മദിരാശി മഹാനഗരത്തില്‍ ശ്രീനിവാസന്‍ എന്നൊരാള്‍ വന്നുകൂടിയിട്ടുണ്ട് എന്ന് പലരും പറഞ്ഞാണ് ഞാന്‍ അറിയുന്നത്. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചയാളാണ്, പി.എ. ബക്കറിന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, ബുദ്ധിമാനാണ് എന്നെല്ലാം അറിഞ്ഞു. എവിടുത്തുകാരനാണെന്നോ എവിടെയാണ് താമസമെന്നോ അറിയില്ല. അക്കാലത്ത് സിനിമാമോഹവുമായി മദിരാശിയില്‍ വന്നുകൂടിയവരുടെയൊക്കെ അവസ്ഥ അതായിരുന്നു. അവരെല്ലാം എവിടെയാണ് താമസിക്കുന്നത് എന്നു ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. ചില പ്രത്യേക സ്ഥലങ്ങളില്‍, പ്രത്യേക സമയങ്ങളില്‍ അവരെക്കാണാം. അതു കഴിഞ്ഞാല്‍ എല്ലാവരും ഏതൊക്കെയോ ഇടവഴികളിലേക്ക് മറയുന്നു. എവിടെയൊക്കയോ വിശന്നും സഹിച്ചും സ്വപ്‌നം കണ്ടും കഴിയുന്നു. അവര്‍ക്കാര്‍ക്കും മേല്‍വിലാസമില്ലായിരുന്നു. സിനിമയിലൂടെ മേല്‍വിലാസം ഉണ്ടാക്കണം എന്ന അടക്കാനാവാത്ത ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുമാത്രമാണ് സമയത്തിന് ഭക്ഷണവും ശുദ്ധവായുവും കൂടിയില്ലെങ്കിലും ഏതൊക്കെയോ മാളങ്ങളില്‍ അവരെ ജിവിപ്പിച്ചു നിര്‍ത്തിയത്.

ഞാനും ഡേവിഡ് കാച്ചപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് മോഹന്‍ സംവിധാനം ചെയ്ത 'ഇളക്കങ്ങള്‍' എന്ന സിനിമയില്‍ ചില കഥാപാത്രങ്ങള്‍ക്ക് ഡബ്ബ് ചെയ്യാന്‍ ആളെ ആവശ്യമുണ്ടായിരുന്നു. ശ്രീനിവാസന്‍ നന്നായി ഡബ്ബ് ചെയ്യും എന്ന് അപ്പോഴാണറിഞ്ഞത്. വിളിച്ചപ്പോള്‍ ശ്രീനിവാസന്‍ വന്നു. കറുത്ത് കുറുതായ മനുഷ്യന്‍. അധികം സംസാരമില്ല. ഡബ്ബിങ് കഴിഞ്ഞ് പോകുന്നതിനു മുന്‍പ്, ഇളക്കങ്ങളിലെ എന്റെ കഥാപാത്രമായ കറവക്കാരന്‍ ദേവസ്യക്കുട്ടിയെക്കുറിച്ച് ശ്രീനിയോടു ചോദിച്ചു. ഇന്‍സ്റ്റിറ്റിയൂട്ടിലൊക്കെ പഠിച്ചുവന്ന ബുദ്ധിമാനായ ഒരാളുടെ അഭിപ്രായമറിയാനുള്ള അഭിനയമോഹിയുടെ കൊതിമാത്രം.

'നന്നായിട്ടുണ്ട്'- ശ്രീനിവാസന്‍ പറഞ്ഞു. അത്രയേ പറഞ്ഞുള്ളൂ. അതുകൊണ്ടുതന്നെ അതൊരു മുഖസ്തുതിയല്ല എന്ന് എനിക്കു മനസ്സിലായി. എനിക്കു സംതൃപ്തിയായി. ഞങ്ങള്‍ അടുത്തു. പിന്നീട് ഞങ്ങള്‍ നിര്‍മിച്ച്, മോഹന്‍ സംവിധാനം ചെയ്ത 'ഒരു കഥ ഒരു നുണക്കഥ' ശ്രീനിവാസന്‍ എഴുതി. സിനിമയുടെ മര്‍മം അറിയുന്ന നല്ല എഴുത്തുകാരനുമാണ് ഇയാള്‍ എന്ന് എനിക്ക് ബോധ്യമായി. ഞങ്ങള്‍ നല്ല ചങ്ങാതിമാരായി.
ഒരുദിവസം അപ്രതീക്ഷിതമായി ശ്രീനി എന്നോടു പറഞ്ഞു:
'ഞാനൊരു കല്ല്യാണം കഴിച്ചാലോ എന്നാലോചിക്കുകയാണ്'
'നല്ല കാര്യം. പെണ്ണ് എവിടുന്നാ?' ഞാന്‍ചോദിച്ചു.
'നാട്ടില്‍ത്തന്നെയാണ്, വിമല.' ശ്രീനിപറഞ്ഞു.
'എന്നാല്‍പ്പിന്നെ എത്രയും പെട്ടന്ന് നോക്കിക്കോ' ഞാന്‍ പ്രോത്സാഹിപ്പിച്ചു.
'അത്രപെട്ടന്ന് പറ്റില്ല, ചില പ്രശ്‌നങ്ങളുണ്ട്'. ശ്രീനി അത് പറഞ്ഞപ്പോള്‍ത്തന്നെ സംഗതി പ്രണയമാണ് എന്നെനിക്കു പിടികിട്ടി.
'എന്താ ആ കുട്ടിക്ക് ഇഷ്ടമല്ലേ?' ഞാന്‍ ചോദിച്ചു.
'ഇഷ്ടമാണ്'
'നിന്റെ വീട്ടുകാര്‍ക്ക് സമ്മതമല്ലേ?'
'സമ്മതമാണ.്'
'അവരുടെ വീട്ടുകാര്‍ക്കോ?' ഞാന്‍ ചോദ്യം തുടര്‍ന്നു.
'അവര്‍ക്കും സമ്മതമാണ.്' ശ്രീനി പറഞ്ഞു.

ആര്‍ക്കും എതിര്‍പ്പില്ല, എല്ലാവര്‍ക്കും സമ്മതം. പിന്നെന്താണ് പ്രശ്‌നം എന്നറിയാതെ ഞാന്‍ അന്തം വിട്ടുനിന്നു. അപ്പോള്‍ ശ്രീനി വളരെ ഗൗരവത്തില്‍ പറഞ്ഞു:
'ഞങ്ങള്‍ക്ക് ഒളിച്ചോടി മാത്രമേ കല്യാണം കഴിക്കാന്‍ സാധിക്കൂ!' അതുകൂടി കേട്ടപ്പോള്‍ എന്റെ അദ്ഭുതം ഇരട്ടിച്ചു. ഒരുപിടിയും കിട്ടുന്നില്ല. എന്റെ അവസ്ഥകണ്ട് ശ്രീനിതന്നെ കാര്യം വിശദീകരിച്ചു.
'കല്യാണം നേരായവഴിക്ക് നടത്തണമെങ്കില്‍ സാമാന്യം നല്ല കാശ് വേണം. എന്റെ കൈയില്‍ ചില്ലിക്കാശില്ല. ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചാല്‍ സൗകര്യമാണ്. 'അവന്‍ ഒളിച്ചോടിപ്പോയി പെണ്ണു കെട്ടിയതാണ്' എന്ന് വീട്ടുകാര്‍ക്ക് പറഞ്ഞുനില്ക്കുകയും ചെയ്യാം.'

എന്റെ മുന്നില്‍ നില്ക്കുന്ന കുറിയ മനുഷ്യന്‍ ചില്ലറക്കാരനല്ല എന്നെനിക്ക് മനസ്സിലായി. ചിലകാര്യങ്ങളില്‍ ഇയാള്‍ എന്റെ ഗുരുതന്നെയാണ്.

ആ സമയത്തുതന്നെയാണ് മമ്മൂട്ടിക്ക് പറ്റിയ ഒരു കഥയുണ്ട് എന്ന് ശ്രീനി പറയുന്നത്. വിജയാ മൂവീസ് അത് നിര്‍മിക്കാം എന്നേറ്റു. സാജന്‍ സംവിധാനം ചെയ്യും.
നിര്‍മിച്ച സിനിമകളെല്ലാം തകര്‍ന്ന്, മൂക്കറ്റം കടം കയറിയ ഞാന്‍ ഇരിങ്ങാലക്കുടയില്‍ ഒതുങ്ങാനായി തിരിച്ചെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അഭിനയമോഹം തീര്‍ന്നു. നിര്‍മാണത്തിനുള്ള പൂതിയും കഴിഞ്ഞു. മുന്നില്‍ ജീവിതം ഒരു വലിയ ബാധ്യതയായി നീണ്ടുകിടക്കുന്നു. അപ്പോഴാണ് ശ്രീനിയുടെ ഈ വിളി. അതില്‍ സിനിമയിലേക്കുള്ള മറ്റൊരു പഴുത് എനിക്ക് കിട്ടി: തിരക്കഥാരചന. നല്ല തിരക്കഥ എഴുതാന്‍ അത്യാവശ്യം വായനയുടെയും ഭാവനയുടെയും എഴുതാനുള്ള കഴിവിന്റെയും പിന്‍ബലം വേണമെന്ന സത്യമൊന്നും ഞാന്‍ ഗൗനിച്ചില്ല. സിനിമയുടെ പരിസരങ്ങളില്‍ കുറെക്കാലം ചുറ്റിപ്പറ്റി നടന്നതിന്റെ ധൈര്യവും ബലവും മാത്രംവെച്ചാണ് ഞാന്‍ സാഹസത്തിന് മുതിര്‍ന്നത്. തരംകിട്ടിയാല്‍ എനിക്കുള്ള ഒരു റോള്‍ സൂത്രത്തില്‍ തിരുകിക്കയറ്റുകയും ചെയ്യാം. അങ്ങനെ ഞാന്‍ എഴുത്തുകാരന്റെ വേഷം കെട്ടാനും തയ്യാറായി.

എറണാകുളത്ത് ഇപ്പോള്‍ റിനൈസന്‍സ് എന്നു പേരുള്ള പഴയ പോളക്കുളം ടൂറിസ്റ്റ്‌ഹോമില്‍ ആണ് ഞങ്ങള്‍ കഥമെനയാന്‍ താമസിച്ചത്. മുറിവാടകയും ഞങ്ങളുടെ ഭക്ഷണച്ചെലവും നിര്‍മാതാവ് കൊടുക്കും. അത്രയും ആശ്വാസം.

മാനസികരോഗാശുപത്രിയിലെ ഡോക്ടറാണ് മമ്മൂട്ടിയുടെ കഥാപാത്രം. അനാഥനായ അയാളെ ഒരു പള്ളീലച്ചനാണ് എടുത്തുവളര്‍ത്തിയത്. ഒരു പണക്കാരിപ്പെണ്‍കുട്ടിയെ ആണ് അയാള്‍ വിവാഹം ചെയ്യുന്നത്. എടുത്തുവളര്‍ത്തിയ പള്ളീലച്ചന് അയാളെ പഠിപ്പിക്കാന്‍ ചെലവായ പണം മുഴുവന്‍ നല്കിയിട്ടാണ് പെണ്ണിന്റെ അച്ഛന്‍ മകളെ ആ ഡോക്ടര്‍ക്ക് വിവാഹം ചെയ്തുകൊടുത്തത്. ശരിക്കും വിലയ്ക്കുവാങ്ങല്‍. അതിന്റെ ദുരന്തങ്ങളാണ് കഥ.

ആലോചനകള്‍ തകൃതിയായി. നല്ലഭക്ഷണം, ഉറക്കം. എഴുത്തുമാത്രം നടന്നില്ല. പെട്ടെന്ന് ഒരുദിവസം നിര്‍മാതാവും സംവിധായകനും ചേര്‍ന്ന് കഥകേള്‍ക്കാന്‍ വരുന്നു എന്നുപറഞ്ഞു. അതുകേട്ടതും എന്റെ ചങ്കുകാളി. ഒരുവരി എഴുതിയിട്ടില്ല. പക്ഷേ, ശ്രീനിക്ക് യാതൊരു കുലുക്കവുമില്ല.

'ഡൊ, കഥയൊന്നും ആയില്ലല്ലോ, എങ്ങനെ പറയും?'ഞാന്‍ ചോദിച്ചു.
'കഥ നമുക്ക് പറയാം.' ശ്രീനി നിസ്സാരമായി പറഞ്ഞു.
'എന്നാ ഇപ്പം ഒന്നുപറഞ്ഞേ' കാര്യങ്ങളുടെ പോക്ക് അപകടത്തിലേക്കാണ് എന്നു തോന്നിയപ്പോള്‍ ഞാന്‍ ശ്രീനിയെ നിര്‍ബന്ധിച്ചു.
'ഇപ്പം പറയാന്‍ പറ്റില്ല, അപ്പഴേ പറയാന്‍ പറ്റൂ.' ശ്രീനി അയയുന്നില്ല.
'അതെന്താ അങ്ങനെ?'
'അതങ്ങനെയാണ്, താനൊന്ന് സമാധാനായിട്ട് ഇരിക്കെടോ.'
പക്ഷേ, എനിക്കൊട്ടും സമാധാനമില്ലായിരുന്നു.
ഒടുവില്‍ സംവിധായകനും നിര്‍മാതാവും ഒരു സംഘവും വന്നു. ശ്രീനി അനായാസമായി കഥപറഞ്ഞു. എല്ലാം പെട്ടെന്ന് തോന്നിയത് ഉണ്ടാക്കി പറഞ്ഞതായിരുന്നു. ഞാന്‍ മിഴിച്ചിരുന്നു. വന്നവര്‍ക്ക് തൃപ്തിയായി. അവര്‍ പോയി.
അതിനെക്കുറിച്ച് പിന്നെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. ആലോചന തുടര്‍ന്നു.
കഥയില്‍ ഒരു വില്ലനുണ്ട്. അയാള്‍ മെന്റല്‍ ആശുപത്രിയില്‍ ഒരു സ്ത്രീയെ ബലാത്സംഗംചെയ്യുന്നു. ആ റോള്‍ ലാലു അലക്‌സിനെക്കൊണ്ട് ചെയ്യിക്കാം എന്നു തീരുമാനിച്ചു. സംഗതി കേട്ടപ്പോള്‍ ലാലു പറഞ്ഞു,
'അത് ചെയ്യാന്‍ എന്നെക്കിട്ടില്ല.'
നിര്‍ബന്ധിച്ചപ്പോള്‍ ലാലു ഒരു നിബന്ധനവെച്ചു;

ഈ വില്ലന്‍ അങ്ങനെ ഒരു ക്രൂരകൃത്യം ചെയ്യാനുണ്ടായ പശ്ചാത്തലം വേറെ എഴുതിയുണ്ടാക്കണം.

അത് ശ്രീനിക്ക് സമ്മതമായില്ല. ലാലു അലക്‌സ് ഇല്ലെങ്കില്‍ വെറൊരാളെവെച്ച് ചെയ്യാന്‍ മമ്മൂട്ടി പറഞ്ഞു. അവര്‍ തമ്മില്‍ തര്‍ക്കമായി, അത് രൂക്ഷമായി.
ഈ തര്‍ക്കം എനിക്കും ശ്രീനിവാസനും വലിയ ആശ്വാസം തന്നു. കാരണം, ഒരുവരി എഴുതിയിട്ടില്ല.

'ഇവര് രണ്ടാളും ഇങ്ങനെ വഴക്കുകൂടിയാല്‍ ഞങ്ങള്‍ക്ക് എഴുതാന്‍ ബുദ്ധിമുട്ടുണ്ട്. ആദ്യം തര്‍ക്കം തീരട്ടെ അപ്പോഴേക്കും ഞങ്ങള്‍ ഒന്ന് നാട്ടില്‍പ്പോയിവരാം.' ഞങ്ങള്‍ നിര്‍മാതാക്കളോട് വിളിച്ചുപറഞ്ഞു.
അവര്‍ അയ്യായിരം രൂപ ഞങ്ങള്‍ക്കു തന്നു. അതുംകൊണ്ട് ഞാനും ശ്രീനിവാസനും എറണാകുളത്തുനിന്നും ട്രെയിന്‍ കയറി.

ട്രെയിനിലെ ബാത്ത്‌റൂമിന്റെ അടുത്തുനിന്ന് ഞങ്ങള്‍ ഒരു സിഗരറ്റ് വലിച്ചു. എല്ലാം രണ്ടുപേര്‍ക്കും അറിയാവുന്നതുകൊണ്ട് ഒന്നും മിണ്ടാനുണ്ടായിരുന്നില്ല. എന്റെ കൈയിലായിരുന്നു പണം. ഇരിങ്ങാലക്കുട എത്താറായപ്പോള്‍ ഞങ്ങള്‍ വീണ്ടും ബാത്ത്‌റൂമിനടുത്തു വന്നുനിന്നു. ഞാന്‍ രണ്ടായിരത്തി അഞ്ഞൂറ് രൂപയെടുത്ത് ശ്രീനിക്കുകൊടുത്തു. ബാക്കിയുള്ള രണ്ടായിരത്തി അഞ്ഞൂറില്‍നിന്നും ഒരു അഞ്ഞൂറുകൂടി ശ്രീനിക്കുനല്കി.
'ഇതെന്തിനാണ്?' ശ്രീനി ചോദിച്ചു.

'ഇല്ലാത്ത ഒരു കഥ ഉണ്ടാക്കിപ്പറഞ്ഞുപറഞ്ഞ് നീ ആ ചങ്ങാതിമാരെ മിണ്ടാതെ ഇരുത്തിയില്ലേ. അതിനാണ് മോനേ. നിനക്കൊരു പതിനായിരം രൂപയെങ്കിലും തരണം എന്നുണ്ട്. പക്ഷേ, നിവൃത്തിയില്ല, ഇതേ ഉള്ളൂ.'
ആ പണവും കൈയില്‍ ചുരുട്ടിപ്പിടിച്ച് ട്രെയിനിന്റെ വാതിലിനടുത്ത് നില്ക്കുന്ന ശ്രീനിവാസന്‍ ഇപ്പോഴും എന്റെ കണ്ണിലുണ്ട്. വണ്ടി കാഴ്ചയില്‍നിന്നും മറയുന്നതുവരെ ഞാന്‍ സ്റ്റേഷനിലും ശ്രീനി ആ വാതിലിനടുത്തും തന്നെനിന്നു. കണ്ണുകള്‍ എവിടെയൊക്കെയോ നനഞ്ഞു. കാരണം, ഞങ്ങള്‍ രണ്ടുപേര്‍ക്കുമുള്ള അരിക്കാശായിരുന്നു അത്.

അന്ന് ആലോചിച്ച ആ സിനിമ ഇതുവരെ ഇറങ്ങിയിട്ടില്ല.
ഏകദേശം ആ കാലത്തുതന്നെയാണ് കെ.എസ്. സേതുമാധവന്‍ 'അവിടത്തെപ്പോലെ ഇവിടെയും' എന്ന സിനിമ എടുക്കുന്നത്. അതില്‍ കുന്നംകുളത്തുകാരനായ ഒരു കച്ചവടക്കാരന്റെ റോള്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയും ജോണ്‍പോളും ചേര്‍ന്നാണ് ഇന്നസെന്റ് എന്ന ഒരാളുണ്ട് എന്നും അയാളെക്കൊണ്ട് ചെയ്യിച്ചാല്‍ നന്നാവും എന്നും സേതുമാധവനോടു പറഞ്ഞത്. കമല്‍ ആണ് അന്ന് സേതുമാധവന്റെ അസിസ്റ്റന്റ്. ഞാന്‍ ചെന്നപ്പോള്‍ അഭിനയിക്കേണ്ട സീന്‍ തന്നിട്ട് സേതുമാധവന്‍ ചോദിച്ചു:
'ഇതില്‍ തമാശയുണ്ടോ?'
'ഇല്ല' ഞാന്‍ പറഞ്ഞു.
'തമാശയുണ്ടാക്കാമോ?'
എന്റെ മനസ്സില്‍, വളകളെല്ലാം പണയംവെക്കപ്പെട്ടുപോയ ആലീസിന്റെ കൈത്തണ്ടകളും മകന്റെ പഠിപ്പും വാടകക്കുടിശ്ശികയും വീട്ടാനുള്ള കടങ്ങളും നിറഞ്ഞുവിങ്ങി. ഞാന്‍ സേതുമാധവനോട് പറഞ്ഞു:
'ഞാന്‍ തമാശയുണ്ടാക്കാം.'
അദ്ദേഹം ക്യാമറയുടെ മുകളില്‍ ഒരു മഞ്ഞ ടവ്വലിട്ട് കാത്തിരുന്നു. ഞാന്‍ മാറിയിരുന്നെഴുതി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു:
'എഴുതിക്കഴിഞ്ഞോ?'
'ഫിനിഷിങ് ആയില്ല.'
അപ്പോള്‍ അദ്ദേഹം ഞാന്‍ എഴുതിയഭാഗം വായിച്ചു നോക്കിയിട്ടു പറഞ്ഞു:
'ഇതുമതി, ഇതാണ് ഫിനിഷിങ്. ഇത് നമുക്ക് ഒറ്റഷോട്ടില്‍ എടുക്കണം.'

അത് അങ്ങനെത്തന്നെ ഷൂട്ട്‌ചെയ്തു. ആ പടം വേണ്ടമാതിരി ഓടിയില്ലെങ്കിലും എന്റെറോള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ചെറുതായി ഞാനൊന്ന് നിശ്വസിച്ചു.
ശ്രീനിവാസന്‍ ശുപാര്‍ശചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 'പുന്നാരം ചൊല്ലിച്ചൊല്ലി' എന്ന സിനിമയിലേക്ക് പ്രിയദര്‍ശന്‍ എന്നെ വിളിക്കുന്നത്. അങ്ങനെ ഞാന്‍ ആ സംഘത്തിലും അംഗമായി.
എങ്കിലും ജീവിതം മുടന്തുകതന്നെയായിരുന്നു. ഒന്നു തെളിഞ്ഞുകിട്ടാത്ത അവസ്ഥ. പലപ്പോഴും മടുപ്പിന്റെ അങ്ങേയറ്റം എത്തും. എന്തെല്ലാം ജോലികള്‍ ചെയ്തു! എന്താണ് ഈ ഭൂമിയില്‍ എന്റെ യഥാര്‍ഥ ജോലി എന്ന് പലപ്പോഴും ആലോചിക്കും. ആ കാലത്താണ് 'റാംജിറാവ് സ്​പീക്കിങ്' എന്ന സിനിമയില്‍ അഭിനയിക്കാന്‍ സിദ്ധിഖ് - ലാല്‍ എന്നെ വിളിക്കുന്നത്. ഇരുപതിനായിരം രൂപയാണ് പ്രതിഫലം പറഞ്ഞത്.
വൃത്തിയായി, പൂര്‍ണമായി എഴുതിയ സ്‌ക്രിപ്റ്റ് ആയിരുന്നു അത്. മാന്നാര്‍ മത്തായി എന്ന മുഴുനീള റോള്‍ ഞാന്‍ അഭിനയിച്ചുതീര്‍ത്തു. ഡബ്ബിങ് കഴിഞ്ഞപ്പോള്‍ പറഞ്ഞുറപ്പിച്ച ഇരുപതിനായിരത്തിന് പുറമേ അയ്യായിരംകൂടി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബാബുഷാഹിര്‍ തന്നു. ഇതെന്തിനാണ് എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:

'ഇതുകൂടിതരണം എന്ന് ഫാസില്‍ പറഞ്ഞിട്ടുണ്ട്.' ഫാസിലായിരുന്നു ഇവരുടെ എല്ലാവരുടെയും ഗുരു. നന്ദിയോടെ ഞാനത് വാങ്ങി.
സിനിമ റിലീസായി. എന്റെ ജീവിതം സാധാരണനിലയില്‍ തുടര്‍ന്നു. ഒരുദിവസം ഞാന്‍ മകന് ഉച്ചഭക്ഷണവുമായി ഡോണ്‍ബോസേ്കാ സ്‌കൂളില്‍ ചെന്നു. അവന് ഭക്ഷണം കൊടുക്കുമ്പോള്‍ പറഞ്ഞു:
'അപ്പച്ചന്‍ റാംജിറാവ് സ്​പീക്കിങ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. നിറച്ചും തമാശയാണ്.'
'എനിക്കത് കാണണം.' ഊണു കഴിക്കുന്നതിനിടെ അവന്‍ പറഞ്ഞു.
അന്നുവൈകുന്നേരം ഞാനും ആലീസും മോനുംകൂടി തൃശ്ശൂരില്‍ സിനിമയ്ക്കു കയറി. സിനിമ തുടങ്ങിയതോടെ സിനിമാഹാള്‍ ഫുട്‌ബോള്‍ ഗാലറിപോലായിരുന്നു. ആളുകള്‍ കസേരയില്‍ കയറിനിന്ന് ചിരിക്കുകയാണ്. ഫാന്‍സ് അസോസിയേഷനുകള്‍ ഇല്ലാത്ത കാലമായതുകൊണ്ട് ഡയലോഗുകള്‍ എല്ലാം വ്യക്തമായി കേള്‍ക്കാം. ചിരിയുടെ ആ തിരമാലകള്‍ക്കു നടുവില്‍ ഒരാള്‍ മാത്രം ചിരിക്കാതെ ഇരിക്കുന്നുണ്ടായിരുന്നു: ഞാന്‍. ചിരിക്കുപകരം എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകിക്കൊണ്ടേയിരുന്നു. ഇതിനാണല്ലോ ദൈവമേ ഞാന്‍ ഇത്രനാള്‍ അലഞ്ഞത്! പട്ടിണികിടന്നത്! പരിഹസിക്കപ്പെട്ടത്! ഉടുതുണിക്ക് മറുതുണിയില്ലാതെ ഒളിച്ചിരുന്നത്! ഭ്രാന്തിന്റെ വക്കോളം ചെന്നെത്തിയത്! അതോര്‍ത്തപ്പോള്‍ ആ ഇരുട്ടില്‍, അട്ടഹാസത്തിനും ചിരികള്‍ക്കും നടുവില്‍
ഇരുന്ന് ഞാന്‍ തേങ്ങിക്കരഞ്ഞുപോയി. ആഘോഷത്തിനിടയില്‍ പക്ഷേ, ആരും അത് കണ്ടില്ല.
സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തിയേറ്റര്‍ മുറ്റത്തെ കാഴ്ച മറ്റൊന്നായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയവരും കാണാന്‍ കാത്തുനില്ക്കുന്നവരും ഒരക്ഷരം മിണ്ടാതെ എന്നെത്തന്നെ നോക്കിനില്ക്കുകയാണ്. ഒരു ശബ്ദവുമില്ല. അവരുടെ നോട്ടങ്ങള്‍ക്കു മുന്നില്‍ യാതൊരു വികാരവുമില്ലാതെ ഞാന്‍ നിന്നു.

അല്പം കഴിഞ്ഞ് അവര്‍ക്കിടയിലൂടെ നടന്ന് പുറത്തുനിര്‍ത്തിയ കാറില്‍ കയറി. അപ്പോഴും ആരും ഒരക്ഷരം മിണ്ടിയില്ല, ഒന്നു തൊട്ടതുപോലുമില്ല.
കാര്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ അതുവരെ മിണ്ടാതെനിന്ന ജനം ഒരേസ്വരത്തില്‍ ആര്‍ത്തുവിളിച്ചു:
'ഇന്നസെന്റേട്ടാ...'
കരഞ്ഞുതോര്‍ന്ന എന്റെ മനസ്സ് അപ്പോള്‍ ശൂന്യമായിരുന്നു.

(ചിരിക്കു പിന്നില്‍ - ആത്മകഥയില്‍ നിന്ന്)

പുസ്തകം വാങ്ങാം