രണ്ടുവര്‍ഷം മുമ്പ്, ഞങ്ങള്‍ കുറച്ച് മലയാളം എഴുത്തുകാര്‍ ഏതാനും ദിവസത്തേക്കായി മുംബൈയില്‍ താവളമടിക്കുകയുണ്ടായി. കഥ വായിക്കുവാനും സംവാദത്തിനുമായി, മറാഠിയിലെ ചില എഴുത്തുകാരും അവിടെയുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം മുംബൈ മഹാനഗരത്തെ ഒന്നടുത്തു കാണുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതേ മഹാരാഷ്ട്രയിലെ മണ്ണും മനസ്സും സങ്കല്പിച്ചെടുത്തുകൊണ്ടാണ് പതിനഞ്ചുവര്‍ഷം മുമ്പ് ഞാന്‍ ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം എന്ന കഥ എഴുതിയത്. ഇപ്പോള്‍ ജീവിതത്തിലാദ്യമായി ഞാന്‍ ആ മണ്ണില്‍ കാലുകുത്തുകയാണ്. ഭൂകമ്പം തകര്‍ത്തെറിഞ്ഞ ലാത്തൂരിലേക്ക് മുംബൈയില്‍നിന്ന് ഏറെ ദൂരമുണ്ടെങ്കിലും എന്റെ കഥാപാത്രങ്ങളായ ബുക്കാറാമിനെയും ദേശ്പാണ്ഡെയെയും മുംബൈയിലെ തെരുവോരങ്ങളില്‍ എവിടെയെങ്കിലും കണ്ടുമുട്ടാന്‍ കഴിഞ്ഞേക്കുമെന്നുള്ള തോന്നല്‍ യാത്രാരംഭത്തില്‍ എനിക്കുണ്ടായിരുന്നു. എന്നാല്‍ അതു സംഭവിച്ചില്ല. മുംബൈയിലെ മായക്കാഴ്ചകള്‍ക്കിടയില്‍ അത്തരം ദീനമുഖങ്ങളെ തിരയാന്‍ ഞാന്‍ മറന്നേപോയി എന്നതാണ് സത്യം. പകരം, മഹാനഗരത്തിന്റെ തെരുവുകളില്‍നിന്ന് ആയിരക്കണക്കിന് സുന്ദരികള്‍ എന്റെ മനസ്സിലേക്ക് ഇരച്ചും ഇടിച്ചും കയറാന്‍ തുടങ്ങി; ആയിരക്കണക്കിന് സുസ്തനികള്‍.

കാണുന്നനേരത്ത് വാങ്ങാം
സുഭാഷ് ചന്ദ്രന്റെ മറ്റ് പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക് ചെയ്യുക

കാരണം ലളിതമായിരുന്നു: മനുഷ്യജീവിതത്തിന്റെ വേദനകളെക്കുറിച്ച് ചിന്തിക്കാനും എഴുതാനും ശ്രമിക്കുന്നുണ്ടെങ്കിലും ഞാനിപ്പോഴും ആസക്തികള്‍ വിട്ടൊഴിഞ്ഞിട്ടില്ലാത്ത ആ യുവാവാണ്; കപടസദാചാരങ്ങളില്‍ കുരുങ്ങിയ ഒരു സമൂഹത്തിനുള്ളില്‍ ഞെളിപിരികൊള്ളുകയും മറുകണ്ടം ചാടാന്‍ താപ്പുനോക്കി നടക്കുകയും ചെയ്യുന്ന ഒരു ശരാശരി മലയാളി ശരീരം!

സാഹിത്യകാരന്‍ ഋഷിയായിരിക്കണമെന്ന് ഒരു പ്രമാണമുണ്ട്. ദര്‍ശനങ്ങളുടെ മഹാവിപിനം അങ്ങനെയുള്ള എഴുത്തുകാരുടെ രചനകളില്‍ നമുക്കു കാണാം. എന്നാല്‍ ഒരു സാധാരണ മനുഷ്യശരീരം എന്ന നിലയ്ക്ക് എഴുത്തുകാരന് യൗവനം എന്ന ഘോരവനത്തിലൂടെയും കടന്നുപോകേണ്ടതുണ്ട്. അവിടെവച്ച് അവനുള്ളിലെ ഋഷിയും കാമിയും തമ്മില്‍ ഭയങ്കരമായ ഒരു സംഘട്ടനം നടക്കുന്നു. അതില്‍ കാമിയുടെ ആയുധങ്ങള്‍ക്കാണ് കൂടുതല്‍ തിളക്കവും ബലവും എന്നതാണ് എഴുത്തുകാരന്‍ നേരിടുന്ന ദുരവസ്ഥ.

'നവയൗവനവും വന്നു നാള്‍തോറും വളരുന്നു'- അങ്ങനെയാണല്ലോ ശരീരങ്ങളുടെ യൗവനപ്രാപ്തിയെപ്പറ്റി ലൗകികജീവികള്‍ അടക്കം പറയുന്നത്. സുന്ദരീസുന്ദരന്മാരുടെ പരസ്യവാചകവും അതുതന്നെ. തന്റെ സ്തനകഞ്ചുകം കെട്ടഴിച്ച് അയവുള്ളതാക്കിത്തരാന്‍ കൂടെക്കൂടെ കെഞ്ചുന്ന പഴയ 'സംസ്‌കൃത' നാടകത്തിലെ നായികയോട് തോഴിമാര്‍ പറയുന്നത് 'അനുനിമിഷം വളരുന്ന നിന്റെ സ്തനങ്ങളാണ് ഇതില്‍ കുറ്റക്കാര്‍' എന്നാണ്. അതെ, യൗവനത്തിന്റെ പുകഴ്ച മാംസത്തിന്റെ വളര്‍ച്ചതന്നെ എന്ന് 'ആചാര്യന്മാര്‍'കൂടി നമ്മെ പറഞ്ഞുറപ്പിച്ചിരിക്കുന്നു. യുവാവ്, യുവതി എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍, യൗവനം എന്നു കേള്‍ക്കുമ്പോള്‍, ഇന്നും നമ്മുടെ മനസ്സില്‍ ആദ്യം തെളിയുന്നത് മാംസങ്ങളുടെ ഈ സിനിമാറ്റിക് ഡാന്‍സുതന്നെ. പൊക്കിളുകളെ നോക്കൂ. സ്വന്തം അമ്മയെക്കുറിച്ചുള്ള ഓരോ ശരീരത്തിന്റെയും ഓര്‍മയാണത്. പക്ഷേ, ഇന്ന് നമുക്കത് ഒരുത്തേജനദൃശ്യം മാത്രമാണ്. പെറ്റമ്മയുമായുള്ള നാഭീനാള ബന്ധത്തിന്റെ ഈ കരിഞ്ഞ സ്മരണ, ഒരാപ്പിളിന് അതിന്റെ ഞെട്ട് എങ്ങനെയാണോ, തികച്ചും അതിനു സമാനമായ ഒരു ശേഷിപ്പുമുദ്ര, നമ്മളില്‍ ഇത്രമാത്രം ആസക്തി നിറയ്ക്കുന്ന ഒരു കാഴ്ചയായി പരിണമിച്ചതെങ്ങനെയാവും? സുരതാവയവത്തിനു സമീപസ്ഥമായ മറ്റൊരു ദ്വാരം എന്ന അബോധചിന്തയാവാം അതിന്റെ ലൈംഗികാകര്‍ഷണത്തിനു ഹേതു. സൂര്യന് മുമ്പ് ചക്രവാളത്തില്‍ പെരുമീന്‍ ഉദിക്കുമല്ലോ. സുരതസുഖത്തിന്റെ സൂര്യനു മുകളില്‍ അരക്കെട്ടിലെ പെരുമീനുദയമായി ഒരു മാതൃമുദ്രയെ സമര്‍ഥമായി മാറ്റിയെടുക്കുകയാണ് നാം ചെയ്തത്! പ്രശസ്തയായ ഒരു ചലച്ചിത്രനടിയുടെ ചിത്രമെടുക്കാന്‍ ചെന്ന എന്റെ സുഹൃത്തിനോട് ഏതാനും ക്ലോസപ്പുകള്‍ക്കുശേഷം തന്റെ സാരി നീക്കി പൊക്കിള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് നടി പറഞ്ഞത്രെ: 'ഇനി ഒരു സെക്‌സി പോസ് ആയിക്കോട്ടെ!'


ദൈവമേ, അവളും അതംഗീകരിക്കുന്നു. തള്ളയില്ലാത്തോള്‍!
ഈ തള്ളയില്ലായ്മത്തം-ഈ പറുദീസാ നഷ്ടം-നമ്മുടെ യൗവനങ്ങളെ സമഗ്രമായി ഗ്രസിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. യൗവനദശയില്‍ത്തന്നെ പ്രാണന്‍ വെടിഞ്ഞ ക്രിസ്തുവും ശങ്കരനും വിവേകാനന്ദനുമൊക്കെ കാലത്തെ അതിജീവിച്ചത് പക്ഷേ, ശരീരത്തെ സംബന്ധിച്ച സത്യബോധ്യത്തിന്റെ ബലത്തിലായിരുന്നു. 'ഇതെന്റെ രക്തവും മാംസവുമാണ്, ഇതെടുത്തുകൊള്ളുക' എന്ന് ക്രിസ്തു പറഞ്ഞതും 'നാരീസ്തനഭര നാഭീദേശം' കണ്ട് മോഹാവേശം വേണ്ട എന്ന് ശങ്കരന്‍ പറഞ്ഞതും തന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ സ്ഥിരമായി വന്നിരുന്ന യുവ സുന്ദരിയുടെ ഇംഗിതം കാമമാണെന്നറിഞ്ഞപ്പോള്‍ അവളുടെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ച് 'അമ്മേ' എന്ന് വിവേകാനന്ദന്‍ വിളിച്ചതും അവരവരുടെ യൗവനങ്ങളിലായിരുന്നു; യൗവനത്തിന്റെ മാംസനിബദ്ധതയെ പ്രതിരോധിക്കുവാനായിരുന്നു.
പക്ഷേ, ദൈവമേ, അവരെല്ലാം തലയുയര്‍ത്തി നിന്ന അതേ പ്രായത്തില്‍, ഞങ്ങള്‍, ഈ പാവം യുവശരീരങ്ങളുടെ നിലയെന്ത്?

മുംബൈയില്‍വെച്ച് ഞാന്‍ ഇതാലോചിക്കുകയായിരുന്നില്ല. ഞങ്ങളുടെ സംഘത്തില്‍പ്പെട്ട എന്‍. പ്രഭാകരനെ കാണാന്‍ ചെമ്പൂരിലെ സാഹിത്യക്യാമ്പ് തിരഞ്ഞു പിടിച്ച് അദ്ദേഹത്തിന്റെ കലാലയ സഹപാഠി വന്നുചേര്‍ന്നു. മുപ്പതുവര്‍ഷത്തിനുശേഷം അവര്‍ നേരില്‍ കാണുകയായിരുന്നു. ജുഹുവിലെ തന്റെ കൊട്ടാരതുല്യമായ വസതിയിലേക്ക് അദ്ദേഹം പ്രഭാകരന്‍മാഷെ ക്ഷണിച്ചപ്പോള്‍ മാഷിന്റെ സ്‌നേഹത്തിന്റെ ബലത്തില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഒപ്പംകൂടി. ശീതീകരിച്ച ആഡംബരക്കാറില്‍ ഞങ്ങള്‍ നീങ്ങി.

ജുഹു ബീച്ചിനരികിലൂടെ വാഹനം പതുക്കെയോടിക്കാന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. പ്രഭാകരന്‍മാഷും സുഹൃത്തും തങ്ങളുടെ കലാലയജീവിതത്തിന്റെ നിറപ്പകിട്ടുള്ള ഏടുകള്‍-അതെ, അവരുടെ യൗവനാരംഭത്തെപ്പറ്റി-ഓര്‍മിക്കുവാന്‍ തുടങ്ങി. യൗവനം എന്ന കൊടുംവനം താണ്ടി മധ്യവയസ്സിലേക്കെത്തിയ ആ ആത്മ സുഹൃത്തുക്കളുടെ സ്‌നേഹം നിറഞ്ഞ സ്മൃതികള്‍ മുഴുവന്‍ ശ്രവിക്കാന്‍ കാറിലിരുന്ന ഞങ്ങള്‍ യുവാക്കള്‍ക്ക് കഴിഞ്ഞില്ല. ജുഹു കടപ്പുറത്ത് വൈകുന്നേരത്തിന്റെ പൊന്‍വെട്ടത്തില്‍, പരസ്​പരം പുണര്‍ന്നും ആരാലും ശ്രദ്ധിക്കപ്പെടാതെ ആര്‍ത്തിപിടിച്ച് ചുംബിച്ചും നില്ക്കുന്ന നൂറുകണക്കിന് ഇണകളിലായിരുന്നു ഞങ്ങളുടെ കണ്ണുകള്‍. നമ്മെപ്പോലുള്ള യൗവനംതന്നെ അതും. പക്ഷേ, എത്ര സ്വാതന്ത്ര്യം നിറഞ്ഞ കാമം! കുട്ടിക്കാലത്ത് പറമ്പില്‍നിന്ന് പെറുക്കുന്ന മാമ്പഴങ്ങളുടെ ഒരറ്റം കടിച്ചുതിന്ന് മധുരം വലിച്ചൂറ്റിയിരുന്നത് ഓര്‍മ്മിച്ചുകൊണ്ട് ഞാനവരുടെ അധരപാനങ്ങളെ ആര്‍ത്തിയോടെ നോക്കി. ഒരിക്കല്‍ അങ്ങനെ മാങ്ങയീമ്പുമ്പോള്‍ ഒരു ചെറിയ മാങ്ങയണ്ടി എന്റെ തൊണ്ടക്കുഴിയിലേക്ക് തെന്നിപ്പാഞ്ഞ് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. അത്തരത്തില്‍ എന്തെങ്കിലും ഇവിടെയും സംഭവിച്ചേക്കുമോ എന്ന് ഉള്ളിലെ കുട്ടി ഭയന്നു. ചുംബിച്ചുകൊണ്ടിരിക്കേ, അവരില്‍ ഒരുവള്‍ ജീന്‍സിനു മുകളിലൂടെ കാമുകന്റെ പ്രണയപ്പേശിയില്‍ വിരല്‍ മീട്ടുന്നതു കണ്ടപ്പോള്‍ ഉതിര്‍ന്ന ഞങ്ങള്‍ യുവാക്കളുടെ ചുടുനിശ്വാസം കാറിനുള്ളിലെ ശീതീകരണ സംവിധാനത്തെ ഏതാണ്ട് താറുമാറാക്കി.

ആഫ്രിക്കന്‍ വനാന്തരങ്ങളിലൂടെയും മറ്റും വന്യമൃഗദര്‍ശനത്തിനായി ചില്ലുപൊതിഞ്ഞ വാഹനങ്ങളില്‍ നടത്താറുള്ള ഒരു സഫാരി പോലെയായിരുന്നു വാസ്തവത്തില്‍ ആ യാത്ര. ചില്ലിനകത്തും പുറത്തും യൗവനം; പക്ഷേ, എന്തൊരന്തരം!

അടക്കിപ്പിടിച്ച കൊതികളുമായി നാം യൗവനത്തെ നേരിടുന്നു. പൊതുവേ പറയാറുണ്ട്, യൂറോപ്യന്മാരും മറ്റും അവരുടെ യൗവനം കലയിലും ശാസ്ത്രത്തിലുമൊക്കെയുള്ള വമ്പന്‍ കുതിച്ചുചാട്ടങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നത് വളരെ ചെറുപ്പത്തിലേ സ്വന്തം ശരീരതൃഷ്ണകള്‍ ശമിപ്പിക്കാന്‍ അവര്‍ക്ക് അവസരങ്ങളുണ്ടാകുന്നതുകൊണ്ടാണെന്ന്. മോഹന്‍ദാസ് കരംചന്ദ് പതിമൂന്നാം വയസ്സില്‍ വിവാഹം കഴിച്ചതുകൊണ്ടാണ് പില്ക്കാലത്ത് അദ്ദേഹത്തിന് മഹാത്മാവാകാന്‍ സമയം കിട്ടിയതെന്നും നാം തമാശ പറയുന്നു. യൗവനാരംഭത്തില്‍ എന്റെയൊരു സുഹൃത്ത് സങ്കടത്തോടെ പറഞ്ഞതും ഇതുതന്നെ: 'ഈ നശിച്ച സുന്ദരികള്‍ കാരണം മറ്റൊന്നും ചിന്തിക്കാന്‍ തീരെ സമയം കിട്ടുന്നില്ല!'

നമ്മള്‍ സാധാരണക്കാരുടെ കൗമാരത്തിലേക്ക് യൗവനം സങ്കല്പരൂപത്തില്‍ 'ഓവര്‍ലാപ്'ചെയ്യുന്നതുകൊണ്ടും നമ്മുടെ വാര്‍ധക്യത്തിലേക്ക് യൗവനത്തിന്റെ പിന്‍നിലാവ് വീണുകിടക്കുന്നതുകൊണ്ടും സങ്കല്പിക്കുന്നതിലേറെ ദൈര്‍ഘ്യമുണ്ട് നമ്മുടെ യൗവനത്തിന്. സ്വയംഭോഗങ്ങളോടെ കൗമാരത്തില്‍, സ്വയവും പരവുമായുള്ളഭോഗങ്ങളോടെ യൗവനത്തില്‍, സങ്കല്പസുരതങ്ങളോടെ മധ്യവയസ്സില്‍ നമ്മള്‍ ഈ ദൈര്‍ഘ്യം താണ്ടുന്നു. യൗവനാകാശത്തില്‍നിന്ന് കൗമാരത്തിലേക്കു കടന്നുവരുന്ന ആദ്യത്തെ ഇടിമിന്നലോടെ അവന്റെ ശരീരത്തിന്റെ ദുരിതം തുടങ്ങുന്നു. പതിമൂന്നാം വയസ്സില്‍ എനിക്ക് ഇടിമിന്നലേറ്റത് നടി ജയഭാരതിയുടെ രൂപത്തിലാണ്. പടിഞ്ഞാറേ കടുങ്ങല്ലൂരിലെ സര്‍ക്കാര്‍ പള്ളിക്കൂടത്തിലെ കുട്ടികള്‍ക്ക് അതൊരു ഉത്സവക്കാഴ്ചയായിരുന്നു. സ്‌കൂളിന്റെ അതിര്‍ത്തിക്കിപ്പുറം രണ്ടു നെല്‍പ്പാടങ്ങള്‍ കഴിഞ്ഞാണ് നടന്‍ സത്താറിന്റെ തറവാട്. വെള്ളിത്തിരയുടെ മുഷിഞ്ഞ തുണിയെ സ്വര്‍ഗപടമായി പരിവര്‍ത്തിച്ചിരുന്ന ഷീല-ജയഭാരതിമാരുടെ പ്രതാപം അന്നേക്ക് അസ്തമിച്ചുതുടങ്ങിയിരുന്നെങ്കിലും അന്തരീക്ഷത്തില്‍ അവരുണ്ടാക്കിയ ഈര്‍പ്പം അപ്പോഴും തങ്ങിനിന്നിരുന്നു. ഷീലയോട് എനിക്ക് പ്രണയം തോന്നിയിരുന്നില്ല. അവരില്‍ ചിനയ്ക്കുന്ന ഒരു കുതിരമുഖം എനിക്കു കാണാമായിരുന്നു. എന്നാല്‍ ജയഭാരതി എന്റെ കൗമാരരക്തത്തില്‍ കാമത്തിന്റെ കുമിളകള്‍ ഉണ്ടാക്കിയിരുന്നു. നാട്ടിലേക്ക് സത്താര്‍ കെട്ടിക്കൊണ്ടുവന്നിട്ടും ഞങ്ങള്‍ക്കാര്‍ക്കും ജയഭാരതിയെ നേരിട്ടുകാണാന്‍ സംഗതിവന്നിരുന്നില്ല.

അങ്ങനെയിരിക്കെ ജയഭാരതി വന്നു! സ്‌കൂള്‍ കവലയിലെ ഒരു കടയില്‍നിന്ന് എന്തോ വാങ്ങിയിട്ട് ഒരു വെളുത്ത അംബാസഡറിലേക്ക് തിരികെ കയറാന്‍പോകുന്ന നിലയിലാണ് ഞാനവരെ കണ്ടത്. തിളക്കമുള്ള കറുത്ത സാരിയില്‍ വലിയ വെളുത്ത പൂക്കള്‍ വിടര്‍ന്നിരുന്നു. അതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഉടലില്‍നിന്ന് ഈസ്റ്റ്മാന്‍ കളറില്‍ അവരുടെ മുഖം വിടര്‍ന്നുനിന്നു. ഷാമ്പൂവിട്ട തലമുടി ഓരോ ഇഴകളായി പാറി. ചെറിയ വിടവുള്ള മുന്‍നിരപ്പല്ലുകള്‍ കാട്ടി അവര്‍ ഞങ്ങളെ നോക്കി ചിരിക്കുകയും കൈവീശുകയും കുട്ടികളുടെ ഉത്സാഹം കണ്ട് നാക്കുകടിക്കുകയും ചെയ്തു. പല്ലിന്റെ വെണ്മയ്ക്കകത്ത് വയലറ്റു നിറത്തിലുള്ള കൊതിപ്പിക്കുന്ന ഒരിരുട്ടിലേക്ക് നാക്ക് തിരികെ പോയി. കാറില്‍ മടങ്ങുമ്പോള്‍ അടഞ്ഞ ഡോറിന്റെ ചേര്‍പ്പുരേഖയ്ക്കു പുറത്തേക്ക് അവരുടെ സാരിത്തലപ്പ് അല്പം നീണ്ടുകിടന്നിരുന്നതു കണ്ട് എന്റെ ഹൃദയം ചതഞ്ഞു.

അശുഭങ്ങള്‍ നിറഞ്ഞ പതിമൂന്നാം വയസ്സിലേക്ക് യൗവനം അതിന്റെ നീണ്ട തുമ്പിക്കൈ നീട്ടുകയായിരുന്നു. സിനിമാനടികളെപ്പറ്റിയുള്ള അടക്കങ്ങള്‍ ക്ലാസ്സില്‍ നിറഞ്ഞു. നടന്മാരെപ്പറ്റിയുള്ള കുശുമ്പുകള്‍ പിന്‍ബെഞ്ചുകളില്‍ തോറ്റുതോറ്റിരുന്ന ചില ചങ്ങാതിമാര്‍ പറഞ്ഞു. കളര്‍ ചിത്രങ്ങളില്‍ പ്രേംനസീര്‍ ലിപ്സ്റ്റിക് തേച്ചാണ് അഭിനയിക്കുന്നതെന്നും വടക്കന്‍ പാട്ടു ചിത്രങ്ങളില്‍ അദ്ദേഹം ബാക്കിവരുന്ന ലിപ്സ്റ്റിക് തന്റെ മുലക്കണ്ണുകളില്‍ തേക്കുമെന്നും അവര്‍ പറഞ്ഞു.

കൗമാരം യൗവനത്തിലേക്ക് മുതിര്‍ന്നുകൊണ്ടിരുന്നു. കാമിയോടൊപ്പം ഉള്ളില്‍ ഒരു സന്ന്യാസിയും വളരുന്നുണ്ടായിരുന്നു. അവര്‍ തമ്മില്‍ ചില കശപിശകള്‍ തുടങ്ങിയപ്പോള്‍ ആധിമൂത്ത് ഞാന്‍ ഊട്ടിയിലെ ഫേണ്‍ഹില്ലിലേക്ക് കത്തെഴുതി. നിത്യചൈതന്യയതിയോടുള്ള ഒരപേക്ഷ: സന്ന്യാസം സ്വീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ലൗകികത്തിന്റെ പേടിപ്പെടുത്തുന്ന ആസക്തികളില്‍നിന്ന് രക്ഷപ്പെടാന്‍ കൊതിക്കുന്നുവെന്നുമായിരുന്നു ദീര്‍ഘമായ ആ കത്തിന്റെ സാരാംശം. ആറാംദിവസം യതിയുടെ മനോഹരമായ ഒരു മറുപടി വന്നു. 'ലൗകികമായ ആസക്തികളെ ഒരുവന്‍ പേടിക്കുന്നു എന്നാല്‍ അതവന്‍ ആസ്വദിക്കുന്നു എന്നുതന്നെയാണ് അര്‍ഥം,' മറ്റാരുടെയോ കൈപ്പടയില്‍ അദ്ദേഹം എഴുതി: 'അതുകൊണ്ട് താങ്കള്‍ക്ക് സന്ന്യാസം പറഞ്ഞിട്ടില്ല. നല്ലൊരു ലൗകികനായി വളരുക; ജീവിതത്തെ നേരിടുക!'
ഒരു കുറിയിലും മറുകുറിയിലും ഒതുങ്ങിയ ആ കത്തിടപാടിനുശേഷം ഇരുപതുവര്‍ഷങ്ങള്‍ കടന്നുപോയി. ഇന്നു ഞാന്‍ സന്ന്യാസിയായില്ല; നല്ലൊരു ലൗകികനാകാനും ജീവിതത്തെ നേരിടാനും കഴിഞ്ഞിട്ടുമില്ല.
ഇവിടമാണ് യുവാവായ ഒരെഴുത്തുകാരനെന്ന നിലയ്ക്ക് എനിക്ക് കുമാരനാശാനോട് അസൂയയും കൊതിയും ഭക്തികലര്‍ന്ന ആദരവും തോന്നുന്ന രംഗസ്ഥലി. തന്റെ മികച്ച കവിതകളെല്ലാം യൗവനത്തില്‍ത്തന്നെ പൂര്‍ത്തിയാക്കിയ ആശാനില്‍, ആത്മഗരിമയുടെ വഴിവിട്ട് ഒരുവാക്കുപോലും ആസക്തിയെ തീണ്ടുന്നില്ല. അദ്ദേഹവും ഗൃഹസ്ഥാശ്രമിയായിരുന്നു; സ്ത്രീപുരുഷ ബന്ധങ്ങളായിരുന്നു അക്കവിതകളിലെ മുഖ്യപ്രമേയം-എന്നിട്ടും! നാളതുവരെ പെണ്ണിനെ വര്‍ണിച്ചുവര്‍ണിച്ച് വലംകൈയില്‍ മാത്രം പേശിയുറച്ച മലയാള കവികളുടെ ഇടയില്‍നിന്നുകൊണ്ട് ചുടലക്കാട്ടില്‍ അംഗമരിഞ്ഞുതള്ളിയ ഒരു സ്ത്രീശരീരത്തെ അദ്ദേഹം ഋഷിയുടെ കണ്ണുകള്‍കൊണ്ട് ദര്‍ശിച്ചു. ശംഖുപോലെയുള്ള കഴുത്തഴകുകളും വാഴത്തടപോലുള്ള പെണ്‍തുടകളും (രംഭോരു) നിറഞ്ഞിരുന്ന അക്കാലത്തെ കവിതകള്‍ക്കിടയില്‍ 'ഉടഞ്ഞ ശംഖുപോലെയും ഉരിച്ചു മുറിച്ച വാഴത്തടപോലെയും തിളങ്ങും അസ്ഥിഖണ്ഡങ്ങള്‍' (കരുണ) എന്നെഴുതിവെച്ചു. ആണിന്റെ ആസക്തി തീണ്ടിയ പഴയ അതേ ഉപമാനങ്ങളെ ശ്മശാനത്തിലെ എല്ലിന്‍തുണ്ടുകളിലേക്ക് കുടിയിരുത്തിക്കൊണ്ട് യൗവനത്തെയും ശരീരത്തെയും സംബന്ധിച്ച ഒരു കണ്ണുതുറപ്പിക്കല്‍ അദ്ദേഹം സാധിച്ചെടുക്കുകയായിരുന്നു.

എന്നാല്‍ സാഹിത്യത്തില്‍ ആശാന്‍ സാധിച്ചെടുത്ത ആ 'അധികതുംഗപദ'ത്തില്‍ നിന്ന് നമ്മള്‍ എത്രയോ പിന്നോട്ടു പോയി! നളിനി എന്നുകേട്ടാല്‍ ദിവാകരനെ നോക്കി വിരിഞ്ഞ മനസ്വിനിയായ ആ ആശാന്‍കഥാപാത്രത്തെയല്ല, നളിനി ജമീലയെയാണ് മലയാളി ഇന്ന് ഓര്‍മിക്കുക. ഹാ, കഷ്ടം!

മഹത്ത്വമുള്ള സാഹിത്യം ഏല്പിക്കുന്ന അതേ ആഘാതചികിത്സ ചിലപ്പോള്‍ ജീവിതത്തില്‍നിന്ന് നേരിട്ട് അസംസ്‌കൃത രൂപത്തിലും ലഭിക്കും. വീണ്ടും ജീവിതത്തില്‍നിന്ന് ഒരു നിമിഷം: കോഴിക്കോട്ടേക്കുള്ള എന്റെ ആദ്യയാത്രയിലാണെന്നാണോര്‍മ. തീവണ്ടിമുറിയില്‍ ഏതിരെയുള്ള ഇരിപ്പിടത്തില്‍ സുന്ദരികളായ മൂന്നോ നാലോ യുവതികള്‍ ഇരുന്നിരുന്നു. ഒരാളൊഴികെ മറ്റുള്ളവരെല്ലാം പര്‍ദ്ദ ധരിച്ചിരുന്നു. പര്‍ദ്ദയുടെ ഒരു ഗുണം ഞാന്‍ ആദ്യമായി മനസ്സിലാക്കുകയാണ്. അത് സ്ത്രീയുടെ ഏറ്റവും ഭംഗിയുള്ള രണ്ടവയവങ്ങളെ വെളിക്കു കാണിക്കും: കണ്ണുകളും കൈവിരലുകളും. ഞാനടക്കം അവര്‍ക്കെതിരെയിരിക്കുന്ന മൂന്നോ നാലോ യുവാക്കള്‍ കണ്ണിലും മുഖത്തും മാന്യതവരുത്തിക്കൊണ്ട് അവരുടെ സൗന്ദര്യം കുടിച്ചുകൊണ്ടിരിക്കുന്നു. സുന്ദരികളായി ജനിച്ചതിന്റെ അസ്വസ്ഥതകള്‍ നിറഞ്ഞ സുഖം യുവതികളും ആസ്വദിക്കുന്നുണ്ടെന്ന് എനിക്ക് തോന്നാന്‍ തുടങ്ങിയപ്പോഴാണ് വൃദ്ധയായ ഒരു ഭ്രാന്തി ഭിക്ഷയാചിച്ചുകൊണ്ട് ഞങ്ങള്‍ക്കിടയിലേക്ക് നൂണ്ടുകടന്നത്. വാര്‍ധക്യവും രോഗവും ഭ്രാന്തും കൂടിക്കലര്‍ന്ന് അവര്‍ ഒരു കരിയിലപോലെ വിറച്ചുകൊണ്ടിരുന്നു. മുഖാമുഖമിരിക്കുന്ന യൗവനത്തിന്റെ എതിര്‍ലിംഗങ്ങളെ അവര്‍ അര്‍ഥനയോടെ ആദ്യം നോക്കി; പിന്നെ അറപ്പോടെ. ഞങ്ങളില്‍ നിന്ന് അലിവോ പിച്ചക്കാശോ കിട്ടാനില്ലെന്നു ബോധ്യം വന്നപ്പോള്‍ പൊടുന്നനെ അവരുടെ ഭാവം മാറി. ആ യുവസുന്ദരികളെ ചൂണ്ടിക്കൊണ്ട് ഞങ്ങള്‍ യുവാക്കളോടായി അവര്‍ ഉറക്കെ ഒരു ദര്‍ശനം അവതരിപ്പിച്ചു. ഗ്രാമ്യഭാഷയില്‍ പച്ചത്തെറികളാല്‍ നിബിഡമായ ആ വാചകം ശുദ്ധമലയാളത്തിലേക്ക് ഞാന്‍ വിവര്‍ത്തനം ചെയ്യട്ടെ: 'മലവും മൂത്രവുമൊഴുക്കുന്ന ഈ ദ്വാരങ്ങളെ ധ്യാനിച്ചല്ലേ വങ്കന്മാരേ നിങ്ങളിങ്ങനെ സമയംപോക്കുന്നത്?'

യൗവനത്തില്‍നിന്നകന്ന് വാര്‍ധക്യത്തില്‍ നില്‍ക്കുമ്പോള്‍, മാംസാഘോഷങ്ങളില്‍നിന്നകന്ന് ദാരിദ്ര്യത്തിലും രോഗത്തിലും എത്തിപ്പെടുമ്പോള്‍, സദാചാരത്തിന്റെ കപടസമചിത്തതയില്‍നിന്നും രക്ഷപ്പെട്ട് ഭ്രാന്തില്‍ അഭയം പ്രാപിക്കുമ്പോള്‍, അപ്പോള്‍ മാത്രം, ഉറക്കെ ഉച്ചരിക്കുവാന്‍ ത്രാണികിട്ടുന്ന ആ വാചകത്തില്‍ നിറയെ ജീവിതാനുഭവത്തിന്റെ സത്യം തുളുമ്പിയിരുന്നു. അവര്‍ പോയിമറഞ്ഞിട്ടും അവരേല്പിച്ച ആഘാതം തീവണ്ടിയാത്രയുടെ ബാക്കി മണിക്കൂറുകളില്‍ ഞങ്ങള്‍ക്കിടയില്‍ തിരശ്ശീലപിടിച്ചു. ജീവിതത്തെക്കുറിച്ച് തിരിച്ചറിവുകിട്ടിയ വിവേകികളായി, നാട്യങ്ങള്‍ അഴിച്ചുകളഞ്ഞ പച്ചമനുഷ്യരായി ഞങ്ങള്‍ യാത്ര തുടര്‍ന്നു.
പക്ഷേ, ഒരു യാത്ര തീരുവോളം മാത്രം; അല്ലെങ്കില്‍ ഒരു ഖണ്ഡകാവ്യം തീരുവോളം മാത്രം. വീണ്ടും നാം നമ്മിലേക്കുതന്നെ തിരിച്ചുവരുന്നു. ശരീരം വീണ്ടും നമ്മെ വിളിക്കുന്നു.

ജുഹു ബീച്ചിനപ്പുറം, നടന്‍ ഷാരൂഖ് ഖാനും മറ്റും വീടുവെച്ച് താമസിക്കുന്ന സമ്പന്നരുടെ കോളനിയിലൂടെ കാറ് നീങ്ങുകയാണ്. നല്ലവനായ ആതിഥേയന്റെ സ്വീകരണമുറിയില്‍ ഒരുക്കിയിരുന്ന ചെറിയ ബാറിന് എതിര്‍വശത്തായി ഞാനൊരു ചെണ്ട കണ്ടു. അലങ്കാരവസ്തുവായി ഒരു പീഠത്തിലിരിക്കുന്ന മിണ്ടാപ്രാണി. നാട്ടില്‍ നിന്ന് മുംബൈയില്‍ മേളത്തിനു വന്ന ഒരു വാദ്യകലാകാരനില്‍ നിന്ന് ഇരട്ടി വിലയ്ക്ക് വാങ്ങി താനത് ഇവിടെ സ്ഥാപിച്ചതാണെന്ന് വീട്ടുടമ അഭിമാനത്തോടെ പറഞ്ഞു. ഇരട്ടി വില കിട്ടിയപ്പോള്‍ തന്റെ സര്‍ഗമാധ്യമത്തെ സന്തോഷത്തോടെ കൊടുത്തിട്ട് നിറഞ്ഞ കീശയും ഒഴിഞ്ഞ ചുമലുമായി മടങ്ങിയ ആ കലാകാരന്‍ നമ്മുടെ കാലഘട്ടത്തിലെ ഒരു യുവാവായിരിക്കുമെന്ന് ഞാനൂഹിച്ചു. കലയിലെയും സാഹിത്യത്തിലെയും പുതിയ തലമുറയുടെ ശരിയായ പ്രതിനിധിയാണ് അയാള്‍. സമ്പന്നന്റെ സ്വീകരണമുറിയില്‍, മദ്യക്കുപ്പികള്‍ക്കിപ്പുറത്ത്, തന്നോളം പോന്ന ഉള്ളിലെ ശൂന്യതയില്‍, കൊട്ടാതെപോയ മേളങ്ങള്‍ ധ്യാനിച്ചിരിക്കുന്ന ആ ചെണ്ടയോ? പാവം; വാര്‍ധക്യമേശാത്ത എക്കാലത്തേക്കുമുള്ള ഒരു നിശ്ശബ്ദ യൗവനത്തില്‍ അതും കുടുങ്ങിപ്പോയിരിക്കുന്നു.

മുംബൈയിലെ സാഹിത്യചര്‍ച്ചയുടെ അവസാന ദിവസം എനിക്ക് കലശലായ പനി തുടങ്ങി. ഒരു മലയാളിയെഴുത്തുകാരനെയല്ല, ഒരു മലയാളിയുവാവിന്റെ മാംസത്തെയാണ് പനി പിടികൂടിയിരിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. മാംസം നാള്‍ തോറം മുറ്റിത്തഴയ്ക്കുകയും മനസ്സ് ഒരിഞ്ചുപോലും വളരാതിരിക്കുകയും ചെയ്യുമ്പോള്‍ പൊട്ടിപ്പുറപ്പെടുന്ന കൊടുംചൂട്. അന്ന് രാത്രിയിലെ ദുഃസ്വപ്‌നങ്ങളില്‍ ചരിത്രത്തില്‍ നിന്ന് നൂറുകണക്കിന് ഓജസ്വികളായ യുവതീയുവാക്കള്‍ എനിക്ക് നേരെ പടനയിച്ചുവന്നു. ഉള്ളിലെ യൗവനയുദ്ധങ്ങളില്‍ കാമിയെ ജയിച്ച ഋഷികള്‍. ഈ ഭൂമിയെ ഇന്നു കാണുന്ന വിധം പ്രഭാപൂരിതമാക്കിയ പ്രതിഭാശാലികള്‍. തീര്‍ച്ചയായും സ്വന്തം ജീവിതഘട്ടങ്ങളില്‍ ഉടലിന്റെ ഉടമ്പടികളില്‍ അവര്‍ക്കും ഒപ്പുവെക്കേണ്ടിയിരുന്നു. എന്നാല്‍ സര്‍ഗസ്രഷ്ടാക്കള്‍ക്ക് അനിവാര്യമായ ഏകാന്തതയില്‍ അവര്‍ മനുഷ്യാവസ്ഥയെക്കുറിച്ച് ആഴത്തില്‍ ധ്യാനിച്ചു. സൗന്ദര്യത്തിലെ വൈരൂപ്യത്തെപ്പറ്റിയും വൈരൂപ്യത്തിന്റെ സൗന്ദര്യത്തെപ്പറ്റിയും അറിഞ്ഞു. യൗവനത്തിന്റെ മാംസക്കടയിലും ജീവിതസത്യത്തിന്റെ പീഠം വലിച്ചിട്ടിരുന്ന് എഴുതി, വരച്ചു, ശില്പങ്ങള്‍ കൊത്തി. പിന്നെ പാടി, പന്തുകളിച്ചു, മനുഷ്യകുലത്തിനു മുഴുവനും വേണ്ടി വേദനിച്ചു. ഇണയുടെ യൗവനകാന്തിയെപ്പറ്റി പറഞ്ഞപ്പോള്‍ ഗൂഢമായി മന്ദഹസിച്ചു. ഭംഗിയുള്ള ഒരു മത്സ്യം, അല്ലെങ്കില്‍ വസന്തര്‍ത്തുവില്‍ പൂത്തുവിടര്‍ന്ന മനോഹരമായ ഒരു പുഷ്പം-അത്രയും പ്രാധാന്യമേ മനുഷ്യന്റെ സൗന്ദര്യത്തിനും കൊടുക്കേണ്ടതുള്ളു എന്ന് പറഞ്ഞുതന്നു. ചൂണ്ടക്കൊളുത്തിന്റെ വളവ് അതില്‍ക്കൊരുത്ത മണ്ണിരയ്ക്കും വടിവു നല്കുന്നു. അതുകണ്ട് കൊതിക്കാതെ! അവര്‍ പറഞ്ഞു.

ഞാന്‍ പുതിയ കാലത്തിന്റെ പ്രയാസങ്ങളെപ്പറ്റി പറഞ്ഞു. മാംസം എന്റെ യൗവനത്തെ വേട്ടയാടുന്നു, ഉള്ളില്‍നിന്നുള്ള വെളിച്ചങ്ങളെ അടച്ചുകളയുന്നു എന്നു കരഞ്ഞു. എന്നെ മാത്രമല്ല, ഞങ്ങളെ എന്ന്. മാതൃകയാക്കുവാന്‍ ഒരു പുരുഷനില്ലാതെ, ആദരവോടെ നോക്കാന്‍ ഒരു സ്ത്രീയില്ലാതെ ഞങ്ങള്‍ ഉഴലുകയാണെന്നു പറഞ്ഞു. മഹാരഥികളായ പൂര്‍വഗാമികളുടെ ഇങ്ങേയറ്റത്ത് ഞങ്ങളുടെ പേരെഴുതിക്കാണുമ്പോഴുള്ള ചളിപ്പിനെപ്പറ്റി പറഞ്ഞു. അമ്മയെപ്പറ്റിയുള്ള ഓര്‍മയുണര്‍ത്തുന്ന പൊക്കിളുകള്‍ കാണുമ്പോള്‍ കാമമുണരുന്ന പുതിയ കാലത്തിന്റെ അവിവേകത്തെപ്പറ്റി, ഇത്തിരിയില്ലാത്ത ഞങ്ങളെ മറ്റുള്ളവര്‍ പെരുപ്പിച്ചുകാണിക്കുമ്പോള്‍ അതൊക്കെ ശരിയാണെന്ന മട്ടില്‍ ആടുന്ന സ്വന്തം തലകളെപ്പറ്റി, ഏതു മഹാപ്രതിഭയോടും മതിപ്പുതോന്നാതെ ചുളിഞ്ഞേ ഇരിക്കുന്ന ഞങ്ങളുടെ നെറികളെയും നെറ്റികളെയും പറ്റി, കാലത്തിനു വിളക്കാവുന്ന ഒരു സൃഷ്ടി സാധ്യമല്ലാതെ ഞങ്ങള്‍ ഉഴലുന്നതിനെപ്പറ്റി...

അവര്‍ ചിരിച്ചു-പരിഹസിച്ചുതന്നെ. ദുഃസ്വപ്‌നം അവസാനിപ്പിച്ച് മടങ്ങും മുന്‍പ് യുവാക്കളായ ആ മനീഷികള്‍ പറഞ്ഞു: 'ഉള്ളിലേക്കു നോക്കുക, ഉള്ളിലേക്കു നോക്കിക്കൊണ്ടേ ഇരിക്കുക.'
ഞാന്‍ ഉള്ളിലേക്കു നോക്കുന്നു: നുരയുന്ന മാലിന്യങ്ങള്‍ മാത്രം കാണുന്നു. കാമത്തോടൊപ്പം പല നിറങ്ങളിലുള്ള ആസക്തികള്‍, പരനിന്ദ, കുശുമ്പ്, കാതലില്ലായ്മ, അജ്ഞത, ഊച്ചാളിത്തം, ഇരുട്ട്... എല്ലാം കിടന്ന് ലാവപോലെ നുരച്ചു തിളയ്ക്കുന്നതും കാണുന്നു.

മുംബൈയില്‍നിന്ന് പോരും മുന്‍പ് സംഘാടകര്‍ ചേര്‍ന്ന് എന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. എന്റെ മേലാസകലം കുരുക്കള്‍ പൊന്തുവാന്‍ തുടങ്ങിയിരുന്നു. കിഴക്കേ ചെമ്പൂരിലെ മലയാളിയായ ഡോക്ടര്‍-വൃദ്ധന്‍തന്നെ-എന്റെ ശരീരത്തിലെയും മുഖത്തെയും പഴുത്ത കുരുക്കള്‍ നോക്കി പറഞ്ഞു: 'ചിക്കന്‍ പോക്‌സാണ്. മാംസം വര്‍ജിക്കണം. ഉള്ളു തണുക്കാന്‍ പഴങ്ങള്‍ കഴിക്കണം. ശാന്തമായി വിശ്രമിക്കണം.'
ചിക്കന്‍പോക്‌സ്! വൈദ്യശാസ്ത്രം അതിനെ ഏതുപേരിലും വിളിക്കട്ടെ. ഉള്ളില്‍നിന്ന് പരുക്കളായി പുറത്തേക്കു വമിഞ്ഞു പൊന്തുന്ന ഈ പഴുപ്പ് എന്താണെന്ന് എനിക്കറിയാം. അതിന് കാരണമെന്തെന്നും അറിയാം. എന്നാല്‍ ഈ കലഘട്ടത്തിലെ യൗവനങ്ങള്‍ക്കായി ഇതിനെ ശരീരത്തില്‍ സഹിക്കാന്‍ എനിക്കിനിയും പഠിക്കേണ്ടിയിരിക്കുന്നു.

( കാണുന്നനേരത്ത് എന്ന പുസ്തകത്തില്‍ നിന്ന്)

കാണുന്നനേരത്ത് വാങ്ങാം
സുഭാഷ് ചന്ദ്രന്റെ മറ്റ് പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക് ചെയ്യുക