ഫിബ്രവരി 4- ലോകകാന്‍സര്‍ ദിനം. കാന്‍സറിനെ അതിജീവിച്ച പ്രശസ്ത നടന്‍ ഇന്നസെന്റിന്റെ അനുഭവം വായിക്കാം. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകത്തില്‍ നിന്ന്.

വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഒരു നല്ല നട്ടുച്ചയ്ക്ക് ഇരിങ്ങാലക്കുടയിലെ എന്റെ പഴയ വീട്ടിലേക്ക് ഒരു പുരുഷനും സ്ത്രീയും കയറിവന്നു. അവര്‍ വരുന്നത് ദൂരെനിന്നുതന്നെ കണ്ടിരുന്നെങ്കിലും ആരാണെന്ന് മനസ്സിലായില്ല. അടുത്തു വന്നിട്ടും അതുതന്നെ അവസ്ഥ. ഭാര്യയും ഭര്‍ത്താവുമാണ് എന്ന് ഞാന്‍ ഏകദേശം ഊഹിച്ചു. കയറിയിരിക്കാന്‍ പറഞ്ഞു. ആലീസ് അകത്ത് ഉച്ചമയക്കത്തിലായിരുന്നു.
'ഇന്നസെന്റിന് എന്നെ മനസ്സിലായോ?' മധ്യവയസ്സു കഴിഞ്ഞ അയാള്‍ ചോദിച്ചു.
മനസ്സിലായി എന്ന് കളവു പറയാന്‍ സാധിക്കില്ലായിരുന്നു. കാരണം അയാള്‍ എന്റെ ഓര്‍മയുടെ ചുറ്റുവട്ടത്തൊന്നുംതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അല്പം അക്ഷമകലര്‍ന്ന സ്വരത്തില്‍ ഞാന്‍ പറഞ്ഞു:
'ഇല്ല, എനിക്ക് മനസ്സിലാവുന്നില്ല.'
അതു കേട്ട് അയാള്‍ക്ക് നീരസമൊന്നുമുണ്ടായില്ല. സോഫയില്‍നിന്ന് മുന്നോട്ടാഞ്ഞ് എന്റെ കൈപിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
'ഇത് ഞാനാ ഇന്നസെന്റേ, നൂര്‍ദീന്‍. ഇതെന്റെ ഭാര്യ.'

'കാന്‍സര്‍ വാര്‍ഡിലെ ചിരി' വാങ്ങാം
Buy 'Laughing Cancer Away'

നൂര്‍ദീന്‍ എന്നു കേട്ടതും എന്റെ മനസ്സിന്റെ ചുമരിലെ നൂറുനൂറ് ജാലകങ്ങള്‍ ഒറ്റയടിക്കു തുറന്നു. അതിലൂടെ എന്റെ യൗവനവും ഒരു കാലവും ഉള്ളിലേക്ക് തള്ളിക്കടന്നുവന്നു. പഴയ ഇരിങ്ങാലക്കുടയും ക്രൈസ്റ്റ് കോളേജ് പരിസരവും ഒരുപാട് സൗഹൃദങ്ങളും നിറഞ്ഞ ഓര്‍മകള്‍. അതിന്റെ നടുവില്‍ എന്റെ തൊട്ടടുത്ത് നില്പുണ്ട് കെ. നൂര്‍ദീന്‍ എന്ന ഈ മനുഷ്യന്‍. രൂപം ഇങ്ങനെയേ അല്ല എന്നു മാത്രം.
പല സ്‌കൂളുകളിലും പലതവണ പയറ്റിയിട്ടും എനിക്ക് എട്ടാംക്ലാസിനപ്പുറം പോകാന്‍ സാധിച്ചില്ല. ബുദ്ധി മറ്റുള്ള കുട്ടികളെക്കാള്‍ ഉണ്ടായിരുന്നതുകൊണ്ട് എട്ടാം തരത്തിനുള്ളില്‍ത്തന്നെ പഠിക്കാനുള്ളതെല്ലാം പഠിച്ചുകഴിഞ്ഞു എന്നു പറഞ്ഞ് ഞാന്‍ സ്‌കൂളിനോട് എന്നന്നേക്കുമായി വിടപറഞ്ഞു.

നിയമപരമായി വിദ്യാഭ്യാസവുമായി വഴിപിരിഞ്ഞെങ്കിലും എന്റെ യൗവനം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരങ്ങളില്‍നിന്ന് പറിഞ്ഞുപോന്നില്ല. കാരണം, എന്റെ സുഹൃത്തുക്കളെല്ലാം ആ മതില്‍ക്കെട്ടിനകത്തുണ്ട്. അവര്‍ ഇപ്പോഴും പഠിച്ചുതീരാത്തതുകൊണ്ട്, എന്നെപ്പോലെ എല്ലാം അതിവേഗം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതുകൊണ്ട് അതിനകത്തുതന്നെയുണ്ട്. ജയില്‍പ്പുള്ളികളെപ്പോലെ ജീവിക്കുന്ന അവരെക്കുറിച്ചോര്‍ത്ത് സങ്കടപ്പെട്ട് എത്രയോ പകലുകളില്‍ ഞാന്‍ ഇരിങ്ങാലക്കുട ഹൈസ്‌കൂളിന്റെയും ക്രൈസ്റ്റ് കോളേജിന്റെയും കന്മതിലുകളില്‍ ചാരിനിന്നിട്ടുണ്ട്.

എന്റെ ക്രൈസ്റ്റ് കോളേജ് സംഘത്തിലെ പ്രധാനിയായിരുന്നു നൂര്‍ദീന്‍, ബാലചന്ദ്രന്‍, അഥീന ബാലകൃഷ്ണന്‍, ജഗദീഷ് ചന്ദ്രന്‍, ജോണ്‍ എന്നിവര്‍. കോളേജിലെ ഈ സംഘവും ഞാനുമായുള്ള ബന്ധം പല പല ശാഖകളായി പടര്‍ന്നിരുന്നു. കോളേജിലെ ക്ലാസ്മുറികളിലേ എനിക്ക് കയറാന്‍ പറ്റാതായിട്ടുള്ളൂ. കാന്റീന്‍മുതല്‍ കളിക്കളങ്ങളില്‍വരെ ഞാനുണ്ടായിരുന്നു. 'ഇവരൊക്കെ പഠിപ്പുള്ളവരാണല്ലോ. എനിക്ക് പഠിക്കാന്‍ സാധിക്കുന്നില്ലല്ലോ' എന്ന തോന്നലും സങ്കടവുമൊന്നും ലവലേശമില്ലായിരുന്നതുകൊണ്ട് എല്ലാവരുമായും ആത്മാര്‍ഥമായി ഇടപഴകാനും എനിക്കു സാധിച്ചു. 'ഇവര്‍ ഇപ്പോള്‍ പഠിക്കുന്നതെല്ലാം ഞാന്‍ നേരത്തേ പഠിച്ചുതീര്‍ന്നുകഴിഞ്ഞതാണ്' എന്ന് സ്വയം ബോധിപ്പിച്ചുവെച്ചതുകൊണ്ടാണ് എനിക്ക് ഒരുതരത്തിലുള്ള അപകര്‍ഷബോധവും ഉണ്ടാകാതിരുന്നത്.

കോളേജിലെ സമരങ്ങളിലെല്ലാം നൂര്‍ദീനായിരുന്നു നേതാവ്. അന്ന് അദ്ദേഹം എം.എ. ജോണിന്റെ പരിവര്‍ത്തനവാദിപാര്‍ട്ടിയുടെ കടുത്ത അനുയായിയായിരുന്നു. എന്ത് കുന്തമാണ് ഈ പരിവര്‍ത്തനവാദി എന്ന് എനിക്ക് അന്നും ഇന്നുമറിയില്ല. എന്നാലും എല്ലാ സമരങ്ങള്‍ക്കും മുന്നില്‍ നൂര്‍ദീനൊപ്പം ഞാനുമുണ്ടാകും. ഒരിക്കല്‍ ഒരു സമരം കാരണം കോളേജ് അടച്ചു. അന്ന് പ്രകടനത്തിനു മുന്നില്‍ മൈക്ക് അനൗണ്‍സ്‌മെന്റുമായി നീങ്ങിയത് ഞാനായിരുന്നു. കാറില്‍ കെട്ടിവെച്ച കോളാമ്പിമൈക്കിലൂടെ ഞാന്‍ വിളിച്ചുപറഞ്ഞു: 'സരസ്വതീക്ഷേത്രത്തെ സമരാങ്കണമാക്കിയ ബാസ്റ്റിന്‍ സാറിനോട് ഞാന്‍ ചോദിക്കുകയാണ്...' എന്റെ അനൗണ്‍സ്‌മെന്റിനു പിറകെ നൂര്‍ദീനും ബാലചന്ദ്രനുമെല്ലാം നടന്നുവരും. എന്റെ ഈ സുഹൃത്തുക്കള്‍ ക്രൈസ്റ്റ് കോളേജില്‍ ഒരുപാടുകാലം തുടരണം എന്നത് എന്റെ സ്വകാര്യമായ ഒരു ആവശ്യമായിരുന്നു. അവര്‍കൂടി പോയാല്‍ പുറത്ത് ഞാന്‍ തനിച്ചായിപ്പോവുമായിരുന്നു.

കാലം കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും പലവഴിക്കു പിരിഞ്ഞു. ബാലചന്ദ്രന് ബാങ്കില്‍ ജോലിയായി, നൂര്‍ദീന്‍ എങ്ങോട്ടോ പോയി, ഞാന്‍ എന്റെ അലച്ചില്‍ ആരംഭിച്ചു: ചെരിപ്പുകച്ചവടം, മുനിസിപ്പല്‍ കൗണ്‍സിലര്‍ കളി, തീപ്പെട്ടിക്കമ്പനി, സിനിമാനിര്‍മാണം, അഭിനയം.. വളരെ വൈകി ഒന്ന് പച്ചപിടിക്കാന്‍. നാലാളറിയുന്നയാളായി, ഭേദപ്പെട്ട രീതിയില്‍ പണമുണ്ടായി. ഇരിങ്ങാലക്കുട വിടാത്തതുകൊണ്ട് സുഹൃത്തുക്കളെല്ലാവരും ചുറ്റിലുംതന്നെയുണ്ടായിരുന്നു, നൂര്‍ദീനൊഴികെ. പതുക്കെപ്പതുക്കെ ഞാന്‍ നൂര്‍ദീനെ മറന്നു. എന്റെ ആത്മകഥയില്‍പ്പോലും അവന്‍ വന്നില്ല. അത്രയ്ക്ക് ദൂരെ എവിടെയോ ആയിരുന്നു എന്റെ ചങ്ങാതി. ആ നൂര്‍ദീനാണ് അല്പം നരയും കഷണ്ടിയും പ്രായത്തിന്റെ സ്വാഭാവികതകളുമൊക്കെയായി ഭാര്യ താഹിറയ്‌ക്കൊപ്പം എന്റെ മുന്നിലിരിക്കുന്നത്. എത്ര കാലം!
തന്റെ ജീവിതം പോയ വഴികളെക്കുറിച്ച് നൂര്‍ദീന്‍ പറഞ്ഞു. ഒരുപാടുനേരം ഞങ്ങള്‍ പല വഴികളിലേക്കു പറന്നുപോയി. ഒടുവില്‍ നൂര്‍ദീന്‍ വന്നകാര്യം പറഞ്ഞു:
കാന്‍സര്‍രോഗികളെ പരിചരിക്കാനും അവര്‍ക്ക് ആശ്വാസം നല്കാനും അദ്ദേഹം 'ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്,' എന്നപേരില്‍ ഒരു ശുശ്രൂഷാലയം തുടങ്ങുന്നു. ഞാന്‍ അതിന്റെ പേട്രന്‍ ആവണം.

എനിക്കിതു കേട്ടപ്പോള്‍ പൊട്ടിച്ചിരിക്കാനാണു തോന്നിയത്. കാന്‍സറും ഞാനും തമ്മില്‍ എന്തു ബന്ധം? പ്രത്യേകിച്ച് മനുഷ്യനെ ചിരിപ്പിച്ചു ജീവിക്കുന്ന ഞാനും കണ്ണീരിന്റെയും ദുഃഖത്തിന്റെയും ലോകമായ കാന്‍സറും തമ്മില്‍ എങ്ങനെയാണ് ഒത്തുപോകുക? ഞാനിത് നൂര്‍ദീനോട് പറഞ്ഞു. പക്ഷേ, അയാള്‍ വിട്ടില്ല. ഞാന്‍തന്നെ വേണം എന്ന നിര്‍ബന്ധം. അത് മുറുകിയപ്പോള്‍ പാതിമനസ്സോടെ ഞാന്‍ സമ്മതിച്ചു. ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് തുടങ്ങി. ഞാന്‍ ഇടയ്ക്ക് അവിടെ പോയിത്തുടങ്ങി. കാന്‍സര്‍രോഗികളുമായി നേര്‍ക്കുനേര്‍ നിന്നു. അവരുടെ വാടിയ മുഖം ആദ്യമായി കണ്ടു.

പിന്നീട് ഞാന്‍ പതുക്കെപ്പതുക്കെ ആല്‍ഫയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. വീട്ടില്‍ ആലീസിന് ഇത് മനസ്സിലാക്കാന്‍ വിഷമമായിരുന്നു. കാശ് എണ്ണിവാങ്ങാതെ ഞാന്‍ ഒരു പരിപാടിക്കും പുറത്തേക്കിറങ്ങാറില്ല. അതില്‍ യാതൊരുവിധ തെറ്റും എനിക്ക് തോന്നിയിട്ടുമില്ല. ആ ഞാനാണ് ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളില്‍ കുളിച്ച് കുപ്പായം മാറി ആല്‍ഫയിലേക്ക് ഓടുന്നത്.

എന്റെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ ഒരിക്കല്‍ ഞാന്‍ ആലീസിനെയും ആല്‍ഫയിലേക്ക് കൂട്ടി. ഞാന്‍ നടന്ന വഴികളിലൂടെ അവളും നടന്നു, കണ്ടതെല്ലാം കണ്ടു. അവള്‍ക്കും കാര്യം പിടികിട്ടി. പിന്നീട് ഞങ്ങള്‍ കുടുംബത്തോടെയായി യാത്ര. അവിടെ രോഗികള്‍ക്കൊപ്പം, ജീവിതംതന്നെ ആതുരശാന്തിക്കായി സമര്‍പ്പിച്ച നല്ലവരായ കുറെ ഡോക്ടര്‍മാരും ഞങ്ങള്‍ക്ക് സുഹൃത്തുക്കളായി. ഡോ. വി.പി. ഗംഗാധരന്‍, ഡോ. മോഹന്‍ദാസ്, ഡോ. രാജഗോപാല്‍... രോഗികളും ഡോക്ടര്‍മാരും ചേര്‍ന്ന് ഞങ്ങളുടെ കുടുംബം വലുതായി.

ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കിന് പണം സ്വരൂപിക്കാനായി പല തവണ ഷൂട്ടിങ്തിരക്കുകള്‍ മാറ്റിവെച്ച് ഞാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പോയി. മമ്മൂട്ടി, ദിലീപ്, ബിജു മേനോന്‍ എന്നിവര്‍ പ്രതിഫലമായി ഒന്നും വാങ്ങാതെയാണ് സഹായവുമായി എത്തിയത്. അത് ആല്‍ഫയ്ക്ക് വലിയ താങ്ങായി. വേദനയിലേക്കും വിഷാദത്തിലേക്കും വീണ ഒരുപാട് രോഗികള്‍ക്ക് ആല്‍ഫ സാന്ത്വനമായി. അതിലൊരാളാവാന്‍ സാധിച്ചത് എനിക്ക് മറ്റൊന്നും തരാത്ത മനഃസംതൃപ്തി തന്നു. നൂര്‍ദീന്‍ എന്ന നല്ല ചങ്ങാതി എന്നില്‍ നിക്ഷേപിച്ച വിശ്വാസത്തിന് നന്ദി.

രോഗം: മറ്റുള്ളവര്‍ക്കുമാത്രം വരുന്ന അവസ്ഥ

എല്ലാ മനുഷ്യരും വിശ്വസിക്കുന്നത് രോഗം എന്നത് മറ്റുള്ളവര്‍ക്കു മാത്രം വരുന്നതാണ് എന്നാണ്. തന്നെ അത് തൊടുകയേ ഇല്ല എന്ന് ഓരോരുത്തരും കരുതുന്നു. ഞാനും അങ്ങനെയാണ് കരുതിയിരുന്നത്. അസുഖങ്ങളൊന്നും നമുക്കുള്ളതല്ല എന്ന അടിയുറച്ച വിശ്വാസത്തിലാണ് ഞാന്‍ ജീവിച്ചത്.

ഏഴു വര്‍ഷം മുന്‍പ് മൂത്രമൊഴിക്കുമ്പോള്‍ ചെറിയ ഒരു വേദന വന്നപ്പോള്‍ എന്റെയീ വിശ്വാസത്തിന് നേരിയ ഉടവുതട്ടി. അന്ന് തൃശ്ശൂരിലെ ഡോ. ആന്റണിയെയാണ് കണ്ടത്. ധാരാളം വെള്ളം കുടിക്കാന്‍ പറഞ്ഞു. വെള്ളം കുടിച്ചാല്‍ മൂത്രമൊഴിക്കാന്‍ കൂടുതല്‍ തോന്നും, അപ്പോള്‍ വേദന അധികമാകുകയല്ലേ ചെയ്യുക എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ആന്റണി ഡോക്ടര്‍ പറഞ്ഞു: 'ബ്ലാഡറില്‍ പൊട്ടു വന്നതാണ്. മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ കിടന്നിട്ട് മൂത്രമൊഴിക്കുക.'

'വഴിയില്‍ വെച്ച് മൂത്രമൊഴിക്കാന്‍തോന്നിയാല്‍ റോഡില്‍ കിടന്നിട്ട് മുള്ളേണ്ടിവരുമോ?' ഞാന്‍ ചോദിച്ചു. ആന്റണി ഡോക്ടര്‍ ആര്‍ത്തുചിരിച്ചു. അല്പദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് മാറി. ഞാന്‍ പഴയ വിശ്വാസത്തിലേക്കുതന്നെ തിരിച്ചുവരാന്‍ ശ്രമങ്ങള്‍ തുടങ്ങി.
പിന്നീടൊരിക്കലാണ് പ്രോസ്റ്റേറ്റ് എന്‍ലാര്‍ജ്‌മെന്റ് ഉണ്ടായത്. 'ബയോപ്‌സി' എന്ന വാക്ക് അന്നാണ് ഞാന്‍ ആദ്യമായി കേട്ടത്. സത്യംപറഞ്ഞാല്‍ പേടിച്ചുപോയി. അതും മാറി. 'കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം' അതിനും ശേഷമാണ് വന്നത്. ഉള്ളംകൈയില്‍ വേദനയാണ് ലക്ഷണം. കേള്‍ക്കാന്‍ നല്ല സുഖമുള്ള പേരായിത്തോന്നി. 'കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം'! മോഹന്‍ലാലിനോടും ദിലീപിനോടുമെല്ലാം ഞാന്‍ ചോദിച്ചിട്ടുണ്ട്: 'നിനക്കുണ്ടോ കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം?' അവര്‍ വാപൊളിച്ചിരിക്കുമ്പോള്‍ ഞാന്‍ തലയുയര്‍ത്തിപ്പിടിച്ചു പറയും: 'എനിക്കുണ്ട്, ചെറിയ അസുഖമല്ല, മനസ്സിലാക്കിക്കോ. കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം...!' അതും എന്റെ സുഹൃത്തായ ഡോ. ജോസിന്റെ ഓപ്പറേഷനിലൂടെ മാറി. ചെറിയ ചെറിയ രീതിയില്‍ ഇത്തരം ചില അസുഖങ്ങള്‍ വന്ന് മാറിയാലുടനെ ഞാന്‍ പൂര്‍വാധികം ശക്തിയായി പഴയ വിശ്വാസത്തിലേക്ക് മടങ്ങും: മഹാരോഗങ്ങള്‍ മറ്റുള്ളവര്‍ക്കു മാത്രം വരുന്നതാണ്. മനുഷ്യനെ ചിരിപ്പിക്കുന്ന എനിക്ക് അത്തരം രോഗങ്ങള്‍ വരില്ല, വരാന്‍ യാതൊരു ന്യായവുമില്ല. വന്നാല്‍പ്പിന്നെ ഞാനെങ്ങനെ മനുഷ്യരെ ചിരിപ്പിക്കും?

അങ്ങനെയിരിക്കുമ്പോഴാണ് നാവിന് ഒരു തടിപ്പ് വരുന്നത്. ഇരിങ്ങാലക്കുടയിലെ എന്റെ സഹപാഠികൂടിയായ ഡോ. മാര്‍ട്ടിന്റെ അടുത്തുപോയി. അദ്ദേഹം ഇ.എന്‍.ടി. വിദഗ്ധനാണ്. തടിപ്പ് നല്ലതല്ല, എടുത്തുകളയാം. എറണാകുളത്തായിരുന്നു ആസമയം എനിക്ക് ഷൂട്ടിങ്. ഡോ. വി.പി. ഗംഗാധരന്‍ അവിടെയുണ്ട്. ഒരേ സ്‌കൂളിലാണ് ഞങ്ങള്‍ പഠിച്ചതെങ്കിലും രോഗി ഡോക്ടര്‍ ബന്ധം ഉണ്ടായിരുന്നില്ല. ഞാന്‍ ഗംഗാധരനെ ചെന്നുകണ്ടു. സഹപാഠികള്‍ എന്നതില്‍നിന്ന് ഞങ്ങള്‍ ഒരുനിമിഷംകൊണ്ട് ഡോക്ടര്‍ രോഗി എന്ന അവസ്ഥയിലേക്കു മാറി. പരിശോധനയ്ക്കുശേഷം ഗുളിക കഴിക്കാനാണ് പറഞ്ഞത്, എന്നിട്ടു നോക്കാം. മരുന്ന് കൃത്യമായി കഴിച്ചതോടെ ആ തടിപ്പ് മാറുകയും ചെയ്തു.

എന്റെ നാവിന്റെ തടിപ്പ് മാറിയ ആ സമയത്തുതന്നെയാണ് ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കിന്റെ ഒരു ധനസമാഹരണയോഗം ചേറ്റുവയില്‍ ചേരുന്നത്. ഞാന്‍ ചെന്നു. പ്രഗല്ഭരായ ഡോക്ടര്‍മാരുണ്ട്, കുറേ സമ്പന്നരുണ്ട്. സാധാരണ എവിടെയും നേരമ്പോക്കുകളിലൂടെ കാര്യം പറഞ്ഞിരുന്ന എന്റെ നാക്ക് അന്ന് മറ്റൊരു വഴിക്ക് തിരിഞ്ഞു. ഞാന്‍ പറഞ്ഞു:
'ഇത്രനാളും ഓടിച്ചാടി നടന്നിരുന്ന ഞാന്‍ നാവിന്റെ തുമ്പില്‍ ഒരു ചെറിയ തടിപ്പു വന്നതോടെ രോഗിയായി, കിടപ്പിലായി, പരിഭ്രമിച്ചു. ഇത്രയ്‌ക്കൊക്കെയേ ഉള്ളൂ ജീവിതം. ഒരു മാത്ര മാറിയാല്‍ മതി അതു തലകീഴായിമറിയാന്‍. ഈ യോഗത്തില്‍ ഇരിക്കുന്ന നമ്മില്‍ ആര്‍ക്കൊക്കെ, എന്തൊക്കെ, എപ്പോഴൊക്കെയാണ് സംഭവിക്കുക എന്ന് ആര്‍ക്കറിയാം?' എല്ലാവരും അത് കേട്ടിരുന്നു. ചേറ്റുവയിലെ കായലില്‍നിന്ന് വന്ന തണുത്ത കാറ്റ് ഞങ്ങളെ കടന്നുപോയി.

എത്രയോ കാലമായി ഞാന്‍ ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കിന്റെ യോഗങ്ങളില്‍ പങ്കെടുക്കുന്നു. എന്നാല്‍ ഈ യോഗത്തില്‍ എന്നെക്കൊണ്ട് ഇങ്ങനെ ചില വാക്കുകള്‍ പറയിച്ചത് ഏത് അജ്ഞാതശക്തിയാണ് എന്ന് എനിക്ക് ഇന്നുമറിയില്ല.

അവിടെനിന്നും കുറെ ദിവസങ്ങള്‍കൂടി കഴിഞ്ഞു. അപ്പോഴാണ് ഭക്ഷണം കഴിക്കുമ്പോള്‍ ചെറിയൊരു അസ്വസ്ഥത വന്നത്. ഭക്ഷണസാധനങ്ങള്‍ ഇറക്കിക്കഴിഞ്ഞാലും ഇറക്കിയോ എന്നൊരു സംശയം. അത് വല്ലാതെ വര്‍ധിച്ചപ്പോള്‍ ഞാന്‍ വീണ്ടും എറണാകുളത്തേക്ക് പോയി. ഗംഗാധരന്റെ മുന്നില്‍ത്തന്നെയാണ് എത്തിയത്. ഇ.എന്‍.ടി. വിദഗ്ധനെ കാണിച്ചു. നാവിന്റെയും തൊണ്ടയുടെയും സ്ഥാനത്ത് ഒരു ചെറിയ തടിപ്പ്. കുഴപ്പമൊന്നുമില്ല. എങ്കിലും ബയോപ്‌സി എടുത്തുകളയാം എന്ന് ഗംഗാധരന്‍ പറഞ്ഞു. കുറച്ചുകാലത്തിനുശേഷം വീണ്ടും ബയോപ്‌സി എന്ന വാക്കുകേട്ടു. തൊണ്ട ചുരണ്ടി ബയോപ്‌സിക്കയച്ചു. ഇനി റിസള്‍ട്ട് വരണം.

വീട്ടിലെത്തി. മനസ്സ് എവിടെയോ കിടന്ന് കറങ്ങുകയാണ്. ബയോപ്‌സിക്കയച്ചു എന്നു കേട്ടപ്പോള്‍ മുതല്‍ ആലീസിനും മകന്‍ സോണറ്റിനും അവന്റെ ഭാര്യ രശ്മിക്കും ഭയം തുടങ്ങി. പലതും പറഞ്ഞ് ഞാനവരെ ചിരിപ്പിക്കാന്‍ ശ്രമിച്ചു. ചിരിയുടെ ചെറിയ ഇടവേള കഴിഞ്ഞാല്‍ അവര്‍ വീണ്ടും സങ്കടത്തിലേക്കുതന്നെ തിരിച്ചുപോകും. മഹാരോഗങ്ങള്‍ എനിക്കുള്ളതല്ല എന്ന വിശ്വാസത്തിലേക്ക് തിരിച്ചുപോയി ഞാന്‍ എന്റെയുള്ളിലെ ആശങ്കകളെ മായ്ച്ചുകളയാന്‍ ശ്രമിച്ചു.

തോംസണ്‍ വില്ല എന്ന ഒരു സിനിമയിലായിരുന്നു ഞാന്‍ ആ സമയത്ത് അഭിനയിച്ചിരുന്നത്. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതിയ ചിത്രം. കുട്ടിക്കാനത്തായിരുന്നു ഷൂട്ടിങ്. ഒരു പള്ളീലച്ചനായിട്ടാണ് ഞാന്‍ അതില്‍ അഭിനയിക്കുന്നത്. ക്‌നാനായ വിഭാഗക്കാരനായ കഥാപാത്രം കത്തോലിക്കാവിഭാഗത്തിലുള്ള സ്ത്രീയെ കല്യാണം കഴിച്ചതിനെച്ചൊല്ലിയുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായി പറഞ്ഞും പ്രാര്‍ഥിച്ചും തീര്‍ക്കുന്ന രംഗമാണ് എനിക്ക് അഭിനയിക്കേണ്ടിയിരുന്നത്. പള്ളീലച്ചന്റെ വേഷമിട്ട് ഞാന്‍ നിന്നു. മലയോരപ്രദേശമായ കുട്ടിക്കാനത്ത് ഇടയ്ക്കിടെ മഴ പെയ്യും. മാനം എപ്പോഴും മഴക്കാര്‍ പുരണ്ടുനില്‍ക്കും. എപ്പോഴും മൂടിക്കെട്ടിയ അവസ്ഥയാണ്. സാധാരണ ഒരു മനുഷ്യന്റെ മനസ്സിനുതന്നെ ഒരു ഉഷാര്‍ തോന്നില്ല. മൂകതയും ഏകാന്തതയും ഇങ്ങനെ മൂളിപ്പറന്നു നില്ക്കും. മേഘം തെന്നുമ്പോള്‍ വന്നുവീഴുന്ന വെളിച്ചത്തിലാണ് ഷൂട്ടിങ് തുടരുന്നത്.
ഷൂട്ടിനിടയില്‍ വീട്ടില്‍നിന്ന് ഫോണ്‍ വന്നു. മകന്‍ സോണറ്റാണ്.
'ബയോപ്‌സി റിസള്‍ട്ട് എന്തായി?' അപ്പുറം ആലീസിന്റെ അടഞ്ഞ ശബ്ദം.
അവളുടെ ശബ്ദത്തില്‍ പേടി കലര്‍ന്ന ഒരു വെമ്പല്‍ എനിക്കു കേള്‍ക്കാന്‍ സാധിച്ചു.
'എന്തിനാണ് ഇങ്ങനെ തിരക്കുപിടിക്കുന്നത്? വൈകുന്നേരം അന്വേഷിച്ച് പറയാം' -ഞാന്‍ പറഞ്ഞു.
'അറിയുമെങ്കില്‍ ഒന്ന് തുറന്നു പറഞ്ഞൂടെ?' ആലീസ് വിടുന്നില്ല, അവള്‍ വിതുമ്പുകയാണ്.
അവളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ ഗംഗാധരനെ വിളിച്ചു. ഫോണ്‍ അടിക്കുന്നുണ്ട്, പക്ഷേ, എടുക്കുന്നില്ല. അപ്പോള്‍ എന്റെ മനസ്സിലും കുട്ടിക്കാനത്തെ ആകാശംപോലെ ആശങ്കയുടെ കാര്‍മേഘങ്ങള്‍ കയറി. എന്താണ് ഗംഗാധരന്‍ ഫോണെടുക്കാത്തത്? കടുത്ത എന്തെങ്കിലും കാര്യങ്ങള്‍ അറിഞ്ഞിട്ടും എന്നോട് പറയാന്‍ മടിച്ചിട്ടാണോ? അദ്ദേഹം എനിക്ക് ഡോക്ടര്‍ മാത്രമല്ലല്ലോ, സഹപാഠികൂടിയല്ലേ. പറയാന്‍ സങ്കടം വന്നതുകൊണ്ടാവുമോ? മനസ്സില്‍ ചോദ്യങ്ങള്‍ നിറഞ്ഞു. മഹാരോഗങ്ങള്‍ അനുഭവിക്കുന്ന കാലമല്ല ഏറ്റവും കഠിനമായത്. രോഗമെന്താണ് എന്നറിയുന്നതിന് തൊട്ടു മുന്‍പുള്ള നിമിഷങ്ങളാണ്. പല ജന്മങ്ങളുടെ യാതന ആ സമയങ്ങളില്‍ നിങ്ങള്‍ അനുഭവിക്കും. നിമിഷങ്ങള്‍ക്ക് യുഗങ്ങളുടെ ദൈര്‍ഘ്യമുണ്ടാകും. എന്തു കണ്ടാലും എന്തു കേട്ടാലും മനസ്സില്‍ തടയില്ല. എന്റെ മനസ്സും അങ്ങനെയായി.
ഞാന്‍ വീണ്ടും വിളിച്ചു, അപ്പോഴും എടുക്കുന്നില്ല.

ചോദ്യങ്ങള്‍ നേരത്തേയുള്ളതിലും പെരുകി.

ആകാശത്ത് കാര്‍മേഘങ്ങള്‍ വന്നു നിറഞ്ഞു. വലിയ മഴ വരാനുള്ള ഒരുക്കമാണ്. പച്ചപ്പ് നിറഞ്ഞ മലയോരഭൂമി മുഴുവന്‍ ഇരുണ്ടു നില്ക്കുന്നു. കാറ്റില്‍ വല്ലാത്തൊരു ഈര്‍പ്പം. രണ്ട് സീന്‍ കൂടി എടുക്കാനുണ്ട്. അല്പം വലിയ സീനുകളാണ്. ഉള്ള വെളിച്ചം പോകുന്നതിനു മുന്‍പ് അത് എടുത്തു തീര്‍ക്കണം എന്ന് സംവിധായകന്‍ പറഞ്ഞു. ശരി, ഞാന്‍ തയ്യാറായി.
ഷൂട്ടിങ് തുടങ്ങി. ഇടയ്ക്ക് വെയില്‍ വന്നു, അടുത്ത നിമിഷം മങ്ങി. ഷോട്ടുകളുടെ ഇടവേളയിലെപ്പോഴോ ഞാന്‍ ഒരിക്കല്‍ക്കൂടി ഗംഗാധരനെ വിളിച്ചു. രണ്ടാമത്തെ ബെല്ലില്‍ അയാള്‍ ഫോണ്‍ എടുത്തു.
'ഞാന്‍ ഒരുപാട് വിളിച്ചു...'
'ഞാന്‍ ഒരു മരിച്ച വീട്ടില്‍ നില്ക്കുകയാണ്. പത്തുമിനിട്ട് കഴിഞ്ഞ് വിളിക്കാം.' പതിഞ്ഞ ശബ്ദത്തില്‍ ഗംഗാധരന്‍ പറഞ്ഞു. ഞാനത് വീട്ടില്‍ ആലീസിനെ വിളിച്ചു പറഞ്ഞു. അപ്പോള്‍ അവള്‍ ചോദിച്ചു:
'അതെന്താ അങ്ങനെ?'
ശരിയാണല്ലോ. എനിക്കും തോന്നി. അതെന്തിനാ അങ്ങനെ പറഞ്ഞത്? പെട്ടെന്ന് പറയാനുള്ള മടികൊണ്ടായിരിക്കുമോ?
'സാര്‍, നല്ല മഴ വരുന്നു...' സംവിധായകന്‍ പറഞ്ഞു. ഞാന്‍ മനസ്സിനെ എങ്ങോട്ടും ചിതറാനനുവദിക്കാതെ പിടിച്ചുകെട്ടാന്‍ വല്ലാതെ പണിപ്പെട്ടു. ക്യാമറ വെക്കുമ്പോള്‍ ഇന്നസെന്റ് എന്ന എന്റെ മനസ്സിലുള്ളതല്ല മുഖത്ത് വരേണ്ടത്, കഥാപാത്രമായ പള്ളീലച്ചന്റെ മനസ്സിലുള്ളതാണ്. ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി.

സന്ധ്യയാവുന്നതിനനുസരിച്ച് ആകാശത്ത് കാര്‍മേഘങ്ങള്‍ വന്നുനിറഞ്ഞു. മങ്ങിയ വെളിച്ചത്തിലൂടെ പക്ഷികള്‍ തിരിച്ച് കൂടുകളിലേക്ക് പറക്കുന്നു. എന്റെ ഫോണില്‍ വീട്ടില്‍നിന്ന് വിളി വന്നുകൊണ്ടേയിരുന്നു.

ഡയറക്ടര്‍ ട്രോളി ഷോട്ടിനൊരുങ്ങുന്നു. ഗംഗാധരന്‍ പറഞ്ഞ പത്തുമിനിട്ട് എനിക്ക് പത്തു കൊല്ലമായിത്തോന്നി. സഹിക്കാന്‍ സാധിക്കാതെ ഞാന്‍, എന്നെ ഓപ്പറേറ്റ് ചെയ്ത ഡോ. ഇടിക്കുളയെ വിളിച്ചു. ഷീല എന്ന ഒരു തമിഴ് ഡോക്ടറാണ് ഫോണ്‍ എടുത്തത്. ഞാന്‍ അവരോടു കാര്യം ചോദിച്ചു:
'ഡോക്ടര്‍ക്കിട്ട് കേള്' അവര്‍ പറഞ്ഞു. എത്ര പറഞ്ഞിട്ടും അവര്‍ അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഞാന്‍ ഫോണ്‍ വെച്ചു. കുട്ടിക്കാനത്തെ തണുത്ത കാറ്റിലും ഞാന്‍ വിയര്‍ത്തു.
അപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു; ഗംഗാധരനാണ്.
'വീട്ടില്‍നിന്ന് വിളിയോട് വിളി ഡോക്ടറേ. ബയോപ്‌സി റിസള്‍ട്ട് എന്തായി എന്ന് ചോദിച്ചുകൊണ്ട്. അവരെ ഒന്ന് സമാധാനിപ്പിക്കാനാ' ഞാന്‍ പറഞ്ഞു.
'ഇപ്പോ ഇന്നസെന്റ് എവിടെയാ?' ഗംഗാധരന്‍ പതിവിലും ശാന്തമായ സ്വരത്തില്‍ ചോദിച്ചു.
'കുട്ടിക്കാനത്താണ്, ഷൂട്ടിങ്ങില്‍.'
'ഒരു കാര്യം ചെയ്യ്, നാളെ ഹോസ്​പിറ്റലിലേക്ക് വാ.' ഗംഗാധരന്‍ പറഞ്ഞു.
'എന്തെങ്കിലും കുഴപ്പം?' ഞാന്‍ ചോദിച്ചു.
'കൊഴപ്പമൊന്നുമില്ല. മകനെയും കൂട്ടി വാ,' അദ്ദേഹം പറഞ്ഞു.
പിന്നെയും എന്തൊക്കെയോ കാര്യങ്ങള്‍ ഗംഗാധരന്‍ പറഞ്ഞു. ഒന്നും ഞാന്‍ കേട്ടില്ല. ഫോണ്‍ കട്ടായപ്പോള്‍ മനസ്സില്‍ ഒരു ചോദ്യം മിന്നി: 'ഇനി എനിക്ക് എത്രകാലം?'
വീട്ടില്‍ വിളിച്ച് മകനോട് രാവിലെ വണ്ടിയുമായി എറണാകുളത്ത് എത്താന്‍ പറഞ്ഞു, ഞാനുമെത്താം.
ഷൂട്ടിങ് തുടര്‍ന്നു. ഞാന്‍ വീണ്ടും പള്ളീലച്ചനായി.
മലമ്പ്രദേശമായതുകൊണ്ട് ഒരു പഴയ ഡിസ്‌പെന്‍സറിയിലായിരുന്നു ഞങ്ങള്‍ക്ക് മേക്കപ്പിനും മറ്റും സൗകര്യം ചെയ്തിരുന്നത്. ഒരു സീന്‍കൂടി എടുത്താല്‍ കഴിഞ്ഞു എന്ന് സംവിധായകന്‍ പറഞ്ഞു. പുതിയ ആളായതുകൊണ്ട് നിര്‍ബന്ധിക്കാന്‍ പറ്റില്ല.
അന്ന് എന്തോ എനിക്ക് ഇടയ്ക്കിടെ ബാത്ത്‌റൂമില്‍ പോകാന്‍ തോന്നി. നാലു കിലോമീറ്റര്‍ അപ്പുറത്ത് ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് പോണം. ഒന്നിലധികം തവണ ഞാന്‍ അവിടെപ്പോയി. ഒരു തവണ ചെന്നപ്പോള്‍ നിര്‍മാതാവും മറ്റു ചിലരും ചേര്‍ന്ന് മുറ്റത്തിരുന്ന് മദ്യം കഴിക്കുന്നു.
'കൂടുന്നോ?' അവരിലാരോ ചോദിച്ചു.
'ഷൂട്ടിങ് കഴിഞ്ഞില്ല,' ഒരു വിളറിയ ചിരിയോടെ ഞാന്‍ പറഞ്ഞു. അവര്‍ അതുകേട്ട് ചിരിച്ചു.
തമാശ അഭിനയിക്കുന്നവര്‍ക്ക് വലിയൊരു ഗതികേടുണ്ട്. ജീവിതത്തിലും ഒരുനിമിഷം അവര്‍ ചിരിക്കാതിരിക്കുന്നത് മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കില്ല. എന്തെങ്കിലും നേരമ്പോക്ക് പറഞ്ഞുകൊണ്ടേയിരിക്കണം. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും നമ്മില്‍നിന്ന് ജനങ്ങള്‍ നര്‍മം പ്രതീക്ഷിക്കുന്നു. നമ്മുടെ മാനസികാവസ്ഥ ഒരു വിഷയമേ അല്ല.
ഒരു നിമിഷം മിണ്ടാതിരുന്നപ്പോള്‍ നടി അനന്യ വന്നു ചോദിച്ചു:
'അങ്കിള്‍, അങ്കിളിനെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ?'
'ഇല്ല, ഒന്നുമില്ല,' ഞാന്‍ അവളോട് തീര്‍ത്തുപറഞ്ഞു. തേയിലത്തൊഴിലാളികളുടെ കുട്ടികള്‍ വന്ന് ഓട്ടോഗ്രാഫ് വാങ്ങി, ആരൊക്കെയോ ഒപ്പം നിന്ന് ഫോട്ടോയെടുത്തു. എനിക്കുചുറ്റും എല്ലാവരും ചിരിച്ചുകൊണ്ടേയിരുന്നു. ഞാന്‍ മാത്രം ചിരിക്കും സങ്കടത്തിനുമിടയിലെ ഏതോ ഇടനാഴിയില്‍ കുരുങ്ങിനിന്നു.
'സാര്‍, ലൈറ്റ് പോകാറായി' സംവിധായകന്‍ വീണ്ടും വന്ന് പറഞ്ഞു.
'അതെ, വെളിച്ചം അണയാറായി. അതിനുമുന്‍പ് ജോലി തീര്‍ക്കണം.' ഞാന്‍ ഡയലോഗ് കൊണ്ടുവരാന്‍ പറഞ്ഞു. വീട് മറന്നു, ഗംഗാധരനെ മറന്നു, ബയോപ്‌സി മറന്നു, ആസ്​പത്രി മറന്നു. എനിക്ക് ഈ സീന്‍ എത്രയും വേഗം തീര്‍ക്കണം...

ഷൂട്ടിങ് തീരുമ്പോഴേക്കും രാത്രിയായി. തിരിച്ച് താമസസ്ഥലത്തേക്കു പോകുമ്പോള്‍ മഞ്ഞും ഇരുട്ടും കുഴഞ്ഞുനില്ക്കുന്നതിനിടയില്‍ മങ്ങിക്കാണുന്ന മലയുടെ രൂപങ്ങളിലേക്കു നോക്കി ഞാനിരുന്നു. എനിക്കൊപ്പം എന്റെ അമ്മായിയുടെ മകനായ വിന്‍സെന്റ് വെള്ളാനിക്കാരനുമുണ്ടായിരുന്നു. അവനുവേണ്ടി ഞാന്‍ അല്പം മദ്യം കരുതിയിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞതിനുശേഷം ഞാന്‍ ഉറങ്ങാനായി ഒരു ഗുളിക കഴിക്കുന്നുണ്ട്. അത് കഴിച്ചു. വീട്ടിലേക്ക് വിളിച്ചു. എല്ലാവരുടെയും ശബ്ദം താണിരിക്കുന്നു. ആലീസിന്റെ ശബ്ദത്തില്‍ നിറയെ തേങ്ങലുകള്‍. കുഴപ്പമൊന്നുമില്ല എന്നാണ് ഗംഗാധരന്‍ പറഞ്ഞത് എന്നുപറഞ്ഞ് ഞാന്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പറയുന്ന എനിക്കും കേള്‍ക്കുന്ന അവര്‍ക്കുമറിയാമായിരുന്നു കുഴപ്പമുണ്ട് എന്ന്. അതുകൊണ്ട് വാക്കുകള്‍ക്ക് ഞങ്ങള്‍ക്കിടയില്‍ അര്‍ഥമില്ലാതായി.

അന്നു രാത്രി ഞാന്‍ ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമിടയിലെ ഏതോ അവസ്ഥയിലായിരുന്നു. പുറത്ത് ആര്‍ത്തലച്ച് മഴ ചെയ്യുമ്പോഴും ഞാന്‍ വിയര്‍ത്തുകൊണ്ടേയിരുന്നു...

പിറ്റേന്ന് രാവിലെ കുളിച്ച് ഞാന്‍ കുട്ടിക്കാനത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. റോഡെല്ലാം മഴനനഞ്ഞുകിടക്കുന്നു. സാധാരണ യാത്രചെയ്യുമ്പോള്‍ ഞാന്‍ വണ്ടിയുടെ ഗതി നോക്കാറുണ്ട്. ഡ്രൈവറെ ശ്രദ്ധിക്കും. ആക്‌സിലറേറ്ററും ബ്രേക്കും ചവിട്ടുന്നത് ശ്രദ്ധിക്കും. എന്നാല്‍ ആ യാത്രയില്‍ ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല. പുറത്തെ കാഴ്ചകളിലേക്ക് വെറുതേ നോക്കിയിരുന്നു. പക്ഷേ, ഒന്നും ഞാന്‍ കണ്ടില്ല. മനുഷ്യന്റെ കണ്ണല്ല, മനസ്സാണ് എല്ലാം കാണുന്നത് എന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്.

പെട്ടെന്ന് മരം കയറ്റിയ ഒരു ലോറി എന്റെ വണ്ടിയെ ഉരസിക്കടന്നുപോയി. വണ്ടി ഉലഞ്ഞു. ഡ്രൈവര്‍ ഞെട്ടിത്തിരിഞ്ഞ് എന്നെ നോക്കി. 'എന്റെ തെറ്റല്ല, ലോറിഡ്രൈവറുടേതാണ്' എന്നാണ് ആ നോട്ടത്തിലൂടെ പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ യാതൊരു ഭാവവുമില്ലാതെ ഇരുന്ന എന്റെ മുഖം കണ്ട് അയാള്‍ അന്തംവിട്ടുപോയി. മരണട്ടിക്കറ്റ് എടുത്തിരിക്കുന്നയാളാണ് ഞാന്‍ എന്ന കാര്യം അയാള്‍ക്കറിയില്ലല്ലോ. അത് ഇപ്പോളായാല്‍ എന്ത്, അല്പം കഴിഞ്ഞിട്ടായാല്‍ എന്ത്?

പത്തുമണിയാവുമ്പോഴേക്കും ഞങ്ങള്‍ വൈറ്റ്‌ഫോര്‍ട്ട് ഹോട്ടലില്‍ എത്തി. മകന്‍ എത്തിയിട്ടില്ല. സത്യന്‍ അന്തിക്കാട് അന്ന് അവിടെയുണ്ടായിരുന്നു. ഞാന്‍ സത്യന്റെ മുറിയില്‍പ്പോയി. ഒരു ചായ വേണം എന്ന് പറഞ്ഞു. സത്യന്‍ ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തു. ഞാന്‍ സത്യന് മുഖാമുഖം ഇരുന്നു. എത്രയോ കാലങ്ങളായി ഒറ്റ സിനിമപോലും ഒഴിവാക്കാതെ എന്റെ മുഖത്ത് ക്യാമറ വെക്കുന്നയാളാണ് സത്യന്‍. എന്റെ മുഖത്തെ ഒരു, പേശി മുറുകുകയോ അയയുകയോ ചെയ്താല്‍ അയാള്‍ക്ക് മനസ്സിലാവും. കുറച്ചുനേരം ഞങ്ങള്‍ മിണ്ടാതിരുന്നു. സത്യന്‍ എന്നെത്തന്നെ സൂക്ഷിച്ചുനോക്കി.

'ഡോക്ടറെ കാണാന്‍ പോകുകയാണോ?' വെറുതെ, ആ മരവിപ്പ് മുറിക്കാന്‍ സത്യന്‍ ചോദിച്ചു. എന്നാല്‍ ചോദ്യത്തിനല്ല ഞാന്‍ മറുപടി പറഞ്ഞത്.

'സത്യാ, എന്റെ മകന്റെ കുട്ടികള്‍ പതിനേഴ് വയസ്സും കടന്ന് വളരുന്നത് കാണണം എന്നൊരു മോഹം എനിക്കുണ്ടായിരുന്നു. അതിന് ദൈവം സമ്മതിക്കില്ലാന്നാ തോന്നണേ.'സത്യന്‍ ഒന്നും മിണ്ടിയില്ല.
'ചായ പറഞ്ഞിട്ട് വന്നില്ലല്ലോ ഇന്നസെന്റേ...'
അയാള്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു.
ചായ വന്നു. ഒരിറക്ക് കഴിഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു.

'കൊഴപ്പം ആണെടോ.' അത് പറഞ്ഞതോടെ ഞാന്‍ കരഞ്ഞുപോയി, സത്യന്റെ കണ്ണും നിറഞ്ഞു. ഞാന്‍ എന്റെ കൈയിലെ പഴയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ ഫയല്‍ കിടക്കയിലേക്കിട്ടു. സത്യന്‍ എന്നെ ഇങ്ങനെ ഒരവസ്ഥയില്‍ കണ്ടിട്ടില്ല.'ഒന്നും ഉണ്ടാവില്ല, ഒന്നും ഉണ്ടാവില്ല, ഞാനല്ലേ പറയുന്നത്, ഇന്നസെന്റ് പോയിവാ.' സത്യന്‍ മുറിഞ്ഞു മുറിഞ്ഞു പോകുന്ന വാക്കുകളില്‍ പറഞ്ഞു. അവ വെറും ആശ്വാസവാക്കുകളാണ് എന്ന് എനിക്കും സത്യനും അറിയാമായിരുന്നു. എന്നിട്ടും അയാള്‍ അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു... 'ഒന്നും ഉണ്ടാവില്ല, ഒന്നും ഉണ്ടാവില്ല, ഞാനല്ലേ പറയുന്നത്...' ആശ്വാസവാക്കുകള്‍ പലപ്പോഴും മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ വെറുതേ പറയും.

കുറച്ചു കഴിയുമ്പോഴേക്കും സോണറ്റ് വന്നു. താഴെ പോര്‍ച്ചില്‍ കാത്തുനില്ക്കുന്നു. അവനെ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി നന്നായി കരഞ്ഞിട്ടുണ്ട് എന്ന്. ജീവിതത്തിലാദ്യമായി എന്നെ കണ്ടപ്പോള്‍ അവന്‍ ചിരിച്ചില്ല. ഒന്നും പറയാതെ ഞാന്‍ വണ്ടിയില്‍ക്കയറി ലേക്‌ഷോര്‍ ആശുപത്രിയിലേക്കു പോയി.

ഗംഗാധരന്റെ മുറി. രണ്ടു നഴ്‌സുമാര്‍ ഉണ്ട്, ലിസി എന്ന് പേരുള്ള മധ്യവയസ്‌കയായ ഒരു ഡോക്ടറും. ഞാന്‍ ഇരുന്നു. സ്വയം എന്തും കേള്‍ക്കാന്‍ കരുത്ത് ഉണ്ടാക്കി. നരപടര്‍ന്ന താടിക്കുള്ളിലെ ഗംഗാധരന്റെ, കാരുണ്യം നിറഞ്ഞ് കവിയുന്ന കണ്ണുകളുടെ ആഴങ്ങളിലേക്ക് ഞാന്‍ നോക്കി. എന്നിട്ട് ചോദിച്ചു:
'പറ, എന്താണ് അവസ്ഥ?'
'ചെറിയ ഒരു പ്രശ്‌നമുണ്ട്, വലിയ കുഴപ്പമുള്ള കാര്യമല്ല.' ഗംഗാധരന്‍ പറഞ്ഞു. ലിംഫോമ എന്ന പേരാണ് പറഞ്ഞത്.
'കാന്‍സര്‍?' ഞാന്‍ ചോദിച്ചു.
'കാന്‍സറിന്റെ വകഭേദങ്ങളിലൊന്ന്.' ഗംഗാധരന്‍ പറഞ്ഞു.
ശരിക്കുള്ള വിധി വന്നു. ഞാന്‍ അല്പനേരം ഒന്നും മിണ്ടിയില്ല. ഉള്ളില്‍ എന്തൊക്കെയോ പൊട്ടിച്ചിതറി.
'ഇത് മാറുമോ?' കരച്ചില്‍ നിറഞ്ഞ സ്വരത്തില്‍ ഞാന്‍ ചോദിച്ചു.
'ചികിത്സിച്ചാല്‍ മാറാവുന്നതേയുള്ളൂ,' ഗംഗാധരന്‍ ഇപ്പോള്‍ വാക്കുകള്‍ അളന്നു തൂക്കിയെടുത്ത് സംസാരിക്കുന്നു.
ഏത് ഡോക്ടറും ഇങ്ങനെയൊക്കെത്തന്നെയാണ് പറയുക. എനിക്കറിയാം. ഗംഗാധരന്‍ എന്നോട് നുണ പറയില്ല. ഞാന്‍ വിശ്വസിച്ചു.
നാലു ദിവസം കഴിഞ്ഞാല്‍ ചില ടെസ്റ്റുകള്‍, സ്‌കാനിങ്ങുകള്‍ ഒക്കെ യുണ്ട്. എന്റെ വിചാരങ്ങള്‍ പിഴച്ചിരിക്കുന്നു. മഹാരോഗങ്ങള്‍ ഇപ്പോള്‍ എന്റേതുകൂടിയാണ്.

പുറത്ത് ഒരുപാട് രോഗികള്‍ ഇരിക്കുന്നു. മുടിവെട്ടിയവര്‍, ശരീരം ശോഷിച്ചവര്‍, കണ്ണില്‍ നിറയെ വിഷാദവും വിടപറച്ചിലിന്റെ ഭാവവും നിറഞ്ഞവര്‍. ഞാന്‍ അവര്‍ക്കിടയിലൂടെ ഉള്ളുലഞ്ഞുകൊണ്ട് നടന്നു. ദിവസങ്ങള്‍ക്കകം ഞാനും ഇവരില്‍ ഒരാളായി ഇങ്ങനെ... ഇവിടെ... ആലോചനകള്‍ എങ്ങോട്ടൊക്കെയോ കെട്ടഴിഞ്ഞ് പായുകയാണ്. അങ്ങനെ സിനിമാനടനും 'അമ്മ' എന്ന താരസംഘടനയുടെ പ്രസിഡന്റുമായ ഞാന്‍ കാന്‍സറിന്റെകൂടി ഉടമസ്ഥനായിരിക്കുന്നു. ഇനി എത്രയും വേഗം വീടെത്തണം.

വണ്ടിയില്‍ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. വിന്‍സന്റും ഉണ്ടായിരുന്നു. ഹോസ്​പിറ്റലില്‍നിന്നിറങ്ങി കുറച്ച് പോന്നപ്പോഴേക്കും നിറയെ സ്ത്രീകള്‍ കയറിയ ഒരു വാഹനം ഞങ്ങള്‍ക്കു പിറകിലെത്തി. ചോറ്റാനിക്കര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരാണ് എന്നു തോന്നുന്നു. വണ്ടിയുടെ മുന്‍സീറ്റില്‍ ഞാനിരിക്കുന്നത് അവര്‍ കണ്ടു. അപ്പോള്‍തന്നെ ചിരി തുടങ്ങി. പലതവണ അവര്‍ ഞങ്ങളുടെ വാഹനത്തിനൊപ്പമെത്തി പെട്ടെന്ന് പിറകിലേക്കു പോയി. എന്നെ കാണുമ്പോഴെല്ലാം അവര്‍ ആര്‍ത്തു ചിരിച്ചു. ഞാന്‍ ഒന്നും മിണ്ടാതെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടി ഒരു ട്രാഫിക് സിഗ്‌നലില്‍ എത്തി. അവരുടെ വണ്ടി ഞങ്ങളുടെ വണ്ടിക്ക് സമാന്തരമായി വന്നു നിന്നു. സ്ത്രീകള്‍ തല പുറത്തേക്കിട്ട് ചിരിച്ചു. 'ഇന്നസെന്റ് ഇന്നസെന്റ്...' 'സിനിമേ കാണുന്നപോലെത്തന്നെ,' ഒരു സ്ത്രീ പറഞ്ഞു. 'സിനിമേക്കാണുന്നതിനേക്കാള്‍ ഭംഗിണ്ട് കാണാന്‍,' - മറ്റൊരു സ്ത്രീ. എല്ലാം ഞാന്‍ കേട്ടു. കണ്ണിന്റെ ഒരു തുമ്പിലൂടെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന സോണറ്റിനെ നോക്കി. അവന്റെ കണ്ണു രണ്ടും നിറഞ്ഞൊഴുകുകയാണ്. ഒരു വശത്ത് സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആര്‍ത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകന്‍. രണ്ടിനും നടുവില്‍ മലയാളത്തിലെ ഹാസ്യതാരമായും മഹാരോഗിയായ അച്ഛനായും ഞാന്‍ ഇരുന്നു.

പെട്ടെന്ന് പച്ചവിളക്കു തെളിഞ്ഞു, ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഉച്ച കഴിഞ്ഞു, വീട്ടിലെത്തുമ്പോള്‍.

(കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകത്തില്‍ നിന്ന്)

'കാന്‍സര്‍ വാര്‍ഡിലെ ചിരി' വാങ്ങാം
Buy 'Laughing Cancer Away'