ഫിബ്രവരി 10 - ഗിരീഷ് പുത്തഞ്ചേരി ഓര്‍മയായിട്ട് 5 വര്‍ഷം.


''പിന്നെയും പിന്നെയും ആരോ....'' വിടവാങ്ങി നാലാണ്ടുകഴിഞ്ഞ പ്രിയഗായകന്‍ ഗിരീഷ് പുത്തഞ്ചേരിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ നിറയുന്ന ചിന്തയും ഒരുപക്ഷേ ഇങ്ങനെ തന്നെയാകാം. അര്‍ഥശൂന്യമായ വരികളും കേട്ടുമടുത്ത കല്പനകളുമെല്ലാം ഗാനങ്ങളെന്ന പേരില്‍ നമ്മെ കുത്തിനോവിക്കുന്ന കാലത്ത് ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ കൈക്കുടന്ന നിറയെ തിരുമധുരവുമായി നമുക്കുമുന്നിലെത്തും... എന്നും ഓര്‍ത്തിരിക്കാന്‍ ഒരുപാട് നല്ല ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ചു ആ പ്രതിഭ.

പിന്നെയും പിന്നെയും ആ പാട്ടുകള്‍

ചിലപ്പോള്‍ ആ വരികള്‍ നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞെത്തും...മറ്റു ചിലപ്പോള്‍ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടായും കരിമഴിക്കുരുവിയുടെ ചന്തമണിഞ്ഞും വരും. ഇനിയും ചിലപ്പോള്‍ സുഗന്ധമേറിയ, തണുവണിഞ്ഞ കളഭം ചാര്‍ത്തിത്തരും. രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തിയും അമ്മമഴക്കാറിന്റെ കണ്‍നിറച്ചും പലപ്പോഴും ആ വരികള്‍ നമ്മുടെ വികാരവിചാരങ്ങളെ തൊട്ടുണര്‍ത്തി. കരയിച്ചും സന്തോഷിപ്പിച്ചും ചിന്തിപ്പിച്ചും ആശ്വസിപ്പിച്ചുമെല്ലാം ആ സ്വരദേദങ്ങള്‍ നമുക്കൊപ്പമുണ്ടായി...ഒടുവില്‍ ഒരുരാത്രികൂടി വിടവാങ്ങവേയെന്ന ഭാവാര്‍ദ്രഗാനംപോലെ ഒരു മടക്കം...

എപ്പോഴും പറയാറുണ്ടായിരുന്നതുപോലെ എഴുത്തില്‍ സത്യസന്ധത പുലര്‍ത്താന്‍ അദ്ദേഹം എക്കാലവും ശ്രദ്ധിച്ചുപോന്നു. തൊഴിലായി പാട്ടെഴുത്തിനെ സ്വീകരിക്കുമ്പോഴും അതില്‍നിന്നുള്ള സംതൃപ്തി അദ്ദേഹത്തിന് ഏറെ പ്രധാനമായിരുന്നു. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനുഗുണമായ രീതിയിലുള്ള ഗാനരചനാരീതിയാണ് അദ്ദേഹം പിന്തുടര്‍ന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം സിനിമാലോകത്തിന് ഏറെ പ്രിയങ്കരനായി. ഏഴുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനപുരസ്‌കാരമെന്നത് അതുല്യമായ ആ കാവ്യഭാവനയ്ക്കുള്ള അംഗീകാരം തന്നെയാണ്.

വലിയ വാക്കുകളും കല്‍പ്പനകളും ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ നമ്മില്‍ അടിച്ചേല്‍പ്പിക്കുന്നില്ല. രണ്ടും മൂന്നും വാക്കുകള്‍കൊണ്ടുതന്നെ അത്ര ചെറുതല്ലാത്തൊത്തൊരു ഭാവപ്രപഞ്ചം ആ വരികള്‍ തീര്‍ക്കുന്നുണ്ട്. എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നൂ..., ആരോ വിരല്‍ മീട്ടി.... എന്റെയെല്ലാമെല്ലാമല്ലേ... പ്രണയസ്വപ്‌നങ്ങളില്‍ മധുരം നിറയ്ക്കും ഈ അക്ഷരക്കൂട്ടം. സ്‌നേഹവും ഭക്തിയും സങ്കടവുമെല്ലാം ആ വരികളിലൂടെ നാം അടുത്തറിഞ്ഞു. കളഭംതരാം...ഭഗവാനെന്‍....ഉള്ളുലയുന്ന ഭക്തിയുടെ ഭാവങ്ങള്‍ ഇങ്ങനെ പകര്‍ന്നുതരാന്‍ ഇനി മറ്റാര്‍ക്കാണ് കഴിയുക.. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ഗിരീഷ് പുത്തഞ്ചേരി മനസ്സുകളിലേക്ക് ചേക്കേറിയത്.
അവിടെനിന്ന് സിനിമാരംഗത്തെത്തുമ്പോള്‍ സംഗീതത്തിലെ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിന് തുണയാകുകയായിരുന്നു. ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ തിളക്കമുള്ളൊരുപേരായി ഗിരീഷ് പുത്തഞ്ചേരി മാറാന്‍ പിന്നീട് അധികസമയമെടുത്തില്ല.

ജോണിവാക്കര്‍, മിന്നാരം, മായാമയൂരം, അങ്ങനെയൊരവധിക്കാലത്ത്, ഈ പുഴയുംകടന്ന്, ദേവാസുരം, ഹിറ്റ്‌ലര്‍, ആറാംതമ്പുരാന്‍, കൃഷ്ണഗുഡിയില്‍ ഒരുപ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, ബാലേട്ടന്‍, പുനരധിവാസം, രാവണപ്രഭു, അഗ്നിദേവന്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, മാടമ്പി... ഹിറ്റ് ഗാനങ്ങളുടെ തമ്പുരാനായി ഇരുപതാണ്ട് അദ്ദേഹം മലയാള ചലച്ചിത്രലോകത്ത് തലയെടുപ്പോടെതന്നെ നിന്നു.

ഗാനരചനയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രതിഭയായിരുന്നില്ല ഗിരീഷിന്റേത്. പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാനിഷ്ടപ്പെടുന്ന ചില ചിത്രങ്ങളുടെ കഥയും തിരക്കഥയുമെല്ലാം ഗിരീഷിന്റേതായുണ്ടായിരുന്നു. മേലേപ്പറമ്പില്‍ ആണ്‍വീടും വടക്കുംനാഥനും കിന്നരിപ്പുഴയോരവും മേഘതീര്‍ഥവും പല്ലാവൂര്‍ ദേവനാരായണനുമെല്ലാം പുത്തഞ്ചേരി 'ടച്ചുള്ള' ചിത്രങ്ങളായി'രുന്നു.

മധുരപദങ്ങളുടെ വിന്യാസംതീര്‍ത്ത സ്വരഭംഗി തന്നെയാണ് ഗിരീഷ് പുത്തഞ്ചേരിയെ മറ്റ് ഗാനരചയിതാക്കളില്‍നിന്ന് എന്നും വേറിട്ടുനിര്‍ത്തിയത്. വെയിലും മഴയും തുമ്പയും തുളസിയും മൂവന്തിയും പൂങ്കുയിലുമെല്ലാം നാട്ടുനന്മയുടെ പാട്ടുകളിലൂടെ അദ്ദേഹം പകര്‍ന്നുതന്നു...ഉള്ളറിഞ്ഞുകേട്ടിരിക്കാവുന്ന നല്ല പാട്ടുകള്‍....

ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍