മറവിയുടെ അതിരുകളില്‍ നിന്നും ഭാവനയുടെ ആകാശത്തിലേക്കുള്ള യാത്ര, അതായിരുന്നു ടെറി പ്രാച്ചെറ്റ് എന്ന എഴുത്തുകാരന്റെ ജീവിതം. ഭാവനാ സമൃദ്ധമായ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ സമൃതിഭ്രംശത്തിന്റെ പിടിയിലകപ്പെട്ട് മറവിയുടെ മായക്കാഴ്ച്ചകളിലേക്ക് തിരിച്ചു നടക്കാന്‍ വിധിക്കപ്പെട്ട ടെറി എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന എഴുപതോളം പുസ്തകങ്ങള്‍ ലോകത്തിനു സമ്മാനിച്ച്,് അറുപത്തേഴാം വയസ്സില്‍ അരങ്ങൊഴിഞ്ഞു.

ഡിസ്‌ക് വേള്‍ഡ് എന്ന ഭാവനാ ലോകത്തെ വിചിത്രകഥകള്‍ എഴുതിയാണ്് എഴുത്തിന്റെ ലോകത്ത് ടെറി പ്രാച്ചെറ്റ് തന്റെ പേര് പതിപ്പിച്ചത്. ഭീമാകാരനായ ഒരു ആമയുടെ പുറത്ത് നിലയുറപ്പിച്ച നാല് ആനക്കൊമ്പന്മാര്‍ താങ്ങി നിര്‍ത്തുന്ന സാങ്കല്പിക ലോകമാണ് ഡിസ്‌ക് വേള്‍ഡ്.

മറവിരോഗം പിടിമുറുക്കിയിട്ടും നോവലെഴുതി ചരിത്രം സൃഷ്ടിച്ച ടെറി പ്രോച്ചെറ്റ് അന്തരിച്ചു

ആ പരമ്പരയില്‍പെട്ട ആദ്യനോവലായ കളര്‍ ഓഫ് മാജിക്ക് 1983-ലാണ് പുറത്തിറങ്ങിയത്. എക്കാലത്തെയും മികച്ച ബെസ്റ്റ് സെല്ലറുകളില്‍ ഒന്നായി ആ കൃതി മാറിയതോടെ പ്രാദേശിക പത്രപ്രവര്‍ത്തകനായിരുന്ന ടെറി മുഴുവന്‍ സമയ എഴുത്തുകാരനായി പരിണമിച്ചു. ഡിസ്‌ക് വേള്‍ഡ് നോവലുകളിലൂടെ അത്യന്തം ലളിതമായ നര്‍മ്മത്തില്‍ പൊതിഞ്ഞ് യഥാര്‍ത്ഥ ലോകത്തിന്റെ കാപട്യങ്ങളെയും മുഖംമൂടിയണിഞ്ഞ നാട്യങ്ങളെയും ടെറി നിശിതമായി വിമര്‍ശിച്ചു. അതേ സമയം ജീവിതത്തിന്റെയും മരണത്തിന്റെയും മനുഷ്യത്വത്തിന്റെയും ഇടങ്ങളെ കൃത്യമായി വരച്ചു കാട്ടുന്ന ഒരു ക്യാന്‍വാസ് കൂടിയായിരുന്നു ടെറിയുടെ രചനകള്‍.

കളര്‍ ഓഫ് മാജിക്ക് ഒരു വന്‍ വിജയമായി മാറിയതോടെ ടെറിയുടെ എഴുത്തിന്റെ വേഗവും കൂടി. തുടര്‍ന്നിങ്ങോട്ട് ഡിസ്‌ക് വേള്‍ഡ് പരമ്പരയില്‍പെട്ട നാല്പതോളം കൃതികള്‍ ടെറി പുറത്തിറക്കുകയുണ്ടായി. മുപ്പത്തേഴ് ഭാഷകളിലായി അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ എണ്‍പത്തഞ്ച് ദശലക്ഷം കൃതികളാണ് വിറ്റുപോയത്. കുട്ടികള്‍ക്കുംമുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ തന്റെ രചനകള്‍ ഓരോന്നും ലോകമെമ്പാടുമുള്ള വായനക്കാര്‍ ആവേശത്തോടെ സ്വകരിച്ചതോടെ 1996-ല്‍ ടെറി പ്രാച്ചെറ്റ് ബ്രിട്ടനിലെ ഏറ്റവും സമ്പന്നനായ എഴുത്തുകാരനായി മാറി.

ഒരോ കൃതിയുടെയും വിജയം എഴുത്തിന്റെ വഴിയില്‍ ടെറിയെ കൂടുതല്‍ കരുത്തനാക്കി. അക്കാലയളവില്‍ ഓരോ വര്‍ഷവും ശരാശരി രണ്ടു പുസ്തകങ്ങള്‍ വീതം അദ്ദേഹം വായനക്കാര്‍ക്കു സമര്‍പ്പിച്ചിരുന്നു. ആലയില്‍ കടഞ്ഞെടുത്ത മൂര്‍ച്ചയേറിയ വാള്‍ പോലെ നര്‍മ്മവും സാമൂഹ്യ നിരൂപണവും നിറഞ്ഞ രചനകള്‍ കൂടുതല്‍ വായനക്കാരെ നേടിക്കൊണ്ടിരുന്നു.

എഴുത്തിന്റെയും പ്രശസ്തിയുടെയും പാരമ്യത്തിലെത്തി നില്‍ക്കുമ്പോള്‍, 2007-ലാണ് ടെറി അള്‍ഷിമേഴ്‌സ് രോഗബാധിതനായത്. മാന്ത്രിക കഥകളെഴുതി മാന്ത്രികന്റെ കുപ്പായങ്ങളണിഞ്ഞ് ജീവിതത്തെ ആഹ്ലാദഭരിതമായി നേരിട്ട എഴുത്തുകാരന്‍ മറവിരോഗത്തെയും ഒരു മാന്ത്രികന്റെ വഴക്കത്തോടെയാണ് നേരിട്ടത്. മറവിയിലേക്ക് കൂപ്പുകുത്തിത്തുടങ്ങിയ മനസ്സിനെ ഓര്‍മ്മയുടെ തീരങ്ങളിലേക്ക് വലിച്ചടുപ്പിച്ച നങ്കൂരമായിരുന്നു ടെറിക്ക് അക്ഷരങ്ങളും എഴുത്തും. പണിമുടക്കിത്തുടങ്ങിയ തലച്ചോറിനെ പണിപ്പെട്ട് വരുതിയിലാക്കി ഭാവനാ ലോകത്ത് സഞ്ചാരം തുടങ്ങി. ചലനശേഷി കുറഞ്ഞു തുടങ്ങിയതോടെ അദ്ദേഹം സ്​പീച്ച് റെക്കഗ്നിഷന്‍ സോഫ്റ്റ് വെയറിന്റെയും മറ്റും സഹായത്തോടെ അക്ഷരങ്ങളെ വരുതിയിലാക്കാന്‍ ശ്രമിച്ചു. രോഗബാധിതനായശേഷം മൂന്ന് പുസ്തകങ്ങളാണ് ഇത്തരത്തില്‍ പുറത്തിറക്കിയത്. 2014-ല്‍ പുറത്തിറങ്ങിയ ദ ലോങ് മാര്‍സ് ആണ് അവസാന രചന.

രോഗബാധിതനായ ശേഷം അദ്ദേഹം രോഗികളുടെ അവകാശങ്ങള്‍ക്കായും ശബ്ദമുയര്‍ത്തി. പരസഹായത്തോടുകൂടിയുള്ള മരണത്തിന് നിയമാനുമതി ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തി. പ്രവര്‍ത്തനം നിലച്ച ശരീരത്തില്‍ കൃതൃമമായി ജീവന്‍ നിലനിര്‍ത്തുന്നത് രോഗികളുടെ അവകാശങ്ങളുടെ നേര്‍ക്കുള്ള വെല്ലുവിളിയായി ടെറി കണക്കാക്കി. 'അങ്ങനെയുള്ള രോഗികള്‍ സാങ്കേതിക വിദ്യയുടെ തടവുകാരാണ് !'

പരസഹായത്തോടെയുള്ള മരണത്തിന് (Assisted death)അനുമതി തേടി ചില ഡോക്യുമെന്റികളും പ്രബന്ധങ്ങളും ടെറി പ്രാച്ചെറ്റ് അവതരിപ്പിക്കുകയുണ്ടായി. 'രോഗം തികച്ചുംപരിതാപകരമായ ഒരു അവസ്ഥയാണ്. ആ അവസ്ഥയില്‍ തുടരണോ, മരണത്തിലേക്കു നടക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം രോഗിയുടെതാണ്...' രോഗത്തെയും മരണത്തെയും ചേര്‍ത്തുവെക്കുമ്പോഴും ടെറി വലിയൊരു മായാജാലക്കാരനെപ്പോലെ മറവിരോഗത്തോടു മല്ലടിച്ചു. മറവിരോഗം ബാധിച്ചവര്‍ക്കും പലതും ചെയ്യാനാകുമെന്നും , മനസ്സിന്റെ കരുത്താണ് വലിയ മരുന്നെന്നും ടെറിയുടെ ജീവിതം തെളിയിക്കുന്നു.ടെറി പ്രാച്ചെറ്റിന്റെ അവസാനട്വീറ്റുകള്‍മരണം ടെറിയെ സംബന്ധിച്ച് ഒരുപാട് സാധ്യതകളുള്ള ഒരു ഉശിരന്‍ കഥാപാത്രമായിരുന്നു. അതുകൊണ്ടുതന്നെയാകാം ഡിസ്‌ക് വേള്‍ഡ് കഥകളിലെ തന്റെ ഇഷ്ട കഥാപാത്രത്തിന് അദ്ദേഹം മരണം (ഉലമവേ) എന്നു പേരിട്ടത്. സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങളില്‍ ടെറിക്ക് ഏറ്റവും ഇഷ്ടവും ചങ്ങാത്തവും 'മരണ'ത്തോടു തന്നെയായിരുന്നു. മറവിയിലേക്കു പൂര്‍ണമായും മടങ്ങേണ്ടി വരുംമുമ്പ് ആ ചങ്ങാതി ടെറിയെ തേടി വന്നു. ടെറിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന അവസാന ട്വീറ്റുകളിലൊന്ന് 'ഡെത്തി'ന്റെ പേരിലാണ് കുറിച്ചിടപ്പെട്ടത്. അതിങ്ങനെയാണ്: 'സര്‍ ടെറി, നമുക്കൊന്നിച്ചു കൈകോര്‍ത്തു നടക്കാന്‍ ഇതാ സമയമെത്തിക്കഴിഞ്ഞു!' അങ്ങനെ മറവിയുടെ മേടുകളിലേക്ക് മുങ്ങിത്താഴും മുമ്പ് ഒരു രോഗിയുടെ അവശതകളില്ലാതെ തികഞ്ഞ ഒരു പോരാളിയായിത്തന്നെ മാര്‍ച്ച് 12-ന് ടെറി പ്രാച്ചെറ്റ് മരണത്തിന്റെ കൈകോര്‍ത്ത് ജീവിതത്തോടു വിടപറഞ്ഞു.