ഒരിക്കല്‍ ആലപ്പുഴയില്‍ ഷൂട്ടിങ്ങിനു ചെന്നപ്പോള്‍ രസകരമായൊരു സംഭവമുണ്ടായി. ഏ.സി. മുറികളും ഹാളുമൊക്കെയുള്ള വലിയൊരു വീട്ടിലാണ് ഷൂട്ടിങ് നടക്കുന്നത്. ഞാന്‍ മേക്കപ്പ് ചെയ്തു കഥാപാത്രത്തിന്റെ വേഷം ധരിച്ച് റെഡിയായി ഒരു മുറിയിലിരിക്കുന്നു. എല്ലാവരും അച്ചായാന്നു വിളിക്കുന്ന ഒരു നടനും അപ്പോള്‍ അവിടെയുണ്ട്. അയാള്‍ ഒരുങ്ങുന്നതേയുള്ളൂ. മേക്കപ്പിട്ട് കോസ്റ്റ്യൂം മാറിക്കൊണ്ടിരിക്കുമ്പോള്‍, കോസ്റ്റ്യൂമറുടെ അസിസ്റ്റന്റ് ഒരു പയ്യന്‍ പുതിയ രണ്ടു ചെരുപ്പ് അച്ചായന് കൊണ്ടുവന്നുകൊടുത്തു. ചെരിപ്പ് കാലിലിട്ട് രണ്ടുചാല് അങ്ങോട്ടുമിങ്ങോട്ടും നടന്നു പാകമാണോയെന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി ഉറപ്പുവരുത്തിയിട്ട് അസിസ്റ്റന്റ് പയ്യനോട് അച്ചായന്‍ ചോദിച്ചു:
'ഇതുപോലത്തെ വേറെ ചെരുപ്പുണ്ടോ?'
'ഇല്ല സാര്‍.'
'ഇല്ലേ... ഇത് പൊട്ടിയാല്‍ എന്തു ചെയ്യും. എന്നെപ്പോലൊരു ആര്‍ട്ടിസ്റ്റിന് രണ്ട് ജോഡി ചെരുപ്പെങ്കിലും വാങ്ങിക്കണ്ടേ. എവിടെ തന്റെ ആശാന്‍... ഇങ്ങ് വിളിച്ചേ...?'
സംഗതി എന്താണെന്നറിയാതെ കോസ്റ്റ്യൂമര്‍ വളരെ വിനയത്തോടെ അച്ചായന്റെ മുന്നില്‍ ഹാജരായി.

ചിരിമയം വാങ്ങാം

'എനിക്ക് ഇതല്ലാതെ വേറെ ചെരുപ്പ് വാങ്ങിയിട്ടുണ്ടോ?'
'ഉണ്ട് സാര്‍.'
'തന്റെ അസിസ്റ്റന്റ് ഇല്ലെന്നാണല്ലോ പറഞ്ഞത്.'
'അവനറിയാതെ പറഞ്ഞതാവും. സാറിന് വേറെ ചെരുപ്പ് വാങ്ങിയിട്ടുണ്ട്. ഞാനല്ലേ വാങ്ങിയത്.'
'എന്നാല്‍ കൊള്ളാം.'
അച്ചായന്‍ എഴുന്നേറ്റ് പുറത്തേക്കു പോയപ്പോള്‍ കോസ്റ്റ്യൂമര്‍ അസിസ്റ്റന്റ് പയ്യനോട് തട്ടിക്കയറി.
'നീ എന്ത് പണിയാണ് കാണിച്ചത്. ആര്‍ട്ടിസ്റ്റുകള്‍ എന്തെങ്കിലും ചോദിച്ചാല്‍ ചാടിക്കേറി ഇല്ലെന്നാണോ പറയേണ്ടത്?'
'ചേട്ടാ ഞാന്‍ സത്യമല്ലേ പറഞ്ഞത്.'
'അതൊക്കെ ശരിയാണ്. പക്ഷേ, ഇവിടെ സത്യം പറയുമ്പോള്‍ സൂക്ഷിക്കണം. ഇതൊരു ചെറിയ സിനിമയാണെന്ന് നിനക്കറിയാമല്ലോ. ഒരാള്‍ക്ക് രണ്ട് ജോഡി ചെരുപ്പ് വാങ്ങാനൊന്നും പ്രൊഡ്യൂസര്‍ സമ്മതിക്കില്ല. ദൈവത്തെയോര്‍ത്ത് നീ എന്റെ പണി കളയരുത്. ആര്‍ട്ടിസ്റ്റുകള്‍ എന്തു ചോദിച്ചാലും ഉണ്ടെന്നേ പറയാവൂ, മനസ്സിലായോ...?'
'മനസ്സിലായി...'
ആശാനും ശിഷ്യനും തമ്മില്‍ ധാരണയിലായി. അവരുടെ സംസാരം ഞാന്‍ കേട്ടതായി നടിച്ചില്ല. മുറിയില്‍ കിടന്നിരുന്ന ഏതോ ഒരു വീക്കിലി എടുത്തു വെറുതേ മറിച്ചുനോക്കി കേള്‍ക്കാത്തതുപോലെ ഇരിക്കുകയായിരുന്നു ഞാന്‍. കുഴപ്പക്കാരനല്ലെന്നു തോന്നിയതുകൊണ്ടാവണം എന്റെ സാന്നിധ്യം കാര്യമാക്കാഞ്ഞത്.
ഉച്ചയ്ക്ക് ഏതാണ്ട് രണ്ടു മണിയായപ്പോഴേക്കും സംവിധായകന്‍ ലഞ്ച്‌ബ്രേക്ക് പറഞ്ഞു. എല്ലാവരും ഊണു കഴിക്കാന്‍ പോയി. കുറച്ചു കഴിഞ്ഞ് ഷൂട്ടിങ് വീണ്ടും തുടങ്ങാറായപ്പോള്‍, മുഖം മിനുക്കാനായി മേക്കപ്പ്‌റൂമില്‍ അച്ചായനെത്തി. പിന്നാലെ ഞാനും. രാവിലെ കോസ്റ്റ്യൂം അസിസ്റ്റന്റ് പയ്യന്‍ മേക്കപ്പ് റൂമിന്റെ ഒരു ഭാഗത്ത് ടേബിളിട്ട് തുണി ഇസ്തിരിയിടുന്നുണ്ടായിരുന്നു. അച്ചായന്‍ അവനെ കുറച്ചുനേരം സൂക്ഷിച്ചുനോക്കിയിട്ട് 'എടാ നീ ഇങ്ങ് വന്നേ...?'
ഇസ്തിരിയിടുന്നത് നിര്‍ത്തി ആ പയ്യന്‍ അച്ചായന്റെ മുന്നിലെത്തി.
അച്ചായന്‍ അവനെ മൊത്തത്തിലൊന്ന് ഉഴിഞ്ഞിട്ട്, 'നിനക്ക് വട്ടുണ്ടോ?'
'ഉണ്ട് സാര്‍.'
'നിന്റെ വീട്ടില്‍ വേറെ ആര്‍ക്കെങ്കിലും?'
'ഉണ്ട് സാര്‍... അച്ഛനും അമ്മയ്ക്കും എല്ലാവര്‍ക്കുമുണ്ട്.'
'ങേ,' അച്ചായന്‍ ഞെട്ടിപ്പോയി. അച്ചായന്‍ മാത്രമല്ല കേട്ടവരും ഞെട്ടി. കണ്‍ട്രോള്‍ പോയി മേക്കപ്പ് കസേരയില്‍നിന്നു ചാടിയെഴുന്നേറ്റ അച്ചായന്റെ മുഖം ചുവന്നുവലിഞ്ഞു. 'എവിടെടാ നിന്റെ ആശാന്‍, പോയി വിളിച്ചോണ്ട് വാടാ...'
പയ്യന്‍ പോയി കോസ്റ്റ്യൂമറെ വിളിച്ചുകൊണ്ടുവന്നു.
'എന്താണ് സാര്‍, എന്തുപറ്റി...?'
'എടോ, ഈ വട്ടുള്ളവനെയാണോ പണിക്ക് വെച്ചിരിക്കുന്നത്?'
'സാര്‍ അവന് വട്ടില്ല.'
'വട്ട് ഉണ്ടെന്ന് അവന്‍ പറഞ്ഞല്ലോ. അവനു മാത്രമല്ല കുടുംബക്കാര്‍ക്കും വട്ടുണ്ടെന്നാണല്ലോ പറഞ്ഞത്.'
'പിള്ളാരല്ലേ, വല്ല തമാശ പറഞ്ഞതായിരിക്കും. ഞാന്‍ അവനോടു ചോദിക്കാം.'
കോസ്റ്റ്യൂമര്‍ ശിഷ്യനെ വിളിച്ചു, 'നീ എന്തൊക്കെയാണെടാ പറഞ്ഞത്. നിനക്കു വട്ടുണ്ടെന്ന് സാറിനോട് പറഞ്ഞായിരുന്നോ?'
'ഉവ്വ്. ചേട്ടനല്ലേ പറഞ്ഞത് ആര്‍ട്ടിസ്റ്റുകള്‍ എന്തു ചോദിച്ചാലും ഉണ്ടെന്നേ പറയാവൂന്ന്. എന്നോട് വട്ടുണ്ടോയെന്ന് ചോദിച്ചു, ഉണ്ടെന്ന് പറഞ്ഞു.'
'ഈശ്വരാ...' കോസ്റ്റ്യൂമര്‍ തലയില്‍ കൈവെച്ചുപോയി.
പക്ഷേ, അച്ചായന്‍ വിടുന്ന മട്ടില്ല.
'രണ്ടാളുംകൂടി എന്നെ കളിയാക്കിയതാണല്ലേ. ശരിയാവില്ല...'
സംഗതി വഷളായി. ഒച്ചയും ബഹളവും കേട്ട് ആളുകള്‍ കൂടി.
'കോസ്റ്റ്യൂമറെ ഇപ്പോള്‍ പിരിച്ചുവിടണം.' അച്ചായന്‍ നല്ല ചൂടിലാണ്. പ്രൊഡ്യൂസറും സംവിധായകനും ബഹളം കേട്ട് സംഭവസ്ഥലത്തെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരുവിധത്തില്‍ അച്ചായനെ സമാധാനപ്പെടുത്തി. രംഗം ശാന്തമായി. ആരുടെയും പണി പോയില്ല. ഷൂട്ടിങ് തുടരുകയും ചെയ്തു.
എല്ലാത്തിനും മൂകസാക്ഷിയായി ഞാന്‍ അവിടെ ഉണ്ടായിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ കോസ്റ്റ്യൂമറെ അടുത്തേക്കു വിളിച്ച് വളരെ രഹസ്യമായി ചോദിച്ചു:
'നിങ്ങള്‍ മൂന്നുപേരില്‍ ആര്‍ക്കാണ് വട്ട്?'
'സുരാജേ, എല്ലാ മനുഷ്യര്‍ക്കും കുറേശ്ശ വട്ടുണ്ട്. അല്ലെങ്കില്‍ ആരെങ്കിലും തനിച്ചിരുന്ന് സംസാരിക്വോ. ചിലര് ഒറ്റയ്ക്കിരുന്ന് പാട്ടുപാടുന്നതു കണ്ടിട്ടില്ലേ. പിന്നെ നിങ്ങളുടെയൊക്കെ ഇടയില്‍ ജീവിച്ചുപോകണമെങ്കില്‍ കുറച്ചു വട്ടില്ലാതെ പറ്റില്ലല്ലോ.'
അത് എനിക്കൊരു പുതിയ അറിവായിരുന്നു. ഓരോരുത്തരും ജോലി ചെയ്യുന്നു. ചെയ്യുന്നതെല്ലാം ശരിയായിക്കോളണമെന്നില്ല. തെറ്റു പറ്റാം. ഞാന്‍ ചെയ്യുന്നതു മാത്രമാണ് ശരിയെന്നു കരുതി മറ്റുള്ളവരുടെ കുറവുകളെ ചൂണ്ടിക്കാട്ടി ആക്ഷേപിക്കുന്ന സമീപനം ശരിയല്ല.

അവതാരിക
സിദ്ധിക്ക്

ഒരു കലാകാരന്റെ (കലാകാരിയുടെയും) ജീവിതം ജനങ്ങള്‍ അറിഞ്ഞുതുടങ്ങുന്നത് പ്രശസ്തിയിലേക്ക് ഉയര്‍ന്നതിനു ശേഷമാണ്. സിനിമപോലൊരു മേഖലയില്‍ നടനായോ സംവിധായകനായോ എഴുത്തുകാരനായോ പേരെടുത്ത ആളാണ് അയാളെങ്കില്‍ ജനപ്രിയനാകുമ്പോഴേക്കും സാമ്പത്തികമായും ഒരുവിധം നല്ല നിലയില്‍ എത്തിയിട്ടുണ്ടാവും. തങ്ങളുടെതന്നെ ഭാഗമായിത്തീര്‍ന്ന ആ കലാകാരന്‍ ജീവിതത്തില്‍ ഓരോരോ സൗഭാഗ്യങ്ങള്‍ തേടിപ്പിടിക്കുന്നത് ആസ്വാദകര്‍ അഭിമാനത്തോടെയും തെല്ലൊരു അസൂയയോടും നോക്കിക്കാണും.

ആ വര്‍ണക്കാഴ്ചകളില്‍ മനംമയങ്ങി നില്ക്കുമ്പോള്‍ പ്രേക്ഷകര്‍ അറിയാതെപോകുന്ന, മനസ്സിലാക്കാതെപോകുന്ന ഒരു വലിയ സത്യമുണ്ട്. ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തപ്പെടുന്നതിനു മുന്‍പ് ഒരു കലാകാരന്‍ കടന്നുവന്ന വഴികള്‍, അവിടെ അയാള്‍ അനുഭവിച്ച പ്രയാസങ്ങള്‍, തടസ്സങ്ങള്‍, നൊമ്പരങ്ങള്‍, അവഹേളനങ്ങള്‍....

കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും ശ്രദ്ധേയനായ അഭിനയസാന്നിധ്യമായി മാറിയ സുരാജ് വെഞ്ഞാറമ്മൂട് എന്ന അനുഗൃഹീത കലാകാരന്റെ അനുഭവക്കുറിപ്പുകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്.
എന്റെ ആദ്യ രണ്ടു സിനിമകളായ റാംജിറാവ് സ്​പീക്കിങ്ങും ഇന്‍ ഹരിഹര്‍ നഗറും അവസാനിക്കുന്നത് ഏറക്കുറെ സമാനമായ രംഗത്തോടെയാണ്. സിനിമ കഴിയുമ്പോള്‍ അതിലെ നായകന്‍/ നായകര്‍ സമ്പന്നരായിത്തീരുകയാണ്. ഇത് ചൂണ്ടിക്കാണിച്ച് അക്കാലത്ത് ആരോ ഒരു ലേഖനം എഴുതിയതായി ഞാനോര്‍ക്കുന്നു. അതിന്റെ അന്തഃസത്ത ഇതാണ്- ഈ സിനിമകള്‍ കണ്ടാല്‍ തോന്നും, ഒരു സുപ്രഭാതത്തില്‍ കുറെ പണം കിട്ടുക എന്നതാണ് സംവിധായകരുടെ സ്വപ്‌നം എന്ന്.

ആ സിനിമകളുടെ ജനപ്രിയതയും ആസ്വാദ്യതയും വിലയിരുത്താന്‍ മിനക്കെടാതെ ഒരാളും സ്വപ്‌നത്തില്‍പ്പോലും ചിന്തിക്കാത്ത ഒരു തലം കണ്ടുപിടിച്ച് അതിനെ പരിഹസിക്കലാണ് ഇത്തരം ലേഖകരുടെ ലക്ഷ്യം.
അവരെ അവരുടെ വഴിക്കു വിടാം, സുരാജിന്റെ ജീവിതാനുഭവങ്ങളെ പരിഹസിക്കാന്‍ കാത്തുനില്ക്കുന്ന കപടബുദ്ധിജീവികളെയും.

ഒരു കലാകാരന്റെ ജീവിതവും ഒരു സുപ്രഭാതത്തില്‍ ശുഭോദര്‍ക്കമായി മാറിയതല്ല. എത്രയോ കാലത്തെ കഠിനപ്രയത്‌നത്തിന്റെയും സ്ഥിരസപര്യയുടെയും പരിണതഫലം മാത്രമാണ്. സുരാജ് വെഞ്ഞാറമ്മൂടിന്റെ അനുഭവങ്ങള്‍ വിവരിച്ച് അന്‍ജു അഷറഫ് തയ്യാറാക്കിയ ചിരിമയം അത്തരം ഒരു ഓര്‍മപ്പെടുത്തലാണ്.

ഈ പുസ്തകം സുഖമുള്ള വായനാനുഭവമാണ് നമുക്കു സമ്മാനിക്കുന്നത്. ഒറ്റയിരുപ്പില്‍ രണ്ടോ രണ്ടരയോ മണിക്കൂറില്‍ നമുക്കിത് വായിച്ചു തീര്‍ക്കാം. ഒരു മുഴുനീള എന്റര്‍ടെയിനര്‍ കാണുന്ന സുഖത്തോടെ. ഈ ജീവിതചിത്രങ്ങളില്‍ ഞാന്‍ കണ്ട ഒരു വലിയ പ്രത്യേകത തന്റെ അനുഭവങ്ങള്‍ കുറിക്കുമ്പോള്‍ സുരാജ് പ്രകടിപ്പിക്കുന്ന അസാധാരണമായ സത്യസന്ധതയാണ്. ദുബായില്‍ അവസരം ലഭിച്ച് പോകുന്ന മണിക്കുട്ടനോടു തോന്നിയ അസൂയയും ദേഷ്യവും ഒരിറ്റ് വെള്ളം ചേര്‍ക്കാത്ത നേര്‍ക്കാഴ്ചയായി സുരാജ് വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഉള്ളിന്റെയുള്ളിലെ ഒരു നാട്ടിന്‍പുറത്തുകാരനെയും അവനു മാത്രം സ്വന്തമായ നന്മയും നാം തിരിച്ചറിയുന്നു.
ഒരിക്കല്‍പ്പോലും അമ്മ തന്നെ അടിച്ചിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന സുരാജ് അതിനു നല്കുന്ന വിശദീകരണവും രസാവഹമാണ്- ഒരവസരത്തിലും അച്ഛന്‍ അതിനുള്ള ഗ്യാപ്പ് അമ്മയ്ക്ക് നല്കിയില്ല എന്ന്!
വേദനിപ്പിക്കുന്ന സംഭവങ്ങള്‍പോലും സമാനമായി നര്‍മവീക്ഷണത്തോടെ കാണാനുള്ള കഴിവുതന്നെയാണ് സുരാജിനെ ഇന്നു കാണുന്ന നിലയിലേക്ക് എത്തിച്ചത്. അതുതന്നെയാണ് വലിയ ജീവിതവിജയങ്ങള്‍ കൈവരിച്ച പല അതുല്യപ്രതിഭകളുടെയും വിജയമന്ത്രം. ഏതു മേഖലയിലായാലും ജീവിതത്തിന്റെ പടികള്‍ ചവിട്ടിക്കയറി മുന്നേറാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും അസന്ദിഗ്ധമായി പിന്തുടരേണ്ട ഒരു കാഴ്ചപ്പാടും ഇതിലെ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാനാവും- നാളത്തെ വിജയം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കാതെ ഇന്ന് ചെയ്യേണ്ട കാര്യങ്ങളെ അര്‍പ്പണബോധത്തോടെയും ആത്മാര്‍ഥതയോടെയും സമീപിക്കുക; വിജയം നിങ്ങളെ തേടിയെത്തും എന്ന ലളിതമായ സത്യം.

ഇങ്ങനെ പല തലങ്ങളില്‍ വായിച്ചെടുക്കാവുന്ന, സാധാരണ കുടുംബത്തില്‍ ജനിച്ച് സാധാരണക്കാരനായി വളര്‍ന്ന് അസാധാരണ കലാകാരനായി മാറിയ സുരാജിന്റെ അനുഭവക്കുറിപ്പുകള്‍ ആത്മകഥാനുഗായികളായ പുസ്തകശ്രേണിയില്‍ ഒരു മുതല്‍ക്കൂട്ടാവുമെന്ന് ഉറപ്പാണ്.

(ചിരിമയം എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം