പുളുവടി, ചളി കോമഡി, പരിഹാസം... ലൊക്കേഷനിലെ ഇടവേളകള്‍ ഇവയ്ക്കുവേണ്ടിയുള്ളതാണ് എന്നു കരുതുന്ന സിനിമക്കാര്‍ ഏറെയാണ്. എന്നാല്‍ ഇതില്‍നിന്നെല്ലാം ഒഴിഞ്ഞുനില്ക്കുന്ന ഒരാള്‍ മലയാളസിനിമയില്‍ ഉണ്ടായിരുന്നു. കൊച്ചിന്‍ ഹനീഫ.

രാക്ഷസരാജാവ് എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് ഞാന്‍ ആദ്യമായി ഹനീഫക്കയെ കാണുന്നത്. കുട്ടികളെപ്പോലെ നിഷ്‌കളങ്കമായ ചിരിയുള്ള ഹനീഫക്ക. ആരാധനയോടെ ഞാന്‍ മാറിനിന്ന് അദ്ദേഹത്തെ നോക്കി. കാലിലെ ഹീലുള്ള ചെരിപ്പ് ഒന്നിന് അല്പം കനം കൂടുതല്‍, കൈയിലൊരു കുഞ്ഞുബാഗ്. ബാഗില്‍ ലിപ്സ്റ്റിക്കാണ്. ഇടയ്ക്കിടെ പുള്ളിയത് ചുണ്ടില്‍ പുരട്ടും. എനിക്ക് കൗതുകം തോന്നി. സിനിമയിലെ വില്ലന്റോളുകളില്‍ കണ്ടിട്ടുള്ള ഹനീഫക്കതന്നെയാണോ ഇത്?

രാക്ഷസരാജാവില്‍ ഹനീഫക്കയുടെ മകളായിട്ടാണ് ഞാന്‍ അഭിനയിച്ചത്. ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ഞാന്‍ ഹനീഫക്കയുമായി കൂട്ടായി. 'ചെരിപ്പ് വാങ്ങുമ്പോള്‍ നോക്കി വാങ്ങിക്കൂടേ, ഒന്നിനല്പം ഹീല്‍ കൂടുതലാണല്ലോ?' വലിയ കണ്ടുപിടിത്തം നടത്തിയ ഗമയില്‍ ഞാന്‍ ചോദിച്ചു. 'എറണാകുളത്തെ കടകളില്‍ അന്വേഷിച്ച് നടന്ന് കിട്ടിയതാണ്. ആകെ ഒരെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ,' ഇക്ക ഭാവഭേദമില്ലാതെ പറഞ്ഞു. വ്യത്യസ്ത ഹീലുള്ള ചെരിപ്പ് സത്യത്തില്‍ അദ്ദേഹം പറഞ്ഞുണ്ടാക്കുന്നതാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നത് പിന്നെയും കുറെക്കാലം കഴിഞ്ഞാണ്.

ആരോടും വൈരാഗ്യം കാണിക്കാത്ത ഹനീഫക്ക സിനിമക്കാര്‍ക്കിടയില്‍ അദ്ഭുതമായിരുന്നു. ആരെങ്കിലും അദ്ദേഹത്തോട് കയര്‍ത്തു സംസാരിച്ചാല്‍പ്പോലും ഒന്നും മിണ്ടില്ല. 'എന്താ ഹനീഫക്കാ, അയാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ മിണ്ടാതിരുന്നത്?' ഞാന്‍ ചോദിക്കും. 'കാവ്യക്കെന്തിന്റെ സുഖക്കേടാ... അവര് പറഞ്ഞോട്ടെ. നമ്മള്‍ കേട്ടില്ലാന്ന് വിചാരിച്ചാല്‍ പോരേ,' പുള്ളി ചിരിക്കും.

ലൊക്കേഷനില്‍ ഹനീഫക്ക എനിക്കൊരു പിടിവള്ളിയായിരുന്നു. പരിഹാസങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള പിടിവള്ളി. ലൊക്കേഷനിലൊക്കെ സ്ഥിരം കാഴ്ചയാണ് നാലാള്‍ കൂടിയിരുന്ന് ആരെയെങ്കിലുമൊക്കെ പരിഹസിക്കുക. ഞാനുള്ള സെറ്റാണെങ്കില്‍ മിക്കപ്പോഴും ഞാനായിരിക്കും ഇര. പറയാത്ത കാര്യങ്ങള്‍പോലും പറഞ്ഞു എന്ന് പ്രചരിപ്പിച്ച് ചിലര്‍ കോമഡിയുണ്ടാക്കും. മറ്റുള്ളവര്‍ ഇതുകേട്ട് ചിരിക്കും. ചിലപ്പോഴൊക്കെ അസഹനീയമാണിത്.

ഏതു സ്ത്രീയെയും ഹനീഫക്ക 'പെങ്ങളേ' എന്നേ വിളിക്കൂ. യഥാര്‍ഥ ജീവിതത്തിലും ഒരുപാട് പെങ്ങമ്മാരെ നോക്കിവളര്‍ത്തിയതുകൊണ്ടാണ് ഇങ്ങനെ പെരുമാറാന്‍ കഴിയുന്നതെന്ന് പുള്ളിതന്നെ പറയാറുണ്ട്. ആരെങ്കിലും സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തുന്നതു കേട്ടാല്‍ ഇക്ക ഇടപെടും, 'വേണ്ട മോനേ, അതിവിടെ വേണ്ട.' അത് എത്ര ഉന്നതനായ ആളായാലും ഇക്ക പറഞ്ഞിരിക്കും.

കിലുക്കം കിലുകിലുക്കത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. ഹനീഫക്ക എന്തോ ആവശ്യത്തിനായി ദുബായ്ക്ക് പോകുകയാണ്. എന്നോടു ചോദിച്ചു, 'കാവ്യയ്ക്ക് ഞാന്‍ ദുബായില്‍നിന്ന് എന്താ കൊണ്ടുവരേണ്ടത്?' മാക് എന്നൊരു കോസ്‌മെറ്റിക്കാണ് ഞാന്‍ അക്കാലത്ത് ഉപയോഗിച്ചിരുന്നത്. അതിന്റെ സ്റ്റിക്ക് തീരാറായി. 'മാക്കിന്റെ ഒരു സ്റ്റിക്ക് കൊണ്ടുവരുമോ?' ഞാന്‍ ചോദിച്ചു. പുള്ളി തലയാട്ടി സമ്മതിച്ചു. ഹനീഫക്കയെപ്പോലെ എല്ലാവരും ബഹുമാനിക്കുന്ന ഒരാളോട് കോസ്‌മെറ്റിക് വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞതിന് അമ്മ എന്നെ വഴക്കുപറഞ്ഞു. എനിക്കും വിഷമം തോന്നി. ഒരു കോസ്‌മെറ്റിക് വാങ്ങാന്‍ വേണ്ടി ഹനീഫക്കയെ ബുദ്ധിമുട്ടിക്കേണ്ടിയിരുന്നില്ല.

ഒരു ദിവസം അച്ഛന്റെ മൊബൈലിലേക്ക് ഒരു ഐഎസ്ഡി കോള്‍. റോമിങ് നമ്പര്‍ കണ്ടപ്പോള്‍ ഫാന്‍സ് ആരെങ്കിലും ആയിരിക്കുമെന്ന് കരുതി അച്ഛന്‍ ഫോണ്‍ ഓഫാക്കി. അല്പസമയം കഴിഞ്ഞ് അതേ നമ്പറില്‍നിന്ന് വീണ്ടും കോള്‍. ഇത്തവണ ഫോണെടുത്തു. ഹനീഫക്കയായിരുന്നു അത്. പുള്ളി ദുബായ് സിറ്റി സെന്ററില്‍ മാക്കിന്റെ കടയന്വേഷിച്ച് അലയുകയാണ്. 'എടോ, ഇത് എവിടെയാ മാക്കിന്റെ കട?' ഇക്ക ക്ഷീണിതനായിരുന്നു. ഞാന്‍ കൃത്യമായിട്ട് വഴി പറഞ്ഞുകൊടുത്തു.

അല്പനേരം കഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു, 'എടോ, തന്റെ ഷേഡും നമ്പറുമൊക്കെ പറ.' മാക്കിന്റെ കോസ്‌മെറ്റിക് സ്റ്റുഡിയോ ടച്ച്, സ്റ്റുഡിയോ ഫിക്‌സ് എന്നിങ്ങനെ പല ടൈപ്പുണ്ടെന്നും അതിന് പ്രത്യേക നമ്പറുണ്ടെന്നും അപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഭാഗ്യത്തിന് ആ സമയം എന്റെ കൂടെ മേക്കപ്പ്മാന്‍ സലിം കടയ്ക്കലുമുണ്ടായിരുന്നു. സലീംക്ക സ്റ്റുഡിയോ ടച്ചാണ് എനിക്ക് വേണ്ടതെന്ന് പറഞ്ഞുകൊടുത്തു.

ഞാന്‍ അച്ഛനോടു പറഞ്ഞു, 'ഹനീഫക്ക വന്നാല്‍ അച്ഛന്‍ സ്റ്റിക്ക് വീട്ടില്‍ പോയി വാങ്ങിക്കണം. അതിന്റെ പൈസയും കൊടുക്കണം. ഇനിയദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല.'
ഹനീഫക്ക വന്നപ്പോള്‍ അച്ഛന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. സ്റ്റിക്ക് വാങ്ങിയിട്ട് പൈസ കൊടുത്തു. ഹനീഫക്കയ്ക്ക് അത് ഇഷ്ടമായില്ല. 'ഞാനെന്റെ പെങ്ങള്‍ക്ക് വാങ്ങിയ സാധനത്തിന് പൈസ വാങ്ങിക്കേ...' ഇക്ക കുറെ മിഠായിയും പൊതിഞ്ഞ് അച്ഛന്റെ കൈയില്‍ കൊടുത്തിട്ട് പറഞ്ഞു, 'ഇതെന്റെ പെങ്ങള്‍ക്ക് കൊടുക്കണം. ഓള്‍ക്കായിട്ട് വാങ്ങിയതാ... ഞാനും എന്റെ പെങ്ങളും തമ്മിലുള്ള കാര്യത്തില് താങ്കള്‍ ഇടപെട്ടാല്‍ പറഞ്ഞേക്കാം...' അച്ഛന്‍ അവിടെ നടന്നതെല്ലാം എന്നോട് വിവരിച്ചു. എന്റെ ചേട്ടനോളം എന്നെ സ്‌നേഹിക്കുന്നവര്‍ സിനിമയിലുമുണ്ടെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.

എനിക്ക് ബിസ്മി ചൊല്ലാനറിയാം. ഹനീഫക്കയ്ക്ക് ഭയങ്കര ഇഷ്ടമാണ് ഞാന്‍ ബിസ്മി ചൊല്ലിക്കൊടുക്കുന്നത്. 'ബിസ്മില്ലാഹി റഹ്മാനി റഹീം' ഏതൊരു നല്ല കാര്യം ചെയ്യുമ്പോഴും ആദ്യം ഇതു ചൊല്ലിയേ തുടങ്ങാവൂ എന്ന് അദ്ദേഹം പറഞ്ഞുതന്നു. ഞാനത് അനുസരിക്കും. ഇതു കാണുമ്പോള്‍ ഇക്കയ്ക്ക് ഭയങ്കര സന്തോഷമാകും. പുള്ളി എല്ലാവരും കേള്‍ക്കെ ഉറക്കെ പറയും, 'കേട്ടോടാ, എന്റെ കുഞ്ഞിപ്പെങ്ങള് ബിസ്മി ചൊല്ലണത്.' ഖുര്‍ആന്‍ മാത്രമല്ല ഭഗവദ്ഗീതയും രാമായണവും ബൈബിളുമൊക്കെ വായിച്ചിട്ടുണ്ട് ഹനീഫക്ക. എപ്പോഴും ഇതിലെ ഓരോ കാര്യങ്ങള്‍ പറഞ്ഞുതരും. 'നീണ്ട യാത്രയ്‌ക്കൊടുവില്‍ മരത്തണലില്‍ വിശ്രമിക്കാന്‍ ദൈവം തന്ന സമയമാണ് മനുഷ്യായുസ്സ്. അത് അഹങ്കരിച്ച് തീര്‍ക്കാനുള്ളതല്ല.' അദ്ദേഹം പറഞ്ഞു. അതൊക്കെ മനസ്സില്‍ കിടക്കുന്നതുകൊണ്ടാകാം ഒരിക്കലും അഹങ്കാരത്തിലേക്ക് എന്റെ മനസ്സ് വഴുതിമാറാറില്ല.

ഇക്ക ഭാര്യയെ ഒരുപാടു സ്‌നേഹിച്ചിരുന്നു. വിവാഹശേഷം ഏറെ കഴിഞ്ഞും ഇക്കയ്ക്ക് കുട്ടികളുണ്ടായില്ല. കുഞ്ഞുങ്ങളുണ്ടാകാത്തതില്‍ ഏറെ ദുഃഖിതനായിരുന്നു അദ്ദേഹം. എങ്കിലും ദുഃഖം മറച്ചുവെച്ചേ ഭാര്യയുടെ അടുത്തുപോലും പെരുമാറൂ. ലയണ്‍ സിനിമയുടെ വിജയാഘോഷം കൊച്ചിയില്‍ നടക്കുന്നു. ഞങ്ങള്‍ നടീനടന്മാരെല്ലാം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഹനീഫക്ക എന്റെ അടുത്തുവന്നു. 'പെങ്ങളിങ്ങോട്ട് വന്നേ...,' ഇക്കയെന്നെ അല്പം ദൂരേക്കു വിളിച്ചു. എന്തോ സ്വകാര്യമായി ഇക്കയ്ക്ക് എന്നോടു പറയാനുണ്ടെന്ന് മനസ്സിലായി.
'ഓള്‍ക്ക് വിശേഷമുണ്ട്,' പുള്ളി പതുക്കെ പറഞ്ഞു. എനിക്ക് സന്തോഷം നിയന്ത്രിക്കാനായില്ല. ഞാനിക്കയുടെ കൈകള്‍ പിടിച്ചുകുലുക്കി. 'വിശേഷമുണ്ടെന്ന് മാത്രമല്ല, ഇരട്ടക്കുട്ടികളാണ് എന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ട്,' ഹനീഫക്കയുടെ ഹൃദയം സന്തോഷംകൊണ്ട് തുടിക്കുന്നത് ഞാന്‍ കേട്ടു.

ഹനീഫക്കയ്ക്ക് നല്കിയ ഒരു വാക്ക് പാലിക്കാന്‍ കഴിയാത്തതിന്റെ ദുഃഖം എന്റെ മനസ്സിനെ ഇപ്പോഴും അലട്ടുകയാണ്. ഹനീഫക്ക വീട്ടിലുള്ളപ്പോള്‍ ഇക്കയുടെ കുട്ടികള്‍ക്കൊപ്പം കുറച്ചുസമയം ചെലവഴിക്കാന്‍ ഞാന്‍ വരുമെന്ന് ഒരിക്കല്‍ വാക്കുകൊടുത്തിരുന്നു. കുട്ടികള്‍ക്ക് ഒരേപോലെയുള്ള ഡ്രസ്സും ഷൂസുമൊക്കെ ഞാന്‍ വാങ്ങിവെക്കുകയും ചെയ്തു, സമ്മാനം കൊടുക്കാന്‍. പക്ഷേ, ഷൂട്ടിങ് തിരക്കുകാരണം എനിക്കു പോകാന്‍ കഴിഞ്ഞില്ല. കുട്ടികള്‍ക്ക് വാങ്ങിയ സമ്മാനങ്ങള്‍ കുറെനാള്‍ എന്റെ വീട്ടിലിരുന്നു.

ഒരിക്കല്‍ യാദൃച്ഛികമായി ഹനീഫക്ക എന്റെ വീട്ടില്‍ വന്നു. 'ഈ സമ്മാനം കുട്ടികള്‍ക്ക് കൊടുക്കണം,' ഞാനത് ഇക്കയെ ഏല്പിക്കാന്‍ ശ്രമിച്ചു. അദ്ദേഹം വാങ്ങിയില്ല. 'കാവ്യ എനിക്ക് വാക്കുതന്നതാണ്. കുട്ടികളെ കാണാന്‍ വീട്ടില്‍ വരുമെന്ന്. ഞാനിതു വാങ്ങിച്ചാല്‍ കാവ്യ വീട്ടില്‍ വരില്ല. നീതന്നെ വീട്ടില്‍ വന്ന് അവര്‍ക്കിത് കൊടുക്കണം,' അദ്ദേഹം പറഞ്ഞു.

ഒടുവില്‍ ഹനീഫക്കയുടെ കുട്ടികള്‍ വലുതായി. ഞാന്‍ വാങ്ങിവെച്ച ഉടുപ്പ് അവര്‍ക്ക് കൊടുക്കാനും കഴിഞ്ഞില്ല. ഈയടുത്തിടെ ഞാനത് എന്റെ ഒരു ബന്ധുവിന്റെ കുട്ടിക്ക് കൊടുത്തു. ഹനീഫക്ക മരിച്ചശേഷം ഞാനവരുടെ വീട്ടില്‍ പോയി ഇത്തയെയും മക്കളെയും കണ്ടു. 'വാപ്പച്ചി എവിടെ,' കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി ചോദിച്ചു. വാപ്പച്ചി അവരെ വിട്ടുപോയി എന്നു മനസ്സിലാക്കാനുള്ള പ്രായം കുഞ്ഞുങ്ങള്‍ക്കായിരുന്നില്ല. 'വാപ്പച്ചി ഷൂട്ടിങ്ങിന് പോയതാണ്,' ഞാന്‍ സമാധാനിപ്പിച്ചു. അപ്പോള്‍ 'എന്താ വാപ്പച്ചി വരാത്തേ' എന്നു ചോദിച്ച് കരച്ചിലായി. ഞാന്‍ ആകെ തളര്‍ന്നുപോയി. ഹനീഫക്കയുള്ള വീട്ടിലേക്ക് മക്കളോടൊപ്പം കുറച്ചുദിവസം ചെലവഴിക്കാന്‍ എനിക്കു പോകാനായില്ലല്ലോ എന്നത് ഒരു തീരാദുഃഖമായി ഇന്നും എന്റെ മനസ്സിനെ വേട്ടയാടുകയാണ്.

എന്റെ കവിതകള്‍ സി.ഡിയിലാക്കി ഇറക്കണമെന്ന് ഏറെ ആഗ്രഹിച്ച വ്യക്തിയായിരുന്നു ഹനീഫക്ക. സി.ഡി.യുടെ റിലീസിങ് ചടങ്ങില്‍ ഞാനേറ്റവും കൂടുതല്‍ മിസ് ചെയ്തത് ഹനീഫക്കയെ ആയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്കുണ്ടായിരുന്നെന്ന് ഉറപ്പുണ്ട്.

നോമൊരു ശുദ്ധ ബ്രാഹ്മണനാണേ...

ഞാനുള്ള എല്ലാ ലൊക്കേഷനുകളിലും എന്നെക്കുറിച്ച് കോമഡിക്കഥകളിറങ്ങാറുണ്ട്. ഏറ്റവും കൂടുതല്‍ കഥകളിറങ്ങിയത് തെങ്കാശിപ്പട്ടണത്തിന്റെ സെറ്റിലാണ്.ഇതില്‍ ഭൂരിഭാഗം കഥകളുടെയും ഉപജ്ഞാതാവ് ഒരാളായിരുന്നു, സലിംകുമാര്‍. ഞാന്‍ ആദ്യമായി സലീമേട്ടനെ കാണുന്നതുപോലും ഈ സിനിമയുടെ സെറ്റില്‍വെച്ചാണ്. എന്നിട്ടും എന്നെക്കുറിച്ച് കഥകളിറക്കുന്നതില്‍ മുന്‍പന്‍ സലീമേട്ടനായിരുന്നു.

'നോമിനെ പരിചയം കാണ്വോ ആവോ?' സലീമേട്ടന്‍ എന്നോട് ചോദിച്ചു.
'ഇതെന്താ സലീമേട്ടന്‍ നമ്പൂതിരിമാരെപ്പോലെ വര്‍ത്തമാനം പറയുന്നത്?' എനിക്ക് ആശ്ചര്യം തോന്നി.
'നോം നമ്പൂതിരി തന്നെയാണല്ലോ, പ്രശസ്തമായ വടക്കേ ഇല്ലത്തെ സലിം നമ്പൂതിരി,' സലീമേട്ടന്‍ പറഞ്ഞു.
'സലീമേട്ടന്‍ എന്തിനാ നുണ പറയുന്നത്,' ഞാന്‍ ചോദിച്ചു.

'നോം ഒരിക്കലും നുണ പറയില്ല്യാട്ടോ. നോമൊരു ശുദ്ധ ബ്രാഹ്മണനാണേ,' സലീമേട്ടന്റെ മറുപടി.
എന്നിട്ടും സലീമേട്ടന്‍ നമ്പൂതിരിയാണെന്നു വിശ്വസിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല. കാരണം, ഞാന്‍ കണ്ടിട്ടുള്ള മുഴുവന്‍ നമ്പൂതിരിമാരും വെളുത്തിട്ടാണ്. സലീമേട്ടനാണെങ്കില്‍ കറകറുപ്പ്.
'കറുത്ത നമ്പൂതിരിമാരുണ്ടാകുമോ?' ഞാന്‍ വീണ്ടും ചോദിച്ചു.

'നോമിന്റെ അച്ഛന്‍ മാത്രമേ നമ്പൂതിരിയായുള്ളൂ. ഇല്ലത്തെ അടിച്ചുതളിക്കാരിയായിരുന്ന കറുത്ത സ്ത്രീയോട് ഇല്ലത്തെ അച്ഛന്‍നമ്പൂതിരിക്ക് തോന്നിയ ഒരിഷ്ടത്തിന്റെ റിസല്‍ട്ടാണ് നോം. നോം അമ്മയെപ്പോലെ കറുത്തുപോയി... ന്താ ചെയ്യാ...,' പുള്ളി പറഞ്ഞു.

ഇപ്പോള്‍ ഇല്ലത്ത് കയറ്റാറില്ലെന്നും അമ്മയെയും തന്നെയും പടിയിറക്കി വിട്ടു എന്നുമൊക്കെ സലീമേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നു.
'സലീമേട്ടന്‍ പിന്നെ എപ്പോഴെങ്കിലും ഇല്ലത്തേക്ക് പോയോ?' ഞാന്‍ ചോദിച്ചു.


'നോമിനേയും അമ്മയേയും ഇറക്കിവിട്ട ഇല്ലത്തേക്ക് വീണ്ടും പോക്വേ... ശിവ ശിവ..,' മൂപ്പര്‍ ദേഷ്യപ്പെട്ടു.
ദിവസം കഴിയുംതോറും സലീമേട്ടന്‍ നമ്പൂതിരിയാണെന്ന വിശ്വാസം കൂടിക്കൂടിവന്നു. ഒരിക്കല്‍പ്പോലും നമ്പൂതിരിഭാഷ വിട്ട് സലീമേട്ടന്‍ എന്നോട് സംസാരിച്ചില്ല. ഒരു ദിവസം ഞാന്‍ ചോദിച്ചു, 'സലീമേട്ടന്‍ നമ്പൂതിരിയായിട്ടും എന്തേ പേര് മുസ്ലീമിന്റേതായി?'

'നോമിന് വെറൈറ്റി പേര് വേണം എന്ന മോഹമായിരുന്നു അമ്മയ്ക്ക്. അങ്ങനെ സലിം നമ്പൂതിരി എന്ന് പേരിട്ടു. സിനിമയില്‍ വന്നപ്പോള്‍ ദിലീപ് കുമാര്‍, അശോക് കുമാര്‍ എന്നൊക്കെ ഉണ്ടല്ലോ... അവരുടെ നിലവാരത്തില്‍ വരുന്ന നടനായതുകൊണ്ട് നോമിന് പേര് സലിംകുമാര്‍ ആകട്ടെയെന്ന് സിനിമക്കാര്‍ നിരീച്ചു,' സലീമേട്ടന്‍ വിശദീകരിച്ചു.

ഒരു ദിവസം യാദൃച്ഛികമായി ഞാനതു കേട്ടു, സലീമേട്ടന്‍ തനി എറണാകുളം ഭാഷയില്‍ ദിലീപേട്ടനോട് സംസാരിക്കുന്നു. എന്റെ അടുത്ത് നമ്പൂതിരിഭാഷ പറയുന്ന ആള് ഞാനടുത്തില്ലാത്തപ്പോള്‍ ഒറിജിനല്‍ ഭാഷയില്‍ സംസാരിക്കുന്നു. പുള്ളിയുടെ കള്ളത്തരം കൈയോടെ പിടികൂടിയെങ്കിലും ഞാനൊന്നും മിണ്ടിയില്ല. കാരണം, വിശ്വസിക്കരുതെന്ന് മനസ്സ് പറഞ്ഞിട്ടും സലീമേട്ടന്‍ നമ്പൂതിരിയാണെന്ന് വിശ്വസിച്ച ഞാനല്ലേ മണ്ടി.

മറ്റൊരു ദിവസം എന്റെ ഗതികേടിന് ഞാന്‍ സലീമേട്ടനോട് പറഞ്ഞു, 'ഞാന്‍ ചെറുതായിട്ട് കവിതയൊക്കെ എഴുതും.' ഉടന്‍ പുള്ളിയുടെ മറുപടി, 'അപ്പോള്‍ നമ്മള്‍ ഒരേ സ്റ്റാന്‍ഡേര്‍ഡില്‍ പെട്ടവരാണല്ലോ.'
'അതെന്താ അങ്ങനെ തോന്നാന്‍,' ഞാന്‍ ചോദിച്ചു.
'അല്ല, ഞാനും കാവ്യയെപ്പോലെ കവിതയെഴുതാറുണ്ട്,' പുള്ളി പറഞ്ഞു.

സലീമേട്ടന്‍ പറഞ്ഞത് വിശ്വസിച്ച് ഞാനദ്ദേഹത്തോടു ചോദിച്ചു, 'സലീമേട്ടാ, എന്റെ കവിത വായിച്ച് ഒന്ന് അഭിപ്രായം പറയുമോ?'
'നോക്കട്ടെ' എന്നു പറഞ്ഞ് സലീമേട്ടന്‍ കവിത വാങ്ങി. അതില്‍ ആണിനെ പൂവിനോട് ഉപമിച്ചു എന്ന് പറഞ്ഞ് കുറെ കളിയാക്കി, 'ഒരു കവയിത്രിയുടെ ഭാവനയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത തെറ്റാണ് കാവ്യ ചെയ്തത്,' പുള്ളി വലിയ കവിയെപ്പോലെ വിശദീകരിച്ചു. ഇനി ശ്രദ്ധിച്ചുകൊള്ളാമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും കേള്‍ക്കെ പുള്ളിവക ഒരു ഉപദേശവും, 'കവിത എഴുതുമ്പോള്‍ വൃത്തം നോക്കിയില്ലെങ്കിലും വൃത്തിയെങ്കിലും നോക്കണം.' ഞാന്‍ വീണ്ടും ചമ്മിപ്പോയി.

ഇതുപോലെ കളിയാക്കിക്കൊല്ലുമെങ്കിലും സലീമേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. നമുക്കൊരു വേദന വന്നാല്‍ സലീമേട്ടന്റെ മനസ്സും വേദനിക്കും. സലീമേട്ടന് ഞാന്‍ മരുമകളാണ്. പുള്ളിയെന്റെ മാമനും. കാണുമ്പോഴൊക്കെ ചോദിക്കും, 'എന്താ മരുമോളേ വിശേഷമെന്ന്.' സലീമേട്ടന്‍ മദ്യപിക്കുന്നത് എനിക്കിഷ്ടമല്ല. മദ്യപിച്ചു കണ്ടാല്‍ ഞാന്‍ ചീത്തവിളിക്കും, നല്ല കുത്തുവെച്ചുകൊടുക്കും. ഗള്‍ഫിലൊക്കെ പോയപ്പോള്‍ ഞാനും ഭാവനയും ഇടംവലം എന്നമട്ടില്‍ നടക്കുകയായിരുന്നു, സലീമേട്ടന്‍ കുടിക്കാതിരിക്കാന്‍ വേണ്ടീട്ട്.

കിലുക്കം കിലുകിലുക്കത്തിന്റെ സമയത്താണ് സലീമേട്ടന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്. അതിന്റെ തൊട്ടുമുന്‍പുള്ള വര്‍ഷം മികച്ച നടിക്കുള്ള അവാര്‍ഡ് എനിക്കായിരുന്നു.

ഒരു ദിവസം ചാക്കോച്ചനും ജയസൂര്യയുമൊക്കെയായി ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സലീമേട്ടന്‍ അടുത്തുവന്നു, 'നമ്മള്‍ അവാര്‍ഡ് വിന്നേഴ്‌സാണ്. അതിന്റെ സ്റ്റാന്‍ഡേര്‍ഡ് വിട്ട് കളിക്കരുത്,' പുള്ളി പറഞ്ഞു.

'സ്റ്റാന്‍ഡേര്‍ഡ് വിട്ട് കളിക്കുകയോ?' ഞാന്‍ ചോദിച്ചു.
ജീവിതത്തില്‍ ഒരവാര്‍ഡു പോലും കിട്ടാത്ത ചാക്കോച്ചനും ജയസൂര്യയുമായൊക്കെ കാവ്യ ഇങ്ങനെ സംസാരിക്കുന്നത് മോശമല്ലേ. കാവ്യയ്ക്ക് ആരോടെങ്കിലുമൊക്കെ സംസാരിക്കണമെന്നു തോന്നുമ്പോള്‍ അവാര്‍ഡ് വിന്നറായ എന്നെ വിളിക്കാമല്ലോ. നമ്മളാകുമ്പോള്‍ ഒരേ സ്റ്റാന്‍ഡേര്‍ഡ് ആണുതാനും.' പുള്ളിയുടെ അഭിപ്രായം കേട്ട് ചാക്കോച്ചനും ജയസൂര്യയും തലയില്‍ കൈവെച്ചു നിന്നു. ഉടന്‍ എന്റെ നേരെ തിരിഞ്ഞിട്ട് സലീമേട്ടന്‍ ചോദിച്ചു, 'കാവ്യ പത്മശ്രീക്ക് അപേക്ഷ നല്കിയോ?'

'പത്മശ്രീ നമ്മള്‍ അപേക്ഷിച്ചിട്ട് കിട്ടുന്നതാണോ? അത് സര്‍ക്കാര് ആളെ നോക്കി തരുന്നതല്ലേ,' എനിക്ക് സംശയം.
'മണ്ടത്തരം പറയാതെ കുട്ടീ... കുട്ടി വേഗം എഴുതി അപേക്ഷിച്ചോളൂ. കേന്ദ്രത്തില്‍ എനിക്ക് വേണ്ടപ്പെട്ട ഒരാളുണ്ട്. ഞാന്‍ വേണമെങ്കില്‍ റെക്കമെന്റ് ചെയ്യാം,' പുള്ളിയുടെ മറുപടി.
'എന്നിട്ടെന്താ സലീമേട്ടന് പത്മശ്രീ കിട്ടാത്തത്?' ഞാന്‍ ചോദിച്ചു.
'ആര്‍ക്കുവേണം ഈ പത്മശ്രീ. എനിക്കത് വേണ്ടെന്ന് ഞാന്‍ എഴുതിക്കൊടുത്തു,' പുള്ളിയുടെ മറുപടിയില്‍ എന്തോ പന്തികേടു തോന്നി. ആദ്യത്തെ ദുരനുഭവങ്ങള്‍ ഓര്‍ത്തിട്ടാവാം ഭാഗ്യത്തിന് ഞാനിത് വിശ്വസിച്ചില്ല.

ആള് പാവമാണെങ്കിലും ചിലപ്പോള്‍ ഭയങ്കര ദേഷ്യം വരും സലീമേട്ടന്. എത്ര കൊമ്പത്തുള്ള ആളാണെങ്കിലും, അത് സൂപ്പര്‍താരങ്ങള്‍ ആണെങ്കില്‍ പ്പോലും മര്യാദവിട്ട് പെരുമാറിയാല്‍ സലീമേട്ടന്‍ നല്ലതുകൊടുക്കും. വിദേശത്തൊക്കെ പോകുമ്പോള്‍ ഞാന്‍ മിക്കപ്പോഴും സലീമേട്ടന്റെ ഗ്രൂപ്പിലായിരിക്കും. സലീമേട്ടന്റെ കൂടെ പോകുന്നത് നമുക്കൊരു ധൈര്യമാണ്. കൂടെയുള്ള സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല. കൂട്ടത്തില്‍ ആരെങ്കിലും നമ്മളെയൊരു അനാവശ്യം പറഞ്ഞാല്‍ മതി, സലീമേട്ടന്റെ സ്വഭാവം മാറും. പിന്നെ അവനെ രണ്ടെണ്ണം പൊട്ടിച്ചിട്ടേ പുള്ളി അടങ്ങൂ.

കിലുക്കം കിലുകിലുക്കത്തിന്റെ സെറ്റില്‍ ഞങ്ങളെല്ലാവരും ഇരിക്കുന്നു. ഞാന്‍, സലീമേട്ടന്‍, സിദ്ദിക്ക്, ജഗദീഷേട്ടന്‍... ഇതിനിടെ ഒരു കള്ളുകുടിയന്‍ പയ്യന്‍ ഓട്ടോഗ്രാഫുമായി എന്റെയടുത്തെത്തി. ഞാന്‍ ഒഴിഞ്ഞുമാറിയപ്പോള്‍ അവനെന്നെ ഒരനാവശ്യവാക്ക് വിളിച്ചു. ഞാനാകെ അമ്പരന്നുപോയി. അച്ഛനും അമ്മയുമൊക്കെ അടുത്തിരിക്കുന്നുണ്ട്. അവരും വല്ലാതെയായിപ്പോയി. ഉടന്‍ സലീമേട്ടനും സിദ്ദിക്കയും അവനെ കയറിപ്പിടിച്ചു. അപ്പോഴേക്കും ഹോട്ടലിലെ സെക്യൂരിറ്റികളെത്തി പയ്യനെ പിടിച്ച് പുറത്താക്കി. എല്ലാം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ സലീമേട്ടനെ കാണാനില്ല. പുള്ളി ലിഫ്റ്റിലേക്ക് ഓടിക്കയറുന്നതു കണ്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ താഴത്തെ നിലയില്‍ ഭയങ്കര ബഹളം. അനാവശ്യം പറഞ്ഞ പയ്യനെ സലീമേട്ടന്‍ പെരുമാറിയതാണ്. അല്പസമയം കഴിഞ്ഞപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ സലീമേട്ടന്‍ തിരിച്ചുവന്നു. ആരും ഒന്നും സംസാരിച്ചില്ല.

ഷൂട്ടിങ് കഴിഞ്ഞ് മടക്കയാത്രയില്‍ വിമാനത്താവളത്തില്‍വെച്ച് കണ്ടപ്പോള്‍ സലീമേട്ടനോട് ഞാന്‍ ചോദിച്ചു, 'എന്തിനാ സലീമേട്ടാ വെറുതെ വഴക്കിനൊക്കെ പോയത്?' ഉടന്‍ വന്നു മറുപടി, 'കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് കൊടുത്തില്ലെങ്കില്‍ കൊടുക്കാനാഗ്രഹിക്കുന്നതുപോലും കൊടുക്കാന്‍ പറ്റാതാകും.' ഞാന്‍ വാപൊളിച്ച് നിന്നുപോയി.

(കഥയില്‍ അല്പം കാവ്യം എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം