കളിപ്പാട്ടങ്ങള്‍


കൊച്ചുകുട്ടികളുടെ പൊട്ടിച്ചിരിശബ്ദം കേട്ടുകൊണ്ടാണ് പാരിസ് നഗരത്തില്‍ പുതുവര്‍ഷം പിറവിയെടുക്കുന്നത്. അവരുടെ മുഖത്തിന്റെ അരുണാഭയാണ് പുതുവര്‍ഷത്തിന്റെ നിറപ്പകിട്ട് എന്നെനിക്കു തോന്നിയിട്ടുണ്ട്. മനസ്സിലെ ആനന്ദമാണ് അവരുടെ കണ്ണുകളുടെ തിളക്കം. അതിന്റെ പ്രകാശമാണ് കവിളത്തെ ശോഭ. കളിപ്പാട്ടങ്ങളുടെ മായികപ്രപഞ്ചങ്ങളില്‍ മതിമറന്നുല്ലസിക്കുന്ന അവരാണ് പുതുവര്‍ഷത്തിന്റെ തിരശ്ശീലകള്‍ ഉയര്‍ത്തുന്നതും കാലത്തിന്റെ കലണ്ടറുകള്‍ ഓരോ വര്‍ഷവും മറിച്ചിടുന്നതും.

കളിപ്പാട്ടങ്ങളെ നോക്കൂ. അവ നമ്മുടെതന്നെ പരിച്ഛേദങ്ങളല്ലേ? മനുഷ്യവര്‍ഗത്തിന്റെ ശാശ്വതപരിണാമങ്ങള്‍, കളിപ്പാട്ടങ്ങള്‍ക്കും കുറെയൊക്കെ ബാധകമാണെന്നാണ് എനിക്കു തോന്നാറുള്ളത്. നിലനില്പിന്റെ പോരാട്ടങ്ങളിലും ഈ സമാനത കാണാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. രൂപങ്ങള്‍ക്കും ഭാവങ്ങള്‍ക്കുമൊക്കെ മനുഷ്യായുസ്സിന്റെ ദൈര്‍ഘ്യം മാത്രമേയുള്ളൂ. ശക്തവും ദൃഢവുമായത് നിലനില്ക്കും. അല്ലാത്തവ കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകുകയും ചെയ്യും.
പാവകള്‍ ആദ്യത്തെ ഗണത്തില്‍പ്പെടുന്നവയാണ്. കാലക്രമത്തില്‍ അവയുടെ രൂപത്തിലും ഘടനയിലും വന്നിട്ടുള്ള മാറ്റങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ അവയുടെ ആശയം യുഗങ്ങള്‍ പഴക്കമുള്ളവതന്നെയാണ്. പാവകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. റോമിലെ കുഞ്ഞുങ്ങളുടെ ശവകുടീരങ്ങളില്‍ അവ കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇനിയൊരായിരം സംവത്സരങ്ങള്‍ കഴിഞ്ഞ് ഭൂമി കുഴിക്കുന്നവരും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ള ഈ കളിപ്പാട്ടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുമെന്നതും ഉറപ്പായ സംഗതിയാണ്. പോംപെയിലെയും ഹെര്‍ക്കുലേനിയത്തിലെയും കുഞ്ഞുങ്ങള്‍ എന്നെയും നിങ്ങളെയും പോലെ വളയവും ഉരുട്ടിക്കൊണ്ട് നടന്നവര്‍തന്നെയാണ്. കുട്ടിക്കാലത്ത് നമ്മളൊക്കെ പുറത്തുകയറിക്കളിച്ച കുതിരകള്‍ ഫ്രാന്‍സിസ് ഒന്നാമന്റെ കാലത്തെ കുട്ടികള്‍ കളിച്ചവയുടെ നേര്‍പ്പതിപ്പുകള്‍തന്നെയല്ലേ എന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ?

കാലത്തെ അതിജീവിച്ച മറ്റൊരു കളിപ്പാട്ടം ചെണ്ടയാണ്. നൂറ്റാണ്ടുകളോളം ക്രിസ്മസിനെയും പുതുവര്‍ഷത്തെയും വരവേറ്റത് തെരുവുകളിലെ ചെണ്ടകൊട്ടിന്റെ ശബ്ദങ്ങളായിരുന്നു. കുട്ടികളും, അവര്‍ക്ക് കൊട്ടാന്‍ കോലുകളും ഉള്ളിടത്തോളം കാലം ഇത് തുടരുമെന്നും മുതിര്‍ന്നവരുടെ ചെവിക്കല്ല് ഈ ശബ്ദകോലാഹലങ്ങളില്‍ ഇളകിപ്പോകുമെന്നതും ഉറപ്പാണ്.

ടിന്‍-സോള്‍ജര്‍ കളിപ്പാട്ടങ്ങള്‍ക്ക് അവസാനമുണ്ടാകും എന്ന് തോന്നുന്നതേയില്ല. ഈ ലോകത്തെ അവസാനത്തെ പട്ടാളക്കാരനും ഇല്ലാതാകുന്ന കാലംവരെ സൈനികന്റെ പ്രതിരൂപങ്ങളായ ഈ കളിപ്പാട്ടങ്ങള്‍ ലോകത്ത് നിലനില്ക്കുകതന്നെ ചെയ്യും. സമാധാനം എന്നത് ഈ ഭൂമുഖത്ത് ഉണ്ടാവാനിടയില്ലാത്ത ഒരു പ്രതിഭാസമാണെന്നതിനാല്‍ ടിന്‍-സോള്‍ജര്‍ കളിപ്പാട്ടങ്ങള്‍ക്ക് മരണമുണ്ടാവില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.

വാളുകളുടെ രൂപമുള്ള ടോയ്-സ്വോര്‍ഡുകള്‍ക്കും അവസാനമുണ്ടാവാന്‍ ഇടയില്ല. അതുതന്നെയാണ് കൂമ്പന്‍തൊപ്പിയും തിളങ്ങുന്ന വസ്ത്രങ്ങളുമണിഞ്ഞു നില്ക്കുന്ന വിദൂഷകവേഷങ്ങളുടെ അവസ്ഥയും. ഈ ലോകത്ത് വിഡ്ഢികള്‍ക്ക് പഞ്ഞമുണ്ടാകുന്ന കാലത്തു മാത്രമേ വിദൂഷകപ്പാവകള്‍ അപ്രത്യക്ഷമാകൂ. സ്വര്‍ണവര്‍ണത്തിലുള്ള മേലങ്കികളണിഞ്ഞ് വാളുമായി നില്ക്കുന്ന യോദ്ധാക്കളും സാറ്റിന്‍ ഷൂസ് ധരിച്ച ചുരുളന്‍മുടികളോടുകൂടിയ രാജകുമാരിമാരും കപ്പടാമീശയുള്ള കടല്‍ക്കൊള്ളക്കാരുമൊക്കെ കാലത്തെ അതിജീവിച്ച കളിപ്പാട്ടങ്ങള്‍തന്നെ. ജാപ്പനീസ് കളിപ്പാവകള്‍ താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവയാണ്. ശോഭനമായ ഭാവിയാണ് അവയ്ക്കുള്ളത് എന്ന് ഇപ്പോള്‍ത്തന്നെ എനിക്ക് പ്രവചിക്കാന്‍ സാധിക്കും.

അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കളിപ്പാട്ടങ്ങളില്‍ പ്രധാനം സന്ന്യാസിമാരും ദുര്‍ഭൂതങ്ങളും രാജാക്കന്മാരുമാണെന്ന് തോന്നുന്നു-അതൊരു ദുര്‍ലക്ഷണമാണെന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു. രാജാക്കന്മാരുടെ കാര്യം തന്നെയെടുക്കാം. കളിപ്പാട്ടങ്ങളുടെ സമൂഹത്തില്‍നിന്നും ഇവ വളരെ വേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നാണ് ഈ മേഖലയില്‍ ഞാന്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമാകുന്നത്. ഒരുപക്ഷേ, അതിന്റെ കാരണങ്ങളും എനിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ അത്രമാത്രം ഈ മേഖലയില്‍ വ്യാപരിക്കുകയും ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നുമാത്രം എന്നോട് ചോദിക്കരുത്. ഒരു പ്രസ്താവനയും മറ്റൊരാളെ വേദനിപ്പിക്കുന്നതാവരുത് എന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് ഞാന്‍ അതിന്റെ വിശദാംശങ്ങളിലേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കാത്തത്. അല്പം വേദനിപ്പിക്കുന്ന ഒരു വിഷയമാണ് എന്നു മാത്രം മനസ്സിലാക്കുക.

ദുര്‍ഭൂതങ്ങള്‍ അപ്രത്യക്ഷരാവാന്‍ തുടങ്ങിയത് കാട്ടിലൂടെ ചീറിപ്പായുന്ന ആവിയന്ത്രങ്ങളുടെ വരവോടെയാണ്. അതൊടെ അവ ചിത്രപുസ്തകങ്ങളിലും യക്ഷിക്കഥകളിലുമായി അഭയം പ്രാപിച്ചിരിക്കുന്നു.പെട്ടി തുറന്നാല്‍ കുതിച്ചു ചാടുന്ന അവയുടെ പഴയ ഊര്‍ജസ്വലതയൊക്കെ കൈമോശം വന്നിരിക്കുന്നു. പണ്ടത്തെപ്പോലെ ഭയപ്പെടുത്തി ബഹുമാനം പിടിച്ചുപറ്റാനുള്ള കഴിവും നഷ്ടപ്പെട്ടിരിക്കുന്നു.പൊയ്‌പോയ പ്രതാപം വീണ്ടെടുക്കാനാവാതെ അവയെല്ലാം സ്വാഭാവികമരണം കാത്തുകിടക്കുകയാണ്. ഒന്നോ രണ്ടോ തലമുറകള്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന വെറ്റ്-നേഴ്‌സുമാരും പോറ്റമ്മമാരുമൊക്കെ ഊര്‍ജതന്ത്രം പഠിക്കുന്ന ഒരു കാലം വരും. അതോടെ ദുര്‍ഭൂതങ്ങളും പെട്ടിക്കകത്തെ കുറുക്കനുമെല്ലാം ഇവിടത്തെ പൊറുതി അവസാനിപ്പിച്ച് പോയിട്ടുണ്ടാവും. ആ ദിനങ്ങളെയോര്‍ത്ത് ഇന്ന് ഞാന്‍ പരിതപിക്കുന്നു.

ഒരു ജനതയുടെ സ്വത്വം പലപ്പോഴും പ്രതിഫലിക്കുന്നത് കളിപ്പാട്ടങ്ങളിലാണ്. അഥവാ, അവ പുറംലോകത്തെ അറിയിക്കുന്നതില്‍ കളിപ്പാട്ടങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഒരു സംസ്‌കാരം ആദ്യം രേഖപ്പെടുത്തുന്നത് കൊച്ചുകുട്ടികള്‍ക്കായി രചിക്കപ്പെടുന്ന പുസ്തകങ്ങളിലാണ്. നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടം ശാസ്ത്രാന്വേഷണങ്ങളുടേതു മാത്രമായിട്ട് ഒതുങ്ങിപ്പോകുകയാണെന്ന് തോന്നുന്നു. നമ്മുടെ കുട്ടികള്‍ സ്വപ്‌നം കാണാറുണ്ടോ എന്നുപോലും എനിക്കു സംശയമാണ്. അവരുടെ ചിന്തകളൊക്കെ മുന്‍തലമുറകളുടെതില്‍നിന്നും വളരെ വിഭിന്നമാണ്. ടോം തമ്പിന് കാട്ടില്‍ വഴിതെറ്റിയാലും അവര്‍ക്കൊന്നും തോന്നുകയില്ല. പാവം, റോബിന്‍സണ്‍ ക്രൂസോ - ദ്വീപില്‍ അയാള്‍ക്ക് സഹായിയായിട്ട് ആട്ടിന്‍കുട്ടിയും ഫ്രൈഡേയും മാത്രമേ ഇപ്പോള്‍ കാണൂ. ഇവരൊക്കെ ഒരുകാലത്ത് കുഞ്ഞുമനസ്സുകളില്‍ നിറഞ്ഞുനിന്ന വേദനകളും ഉദ്വേഗങ്ങളുമായിരുന്നു. ഇന്നത് എണ്‍പതു ദിവസത്തില്‍ ലോകം ചുറ്റുന്ന ഫീലിയസ് ഫോഗ്ഗിനെക്കുറിച്ചുള്ള ആകാംക്ഷകളായി മാറിയിരിക്കുന്നു. സെക്കന്‍ഡില്‍ ഇത്ര നാഴിക ദൂരം സഞ്ചരിച്ചാല്‍ എത്ര സമയംകൊണ്ട് ചന്ദ്രനിലെത്താം എന്ന് കുഞ്ഞുഭാവനകള്‍ മനക്കണക്കുകള്‍ കൂട്ടുന്നു. ഒരു മാറാപ്പ് നിറയെ ഭൗതികശാസ്ത്രവുംകൊണ്ട് പാഞ്ഞുനടക്കുന്ന ബാല്യങ്ങള്‍.

കുഞ്ഞ് എഡിസന്മാരാണ് എല്ലായിടത്തും. നേഴ്‌സറി സ്‌കൂളിലെ ലബോറട്ടറിയില്‍ അവര്‍ ഒരു ചെറുപ്രാണിയെപ്പിടിച്ച് ഒരു പാത്രംകൊണ്ടടച്ച് ബോധം കെടുത്താനുള്ള പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുന്നതു കാണാം. അല്ലെങ്കില്‍ ഒരു ടെലിഫോണ്‍ ഉണ്ടാക്കി കുഞ്ഞുപെങ്ങളോട് അതിലൂടെ സംസാരിക്കുന്നുണ്ടാകും. എന്റെ ബാല്യത്തില്‍ എനിക്കറിയാമായിരുന്ന ഏറ്റവും വലിയ കാര്യം ടിന്‍-സോള്‍ജര്‍മാരെ നിരത്തിവെച്ച് ഒരു യുദ്ധക്കളം ഉണ്ടാക്കലോ അതിനു ചുറ്റും ഒരു കോട്ട നിര്‍മിക്കലോ ഒക്കെയായിരുന്നു; ശാസ്ത്രാന്വേഷണമെന്നത് പഴയ ചില കളിപ്പാട്ടങ്ങളില്‍ നടത്താറുള്ള രക്തരഹിതമായ സര്‍ജറികളും. അകത്തെന്തൊക്കെയാണ് നടക്കുന്നത് എന്നൊന്ന് അറിയണം, അത്രയേയുള്ളൂ ശാസ്ത്രകൗതുകങ്ങള്‍.

ഒരു പത്തു വര്‍ഷം മുന്‍പുവരെ കളിപ്പാട്ടങ്ങളുടെ ലോകത്ത് ശാസ്ത്രത്തിനൊരു സ്ഥാനവുമുണ്ടായിരുന്നില്ല. ഇന്നത്തെ വിപണിയില്‍ സാങ്കേതികമായ അറിവുകളുടെ അടിത്തറയില്‍ നിര്‍മിച്ച കളിപ്പാട്ടങ്ങള്‍ക്കു മാത്രമേ ആവശ്യക്കാരുള്ളൂ എന്ന സ്ഥിതിയായിട്ടുണ്ടത്രേ. കുട്ടികളുടെ വിദ്യാഭ്യാസപദ്ധതികളും അതില്‍ മതിമയങ്ങി നില്ക്കുന്ന രക്ഷിതാക്കളുമാണ് ഈ മാറ്റത്തിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചിട്ടുള്ളത്. കുഞ്ഞുങ്ങളുടെ വിജ്ഞാനം വളരെയേറെ വര്‍ധിച്ചിട്ടുണ്ട് എന്നതു സത്യംതന്നെ. അതുമാത്രം മതിയോ? അവരുടെ ഭാവനയുടെ സ്ഥിതി എന്താണ്? ചെറിയൊരു ക്രിസ്മസ് സമ്മാനം കൊടുക്കുന്നതില്‍പ്പോലും ഊര്‍ജതന്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും പാഠങ്ങള്‍ എന്തിനാണ്? ഇതൊക്കെ അവരെ എങ്ങോട്ടാണ് നയിക്കുക? കൃത്രിമമായ ഒരു വിജ്ഞാനദാഹമാണ് എവിടെ നോക്കിയാലും. അല്പംപോലും കാല്പനികതയില്ലാത്ത ഈ വരണ്ട മനസ്സുകള്‍ ആരെയും ആശങ്കപ്പെടുത്തുന്നില്ലേ? ഒരു ഭാവനാലോകത്തിന്റെ സ്ഫുരണങ്ങള്‍ നല്കുന്ന എന്തെങ്കിലുമൊന്ന് ആ മനസ്സുകളില്‍ ഉണ്ടാവേണ്ടേ? അല്ലാതെ എങ്ങനെയാണ് അവരില്‍ പുതിയ ചിന്തകള്‍ നാമ്പെടുക്കുക?

എന്റെ ആശങ്കകളൊക്കെ ഒരുപക്ഷേ, അസ്ഥാനത്താവാം. എങ്കിലും ഒരു കാര്യം സത്യമാണ്. നേഴ്‌സറികളിലും മറ്റും ഉയര്‍ന്നുകേള്‍ക്കാറുള്ള പൊട്ടിച്ചിരികള്‍ ഈയിടെയായിട്ട് കേള്‍ക്കാനേയില്ല. കുട്ടികളുടെ മുഖത്തൊക്കെ ഒരുതരം ഗൗരവമാണ് സ്ഥായിയായിട്ട് കാണുന്നത്. അതിലൊക്കെ എനിക്ക് ആശങ്കയുണ്ട്. ഞാന്‍ ഒരിക്കലും ഇത്തരം കളിപ്പാട്ടങ്ങള്‍ വാങ്ങാറില്ല. എനിക്ക് പരിചയമുള്ള ഒരു കുട്ടിക്കും ഇന്നുവരെ കൊടുത്തിട്ടുമില്ല.

രാഷ്ട്രീയനേതാക്കളുടെ രൂപം ആവാഹിച്ച കളിപ്പാട്ടങ്ങളാണ് ഈ മേഖലയിലെ മറ്റൊരു പുതുമ. ചോരച്ച ഉണ്ടക്കണ്ണുകളുരുട്ടി മിഴിച്ചു നില്ക്കുന്ന ബിസ്മാര്‍ക്കുമാര്‍മുതല്‍ എല്ലാവര്‍ക്കും കളിപ്പാട്ടപ്പതിപ്പുകളുണ്ട്. ടോണ്‍ക്വിനിലെ നിധിയെപ്പറ്റി നമുക്കൊന്നും വലിയ ധാരണകളില്ല. പക്ഷേ, എത്രയോ മുന്‍പു തന്നെ നാം ടോണ്‍ക്വിനോസിനെക്കുറിച്ചും ജൂള്‍സ് ഫെറിയുടേതുപോലെയുള്ള അയാളുടെ നീണ്ട മൂക്കിനെക്കുറിച്ചുമൊക്കെ മനസ്സിലാക്കിയിരിക്കുന്നു!

ഒറ്റനോട്ടത്തില്‍ കളിപ്പാട്ടങ്ങളിലെ രാഷ്ട്രീയം എന്നത് ഇങ്ങനെയുള്ള സദൃശരൂപങ്ങളില്‍ മാത്രം ഒതുങ്ങിനിന്നേക്കാമെങ്കിലും അതിന്റെ ആന്തരികയാഥാര്‍ഥ്യങ്ങള്‍ കുറെക്കൂടി വിപുലമായ ചര്‍ച്ചയും പരിഗണനയും ആവശ്യപ്പെടുന്ന ഒരു വിഷയമാണ്. കളിപ്പാട്ടങ്ങളിലെ രാഷ്ട്രീയവിപ്ലവം അഥവാ അവയുടെ രാഷ്ട്രീയവത്കരണം ഏറ്റവും പ്രാധാന്യമുള്ള ഒരു സാമൂഹികവിഷയമായിട്ടാണ് ഞാന്‍ കരുതുന്നത്. അതുസംബന്ധിച്ച് ചെറിയൊരു വിശദീകരണം ആവശ്യമാണെന്നാണ് എനിക്കു തോന്നുന്നത്.
ബൃഹത്തായ ഒരു വിഷയമാണിത്. ഒരുപക്ഷേ, ആരും അത്ര ഗൗരവത്തോടെ കാണാന്‍ ശ്രമിച്ചിട്ടില്ലാത്തതും. രാഷ്ട്രീയമായ മാറ്റങ്ങളും കൊടുങ്കാറ്റുകളും നമ്മുടെ സാമാന്യസമൂഹത്തില്‍ ഏതു വിധത്തിലാണോ പ്രതിഫലിക്കുന്നത് അതില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല കളിപ്പാട്ടങ്ങളുടെ കാര്യങ്ങള്‍. സത്യത്തില്‍ ഇങ്ങനെയൊരു വിഷയത്തെക്കുറിച്ച് പ്രതിപാദിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്കു മുന്‍പിലുള്ള സാധ്യതകള്‍ വളരെ വലുതാണ്. ഒരുപക്ഷേ, ഇതുപോലുള്ള ചെറിയ ലേഖനങ്ങളിലൊന്നും അത് ഒതുങ്ങാനിടയില്ല എന്നതിനാല്‍ ഞാന്‍ എന്റെ പരിധി 1870നു ശേഷമുള്ള ഫ്രഞ്ച് കളിപ്പാട്ടരാഷ്ട്രീയം എന്ന താരതമ്യേന ചെറിയ ഒരു വിഷയത്തിലേക്ക് ഒതുക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.

ജര്‍മനിയും ഫ്രാന്‍സും തമ്മിലുള്ള യുദ്ധം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞെങ്കിലും അതിന്റെ ധ്വനികള്‍ ഇന്നും കളിപ്പാട്ടങ്ങളില്‍ സജീവമാണ്. എഴുപതില്‍ മുഴങ്ങിക്കേട്ട ആയുധങ്ങളുടെ ശബ്ദങ്ങളൊക്കെ മനുഷ്യമനസ്സുകളില്‍നിന്നും മാഞ്ഞുപോയെങ്കിലും കുട്ടിപ്പട്ടാളം ഇപ്പോഴും യുദ്ധം തുടരുകതന്നെയാണ്. ഓരോ ക്രിസ്മസിനും ഈ പടയാളികളും പടനായകന്മാരും പുറത്തു വന്നുകൊണ്ടേയിരിക്കുന്നു. പുതിയ വേഷത്തിലും ഭാവത്തിലും. ജര്‍മനിയിലെ കളിപ്പാട്ടക്കമ്പനികള്‍ പുറത്തിറക്കുന്ന ബിസ്മാര്‍ക്കുമാരും മോള്‍ക്കെമാരും ഇന്നും യുദ്ധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പാരിസിലെ കളിപ്പാട്ടങ്ങളുമായാണ് അവരുടെ യുദ്ധം എന്നൊരു വ്യത്യാസം മാത്രമേ ഉള്ളൂ.

വിലകുറഞ്ഞ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് യുദ്ധം ജയിച്ച ജര്‍മനിയുടെ മുന്നേറ്റങ്ങള്‍ ഇന്നും തുടരുകതന്നെ ചെയ്യുന്നു. വര്‍ഷംതോറും വന്നിറങ്ങുന്ന മര ഉരുപ്പടികളുടെ ആധിക്യം സെന്റ്ക്ലൗഡിലെയും വോഗസിലെയുമൊക്കെ പാവം മരപ്പണിക്കാരുടെ നിലനില്പിനെത്തന്നെ ബാധിക്കുന്നു. ഹാംബര്‍ഗില്‍നിന്നും നൂറംബര്‍ഗില്‍നിന്നും ബെര്‍ലിനില്‍നിന്നുംഅതിര്‍ത്തികടന്നെത്തുന്ന കളിപ്പാട്ടങ്ങളോട് എതിരിട്ട് വിപണിയില്‍ പിടിച്ചുനില്ക്കാന്‍ ഫ്രാന്‍സില്‍നിര്‍മിക്കപ്പെട്ട ഒന്നിനുപോലുമാവുന്നില്ല. ഹെല്‍മറ്റ് ധരിച്ച ആയിരക്കണക്കിനു പ്രഷ്യന്‍ കുട്ടിപ്പടയാളികള്‍ ഓരോ ക്രിസ്മസിനും റൈന്‍ നദി കടന്ന് ഇക്കരെയെത്തുമ്പോള്‍ ഇവിടത്തെ ആഭ്യന്തര വ്യാപാരരംഗം അക്ഷരാര്‍ഥത്തില്‍ത്തന്നെ മിഴിച്ചുനില്ക്കുകയാണ്. അവരോട് മത്സരിക്കാന്‍ പോയിട്ട് സ്വയം നിലനില്ക്കാന്‍ പോലും മിക്കവര്‍ക്കും സാധിക്കുന്നില്ല.

ഒരു ഉദാഹരണം എടുക്കാം. മൂന്നര ഫ്രാങ്ക് വിലയുള്ള കുറെയേറെ കളിപ്പാട്ടങ്ങള്‍ ഈ രാജ്യത്തു നിര്‍മിക്കപ്പെടുന്നുണ്ട്. സീബെന്‍ബെര്‍ഗനും ടൈറണും പോലുള്ള കമ്പനികള്‍ ലോഡുകണക്കിനു പശുക്കളെയും ആടുകളെയും എന്നുവേണ്ട, എല്ലാത്തരം കളിപ്പാട്ടങ്ങളും ഈ വിലയ്ക്കു നല്കാന്‍ തയ്യാറുണ്ട്. കടകളില്‍ ഇവ സുലഭമായിട്ട് ലഭിക്കുകയും ചെയ്യും. നിലവാരക്കുറവുള്ള നിര്‍മാണമൊന്നുമല്ല ഇവയുടെത്. അത്യാവശ്യത്തിനു വൈവിധ്യവുമുണ്ട്. അതേസമയം ഹാംബര്‍ഗില്‍നിന്നും വരുന്ന ഇതേ വിലയ്ക്കുള്ള കളിപ്പാട്ടങ്ങള്‍ ഒറ്റ നോട്ടത്തില്‍ മികച്ചതാണെന്ന് തോന്നിപ്പോകും. സ്ഫടികക്കണ്ണുകളും ചുരുണ്ട മുടിയും ഒരു സെറ്റ് വസ്ത്രങ്ങളുമൊക്കെ കാണുമ്പോള്‍ സാധാരണക്കാരന്‍ അതിന്റെ പകിട്ടില്‍ മയങ്ങിപ്പോകുന്നു. സ്വദേശിയായ ഒരു പാവയ്ക്കു ചമയത്തിനുതന്നെ ഇതിന്റെ ഇരട്ടിയോളം വില വരും.
നൂറംബര്‍ഗില്‍നിന്നുള്ള അധിനിവേശം പട്ടാളത്തിന്റെ രൂപത്തിലാണ്. പടയാളികളും യുദ്ധോപകരണങ്ങളും നിറഞ്ഞ ഒരു സെറ്റിന്റെ വില ഇവിടത്തെ ഒരു കളിപ്പാട്ടത്തിനു നിശ്ചയിക്കപ്പെട്ടിട്ടുള്ളതിനെക്കാള്‍ കുറവും. വിപണി ഒരു മത്സരമേ അല്ലാതാകുന്നതില്‍ അദ്ഭുതപ്പെടാനില്ല. സാഹചര്യങ്ങള്‍ വളരെ മോശമാണ്. ഫ്രഞ്ച് കളിപ്പാട്ടവ്യവസായംതന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ് എന്നു പറയേണ്ടിവരുന്നതില്‍ നല്ല വിഷമവുമുണ്ട്.

ഇതോടെ ഫ്രാന്‍സ് അപ്പാടേ ഉന്മൂലനത്തിന്റെ വക്കിലാണ് എന്നൊന്നും അര്‍ഥമാക്കേണ്ടതില്ല. ഒരു പരാജയംകൊണ്ടും തലകുനിക്കുന്ന ആത്മവീര്യമല്ല ഫ്രഞ്ച് ജനതയുടെത്. പ്രതികാരങ്ങളെക്കുറിച്ച് സ്വപ്‌നം കണ്ടതൊന്നും അവര്‍ അത്ര പെട്ടെന്ന് മറക്കാനിടയില്ല. ലിയോണ്‍ ഗംബേറ്റയുടെ വാക്കുകള്‍ പ്രചോദനങ്ങളായ യുദ്ധകാലവും അതിന്റെ വീരസ്മരണകളുമൊന്നും അത്ര പെട്ടെന്ന് മറന്നുപോകുന്ന ഒന്നല്ലല്ലോ. ജര്‍മനിയുടെ അധിനിവേശങ്ങളെ എതിര്‍ക്കാനാവില്ല എന്ന് മാത്രമേയുള്ളൂ. മറ്റു വ്യാപാരസാധ്യതകളെ ജര്‍മന്‍ ആധിപത്യം ഇല്ലാതാക്കുന്നില്ല. ഒരു കിലോഗ്രാം കളിപ്പാട്ടത്തിന്മേല്‍ 60 ഫ്രാങ്ക് എന്ന കണക്കിന് അധികനികുതി ചുമത്തുന്ന കാടന്‍നിയമംകൊണ്ട് തത്കാലത്തേക്ക് പരാജയം സമ്മതിക്കുകയാണ് ഫ്രാന്‍സിന്റെ ചുണക്കുട്ടന്മാര്‍. അവരുടെ ദിവസം ഇന്നല്ലെങ്കില്‍ നാളെ വരും എന്ന ഉത്തമബോധ്യത്തില്‍ അവര്‍ ജീവിക്കുന്നു.

ഒരു പ്രതികാരത്തിനുള്ള സമയം ഏതാണ്ട് അടുത്തുവരുന്നതായിട്ട് എനിക്ക് ബോധ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഉയിര്‍ത്തെഴുന്നേല്പിന്റെ സൂചനകളൊക്കെ വളരെ വ്യക്തമായിത്തന്നെ കാണാന്‍ തുടങ്ങിയിരിക്കുന്നു. ബെല്ലിവില്ലിയിലാണ് അതിന്റെ ആരംഭം. കുറച്ചുകാലം മുന്‍പ് അവിടത്തെ ഒരു സാധാരണ പണിക്കാരന്റെ മനസ്സില്‍ ഉദിച്ച ഒരാശയമാണ്. വര്‍ഷത്തില്‍ അമ്പതു ലക്ഷത്തിലേറെ ചെറുപട്ടാളക്കാരെയാണത്രേ ഇയാള്‍ നിര്‍മിച്ചു വിടുന്നത്. ആരംഭം വളരെ താഴേത്തട്ടില്‍നിന്നാണ് എന്നതുകൊണ്ട് അതിന്റെ മൂല്യം കുറയുന്നില്ലല്ലോ. (അങ്ങനെയല്ലേ നെപ്പോളിയന്റെ സൈന്യം നമ്മെ പഠിപ്പിച്ചിട്ടുള്ളത്!) മത്സ്യം നിറച്ച് വരുന്ന പെട്ടികളാണ് ഇവയ്ക്കുള്ള അസംസ്‌കൃതവസ്തു. മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന ചാളപ്പെട്ടികള്‍ക്ക് അവിടെ പുതുജീവന്‍ വെക്കുന്നു. നേരിട്ട് ഉപയോഗിക്കാനാവാത്തതിനാല്‍ ഒന്നിലേറെ കൈമാറ്റങ്ങള്‍ക്കു ശേഷം അത്യാവശ്യം രൂപമാറ്റത്തോടെയാണ് ഇത് കളിപ്പാട്ടനിര്‍മാണഫാക്ടറിയില്‍ എത്തുന്നത്.

പെട്ടിയുടെ അടിഭാഗത്തുനിന്നാണ് പടയാളികള്‍ ഉണ്ടാകുന്നത്. മൂടുന്ന പലകയില്‍നിന്ന് തോക്കും മറ്റ് ആയുധങ്ങളും എന്നുമാത്രമല്ല, തീവണ്ടിയും സൈക്കിളും ഒക്കെ രൂപപ്പെടുന്നു. ഓ! അതിലിപ്പോള്‍ എന്തിരിക്കുന്നു എന്നാണ് ആദ്യം തോന്നുക. പക്ഷേ, കാര്യങ്ങള്‍ കാണുന്നത്ര നിസ്സാരമല്ല എന്ന് അവിടം സന്ദര്‍ശിച്ചപ്പോളാണ് എനിക്കു ബോധ്യപ്പെട്ടത്. പ്രദേശത്ത് ഒരു വലിയ വ്യവസായമായിത്തന്നെ ഇത് വളരാന്‍ തുടങ്ങിയിരിക്കുന്നു. ഇരുനൂറോളം തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. അവരുടെ ഒരു വര്‍ഷത്തെ കൂട്ടായ അധ്വാനം പുറത്തു വിടുന്നത് ഇത്തരത്തിലുള്ള ദശലക്ഷക്കണക്കിനു കളിപ്പാട്ടങ്ങളാണ്.

ഞാനൊരു രാഷ്ട്രീയാന്വേഷകനാണ് എന്ന പരമാര്‍ഥം മറച്ചുവെച്ചതുകൊണ്ടോ എന്തോ, എനിക്കു അവിടമെല്ലാം സ്വതന്ത്രമായിട്ട് കാണാന്‍ സാധിച്ചു. ആദ്യം സൂചിപ്പിച്ച ആ സാധുവായ പണിക്കാരന്‍ ഇന്നിപ്പോള്‍ അത്യാവശ്യം ധനസ്ഥിതിയൊക്കെയുള്ള ഒരവസ്ഥയിലാണ്. അതും ഒരുകാലത്ത് ഫ്രാന്‍സിന്റെ മണ്ണില്‍നിന്നും അപ്രത്യക്ഷമാകാന്‍ തുടങ്ങിയ ടിന്‍-സോള്‍ജര്‍ കളിപ്പാട്ടങ്ങള്‍ നിര്‍മിച്ചുകൊണ്ട് നേടിയത്. വലിയ കാഴ്ചപ്പാടുകളുള്ള വ്യക്തിയാണ് ഇദ്ദേഹം; സാമാന്യത്തിലധികം ദേശസ്‌നേഹവും. അന്യംനിന്നുകൊണ്ടിരുന്ന ഒരു സംസ്‌കാരത്തെയാണ് കുറച്ചെങ്കിലും ഇദ്ദേഹം കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുള്ളത്. പതുക്കപ്പതുക്കെ ഫ്രാന്‍സിലെ നേഴ്‌സറികളില്‍ വീണ്ടും ടിന്‍-സോള്‍ജര്‍ വിപ്ലവം നടക്കുകതന്നെ ചെയ്യും എന്നുതന്നെ വിശ്വസിക്കാം. അല്പാല്പമായി ഈ ഹെല്‍മെറ്റ് ധാരികളായ പുത്തന്‍കൂറ്റുകാരെ ഇവിടെനിന്ന് പറഞ്ഞയയ്ക്കാന്‍ ഈ സംരംഭത്തിനു സാധിക്കും. ഒരുപക്ഷേ, വ്യവസായം വളര്‍ന്ന് നാളെ ബെര്‍ലിനിലും മറ്റുമുള്ള കളിപ്പാട്ടക്കടകളിലും ഇവ ഒരു സാന്നിധ്യമായിട്ട് മാറിയേക്കാം. അവിടെയാണ് ഞാന്‍ ആദ്യം സൂചിപ്പിച്ച പ്രതികാരം ഒളിഞ്ഞിരിക്കുന്നത്. മഹത്തായ ഒരു സ്വപ്‌നമല്ലേ അത്?

ശത്രുവിന്റെ ബലിഷ്ഠമായ കാലടികള്‍ക്കടിയില്‍ ഫ്രാന്‍സ് ശ്വാസം മുട്ടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. എങ്കിലും മാനവസംസ്‌കാരത്തിന്റെ ഈറ്റില്ലം ഏതെന്നു ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ, പാരിസ്. മത്സരാധിഷ്ഠിതവിപണിയും കരിനിയമങ്ങളുമൊക്കെ ഈ ഭൂമിയെ സാമ്പത്തികമായിട്ട് പിന്നോട്ടടുപ്പിച്ചിട്ടുണ്ടാകാം.അങ്ങനെയൊരു കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ ഫ്രഞ്ച് കളിപ്പാട്ടങ്ങളുടെ ലോകം ചെറുതായിപ്പോയതായിട്ട് വാദിക്കാം. എങ്കിലും ഒരിക്കല്‍പ്പോലും മാനസികമായി ജര്‍മനി, ഫ്രഞ്ച് കളിപ്പാട്ടങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചിട്ടില്ല എന്നത് പരമാര്‍ഥമാണ്. ഗതകാലപ്രൗഢി തിരിച്ചുവരും എന്ന ഉത്തമബോധ്യം അവള്‍ക്കുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ലോകത്തിന്റെ നെറുകയില്‍ വീണ്ടും പ്രതിഷ്ഠിക്കപ്പെടും എന്ന ഉറച്ച വിശ്വാസവും.

ഒരു സാധാരണമനുഷ്യനുപോലും തിരിച്ചറിയാവുന്ന കലാപരമായ മേന്മയാണ് ഫ്രഞ്ച് കളിപ്പാട്ടത്തെ വ്യത്യസ്തമാക്കുന്നത്. ജര്‍മനിയില്‍നിന്നും കുടിയേറിയവയുടെ മൃതസൗന്ദര്യമല്ല ഇവിടത്തെ കളിപ്പാട്ടങ്ങള്‍ക്കുള്ളത്. കണ്ണുകളിലെ ജീവസ്സൊന്നും ജര്‍മന്‍കളിപ്പാട്ടങ്ങള്‍ക്ക് സങ്കല്പിക്കാന്‍പോലും പറ്റാത്ത ആശയങ്ങളാണ്. അവര്‍ പടച്ചുവിടുന്നത് കുറെ രൂപങ്ങള്‍ മാത്രമാണ്. വൈവിധ്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത രൂപകല്പനകളും ഒറ്റനോട്ടത്തില്‍ത്തന്നെ കൃത്രിമം എന്ന് ഉറപ്പാകുന്ന മുഖഭാവങ്ങളുമാണ് അവയുടെ മുഖമുദ്ര. താഴേക്കിറങ്ങിയാല്‍ പാദങ്ങളിലുമുണ്ട് ഈ അഭംഗികള്‍. ജര്‍മന്‍പാവകളുടെ വൃത്തിഹീനമായ പാദങ്ങള്‍ അവരുടെ സ്വഭാവംപോലെത്തന്നെയാണ്. മറിച്ച്, സുന്ദരമായ ചെറിയ കാല്പാദങ്ങള്‍ ഫ്രഞ്ച് കളിപ്പാട്ടങ്ങളുടെ കോമളതയുടെ മാറ്റുകൂട്ടുന്നു.

വസ്ത്രത്തിന്റെ കാര്യത്തിലുമുണ്ട് വ്യത്യാസങ്ങള്‍. വസ്ത്രങ്ങളുടെ നരവംശവുമായി ബന്ധപ്പെട്ട പ്രത്യേകതകള്‍ നമുക്ക് വിട്ടുകളയാം. ജര്‍മന്‍ കളിപ്പാട്ടങ്ങള്‍ എണ്ണത്തിന്റെ യുദ്ധത്തില്‍ മുന്നിട്ടുനില്ക്കുന്നുവെങ്കിലും ഇതുവരെ നല്ലൊരു വസ്ത്രധാരണ രൂപകല്പന അവര്‍ക്ക് സാധിച്ചിട്ടില്ല. അത് സാധ്യമാകാന്‍ മൃദുവായ വിരലുകളുള്ള തുന്നല്‍ക്കാര്‍തന്നെ വേണം. അത് പാരിസില്‍ മാത്രമേ ഉണ്ടാകൂ. അതിനാല്‍ എത്ര മികച്ച കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചാലും ജര്‍മന്‍ കളിപ്പാട്ടങ്ങള്‍ക്കുള്ള വസ്ത്രം പാരിസില്‍നിന്നുതന്നെ പോകേണ്ടതുണ്ട്. ഒരു പടികൂടിക്കടന്ന് പറഞ്ഞാല്‍ സുന്ദരമായ എല്ലാ ജര്‍മന്‍ കളിപ്പാട്ടങ്ങളുടെയും വസ്ത്രങ്ങളും തലഭാഗവും അവകാശം ഫ്രാന്‍സിന് അവകാശപ്പെട്ടതാണെന്ന് പറയേണ്ടിവരും. മോണ്‍ട്രോവിലെയും സെന്റ്മൗറിസിലെയും പോര്‍സെലെയ്ന്‍ ഫാക്ടറികള്‍ നിര്‍മിച്ചു നല്കുന്ന മുഖവും പേറിക്കൊണ്ടാണ് ജര്‍മന്‍ കളിപ്പാട്ടങ്ങള്‍ കടകളില്‍ എത്തുന്നത്. കാരണം, വളരെ ലളിതമാണ്. സുന്ദരമായത് നിര്‍മിക്കാന്‍ അവര്‍ക്ക് ഇന്നും അറിയില്ല. അതിനായി ഫ്രാന്‍സിനെ ആശ്രയിച്ചേ മതിയാകൂ. ഫ്രാന്‍സിലെ ഒന്നാംതരം ഡിസൈനര്‍മാര്‍ ഉണ്ടാക്കുന്ന രൂപകല്പനകളില്ലെങ്കില്‍ ജര്‍മനിയില്‍ കളിപ്പാട്ടങ്ങളേയുണ്ടാവില്ല.

ഇതുവരെ സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുള്ള ഒരു കളിപ്പാട്ടലോകത്തെക്കുറിച്ചു മാത്രമാണ് ഞാന്‍ പരാമര്‍ശിച്ചത്. മധ്യവര്‍ഗസമൂഹത്തിലും ഉപരിമധ്യവര്‍ഗസമൂഹത്തിലും ധാരാളമായിട്ട് ഉപയോഗിക്കപ്പെടുന്ന പത്തുമുതല്‍ പതിനഞ്ചുവരെ ഫ്രാങ്കുകള്‍ വിലമതിക്കുന്ന നിരവധി കളിപ്പാട്ടങ്ങള്‍ ഇവിടെ ലഭ്യമാണ്. ആ ഗണത്തില്‍പ്പെടുന്നവയിലെ ജര്‍മന്‍കാരനെയും നാട്ടുകാരനെയും തിരിച്ചറിയാന്‍ ഒരു വിഷമവുമില്ല എന്നു മാത്രമല്ല, അവയുടെ നിലവാരവ്യത്യാസം കുറെക്കൂടി ഭീകരമാണുതാനും. കുറെക്കൂടി താഴേത്തട്ടിലേക്കെത്തിയാല്‍ കളിപ്പാട്ടങ്ങളുടെ ദേശീയത അത്ര പെട്ടെന്ന് ബോധ്യമായെന്നു വരില്ല. എന്നിരുന്നാലും, അഞ്ചു ഫ്രാങ്കില്‍ത്താഴെ മാത്രം വിലയുള്ള ഈ കളിപ്പാട്ടങ്ങള്‍ക്കിടയില്‍നിന്നും എനിക്ക് ഫ്രഞ്ച് സഹോദരന്മാരെ വേര്‍തിരിച്ചു കാണാന്‍ സാധിക്കുകതന്നെ ചെയ്യും. ഒരു ഫ്രാങ്ക് വിലയുള്ള ചില കളിപ്പാട്ടങ്ങളുണ്ട്. അവയിലെ ഫ്രഞ്ച് പൗരന്മാരെ തിരിച്ചറിയണമെങ്കില്‍ ഇവയെക്കുറിച്ചുള്ള പ്രാഥമികമായ അറിവുണ്ടാകണം. അതിലെക്കാള്‍ ഉപരിയായി ഇതൊക്കെ നോക്കി മനസ്സിലാക്കാനുള്ള ഒരു സ്വാഭാവികതാത്പര്യവും വേണം.

ഇനിയും കണ്ടെത്തപ്പെട്ടിട്ടില്ലാത്ത ലോകമാണ് കളിപ്പാട്ടങ്ങളുടെത്. ഭാവിയില്‍ ഈ മേഖലയില്‍ അന്വേഷണം നടത്തുന്നവര്‍ക്കായി ഇതിന്റെ ചില മേഖലകള്‍ ഞാന്‍ വിശദമാക്കാം. ഭൗതികമായ പ്രത്യേകതകള്‍ക്കാണല്ലോ കൂടുതല്‍ പ്രാധാന്യം . ആദ്യമായിട്ട് ചെയ്യേണ്ടത് പാവയെ അല്ലെങ്കില്‍ കളിപ്പാട്ടത്തെ ഒന്ന് കുലുക്കിനോക്കലാണ്. അകത്ത് എന്തെങ്കിലും കിലുങ്ങുന്ന ശബ്ദം കേള്‍ക്കുന്നുണ്ടെങ്കില്‍ അത് ഒരു ഫ്രഞ്ച് കളിപ്പാട്ടമാണെന്നതിന്റെ ആദ്യസൂചനയായിട്ടെടുക്കാം. സാധാരണയായി ഫ്രഞ്ച് കളിപ്പാട്ടനിര്‍മാണക്കാര്‍ എന്തുണ്ടാക്കുമ്പോഴും അതിനകത്ത് കുറച്ച് ചെറിയ കല്ലുകള്‍ നിക്ഷേപിക്കാറുണ്ട്. ഇത് എന്തിനാണ് എന്ന് അത്ര വ്യക്തമല്ല. എങ്കിലും ഞാന്‍ കേട്ടറിഞ്ഞിട്ടുള്ളത് കുട്ടികളില്‍ അകത്തെന്താണ് എന്ന ഒരു ജിജ്ഞാസ വളര്‍ത്തുന്നതിനുള്ള ഒരു ആശയമാണ് ഇത് എന്നാണ്.

കുറെക്കൂടി താഴേത്തട്ടിലേക്കു ചെന്നാല്‍ അവിടെ പാവകള്‍ക്ക് കൈകാലുകളൊന്നും കാണില്ല. അക്ഷരാര്‍ഥത്തില്‍ത്തന്നെ മരമോന്തകളായ ഇവയില്‍ ഏതെങ്കിലുമൊന്നിന് ആത്മാവുണ്ടോ എന്നു സംശയമാണ്. പഴയകാലത്തെ ചില മാര്‍ബിള്‍ പ്രതിമകളിലൊക്കെ കാണുന്നതുപോലത്തെ ഒരു നിര്‍ജീവാവസ്ഥ. മെഴുകുരുകുന്നതിനുമുന്‍പ് അറിയാതെയൊന്ന് പുഞ്ചിരിച്ചോ എന്ന് സംശയിക്കാന്‍ മാത്രമുള്ള ഒരു ഭാവം മാത്രമേ ഇവയില്‍ കാണാനാവൂ. അവയവങ്ങളോരോന്നായിട്ട് പരിശോധിച്ചാലും ഈ വ്യക്തിത്വമില്ലായ്മ ബോധ്യപ്പെടും. മൂക്കിന്റെ സ്ഥാനത്ത് എന്തോ ഒന്ന് കാണാം എന്നേയുള്ളൂ. ചൈതന്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത കറുത്ത നിറമുള്ള ഒരു ജോഡി കണ്ണുകള്‍. അവിടെയാണ് വംശീയതയുടെ വ്യക്തിത്വങ്ങള്‍ക്ക് പ്രസക്തിയില്ലാതാകുന്നത്.

പീടികമുറിയുടെ അകത്തളങ്ങളിലെ ഇരുളിലെവിടെയോ കഴിയാന്‍ വിധിക്കപ്പെട്ടവളാണ് അവള്‍. മറ്റുള്ള കളിപ്പാട്ടങ്ങള്‍ക്കു പിന്നില്‍ ആരും കാണാതെ ജീവിച്ചുതീര്‍ക്കുന്ന കാലമാണ് അവളുടെത്. വാങ്ങാനെത്തുന്നവരെ കൈയും കാലും വീശി ആകര്‍ഷിച്ച് സ്ഫടികക്കണ്ണുകള്‍കൊണ്ട് വശത്താക്കുന്ന ഇറക്കുമതിപ്പാവകള്‍ക്കിടയില്‍ ഇവള്‍ക്ക് ഒരു സ്ഥാനവുമില്ല. എന്നാല്‍, അങ്ങകലെ ഗ്രാമാന്തരങ്ങളില്‍ ഒരു മേശപ്പുറത്തു മാത്രമായിട്ടൊതുങ്ങുന്ന കളിപ്പാട്ടശേഖരങ്ങളുടെയിടയില്‍ ഇവള്‍ രാജകുമാരിയാണ്. അരണ്ട പീടികവെളിച്ചത്തില്‍ ദരിദ്രന്റെ ക്രിസ്മസും പുതുവര്‍ഷവും ആഘോഷങ്ങളാക്കുന്ന ഈ നഗര ബഹിഷ്‌കൃതകള്‍ ഗ്രാമത്തിന്റെ കളിപ്പാട്ടസങ്കല്പങ്ങളില്‍ ഇന്നും നിറഞ്ഞുനില്ക്കുന്നു.

ഞാന്‍ ഇവളുടെ ഒരാരാധകനാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. ആധുനികമെന്നോ പരിഷ്‌കൃതമെന്നോ മറ്റുള്ളവര്‍ വിശ്വസിക്കുന്ന ഒരു കളിപ്പാട്ടവും എന്റെ ഹൃദയം ത്രസിപ്പിക്കാന്‍ പര്യാപ്തമല്ല. അത്തരത്തില്‍പ്പെട്ട ഒരു സൗന്ദര്യധാമവും എന്റെ ശ്രദ്ധയുടെ ആകര്‍ഷണവലയത്തിനകത്ത് ഉള്‍പ്പെടാറില്ല. ഒരുപക്ഷേ, മുന്‍വിധിയോടെത്തന്നെ ഞാന്‍ അത്തരം പാവകളെ അവഗണിക്കുന്നതാവാം, നിഷേധിക്കുന്നില്ല. ഓരോരുത്തര്‍ക്കും വിഭിന്നമായ രുചികളല്ലേ? എന്റെ പാത ഇതാണ്. അവളെ കാണാന്‍ ലഭിക്കുന്ന ഒരു അവസരവും ഞാന്‍ നഷ്ടപ്പെടുത്താറില്ല. ഇടയ്ക്കിടെ ഞങ്ങള്‍ കണ്ടുമുട്ടാറുണ്ട്. ആകസ്മികതയെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. പിന്നെ ആലോചിക്കുംതോറും ഈ ആക്‌സ്മിക കണ്ടുമുട്ടലുകള്‍ക്കു പിന്നില്‍ അവളെ കാണാനുള്ള എന്റെ ഉത്കടമായ ഉള്‍വിളികള്‍തന്നെയാണെന്ന് എനിക്കു ബോധ്യമായി. പരിസരത്തുകൂടി പോകാനിടവന്നാല്‍ എന്റെ കാലുകള്‍ ഞാനറിയാതെ അവളിരിക്കുന്ന ഭാഗത്തേക്ക് എന്നെ നയിക്കും. ഞാന്‍ പ്രണയാതുരനായോ എന്നുപോലും സംശയിക്കുന്നതില്‍ തെറ്റുണ്ടാവില്ല!

ഇങ്ങനെ മുഖത്തോടുമുഖം നോക്കിയിരിക്കും എന്നല്ലാതെ ഞാന്‍ ഇതുവരെ അവള്‍ക്കു മുന്‍പില്‍ എന്റെ ഹൃദയം തുറന്നിട്ടില്ല കേട്ടോ. പ്രത്യേകിച്ച് ഒരു പ്രചോദനമൊന്നും തോന്നാത്തതുകൊണ്ടാണോ അതോ എന്നെ ബോധപൂര്‍വം നിരാകരിക്കുന്നതാണോ എന്നറിയില്ല, അവളും എന്നോട് ഒരക്ഷരംപോലും ഉരിയാടിയിട്ടില്ല. എങ്കിലും ഇടയ്‌ക്കൊക്കെ കണ്ടുമുട്ടും. മിക്കപ്പോഴും അത് ചില സുഹൃദ്‌സന്ദര്‍ശനവേളകളിലാണ് സംഭവിക്കാറുള്ളത്. പ്രത്യേകിച്ചും ക്രിസ്മസ്‌സമയത്തും പുതുവര്‍ഷാഘോഷങ്ങളിലും. എന്റെ സന്ദര്‍ശനങ്ങള്‍ പല സുഹൃത്തുക്കള്‍ക്കും അത്ര പഥ്യമൊന്നുമല്ല എന്നെനിക്ക് അറിയാഞ്ഞിട്ടല്ല. എനിക്കൊന്ന് കാണുകയേ വേണ്ടൂ. എന്തൊരു ആഹ്ലാദമാണ് ഈ പാവകള്‍ അവയ്ക്കു ചുറ്റും പരത്തുന്നത് എന്നറിയാമോ? എന്റെ നിലയും വിലയും നല്ല ബോധ്യമുള്ളതുകൊണ്ട് ഞാന്‍ വലിയ ചങ്ങാത്തത്തിനൊന്നും ശ്രമിക്കാറില്ല. മനസ്സറിഞ്ഞ് ഒന്നു വണങ്ങി ഏതെങ്കിലും ഒരു മൂലയില്‍ച്ചെന്നിരുന്ന് അവളുടെ ആ വിജയമങ്ങനെ ദൂരെ നിന്ന് ആസ്വദിക്കും.

ഇവളിത് എങ്ങനെ സാധിച്ചെടുക്കുന്നു എന്നാണെനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തത്. ആര്‍ക്കും വേണ്ടാതെ മൂലയില്‍ ഒതുങ്ങിപ്പോയിക്കൊണ്ടിരുന്ന ഈ ഇരുണ്ട ജീവിതം ഇങ്ങനെ പ്രകാശമാനമായത് എന്ത് അദ്ഭുതത്തിലൂടെയാണോ ആവോ? അവളുടെ സാമീപ്യം ഒന്നുകൊണ്ടു മാത്രം അനാഥബാല്യങ്ങള്‍ ജീവിക്കുന്ന ഇരുളടഞ്ഞ കുടുസ്സുമുറികളില്‍ വെളിച്ചം നിറയുന്നു. കൊച്ചുകുഞ്ഞുങ്ങളുടെ കണ്ണുകളുടെ തിളക്കം രോഗാതുരനായ സഹോദരന്റെ കവിളുകളില്‍ത്തട്ടി പ്രതിഫലിക്കുമ്പോള്‍ അത് അവളുടെ മുടിയില്ലാത്ത തലയ്ക്കു മുകളില്‍ ഒരു പ്രഭാവലയം തീര്‍ക്കുന്നു. നിലത്ത് ഇഴഞ്ഞ് നിലവിളിക്കുന്ന കുഞ്ഞതാ ഒരൊറ്റ സെക്കന്‍ഡുകൊണ്ട് ഭാവം മാറി പാവയ്ക്കു നേരെ കൈ നീട്ടുന്നു. പിന്നെ അതിന് വിശപ്പുമില്ല, തണുപ്പുമില്ല.

രാത്രിയില്‍ ധനികന്റെ വീട്ടിലെ കുഞ്ഞുങ്ങള്‍ ക്രിസ്്മസ്മരത്തിന്റെ ചുവട്ടിലെ നൃത്തം മതിയാക്കി കളിപ്പാട്ടങ്ങള്‍ക്ക് കിടക്ക വിരിക്കുമ്പോള്‍ ഇവിടെ ഈ കൊച്ചുകുടിലില്‍ കുട്ടി ഉറങ്ങാനുള്ള തയ്യാറെടുപ്പാണ്. അമ്മയുടെ മുഷിഞ്ഞ ഷാളില്‍ പൊതിഞ്ഞ് അവള്‍ തന്നോടൊപ്പം പാവയെ ചേര്‍ത്തു കിടത്തുന്നു.

നമ്മളെപ്പോലെ മുതിര്‍ന്നവര്‍ അവഗണിച്ചും പരിഹസിച്ചും തള്ളുന്ന ഈ പാവകളാണ് പലപ്പോഴും സുന്ദരമെന്ന് നാം കരുതുന്നവയെക്കാള്‍ ആകര്‍ഷിക്കപ്പെടുന്നവ. അത് നമുക്ക് മനസ്സിലാവാത്തത് നാം ആധുനികമായതിലേക്ക് മാത്രം കണ്ണുംനട്ട് ഇരിക്കുന്നതുകൊണ്ടു മാത്രമാണ്. നാം കുട്ടിക്കാലത്തിന്റെ തിരിച്ചറിവുകളെയൊക്കെ എവിടെയോ നഷ്ടപ്പെടുത്തിയിരിക്കുന്നു. പലതിലും നമുക്ക് മാര്‍ഗദര്‍ശികളാവുന്നത് കൊച്ചുകുട്ടികളാണ്. നമ്മുടെ വിവേചനങ്ങളും തിരിച്ചറിവുകളുമൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. ബാല്യത്തിന്റെ ലാളിത്യങ്ങളില്‍നിന്ന് നാം എത്രയോ അകന്നിരിക്കുന്നു. മുട്ടിലിഴയുന്ന ചെറുബാല്യങ്ങളുടെ മനസ്സ് നമ്മുടെതിനെക്കാള്‍ എത്ര വിശാലമാണ് എന്നു തിരിച്ചറിയണം. ഒരു വില കൂടിയ ആധുനിക കളിപ്പാട്ടവും പാവപ്പെട്ടവരുടെ ഈ സാധാരണ കളിപ്പാട്ടവും കുഞ്ഞിന് ഒരുമിച്ച് നല്കിനോക്കൂ. കുഞ്ഞ് ആദ്യത്തേതിനെ ഗൗനിക്കുകയേ ഇല്ല. അതിന്റെ കൈ രണ്ടാമത്തെ പാവയുടെ നേരെ നീളുന്നത് നമ്മുടെയൊക്കെ ആശയങ്ങളെ ചോദ്യംചെയ്യലുംകൂടിയാണ്. ബോധ്യമില്ലാത്തവര്‍ക്ക് ഇത് പരീക്ഷിച്ച് സ്വയം ബോധ്യപ്പെടാവുന്നതാണ്. പണക്കാരന്റെ കുട്ടി എന്നോ നിര്‍ധനന്റെ കുട്ടി എന്നോ ഒരു വ്യത്യാസവും നിങ്ങള്‍ക്ക് ഈ തിരഞ്ഞെടുപ്പി�