ജനുവരി 10- ഗാനഗന്ധര്‍വന്‍ യേശുദാസിന് എഴുപത്തിനാല് വയസ്സ്. രവിമേനോന്‍ രചിച്ച യേശുദാസിന്റെ ജീവചരിത്രമായ അതിശയരാഗത്തില്‍ നിന്ന് ഒരു ഭാഗം.


യേശുദാസിന്റെ ശബ്ദത്തില്‍ പാട്ടുപാടുന്ന ഒരു 'പൈങ്കിളി' നായകനെ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയില്‍ സങ്കല്പിക്കാനാകുമോ നമുക്ക്? ഒരിക്കലുമില്ല. ചലച്ചിത്രത്തെ ഭാവഗീതത്തിന്റെ തലത്തിലേക്കുയര്‍ത്താന്‍ ഒരു പിന്നണിഗായകന്റെയും ആലാപനസൗകുമാര്യത്തിന്റെ പിന്തുണ വേണ്ടെന്നു തെളിയിച്ചുതന്നയാളാണ് വിഖ്യാതനായ ആ ചലച്ചിത്രകാരന്‍.

എന്നിട്ടും യേശുദാസ് അടൂരിന്റെ പടത്തിനുവേണ്ടി പാടി. ഒന്നല്ല, രണ്ടു മനോഹരഗാനങ്ങള്‍. വെളിച്ചംകാണാതെപോയ അടൂരിന്റെ ആ അരങ്ങേറ്റചിത്രം ഇനിയുള്ളകാലത്ത് ഓര്‍ക്കപ്പെടുക ഒരുപക്ഷേ, ആ പാട്ടുകളുടെകൂടി പേരിലാകാം. അത്ര ശ്രദ്ധിക്കപ്പെടാതെപോയ മറ്റൊരു പടത്തിലൂടെ പില്ക്കാലത്ത് അവയ്ക്ക് ശാപമോക്ഷം ലഭിച്ചെങ്കിലും.

കൗതുകമുള്ള കഥയാണത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് യാദൃച്ഛികമായി കാതില്‍ വന്നുവീണ ഒരു ഈരടിയില്‍നിന്നു തുടങ്ങുന്നു ആ പാട്ടിന്റെ ചരിത്രം തേടിയുള്ള യാത്ര. അഭിരാമപുരത്തെ വീട്ടില്‍ ഇരുന്ന് പ്രഭായേശുദാസ് മധുരമായി മൂളിക്കേള്‍പ്പിച്ചുതന്ന ആ പല്ലവി ഇതാണ്: ജീവനില്‍ ജീവന്റെ ജീവനില്‍, നിന്നെരിയുന്നു നിന്‍ മിഴികള്‍, നിറദീപങ്ങള്‍പോലെ....

മനോഹരമായി പാടും പ്രഭായേശുദാസ്. അധികമാര്‍ക്കും അറിയാത്ത കാര്യം. പാടി നിര്‍ത്തിയശേഷം അവര്‍ പറഞ്ഞു- ആത്മഗതമെന്നോണം: 'ദാസേട്ടന്റെ എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നാണത്. ഏതാണ് പടം എന്നോര്‍ക്കുന്നില്ല. ചെറുപ്പത്തില്‍ കേട്ടതാണ്. മുന്‍പൊക്കെ ഗാനമേളകളില്‍ പാടിയിരുന്നു. ഇപ്പോള്‍ എവിടെയും കേള്‍ക്കാറില്ല.'

അദ്ഭുതം തോന്നി. അങ്ങനെയും ഒരു പാട്ടോ? ഒറിജിനലിനുവേണ്ടിയുള്ള അലച്ചിലായിരുന്നു പിന്നെ. സാമാന്യം ദീര്‍ഘമായ അന്വേഷണത്തിനൊടുവില്‍ കോഴിക്കോട് തളിയിലെ സംഗീതപ്രേമിയായ ഒരു സ്വാമിയുടെ ശേഖരത്തില്‍നിന്ന് ജീവനില്‍ ജീവന്റെ ജീവനില്‍... കൈയില്‍ വന്നുചേരുന്നു. 1978-ല്‍ പുറത്തുവന്ന തീരങ്ങള്‍ എന്ന ചിത്രത്തിലെ പാട്ട്. യേശുദാസിന്റെ മന്ദ്രമധുരമായ ആലാപനം. രചന ഏറ്റുമാനൂര്‍ സോമദാസന്‍, സംഗീതം ശിവന്‍-ശശി. ദാസുതന്നെ പാടിയ മറ്റൊരു മനോഹരഗാനംകൂടി ഉണ്ടായിരുന്നു അതേ ചിത്രത്തില്‍: വാടിക്കൊഴിഞ്ഞു മധുമാസഭംഗികള്‍ ...

അടൂരിന്റെ ആദ്യചിത്രമാകേണ്ടിയിരുന്ന കാമുകിക്കുവേണ്ടി എഴുതിയവയായിരുന്നു ആ രണ്ടു പാട്ടുകളും എന്ന സത്യം പങ്കുവെച്ചത് ഗാനരചയിതാവുതന്നെ. പഴയ പാട്ടുകളുടെ നിത്യകാമുകനായ രാജഗോപാല്‍ എന്ന വിദേശമലയാളി വഴിയാണ് ഏറ്റുമാനൂര്‍ സോമദാസനെ പരിചയപ്പെടുന്നത്. അധികം സിനിമകള്‍ക്കൊന്നും ഗാനരചന നിര്‍വഹിച്ചിട്ടില്ല കവിയും അധ്യാപകനുമായ സോമദാസന്‍. കാന്തവലയത്തിലെ ശില്പിപോയാല്‍ ശിലയുടെ ദുഃഖം... (സംഗീതം: ശ്യാം) എന്ന ഗാനത്തിലൂടെയാകും ചലച്ചിത്രസംഗീതപ്രേമികള്‍ക്ക് അദ്ദേഹത്തെ പരിചയം.

'1966-ല്‍ ആണെന്നാണ് ഓര്‍മ. മാന്നാറില്‍ ഞാന്‍ താമസിച്ചിരുന്ന വീട്ടിലേക്ക് ഒരു ദിവസം അടൂര്‍ ഗോപാലകൃഷ്ണനും സി.എന്‍. ശ്രീകണ്ഠന്‍ നായരും കുളത്തൂര്‍ ഭാസ്‌കരന്‍നായരും കയറിവരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും ഉണ്ടായിരുന്നോ എന്നു സംശയം. ചിത്രലേഖയുടെ ആദ്യപടം ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുകയാണ്; സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ തിരക്കഥ. പാട്ടുകള്‍ ഞാന്‍ എഴുതിക്കൊടുക്കണം. അദ്ഭുതം തോന്നി. പി. ഭാസ്‌കരനും വയലാറും ഒക്കെ ഉള്ളപ്പോള്‍ എന്തിനു ഞാന്‍? എന്റെ ചോദ്യം അതായിരുന്നു.' സോമദാസന്‍ ഓര്‍ത്തു ചിരിക്കുന്നു.

പക്ഷേ, അടൂരിനും കൂട്ടര്‍ക്കും തെല്ലുമില്ലായിരുന്നു സംശയം. തീരുമാനിച്ചുറച്ചു വരികയാണ് അവര്‍. കൗമുദി വാരികയില്‍ സോമദാസന്‍ എഴുതിയിരുന്ന ഗാനങ്ങള്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. അവയില്‍ ചിലത് വി.കെ. ശശിധരന്‍ ഈണമിട്ടു കേട്ടിട്ടുമുണ്ട്. അറിയാതെ അറിയാതിന്നെന്തുകൊണ്ടോ അടയുകയാണെന്‍ മിഴികള്‍ എന്ന പാട്ട് സിനിമയില്‍ ഉപയോഗിക്കാനാകുംവിധം മാറ്റിയെഴുതിത്തന്നാലുംമതി എന്നായി സംവിധായകന്‍. ശ്രമിച്ചുനോക്കാം എന്നു സോമദാസനും. പിറ്റേന്നു കാലത്തുതന്നെ കമ്പോസിങ്ങിനായി കവിയെ കൂട്ടിക്കൊണ്ടുപോകാന്‍ സ്‌കൂട്ടറില്‍ അടൂര്‍ എത്തി.

നെടുമങ്ങാട് ടി.ബിയില്‍ വെച്ചാണ് കമ്പോസിങ്. ശശിധരനും കൊച്ചിക്കാരന്‍ പി.കെ. ശിവദാസും സംഗീതസംവിധായകര്‍. രണ്ടുപേരും നാടകലോകത്തു പേരെടുത്തുതുടങ്ങിയവര്‍. പ്രശസ്തമായ പച്ചപ്പനംതത്തേ ഉള്‍പ്പെടെ, നമ്മളൊന്ന് നാടകത്തിലെ ഗാനങ്ങള്‍ ബാബുരാജിനൊപ്പം ചിട്ടപ്പെടുത്തിയ ഖ്യാതിയുമായാണ് ശിവദാസിന്റെ വരവ് (പില്ക്കാലത്ത് പി.ജെ. ആന്റണിയുടെ പെരിയാര്‍ എന്ന പടത്തില്‍ ബിന്ദൂ... ഒതുങ്ങിനില്പൂ നിന്നില്‍ ഒരുത്കടശോകത്തിന്‍ സിന്ധു എന്നൊരു ഗസല്‍ശൈലിയിലുള്ള ഗാനംകൂടി ഒരുക്കിയിട്ടുണ്ട് അദ്ദേഹം (ജയചന്ദ്രന്റെ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ക്ലാസിക്). 'പാട്ടുകള്‍ ചെന്നൈയില്‍ വെച്ചാണ് റെക്കോഡ് ചെയ്തത്. പക്ഷേ, അവ ചിത്രീകരിക്കുകയുണ്ടായില്ല എന്നാണ് എന്റെ ഓര്‍മ.' അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

നാലു പാട്ടുകളാണ് കാമുകിക്കുവേണ്ടി സോമദാസനും ശിവന്‍- ശശിമാരും ചേര്‍ന്നു സൃഷ്ടിച്ചത്. യേശുദാസിനു പുറമേ, എസ്. ജാനകി, സി.ഒ. ആന്റോ എന്നിവരുമുണ്ടായിരുന്നു പാട്ടുകാരായി. പാട്ടുകള്‍ റെക്കോഡ് ചെയ്‌തെങ്കിലും പടം പൂര്‍ത്തിയായില്ല. കുറെ പുതുമുഖങ്ങള്‍ക്കൊപ്പം മധുവും അടൂര്‍ ഭാസിയും ഒക്കെ അഭിനയിച്ച കാമുകി സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം ഇടയ്ക്കുവെച്ച് മുടങ്ങുകയായിരുന്നു. പക്ഷേ, കഥ അവിടെ തീര്‍ന്നില്ല. പത്തു വര്‍ഷത്തിനുശേഷം അതേ തിരക്കഥ കാര്യമായ തിരുത്തലുകളോടെ തീരങ്ങള്‍ എന്ന പേരില്‍ രാജീവ്‌നാഥ് സംവിധാനം ചെയ്തു പുറത്തിറക്കുന്നു. സോമനും ജയഭാരതിയും അഭിനയിച്ച ആ പടത്തില്‍, കാമുകിക്കുവേണ്ടി റെക്കോഡ് ചെയ്ത യേശുദാസിന്റെ ഗാനങ്ങള്‍ ഉപയോഗിക്കാന്‍ രാജീവ്‌നാഥ് മടിച്ചില്ല. ഇന്ന് ആ പടം നമ്മില്‍ അവശേഷിപ്പിക്കുന്നത് ഈ രണ്ടു പാട്ടുകളുടെ ഓര്‍മകള്‍ മാത്രം.

സിനിമയുടെ 'മുഖ്യധാര'യില്‍നിന്നു വഴിമാറി സഞ്ചരിച്ച സംവിധായകരില്‍ പലരുടെയും ആദ്യചിത്രത്തില്‍ പാട്ടുകാരനായി യേശുദാസ് ഉണ്ടായിരുന്നു എന്നത് ഇന്നോര്‍ക്കുമ്പോള്‍ അദ്ഭുതമായി തോന്നാം. അരവിന്ദന്‍ (ഉത്തരായനത്തിലെ ഹൃദയത്തിന്‍ രോമാഞ്ചം), ജോണ്‍ എബ്രഹാം (വിദ്യാര്‍ഥികളെ ഇതിലെ ഇതിലെയിലെ നളന്ദ തക്ഷശില..), കെ.പി. കുമാരന്‍ (അതിഥിയിലെ സീമന്തിനീ...), അടൂര്‍ (കാമുകിയിലെ ജീവനില്‍...)

എന്തായാലും ജീവന്റെ ജീവനില്‍ ഭാഗ്യമുള്ള പാട്ടാണ്. മരണത്തിന്റെ വക്കില്‍നിന്ന് ഒരു പുനര്‍ജന്മം കിട്ടിയല്ലോ അതിന്. യേശുദാസ് പാടിയ മറ്റു പല സുന്ദരഗാനങ്ങള്‍ക്കും ആ ഭാഗ്യംപോലും ഉണ്ടായില്ല. ഇറങ്ങാതെപോയ പടങ്ങളിലെ പാട്ടുകളായി ഗ്രാമഫോണ്‍ റെക്കോഡുകളിലും കാസറ്റുകളിലും ഒതുങ്ങാനായിരുന്നു അവയുടെ വിധി. എങ്കിലും അവയില്‍ ചിലതെങ്കിലും കാലത്തെ അതിജീവിച്ചു. പടങ്ങള്‍ ഏതെന്ന് അന്വേഷിക്കുകപോലും ചെയ്യാതെ നാം ആ പാട്ടുകള്‍ ആസ്വദിച്ചുകൊണ്ടേയിരിക്കുന്നു. അവയുടെ ശില്പികളുടെ സുകൃതം; ഒപ്പം നമ്മുടെയും.

പാദരേണു തേടിയലഞ്ഞു, ഒരു നാള്‍ വിശന്നേറെ (ദേവദാസി -1979), ഹൃദയം ദേവാലയം (തെരുവുഗീതം - 1979), കുടജാദ്രിയില്‍ (നീലക്കടമ്പ് -1985), പൂവല്ല പൂന്തളിരല്ല (കാട്ടുപോത്ത് -1981), സ്വപ്‌നങ്ങളൊക്കെയും പങ്കുവെക്കാം (കാണാന്‍ കൊതിച്ച് -1987), തുമ്പപ്പൂവില്‍ ഉണര്‍ന്നൂ വാസരം (അനന്തനും അപ്പുക്കുട്ടനും ആനയുണ്ട് -1990), നാഥാ നിന്‍ ഗന്ധര്‍വ (എഴുത്തച്ഛന്‍ - 1994), ഇന്ദുസുന്ദര സുസ്മിതം തൂകും (മയില്‍പ്പീലി -1981), യവനകഥയില്‍നിന്നു വന്ന (അന്ന -1995), പാടാം ഞാന്‍ പാടാമൊരു സാന്ത്വനം (അടുക്കള -1987) ഇവയൊക്കെ വെളിച്ചം കാണാത്ത പടങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍. ഈ നിര ഇനിയും നീളും അനന്തമായി.

ദീര്‍ഘകാലത്തെ സിനിമാപരിചയമുള്ള അടൂര്‍ പദ്മകുമാറിന്റെ ഡ്രീം പ്രൊജക്ട് ആയിരുന്നു ദേവദാസി. എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന സിനിമ. സംഗീതപ്രധാനമായ ഒരു ചിത്രം നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ത്തന്നെ പദ്മകുമാറിന്റെ മനസ്സില്‍ കടന്നുവന്നത് രണ്ടു പേരുകളാണ്- ഒ.എന്‍.വി. കുറുപ്പ്, സലില്‍ ചൗധരി. തൊട്ടതെല്ലാം പൊന്നാക്കിയ സഖ്യം. സലില്‍ദായുമൊത്തുള്ള സംഗീതസൃഷ്ടിയുടെ അനുഭവങ്ങള്‍ എന്നും മനസ്സില്‍ പൊന്നുപോലെ സൂക്ഷിച്ചിരുന്ന ഒ.എന്‍.വിക്ക് ആ ക്ഷണം സ്വീകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.

'ഇന്ന് എസ്.യു.ടി. ആസ്​പത്രി നില്ക്കുന്ന സ്ഥലത്ത് തിരുവനന്തപുരത്ത് പണ്ട് ഒരു ലക്ഷ്വറി ഹോട്ടല്‍ ഉണ്ടായിരുന്നു -താര ഹോട്ടല്‍. അവിടെവെച്ച് ആരംഭിച്ച ഞങ്ങളുടെ ഗാനസൃഷ്ടി പിന്നീടു കോവളത്തേക്കും മദ്രാസിലെ സവേര ഹോട്ടലിലേക്കും നീണ്ടു. അതുവരെ ചെയ്ത പാട്ടുകളില്‍നിന്ന് വളരെ വ്യത്യസ്തമായ ഗാനങ്ങള്‍ ഉണ്ടാക്കണമെന്നു ഞങ്ങള്‍ക്കിരുവര്‍ക്കും വാശിയുണ്ടായിരുന്നു. ആ വാശിയില്‍നിന്നാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്ന ദേവദാസിയിലെ പാട്ടുകള്‍ ജനിച്ചത്.'

ആറു പാട്ടുകള്‍ ഉണ്ടായിരുന്നു പടത്തില്‍. ആറും വൈവിധ്യമാര്‍ന്ന സംഗീതാനുഭവങ്ങള്‍. പദരേണു തേടിയലഞ്ഞു, ഒരു നാള്‍ വിശന്നേറെ (യേശുദാസ്), പൊന്നലയില്‍ അമ്മാനമാടി (യേശുദാസ്, വാണി ജയറാം), നാദിര്‍ ധിര്‍ തോം, വരൂ വരൂ (ജാനകി), ഇനി വരൂ തേന്‍നിലാവേ (സബിത ചൗധരി). മലയാളത്തില്‍ പൂര്‍വമാതൃകകള്‍ അപൂര്‍വമായ ഗാനമാണ് ഒരു നാള്‍ വിശന്നേറെ. 'വര്‍ത്തമാനം പറയുന്ന മട്ടില്‍ ഏറക്കുറെ ഗദ്യരൂപത്തില്‍ എഴുതിയ പാട്ടാണത്. ടാഗോര്‍കഥകള്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുത്തുകൊണ്ടുള്ള അത്തരം ബംഗാളി ഗാനങ്ങള്‍ സലില്‍ദാ എനിക്കു കേള്‍പ്പിച്ചുതന്നിരുന്നു. എത്ര ലളിതമനോഹരമായാണ് അദ്ദേഹം ആ വരികള്‍ക്ക് ഈണം പകര്‍ന്നിട്ടുള്ളതെന്ന് ഓര്‍ത്ത് അദ്ഭുതം തോന്നിയിട്ടുണ്ട്...'

ഗാനലേഖനത്തിനപ്പുറത്തേക്കു നീണ്ടില്ല ദേവദാസി. പടം നിര്‍മാണത്തെക്കുറിച്ച് പിന്നീടാരും പറഞ്ഞുകേട്ടുമില്ല. എന്തായാലും ദേവദാസിയുടെ റെക്കോഡുകള്‍ സുലഭമായി വിറ്റഴിഞ്ഞു. മലയാള സിനിമാചരിത്രത്തില്‍ത്തന്നെ ഏറ്റവും വിറ്റുപോയ ആല്‍ബങ്ങളില്‍ ഒന്നായി അത്. 'ഒരു ഹിറ്റ് ആല്‍ബം പുറത്തിറക്കുക എന്നതിനപ്പുറം, പടം നിര്‍മാണം അവര്‍ ഗൗരവമായി കണ്ടിരുന്നോ എന്നു സംശയം.' ഒ.എന്‍.വി. പറയുന്നു. കവിക്ക് വളരെയേറെ പ്രിയപ്പെട്ട മറ്റൊരു ഗാനത്തിനും നേരിട്ടിട്ടുണ്ട് ഇതേ ദുര്‍ഗതി. 'ഇന്ദുസുന്ദര സുസ്മിതം തൂകും കുഞ്ഞുമുല്ലയെ മാറോടു ചേര്‍ക്കും മഞ്ജുമാകന്ദശാഖിതന്‍ ഹര്‍ഷമര്‍മരം കേട്ടു ഞാനിന്നുണര്‍ന്നു' എന്ന ആ സുന്ദരമായ കവിത ചിട്ടപ്പെടുത്തിയത് ഗായകന്‍ കെ.പി. ഉദയഭാനുവാണ്. മയില്‍പ്പീലി എന്ന ചിത്രത്തിനുവേണ്ടി യേശുദാസ് പാടി അനശ്വരമാക്കിയ ആ ഒ.എന്‍.വി. കവിത വല്ലപ്പോഴുമൊക്കെ റേഡിയോയില്‍നിന്ന് ഒഴുകിയെത്തുമ്പോള്‍ അറിയാതെ സ്വയംമറന്നു കേട്ടിരുന്നുപോകാറുണ്ട്. ലളിതമധുരമായ ഈണം; ഈണത്തിന്റെ ആത്മാവിലൂടെ സ്വച്ഛശാന്തമായ ഒരു അരുവിപോലെ ഒഴുകിനീങ്ങുന്ന പശ്ചാത്തലസംഗീതം. പ്രശസ്തനായ ഒരു ഗോവന്‍ കലാകാരനാണ് ആ പാട്ടിനു വാദ്യവിന്യാസം നിര്‍വഹിച്ചതെന്നോര്‍ക്കുന്നു ഉദയഭാനു.

ദേവദാസിയില്‍നിന്ന് വ്യത്യസ്തമാണ് മയില്‍പ്പീലിയുടെ കഥ. പൂര്‍ണമായി ഷൂട്ട് ചെയ്ത പടമാണ് അതെന്നു നിര്‍മാതാവ് ഹരി സാക്ഷ്യപ്പെടുത്തുന്നു. ഗാനരംഗങ്ങള്‍ മാത്രമേ ചിത്രീകരിക്കാന്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ. 7800 അടി എഡിറ്റഡ് ലെങ്ത് ഉണ്ടായിരുന്ന മയില്‍പ്പീലിക്ക് പക്ഷേ, വെളിച്ചം കാണാന്‍ യോഗമുണ്ടായില്ല. പടം ബോക്‌സ് ഓഫീസില്‍ സ്വീകരിക്കപ്പെടുമോ എന്നു പ്രശസ്ത കലാസംവിധായകന്‍കൂടിയായ സംവിധായകന്‍ രാധാകൃഷ്ണന് ആശങ്ക. ഏതാണ്ട് അതേ കാലത്തുതന്നെ ഷൂട്ട് ചെയ്ത തന്റെ അന്തിവെയിലിലെ പൊന്ന് എന്ന പടം ഹിറ്റ് ആകുകയാണെങ്കില്‍ തൊട്ടുപിന്നാലെ മയില്‍പ്പീലി റിലീസ് ചെയ്യാമെന്നായിരുന്നു രാധാകൃഷ്ണന്റെ കണക്കുകൂട്ടല്‍. ആ പടം മാത്രമല്ല, അതിനു പിന്നാലെ വന്ന ഫുട്‌ബോളും രക്ഷപ്പെട്ടില്ല. മയില്‍പ്പീലി എന്നന്നേക്കുമായി പെട്ടിയിലായത് അങ്ങനെയാണ്.'
അംബി എന്നൊരു സംവിധായകനെക്കുറിച്ച് ഇന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടാകുമോ എന്നു സംശയം. അതീവഹൃദ്യമായ ഗാനങ്ങളിലൂടെ മാത്രം മലയാളികളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്ന നീലക്കടമ്പ് എന്ന പടത്തിന്റെ സംവിധായകന്‍ ആയിരുന്നു (ആകേണ്ടിയിരുന്ന ആളായിരുന്നു എന്നും പറയാം) ഈ കോഴിക്കോട്ടുകാരന്‍. കെ. ജയകുമാറും രവീന്ദ്രനും ചേര്‍ന്നൊരുക്കിയ നീലക്കടമ്പിലെ ഏതു ഗാനമാണ് നമുക്കു മറക്കാനാകുക? കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരീ (യേശുദാസ്, ചിത്ര), നീലക്കടമ്പുകളില്‍ (യേശുദാസ്), നീലക്കുറിഞ്ഞികള്‍ (ചിത്ര), ദീപം കൈയില്‍ സന്ധ്യാ ദീപം (യേശുദാസ്, ചിത്ര). മദ്രാസിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ രവീന്ദ്രനോടൊപ്പം ഇരുന്ന് ആ പാട്ടുകള്‍ സൃഷ്ടിച്ച നിമിഷങ്ങള്‍ ഗൃഹാതുരസ്മരണകളുടെ ഭാഗമാണ് കവിയും ഗാനരചയിതാവുമായ ജയകുമാറിന്.

'മൂകാംബികാഭക്തനായ നിര്‍മാതാവിന്റെ ആഗ്രഹമായിരുന്നു കുടജാദ്രിയില്‍ എന്ന ഗാനം. ആ പാട്ട് സ്ത്രീശബ്ദത്തില്‍ റെക്കോഡ് ചെയ്യാനേ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷേ, ചിത്ര പാടിക്കേട്ടപ്പോള്‍ ദാസേട്ടനും ഒരു മോഹം അത് തനിക്കും പാടണം എന്ന്.' ജയകുമാര്‍ ഓര്‍ക്കുന്നു. ഔദ്യോഗിക തിരക്കുകള്‍മൂലം റെക്കോഡിങ്ങിനെത്താന്‍ കഴിയാതെപോയതിന്റെ ദുഃഖം ഇന്നുമുണ്ട് ജയകുമാറിന്. ചെന്നിരുന്നെങ്കില്‍ പാട്ടില്‍ വന്നുപെട്ട ഒരു പിശക് ഒഴിവാക്കാമായിരുന്നു. 'കുടജാദ്രിയുടെ ചരണത്തിലെ ഞാനെഴുതിയ അവസാന വരി ഇതാണ്: ഒരു ദുഃഖസിന്ധുവായ് മാറുന്ന ജീവിതം കരുണാമയമാക്കൂ, ഹൃദയം സൗപര്‍ണികയാക്കൂ...' ചിത്ര പാടിയത് ദുഃഖബിന്ദു എന്ന്. ദാസേട്ടന്‍ ബിന്ധു എന്നും. രണ്ടും രചയിതാവിന് ദുഃഖമുണ്ടാകുന്ന സംഗതികള്‍ തന്നെ. എങ്കിലും പാട്ടിന്റെ ജനപ്രീതിയെ അതു ബാധിച്ചതായി തോന്നിയിട്ടില്ല.'
നീലക്കടമ്പ് പുറത്തുവന്നില്ലെങ്കിലും ആ പടത്തിലെ പാട്ടുകള്‍ ഒഴിച്ചുനിര്‍ത്തി ഗാനരചയിതാവായ ജയകുമാറിന്റെ സംഭാവനകള്‍ വിലയിരുത്തുക അസാധ്യം. കേവലം ഒരു സിനിമാഗാനത്തിന്റെ പരിവേഷത്തിനപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞു കുടജാദ്രിയില്‍. 'ഞാന്‍പോലും അറിയാതെ എങ്ങുനിന്നോ എന്റെ മനസ്സില്‍ വന്നുപിറന്ന ഈണമാണ് ആ പാട്ടിന്റേത്'. രവീന്ദ്രന്‍ മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞു, 'എന്റെ ആത്മാവുണ്ട് ആ ഗാനത്തില്‍.'

വിദ്യാധരന്‍ മാഷിനും ഉണ്ട് അത്തരമൊരു അനുഭവം. തൃശ്ശൂരിലെ ബിനി ടൂറിസ്റ്റ് ഹോമില്‍ കാണാന്‍ കൊതിച്ച് എന്ന പടത്തിന്റെ കമ്പോസിങ് നടക്കുന്നു. ഒപ്പം ഭാസ്‌കരന്‍ മാസ്റ്റര്‍, ശോഭന പരമേശ്വരന്‍ നായര്‍, പിന്നെ ചെറുപ്പക്കാരനായ ഒരു പുത്തന്‍ തിരക്കഥാകൃത്തും. പേര് എ.കെ. ലോഹിതദാസ്. മാഷിന്റെ വരികള്‍ കൈയില്‍ കിട്ടിയപ്പോഴേ വിദ്യാധരന്റെ ചുണ്ടുകള്‍ ഈണം മൂളിക്കഴിഞ്ഞിരുന്നു. വളരെ ലളിതമായ, എന്നാല്‍ ആത്മാവിന്റെ അംശമുള്ള ഈണം. സ്വപ്‌നങ്ങളൊക്കെയും പങ്കുവെക്കാം, ദുഃഖഭാരങ്ങളും പങ്കുവെക്കാം...

പില്ക്കാലത്ത് മലയാളസിനിമയിലെ ദീപ്തസാന്നിധ്യമായി മാറിയ ലോഹിതദാസിന്റെ ആദ്യ തിരക്കഥ ആയിരുന്നു കാണാന്‍ കൊതിച്ച് എന്ന ചിത്രത്തിന്റേത്. സംവിധാനം സുകു. നമ്മുടെ നാട് പോലുള്ള ചിത്രങ്ങള്‍ എടുത്ത സംവിധായകന്‍. സ്വപ്‌നങ്ങളൊക്കെയും യഥാര്‍ഥത്തില്‍ യേശുദാസിനുവേണ്ടി കമ്പോസ് ചെയ്തതാണെങ്കിലും, പിന്നീട് ചിത്രയുടെ സ്വരത്തിലും അതു റെക്കോഡ് ചെയ്തു. താരതമ്യേന തുടക്കക്കാരിയായ ചിത്രയ്ക്ക് വലിയൊരു ബ്രേക്ക് ആയി മാറി ആ ഗാനം.

തൃശ്ശൂര്‍ എലൈറ്റ് ടൂറിസ്റ്റ് ഹോമില്‍ ഇരുന്ന് പടത്തിന്റെ തിരക്കഥ എഴുതി പ്പൂര്‍ത്തിയാക്കിയതാണ് ലോഹി. ഷൂട്ടിങ് തുടങ്ങുന്ന തീയതിയും നിശ്ചയിച്ചു. എന്നിട്ടും ചിത്രീകരണം തുടങ്ങിയില്ല എന്നതാണ് ആന്റിക്ലൈമാക്‌സ്. 'നിര്‍മാതാവും സംവിധായകനും തമ്മിലുള്ള എന്തോ പ്രശ്‌നമാണ് കാരണമെന്നു കേട്ടിരുന്നു. എന്തായാലും പാട്ട് റെക്കോഡായി പുറത്തുവന്നതു ഭാഗ്യം. ഇന്നും അതു ഞാന്‍ ചെയ്തതാണെന്ന് അറിയാത്തവര്‍ ഉണ്ട്.' വിദ്യാധരന്‍ മാഷ് പറയുന്നു.

ഇനി, ലോഹിതദാസിന്റെ മറ്റൊരു മികച്ച തിരക്കഥയായി മാറേണ്ടിയിരുന്ന തമ്പുരാന്റെ കഥ കേള്‍ക്കുക. സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്യാനിരുന്ന തമ്പുരാനു വേണ്ടി പാട്ടുകള്‍ ഒരുക്കിയത് കൈതപ്രവും സാക്ഷാല്‍ സലില്‍ ചൗധരിയും ചേര്‍ന്ന്.

നാലു പാട്ടുകളാണ് തമ്പുരാനില്‍. മധുവനം പൂത്തൊരുങ്ങി, യാമം മോഹനയാമം, രജനീ ഉണരൂ എന്നീ ഗാനങ്ങള്‍ യേശുദാസ് പാടി. മണിനൂപുരം എന്ന പാട്ട് സുനന്ദയും. എല്ലാ പാട്ടുകള്‍ക്കും ട്രാക്ക് പാടിയത് സലില്‍ദായുടെ മകള്‍ അന്തര ചൗധരി ആണെന്നോര്‍ക്കുന്നു കൈതപ്രം. 'വിസ്മയകരമായ അനുഭവമായിരുന്നു കമ്പോസിങ്. സലില്‍ദാ പല്ലവി ചിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ ചരണം എങ്ങനെ വരുമെന്ന് ഈശ്വരനുപോലും പറയാന്‍ പറ്റില്ല. തികച്ചും പ്രവചനാതീതമായിരിക്കും അതിന്റെ റൂട്ട്.'

തമ്പുരാനെപ്പോലെ പുറത്തുവരാന്‍ യോഗമില്ലാതെപോയ വേറെയും ചിത്രങ്ങള്‍ക്കുവേണ്ടി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് കൈതപ്രം. അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്, എഴുത്തച്ഛന്‍ എന്നീ പടങ്ങള്‍ ഉദാഹരണം. എ.ടി. അബു സംവിധാനം ചെയ്യാനിരുന്ന അനന്തനിലാണ് ജോണ്‍സണ്‍ ഈണമിട്ട തുമ്പപ്പൂവില്‍ ഉണര്‍ന്നൂ വാസരം എന്ന ഗാനം.

'എ.ടി. അബുവിനു വളരെ ഇഷ്ടപ്പെട്ട പാട്ടായിരുന്നു അത്. എന്തു ചെയ്യാം. പ്രൊഡക്ഷനിലെ പ്രശ്‌നങ്ങള്‍ കാരണം പടം റിലീസ് ആയില്ല. എന്നിട്ടും ജനം അതിലെ പാട്ട് ഏറ്റെടുത്തു ഹിറ്റാക്കി എന്നത് ആഹ്ലാദമുള്ള കാര്യം.'

'ശാപമോക്ഷം' കിട്ടാത്ത പടങ്ങളിലെ ഇത്തരം ഗാനങ്ങള്‍ ജനപ്രിയമാക്കി മാറ്റുന്നതില്‍ ഗാനമേളക്കാര്‍ക്കെന്നപോലെ ആകാശവാണിക്കുമുണ്ട് നല്ലൊരു പങ്ക്. റേഡിയോയില്‍ ഇന്നും ഏറ്റവും ആവശ്യക്കാരുള്ള പാട്ടുകളില്‍ ഒന്നാണ് തെരുവുഗീതത്തിലെ ഹൃദയം ദേവാലയം. ബിച്ചു തിരുമല എഴുതി ജയവിജയ ഈണമിട്ട് യേശുദാസ് ശബ്ദം പകര്‍ന്ന ഈ ഗാനം എത്രയോ മലയാളികളുടെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്നു ഇന്നും. ഹൃദയം ദേവാലയം സിനിമക്കുവേണ്ടി എഴുതിയതല്ല ബിച്ചു. മഹാകവി നാലാങ്കലിന്റെ മഹാക്ഷേത്രങ്ങള്‍ക്കു മുന്നില്‍ എന്ന പുസ്തകം വായിച്ചപ്പോള്‍ തോന്നിയ ഒരു ആശയം കുറെ വരികളിലായി നോട്ടുബുക്കില്‍ കുറിച്ചിട്ടു എന്നുമാത്രം. പിന്നീട് അത് സിനിമയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

സംഗീതസംവിധാനം നിര്‍വഹിച്ച പടങ്ങള്‍ ഭൂരിഭാഗവും പുറത്തിറങ്ങിയില്ല എന്നതാണ് ജെറി അമല്‍ദേവിന്റെ ഭാഗ്യദോഷം. ഗാനങ്ങള്‍ പലതും ശ്രോതാക്കളില്‍ എത്തിയതുമില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കും മുന്‍പ് ജെറി ഒരു പടം ചെയ്തിരുന്നു - 'മമത'. ഒ.എന്‍.വി.യുടെ രചന. യേശുദാസ്, ജയചന്ദ്രന്‍, വാണി ജയറാം എന്നിവരുടെ ആലാപനം. യേശുദാസിന്റെ ഏതോ കിനാവില്‍, പൂക്കളും പുടവയും പൂത്താലി മാലയുമായി എന്നീ പാട്ടുകള്‍ ഓര്‍മയിലുണ്ട്. എന്‍.ശങ്കരന്‍നായരുടെ സംവിധാനത്തില്‍, മറ്റൊരു പേരിലാണ് പില്ക്കാലത്ത് ആ പടം പുറത്തുവന്നത് - ചുവന്ന ചിറകുകള്‍. അപ്പോഴേക്കും സംഗീതസംവിധായകനും മാറിയിരുന്നു; ജെറിയുടെ സ്ഥാനത്ത് സലില്‍ ചൗധരി വന്നു.

അടുത്ത ബന്ധുകൂടിയായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ വഴിയാണ് പടത്തിന്റെ നിര്‍മാതാവ് ഈരാളിയെ ജെറി പരിചയപ്പെടുന്നത്. പുതിയൊരാളെ സംഗീതസംവിധാനച്ചുമതല ഏല്പിക്കുന്നതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ ഈരാളിക്ക്. സംവിധായകനാകട്ടെ നേരെ മറിച്ചും. ജെറി ചിട്ടപ്പെടുത്തിയ പാട്ടുകള്‍ കേട്ടശേഷം ശങ്കരന്‍നായര്‍ വിധിയെഴുതി: 'ശരിയായില്ല; നമുക്ക് സലില്‍ ചൗധരിയെ വിളിക്കാം.' സലില്‍ദായുടെ വലിയൊരു ആരാധകന്‍ കൂടിയായിരുന്നു നായര്‍. ഫലം: ജെറി ചിത്രത്തില്‍നിന്ന് അപ്രത്യക്ഷനാകുന്നു. അതിനകം റെക്കോഡ് ആയി പുറത്തുവന്നിരുന്ന ജെറിയുടെ പാട്ടുകള്‍ ചരിത്രത്തില്‍നിന്നു മാഞ്ഞുപോയില്ല എന്നുമാത്രം ആശ്വസിക്കാം നമുക്ക്.

കാട്ടുപോത്തിലെ പൂവല്ല പൂന്തളിരല്ല എന്ന ഗാനത്തിന് എന്തായാലും അത്രത്തോളം ഗതികേടുണ്ടായില്ല. പടം പുറത്തുവന്നില്ലെങ്കിലും പി.ഭാസ്‌കരന്‍- ജെറി ടീം ഒരുക്കിയ ഈ യേശുദാസ് ഗാനം സൂപ്പര്‍ഹിറ്റായി. ഇതേ ചിത്രത്തിലെ മാനവഹൃദയത്തിന്‍ (യേശുദാസ്), ഇല്ലക്കം തേവി (ലതികയും സംഘവും) എന്നീ പാട്ടുകളും ശ്രദ്ധേയമായിരുന്നു. മൂന്നും ജെറിയുടെ ഏറ്റവും മികച്ച ഗാനങ്ങളില്‍ പെടുത്താവുന്നവ. 'ഭാസ്‌കരന്‍ മാഷുടെ വലംകൈയായിരുന്ന പി. ഗോപികുമാര്‍ സംവിധാനം ചെയ്ത പടമാണ് കാട്ടുപോത്ത്. മധുവിന്റെ വളരെ വ്യത്യസ്തമായ നായകകഥാപാത്രം. പടം ഷൂട്ട് ചെയ്തു തീര്‍ത്തു, റീറെക്കോഡിങ് മാത്രം ബാക്കിനില്‌ക്കെ, നിര്‍മാതാവും വിതരണക്കാരനും തമ്മില്‍ എന്തോ കാരണത്താല്‍ ഇടയുന്നു. പടം പുറത്തിറങ്ങാതെപോയത് മിച്ചം. പക്ഷേ, ആ പാട്ടുകള്‍ നമ്മുടെ റെക്കോഡിങ് ചരിത്രത്തില്‍ ഒരു വഴിത്തിരിവായിരുന്നു. ഇറക്കുമതിചെയ്ത സ്വിസ് സ്റ്റീരിയോ റെക്കോഡിങ് മെഷീനിലാണ് തരംഗിണിയിലെ യുജിന്‍ പെരേര അവ ആലേഖനം ചെയ്തത്. അന്ന് അതിന്റെ ഇഫക്ട് അസാധാരണമായിരുന്നു.' ഇല്ലക്കം തേവി എന്ന പാട്ടിന്റെ കോറസില്‍ പാടിയത് കൊച്ചിയിലെയും തിരുവനന്തപുരത്തെയും പ്രതിഭാസമ്പന്നരായ ഒരുകൂട്ടം യുവഗായകര്‍ ആയിരുന്നു എന്നും ഓര്‍ക്കുന്നു ജെറി.

അദ്ഭുതം തോന്നാം; ഒരു വിഷ്വലിന്റെയും സഹായമില്ലാതെതന്നെ ജനഹൃദയങ്ങളില്‍ ഇടംനേടിയ ഗാനങ്ങള്‍ ആണ് ഇവയെല്ലാം എന്നോര്‍ക്കുമ്പോള്‍. 'കാവ്യാംശമുള്ള വരികളും അവയ്ക്ക് ഇണങ്ങുന്ന സംഗീതവുംകൊണ്ട് അപൂര്‍വസുന്ദരദൃശ്യങ്ങള്‍ വരച്ചിട്ടവരുടെ കാലമായിരുന്നു അത്. ഇന്നിപ്പോള്‍ ദൃശ്യപ്പൊലിമയില്ലാത്ത സിനിമാഗാനങ്ങളെക്കുറിച്ച് ചിന്തിക്കാന്‍പോലും ആവുമോ നമുക്ക്?' ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി ചോദിക്കുന്നു. ഷിബു-ഔസേപ്പച്ചന്‍ ടീമിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്ന് പുറത്തിറങ്ങാത്ത ചിത്രത്തിലേതാണ് എന്നോര്‍ക്കുക. അന്നയ്ക്കുവേണ്ടി യേശുദാസും ചിത്രയും പാടിയ യവനകഥയില്‍നിന്നു വന്ന ഇടയകന്യകേ....

പ്രശസ്ത കഥാകൃത്ത് എന്‍. മോഹനന്റെ രചനയില്‍ ജോഷി സംവിധാനം ചെയ്യാനിരുന്ന പടമാണ് അന്ന. അരവിന്ദ് സ്വാമിയും മീനയും മുഖ്യതാരങ്ങള്‍. 'കമ്പോസിങ്ങിനു മുന്‍പ് ചെന്നൈയിലെ ന്യൂ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍വെച്ച് ഔസേപ്പച്ചനെ തിരക്കഥ മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചത് ഞാനാണ്. പാട്ടിന്റെ സിറ്റ്വേഷനുകള്‍ നിശ്ചയിച്ചതും ഞങ്ങള്‍തന്നെ. അംഗരക്ഷഗുഡു എന്ന തെലുങ്ക് പടത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്ന ജോഷി ദിവസവും വൈകുന്നേരം ഹോട്ടല്‍ മുറിയില്‍ വന്ന് പാട്ടു കേള്‍ക്കും. സന്തുഷ്ടനായാണ് അദ്ദേഹം തിരിച്ചുപോകുക.' ഷിബു ഓര്‍ക്കുന്നു.

രണ്ടു കര്‍ണാട്ടിക് കൃതികള്‍ ഉള്‍പ്പെടെ പാട്ടുകള്‍ എട്ടെണ്ണവും ചിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ ഇനി ഒരു ആഘോഷം ആകാം എന്നായി ഷിബു. ഔസേപ്പച്ചനും പൂര്‍ണസമ്മതം. പക്ഷേ, ആഹ്ലാദാന്തരീക്ഷം ഏറെ നീണ്ടുനിന്നില്ല. പാട്ടുകളെക്കുറിച്ചുള്ള ചര്‍ച്ച പരസ്​പരമുള്ള വാക്തര്‍ക്കത്തില്‍ ചെന്നൊടുങ്ങിയതാണ് കാരണം. ഷിബു ആ കഥ വിവരിച്ചത് ഇങ്ങനെ: 'ഇണക്കങ്ങളും പിണക്കങ്ങളും പതിവാണ് ഞങ്ങളുടെ സൗഹൃദത്തില്‍. പലപ്പോഴും ഇത്തരം കലഹങ്ങളില്‍നിന്നാണ് ഹിറ്റ് ഗാനങ്ങള്‍ ഉണ്ടായിട്ടുള്ളതും. ഇത്തവണ പ്രശ്‌നം എന്റെ അസംതൃപ്തി ആയിരുന്നു. പാട്ടുകള്‍ എല്ലാം സംവിധായകന്‍ ജോഷി ഓക്കെ ചെയ്‌തെങ്കിലും എവിടെയോ എന്തോ ഒരു പോരായ്മ തോന്നി എനിക്ക്. ഞാന്‍ ഔസേപ്പച്ചനോട് അക്കാര്യം തുറന്നുപറയുകയും ചെയ്തു. മോഹനന്റെ കഥയിലെ വിശുദ്ധപ്രണയത്തെ നമ്മള്‍ കാമമാക്കി മാറ്റിയത് ശരിയായോ എന്നായിരുന്നു എന്റെ സംശയം. അത് ഷിബുവിന്റെ വരികളുടെ കുഴപ്പം ആണെന്ന് ഔസേപ്പ്. കാമത്തിന്റെ ഫീല്‍ ഉള്ള ഈണം നിങ്ങള്‍ ഇട്ടുതന്നാല്‍ പിന്നെ അങ്ങനെയല്ലേ എഴുതാനാകൂ എന്ന് ഞാന്‍. കാമം ഇല്ലാതെ പിന്നെന്തു പ്രണയം എന്ന് ഔസേപ്പ്. ഞാന്‍ മിണ്ടിയില്ല. പകരം ശ്രീകുമാരന്‍ തമ്പി സാറിന്റെ ഏഴിലംപാല പൂത്തു പൂമരങ്ങള്‍ കുടപിടിച്ചു എന്ന പാട്ടുപാടി കേള്‍പ്പിച്ചു. ഏകാന്തസന്ധ്യകളില്‍ നിന്നെയോര്‍ത്തു ഞാന്‍ കരഞ്ഞു എന്നൊരു വരിയുണ്ട് ആ പാട്ടിന്റെ ചരണത്തില്‍. ഇതില്‍ എവിടെ കാമം എന്നായിരുന്നു എന്റെ ചോദ്യം.'

ഇത്തരം നിലവാരം കുറഞ്ഞ പാട്ടുകളൊന്നുംതന്നെ പാടി കേള്‍പ്പിക്കേണ്ട എന്നായി ഔസേപ്പ്. ഷിബുവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. 'കാര്‍ ഹോട്ടലില്‍ എത്തിയിട്ടും ഔസേപ്പ് പുറത്തിറങ്ങിയില്ല. അങ്ങനെയെങ്കില്‍ അങ്ങനെ എന്നുപറഞ്ഞ് ഞാന്‍ മുറിയിലേക്ക് നടന്നു. അന്ന് ആഘോഷിക്കാന്‍വേണ്ടി വാങ്ങിവെച്ചിരുന്ന റോയല്‍ ചലഞ്ച് വിസ്‌കിയുടെ മുക്കാല്‍ പങ്കും ഞാന്‍ ഒറ്റയ്ക്ക് അടിച്ചുതീര്‍ത്തു എന്നത് കഥയുടെ രത്‌നച്ചുരുക്കം.'

പിറ്റേന്നു കാലത്ത് ഫോണ്‍ മണിയടിക്കുന്നത് കേട്ടാണ് ഷിബു എഴുന്നേറ്റത്. മറ്റേയറ്റത്ത് ഔസേപ്പച്ചന്‍. 'ഇന്നലെ നീ ഒരു പാട്ടിന്റെ കാര്യം പറഞ്ഞില്ലേ? ഇതാ, ഈ ട്യൂണ്‍ കൊള്ളാമോ എന്നു പറ.' ഔസേപ്പ് ഒരു ഈണം മൂളുന്നു. ഏഴിലംപാലയുടെ മീറ്ററില്‍ ആണെങ്കിലും വ്യത്യസ്തമായ ഒരു ഈണം. അതിനൊത്ത് ആ നിമിഷംതന്നെ ഷിബുവിന്റെ ചുണ്ടില്‍ വരികളും വന്നുപിറന്നു എന്നതാണ് അദ്ഭുതം. യവനകഥയില്‍നിന്ന് വന്ന ഇടയകന്യകേ... അടുത്ത ദിവസംതന്നെ ചെന്നൈ മീഡിയ ആര്‍ട്ടിസ്റ്റ്‌സ് സ്റ്റുഡിയോയില്‍വെച്ച് വിഖ്യാത സൗണ്ട് എഞ്ചിനീയര്‍ ശ്രീധര്‍ പാട്ടുകള്‍ ആലേഖനം ചെയ്യുന്നു. അന്ന പുറത്തുവന്നില്ലെങ്കിലും ആ പടത്തിന്റെ ഓഡിയോ കാസറ്റുകള്‍ അഞ്ചു ലക്ഷമാണ് വിറ്റഴിഞ്ഞതെന്നോര്‍ക്കുന്നു ഷിബു.

ഇനി സംഗീതസംവിധായകന്‍ ബോംബെ എസ്. കമാലിന്റെ കഥ കേള്‍ക്കുക. സിനിമ ആഹ്ലാദത്തെക്കാള്‍ വേദനകളാണ് തനിക്കു നല്കിയതെന്നു പറയും അദ്ദേഹം. കമാലിന്റെ മികച്ച സൃഷ്ടികള്‍ പലതും ഇറങ്ങാത്ത പടങ്ങളുടെ ഭാഗമായിരുന്നു. യേശുദാസ് പാടിയ പാടാം ഞാന്‍ പാടാം ഒരു സാന്ത്വനം എന്ന ഹൃദയസ്​പര്‍ശിയായ ഗാനം ഉള്‍പ്പെട്ട അടുക്കള എന്ന സിനിമ (1986) ഫസ്റ്റ് പ്രിന്റ് ആയിട്ടുപോലും തിയേറ്ററുകളില്‍ എത്തിയില്ല എന്നതാണ് ഏറ്റവും വലിയ ദുഃഖം. കാരണം, സാമ്പത്തികപ്രതിസന്ധിതന്നെ. 'സംവിധായകന്‍ രവി ആലുംമൂടന്റെ ഭാര്യ കൃഷ്ണയാണ് പാട്ടുകള്‍ എഴുതിയത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട വരികളാണ്. ചെയ്ത ജോലിക്ക് പ്രതിഫലം കിട്ടിയില്ലെങ്കിലും ആ പാട്ടുകള്‍ - പ്രത്യേകിച്ച് ദാസിന്റെ പാട്ട് - ജനങ്ങള്‍ സ്വീകരിച്ചു എന്നതില്‍ സന്തോഷമുണ്ട്.' വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയിലും സംഗീതലോകത്ത് സജീവമായ കമാല്‍ പറഞ്ഞു.

ഒരര്‍ഥത്തില്‍ ആ സ്വീകരണം തന്നെയല്ലേ ഗാനശില്പിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ പ്രതിഫലവും?

അതിശയരാഗം വാങ്ങാം