മനുഷ്യന്‍ ഭാഗികമായി ഭാഷാജീവിയും സംഗീതജീവിയുമാണ്. സംഗീതം മനസ്സിലേക്ക് വീണുകൊണ്ടിരിക്കുന്ന തേന്‍തുള്ളികളാണ് . അദൃശ്യമായ സ്വര്‍ണമാണത്്


കെ.പി. അപ്പന്‍ എന്ന സാഹിത്യവിമര്‍ശകന്‍ ദിവംഗതനായിട്ട് ഡിസംബര്‍ 15-ന് അഞ്ച് വര്‍ഷം തികയുന്നു. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനവുമായി ക്രിസ്മസ് വരികയാണ്. മഞ്ഞുപെയ്യുന്ന ഡിസംബറിലെ രാത്രികളില്‍ 'അശ്വതി'യിലെ മുകളിലത്തെ നിലയിലെ വായനമുറിയുടെ ജനാലകള്‍ തുറന്ന് നക്ഷത്രങ്ങളെ നോക്കിനില്ക്കാന്‍ ഇപ്പോള്‍ അപ്പന്‍സാറില്ല. ഒരിക്കല്‍ അദ്ദേഹം എഴുതി: ''എവിടെ വിവാദത്തിലൂടെ സൃഷ്ടിക്കുന്ന നവോത്ഥാന ധാരകള്‍? എവിടെ എഴുത്തുകാരനുണ്ടായിരുന്ന പ്രവാചക മനസ്സ്? ഏത് ശാപം പേറിയാണ് എഴുത്തുകാരിപ്പോള്‍ വ്യാജ പ്രവാചകരായിത്തീര്‍ന്നിരിക്കുന്നത്?''

അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ ചോദ്യങ്ങളായിത്തന്നെ സാംസ്‌കാരികരംഗത്ത് ഇന്നും നിലനില്ക്കുന്നു; ഏറെ പ്രസക്തിയോടെ.
മുഴക്കംകൊള്ളുന്ന ചോദ്യങ്ങളുടെ ഇന്ദ്രധനുസ്സ് കുലയ്ക്കുന്ന കെ.പി. അപ്പന്‍ എന്ന നിരൂപക പ്രതിഭയെക്കുറിച്ച് നാം ധാരാളം വായിച്ചിട്ടുണ്ട്. എന്നാല്‍, ഈ അനുസ്മരണം അധികമാരും അറിയപ്പെടാതെപോയ അദ്ദേഹത്തിന്റെ മറ്റു ചില സിദ്ധികളെക്കുറിച്ചാണ്.
കെ.പി. അപ്പന്‍ എന്ന സാഹിത്യവിമര്‍ശകന്‍ ഒന്നാന്തരം പത്രപ്രവര്‍ത്തകനും എഡിറ്ററും സംഗീതാസ്വാദകനും ഗായകനുമായിരുന്നു. പത്രപ്രവര്‍ത്തകമനസ്സിന്റെ സാഹസികതയും സഞ്ചാരപഥങ്ങളും അദ്ദേഹത്തിന്റെ എഴുത്തിന് പരഭാഗശോഭ പകര്‍ന്നു. ഇംഗ്ലീഷ് ഉള്‍പ്പെടെ കേരളത്തിലിറങ്ങുന്ന ഒട്ടുമിക്ക പത്രങ്ങളും അവധാനതയോടെ വായിക്കുകയും അവയെ നിരന്തരം പിന്തുടരുകയും ചെയ്തിരുന്നു അദ്ദേഹം. വിദേശപത്രങ്ങളില്‍ പ്രധാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിവരെ സ്വകാര്യസംഭാഷണങ്ങളില്‍ കൊണ്ടുവരുമായിരുന്നു. 'ടൈം' ഉള്‍പ്പെടെയുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ ലേ-ഔട്ട്, എഡിറ്റിങ്, എഡിറ്റോറിയല്‍ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്.
എഡിറ്റിങ്ങിനെക്കുറിച്ച് വ്യക്തമായ ധാരണകളുള്ള മനസ്സായിരുന്നു അപ്പന്‍സാറിന്റേത്. മലയാളത്തിലെ ചില എഴുത്തുകാരുടെ കൃതികള്‍ എഡിറ്റ് ചെയ്തിരുന്നുവെങ്കില്‍ കുറേക്കൂടി ശക്തമാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പി.കെ. ബാലകൃഷ്ണന്റെ പ്രഖ്യാപിതമായ 'കാവ്യകല കുമാരനാശാനിലൂടെ' എന്ന കൃതി അപ്പന്‍സാറിന് പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍, ആ പുസ്തകത്തില്‍ ആവര്‍ത്തിച്ചു വരുന്ന 'പക്ഷേ', 'എങ്കിലും' എന്നീ പദങ്ങള്‍ ഒഴിവാക്കുന്നതടക്കം നല്ല എഡിറ്റിങ് ഉണ്ടായിരുന്നുവെങ്കില്‍ അത് കുറേക്കൂടി കാന്തികശക്തിയുള്ള പുസ്തകമാകുമായിരുന്നു എന്ന് അപ്പന്‍സാര്‍ നിരീക്ഷിച്ചു. കവിതയില്‍ വലിയ റേഞ്ചുള്ള കവിയാണ് സച്ചിദാനന്ദന്‍ എന്നും എന്നാല്‍, അദ്ദേഹത്തിന്റെ ഗദ്യരചനകള്‍ക്ക് എഡിറ്റിങ് ആവശ്യമുണ്ടെന്നും അപ്പന്‍സാര്‍ ഒരിക്കല്‍ പറഞ്ഞു.

എഴുത്തുകാരിലെ ചിലരുടെ ജീവിതങ്ങള്‍ 'എഡിറ്റ്' ചെയ്യപ്പെടാത്തതിനെക്കുറിച്ചും അദ്ദേഹം പറയുമായിരുന്നു. മഹാകവി പി., സുരാസു, ടി.ആര്‍., ജോണ്‍ എബ്രഹാം, എ. അയ്യപ്പന്‍ തുടങ്ങിയവരുടെ ജീവിതം എഡിറ്റ് ചെയ്യപ്പെടാതെ പോയതിനുകാരണം അവരുടെ പ്രതിഭയുടെ സവിശേഷതയായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചട്ടുണ്ട്. അച്ചടിക്കപ്പെടുന്നതിന്റെ ഏതൊന്നിന്റെയും പിന്നില്‍ ശക്തനായ, മികവുറ്റ ഒരു എഡിറ്റര്‍ ഉണ്ടായിരിക്കണമെന്ന് അപ്പന്‍സാര്‍ അടിവരയിട്ടു പറയുമായിരുന്നു.

സംഗീതബോധവും പാടാനുള്ള കഴിവുമാണ് കെ.പി. അപ്പനെ അനുഗ്രഹിച്ച മറ്റൊരു ദൈവീകം. സംഗീതത്തിന്റെ സിരകളുള്ള അപ്പന്‍സാര്‍ ഒരിക്കല്‍പ്പോലും ക്ലാസ്മുറികളില്‍ കവിതകള്‍ ഈണത്തില്‍ ചൊല്ലി പഠിപ്പിച്ചിട്ടില്ല. ഗദ്യശൈലിയില്‍ കവിത ക്ലാസില്‍ പറയുമ്പോള്‍ തന്നെ അത് വിദ്യാര്‍ഥികളുടെ മനസ്സില്‍ ഒരിക്കലും വിട്ടുമാറാത്ത അനുഭവമായി തറഞ്ഞുകിടക്കും. അതായിരുന്നു അപ്പന്‍ സാറിന്റെ കവിതാക്ലാസുകള്‍.

'ഗര്‍ഷോ'മിലെ 'പറയാന്‍ മറന്ന പരിഭവങ്ങള്‍' എന്ന ഗാനം സാറിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. 'ഹര്‍ഷബാഷ്പം തൂകി...', 'ഒന്നിനി ശ്രുതിമീട്ടി പാടുക പൂങ്കുയിലേ...', 'ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍...' തുടങ്ങിയ ഗാനങ്ങള്‍ സാര്‍ മനോഹരമായി പാടുമായിരുന്നു. സംഗീതത്തെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു:

''മനുഷ്യന്‍ ഭാഗികമായി ഭാഷാജീവിയാണ്. ഭാഗികമായി സംഗീതജീവിയാണ്. ബോര്‍ഹസ് പറഞ്ഞതുപോലെ സംഗീതം മനസ്സിലേക്ക് വീണുകൊണ്ടിരിക്കുന്ന തേനിന്റെ തുള്ളികളാണ് . അദൃശ്യമായ സ്വര്‍ണമാണത്്. നല്ല സംഗീതം ആലപിക്കപ്പെടുന്ന കാലമാണ് വലിയകാലം. സ്വാതിതിരുനാളിനെ ആയുധമില്ലാതെ കീഴടക്കിയ കലയാണത്. നാം സംഗീതം ശ്വസിച്ചാണ് ജീവിക്കുന്നത്. അത് എന്നില്‍ മറഞ്ഞിരുന്ന ഹാര്‍മണിയാണ്. എന്റെ എഴുത്തിന്റെ മൂലാനുഭൂതിയാണ്. ഹൈസ്‌കൂളില്‍ പഠിക്കുന്നകാലം ആശാദീപം എന്ന സിനിമയിലെ 'മാരിവില്ലൊളിവീശി വന്നൊരു' എന്ന ഗാനം കേട്ടു. മോഹനരാഗത്തില്‍ ദക്ഷിണാമൂര്‍ത്തി ചിട്ടപ്പെടുത്തിയ ആ ഗാനമാണ് എന്നെ ചലച്ചിത്രഗാനങ്ങളിലേക്ക് കൊണ്ടുവന്നത്''.

ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, രാഘവന്‍, രവീന്ദ്രന്‍, ജോണ്‍സണ്‍, എം.ജി. രാധാകൃഷ്ണന്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടസംഗീതംവിധായകര്‍. ദേവരാജന്‍ മാസ്റ്ററുടെ അഹങ്കാരം അപ്പന്‍ സാറിന് ഇഷ്ടമായിരുന്നു. ദേവരാജന്‍ മാസ്റ്ററെ കണ്ടുമുട്ടിയ സന്ദര്‍ഭം അപ്പന്‍ സാര്‍ ഓര്‍മിക്കുന്നത് ഇങ്ങനെ:
''ഞാന്‍ ചേര്‍ത്തല എസ്.എന്‍. കോളേജില്‍ ജോലി ചെയ്യുന്നകാലം. അവിടെ അടുത്ത് ചാന്ദ്‌നി എന്ന ഒരു ക്ലബ്ബുണ്ട്. വയലാറും എസ്.എല്‍. പുരം സദാനന്ദനുമായിരുന്നു ക്ലബ്ബിലെ പ്രധാനികള്‍. ഒരു ദിവസം ദേവരാജന്‍ അവിടെ വന്നു. വയലാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാനും കൂടെച്ചെന്നു. ദേവരാജന്‍ ആരെയും ശ്രദ്ധിക്കുന്നില്ല. സ്‌നേഹപൂര്‍വമായ ചോദ്യങ്ങള്‍ക്ക് തറുതല പറയുമ്പോലെ മറുപടി. ഒരു കോളേജ് അധ്യാപകന്‍ എന്ന നിലയില്‍ എന്നെ പരിചയപ്പെടുത്തിയെങ്കിലും പരിഗണിച്ചില്ല. ഒരു തരം ശുണ്ഠിയും അഹങ്കാരവും. ഒരു പാട്ടുപാടാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങിയില്ല. അല്പനിമിഷങ്ങള്‍ക്കുശേഷം 'ശകുന്തള' എന്ന സിനിമയിലെ 'പ്രിയതമാ...' എന്ന പാട്ടു പാടാന്‍ തുടങ്ങി. അലൗകികവും മായികവുമായ ഒരുസ്വരലോകത്തില്‍ എത്തിയപോലെ. ദേവരാജന്‍ പാടിയപ്പോള്‍ 'പ്രിയതമാ' എന്ന പദത്തിന് അതുവരെയില്ലാത്ത ഒരു സൗന്ദര്യം കൈവരുന്നപോലെ. അദ്ദേഹത്തിന്റെ ശബ്ദത്തിന് ആഴം കുറവായിരുന്നു. എന്നാല്‍, മാധുര്യമുള്ളൊരു ബലക്ഷയം ആ സ്വരത്തിനുണ്ടായിരുന്നു. വല്ലാത്തൊരു വശീകരണ ശക്തിയും. ഒ.എന്‍.വി.യുടെ 'തുഞ്ചന്‍ പറമ്പിലെ തത്തേ' എന്ന ഗാനം മറ്റൊരു സ്വരത്തിലും ഇത്രമേല്‍ തികവുറ്റതാവുകയില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പുസ്തകങ്ങള്‍ മരിക്കാം. ചരിത്രം മരിക്കാം. പ്രത്യയശാസ്ത്രം മരിക്കാം. എന്നാല്‍, സംഗീതം മരിക്കില്ല എന്നാണെന്റെ വിശ്വാസം.

'ചരിത്രത്തെ അഗാധമാക്കിയ ഗുരു' എന്ന പുസ്തകത്തിലെ ഓരോ അധ്യായത്തിലും സംഗീതത്തിന്റെ ശ്രുതിലയഭാവങ്ങള്‍ അന്തര്‍ധാരയായി ഒഴുകുന്നുണ്ട്. പുസ്തകത്തിന്റെ ആദ്യ അധ്യായത്തിലും അവസാന അധ്യായത്തിലും ശ്രീനാരായണഗുരുവിനെക്കുറിച്ചുപറയുമ്പോള്‍ ഹിന്ദോളരാഗത്തെക്കുറിച്ച് അപ്പന്‍ സാര്‍ സൂചിപ്പിക്കുന്നുണ്ട്.

കൊല്ലത്തെ ആശ്രാമം ഗസ്റ്റ്ഹൗസിലിരുന്ന് ഒരു പകല്‍ മുഴുവന്‍ പാടുകയും പാട്ടുകേള്‍ക്കുകയും വേണമെന്ന് അദ്ദേഹം കൂടെക്കൂടെ പറയുമായിരുന്നു. മനസ്സിനിണങ്ങിയ ഏതാനുംപേര്‍ മാത്രമുള്ള ഒരു സംഗീതസദസ്സ്- അതായിരുന്നു സാറിന്റെ ആഗ്രഹം.
സാറിന്റെയും ഞങ്ങളുടെയും ആഗ്രഹം ബാക്കിവെച്ചിട്ടാണ് മരണത്തിന്റെ ഹിന്ദോളരാഗത്തിലേക്ക് അപ്പന്‍ സാര്‍അലിഞ്ഞുചേര്‍ന്നത്. ഞങ്ങളുടെ ഹൃദയത്തെ കൂടുതല്‍ അഗാധമാക്കിയ അസാധാരണമായൊരു ഗാനമായിരുന്നു ആ ജീവിതം.