1948 ജനവരി 30-ാം തീയതി വൈകീട്ട് പതിവ് പ്രാര്‍ഥനായോഗത്തിലേക്ക് പോകവേ വധിക്കപ്പെട്ട മഹാത്മജിയുടെ അന്ത്യനിമിഷങ്ങള്‍ അദ്ദേഹത്തിന്റെ പൗത്രി മനുഗാന്ധി പത്രക്കാരുമായി പങ്കുവെച്ചതിങ്ങനെ. '... പ്രാര്‍ഥനാമണ്ഡപത്തിലേക്കുള്ള പടികളില്‍ നാലു കയറിയപ്പോഴേക്കും ഏകദേശം 35 വയസ്സ് പ്രായമുള്ള ഒരു യുവാവ് ഗാന്ധിജിയുടെ മുന്‍പാകെ വന്നു. ഗാന്ധിജിയില്‍നിന്ന് ഏകദേശം രണ്ടുവാര മാത്രം അകലെനിന്ന് വണങ്ങി. ഗാന്ധിജി പ്രതിവന്ദനം ചെയ്തു. 'ഇന്ന് പ്രാര്‍ഥനയ്‌ക്കെത്താന്‍ കുറേ വൈകിയല്ലോ.' ആ യുവാവ് പറഞ്ഞു. 'ഉവ്വ്, ഞാന്‍ വൈകി.' ഗാന്ധിജി ചിരിച്ചുകൊണ്ട് പ്രതിവചിച്ചു. അപ്പോഴേക്കും യുവാവ് തന്റെ റിവോള്‍വര്‍ വലിച്ചെടുത്തു. ഗാന്ധിജിയുടെ അശുവായ ദേഹത്തിനുനേരെ തുടരെത്തുടരെ മൂന്ന് ഉണ്ടകള്‍ ഒഴിച്ചുകഴിഞ്ഞിരുന്നു. ആദ്യത്തെ വെടി വയറില്‍ കൊണ്ടു. 'ഹാ രാം... ഹാ രാം' എന്ന് ഗാന്ധിജി മന്ത്രിച്ചുതുടങ്ങി. രണ്ടാമത്തെ വെടി അടിവയറ്റില്‍ കൊണ്ടു. മൂന്നാമത്തെ വെടി നെഞ്ചത്തും. ഗാന്ധിജി മലര്‍ന്നുവീണു. കണ്ണട തെറിച്ചുപോയിരുന്നു. മുറിവുകളില്‍നിന്ന് രക്തം പ്രവഹിച്ചുകൊണ്ടിരുന്നു. ആബാ ഗാന്ധിയും താനുംകൂടി ഗാന്ധിജിയെ പിടിച്ചിരുത്തി. നാലോ അഞ്ചോ ആളുകള്‍ അദ്ദേഹത്തെ ഉടനെ ബിര്‍ലാ മന്ദിരത്തിലേക്കെടുത്തു. ഗാന്ധിജിയെ കിടത്തിയിരുന്ന മുറി ഉടനെ അടച്ചു... ഗാന്ധിജിയുടെ സംഘത്തിലെ ദുഃഖവിവശനായ ഒരംഗം ഗാന്ധിജിയുടെ മുറിയില്‍നിന്ന് പുറത്തേക്ക് വന്നു. 'ബാപ്പു അന്തരിച്ചു.'

മഹാത്മാഗാന്ധി പുസ്തകങ്ങള്‍ വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ദുര്‍ബലമായിരുന്ന നാല്പതുകളില്‍ ലോകത്തിലെ ഏറ്റവും മഹാനായ മനുഷ്യന്റെ ദാരുണ അന്ത്യം ലോകജനതയെ അറിയിക്കുന്നതില്‍ അദ്ഭുതകരമായ മികവാണ് മാധ്യമങ്ങള്‍ പുലര്‍ത്തിയത്. ചില പത്രങ്ങള്‍ അവരുടെ മാസ്റ്റര്‍ഹെഡിനു മുകളിലാണ് വാര്‍ത്തയ്ക്ക് സ്ഥാനം നല്കിയത്. ദുഃഖസൂചകമായി നാലുഭാഗവും കറുത്ത ബോര്‍ഡര്‍ നല്കി ബോക്‌സ് രൂപത്തിലാണ് മാതൃഭൂമിയുടെ ഒന്നാംപേജ് രൂപകല്പന ചെയ്തിരുന്നത്. മാതൃഭൂമി അതുവരെ കൊടുത്തതില്‍ വെച്ചേറ്റവും വലിയ തലക്കെട്ട് മഹാത്മജിയുടെ വേര്‍പാടിന് നല്കി. 'ഗാന്ധിജി വെടിയേറ്റ് മരിച്ചു' എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയ്ക്കു താഴെ 'പ്രാര്‍ഥനാ സമയത്തെ അക്രമം, രാഷ്ട്രപിതാവിന്റെ അന്ത്യനിമിഷങ്ങള്‍' എന്നീ ഉപതലക്കെട്ടുകള്‍ നല്കിയാണ് മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ വിവരണം. 'മഹാത്മാഗാന്ധി പ്രാര്‍ഥനായോഗത്തിലേക്ക് നടന്നുപോകുന്ന വഴിക്ക് വെടിയേറ്റ് മരിച്ചിരിക്കുന്നു എന്ന വിവരം വ്യസനസമേതം അറിയിക്കേണ്ടിവന്നിരിക്കുന്നു' എന്ന വാചകത്തിനു താഴെ ഗാന്ധിജിയുടെ നേര്‍ക്ക് 4 പ്രാവശ്യം വെടിവെക്കുകയുണ്ടായി എന്ന് വെളിപ്പെടുത്തുകയുണ്ടായെങ്കിലും തൊട്ടടുത്ത വരിയില്‍ അത് മൂന്നോ നാലോ തവണ വെടിയുടെ ശബ്ദം കേട്ടുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു ലേഖകനെ ഉദ്ധരിച്ച് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. സംഭവം കണ്ടുനിന്നിരുന്ന ഒരാള്‍ എ.പി.ഐ. ലേഖകനോട് പറഞ്ഞ വിവരത്തെയാണ് മിക്കവാറും എല്ലാ പത്രങ്ങളും ആശ്രയിച്ചത്. ദൃക്‌സാക്ഷി വിവരണം ഇങ്ങനെ: 'ഗാന്ധിജി ബിര്‍ലാ മന്ദിരത്തില്‍ നിന്ന്, അദ്ദേഹം സാധാരണ പ്രാര്‍ഥനയ്ക്ക് ഇരിക്കാറുള്ള ചെറിയ പ്ലാറ്റ്‌ഫോമിലേക്ക് തന്റെ ദൗഹിത്രിയുടെ തോളത്ത് കൈയുംവെച്ചുകൊണ്ട് പതിവുപോലെ നടന്നുവരികയായിരുന്നു. ഗാന്ധിജി അടുത്തുവന്നതോടെ ജനക്കൂട്ടം നടുവില്‍ വഴി ഒഴിച്ച് രണ്ടുഭാഗത്തേക്കായി പിരിഞ്ഞുനിന്നു. ആ സമയം മുപ്പതോ മുപ്പത്തഞ്ചോ വയസ്സായ ഒരു ചെറുപ്പക്കാരന്‍ തോക്ക് അരയില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് നാലുപ്രാവശ്യം വെടിവെച്ചു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഒരു പിടിയും കിട്ടാത്തവിധം അത്ര പെട്ടെന്നാണ് സംഭവങ്ങള്‍ നടന്നത്. കഴുത്തില്‍നിന്ന് വയറുവരെ ഗാന്ധിജിയുടെ ശുഭ്രവസ്ത്രത്തിന്മേല്‍ ചോര പുരണ്ടതായിക്കണ്ടു. ചുറ്റുമുണ്ടായിരുന്ന സ്ത്രീകളില്‍ ചിലര്‍ കുഴഞ്ഞുവീണു, ചിലര്‍ ഗാന്ധിജിയുടെ മുന്‍പില്‍ മറച്ചുനിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചു. ജനക്കൂട്ടം അക്രമിയെ ഏതാനും നിമിഷം പിടിച്ചുനിര്‍ത്തി. അപ്പോഴേക്കും പോലീസ് വന്ന് അയാളെ ഏറ്റെടുത്തു. 'എന്തുപറ്റി' എന്ന് പലരും വിളിച്ചു ചോദിച്ചുകൊണ്ടിരുന്നു. 5.46-ന് ബിര്‍ലാ മന്ദിരത്തില്‍ നിന്ന് ഗാന്ധിജിയുടെ അന്തേവാസി വന്ന് 'ബാപ്പുജി നിര്യാതനായി' എന്നറിയിച്ചു'.

ഗാന്ധിജിയെ കൊലപ്പെടുത്തിയ ആള്‍ നാത്തുറാം വിനായക ഗോഡ്‌സെ 35 വയസ്സുള്ള മഹാരാഷ്ട്രക്കാരനായ ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച 'ഹിന്ദു'വാണെന്നും അയാള്‍ 'ഹിന്ദുരാഷ്ട്ര'മെന്ന പത്രത്തിന്റെ അധിപനാണെന്നും എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാതൃഭൂമിയുടെ ഒന്നാംപേജില്‍ വലതുവശം രണ്ടുകോളം ബോക്‌സില്‍ മഹാത്മജിയുടെ വലിയ ഫോട്ടോയ്ക്കു താഴെ 'വെളിച്ചം പൊലിഞ്ഞു, പക്ഷേ, അത് നിന്ന് കത്തും' എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അനുശോചന പ്രസംഗം പൂര്‍ണരൂപത്തില്‍ നല്കി. രണ്ടാംപേജില്‍ ഗാന്ധിജിയുടെ ജീവിതത്തിലെ ചരിത്രനിമിഷങ്ങള്‍ അടങ്ങിയ നിരവധി ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. മഹാത്മജിയുടെ മരണം സൃഷ്ടിച്ച ഞെട്ടലില്‍നിന്ന് മുക്തമാകാന്‍ കഴിയാതെ ജനവരി 31-ലെ മാതൃഭൂമി മുഖപ്രസംഗത്തിന്റെ സ്ഥലം ശൂന്യമാക്കി ഇട്ടുകൊണ്ടാണ് പ്രസിദ്ധീകരിച്ചത്. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന ഗാന്ധിജിയുടെ പൗത്രി മനുഗാന്ധി നല്കിയ വിവരങ്ങള്‍ വമ്പിച്ച പ്രാധാന്യത്തോടെ എല്ലാ പത്രങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചു.

മുഹമ്മദ് അലി ജിന്ന സ്ഥാപിച്ച കറാച്ചിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'ഡോണ്‍' എന്ന ഇംഗ്ലീഷ് പത്രത്തിന്റെ ഭൂരിപക്ഷം പേജുകളും ഗാന്ധിവധ വാര്‍ത്തകള്‍ക്കായി നീക്കിവെച്ചു. ഗാന്ധിജിയുടെ ഇന്ത്യന്‍ പത്രങ്ങള്‍ കൊടുത്തതിലും വലിയ ചിത്രമാണ് 'ഡോണ്‍' ഒന്നാംപേജില്‍ നല്കിയത്. തലക്കെട്ട്: 'MAHATMA GANDHI A MARTYR TO ASSASSIN'S BULLETS HIT BY FOUR SHOTS AT CLOSE RANGE: WORLD SHOCKED BY NEWS OF DELHI OUTRAGE: ASSAILANT ARRESTED.'

II
1948 ജനവരി 30 വെള്ളിയാഴ്ച ലോകത്തെ നടുക്കിയ ആ ദിവസം ബിര്‍ളാ മന്ദിരത്തിലെ മുറിയില്‍ റോസാപുഷ്പദളങ്ങളാല്‍ ആവൃതമായ ഗാന്ധിജിയുടെ മൃതശരീരത്തിന് ചുറ്റുമിരുന്ന് അടുത്തബന്ധുക്കള്‍ ഉള്‍പ്പെടെ ഇരുപതുപേര്‍ രാത്രിമുഴുവന്‍ പ്രാര്‍ഥന നടത്തി. പ്രഭാതത്തില്‍ പുണ്യപുരുഷന്റെ ദേഹം യമുനാ ജലത്തില്‍ കുളിപ്പിച്ചു. മഹാത്മജിയുടെ ശരീരത്തില്‍ വെടിയേറ്റ പാടുകള്‍ ദൃശ്യമായിരുന്നു. മുഖമൊഴികെ ദേഹം മുഴുവന്‍ പുതിയതായി ഇറുത്തുകൊണ്ടുവന്ന പുഷ്പങ്ങള്‍ കൂമ്പാരമായി കൂട്ടിയിരുന്നു. ശംഖനാദത്തിനും മംഗളധ്വനികള്‍ക്കുമിടയില്‍ 11.45 ന് ബിര്‍ളാമന്ദിരത്തില്‍ നിന്ന് ഭൗതികശരീരം പുറത്തേക്ക് കൊണ്ടുവന്നു. 'മഹാത്മാഗാന്ധി അമര്‍ഹെ' എന്ന ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങവേ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനം അഞ്ചര നാഴിക അകലെയുള്ള യമുനാതീരത്തെ രാജ്ഘട്ടിലേക്ക് സാവധാനത്തില്‍ നീങ്ങാന്‍ തുടങ്ങി. 4.15ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സംസ്‌കാരസ്ഥലത്തെത്തി. ചെങ്കോട്ടയ്ക്കും യമുനാനദിക്കും ഇടയിലുള്ള വിശാലമായ തുറന്നസ്ഥലത്തുവെച്ചാണ് അന്ത്യകര്‍മങ്ങള്‍ നടന്നത്. സംസ്‌കാരകര്‍മം നടന്നത് യമുനാഘട്ടില്‍ വെച്ചായിരുന്നില്ല. രാജ്ഘട്ടില്‍വെച്ചായിരുന്നു. പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും സ്ഥലം സന്ദര്‍ശിച്ചതില്‍ രാജ്ഘട്ടാണ് ഗാന്ധിജിക്ക് സ്മാരകത്തിന് പറ്റിയസ്ഥലം എന്നു ബോധ്യപ്പെട്ടതിനാലാണ് ഇങ്ങനെ നിശ്ചയിച്ചത്. വൈകുന്നേരം കൃത്യം 4.50ന് മൃതദേഹം സംസ്‌കരിക്കപ്പെട്ടു. ഗാന്ധിജിയുടെ മൂന്നാമത്തെ മകന്‍ രാംദാസ് ഗാന്ധിയാണ് ചിതയ്ക്ക് തീകൊളുത്തിയത്.

1948 ഫിബ്രവരി 1, 2 തീയതികളില്‍ ശവസംസ്‌കാരച്ചടങ്ങുകളുടെ വിശദാംശങ്ങള്‍, ലോകനേതാക്കളുടെ അനുശോചനസന്ദേശങ്ങള്‍, ഗുജറാത്തിലും മഹാരാഷ്ട്രയിലും നടന്ന കലാപങ്ങള്‍, വധത്തിനു പിന്നിലെ ഗൂഢാലോചനകള്‍ എന്നിവയായിരുന്നു മാധ്യമങ്ങളിലെ മുഖ്യ ഇനങ്ങളായിരുന്നത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഘാതകനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫിബ്രവരി 4-ാം തീയതി മാതൃഭൂമി ഒന്നാംപേജില്‍ 'ഘാതകന്‍ തുന്നല്‍ക്കാരനായിരുന്നു' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത നടുക്കുന്നതായിരുന്നു. 'രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ഘാതകനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ അറിവായിരിക്കുന്നു. ഇയാള്‍ ആദ്യകാലത്ത് ഒരു വെറും തുന്നല്‍ക്കാരനായിരുന്നു. അന്ന് നാരായണ റാവു ഗോഡ്‌സേ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. കുറച്ചുകാലം ഇയാള്‍ ഹൈദരാബാദില്‍ പാര്‍ത്തിരുന്നു. അവിടെവെച്ച് അയാള്‍ തന്റെ പേര്‍ നാഥുറാം വിനായക ഗോഡ്‌സേ എന്നാക്കി മാറ്റി. 1939-ല്‍ നാഥുറാം പൂനയിലേക്ക് വരികയും ഹിന്ദു മഹാസഭാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ആദ്യം ഇയാള്‍ ഹിന്ദുമഹാസഭയുടെ ഒരു വെറും വളണ്ടിയര്‍ ആയിരുന്നു. പിന്നീട് ഒരു സഭാപ്രവര്‍ത്തകനായി മാറി. ഇയാള്‍ ഒരു മുഴുത്ത വര്‍ഗീയവാദിയായിരുന്നതിനാല്‍ സവര്‍ക്കര്‍ ഗ്രൂപ്പില്‍ ഒരു നല്ല സ്ഥാനം നേടാന്‍ വലിയ പ്രയാസമുണ്ടായില്ല. ഇതുകൊണ്ടുതന്നെയാണ് നാഥുറാം സംസ്ഥാന ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിത്തീര്‍ന്നതും. റിവോള്‍വര്‍, ബോംബ് തുടങ്ങിയ നശീകരണ സാമഗ്രികള്‍ ഉപയോഗിച്ച് കാര്യം നേടാമെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമാണ് സവര്‍ക്കര്‍ ഗ്രൂപ്പ് എന്നാണറിയപ്പെടുന്നത്. കുറച്ചു മുന്‍പാണ് നാഥുറാം ഒരു പത്രം തുടങ്ങിയത്. ഇതിന്റെ ഉടമസ്ഥനും അയാള്‍തന്നെയായിരുന്നു. പത്രം അക്രമപ്രേരിതമായ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ 3 മാസം മുന്‍പ് ബോംബെ ഗവണ്‍മെന്റ് ജാമ്യസംഖ്യ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടു. ലൈസന്‍സില്ലാതെ ആയുധം കൈവശം വെച്ചതിന് കുറച്ചു മുന്‍പ് അറസ്റ്റുചെയ്തതായും പിന്നീട് വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്'. 1948 ജനവരി 20-ാം തീയതി ബിര്‍ളാമന്ദിരത്തിലെ പ്രാര്‍ഥനാ യോഗത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ഗോഡ്‌സേ ആയിരുന്നെന്നും അന്ന് ലക്ഷ്യം നിറവേറ്റാനായില്ലെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തിയ ആസൂത്രിത നീക്കമാണ് ലക്ഷ്യത്തിലെത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. 'ജനവരി 20-ാം തീയതി ഗാന്ധിജിയുടെ പ്രാര്‍ഥനായോഗത്തില്‍വെച്ച് ബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ നാഥുറാം അവിടെ ഉണ്ടായിരുന്നത്രെ. അന്നുതന്നെ ഗാന്ധിജിയെ വധിക്കാനായിരുന്നു അവരുടെ പ്ലാന്‍. മദന്‍ലാല്‍ വെച്ച ആദ്യത്തെ ബോംബ് പൊട്ടിത്തെറിക്കുമ്പോള്‍ ആളുകളെല്ലാം ദൂരെ ഓടിപ്പോകുമെന്നും അപ്പോള്‍ നാഥുറാം ഗാന്ധിജിയുടെ അടുത്തുവന്ന് അദ്ദേഹത്തിന്റെ മേല്‍ ഒന്നോ രണ്ടോ നാടന്‍ ബോംബ് എറിയണമെന്നുമായിരുന്നു അവര്‍ നിശ്ചയയിച്ചിരുന്നത്. പക്ഷേ, ആ പ്ലാന്‍ വിജയിച്ചില്ല. നാഥുറാം അന്നുതന്നെ പൂനയിലേക്ക് മടങ്ങി. ജനവരി 28-ാം തീയതി അയാള്‍ വീണ്ടും ഡല്‍ഹിയിലേക്ക് തിരിച്ചുവന്നു. ഡല്‍ഹി സെന്‍ട്രല്‍ റെയില്‍വേ ജങ്ഷനിലെ റിട്ടയറിങ് റൂമിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. 29-ാം തീയതി നാഥുറാം, ഗാന്ധിജിയുടെ പ്രാര്‍ഥനാസ്ഥലം പരിശോധിക്കുകയും അയാളുടെ കഠോരകൃത്യത്തിനുള്ള പരിപാടികള്‍ തയ്യാറാക്കുകയും ചെയ്തു. പിറ്റേദിവസം പ്രാര്‍ഥനാ യോഗത്തില്‍വെച്ച് അയാള്‍ ആ കൊടുംക്രിയ നടത്തി'

ഗാന്ധിവധക്കേസ് വിചാരണ ജൂണ്‍ 2-ാം തീയതി ആരംഭിച്ചു. കോടതി നടപടികള്‍ ഇന്ത്യയിലെ ഭൂരിപക്ഷം മാധ്യമങ്ങളും പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയിലെ എല്ലാ പത്രങ്ങളും 8 കോളം വലുപ്പത്തില്‍ ഗാന്ധിവധം പ്രസിദ്ധീകരിച്ചപ്പോള്‍ 'ദ ഹിന്ദു' പത്രം GANDHIJI SHOT DEAD എന്ന മൂന്നുകോളം തലക്കെട്ടാണ് വാര്‍ത്തയ്ക്ക് നല്‍കിയത്. ഗാന്ധിവധത്തിലേക്ക് നയിച്ച സംഭവങ്ങളുടെ വിശദാംശങ്ങള്‍ ഏറ്റവും അധികം വായനക്കാര്‍ക്ക് നല്‍കിയതും 'ദ ഹിന്ദു'വായിരുന്നു. '

(മഹാത്മജി- മാതൃഭൂമി രേഖകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം