വഭാവമാറ്റത്തെക്കുറിച്ചാണല്ലോ പറഞ്ഞുവരുന്നത്. ഒരുദിവസം രാത്രി വളരെ വൈകിയും രവിയേട്ടനെ കണ്ടില്ല. പലതവണ ഫോണ്‍ ചെയ്തുനോക്കിയെങ്കിലും സ്റ്റുഡിയോക്കാര്‍ പറഞ്ഞു. അദ്ദേഹം വളരെ മുന്‍പുതന്നെ പോയല്ലോ എന്ന്. എനിക്കാകെ ടെന്‍ഷനായി.

ഞാനങ്ങനെ എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചും വഴിപാടുകള്‍ നേര്‍ന്നും കണ്ണിമയ്ക്കാതെ കാത്തിരിപ്പ് തുടര്‍ന്നു. ഏകദേശം വെളുപ്പിന് നാലുമണിയായിട്ടുണ്ടാവും. ഒരു കാറിന്റെ ശബ്ദംകേട്ട് ഞാന്‍ വാതില്‍ തുറന്നുനോക്കി.

കാറില്‍ നിന്ന് ഒരാളെ കൈത്താങ്ങലായി ഇറക്കുന്നു. മറ്റു മൂന്നുപേര്‍. അയ്യോ, അതു രവിയേട്ടനാണല്ലോ. ഞാനുറക്കെ നിലവിളിച്ചുകൊണ്ട് ഓടിച്ചെന്നു. അടുത്തുചെന്നപ്പോഴാണറിഞ്ഞത് സല്‍ക്കാരമേറിപ്പോയതിന്റെ അവസ്ഥയാണെന്ന്. കൂടെ വന്നവര്‍ കൈത്താങ്ങലായിത്തന്നെ പിടിച്ചുകൊണ്ട് ബെഡ്‌റൂമില്‍ കൊണ്ടുവന്നു കിടത്തിയിട്ട് പോയി.

രാവിലെ ഉറക്കമുണര്‍ന്ന ഏട്ടന്‍ ഉറങ്ങാതെ കരഞ്ഞുകൊണ്ടിരിക്കുന്ന എന്റെ അടുത്തുവന്നിരുന്ന് കുമ്പസാരം തുടങ്ങി. അബദ്ധം പറ്റിപ്പോയതാണ്. വര്‍ക്ക് കഴിഞ്ഞപ്പോള്‍ മണി മൂന്നു കഴിഞ്ഞിരുന്നു. ക്ഷീണംകൊണ്ടാണ് വീണുപോയത്. അല്ലാതെ അമിതമായിട്ടൊന്നുമല്ല. ഇനിമേലില്‍ ഇങ്ങനെ സംഭവിക്കില്ല എന്നൊക്കെ സത്യം ചെയ്തു. മാപ്പുപറഞ്ഞു. ഞാന്‍ ഒരക്ഷരവും മറുപടി പറഞ്ഞില്ല, കുറ്റപ്പെടുത്തിയില്ല, പരിഭവമോ പരാതിയോ പറഞ്ഞില്ല. മെല്ലെ അവിടന്ന് എണീറ്റുപോയി മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പറഞ്ഞപോലെ പിന്നീടൊരിക്കലും അത്തരമൊരു അവസ്ഥ രവിയേട്ടനുണ്ടാക്കിയിട്ടില്ല.

രവിയേട്ടന് പടങ്ങളുടെ എണ്ണം കുറയുന്നത് ഒരു കോമ്പ്രമൈസിനും തയ്യാറാകാത്ത സ്വഭാവംകൊണ്ടായിരുന്നു. ക്വാണ്ടിറ്റിയെക്കാള്‍, ക്വാളിറ്റി നോക്കുന്ന സംഗീത സംവിധായകനായിരുന്നു രവീന്ദ്രന്‍ മാഷ്. തനിക്ക് എന്തെങ്കിലും സംഭാവനചെയ്യാന്‍ സാധ്യതയുള്ള ചിത്രങ്ങളേ മാഷ് സ്വീകരിക്കുമായിരുന്നുള്ളൂ, മിക്കപ്പോഴും. വെറും അടിപൊളിപ്പാട്ടുകള്‍ മാത്രം ചെയ്യാന്‍ താത്പര്യം കാണിച്ചിരുന്നില്ല. അപൂര്‍വം ചില ചിത്രങ്ങള്‍ മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വേണ്ടി ചെയ്യേണ്ടിവന്നിട്ടുമുണ്ട്. തൊഴിലിനോട് ഇത്രയധികം ആത്മാര്‍ഥതയും അര്‍പ്പണമനോഭാവവും വിരളമായേ കാണാന്‍ സാധിക്കൂ. രാത്രിയെന്നോ പകലെന്നോ നോക്കാതെ, എത്രയധികം ബുദ്ധിമുട്ടുകള്‍ സഹിക്കാനും തയ്യാറായിരുന്നു.

പെര്‍ഫെക്ഷന്‍, രവീന്ദ്രസംഗീതത്തിന്റെ മുഖമുദ്രയാണ്. അതിസൂക്ഷ്മമായ വിശകലനം ഓരോ ഗാനത്തിനു പിന്നിലുമുണ്ടാകും. തട്ടാന്‍ പൊന്നുരുക്കി അതിമനോഹരമായ ആഭരണങ്ങളുണ്ടാക്കുന്നതുപോലെയാണ് ഓരോ ഗാനവും രവിയേട്ടന്‍ ചിട്ടപ്പെടുത്തുന്നത്. എന്തെല്ലാം മിനുക്കുപണികള്‍ ഇനിയും ചെയ്യാമെന്ന ചിന്തയിലായിരിക്കും മറ്റു കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും രവിയേട്ടന്റെ മനസ്സ്.

രവിയേട്ടന്റെ മനസ്സിലുണ്ടായിരുന്ന സംഗീതം ദാസേട്ടന്റെ ഘനഗാംഭീര്യമുള്ള ഗന്ധര്‍വനാദത്തിലൂടെ പുറത്തുവന്നതിലാണ് ഇന്നും ആ ഗാനങ്ങള്‍ക്കെല്ലാം നിലനില്പുള്ളത്. രവീന്ദ്രസംഗീതവും ഗന്ധര്‍വനാദവും തമ്മിലുള്ള സങ്കലനം ഏതു കവിയുടെ വരികളെയും ധന്യമാക്കുന്നു.ആരോഹണവും അവരോഹണവും
1984-85-ഉം രവിയേട്ടന് തിരക്കുള്ള വര്‍ഷങ്ങളായിരുന്നു. 1986-ല്‍ രവിയേട്ടന്റെ പാട്ടുകളുടെ പരമരസികനായിരുന്ന ഒരു ബാലു ആനന്ദ് തമിഴില്‍ രവിയേട്ടനെ പരിചയപ്പെടുത്തി. അദ്ദേഹം സംവിധാനംചെയ്ത 'രസികന്‍ ഒരു രസികൈ' എന്ന സത്യരാജ്-അംബിക അഭിനയിച്ച ചിത്രത്തിലൂടെ തമിഴ് ഇശൈ അമൈപ്പാളരായി മാറി രവീന്ദ്രന്‍ മാഷ്. മലയാള ഗാനങ്ങള്‍ 'തേനും വയമ്പും', 'ഏഴു സ്വരങ്ങളു'ടെ ഈണം തമിഴ് ചിത്രത്തില്‍ സംവിധായകന്റെ ആഗ്രഹപ്രകാരം ഉള്‍പ്പെടുത്തി. പാട്ടുകള്‍ ഹിറ്റായെങ്കിലും പടം അത്ര വിജയിച്ചില്ല. ആനന്ദ വികടന്‍ എന്ന പ്രസിദ്ധ തമിഴ്‌വാരികയില്‍ അന്ന് ഗാനവിമര്‍ശം എഴുതിയത് ഇങ്ങനെയാണ് ''തമിഴില്‍ ഇളയരാജയ്ക്ക് ഈക്വലായ പൊട്ടന്‍ഷ്യല്‍ ഉള്ള ഒരു മ്യൂസിക് ഡയറക്ടര്‍ രവീന്ദ്രന്‍'' എന്നാണ്. പിന്നീട് രാജശേഖര്‍ ഡയറക്ടുചെയ്ത 'കണ്‍മണിയേ പേശു', 'ലക്ഷ്മി വന്താച്ചു', 'തായേ നീയേ തുണൈ', 'മലരേ കുറിഞ്ചിമലരേ' തുടങ്ങി ഏഴെട്ടു ചിത്രങ്ങള്‍ക്ക് സംഗീതം നല്കി. എ.വി.എം. കമ്പനിയുടെ 'ധര്‍മദേവതൈ' എസ്.പി. മുത്തുരാമന്‍ ഡയറക്ഷനില്‍ ചെയ്തു. എങ്കിലും രവിയേട്ടന്റെ സ്വഭാവം തമിഴ് സിനിമാ ഫീല്‍ഡുമായി ഒത്തുപോകാന്‍ വിസമ്മതിച്ചതിനാല്‍ അവിടെ പിടിച്ചുനില്ക്കാനായില്ല.

എ.വി.എം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ സിനിമാ കമ്പനിയായിരുന്നു അന്ന്. ആ ബാനറില്‍ ഒരു പടംചെയ്യാന്‍ കൊതിക്കാത്തവരില്ല. ഒരിക്കലും ഒരു കമ്പനിയിലും ചാന്‍സുതേടി പോയിട്ടില്ലാത്ത രവിയേട്ടനെ തേടി, എ.വി.എം. ശരവണന്‍സാറിന്റെ മകന്‍ ഗുഹന്‍ വീട്ടില്‍ വന്നു. അവരുടെ ബാനറില്‍ ഒരു പടം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തു. നിബന്ധനകളനുസരിച്ച് ശരവണന്‍സാറിനെ കണ്ടു. എഗ്രിമെന്റിലൊപ്പുംവെച്ചു.

കമ്പോസിങ്ങിനുവേണ്ടി നിശ്ചയിച്ചിരുന്ന ദിവസം രാവിലെ രവിയേട്ടന്‍, അസിസ്റ്റന്റ് സമ്പത്തും തബലിസ്റ്റ് പ്രദീപുമൊത്ത് എ.വി.എം. സ്റ്റുഡിയോയില്‍ തന്നെയുള്ള കമ്പോസിങ് റൂമില്‍ ചെന്നു. ഒന്നുരണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാവും. പോയപോലെ തന്നെ രവിയേട്ടന്‍ മടങ്ങിവന്നു. ഇടയ്ക്കിടെ ഇങ്ങനെ സംഭവിക്കാറുള്ളതിനാല്‍ എനിക്ക് മനസ്സിലായി, എന്തോ പ്രശ്‌നമുണ്ടാക്കി വന്നിരിക്കുകയാണെന്ന്.

നടന്ന സംഭവം പറഞ്ഞത് സമ്പത്താണ്. കമ്പോസിങ് ആരംഭിച്ചയുടന്‍ പ്രൊഡക്ഷന്റെ ആള്‍ ഒരു വി.സി.ആര്‍. കൊണ്ടുവന്ന് റൂമില്‍ വെച്ചുവത്രെ. ഡയറക്ടര്‍ ഒരു ഹിന്ദി ചിത്രത്തിന്റെ കാസറ്റിട്ടു. അതില്‍ വരുന്ന ഒരു പാട്ടിനെ അനുകരിച്ച് ഒരു പാട്ടുചെയ്യാന്‍ രവിയേട്ടനോട് ആവശ്യപ്പെട്ടുവത്രെ. വളരെ കോപം വന്നുവെങ്കിലും നിയന്ത്രിച്ച് ആ ഡയറക്ടറോട് രവിയേട്ടന്‍ പറഞ്ഞു, ഇതുവരെ ഞാനങ്ങനെ ചെയ്തിട്ടില്ല. ഇനിയങ്ങനെ ചെയ്യുകയുമില്ല, എനിക്ക് നിങ്ങളുടെ പടം ചെയ്യാന്‍ താത്പര്യവുമില്ല എന്ന്പറഞ്ഞിട്ട് ഇറങ്ങിപ്പോരുകയായിരുന്നു. തന്നെ വിളിച്ചുവരുത്തി അപമാനിച്ചതായിട്ടാണ് രവിയേട്ടന് ഫീല്‍ ചെയ്തത്.

ഡയറക്ടറും മറ്റുള്ളവരും ഭയന്നു. എ.വി.എം. ശരവണന്‍സാറിനെ ഒരു പുതിയ സംഗീത സംവിധായകന്‍ ധിക്കരിക്കുകയോ. അവര്‍ക്ക് വിശ്വസിക്കാനായില്ല. എ.വി.എമ്മിന്റെ ഒരു പടംചെയ്താല്‍, അവരുമായി സഹകരിച്ചുപോയാല്‍ പിന്നെ അയാളുടെ കുടുംബത്തിന്റെ ചുമതല മുഴുവന്‍ എ.വി.എം. ഏറ്റെടുക്കും. വീടുവെച്ചുകൊടുക്കും. കുട്ടികളുടെ പഠിപ്പും മറ്റു ചെലവുകളും നോക്കും. മാത്രമല്ല, അയാള്‍ക്ക് എ.വി.എമ്മിന്റെ ആസ്ഥാന സംഗീത സംവിധായകനുമാകാം. ഇത്രയും ആനുകൂല്യങ്ങള്‍ വേണ്ടെന്നുവെക്കാന്‍ രവിയേട്ടനല്ലാതെ ആര്‍ക്കാണ് ധൈര്യമുണ്ടാവുക. ഒരു പ്രലോഭനങ്ങള്‍ക്കും വിലയ്ക്കുവാങ്ങാവുന്നതായിരുന്നില്ല രവീന്ദ്രസംഗീതം.

എന്തായാലും തന്നെ ധിക്കരിച്ചിട്ടിറങ്ങിപ്പോയ പുതിയ ആളിനെ തിരികെ വിളിച്ചു ശരവണന്‍സാര്‍. താങ്കളുടെ ജോലിയില്‍ ഇനി ഞങ്ങളാരും ഇടപെടുകയില്ല, സ്വതന്ത്രമായി നിങ്ങള്‍ക്ക് വര്‍ക്കുചെയ്യാം എന്നുറപ്പുകൊടുത്തു. അതാണ് വിജയകാന്ത്-രാധിക അഭിനയിച്ച 'ധര്‍മദേവതൈ' എന്ന ചിത്രം.

തമിഴ് സിനിമാരംഗം ഒരു പ്രത്യേകതരമാണ്. ആവശ്യമുണ്ടെങ്കില്‍ അവര്‍ തലയില്‍ തൂക്കിവെക്കും. ആവശ്യം കഴിഞ്ഞാല്‍ അവിടെനിന്ന് താഴെയിടും. ഓരോന്നും ചെയ്യുന്നത് ആര്‍ഭാടപൂര്‍വമായിരിക്കും. ഒരു സംഗീത സംവിധായകനെ തങ്ങളുടെ ചിത്രത്തിനുവേണ്ടി ബുക്കുചെയ്യാന്‍ വരുമ്പോള്‍ ഒരു തളികയില്‍ വെറ്റിലപ്പാക്ക്, പഴങ്ങള്‍, പൂവ് തുടങ്ങിയവ വെച്ച് അതിനു മുകളില്‍ അഡ്വാന്‍സ് തുകയുംവെച്ച് ഒരുസംഘം ആളുകള്‍ ചുറ്റിനിന്ന്, കഴുത്തിലൊരു പൂമാലയൊക്കെ അണിയിച്ച് ഏതോ കല്യാണനിശ്ചയം പോലെ ഉത്സവപ്രതീതിയുണ്ടാക്കും. നമ്മുടെ മലയാളത്തിലെ സിംപ്ലിസിറ്റി അവിടെയില്ല.

ശരിക്കും പറഞ്ഞാല്‍ ഈ അമിതപ്രകടനത്തില്‍ രവിയേട്ടന്‍ വീണുപോയി. അന്നുവരെ കിട്ടാതിരുന്ന അംഗീകാരം തമിഴരില്‍നിന്ന് ധാരാളമായി ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാളസിനിമയെ അല്പമൊന്നു തഴഞ്ഞോ എന്നു സംശയം. ഫലമോ 1988-ല്‍ തമിഴ് പടവുമുണ്ടായില്ല, മലയാളവുമുണ്ടായില്ല. ആകെ പലതരത്തിലുള്ള വൈഷമ്യങ്ങള്‍ അനുഭവിക്കേണ്ടിവന്ന ഒരു വര്‍ഷമായിരുന്നു അത്. സാമ്പത്തികമായും മാനസികമായും തളര്‍ച്ചയുണ്ടായ വര്‍ഷം. ജ്യോത്സ്യന്മാരും പ്രവചനങ്ങളും പൂജകളും ഹോമങ്ങളുമൊഴിഞ്ഞ നേരമില്ലാതായി.

പ്രണയത്തിന്റെ നീരൊഴുക്കുകള്‍

1973 ഫിബ്രവരി 26. രവിയേട്ടന്റെ അച്ഛന്‍ മരിച്ചു. അച്ഛന്റെ നിശ്ചലമായ ശരീരം കാണാന്‍ രവിയേട്ടന്‍ ഓടിയെത്തി. മരണവീട്ടില്‍ ചേച്ചിയുടെ മക്കള്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന മോഹം സാക്ഷാത്കരിക്കാനുള്ള സന്ദര്‍ഭം ഭഗവാനൊരുക്കിത്തന്നത് ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു.

പ്ലീസ്, ഒന്നു മാറിനില്‍ക്കൂ. സ്ഥലകാലബോധമില്ലാതെ സ്വപ്നലോകത്തില്‍ മുഴുകിനിന്ന എന്നോടായിരുന്നു ആ ആവശ്യം. കരഞ്ഞുതളര്‍ന്നുകിടക്കുന്ന അമ്മയ്ക്കുചുറ്റും കാറ്റും വെളിച്ചവും കടക്കാത്തവിധം കൂടിനിന്നവരോടായി ഒന്നുമാറിനില്‍ക്കൂവെന്ന് പറഞ്ഞെങ്കിലും എന്റെ കാതിലതു വീണില്ല. അതാണ് എന്നോട് പ്രത്യേകമായി പ്ലീസ് പറയേണ്ടിവന്നത്. ആ ശബ്ദവും എന്നെ മോഹിപ്പിച്ചു. ആദ്യമായിട്ടായിരുന്നു പ്ലീസ് എന്നൊരു ിവൂുവീറ ശബ്ദം കേള്‍ക്കുന്നത്. പാന്റ്‌സും ഷര്‍ട്ടും ധരിച്ച സുമുഖനായ രവിയേട്ടനെയും മാധുര്യവും ഗാംഭീര്യവുമുള്ള ആ ശബ്ദത്തെയും ഞാനിഷ്ടപ്പെട്ടു.

മരണാനന്തര കര്‍മങ്ങള്‍ക്കായി പതിനാറു ദിവസം നാട്ടില്‍ നിന്നു രവിയേട്ടന്‍. കൂടുതല്‍ സമയവും രാജമ്മചേച്ചിയുടെ വീട്ടിലുണ്ടാവും. എന്തെന്നാല്‍ ചേച്ചിയുടെ ഭര്‍ത്താവ് നാദസ്വര വിദ്വാനും മക്കളെല്ലാവരും പാടുന്നവരുമായിരുന്നു. വൈകുന്നേരമായാല്‍ മുറ്റത്തു വിരിച്ചിട്ട പനമ്പായയില്‍ സംഗീതസദസ്സുണ്ടാവും. രവിയേട്ടന്‍ പാടും, വിദ്യാധരന്‍ ചേട്ടന്‍ നാദസ്വരം വായിക്കും. പ്രസന്നയും മറ്റുള്ളവരും ഏറ്റുപാടും. പ്രസന്ന വളരെ നന്നായി പാടുമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ധാരാളം സമ്മാനങ്ങളും വാങ്ങിയിരുന്നു. ഇവരുടെ ഈ സംഗീത സദസ്സില്‍ മിക്കപ്പോഴും ഞാനുമുണ്ടാവും ശ്രോതാവായി.

വീട്ടിലും സംഗീതസദസ്സിലും ഇടയ്ക്കിടെ കാണുന്ന എന്നെ രവിയേട്ടന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ചേച്ചിയോടും പ്രസന്നയോടും ചോദിച്ച് എന്നെക്കുറിച്ച് മനസ്സിലാക്കി. നേരിട്ട് മുന്നില്‍ വരാതെ അവിടെയുമിവിടെയും നിന്ന് ഒളിഞ്ഞ് തന്നെ നോക്കുന്ന എന്റെ കള്ളത്തരം രവിയേട്ടന്‍ കണ്ടുപിടിച്ചു. വെറുമൊരു കൗതുകം മാത്രമായിരുന്നു എന്നോട് സംസാരിക്കാനും തമാശ പറയാനും രവിയേട്ടനുണ്ടായിരുന്നത്. സംഗീതസദസ്സുകളില്‍ പരിസരംമറന്ന് പാട്ട് ആസ്വദിച്ചിരുന്ന എന്നെ രവിയേട്ടന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെപ്പോഴെന്നറിയില്ല.


ഒരുദിവസം സദസ്സില്‍ ഒരു പുതിയ പാട്ടുപാടി രവിയേട്ടന്‍. സ്വന്തമായെഴുതി കമ്പോസ് ചെയ്തതാണെന്ന് പിന്നീടാണറിഞ്ഞത്.

'ലജ്ജാവതി ഒരു പെണ്‍കൊടി
തങ്കത്തേരിലിന്നലെ വന്നു നീ
സ്വപ്നസുന്ദരീ സ്വര്‍ഗനന്ദിനി
നിദ്രയില്‍ നീയെന്റെ മുന്നില്‍വന്നു'

പാടുമ്പോഴുണ്ടായിരുന്ന കള്ളനോട്ടവും കള്ളച്ചിരിയും തങ്ങളുടെ മനസ്സുകളില്‍ ചലനമുണ്ടാക്കുന്നുണ്ടായിരുന്നു. മറ്റുള്ളവരൊന്നും ഇതത്ര ശ്രദ്ധിച്ചിരുന്നില്ലെങ്കിലും പ്രസന്ന ഞങ്ങളെ മനസ്സിലാക്കി. കുറച്ചുദിവസങ്ങളായി എന്നെക്കുറിച്ച് കൂടുതലായി അന്വേഷിക്കുകയും എന്നെ കാണാതിരിക്കുമ്പോഴുള്ള രവിയേട്ടന്റെ അക്ഷമയുമൊക്കെ അവള്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു. ഒരുദിവസം അവളെനിക്ക് താക്കീത് തന്നു.

പെണ്ണേ, വേണ്ട, അവരൊക്കെ പട്ടണവാസികള്‍. നാട്ടുമ്പുറത്തെ പെണ്‍കുട്ടികള്‍ അവര്‍ക്ക് വെറും നേരമ്പോക്കാകും. പതിനാറുദിവസം കഴിഞ്ഞാല്‍ മാമനങ്ങുപോകും. പിന്നെ നീ കരയേണ്ടിവരും. മദ്രാസിലൊക്കെ എത്ര സുന്ദരികളെ കാണുന്നവരാണവര്‍. മാത്രമല്ല മാമന്‍ മദ്രാസില്‍ നിന്നേ കല്യാണം കഴിക്കൂവെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അതുതന്നെയാണാഗ്രഹവും. അതുകൊണ്ട് മനസ്സിലെന്തെങ്കിലും വേണ്ടാത്ത ചിന്തയുണ്ടെങ്കില്‍ മുളയിലേത്തന്നെ നുള്ളിക്കളഞ്ഞേക്കൂ. വലിയൊരമ്മൂമ്മയെപ്പോലെ പ്രസന്ന ഉപദേശിച്ചു.

പ്രായത്തിന്റെതായ ആകര്‍ഷണവും വെറും നേരംപോക്കുമായിരുന്നു തുടക്കത്തില്‍. വിവാഹവാഗ്ദാനമോ ഒരിക്കലും പിരിയില്ല എന്ന പാഴ്‌വാക്കുകളോ ഒന്നും രവിയേട്ടന്‍ എന്നോട് പറഞ്ഞിട്ടില്ല. ഞാനങ്ങനെയൊട്ടു പ്രതീക്ഷിച്ചതുമില്ല. എങ്കിലും പതിനാറുദിവസം കഴിഞ്ഞപ്പോള്‍ മടങ്ങിപ്പോകാന്‍ ഏട്ടന് മനസ്സുവന്നില്ല. പൊയ്‌ക്കോളൂ എന്നുപറയാന്‍ എനിക്കും മനസ്സുണ്ടായില്ല. പറഞ്ഞറിയാക്കാനാകാത്ത ഒരു നൊമ്പരം, അത് പ്രേമം ആയിരുന്നോ?

സാധാരണ നാട്ടില്‍വന്നാല്‍ മടങ്ങിപ്പോകാന്‍ ധൃതികാട്ടുന്ന രവിയേട്ടന്‍ പതിനാറു കഴിഞ്ഞിട്ടും പുറപ്പെടാനുള്ള ഒരുക്കമൊന്നും കാട്ടാത്തതില്‍ വീട്ടിലുള്ളവര്‍ക്കാശ്ചര്യം തോന്നി. ചടങ്ങിന് വന്നിരുന്ന ബന്ധുക്കളാരുംതന്നെ പോയിട്ടുണ്ടായിരുന്നില്ല. രവിയേട്ടന്റെ അച്ഛന്റെ പെങ്ങളുടെ മക്കളും അമ്മയുടെ ആങ്ങളയുടെ മക്കളുമായി മുറപ്പെണ്ണുങ്ങള്‍ ധാരാളമുണ്ടായിരുന്നു അവിടെ. മുതിര്‍ന്നവരെല്ലാവരും കൂടിച്ചേര്‍ന്ന് ആലോചിച്ചു. അടുത്ത വിവാഹം കഴിക്കാനുള്ള ആള്‍ രവിയേട്ടനാണ്. ഇപ്പോള്‍ എല്ലാവരും ഒത്തുകൂടിയിരിക്കുന്ന സന്ദര്‍ഭം, രവിയുമുണ്ട്. മുറപ്പെണ്‍കുട്ടികളില്‍ ആരെയാണ് രവിക്ക് താത്പര്യമെന്ന് പറഞ്ഞാല്‍ കാര്യങ്ങളെല്ലാം സംസാരിച്ചുവെക്കാം. പിന്നെ സൗകര്യംപോലെ വിവാഹം നടത്താം. സദസ്സിലേക്ക് രവിയേട്ടന്‍ വിളിക്കപ്പെട്ടു. മൂത്ത ജ്യേഷ്ഠന്‍ കാര്യമവതരിപ്പിച്ചു. ഞങ്ങളുടെ തീരുമാനമിങ്ങനെയാണ്. നിന്റെ അഭിപ്രായം കൂടി അറിഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ സംസാരിക്കാം.

എനിക്കിപ്പോഴൊന്നും വിവാഹം വേണ്ട. ജീവിതത്തില്‍ എന്തെങ്കിലുമൊരു നിലയില്‍ എത്തിയിട്ടുമതി കല്യാണം. അതുമാത്രമല്ല എനിക്ക് ബന്ധത്തില്‍നിന്നാരെയും വിവാഹം കഴിക്കാന്‍ താത്പര്യമില്ല. അതുകൊണ്ട് എന്റെ കാര്യം വിട്ട് അനുജന്മാരുടെ വിവാഹം തീരുമാനിച്ചോളൂ. രവിയേട്ടന്റെ ഈ അഭിപ്രായം സ്വീകാര്യമായിത്തോന്നി ജ്യേഷ്ഠന്മാര്‍ക്ക്. അവര്‍ പിന്നെ നിര്‍ബന്ധിച്ചില്ല. പക്ഷേ, എല്ലാം കേട്ടുനിന്ന പ്രസന്നയ്ക്ക് തോന്നി, എന്നെ മനസ്സിലുദ്ദേശിച്ചായിട്ടായിരിക്കാം രവിയേട്ടന്‍ ഇങ്ങനെയൊരഭിപ്രായം പറഞ്ഞതെന്ന്.

പ്രസന്ന, രാജമ്മചേച്ചിയോട് കാര്യങ്ങളുടെ പോക്ക് വിശദീകരിച്ചു. കാതില്‍നിന്നും കാതിലേക്ക് എല്ലാവരുടെ കാതുകളിലും വാര്‍ത്ത വളരെവേഗം എത്തി. ജ്യേഷ്ഠന്മാരും അമ്മയും രവിയേട്ടനെ ക്രോസ് വിസ്താരത്തിന് വിധേയനാക്കി. ഇങ്ങനെയൊരു ഉദ്ദേശ്യം മനസ്സില്‍വെച്ചിട്ടാണ് നീ വിവാഹം വേണ്ടെന്നു പറഞ്ഞതല്ലേ. ഒരു കാരണവശാലും അതു നടക്കില്ല. മര്യാദയ്ക്ക് ഞങ്ങള്‍ പറയുന്ന പെണ്ണിനെ വിവാഹം കഴിക്കുന്നതാണ് നല്ലത്- എന്ന് ഓരോരുത്തരായി ചോദ്യം ചെയ്യലും ഭീഷണിപ്പെടുത്തലുകളുമൊക്കെയായി. രവിയേട്ടന്‍ പറയുന്നതൊന്നും കേള്‍ക്കാനവര്‍ തയ്യാറായില്ല. അവര്‍ പറയുന്നതനുസരിപ്പിക്കാനായിരുന്നു ശ്രമം.

അവസാനം രവിയേട്ടന്‍ പൊട്ടിത്തെറിച്ചു. ''അതേ, നിങ്ങളറിഞ്ഞത് ശരിയാണ്. എനിക്ക് ഒരു പെണ്‍കുട്ടിയോട് ഇഷ്ടമാണ്. എന്നാലവളെ വിവാഹം കഴിക്കണമെന്നൊന്നും ചിന്തിച്ചിരുന്നില്ല. അങ്ങനെയൊരു വാഗ്ദാനം ആ കുട്ടിക്കും കൊടുത്തിരുന്നില്ല. എന്നാല്‍ ഞാനിപ്പോള്‍ തീരുമാനിക്കുന്നു ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ സംഭവിച്ചാലും ഞാനവളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ''. രവിയേട്ടന്റെ ധീരമായ ഈ പ്രഖ്യാപനം കേട്ടതും ഒരു ജ്യേഷ്ഠന്‍ ചാടിയെണീറ്റ് കരണത്തടിച്ചു. അമ്മയും ജ്യേഷ്ഠന്മാരും കൂടി അന്നുരാത്രി തന്നെ നിര്‍ബന്ധപൂര്‍വം രവിയേട്ടനെ തിരുവനന്തപുരത്തെത്തിച്ചു. അവിടെനിന്നും മദ്രാസിലേക്ക് വിട്ടു.

ഈ സംഭവവികാസങ്ങളൊന്നും ഞാനറിഞ്ഞില്ല. എല്ലാം നടന്നത് രവിയേട്ടന്റെ കുടുംബവീട്ടില്‍വെച്ചായിരുന്നു. അടുത്ത ദിവസവും ഞാന്‍ പതിവുപോലെ രാജമ്മ ചേച്ചിയുടെ വീട്ടില്‍ ചെന്നു. ആരുമെന്നോടൊന്നും മിണ്ടിയില്ല. പ്രസന്ന ഒരു ഭാഗത്തുനിന്ന് പോ പോ എന്ന് ആംഗ്യം കാണിച്ചു. എനിക്ക് അപകടം മണക്കാന്‍ തുടങ്ങി. തിരിഞ്ഞുനടക്കാന്‍ ഭാവിക്കുമ്പോഴാണ് ചേച്ചിയും മക്കളും ഒന്നടങ്കം എന്റെ നേര്‍ക്ക് ചാടിവീണത്. അതുവരെ കണ്ടിട്ടില്ലാത്ത മുഖഭാവങ്ങളും കേട്ടിട്ടില്ലാത്ത അസഭ്യങ്ങളുംകൊണ്ട് അവരെന്നെ കടിച്ചുകീറി. ശരിക്കും സിംഹക്കൂട്ടിലകപ്പെട്ട മാനിനെപ്പോലെത്തന്നെയായിരുന്നു എന്റെ അവസ്ഥ. കാതുംപൊത്തി ഓടിപ്പോകണമെന്ന് ഞാനാഗ്രഹിച്ചെങ്കിലും അവര്‍ പറയുന്നതുമുഴുവന്‍ കേള്‍ക്കേണ്ടിവന്നു. രവിയേട്ടന്‍ എനിക്ക് വേണ്ടി വാദിച്ചുവെന്നു കേട്ടതില്‍ ഉള്ളില്‍ സന്തോഷിച്ചു.

സംഭവങ്ങളൊക്കെ അമ്മ അറിയുന്നത് അന്ന് വൈകുന്നേരമായിരുന്നു. സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല കേട്ടതൊക്കെ.എത്ര പ്രതീക്ഷയോടെയാണ് അമ്മ മകളെ ബുദ്ധിമുട്ടി കഷ്ടപ്പെട്ട് പഠിക്കാനയച്ചിരുന്നത്. ഭാവിയില്‍ മകളില്‍ നിന്നെങ്കിലുമൊരു സന്തോഷം കിട്ടുമായിരിക്കുമെന്നുള്ള അമ്മയുടെ പ്രതീക്ഷ തകരുന്നതു കണ്ടപ്പോള്‍ ഭദ്രകാളിയായി മാറി അമ്മ. ദേഷ്യവും സങ്കടവുമെല്ലാം പ്രഹരങ്ങളായി എന്റെമേല്‍ പതിയുമ്പോള്‍ ഞാനൊന്നു കരഞ്ഞുപോലുമില്ല. അമ്മയുടെ മാനസിക തകര്‍ച്ച എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

മദ്രാസിലേക്ക് മടങ്ങിപ്പോയ രവിയേട്ടന്റെ സ്ഥിതി എന്താണെന്നറിയാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. ഇവിടെ നടക്കുന്ന കോലാഹലങ്ങളറിയിക്കണമെന്നും ഉണ്ടായിരുന്നു. പക്ഷേ, എങ്ങനെ?

ഒരു ദിവസം രവിയേട്ടന്റെ കുഞ്ഞമ്മാവന്‍ എന്നെ ഒന്നു കാണണമെന്നു പറഞ്ഞ് അവിടത്തെ ചെറിയ കുട്ടിയെ പറഞ്ഞയച്ചു. ആ കുടുംബത്തിലുള്ള ഒരാളോടും സംസാരിക്കാന്‍ പാടില്ല എന്ന നിര്‍ദേശമുണ്ടായിരുന്നതിനാല്‍ അല്പമകലെയുള്ള അവരുടെ വീട്ടില്‍ ആരുമറിയാതെ രഹസ്യമായി ഞാന്‍ ചെന്നു. കുഞ്ഞമ്മാവന്‍ ഒരു കത്ത് എന്റെ കൈയില്‍ത്തന്നു. രവിയേട്ടന്റെ കത്ത്, സന്തോഷംകൊണ്ടെന്റെ കണ്ണു നിറഞ്ഞു.

ആരോടും ഒന്നും പറയാതെ പോകാനുണ്ടായ സാഹചര്യവും ശോഭയുടെ ഇപ്പോഴത്തെ അവസ്ഥ അറിയാത്തതിലുള്ള മനോവിഷമവും അതില്‍ എഴുതിയിരുന്നു. ഞാന്‍ മുഖേന ആ കുട്ടിക്ക് വന്നുഭവിച്ച സങ്കടങ്ങള്‍ക്ക് ഞാന്‍തന്നെ പരിഹാരം കാണുന്നുണ്ടെന്ന് അവളോടു പറയണം, സമാധാനിപ്പിക്കണം. മദ്രാസിലെ എന്റെ വിലാസം ശോഭയ്ക്കു കൊടുക്കണം. വിശദമായി കത്തെഴുതാനും പറയണം. കത്തുവായിച്ചുതീര്‍ന്നതും ഞാന്‍ വിങ്ങിവിങ്ങിക്കരഞ്ഞു.

എന്റെ ഹൃദയം ആര്‍ദ്രമായി. എനിക്കുവേണ്ടി വേദനിക്കുന്ന, എന്റെ സുഖവിവരങ്ങളറിയാനാഗ്രഹിക്കുന്ന, എന്റെ ജീവിതസഖിയാക്കാന്‍ സന്മസ്സോടെ കാത്തിരിക്കുന്ന എന്റെ രവിയേട്ടനെ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങി. അതെ, ഞങ്ങളുടെ യഥാര്‍ഥ പ്രണയം തുടങ്ങിയതിവിടംമുതലാണ്. കത്തുകളായിരുന്നു ഞങ്ങളുടെ പ്രണയഹംസങ്ങള്‍.

പ്രണയ സംഗീതം

മൂന്നു ദിവസത്തിലൊരു കത്ത്. അങ്ങനെയായിരുന്നു പതിവ്. അല്പം വൈകിയാലും ഇരുവരും സഹിക്കില്ല. രവിയേട്ടനെഴുതുന്ന കത്തുകള്‍ മാണിക്യക്കല്ലുകള്‍ പോലെയാണ്. വളരെ ചുരുക്കം വാക്കുകള്‍, വടിവൊത്ത കൈയക്ഷരം. പറയാനുദ്ദേശിക്കുന്ന ഒരുനൂറു കാര്യങ്ങള്‍ ഒരു വാചകത്തിലൊതുക്കിയെഴുതുവാന്‍ ബഹുസാമര്‍ഥ്യമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. ചുരുക്കിയെഴുതാന്‍ എനിക്കറിയില്ല. വീട്ടിലും നാട്ടിലും നടക്കുന്ന എല്ലാ വിശേഷങ്ങളും വിശദമായിത്തന്നെ എഴുതും. കോളേജഡ്രസ്സിലായിരുന്നു കത്തിടപാടുകള്‍.

ഒരിക്കല്‍ കോളേജില്‍ ലീവ് വന്നതിനാല്‍ കത്തയയ്ക്കാന്‍ അല്പം വൈകി. ലീവ് കഴിഞ്ഞ് കോളേജില്‍ ചെന്ന ദിവസം പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചു.

ആരാണീ കുളത്തൂപ്പുഴ രവി? ഞാനൊന്നു പരിഭ്രമിച്ചു. അങ്കിളാണ് സാര്‍ എന്നു മറുപടി പറഞ്ഞു. അതുകേട്ട് സാറൊന്നു ചിരിച്ചു, write immediately എന്നു ടെലിഗ്രാം ചെയ്യുമോ അങ്കിള്‍? ഞാന്‍ വല്ലാതെ ചമ്മി. താക്കീതിന്റെ സ്വരത്തിലുള്ള ഒരു മൂളലോടെ ടെലിഗ്രാം എന്റെ കൈയില്‍ത്തന്നു.

ഇങ്ങനെ പ്രേമപ്പനി പിടിച്ചു നടക്കുമ്പോഴും പഠനത്തില്‍ ഒട്ടും വീഴ്ചവരുത്തിയിരുന്നില്ല ഞാന്‍. അതുകൊണ്ട് അമ്മ അല്പം ആശ്വാസപ്പെട്ടിരിക്കുന്ന സമയത്തായിരിക്കും രാജമ്മച്ചേച്ചിയും മക്കളും ഒന്നും രണ്ടും പറഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ വരുന്നത്. കോളേജില്‍ നടത്തുന്ന കത്തിടപാടുകള്‍ അമ്മയറിയാത്തതിനാല്‍ ഞാന്‍ ആ ബന്ധമൊക്കെ മറന്ന് പഠിപ്പില്‍ ശ്രദ്ധവെച്ചിരിക്കുകയാണെന്നാണ് അമ്മ ധരിച്ചിരിക്കുന്നത്. പക്ഷേ, അവരുടെ നിര്‍ത്താതെയുള്ള ശല്യപ്പെടുത്തലുകള്‍ അമ്മയുടെ നില തെറ്റിക്കും.

എന്നെയും നിരന്തരം മാനസികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന�