നൂറ് വയസിലെത്തിയ കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ തന്റെ ഒരു ദിവസത്തെക്കുറിച്ച് പറയുന്നു.


പലരും പലയിടത്തുനിന്നും ആകാംക്ഷയോടെ ചോദിക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണിവിടെ വിശദമാക്കുന്നത്. എന്നെ പരിചയപ്പെട്ടു കഴിഞ്ഞാല്‍ ചിലര്‍ ഈയൊരു ചോദ്യം ഉന്നയിക്കുന്നതിന്റെ പിന്നിലെ രഹസ്യം അവര്‍ക്കും ഞാന്‍ പറയുന്ന കാര്യങ്ങള്‍ പിന്തുടര്‍ന്ന് എങ്ങനെ ജീവിക്കാമെന്നാകും. ചോദ്യമിതാണ്, എന്താണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം? ഇതിനുള്ള ഉത്തരം പറയാം. ഒറ്റവാക്കില്‍ ആരോഗ്യം കാക്കാനായി പ്രത്യേക ചിട്ടവട്ടങ്ങള്‍ ഒന്നും ഇല്ല. കുട്ടിക്കാലം മുതല്‍ ശിലിച്ച കാര്യങ്ങള്‍, അവയെല്ലാംതന്നെ മാറ്റമില്ലാതെ ഇന്നും തുടരുന്നു. ഈയൊരു ചിട്ടയുടെ ബലത്തിലാവും ആരോഗ്യം നിലനില്ക്കുന്നതു തന്നെ എന്നാണ് തോന്നുന്നത്.

കുട്ടിക്കാലം മുതലേ അതിരാവിലെ ഉണരണമെന്നത് കര്‍ശനമായിരുന്നു. ഉണര്‍ന്നില്ലെങ്കില്‍ വീട്ടുകാര്‍ വിളിച്ചുണര്‍ത്തും. ഇന്നത്തെ കുട്ടികള്‍ക്കാണെങ്കില്‍ ഉറക്കമില്ലാ രാത്രികളാണ്. എത്രത്തോളം വൈകി ഉറങ്ങാമോ, അത്രത്തോളം വൈകി ഉറങ്ങും. എന്നാലും രാവിലെ കോഴികൂവുന്നതിന് മുന്‍പെ തന്നെ എഴുന്നേല്ക്കണമെന്നാണ് പറയുക. അതു ചെയ്യില്ല. അവര്‍ എഴുന്നേല്ക്കുമ്പോഴേക്കും ചിലപ്പോള്‍ കോഴികള്‍ക്ക് രണ്ടാമതൊരു ഉറക്കത്തിന് സമയമായിട്ടുണ്ടാവും.

'ജീവിതരസങ്ങള്‍' വാങ്ങാം

കഥകളിപഠനം തുടങ്ങിയപ്പോള്‍ പുലര്‍ച്ചേ മൂന്നു മണിക്ക് മുന്‍പെ തന്നെ ഉണരണം. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് കച്ചകെട്ടി, മുക്രട്ടുമായി കളരിയിലെത്തും. മെയ്യഭ്യാസം ചെയ്ത് വിയര്‍ക്കുമ്പോഴേക്കും ആശാനെത്തും. പിന്നെ തുടങ്ങുകയായി അഭ്യാസക്രമങ്ങള്‍. ഓരോ പ്രഭാതത്തിലും ഇതു തുടരും. ഇങ്ങനെ വര്‍ഷങ്ങള്‍. കഥകളിപഠനത്തിലൂടെ എങ്ങനെ ചിട്ടയായി ജീവിക്കാമെന്നാണ് പഠിക്കാന്‍ കഴിഞ്ഞത്. ആ ചിട്ടവട്ടം രക്തത്തിലലിഞ്ഞ് ചേര്‍ന്നതാവാം ഇന്നും മനസ്സിനും ശരീരത്തിനും വാര്‍ധക്യം ബാധിക്കാത്തത്.

ഇന്നാണെങ്കില്‍ എന്നും രാവിലെ അഞ്ചുമണിക്ക് മുന്‍പേ തന്നെ ഉണരും. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞതും ഒരു കട്ടന്‍ ചായ. കുറച്ച് അഭ്യാസങ്ങള്‍ ചെയ്ത് ശരീരം ചൂടാക്കും. പിന്നെ ഷേവും ചെയ്യും. ബ്ലേഡ് ഉപയോഗിച്ച് കണ്ണാടി ഉപയോഗിക്കാതെയാണ് ഷേവിങ്. ഇതിനെ ബന്ധുക്കള്‍ വിലക്കാറുണ്ടെങ്കിലും കാര്യമാക്കാറില്ല.

മഴക്കാലത്ത് വയലേലകളില്‍ കെട്ടിനില്ക്കുന്ന ചളി, വേനല്‍ക്കാലത്ത് എങ്ങനെയായിരിക്കും? വെള്ളം മുഴുവന്‍ വറ്റുകയും വരള്‍ച്ച വന്നതിനാല്‍ ഉണങ്ങി പൊട്ടിക്കീറിയിരിക്കും. അതുപോലെയായിരുന്നു എന്റെ മുഖം. കഥകളിപഠനം തുടങ്ങിയ അന്നു മുതല്‍ താടിയും മീശയും ഉപേക്ഷിച്ചതാണ്. ഒരുപക്ഷേ, ഇവ കിളിര്‍ത്തുവരുന്ന പ്രായമായിരിക്കാം ഇത്. കാരണം ദിവസവും മുഖത്ത് ചായം തേയ്ക്കണം. ആദ്യമൊക്കെ മുഖത്ത് കുരുക്കള്‍ ഉണ്ടാവുകയും അത് പൊട്ടി നീരൊലിക്കുകയും ചെയ്യും. മുഖത്തെ താടിരോമങ്ങള്‍ വെട്ടിയൊതുക്കണം. ഈ കുറ്റിരോമങ്ങളിലാണ് ചുട്ടികുത്തുകയും അലങ്കാരങ്ങള്‍ ഉറപ്പിക്കുകയും ചെയ്യുന്നത്. നവരാത്രി വ്രതക്കാലയളവില്‍ മാത്രമാണ് മീശയും താടിയും വളര്‍ത്തുക. കുറച്ചുകാലം മുന്‍പുവരെ മുടി നീട്ടിവളര്‍ത്തിയിരുന്നു. കൃഷ്ണവേഷമണിയുമ്പോള്‍ കിരീടം ഇളകിത്തുടങ്ങിയപ്പോഴാണ് മുടി വെട്ടിയത്. മുടി വെട്ടിയെടുത്തപ്പോള്‍ അതുപയോഗിച്ച് ഏഴു വിഗ്ഗ് (കൃത്രിമ മുടി) നിര്‍മിച്ചതായി പിന്നീട് ആരോ അറിയിച്ചിരുന്നു. ദിവസവും എണ്ണതേച്ചാണ് കുളിക്കുക. തൊലിപ്പുറത്ത് ചില അസുഖങ്ങള്‍ വന്നതിനാല്‍ എണ്ണ ദേഹത്ത് തൊടരുത് എന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതിനാല്‍ അടുത്തകാലത്തായി ഈ ദിനചര്യയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എങ്കിലും ഈ നിര്‍ദേശം പാലിക്കുക പ്രയാസമാണ്. സോപ്പ് ഉപയോഗിക്കുന്ന പതിവില്ല. കുളി കഴിഞ്ഞ് പൂജാമുറിയിലെത്തും. അരമണിക്കൂറിലധികം വാതിലടച്ചിരുന്നാണ് പ്രാര്‍ഥന. ഗുരുവായൂര്‍ ക്ഷേത്രനടയില്‍നിന്നാണ് പ്രാര്‍ഥന തുടങ്ങുക. തിരുവങ്ങാട് ക്ഷേത്രം, ശ്രീരാമസ്വാമി, കൊട്ടിയൂര്‍, തറവാടായ കിണറ്റുംകരയിലെ കുലദൈവം, പിഷാരികാവിലമ്മ, ശബരിമല... അങ്ങനെ മനസാ സഞ്ചരിച്ച് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രസന്നിധിയിലെത്തുന്നതോടെ പ്രാര്‍ഥന അവസാനിക്കും. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ, പതിവായി ഇവിടെയെല്ലാം ഞാനെത്താറുണ്ടായിരുന്നു. ഇന്ന് എനിക്ക് 'പ്രായമായി' എന്ന അസുഖത്താല്‍ ഇവിടെയൊന്നും പോകാന്‍ ആവുന്നില്ല. എങ്കിലും എന്റെ മനസ്സ് ഈ ക്ഷേത്രസന്നിധിയിലെല്ലാം ദിവസവും എത്തി നമിക്കും. പ്രാര്‍ഥന കഴിഞ്ഞ് ലളിതാസഹസ്രനാമം ചൊല്ലാറുണ്ട്.

പൂജാമുറിയില്‍നിന്നും പുറത്തിറങ്ങുമ്പോഴേക്കും പ്രഭാതഭക്ഷണത്തിന് കാലമായിട്ടുണ്ടാവും. മത്സ്യം, മാംസം, മുട്ട എന്നിവയല്ലാത്ത എന്തും കഴിക്കും. രക്തസമ്മര്‍ദം, പ്രമേഹം ഒന്നും ഇല്ലെങ്കിലും ചായയില്‍ പഞ്ചസാര ഉപയോഗിക്കാറില്ല. പൊതുവേ മധുരപ്രിയനായ എനിക്ക് പഞ്ചസാരയിട്ട് ആരെങ്കിലും ചായ തന്നാലും കുടിക്കാറുണ്ട്. പ്രഭാതഭക്ഷണത്തില്‍നിന്നും ഒരു ഭാഗം മാറ്റിവെക്കാറുണ്ട്. എന്നെ വിട്ടുപോയവര്‍ക്ക് അവകാശപ്പെട്ടതാണിത്.

തുടര്‍ന്നാവും എന്റെ പൊതുജനസമ്പര്‍ക്കം. ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കുകയാവും മിക്കയിടത്തും പരിപാടി. എന്റെ പ്രായം പരിഗണിച്ച് ചിലര്‍ക്ക് ആദരിക്കുകയും വേണം. കലാ സാംസ്‌കാരിക രാഷ്ട്രീയ സംഘടനാ ഭാരവാഹികള്‍ ആരുവിളിച്ചാലും കലാകാരന്‍ എന്നതിനാല്‍ ഞാന്‍ പങ്കെടുക്കാറുണ്ട്. ഇത്തരം ചടങ്ങുകളില്‍ ലഭിക്കുന്ന ബാഡ്ജുകള്‍, അവ ഒന്നുപോലും ഉപേക്ഷിക്കാതെ സൂക്ഷിച്ചുവെക്കും. എന്റെ മുറിയുടെ ജനലിനു മുകളില്‍ കെട്ടിത്തൂക്കും. വര്‍ഷങ്ങളായി തുടരുന്ന പ്രക്രിയയായതിനാല്‍ ബാഡ്ജുകള്‍ ഒരു കൂമ്പാരമായി തീര്‍ന്നിട്ടുണ്ട്. ആദരിക്കുമ്പോള്‍ ലഭിക്കുന്ന മാലകളില്‍നിന്നും പൂവുകള്‍ ശേഖരിച്ച് വിത്തുകളാക്കി പാകി മുളപ്പിച്ച് വളര്‍ത്താറുമുണ്ട്. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ കൃത്യനിഷ്ഠ പ്രധാനമാണ്. അതിനാലാവണം പറഞ്ഞുറപ്പിച്ച സമയത്തിന് മുന്‍പേ തന്നെ എല്ലാ തയ്യാറെടുപ്പുകളും നടത്തി ക്ഷണിച്ചവരെ കാത്തിരിക്കും.

ഇങ്ങനെ മുന്‍കൂട്ടി നിശ്ചയിച്ച ചടങ്ങുകള്‍ ഒന്നും ഇല്ലെങ്കില്‍ കഥകളി വിദ്യാലയത്തിലേക്കും ചേലിയ അങ്ങാടിയിലേക്കും പോകും. കുട്ടികളെയും നാട്ടുകാരെയും ഒക്കെ കാണാമല്ലോ. വിശേഷങ്ങള്‍ പങ്കുവെക്കും. ഈയൊരു സ്വഭാവത്തെക്കുറിച്ചുള്ള ഒരു സംഭവം പറയട്ടെ:

ഞാനും സഹോദരിയും വീട്ടിലുള്ള സമയം. എന്തോ അത്യാവശ്യത്തിന് ആരോ ഒരാള്‍ തന്നെ അന്വേഷിച്ചെത്തി. എവിടെയും എന്നെ കാണാത്തതിനാലാണ് വീട്ടിലെത്തിയത്. അവരോട് സഹോദരി പറഞ്ഞ മറുപടി:

'രാവിലെ ചായയും കുടിച്ച് പത്രം വായിക്കുന്നത് കണ്ടിരുന്നു. ഉച്ചഭക്ഷണം വേണമെന്നും ഇവിടെയുണ്ടാകുമെന്നും പറഞ്ഞാണ് പത്രമെടുത്തത്. അതിനു ശേഷമാണ് കാണാതായത്. സമീപത്തുള്ള ആരെങ്കിലും മരിച്ചതായി ചരമപ്പേജില്‍ വാര്‍ത്തയുണ്ടെങ്കില്‍ അതു വായിച്ച് അവിടേക്ക് പോയിട്ടുണ്ടാവും.'
ഇതും പറഞ്ഞ് അയാള്‍ക്ക് നേരേ സഹോദരി പത്രം നീട്ടി. ഇത്തരത്തിലാണ് എന്റെ സ്വഭാവമെന്ന് കൂടെയുള്ളവര്‍ക്ക് നന്നായി അറിയാമായിരുന്നു.
ഉച്ചയ്ക്ക് ഊണു കഴിക്കും. സമയനിഷ്ഠയൊന്നും ഇല്ല. വൈകീട്ട് ചായയും പുഴുക്കുമാണ് പതിവ്. സന്ധ്യയ്ക്ക് വീട്ടിലാണെങ്കില്‍ ഞാന്‍ തന്നെ വിളക്കു കൊളുത്തി നാമം ജപിക്കും. ശേഷം കുറച്ചു നേരം ടിവി കാണും. ഇന്ന പരിപാടി എന്നൊന്നുമില്ല. ഒന്‍പത് മണിയോടെയാണ് രാത്രിഭക്ഷണം. ചോറ്, കഞ്ഞി എന്നുള്ള വ്യത്യാസമില്ല. വീണ്ടും ടിവിക്കു മുന്‍പിലെത്തും. കുറെ കഴിഞ്ഞ് ബന്ധുക്കളാരെങ്കിലും വന്ന് കിടന്നുറങ്ങാന്‍ പറഞ്ഞാലാവും മനസ്സില്ലാതെയാണെങ്കിലും പോയി കിടക്കുക.

ഏഷ്യാനെറ്റില്‍ സംപ്രക്ഷണം ചെയ്യാറുള്ള 'ദേവീമാഹാത്മ്യം' എന്ന സീരിയല്‍ ഒരു ദിവസംപോലും മുടങ്ങാതെ കാണാറുണ്ട്. കാരണം, ദേവിയുടെ അദ്ഭുതപ്രവൃത്തികള്‍ ഞാനും അനുഭവിച്ചറിഞ്ഞിട്ടുള്ളതിനാലാണ്. മൂകാംബികാ ക്ഷേത്രസന്നിധിയില്‍നിന്നായിരുന്നു ഒരു അനുഭവം. അതിങ്ങനെ:
ഉത്സവത്തോടനുബന്ധിച്ചുള്ള രഥോത്സവം നടക്കുന്നു. തേരിനു ചുറ്റുമായി വന്‍ ജനസഞ്ചയം തിക്കിത്തിരക്കുകയാണ്. കുറച്ചുകൂടി മുന്നോട്ടു രഥം നീങ്ങിയാല്‍ കുറെ നാണയത്തുട്ടുകള്‍ മുകളിലേക്ക് എറിയും. ഇവയില്‍ ഒന്നെങ്കിലും കൈവശം ലഭിച്ചാല്‍ പുണ്യമാണെന്നാണ് വിശ്വാസം. അതിനാലാവണം ഭാഗ്യനാണയത്തുട്ടുകള്‍ക്കായി ജനം തിരക്കുകൂട്ടുന്നത്. ഇതിനിടയില്‍ ഒരു നാണയം എന്റെ ദേഹത്തുവീണെങ്കിലും മറ്റൊരാളത് കൈവശപ്പെടുത്തി. തിരിച്ച് രഥയാത്രയ്ക്ക് ഒപ്പം കൂടാന്‍ കഴിയാതെ നിരാശനായി മടങ്ങവേ, അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ എന്നെ മാടിവിളിച്ചു. അടുത്തെത്തിയതും സാന്ത്വനസ്വരത്തില്‍ ഒരു ചോദ്യം:
'വാങ്കേ, വാങ്കേ, ഇങ്കെ വാങ്കെ,
എന്‍ കമരെ
എന്നതോ പ്രച്ച്‌നം ഇരുക്ക്.
കവലപ്പെടാതെ അയ്യാ, കവലപ്പെടാതെ.
ഇതും പറഞ്ഞ് എന്നോട് കൈ നീട്ടാനായി ആംഗ്യം കാണിക്കുകയും 'വെച്ചുങ്കേ' എന്നും പറഞ്ഞ് നൂറു രൂപയുടെ ഒരു നോട്ട് തരികയും ചെയ്ത് അവര്‍ വേഗം നടന്നകന്നു.

ദേവിയെ നേരില്‍ കാണുകയായിരുന്നു ഞാന്‍. ഒന്നും പറയാനാകാതെ, പ്രതികരിക്കാനാകാതെ തരിച്ചുനിന്നുപോയി. പിന്നീടവരെ തേടി ക്ഷേത്രപരിസരം ഒന്നാകെ അലഞ്ഞെങ്കിലും അവിടെയൊന്നും കാണാന്‍ കഴിഞ്ഞില്ല. എന്റെ വിഷമം കണ്ടറിഞ്ഞ ദേവി പ്രത്യക്ഷപ്പെട്ട് തന്നതാണ് ആ നൂറു രുപ നോട്ട് എന്നാണ് എന്റെ വിശ്വാസം. ആ നൂറു രൂപ നോട്ട് ഭദ്രമായി ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

കിടന്നാല്‍ ഉടനെ ഉറക്കം വരാറില്ല. രാത്രിയില്‍ എന്തു ശബ്ദം കേട്ടാലും ഉടനെ ഉണരുകയും ചെയ്യും. കുറെയേറെ ചിന്തിച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാവും ഉറക്കം വരിക.

ചില കലാകാരന്‍മാര്‍ക്ക് അവരുടെ സര്‍ഗവാസനകള്‍ പൊട്ടിവിടരാനും പടര്‍ന്നു പന്തലിക്കാനും മദ്യംപോലുള്ള ലഹരികള്‍ വേണമെന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. വ്യക്തിജീവിതത്തില്‍ വളരെയേറെ തളര്‍ന്നു പോകുന്ന അവസരങ്ങളാണ് ഉണ്ടായത്. ഈ ആഘാതത്തെ മറന്ന്, മനസ്സിന്റെ കഠിനതയ്ക്കായി ഇന്നേവരെ ഞാന്‍ ലഹരിയെ കൂട്ടുപിടിക്കേണ്ടി വന്നിട്ടില്ല. ലഹരി മനുഷ്യന്റെ ചിന്തയെയും ശരീരത്തെയും അവനവനെത്തന്നെയുമാണ് നശിപ്പിക്കുന്നത്. എന്റെ ഈ ജീവിതത്തിന്റെ നിര്‍മലതയ്ക്ക് ലഹരിയെ കൂട്ടുപിടിക്കാതിരുന്നതും കാരണമാവാം. സന്തോഷത്തിനായാലും സങ്കടത്തിനായാലും ഒരിക്കലും ലഹരിയെ കൂട്ടുപിടിക്കരുതെന്നാണ് എന്റെ ജീവിതസന്ദേശം. ഇത്തരക്കാരെ, അവര്‍ എത്ര കഴിവുള്ള കലാകാരനായാലും കൂടെയുള്ളവര്‍ മോശക്കാരനായി ചിത്രീകരിക്കും. അതു പ്രചരിപ്പിക്കാനും എളുപ്പമാണ്. ഇത് ഓര്‍ക്കാതെയാണ് സര്‍ഗവാസന വളര്‍ത്താനായി ലഹരിക്കടിമപ്പെടുന്നത്.
എന്റെ ദൈനംദിനചര്യകളെക്കുറിച്ചാണ് പറഞ്ഞതെങ്കിലും ഇതു പാലിച്ചാല്‍ ആരോഗ്യപൂര്‍ണമായി കഴിയാമെന്നൊന്നും അവകാശപ്പെടുന്നില്ല. ഇപ്പോഴത്തെ ജീവിതം ഒരു 'ബോണസ്' കാലയളവ് മാത്രമാണ്. സമകാലികരും അതിലുമെത്രയോ പ്രായം കുറഞ്ഞവരും അവരുടെ കടമകള്‍ പൂര്‍ത്തിയാക്കി മടങ്ങിക്കഴിഞ്ഞു. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. ആ മരണം ഏതു പ്രായത്തിലാണ്, എന്നാണ് ആര്‍ക്കാണ് വരികയെന്ന് പ്രവചിക്കുക അസാധ്യം. എങ്കിലും ഒരാഗ്രഹം ബാക്കിയുണ്ട്. മരണം കാത്തുകൊണ്ട് ഒരിടത്തും കിടന്നു പോവാതെ യാത്രയാവണമെന്ന്. പ്രായമായി എന്ന ഒറ്റക്കാരണത്താല്‍ അല്ലെങ്കില്‍ പ്രായമായെന്ന 'അസുഖത്താല്‍' പുറത്തിറങ്ങാതെ സമൂഹവുമായി ഇടപെടാതെ വീട്ടിലടച്ചിരുന്നാല്‍ മരണം വരാതിരിക്കുമോ? ഇല്ല. അപ്പോള്‍പ്പിന്നെ മരണംവരെയും കാണേണ്ടവരെ എല്ലാം ചെന്നു കണ്ട്, യാത്രകള്‍ ചെയ്ത് വിശേഷങ്ങള്‍ പങ്കുവെച്ച്, മരണത്തെക്കുറിച്ച് ഓര്‍ക്കാതെ ജീവിക്കുക. എന്റെ ജീവിതചര്യയില്‍ പ്രധാനമിതു തന്നെയാണ്. ശേഷം എന്നെ എങ്ങനെയാണ് അടക്കം ചെയ്യേണ്ടതെന്നും പലരോടും പറഞ്ഞുവെച്ചിട്ടുമുണ്ട്.

(ജീവിതരസങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം