തന്റെ 68-ാം വയസ്സില്‍, പതിവു നടത്തത്തിനിടയില്‍ നിരത്തിലെ മഞ്ഞില്‍ വഴുതിവീണ് യുങ്ങിന്റെ കാലൊടിഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം കടുത്ത ഹൃദയാഘാതവുമുണ്ടായി. ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ പരിചരിച്ചിരുന്ന നേഴ്‌സ് അദ്ദേഹത്തിന്റെ ശരീരത്തിനു ചുറ്റും ഒരുതരം തിളക്കമുള്ള പ്രകാശം വലയംചെയ്തിരിക്കുന്നതു കണ്ടു.

യുങ്- ജീവചരിത്രം വാങ്ങാം

മരണത്തിന്റെയും ജീവിതത്തിന്റെയും ഇടനാഴിയില്‍ അബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ അദ്ഭുതകരമായ ചില ദര്‍ശനങ്ങള്‍ അദ്ദേഹം കാണുകയുണ്ടായത്രേ. ശൂന്യാകാശത്തിലെവിടെയോനിന്ന് ഭൂമിയെയും സമുദ്രത്തെയും വന്‍കരകളടങ്ങുന്ന ഭൂപ്രദേശത്തെയും ഒരുതരം നീലവെളിച്ചത്തിന്റെ പ്രകാശത്തില്‍ ദൃശ്യമാകുന്നതുപോലെ അദ്ദേഹത്തിനു തോന്നി. അറേബ്യയിലെ ചുവന്ന മരുഭൂമിയും ഭാരതത്തിലെ മഞ്ഞുമൂടിയ ഹിമാലയസാനുക്കളും അതിന്റെ താഴ്‌വാരത്തില്‍ ഇന്ത്യന്‍ ക്ഷേത്രങ്ങളും ഗോപുരങ്ങളും അവയുടെ ശ്രീകോവിലുകളില്‍ ഉല്‍ക്കകളെപ്പോലെ പ്രകാശിക്കുന്ന ശിലാപ്രതിഷ്ഠകളും അദ്ദേഹം മനക്കണ്ണില്‍ ദര്‍ശിക്കുകയുണ്ടായത്രേ. ക്ഷേത്രത്തിന്റെ സോപാനത്തിനരികെ പത്മാസനത്തിലിരുന്ന് ധ്യാനിക്കുന്ന ഒരു ഋഷിയുടെ രൂപവുമുണ്ടായിരുന്നത്രേ. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് കയറിയപ്പോള്‍ തിരിയിട്ട എണ്ണവിളക്കുകളുടെ പ്രഭയില്‍ ജീവിതത്തില്‍ താനുമായി ബന്ധമുണ്ടായിരുന്ന പലരുടെയും പരേതാത്മാക്കളെ നേരില്‍ കണ്ടപോലെ അദ്ദേഹത്തിനു തോന്നിയത്രേ. ഈ ജീവിതത്തിന്റെ ആത്യന്തികപൊരുളെന്തെന്നും ഈ ഭൂമിയിലുള്ള ജീവിതത്തിന്റെ നിയോഗമെന്തെന്നും ഒരു വെളിപാടുപോലെ ബോധ്യമായത്രേ. യുങ് പിന്നീട് പറഞ്ഞു:
'അതൊരിക്കലും ഭാവനാകല്പിതമായിരുന്നില്ല. തികച്ചും യാഥാര്‍ഥ്യംതന്നെയായിരുന്നു. ആത്മനിഷ്ഠമായിരുന്നില്ല. നൂറുശതമാനവും വസ്തുനിഷ്ഠം.'
കാള്‍ ഗുസ്താവ് യുങ് (Carl Gustav Jung) 1875 ജൂലായ് 26-ാം തീയതി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കോണ്‍സ്റ്റന്‍സ് എന്ന തടാകക്കരയിലുള്ള കെസ്‌വില്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. പിതാവ് റവറന്റ് പോള്‍ യുങ് പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പ്പെട്ട പാതിരിയായിരുന്നു. അദ്ദേഹം ഒരു സാധാരണക്കാരനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പിതാവ്-യുങ്ങിന്റെ അച്ഛച്ഛന്‍-സ്ഥലത്തെ അറിയപ്പെടുന്ന വ്യക്തിയും ഭിഷഗ്വരനും യൂണിവേഴ്‌സിറ്റിയിലെ റെക്റ്ററുമായിരുന്നു. അദ്ദേഹം പ്രസിദ്ധകവി ഗൊയ്‌ഥേയുടെ നിയമപ്രകാരമല്ലാത്ത പേരക്കുട്ടിയാണെന്ന് കുടുംബരേഖകള്‍ പറയുന്നു. യുങ് ജനിക്കുന്നതിന്റെ പതിനൊന്നു വര്‍ഷത്തിനു മുന്‍പ് അദ്ദേഹം ദിവംഗതനായി. ഇദ്ദേഹത്തിന്റെ പേരാണ് പിന്നീട് യുങ്ങിന് കിട്ടിയത്-കാള്‍ ഗുസ്താവ് യുങ്.

യുങ്ങിന്റെ അമ്മ എമിലി പ്രിസ്‌റക്ക് ഒരു ഹിബ്രൂ പണ്ഡിതന്റെ മകളായിരുന്നു. യുങ്ങിന്റെ പിതാവുമായുള്ള അവരുടെ ദാമ്പത്യം സുഖപ്രദമായിരുന്നില്ല. യുങ്ങിനു മൂന്നു വയസ്സുള്ളപ്പോള്‍ ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍കൊണ്ടോ എന്തോ, അമ്മ മാനസികവിഭ്രാന്തിയില്‍ വീണ് കുറെക്കാലം ആശുപത്രിയില്‍ കഴിച്ചുകൂട്ടി. ബാല്യത്തില്‍ ലഭിക്കേണ്ട സ്‌നേഹം വേണ്ടപോലെ യുങ്ങിനു ലഭിക്കയുണ്ടായില്ല. സ്‌നേഹമെന്ന പദത്തെക്കുറിച്ച് ജീവിതത്തിലുടനീളം സംശയമുണ്ടാക്കുവാന്‍ ഈ അനുഭവം അദ്ദേഹത്തെ പ്രേരിപ്പിച്ചു. അമ്മയ്ക്കു പകരം അന്ന് ഒരു പതിനാറുകാരിയായ പെണ്‍കുട്ടിയായിരുന്നു യുങ്ങിനെ പരിചരിച്ചിരുന്നത്. അവളെക്കുറിച്ചുള്ള ഓര്‍മകള്‍ ജീവിതാവസാനംവരെ അദ്ദേഹം അയവിറക്കിയിരുന്നു.

പതിനൊന്നാം വയസ്സിലാണ് ബാസലിലെ സ്‌കൂളില്‍ അദ്ദേഹം ചേര്‍ക്കപ്പെട്ടത്. അതുവരെ വീട്ടിലെ അനാരോഗ്യകരമായ ചുറ്റുപാടില്‍ നിരക്ഷരനായി അദ്ദേഹം കഴിച്ചുകൂട്ടി. നല്ല വസ്ത്രങ്ങള്‍ ധരിച്ച സഹപാഠികള്‍ക്കിടയില്‍ ഒരു ദരിദ്രബാലനായാണ് അദ്ദേഹം പഠിച്ചത്. തന്റെ വീട്ടിലെ ദാരിദ്ര്യത്തെക്കുറിച്ചും അമ്മയുടെ മനോവൈകല്യങ്ങളെക്കുറിച്ചും നിസ്സഹായനും അശക്തനുമായ പിതാവിനെക്കുറിച്ചും അദ്ദേഹം ദുഃഖിച്ചു. ഇതെല്ലാം സഹപാഠികളില്‍നിന്ന് ഒറ്റപ്പെട്ട് ഏകാന്തമായ സ്വന്തം ലോകത്തിലേക്കു വലിയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു.
12-ാം വയസ്സില്‍ എടുത്തുപറയത്തക്ക ഒരപകടം അദ്ദേഹത്തിനുണ്ടായി. കളിക്കൂട്ടുകാരന്‍ തട്ടിയതുമൂലം നിലത്ത് തലയടിച്ചുവീണ് കുറെസമയം അബോധാവസ്ഥയില്‍ കിടക്കേണ്ടിവന്നു. വീണ്ടും ആറു മാസത്തോളം സ്‌കൂളില്‍നിന്നു വിട്ടുനിന്നു. ഈ അനുഭവങ്ങള്‍ ഒരുതരം സ്വയം സഹതാപം (ടലഹള ജശ്യേ) അദ്ദേഹത്തിലുണ്ടാക്കി.

അച്ഛനമ്മമാര്‍ക്കും മകന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് വലിയ ദുഃഖമുണ്ടായിരുന്നു. അവര്‍ യുങ്ങിനെ അന്നത്തെ ഒരു മനഃശാസ്ത്രജ്ഞന്റെ അടുത്തു കൊണ്ടുപോയി കാണിച്ചു. മനഃശാസ്ത്രജ്ഞന്‍ വിശദമായി പരിശോധിച്ചു. കുട്ടിയുടെ കുരുന്നുമനസ്സില്‍ എന്തൊക്കെയോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആഘാതങ്ങള്‍ ഏറ്റിട്ടുണ്ടെന്നും അത് ഭാവിയില്‍ അപകടം ചെയ്യുമെന്നും അതുകൊണ്ട് അവന്റെ മനസ്സിനെ ആഹ്ലാദകരമായ അന്തരീക്ഷങ്ങളിലേക്ക് കൊണ്ടുവരണമെന്നും അഭിപ്രായപ്പെട്ടു. അതനുസരിച്ച് യുങ്ങിനെ മാതാപിതാക്കള്‍ അധികം ദൂരെയല്ലാത്ത വിന്റര്‍ത്തൂര്‍ എന്ന സ്ഥലത്തേക്ക് അയച്ചു. ഒരു റെയില്‍വേ സ്റ്റേഷന് അടുത്തുള്ള അവിടുത്തെ വാസം യുങ്ങിന് വളരെ ഹൃദ്യമായിത്തോന്നി. ക്രമേണ മനസ്സിന്റെ മ്ലാനത മാറി പ്രസരിപ്പുള്ള പ്രകൃതം കൈവരിക്കാന്‍ തുടങ്ങി.

ഒരു ദിവസം സ്‌കൂളില്‍ പോകാനാകാതെ വീട്ടില്‍ അലസനായിരിക്കുന്ന കൊച്ചു യുങ്ങിനെ ചൂണ്ടി ഒരയല്‍വാസി യുങ്ങിന്റെ പിതാവിനോടു ചോദിച്ചു: 'എന്താണ് വയസ്സ് പന്ത്രണ്ട് കഴിഞ്ഞിട്ടും മകന്‍ സ്‌കൂളില്‍ പോകാതെ അലസനായി ഇരിക്കുന്നത്.' പിതാവ് മകന്റെ നേരേ നോക്കി ദുഃഖത്തോടെ നെടുവീര്‍പ്പിട്ട്, 'അതൊരു ദുഃഖകഥയാണ്. ആറ്റുനോറ്റ് വളര്‍ത്തിയെടുത്ത മകന്‍ ഇങ്ങനെയൊരു മന്ദബുദ്ധിയായിപ്പോയല്ലോ' എന്നു മറുപടി പറഞ്ഞു.

ഈ വാചകം യുങ്ങിന്റെ മനസ്സില്‍ ഒരിടിമിന്നല്‍പോലെയാണ് വന്നുപതിച്ചത്. പാവം അച്ഛന്‍... തന്നെക്കുറിച്ച് വല്ലാതെ വേദനിക്കുന്നു. ഇങ്ങനെ പോയാല്‍ പറ്റില്ല. ഞാന്‍ ഊര്‍ജസ്വലനാകണം. പഠിക്കണം. വലിയവനാകണം. ഇത് ഞാനെന്റെ മാതാപിതാക്കളോട് ചെയ്യേണ്ട കടമയാണ്. യുങ് തന്നോടുതന്നെ പറഞ്ഞു.

അടുത്ത ദിവസം യുങ് അച്ഛനോട് തനിക്ക് സ്‌കൂളില്‍ പോയി പഠിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ലാറ്റിന്‍ ക്ലാസില്‍ ചേര്‍ന്നു. ഇക്കാലത്ത് യുങ് ഇടയ്ക്കിടയ്ക്ക് അപസ്മാരരോഗത്തിനടിമപ്പെട്ട് ദിവസങ്ങളോളം അബോധാവസ്ഥയില്‍ കിടക്കുമായിരുന്നു. അപ്പോള്‍ പഠിത്തം വീണ്ടും മുടങ്ങും. പക്ഷേ, കുറച്ചു കഴിയുമ്പോള്‍ കൊച്ചുയുങ് മനസ്സിന്റെ ബലഹീനതയെ തട്ടിമാറ്റി വീണ്ടും സ്‌കൂളില്‍ പോകാന്‍ തുടങ്ങും. ഓരോ തവണ ഉന്മാദം വരുമ്പോഴും യുങ് തന്റെ ഇച്ഛാശക്തികൊണ്ട് ബോധമണ്ഡലത്തില്‍ നങ്കൂരമിട്ട് അബോധചോദനകളെ അടക്കിനിര്‍ത്താന്‍ ശ്രമിച്ചു. ഒടുവില്‍ ശ്രമം വിജയിച്ചു. യുങ്ങിന്റെ നിശ്ചയദാര്‍ഢ്യം സ്വന്തം മനസ്സിന്റെ രോഗാവസ്ഥയെ ആട്ടിയോടിച്ചു.

ഇതിനെക്കുറിച്ച് തന്റെ ആത്മകഥയില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: 'നാഡീരോഗം (Neurosis) എന്താണെന്ന് എനിക്കു മനസ്സിലായി.'
ഈ അറിവ് അടിസ്ഥാനപരമായി ഒരു മനഃശാസ്ത്രജ്ഞനാകാന്‍ അദ്ദേഹത്തെ സഹായിച്ചു. ദൃഢനിശ്ചയത്തോടെ മനസ്സിനെ സ്വയം ക്രമീകരിച്ച് ആരോഗ്യപരമായ ഒരു മനോഭാവം വളര്‍ത്തിയെടുക്കേണ്ടത് ജീവിതവിജയത്തിന് അത്യാവശ്യമാണെന്ന് അദ്ദേഹം കണ്ടെത്തി.
തനിക്ക് മയക്കവും ഉന്മാദവുമുണ്ടാകുന്നത് അന്തര്‍സ്സംഘഷങ്ങളെ നേരിടാന്‍ കഴിയാതെവരുമ്പോഴാണെന്ന് അദ്ദേഹമറിഞ്ഞു. അന്തസ്സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് ഭയത്തില്‍നിന്നും അത്യാഗ്രഹങ്ങളില്‍നിന്നുമാണ്. സ്വന്തം താത്പര്യങ്ങള്‍ക്ക് എതിരായ അനുഭവങ്ങളുണ്ടാകുമ്പോള്‍ നിരാശയും ദുഃഖവും തത്ഫലമായി ആന്തരികമായ അസന്തുലിതാവസ്ഥയും തലപൊക്കുന്നു. തുടര്‍ന്ന്, ബോധത്തെ അത് കീഴ്‌പ്പെടുത്തുന്നു. തളരുന്ന ബോധത്തെ ശക്തമായ ഇച്ഛാശക്തികൊണ്ട് പിടിച്ചുനിര്‍ത്തിയാലേ നിലനില്ക്കാന്‍ പറ്റൂ. ഇച്ഛാശക്തികൊണ്ട് പല മനോവൈകല്യങ്ങളെയും സുഖപ്പെടുത്തിയെടുക്കാമെന്ന് അദ്ദേഹം അനുഭവംകൊണ്ട് പഠിച്ചു. ഈ അറിവ് പിന്നീടുള്ള എല്ലാ വളര്‍ച്ചയ്ക്കും സ്വയം ഒരു ദിശാബോധം ഉണ്ടാക്കിയെടുക്കുന്നതിനും അദ്ദേഹത്തെ പ്രാപ്തനാക്കി.

മനസ്ഥൈര്യത്തോടെ അദ്ദേഹം പഠനം തുടര്‍ന്നു. പലപ്പോഴും രാത്രി മൂന്നുമണിവരെ ഉറക്കമൊഴിച്ച് പഠിച്ചു. രാവിലെ കൃത്യം അഞ്ചു മണിക്ക് എഴുന്നേറ്റു. തന്റെ ജീവിതത്തിന്റെ നഷ്ടപ്പെട്ട ദിനങ്ങള്‍ കഠിനമായ പരിശ്രമംകൊണ്ട് അദ്ദേഹം തിരിച്ചുപിടിച്ചു. ഏകാന്തതയില്‍ ഇരുന്നുള്ള ഈ സ്വയം പ്രവര്‍ത്തനം ജീവിതത്തിലുടനീളം അദ്ദേഹം പിന്തുടര്‍ന്നു.

ഒരു ദിവസം വീട്ടില്‍നിന്ന് സ്‌കൂളിലേക്കുള്ള നടത്തത്തിനിടയില്‍ തടുക്കാന്‍ കഴിയാത്തതും നിഗൂഢവുമായ ഒരു മായാദര്‍ശനം അദ്ദേഹത്തിനനുഭവപ്പെട്ടു. കട്ടിയുള്ള പുകപടലങ്ങള്‍ക്കിടയില്‍ താന്‍ അകപ്പെട്ടതായും ഒരു നിമിഷം തന്റെ അസ്തിത്വംപോലും നഷ്ടപ്പെട്ട് ഒരുതരം നിര്‍ജീവമായ അവസ്ഥയിലേക്ക് താന്‍ വലിച്ചെറിയപ്പെടുന്നതായും അദ്ദേഹത്തിനു തോന്നി. കണ്ണില്‍ ഇരുട്ടുകയറി. പഞ്ചേന്ദ്രിയങ്ങള്‍ നിശ്ചലങ്ങളായി. എങ്കിലും പിടിച്ചുനില്ക്കാനൊരു വൈക്കോല്‍ത്തുമ്പ് തന്റെ ഉള്ളിലെവിടെയോ ഉള്ളതായി അദ്ദേഹം കണ്ടെത്തി. അതില്‍പിടിച്ച് നിമിഷങ്ങളുടെ അനിശ്ചിതത്വത്തിനുശേഷം അദ്ദേഹം സാധാരണനിലയിലേക്ക് തിരിച്ചുവന്നു.

ഈ അനുഭവങ്ങളില്‍നിന്നും അദ്ദേഹം ഒന്നു മനസ്സിലാക്കി. പ്രതികൂലസാഹചര്യങ്ങള്‍ വരുമ്പോള്‍ മനുഷ്യമനസ്സ് ഒരു ഞണ്ടിനെപ്പോലെയാണ്. ഉള്‍വലിയാന്‍ ശ്രമിക്കും. അതു പാടില്ല. അടിച്ചമര്‍ത്തുകയോ പിന്‍വലിയുകയോ ചെയ്യുന്നത് ഒന്നിനും പരിഹാരമല്ല. നേരിടുക. നട്ടെല്ലോടെ നേരിടുക അതാണു വേണ്ടത്.

അതിനു വേണ്ടത് നല്ല മനഃശക്തിയാണ്. ഇച്ഛാശക്തി. അതിനെ വളര്‍ത്തിയെടുക്കുക മാത്രമാണ് ഏതു ബലഹീനതയെയും നേരിടാനുള്ള ഏകമാര്‍ഗം. പ്രശ്‌നങ്ങളെ മനക്കരുത്തോടെ നേരിട്ടു തോല്പിക്കാന്‍ ആര്‍ക്കുമാവുന്നില്ല. അതാണ് മാനസികസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത്.

ഒറ്റയ്ക്കിരിക്കുമ്പോള്‍ വിചിത്രങ്ങളായ ഭാവനകളും ചിന്തകളും കുട്ടിക്കാലം മുതല്‍ക്കേ യുങ്ങിനുണ്ടായിരുന്നു. റൂള്‍ത്തടിയില്‍ ഒരു മുണ്ടനായ വ്യക്തിയുടെ രൂപം യുങ് കൊത്തിയുണ്ടാക്കി. ഇതും റൈന്‍നദിക്കരയില്‍നിന്ന് യുങ് ശേഖരിച്ച ദീര്‍ഘചതുരാകൃതിയിലുള്ള രണ്ടു നിറത്തില്‍ ചായം തേച്ച ഒരു കല്ലിനോടൊപ്പം തന്റെ പെന്‍സില്‍ ബോക്‌സില്‍ സൂക്ഷിച്ചുവെച്ചു. ഇതിനെക്കുറിച്ച് ആത്മകഥയില്‍ അദ്ദേഹം പറയുന്നത് ഈ മുണ്ടന്‍രൂപം തന്റെ ആത്മാവിന്റെ പ്രതീകമാണെന്നും തന്റെ സ്വന്തം ആത്മബോധം റൂള്‍ത്തടിയിലെ മുണ്ടന്‍ രൂപത്തിനോടു തോന്നിയ വികാരത്തിന് സാദൃശ്യമുള്ളതായിരുന്നു എന്നുമാണ്.

സ്വന്തം സത്തയെക്കുറിച്ചുള്ള ഈ പുതിയ അറിവില്‍നിന്ന് യുങ് ഒരു സത്യം മനസ്സിലാക്കി. താന്‍ ഒരാളല്ല; രണ്ടു വ്യക്തിത്വങ്ങള്‍ തന്റെ അന്തഃസത്തയിലുണ്ട്. രണ്ടു ഭിന്നവ്യക്തിത്വങ്ങള്‍. ഒരാള്‍ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കു മുന്‍പില്‍ നിസ്സഹായനായി പകച്ചുനില്ക്കുന്ന ഒരു ദുര്‍ബലന്‍. അപരന്‍ ഏതു പ്രശ്‌നങ്ങളെയും നേരിട്ടു തോല്പിച്ച് തനിക്ക് അനുകൂലമാക്കി മാറ്റുന്ന ദൃഢവിശ്വാസമുള്ള ഒരു ശക്തന്‍. ഈ ശക്തനെ ദൃശ്യവത്കരിച്ച് അദ്ദേഹം ആത്മകഥയില്‍ ചിത്രീകരിക്കുന്നുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിലെ ലോഹക്കൊളുത്തുകള്‍ വെച്ച കൂറ്റന്‍ ഷൂവും ധരിച്ച് വെളുത്ത മുടിയുടെ വിഗ്ഗും തലയില്‍ വെച്ച് നീളമുള്ള കുപ്പായവും ഹാറ്റും ധരിച്ച് കുതിരകളെ പൂട്ടിയ കറുത്ത വണ്ടിയില്‍ വന്നിറങ്ങുന്ന പള്ളിയിലെ റവറന്റ് ഫാദര്‍. അല്ലെങ്കില്‍ നിയമപ്രകാരമല്ലെങ്കിലും തന്റെ പൂര്‍വികനായിരുന്ന ഗൊയ്‌ഥേ.

തന്റെ സത്തയിലുള്ള ഈ വിഭിന്നവ്യക്തിത്വങ്ങള്‍ വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്നവരാണെന്ന് യുങ് മനസ്സിലാക്കി. ശക്തനായ റവറന്റ് ഭൂതകാലത്തെ പ്രതിനിധീകരിക്കുമ്പോള്‍ ദുര്‍ബലന്‍ വര്‍ത്തമാനകാലത്തെ പ്രതിനിധീകരിക്കുന്നു. ഒരേസമയം യുങ്ങിന്റെ മനസ്സ് വ്യത്യസ്ത കാലഘട്ടങ്ങളില്‍ ജീവിച്ചു.

കുട്ടിക്കാലം മുതല്‍ക്കുതന്നെ യുങ് മതവിശ്വാസിയായിരുന്നു. വിശ്വാസത്തിന്റെ ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്നതുകൊണ്ടാകാം ഇത്. പിതാവ് പാതിരിയായിരുന്നല്ലോ. മാത്രമല്ല അച്ഛന്‍ യുങും അമ്മ പ്രിസ്‌റക്കും വൈദ്യം, ദൈവശാസ്ത്രം, ആത്മീയത എന്നിവയുടെ ഒരു മിശ്രിതപാരമ്പര്യത്തില്‍നിന്ന് വന്നവരാണല്ലോ. ഇത് യുങ്ങിന്റെ വ്യക്തിത്വത്തെയും സാരമായി സ്വാധീനിച്ചു..

ഒരു ദിവസം സ്‌കൂളില്‍നിന്ന് മടങ്ങുമ്പോള്‍ പള്ളിഗോപുരത്തിനു മുകളില്‍ രക്തവര്‍ണമുള്ള സായാഹ്നസൂര്യന്‍ പ്രകാശിച്ചുനില്ക്കുന്നതു കണ്ടപ്പോള്‍ കൊച്ചുയുങ്ങിന്റെ മനസ്സില്‍ സ്രഷ്ടാവായ ദൈവം നീലാകാശത്തിലെവിടെയോ തന്റെ സിംഹാസനത്തില്‍ ഇരിപ്പുള്ളതുപോലെ തോന്നാന്‍ തുടങ്ങി. ഈ ചിന്ത പൊടുന്നനവെ ഭയപ്പെടുത്തുന്ന ഒന്നായി മാറി. പെട്ടെന്ന് ദൈവമിരിക്കുന്ന സിംഹാസനത്തിന്റെ അടിത്തട്ടില്‍നിന്ന് അടര്‍ന്നുവീണ ഒരു ഇരുമ്പുദണ്ഡ് പള്ളിയുടെ മേല്‍ക്കൂര തകര്‍ത്ത് തന്റെ നേര്‍ക്കു വരുന്നപോലെ യുങ്ങിനു തോന്നി. ഇതു കണ്ട് യുങ് ഒരു നിമിഷം നടുങ്ങി മരവിച്ചുനിന്നു. കുറച്ചുനേരം ഭയം ബോധത്തെ നിശ്ചലമാക്കി. അല്പം കഴിഞ്ഞ് സാവകാശത്തോടെ ചിന്തിച്ചപ്പോഴാണ് തന്റെ അകാരണമായ ഭയത്തിന്റെ കാരണം അദ്ദേഹത്തിനു മനസ്സിലായത്. തനിക്ക് തീരേ ശുഭാപ്തിവിശ്വാസമില്ല. നിരാശയും ബലഹീനതയുമാണ് ഇത്തരം മിഥ്യാബോധങ്ങള്‍ക്കു കാരണം. ശുഭാപ്തിവിശ്വാസമുള്ള ഒരു വ്യക്തിക്കേ ജീവിതത്തില്‍ വിജയിക്കാനൊക്കൂ. ശുഭാപ്തിവിശ്വാസം വളര്‍ത്തിയെടുക്കണം. ജീവിതവിജയത്തിന് കഠിനാധ്വാനത്തിന്റെ കൂടെ അതുംകൂടി വേണം. ഇവിടെ മാനസികാപഗ്രഥനത്തിന്റെ (Psycho Analysis) ആദ്യപാഠങ്ങള്‍ പഠിക്കുകയായിരുന്നു അദ്ദേഹം.

അനാവശ്യചിന്തകളുമായി മനോരാജ്യം കണ്ട് അലയുന്ന ഒരു സ്വഭാവം യുങ്ങിന്റെ കൂടപ്പിറപ്പായിരുന്നു. മനുഷ്യന്റെ യാതനകളും വേദനകളും രോഗവാര്‍ധക്യപീഡകളും യുദ്ധം തുടങ്ങിയ മറ്റു ദുരന്താവസ്ഥകളും അദ്ദേഹത്തിന്റെ മനസ്സില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി. ഇവയ്ക്കുള്ള പരിഹാരങ്ങളായി മതപുസ്തകങ്ങളില്‍ വിവരിച്ചവ വെറും അസംബന്ധങ്ങളായിട്ടേ അദ്ദേഹത്തിന് തോന്നിയുള്ളൂ. ഒരു പുരോഹിതനായ സ്വന്തം പിതാവുപോലും ഇത്തരം അസംബന്ധങ്ങള്‍ക്കു പുറകെ പോയി ജീവിതം നഷ്ടപ്പെടുത്തുകയാണെന്ന് അദ്ദേഹത്തിനു തോന്നി. പിതാവുമായി തന്റെ സംശയങ്ങള്‍ അദ്ദേഹം പലപ്പോഴും പങ്കുവെക്കാറുണ്ടായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിനു മനസ്സിലാവുന്നത്, അച്ഛനും ഇതേ സംശയങ്ങള്‍ ഉണ്ടെന്ന്. അതദ്ദേഹം പുറത്തു പറയുന്നില്ലെന്നുമാത്രം. ആദ്യകുര്‍ബാനയില്‍ പങ്കെടുത്തപ്പോള്‍ത്തന്നെ യുങ്ങിനു മനസ്സിലായി, താനൊരു നല്ല വിശ്വാസിയാവുകയില്ലെന്ന്.

തന്റെ പൂര്‍വികനായ ഗൊയ്‌ഥേയുടെ ഫോസ്റ്റ് അദ്ദേഹം വളരെ ചെറുപ്പത്തില്‍ത്തന്നെ വായിച്ചിരുന്നു. തുടര്‍ന്ന്, കിട്ടാവുന്ന പുസ്തകങ്ങളൊക്കെ തേടിപ്പിടിച്ച് അദ്ദേഹം വായിക്കാന്‍ തുടങ്ങി. 'കണ്ണില്‍ക്കണ്ടതൊക്കെ വായിച്ചു തള്ളുകയാണല്ലോ കുട്ടി. ഇത് എവിടെച്ചെന്ന് എത്തുമോ എന്തോ?' യുങ്ങിന്റെ അച്ഛന്‍ ഈ വായനശീലം കണ്ടപ്പോള്‍ പറഞ്ഞു. ഗൊയ്‌ഥേയുടെ ഫോസ്റ്റിനെക്കുറിച്ച് അക്കാലത്ത് ഒരു ചെറുലേഖനമെഴുതുകയുണ്ടായി. ഇതു വായിച്ച ക്ലാസ് ടീച്ചര്‍ അതിലെ ഇരുത്തംവന്ന ആശയങ്ങള്‍ കണ്ട് ഇത് ഈ കുട്ടി എഴുതിയതായിരിക്കില്ലെന്ന് പ്രഖ്യാപിച്ചു. തത്ത്വചിന്തയിലുള്ള യുങ്ങിന്റെ താത്പര്യം കണ്ടപ്പോള്‍ സഹപാഠികള്‍ യുങ്ങിന് 'എബ്രഹാം അച്ചന്‍' എന്നു വിളിപ്പേരിട്ടു.

തന്റെ സ്വന്തം വ്യക്തിത്വത്തെ രണ്ടു ഭാഗങ്ങളായാണ് യുങ് കണ്ടിരുന്നത്. ഒരു സ്‌കൂള്‍കുട്ടിയുടേതാണ് ഒന്നാംഭാഗം. ഈ ഭാഗം ബാഹ്യലോകവുമായി ബന്ധപ്പെട്ടുകിടക്കുന്നു. എന്നാല്‍ ഒരു ജ്ഞാനവൃദ്ധന്റെതാണ് രണ്ടാംഭാഗം. തന്റെ ആന്തരികമണ്ഡലവുമായി ഈ ബിംബം പ്രതീകവത്കരിച്ച് നില്ക്കുന്നു.

ഈ കാലഘട്ടത്തില്‍ മറ്റൊരു വിശേഷപ്പെട്ട അനുഭവംകൂടി അദ്ദേഹത്തിനുണ്ടായി. ഒരു മദ്യനിര്‍മാണശാലയില്‍ പോയപ്പോള്‍ അവിടുത്തെ വീര്യം കൂടിയ മദ്യം രുചിച്ചുനോക്കാന്‍ അദ്ദേഹത്തിനവസരമുണ്ടായി. ലഹരിയില്‍പ്പെട്ടപ്പോള്‍ രണ്ടു ഭാഗങ്ങളായി വേര്‍തിരിഞ്ഞു നില്ക്കുന്ന തന്റെ വ്യക്തിമനസ്സ് ഒന്നായി ദൃഢതയും ശക്തിയും കൈവരിച്ചപോലെ അദ്ദേഹത്തിനനുഭവപ്പെട്ടു. ഈ അനുഭവം അര്‍ഥവത്തായ ഒരു ഉള്‍ക്കാഴ്ച അദ്ദേഹത്തിനു നല്കിയത്രേ.

വര്‍ത്തമാനകാലത്തോടൊപ്പം പഴയ കാലഘട്ടത്തിലുള്ള പ്രതീകങ്ങളിലൂടെ ഭൂതകാലത്തേക്ക് തന്റെ മനസ്സ് വഴുതിവീഴാറുണ്ടെന്ന് യുങ് തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. അനവധി ഉദാഹരണങ്ങളും അദ്ദേഹം നിരത്തുന്നു. പഴയ കോട്ടകളും അക്കാലത്തെ പ്രാചീനമനുഷ്യരും ഒക്കെയായിരുന്നു അതില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കല്ലുകൊണ്ടും മണ്ണുകൊണ്ടും കോട്ടകള്‍ ഉണ്ടാക്കി രസിക്കുക അദ്ദേഹത്തിന്റെ അക്കാലത്തെ ഒഴിവുകാലവിനോദമായിരുന്നത്രേ. റൂള്‍ത്തടിയില്‍ ഒരു മുണ്ടന്റെ രൂപം കൊത്തിവെച്ചത് ഇതിനു മുന്നോടിയായിട്ടായിരുന്നു.
ബുദ്ധി ഉറയ്ക്കുന്ന പ്രായമെത്തിയപ്പോള്‍ ഭാവിയില്‍ ഒരു തൊഴില്‍ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണെന്നു തോന്നാന്‍ തുടങ്ങി. പിതാവിനെപ്പോലെ ദാരിദ്ര്യംപിടിച്ച ഒരു പാതിരിയാകാന്‍ യുങ്ങിനു താത്പര്യമുണ്ടായിരുന്നില്ല.

ഒരു പുരാവസ്തുശാസ്ത്രജ്ഞനാകണമെന്നായിരുന്നു ചെറുപ്പംമുതല്‍ക്കുള്ള ആഗ്രഹം. പക്ഷേ, അതിനുള്ള സാഹചര്യം അടുത്തൊന്നുമുണ്ടായിരുന്നില്ല. എങ്കില്‍പ്പിന്നെ, മൃഗങ്ങളോടും പക്ഷികളോടും താത്പര്യമുള്ളതുകൊണ്ട് ജന്തുശാസ്ത്രം പഠിക്കാമെന്നുവെച്ചു. പക്ഷേ, അതു പഠിച്ചാല്‍ ചുരുങ്ങിയത് ഒരു സ്‌കൂള്‍ അധ്യാപകനോ കൂടിയാല്‍ ജന്തുശാസ്ത്രവകുപ്പിലെ ഒരു ഉദ്യോഗസ്ഥനോ ആവാം. പിന്നെയുള്ളത് വൈദ്യശാസ്ത്രമാണ്. പക്ഷേ, തന്റെ അച്ഛച്ഛന്റെ തൊഴിലായ വൈദ്യത്തെ ഒരു തൊഴില്‍ എന്ന നിലയില്‍ സ്വീകരിക്കുവാന്‍ യുങ്ങിന്റെ മനസ്സ് അനുകൂലിച്ചിരുന്നില്ല. എങ്കിലും ഒരു ശാസ്ത്രജ്ഞനാകാനുള്ള വഴിയാണ് വൈദ്യശാസ്ത്രപഠനം.

ബാസലിലുള്ള യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ത്തു പഠിപ്പിക്കാനുള്ള സാമ്പത്തികം തന്റെ പിതാവിനില്ലെന്ന് യുങ്ങിനറിയാം. നിര്‍ധനവിദ്യാര്‍ഥികള്‍ക്കുള്ള ഒരു സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചു. അതനുവദിച്ചുകിട്ടിയപ്പോള്‍ സന്തോഷമല്ല, തന്റെ ദാരിദ്ര്യത്തെയോര്‍ത്ത് അപമാനമാണ് ആദ്യം യുങ്ങിന് തോന്നിയതത്രേ. അന്നത്തെ തന്റെ ചുറ്റുപാടുകളെക്കുറിച്ച് അപകര്‍ഷംകലര്‍ന്ന മനോഭാവത്തോടെ യുങ് തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. വൈരുധ്യത്തോടെ മുഖംതിരിഞ്ഞു നില്ക്കുന്ന ദ്വിവ്യക്തിത്വവും അന്നദ്ദേഹത്തെ അലട്ടിയിരുന്നു. തന്റെ ഒന്നാം വ്യക്തിത്വമായ സ്‌കൂള്‍ക്കുട്ടി ബലഹീനനും അച്ചടക്കമില്ലാത്തവനും അതേസമയം ക്രിയാത്മകമായി കഴിവുള്ളവനും അതനുസരിച്ച് ഉന്നതമായ അഭിലാഷങ്ങള്‍ വെച്ചുപുലര്‍ത്തുന്നവനുമാണ്. പക്ഷേ, സ്വന്തം കഴിവില്‍ അയാള്‍ക്ക് തീരേ മതിപ്പുണ്ടായിരുന്നില്ല. സ്വന്തം ഇച്ഛാശക്തിയെ വളര്‍ത്തിയെടുത്ത് സ്‌കൂള്‍ക്കുട്ടിയെ കാര്യപ്രാപ്തിയുള്ളവനാക്കി മാറ്റിയെടുത്താലല്ലാതെ തനിക്കു രക്ഷയില്ലെന്ന് യുങ്ങിനു വീണ്ടും ബോധ്യമായി.

ആയിടയ്ക്കാണ് തോംസണ്‍ ജെ. ഹഡ്‌സണ്‍ എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ മാനസികപ്രതിഭാസങ്ങളുടെ നിയമങ്ങള്‍ എന്ന പുസ്തകം യുങ് വായിച്ചത്. മാനസികഘടനകളെക്കുറിച്ച് വലിയൊരു ഉള്‍ക്കാഴ്ച നേടിയെടുക്കാന്‍ ഈ പുസ്തകം അദ്ദേഹത്തെ സഹായിച്ചു. മാത്രമല്ല, തന്റെ ഇരട്ടവ്യക്തിത്വത്തെക്കുറിച്ച് തനിക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

എല്ലാ വ്യക്തിമനസ്സിനും വസ്തുനിഷ്ഠമനസ്സ് (Objective Mind) ആത്മനിഷ്ഠമനസ്സ് (Subjective Mind) എന്നീ രണ്ടു മുഖങ്ങളുണ്ട്. വസ്തുനിഷ്ഠമായ മനസ്സാണ് ബാഹ്യപ്രപഞ്ചവുമായി പ്രതികരിക്കുന്നത്. ആത്മനിഷ്ഠമായ മനസ്സ് വ്യക്തിയുടെ ആന്തരികലോകത്തെ പ്രതിനിധീകരിക്കുന്നു.

വസ്തുപ്രപഞ്ചം നാമെല്ലാം ഒരുപോലെ അനുഭവിക്കുന്ന പുറംലോകമാണ്. അവിടെ ഓരോ വസ്തുവിനും ഒരു പ്രത്യേക രൂപവും എല്ലാവരും ഒരുപോലെ അംഗീകരിച്ച ഒരു നാമവും ഗുണവും ഉപയോഗവുമുണ്ട്. എന്നാല്‍, ആത്മനിഷ്ഠമായ ലോകം ഓരോരുത്തര്‍ക്കും അവരവരുടേതായി പ്രത്യേകം ഉള്ളതാണ്. വ്യക്തിയുടെ വിചാരവികാരങ്ങളും സ്വഭാവവും പാരമ്പര്യവും സംസ്‌കാരവും ആ വ്യക്തിയുടേതു മാത്രമാണ്. ജനിച്ച നാള്‍ മുതല്‍ ഞാന്‍ എന്ന കേന്ദ്രത്തെ ആസ്​പദമാക്കി അറിഞ്ഞോ അറിയാതെയോ വളര്‍ത്തിയെടുത്ത ഒരു സ്വത്വമാണത്. വസ്തുനിഷ്ഠമായ മനസ്സും ആത്മനിഷ്ഠമായ മനസ്സും തമ്മില്‍ പൊരുത്തപ്പെടാത്തതാണ് പല വ്യക്തികളിലും മാനസികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ബാഹ്യമായ എന്തിനേയും വ്യക്തി തന്റേതായ മനോഭാവത്തോടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഒരേ വസ്തുവാണെങ്കിലും ഇടപെടുമ്പോള്‍ വ്യത്യസ്തമായ സമീപനരീതിയും അനുഭവങ്ങളും വിശ്വാസങ്ങളും അഭിപ്രായങ്ങളും ഉണ്ടാവുക സ്വഭാവികമാണ്. ഇതുകൊണ്ടാണ് വ്യത്യസ്ത ആശയത്തില്‍ വിശ്വസിക്കുന്ന സംഘങ്ങളും സംഘടനകളും മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകുന്നത്.

ഒരാള്‍ മോഹനിദ്രയില്‍ (Hypnosis) പെടുമ്പോള്‍ വസ്തുനിഷ്ഠമായ മനസ്സിനെ മയക്കി അയാളുടെ ആത്മനിഷ്ഠമായ മനസ്സിനെ പുറത്തിറക്കിക്കൊണ്ടുവരുന്നു. ഭൂതകാലത്ത് തനിക്കുമാത്രം അറിയാവുന്ന അനുഭവങ്ങളെ നിര്‍ദേശങ്ങളിലൂടെ പുറത്തുകൊണ്ടുവരാന്‍ ഒരു വിദഗ്ധനായ ഹിപ്പ്‌നോട്ടിസ്റ്റിനു കഴിയുന്നു. നാം സ്വയം അറിയുന്നതിനെക്കാള്‍ എത്രയോ ശക്തിമത്താണ് ആത്മനിഷ്ഠമായ മനസ്സെന്ന് ഹഡ്‌സണ്‍ വാദിക്കുന്നു. ക്രിസ്തുവിന്റെ അദ്ഭുതപ്രവൃത്തികള്‍ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ മനസ്സിന്റെ അസാധാരണമായ ചേര്‍ച്ചകൊണ്ടാണെന്ന് ഹഡ്‌സണ്‍ പ്രസ്താവിക്കുന്നു. ഒരു ജീനിയസ്സിന്റെത് വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ മനസ്സുകളുടെ ഒത്തുചേരലാണ്. ഷെയ്്ക്‌സ്​പിയര്‍ തുടങ്ങിയ പ്രതിഭാശാലികളില്‍ സഹജവാസനകള്‍ (Intuition) ആത്മനിഷ്ഠമായ മനസ്സില്‍നിന്ന് തടസ്സമില്ലാതെ വസ്തുനിഷ്ഠമനസ്സിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയാണ്, യാതൊരു തടസ്സവുമില്ലാതെ-അതേസമയം മനോരോഗികളില്‍ ഈ രണ്ടു മനസ്സുകളും ഒന്നിച്ചുപോവാതെ വിഘടിച്ചു നില്ക്കുന്നു.

1890-ല്‍ ഹഡ്‌സന്റെ പുസ്തകം അദ്ഭുതത്തോടെയാണ് വായനക്കാര്‍ സ്വീകരിച്ചത്. അപ്പോഴൊന്നും അത് ബാസിലില്‍ എത്തിയിരുന്നില്ല. ഈ സമയത്താണ് യുങ് ഫെഡറിക് നിത്‌ഷേയുടെ സരതുഷ്ട്ര വായിക്കുന്നത്. ഈ പുസ്തകം അദ്ദേഹത്തിന്റെ മനസ്സിനെ ലഹരിപിടിപ്പിച്ചു. നിത്‌ഷേയും തന്നേപ്പോലെ ദ്വിമാനവ്യക്തിത്വത്തിന് ഉടമയാണെന്ന് അദ്ദേഹം മനസ്സിലാക്കി. സരതുഷ്ട്ര നിത്‌ഷേയുടെ അപരവ്യക്തിത്വമാണെന്നാണ് യുങ്ങിന്റെ അഭിപ്രായം. ഇതിനെത്തുടര്‍ന്ന് അദ്ദേഹം എഡ്‌വേര്‍ഡ് വോണ്‍ ഹാര്‍ട്മനിന്റെ 'അബോധമനസ്സിന്റെ തത്ത്വശാസ്ത്രം'എന്ന പുസ്തകം വായിച്ചു. അതില്‍ ഹാര്‍ട്മന്‍, വ്യക്തമായ ഇച്ഛയോടുകൂടിയ ഒരു അബോധമനസ്സ് പ്രകൃതിയുടെ പിന്നിലുണ്ടെന്നും അതു പ്രകൃതിയെ നിയന്ത്രിക്കുന്നുവെന്നും പറയുന്നു. ഫ്രോയ്ഡ് പിന്നീട് രൂപപ്പെടുത്തിയ അബോധമനസ്സില്‍നിന്ന് വ്യത്യസ്തമാണിത്. 1890 ലാണ് ഫ്രോയ്ഡിന്റെ അബോധമനസ്സ് എന്ന സംജ്ഞ ബോധ-ഉപബോധ മനസ്സുകള്‍ക്കൊപ്പം രൂപപ്പെടുന്നത്. ഹാര്‍ട്മനിന്റെ അഭിപ്രായത്തില്‍ മൃഗങ്ങളും പക്ഷികളും കാണിക്കുന്ന ജന്മവാസനയില്‍നിന്നുളവാകുന്ന സ്വഭാവങ്ങള്‍ ഈ അബോധമനസ്സില്‍നിന്നുണ്ടാകുന്നതാണ്. ഈ സിദ്ധാന്തം യുങ്ങിന് പുതിയൊരു ഉള്‍ക്കാഴ്ച നേടിക്കൊടുത്തു. ചോദനകളുടെ കാണപ്പടുന്ന തലം എന്ന ഈ ആശയം പിന്നീട് സഞ്ചിതാവബോധം എന്ന സിദ്ധാന്തം രൂപപ്പെടുത്താന്‍ യുങ്ങിനെ സഹായിക്കുകയുണ്ടായി. ഒരു ദിവസം സഹപാഠിയുടെ വീട്ടിലെ അലമാരയില്‍നിന്നു കിട്ടിയ ആത്മീയതയെക്കുറിച്ചുള്ള ഒരു കൊച്ചു പുസ്തകം അദ്ദേഹം വായിക്കാനിടയായി. അമേരിക്കയിലെ ഒരു കുടുംബത്തില്‍ പ്രേതബാധയുണ്ടായതായും എന്തൊക്കെയോ ചില അസാധാരണശബ്ദങ്ങള്‍ അവര്‍ കേള്‍ക്കുന്നതായും അവരുടെ കുട്ടികള്‍ക്ക് പ്രേതാവേശമുണ്ടായതായും ആ പുസ്തകത്തില്‍ വിവരിക്കുന്നു. പണ്ട് എപ്പോഴോ ആ വീട്ടില്‍ ഒരു കൊലപാതകം നടന്നിട്ടുണ്ടത്രേ. പിന്നീട് വിശദമായി പരിശോധിച്ചപ്പോള്‍ ആ വീടിന്റെ തറയ്ക്കടിയില്‍ മനുഷ്യന്റെ അസ്ഥികള്‍ കണ്ടുകിട്ടിയതായും പ്രതിപാദിക്കുന്നുണ്ട്. ഈ പുസ്തകം അക്കാലത്ത് അമേരിക്കയിലും യൂറോപ്പിലും വില്പനയുടെ കാര്യത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു. പള്ളി വിലക്കിയിട്ടും പുസ്തകത്തിനു പുറകെ അനുയായികള്‍ പരക്കംപാഞ്ഞു. നിരവധി പേര്‍ക്ക് അതു വായിച്ച് ഉന്മാദമുണ്ടായി. നിരവധി പേര്‍ പ്രേതാത്മാക്കളുമായി ബന്ധപ്പെടുകയും അവര്‍ക്ക് അറിയാതിരുന്ന പല രഹസ്യങ്ങളും വെളിപാടുപോലെ വിളിച്ചുപറയുകയും പതിവായി. ഫ്രാന്‍സില്‍ ഒരാള്‍ ഈ വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തി പ്രേതാത്മാക്കള്‍ എന്നൊരു പുസ്തകമെഴുതി. അത് ആത്മീയതയുടെ ബൈബിള്‍ എന്ന പേരില്‍ പ്രസിദ്ധമായി. പിന്നീട് ഈ പുസ്തകത്തെ പ്രമാണമാക്കി ഒരു മതവിഭാഗംതന്നെ രൂപപ്പെട്ടു. മരണാനന്തരജീവിതത്തെയും ടെലിപ്പതി, ഹിപ്പ്‌നോട്ടിസം തുടങ്ങിയ മാനസികപ്രതിഭാസങ്ങളെക്കുറിച്ചും ഗവേഷണം നടത്താന്‍ തുടങ്ങിയത് ഈ കാലഘട്ടം മുതല്‍ക്കാണ്.

ഇതിനിടയില്‍ ആശ്ചര്യജനകമായ ചില സംഭവങ്ങള്‍ യുങ്ങിന്റെ അനുഭവത്തിലുണ്ടായി. ഒരു ദിവസം വീട്ടിലെ മുറിയില്‍ പഠിച്ചുകൊണ്ടിരിക്കേ അപ്പുറത്തുള്ള തീന്‍മുറിയില്‍നിന്ന് വെടി പൊട്ടുന്നപോലെ ഒരു ശബ്ദം അദ്ദേഹം കേട്ടു. അവിടേക്ക് ഓടിച്ചെന്നപ്പോള്‍ ആ മുറിയിലിരിക്കുന്ന അമ്മയും സഹോദരി ഗെര്‍ട്രുഡും ശബ്ദം കേട്ട് ഞെട്ടിവിറച്ച് നില്ക്കയാണ്. ചുറ്റും വിശദമായി പരിശോധിച്ചപ്പോള്‍ മുറിയിലെ മരമേശയ്ക്കു നടുവില്‍ വെടിയേറ്റപോലെ ഒരു ദ്വാരം വീണിരിക്കുന്നതു കണ്ടു. പ്രത്യേകിച്ച് കാരണങ്ങളൊന്നും കണ്ടുപിടിക്കാനുമായില്ല. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം രാത്രി വൈകി വീട്ടിലെത്തിയ യുങ്ങിന്റെ മുന്‍പില്‍ മറ്റൊരു സ്‌ഫോടനശബ്ദം കേട്ട് ഞെട്ടിവിറച്ചു നില്ക്കുന്ന അമ്മയെയും സഹോദരിയെയുമാണ് കണ്ടത്. സൂക്ഷ്മപരിശോധന നടത്തിയപ്പോള്‍ മേശപ്പുറത്തിരിക്കുന്ന റൊട്ടി മുറിക്കാനുപയോഗിക്കുന്ന കത്തി പല കഷ്ണങ്ങളായി മുറിഞ്ഞുകിടക്കുന്നത് കണ്ടു. ഈ കത്തി പിന്നീട് കൊല്ലന്റെ അടുത്തു കൊണ്ടുപോയി കാണിച്ചപ്പോള്‍ കൊല്ലന്‍ അത് താനേ മുറിഞ്ഞതല്ലെന്നും ആരോ കരുതിക്കൂട്ടി മുറിച്ചതാണെന്നും അഭിപ്രായപ്പെട്ടു. ഇതിനിടയിലാണ് യുങ്ങിന്റെ മച്ചുനിച്ചി ഹെല്ലി പ്രിസ്‌റക്ക് (ഒലഹഹല്യ ജൃശലംെലൃസ) എന്ന പതിനഞ്ചുകാരിക്ക് ഭൂതാവേശമുണ്ടാകുന്നത്. അവള്‍ മെലിഞ്ഞ് വിളറിയ മുഖമുള്ള ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു. അവളുടെ അന്തരിച്ച മുത്തച്ഛന്‍ ഹിബ്രു പണ്ഡിതനായ റവറന്റ് സാമുവല്‍ പ്രിസ്‌റക്കിന്റെ (Ravarent Samuvel Prieswerk - യുങ്ങിന്റെ അമ്മയുടെ അച്ഛന്‍) പ്രേതമാണത്രേ അവളെ പതിവായി ആവേശിച്ചുകൊണ്ടിരുന്നത്. ലോകപരിചയമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഒരു നാടന്‍പെണ്‍കുട്ടിയായിരുന്നു ഹെല്ലി. മാതൃഭാഷയായിരുന്ന സ്വിസ് മാത്രമേ അവള്‍ക്കറിയാമായിരുന്നുള്ളൂ. പക്ഷേ റവറന്റിന്റെ പ്രേതം അവളിലാവേശിച്ചാല്‍ വളരെ വൃത്തിയായി അക്ഷരസ്ഫുടതയോടെ ഹിബ്രു സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ചേഷ്ടകളും സംസാരരീതിയും ഭാവങ്ങളും അതേപടി അവള്‍ അനുകരിച്ചിരുന്നു. അവള്‍ ജനിക്കുന്നതിനു മുന്‍പ് അന്തരിച്ച മുത്തച്ഛന്റെ ജീവിതത്തിലെ പല രഹസ്യങ്ങളും അവള്‍ ഈ അവസരത്തില്‍ വിളിച്ചുപറഞ്ഞിരുന്നു. കൂടെ അവളെ കാണാന്‍ വരുന്നവരുടെ കാര്യങ്ങള്‍ പലതും അവര്‍ക്കുപോലും അറിയാത്ത വെളിപാടുപോലെ അവള്‍ പ്രവചിച്ചു. ഹെല്ലിയില്‍ ആവേശിക്കുന്ന പ്രേതമായ റവറന്റും ജീവിച്ചിരിക്കുമ്പോള്‍ ഇത്തരം പ്രേതാവേശങ്ങള്‍ക്ക് മാധ്യമമാകാറുണ്ടത്രേ. അദ്ദേഹത്തില്‍ ആവേശിച്ചിരുന്നത് അദ്ദേഹത്തിന്റെ ആദ്യഭാര്യയുടെ പ്രേതമാണ്. ആഴ്ചയിലൊരിക്കല്‍ അദ്ദേഹം ഭാര്യയുടെ ആത്മാവുമായി സംവദിക്കാറുണ്ടത്രേ. ഭാര്യയ്ക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടത്തില്‍ അല്പനേരമിരുന്നാല്‍ ഭാര്യയുടെ ആത്മാവ് അദ്ദേഹത്തില്‍ വന്നു കുടിയിരിക്കാന്‍ തുടങ്ങും. പിന്നെ കുറെനേരം അദ്ദേഹം ഭാര്യയുമായി ജീവിതത്തിലുണ്ടായിരുന്നപോലെ സംസാരിക്കാന്‍ തുടങ്ങും.

ഈ സംഭവം യുങ്ങില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തി: എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? മനുഷ്യമനസ്സിന് ഭൂതകാലത്തിന്റെ ഇരുട്ടറയില്‍ പ്രവേശിച്ച് രഹസ്യങ്ങള്‍ ചികയാനുള്ള കഴിവുണ്ടോ? അല്ലെങ്കില്‍ മരണാനന്തരജീവിതത്തിന് അസ്തിത്വമുണ്ടോ? പതിവായി ഹെല്ലിയുടെ പ്രകടനങ്ങളില്‍ പങ്കെടുത്തപ്പോള്‍ യുങ്ങിനു തോന്നി, നിരവധി അവിശ്വസനീയമായ കഥകള്‍ നിറഞ്ഞതാണെങ്കിലും വളരെ ഗൗരവമുള്ള മനഃശാസ്ത്രപഠനത്തിന് വിധേയമാക്കേണ്ട ഒന്നാണ് ഇതെന്ന്. അന്ന് അദ്ദേഹത്തിന് ഇരുപത്തിരണ്ടു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ.
(യുങ്- ജീവചരിത്രം എന്ന പുസ്തകത്തില്‍ നിന്ന്)

യുങ്- ജീവചരിത്രം വാങ്ങാം