''സമകാലിക ഭാരതത്തിലെ നാലോ അഞ്ചോ വലിയ മനുഷ്യരെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ സംശയം കൂടാതെ അവരില്‍ ഒരാളുടെ പേര് ഞാന്‍ പറയും പറളിക്കാരന്‍ , പാലക്കാടന്‍ ചിറ്റേനിപ്പാടത്ത് രാമചന്ദ്രന്‍ .'' 1997 ഏപ്രില്‍ 15 ന് സി .പി രാമചന്ദ്രന്‍ അന്തരിച്ചപ്പോള്‍ എഴുതിയ കുറിപ്പിലാണ് പ്രമുഖ എഴുത്തുകാരന്‍ ഒ .വി.വിജയന്‍ ഇങ്ങനെ രേഖപ്പെടുത്തിയത്. സി.പി യെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ഏതാനും ദിവസം മുമ്പ് കേരള പ്രസ് അക്കാദമി പുറത്തിറക്കിയ ' സി . പി. രാമചന്ദ്രന്‍ :സംഭാഷണം , സ്മരണ , ലേഖനം ' എന്ന പുസ്തകമാണ്.സി പിയുടെ കുറിപ്പുകളും സിപിയെക്കുറിച്ചുള്ള ലേഖനങ്ങളും ഫീച്ചറുകളും അടങ്ങിയ ഈ പുസ്തകത്തിന്റെ എഡിറ്റര്‍ രഘുനാഥന്‍ പറളിയാണ്.

25 കൊല്ലം ഹിന്ദുസ്ഥാന്‍ ടൈംസില്‍, അതിനു മുമ്പ് ക്രോസ്‌റോഡിലും ന്യൂ ഏജിലും ശങ്കേഴ്‌സ് വീക്ക്‌ലിയിലും. 1986 ല്‍ വിരമിക്കുമ്പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഡെപ്യൂട്ടി എഡിറ്റര്‍.ശങ്കരപ്പിള്ളയ്ക്കും എടത്തട്ട നാരായണനും ചലപ്പതി റാവുവിനും നിഖില്‍ ചക്രവര്‍ത്തിക്കുമൊക്കെയൊപ്പം ഡെല്‍ഹിയിലെ പത്രപ്രവര്‍ത്തക ലോകത്തില്‍ സി പിയുമുണ്ടായിരുന്നു.ഒരു മലയാളി പത്രപ്രവര്‍ത്തകനും സ്വായത്തമാക്കാനാകാതിരുന്ന തലയെടുപ്പോടെയാണ് സി പി എന്ന ' ധിക്കാരി ' ഡെല്‍ഹിയില്‍ ജീവിച്ചത്.

പക്ഷേ, 18 കൊല്ലങ്ങള്‍ക്കു മുമ്പ് 1996 ജൂലായില്‍ ഒറ്റപ്പാലത്ത് പറളിയിലുള്ള വീട്ടില്‍ വെച്ച് കാണുമ്പോള്‍ സി പി ഇതൊന്നുമായിരുന്നില്ല. ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്ന് വിരമിച്ചതിന്റെ അടുത്ത ദിവസം സി പി പാലക്കാട്ടേക്ക് വണ്ടി കയറി. പറളിയില്‍ സഹോദരി സരോജത്തിന്റെ വീട്ടില്‍ സി പി യുടെ ജിവിതം ഡെല്‍ഹിയുടെ പ്രഭാവലയങ്ങള്‍ ഒന്നുമില്ലാതെയായിരുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസിലെ ' പാര്‍ലമെന്റ് ഇന്‍ ലാസ്റ്റ് വീക്ക് ' എന്ന സി.പിയുടെ കോളത്തില്‍ ഒന്നു കയറിപ്പറ്റാന്‍ മാത്രം എം പിമാര്‍ പ്രസംഗം പഠിച്ചു വന്നിരുന്ന കാലമുണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ലോക്‌സഭയിലെ അരങ്ങേറ്റം കണ്ട് സി പി ടൈംസിലെഴുതി . '' ഈ ചെറുപ്പക്കാരന്‍ ഭാവിയില്‍ മികച്ച പാര്‍ലമെന്റേറിയനാവുമെന്നതില്‍ സംശയം വേണ്ട.'' യൂറി ഗഗാറിന്‍ ബഹിരാകാശത്തു പോയ സംഭവം മാദ്ധ്യമ ലോകം മുഴുവന്‍ പാടിപ്പുകഴ്ത്തിയപ്പോള്‍ ശങ്കേഴ്‌സ് വീക്ക്‌ലിയിലെ ' ഫ്രീ തിങ്കിങ് ' എന്ന കോളത്തില്‍ സി പി ഇങ്ങനെ എഴുതി '' ധീര കൃത്യങ്ങള്‍ ഐതിഹാസികമാവുന്നത് അവയെ തിരഞ്ഞെടുക്കാന്‍ വേണ്ട സ്വാതന്ത്ര്യം മനുഷ്യന് ലഭിക്കുമ്പോള്‍ മാത്രമാണ്.'' വിജയന്‍ തന്നെ ചൂണ്ടിക്കാട്ടിയതു പോലെ ഉത്സവത്തിന്റെ തിമിര്‍പ്പിലും ഒരു പത്രപ്രവര്‍ത്തകന്‍ സത്യം കാണാന്‍ മറന്നു പോവരുത് എന്ന് നിരന്തരം ഓര്‍മ്മിപ്പിക്കുന്ന എഴുത്തായിരുന്നു സി പി യുടേത്.

ബിര്‍ളയായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഉടമ. പത്രാധിപരായിരുന്ന ബി ജി വര്‍ഗ്ഗീസിനെ ബിര്‍ള പിരിച്ചുവിട്ടപ്പോള്‍ അതിനെതിരെ സി പി കേസു കൊടുത്തു. ബി ജി വര്‍ഗ്ഗീസുമായി നല്ല ബന്ധമായിരുന്നില്ലെങ്കിലും പത്രാധിപരുടെ അഭിമാനം സംരക്ഷിക്കേണ്ടത് തന്റെ ബാദ്ധ്യതയായി കരുതിയെന്നാണ് സി പി അതേക്കുറിച്ചു പറഞ്ഞത്. ഈ നിയമ പോരാട്ടത്തില്‍ സി പി ജയിച്ചു. ഡെല്‍ഹിയില്‍ അന്ന് പത്രപ്രവര്‍ത്തകന്റെ ശിരസ്സ് ഒന്നിനു മുന്നിലും കുനിഞ്ഞിരുന്നില്ല. തന്റെ പത്രത്തിലെ ജിവനക്കാരനു മുന്നില്‍ തോറ്റു പോയ ബിര്‍ള സി പി യെ സ്്ഥലം മാറ്റുകയോ മറ്റെന്തെങ്കിലും പ്രതികാര നടപടികള്‍ എടുക്കുകയോ ചെയ്തില്ല. പക്ഷേ, 97 ല്‍ സി പി മരിച്ചപ്പോള്‍ അത് ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഉള്‍ത്താളില്‍ ഒരു ചെറിയ കോളം വാര്‍ത്ത മാത്രമായി.

ഒരു ഗുജറാത്തി ബിസിനസ്സുകാരന്റെ മകളെയാണ് സി പി വിവാഹം കഴിച്ചത്. ശങ്കേഴ്‌സ് വീക്‌ലിയില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായിരുന്ന ജലബാല വൈദ്യ സി പി യുമായി പ്രേമത്തിലായി. വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഒളിച്ചോടിയായിരുന്നു കല്ല്യാണം. ആറോ ഏഴോ വര്‍ങ്ങള്‍ക്കു ശേഷം രണ്ടു പേരും പിരിഞ്ഞു. മക്കള്‍ അനസൂയയും ജയും സി.പി യെകാണാന്‍ ഇടയ്ക്ക് പറളിയില്‍ വരാറുണ്ടായിരുന്നു. ജലബാലയെക്കുറിച്ചു ചോദിച്ചപ്പോള്‍ സി പിയുടെ മറുപടി ഇതായിരുന്നു. '' ഞങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ പിരിഞ്ഞതാണ്. ഇപ്പോള്‍ എനിക്കത് മറ്റൊരാളുടെ ആത്മകഥ വായിക്കുന്നതു പോലെയാണ്.''

ഇന്റര്‍ മീഡിയറ്റ് കഴിഞ്ഞപ്പോള്‍ കുടുംബം സംരക്ഷിക്കാനായി സി പി നേവിയില്‍ ചേര്‍ന്നു. സിപിയുടെ ചെറുപ്പത്തിലേ അച്ഛന്‍ സി പിയുടെ അമ്മയുമായി തെറ്റിപിരിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ താഴെയുള്ള നാല് സഹോദരങ്ങളുടെ ഉത്തരവാദിത്വം സിപിയുടെ ചുമലിലായി. നാവിക സേനയില്‍ ഓഫീസറായിരിക്കെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നാവികര്‍ നടത്തിയ കലാപത്തില്‍ സിപിയുമുണ്ടായിരുന്നു. പിന്നീട് കരസേനയില്‍. അവിടെയും സി പി അധിക നാള്‍ തുടര്‍ന്നില്ല.

തിരിച്ച് ഒറ്റപ്പാലത്തെത്തിയ ശേഷം കമ്മ്യൂണിസ്്്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി. ഒറ്റപ്പാലത്ത് പാര്‍ട്ടി കെട്ടിപ്പടുത്തത് താനും സഖാവ് കൃഷ്ണനുണ്ണിയും ചേര്‍ന്നാണെന്ന് സി പി പറയുമായിരുന്നു. സിപിയുടെ കഴിവ് തിരിച്ചറിഞ്ഞ ഇ എം എസ്സാണ് ഡെല്‍ഹിയില്‍ പാര്‍ട്ടി പത്രമായ ക്രോസ് റോഡില്‍ പ്രവര്‍ത്തിക്കാന്‍ ക്ഷണിച്ചത്. പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിപി ക്രോസ്‌റോഡ് വിട്ടു. പാര്‍ട്ടി വിട്ടെങ്കിലും മുന്‍ കമ്മ്യൂണിസ്റ്റുകാര്‍ പലപ്പോഴും ചെയ്യുന്നതുപോലെ എതിരാളികളുടെ കൈയ്യിലെ ചട്ടുകമാകാന്‍ സി പി ഒരിക്കലും തയ്യാറായിരുന്നില്ലെന്ന് പി.ഗോവിന്ദപ്പിള്ള ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫലിതത്തിന്റെ മേമ്പൊടി ചേര്‍ത്തായിരുന്നു സി പി യുടെ എഴുത്ത്. അതുകൊണ്ടു തന്നെ അത്്് കൊള്ളേണ്ടിടത്ത് ആഞ്ഞു കൊണ്ടു. ഹിന്ദുസ്ഥാന്‍ ടൈംസിലും ശങ്കേഴ്‌സ് വീക്‌ലിയിലും സി പിയുടെ കോളങ്ങള്‍ക്കായി വായനക്കാര്‍ കാത്തിരുന്നു.

ആധുനിക ഇന്ത്യ നിര്‍മ്മിക്കപ്പെടുന്നത് ഇന്ദ്രപ്രസ്ഥത്തിലെ അധികാര ഇടനാഴികളോട് ചേര്‍ന്നു നിന്നു കണ്ടയാളാണ് സി പി . നെഹ്‌റുവും വി കെ കൃഷ്ണമേനോനും ഇന്ദിരയും ഫിറോസ് ഗാന്ധിയും ഈ മനുഷ്യന്റെ പരിചിത വലയത്തിലുണ്ടായിരുന്നു. 1986 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നു വിരമിച്ചപ്പോള്‍ സി പിക്ക് ഡെല്‍ഹിയില്‍ മറ്റു പല പത്രങ്ങളിലും നിന്നും ഓഫറുകള്‍ വന്നു. പക്ഷേ, അതൊന്നും സ്വീകരിക്കാതെ സി പി ഡെല്‍ഹിയോട് വിട പറഞ്ഞു. ഡെല്‍ഹിയില്‍ പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന ചലപ്പതി റാവു ഒരു റസ്‌റ്റോറന്റില്‍ വെച്ചു മരിച്ചപ്പോള്‍ തിരിച്ചറിയപ്പെടാതെ മോര്‍ച്ചറിയില്‍ അജ്ഞാത ശവങ്ങളുടെ കൂട്ടത്തില്‍ കിടക്കേണ്ടി വന്നത് സി പി യെ ഞെട്ടിച്ചു. ദഹിപ്പിക്കാന്‍ കൊണ്ടു പോകും മുമ്പാണ് മരിച്ചത് ചലപ്പതിയാണെന്നു തിരിച്ചറിഞ്ഞത്. അതോടെ പ്രധാനമന്ത്രി ഇന്ദിരയും മറ്റുമെത്തി. ഇത്തരമൊരു അനുഭവം തനിക്കുണ്ടാവരുത് എന്നു കരുതിയാണ് താന്‍ ഡെല്‍ഹി വിട്ടതെന്നാണ് സി പി പറഞ്ഞത്.

പറളിയിലെ വീട്ടില്‍ 11 കൊല്ലത്തോളം സി പി യുണ്ടായിരുന്നു. ഈ കാലയളവില്‍ സി പി ഒന്നുമെഴുതിയില്ല. ഒ വി വിജയനടക്കമുള്ളവര്‍ പലപ്പോഴും നിര്‍ബ്ബന്ധിച്ചെങ്കിലും സി പി വഴങ്ങിയില്ല. 20 ാം നൂറ്റാണ്ടിലെ മനുഷ്യന്‍ എന്ന പേരില്‍ ഒരു പുസ്തകം സിപിയുടെ ആലോചനയിലുണ്ടായിരുന്നു. പക്ഷേ, അത് ആശയമായി തന്നെ നിലകൊണ്ടു. ആത്മകഥ പോലുമെഴുതാതെയുള്ള ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സിപി പറഞ്ഞതിതാണ്.'' ഞാനിവിടെ ആകാശവും മരങ്ങളും നോക്കികണ്ട് കഴിയുകയാണ്. After all what is life my friend ? '' ജീവിതം എന്താണെന്ന അതിഗഹനമായ ചോദ്യവും ചോദിച്ച് പറളിയിലെ വീട്ടില്‍ സി പി തീര്‍ത്തും നിസ്സംഗനായി ഇരുന്നു.

വാര്‍ദ്ധക്യത്തിലും ഈശ്വര വിശ്വാസിയായിട്ടില്ലെന്ന് പറഞ്ഞ് സി പി കുലുങ്ങിച്ചിരിച്ചത്്് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. വീടിന്റെ സ്വീകരണ മുറിയിലിരുന്ന് റം പതുക്കെ സിപ്പ് ചെയ്തു കൊണ്ടായിരുന്നു സി പി യുടെ സംസാരം. ചുരുട്ടു വലി നിര്‍ത്തിയതിനാല്‍ ഇടയ്ക്കിടക്ക് പൊടി വലിക്കും. ശുഭ്രമായ ഖദര്‍ വസ്ത്രം ധരിച്ച് ഗാന്ധിയനും മുന്‍ കമ്മ്യൂണിസ്റ്റ്കാരനുമായ സിപിയുടെ സഹോദരി ഭര്‍്ത്താവ് കെ സി കെ രാജ ഇടയ്ക്ക് സ്വീകരണമുറിയിലൂടെ വീടിനകത്തേക്കും പുറത്തേക്കും പോകും. മദ്യപിക്കുന്ന സി പിയോട് ഒട്ടും നീരസമില്ലാതെ പുഞ്ചിരിച്ചു കൊണ്ടാണ് രാജ കടന്നു പോവുക. മദ്യപാനം ഉള്ളിലെ മുറിയിലേക്ക് മാറ്റിയെങ്കിലോ എന്ന് സിപിയോട് സന്ദേഹപ്പെട്ടപ്പോള്‍ ചിരി വെടിഞ്ഞ് സി പി പറഞ്ഞു.'' രഹസ്യമായി ചെയ്യേണ്ട കര്‍മ്മമല്ല മദ്യപാനം.'' സ്േകാട്ടലന്റിന് സ്‌കോച്ചും റഷ്യക്കാര്‍ക്ക് വോഡ്കയും ഫ്രഞ്ചുകാര്‍ക്ക് മികച്ച ബ്രാണ്ടിയുമുള്ളതു പോലെ ഇന്ത്യക്കാര്‍ക്ക് നല്ലൊരു മദ്യമില്ല എന്ന് സി പി ഖേദിക്കുകയും ചെയ്തു.

സി പിയെ കാണാന്‍ പറളിയിലേക്ക് പല വട്ടം പോയി. മാതൃഭൂമിയുടെ തിരുവനന്തപുരം യൂണിറ്റില്‍ പ്രത്യേക ലേഖകനായ ആര്‍.ഹരികുമാറും ഒരിക്കല്‍ കൂടെയുണ്ടായിരുന്നു. അന്ന് വര്‍ത്തമാനം കഴിഞ്ഞ് ഞങ്ങളെ യാത്രയാക്കാന്‍ സി പി പടിക്കലോളം വന്നു. എന്നിട്ട് എന്റെയും ഹരിയുടെയും തോളില്‍ പിടിച്ച് ഇങ്ങനെ പറഞ്ഞു. '' I like this place , this countryside. And I have come here to die.'' ജീവിതത്തിന്റെ മുഖത്തു നോക്കി ഇങ്ങനെ പറയാന്‍ നമുക്കിടയില്‍ ഒരു സി പി മാത്രമേ ഉണ്ടായിരുന്നുള്ളു.

സി.പി. രാമചന്ദ്രന്‍ ഇവിടെയുണ്ട്