കോളേജിലെ രണ്ടാം വര്‍ഷമാണ് ഞാന്‍ ജലാലിനെ കണ്ടുമുട്ടുന്നത്. കോളേജില്‍നിന്നും ബിരുദം നേടിയെങ്കിലും എന്നും രാവിലെയും ഉച്ചയ്ക്കും കാന്റീനിലെത്തുമായിരുന്ന അയാള്‍ക്ക് എന്റെ മേലൊരു കണ്ണുണ്ടായിരുന്നു. ആകര്‍ഷിക്കാന്‍ തക്കവണ്ണമുള്ള എന്തോ ഒരു പ്രത്യേകത അയാള്‍ക്കുണ്ടായിരുന്നു. കത്തിക്കുത്തിലേര്‍പ്പെടുന്ന 'പക്കാമുസല്‍മാന്‍' വര്‍ഗത്തില്‍പ്പെട്ടവനാണ് അയാളെന്നു മുദ്രകുത്തി പെണ്‍കുട്ടികള്‍ അയാളെ ഒഴിവാക്കി. വിലകുറഞ്ഞ, വൃത്തികെട്ട, അക്രമസ്വഭാവമുള്ള, അസാന്മാര്‍ഗികമായ അധമവര്‍ഗത്തില്‍പ്പെട്ട എന്നൊക്കെയുള്ള ധ്വനി ആ 'മുസല്‍മാന്‍' വിളിയില്‍ കലര്‍ന്നിരുന്നു. ഞങ്ങളുടെ ഇഷ്ടപ്പെട്ട മേശയ്ക്കു ചുറ്റും കൂട്ടുകാരികളുമായി സംസാരിച്ചിരിക്കുമ്പോള്‍ എന്നെ ആകര്‍ഷിക്കാനെന്ന മട്ടില്‍ പുഞ്ചിരിച്ചും പൊട്ടിച്ചിരിച്ചും ജലാല്‍ ആ ചുറ്റുപാടിലെവിടെയെങ്കിലും കാണും.
അയാള്‍ക്കെന്നെ ആകര്‍ഷിക്കാനായി. താമസിയാതെ ഞങ്ങളൊന്നിച്ച് കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി.

എന്നെപ്പോലെ ജലാലും വിലക്കുകളില്ലാത്തവനായിരുന്നു. സുഖവാസകേന്ദ്രങ്ങളിലും ചെലവുകുറഞ്ഞ ഹോട്ടലുകളിലും ഞങ്ങള്‍ താമസിച്ചു. ഒരു പകല്‍ മുഴുവന്‍ ഞങ്ങള്‍ കിടക്ക പങ്കിട്ടു. ഞാനയാളെ അത്രകണ്ടു പ്രണയിച്ചു. ഞാനെപ്പോഴും ആഗ്രഹിച്ചിരുന്ന, എനിക്ക് പത്തു കുട്ടികളെ നല്കാന്‍ തയ്യാറുള്ള, സന്തോഷകരമായ ഒരു വീട് നല്കുന്ന, ഒരു ഭര്‍ത്താവായിരുന്നു അയാള്‍. അയാളൊരു മുസ്‌ലിമാണെന്നതോ അയാളുടെയും എന്റെയും കുടുംബങ്ങള്‍ തമ്മില്‍ ഒരിക്കലും യോജിക്കുകയില്ലെന്നതോ എന്നെ അലട്ടുകപോലുമുണ്ടായില്ല. ഞാനയാളെ പ്രണയിച്ചു. അയാളെന്നെയും.

ഏതാണ്ടൊരു വര്‍ഷം മുഴുവന്‍ ഞങ്ങള്‍ കോളേജില്‍ കറങ്ങിനടന്നു. ഞാന്‍ ആദ്യമായി സംഭോഗത്തിലേര്‍പ്പെട്ടയാള്‍ ജലാലായിരുന്നില്ല. പക്ഷേ ഉഭയകക്ഷി സമ്മതത്തോടെയുള്ള രതി ആദ്യമായി നടന്നത് ജലാലുമൊന്നിച്ചായിരുന്നു. അതത്ര വലിയ കാര്യമായി എനിക്കു തോന്നിയില്ല. കുട്ടിക്കാലം മുതലേ ഇതേക്കുറിച്ച് എന്റെ മനസ്സിലൊരു രൂപമുണ്ടായിരുന്നു. ഈ വൈകാരികമായ ആവശ്യത്തിനുവേണ്ടിയാണോ മനുഷ്യന്‍ പരസ്​പരം കലഹിക്കുവാനും പരസ്​പരം കൊല്ലുവാനും തയ്യാറാകുന്നതെന്നോര്‍ത്ത് ഞാനതിശയിച്ചുപോയി. എനിക്ക് സെക്‌സ് ഇഷ്ടമല്ലെന്നോ അതിനോടെനിക്ക് താത്പര്യമില്ലെന്നോ ഇതിനര്‍ഥമില്ല. എനിക്ക് നിരാശ തോന്നുന്നു, അത്രമാത്രം. ജലാല്‍ കിടക്കയില്‍ മോശക്കാരനായിരുന്നില്ല. പക്ഷേ എന്റെ ശരീരത്തിന് ആ അഗ്നി, ആ പ്രകമ്പനം ആ കൊടുങ്കാറ്റ്, ആ മഴവില്ല് ഞാന്‍ പ്രതീക്ഷിക്കുന്ന ഒന്നും അനുഭവപ്പെട്ടില്ല.

എന്തെങ്കിലും കാര്യമായി ചെയ്യാനായി തന്റെ ധനികനായ അമ്മാവന്‍ മരിക്കുന്നതും ആ സ്വത്തുക്കള്‍ തന്റെ അധീനതയില്‍ വന്നുചേരുന്നതും കാത്തിരിക്കുകയായിരുന്നു ജലാല്‍. ഇത്തരം ചിന്താഗതിക്ക് ഞാനെതിരായിരുന്നു. വെറുതെ കാത്തിരുന്ന് സമയം പാഴാക്കാതെ ഉപരിപഠനത്തിനായി അമേരിക്കയിലേക്കു പോകാന്‍ ഞാനയാളെ ഉപദേശിച്ചു. അക്കാര്യം അയാളെ പറഞ്ഞു മനസ്സിലാക്കുവാന്‍ എനിക്ക് മൂന്നുമാസം വേണ്ടിവന്നു. അയാള്‍ പോകുന്നതിന്റെ തലേദിവസം പതിവുപോലെ ഞങ്ങള്‍ കണ്ടുമുട്ടി. പരസ്​പരം കരഞ്ഞു. നിരവധി വാഗ്ദാനങ്ങള്‍ അവ പാലിക്കാമെന്ന ഉദ്ദേശ്യത്തോടെത്തന്നെ കൈമാറി. ഒരു കെട്ടിടത്തിന്റെ മൂന്നാംനിലയും നാലാംനിലയും മേളിക്കുന്ന 'ലാന്‍ഡിങ്ങി'ല്‍ വെച്ച് ഞങ്ങള്‍ മോതിരം മാറി. അമ്മാവന്റെ വാച്ച് കവര്‍ന്നെടുത്ത് അത് പണയപ്പെടുത്തിയാണ് ഞാന്‍ ജലാലിന്റെ വിരലിലണിയിക്കുവാനുള്ള മോതിരം വാങ്ങിയത്. നവരത്‌നങ്ങള്‍ പതിച്ച ഒരു മോതിരമാണ് അയാളെന്റെ വിരലിലണിയിച്ചത്. അതിപ്പോഴും എന്റെ വിരലിലുണ്ട്.

ജലാല്‍ പോയതിനു ശേഷം മൂന്നുദിവസം ഞാന്‍ വീട്ടില്‍ത്തന്നെ താമസിച്ചു. എന്റെ അവസ്ഥ ഞാന്‍ സങ്കല്പിച്ചു. ഞാന്‍ അടുക്കള ജോലികളില്‍ അമ്മയെ സഹായിച്ചു. തുണികള്‍ തയ്ച്ചു. ജലാല്‍ തിരികെ വന്ന് എന്നെ വിവാഹം ചെയ്യുന്നതുവരെയുള്ള രണ്ടുവര്‍ഷം ഞാനിങ്ങനെയൊക്കെ കഴിയുമെന്ന് നിശ്ചയിച്ചു. ഏഴു കടലും കടന്നു പോയ പ്രിയതമനെ കാത്തിരിക്കുന്ന പ്രണയിനിയുടെ വിരഹം ഞാന്‍ ശരിക്കും അനുഭവിച്ചു. മൂന്നു ദിവസം അത്തരം പരിപാടി തുടര്‍ന്നു. എന്റെ പദ്ധതികളില്‍ ജീവിതം ഇടപെട്ടില്ലായിരുന്നെങ്കില്‍ ആ രണ്ടുവര്‍ഷം മുഴുവനും ഞാനത് തുടര്‍ന്നേനെ. ഒരാളുടെ സദുദ്ദേശ്യത്തിന് മുന്നില്‍ എന്തു സംഭവിക്കുമെന്ന് പ്രവചിക്കുവാന്‍ ആര്‍ക്കു സാധിക്കും! എന്റെ അനിയത്തിക്ക് അവളുടെ കൂട്ടുകാരിയുടെ വീട്ടില്‍ കളിക്കാന്‍ പോകണമായിരുന്നു. ഒറ്റയ്ക്കു പോവാന്‍ അവള്‍ക്കു സാധിക്കാത്തതുകൊണ്ട് ഞാന്‍ അവള്‍ക്ക് കൂട്ടുപോയി. ആ വീടിന്റെ ഡോര്‍ബെല്‍ അടിച്ചപ്പോള്‍ 'അകത്തു വരൂ' എന്നൊരു പുരുഷശബ്ദം കേട്ടു. കൈയില്‍ ഒരു പുസ്തകവും വായില്‍ ഒരു പേനയും കടിച്ചുപിടിച്ച് സോഫയില്‍ മലര്‍ന്നുകിടക്കുന്ന ഒരു മനുഷ്യനെയാണ് ഞാന്‍ കണ്ടത്. വളരെ ഉയരമുള്ള മെലിഞ്ഞ ശരീരമുള്ള ആ മനുഷ്യന്‍ സുന്ദരനായിരുന്നു. 'സൂര്യന്‍ രാജകീയ പ്രൗഢിയോടെ ചക്രവാളത്തില്‍ ഉദിച്ചതെങ്ങിനെയെന്നെഴുതുകയായിരുന്നു ഞാന്‍- ഇപ്പോള്‍ ഞാനറിയുന്നു അത് തെറ്റാണെന്ന്' അയാള്‍ പറഞ്ഞു.

'ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു,' പരിഭ്രമിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

'എനിക്കു തെറ്റിയെന്നാണ് ഞാന്‍ പറഞ്ഞത്. കാരണം ഇപ്പോള്‍ മാത്രമാണ് സൂര്യന്‍ ഉദിച്ചിട്ടില്ലെന്ന് എനിക്കു മനസ്സിലാവുന്നത്... ഏറ്റവും കുറഞ്ഞത് ഇതുവരെയെങ്കിലും.' ലജ്ജകൊണ്ടെന്റെ മുഖം തുടുത്തു. അപരിചിതരില്‍നിന്നും, പ്രത്യേകിച്ച് കാണാന്‍ കൊള്ളാവുന്ന അപരിചിതരില്‍നിന്നും അഭിനന്ദനം ലഭിക്കുകയെന്നത് നല്ല അനുഭവമാണ്. 'ഞാനാണവളുടെ വല്ല്യേട്ടന്‍ അനില്‍. അകത്തേക്കു കടന്നിരിക്കൂ. അനിത സിനിമയ്ക്കു പോയിരിക്കുന്നു. നിങ്ങളുടെ അനിയത്തിക്കും ഒരു ടിക്കറ്റ് തന്നിട്ടുണ്ട്. നമുക്കവളെ അവരുടെയടുത്ത് വിട്ടു വരാം. നിങ്ങള്‍ക്കെന്നോടൊപ്പമിരുന്ന് ചായ കുടിക്കാം, എന്റെ കവിതകള്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വായിക്കാം... അല്ല ഞാനിനി എന്റെ കവിതകള്‍ ''രൂപപ്പെടുത്താന്‍'' പോവുകയാണ്,' അയാള്‍ പറഞ്ഞു.

അയാളൊരുപാടു ചിരിച്ചു. അയാള്‍ എല്ലായ്‌പോഴും എന്നെ പൊക്കിയെടുത്തുകൊണ്ടു പോവുന്നതുപോലെയായിരുന്നു. ഇടപെടുവാന്‍ എളുപ്പമുള്ള ഒരു മനുഷ്യനായിരുന്നു അയാള്‍. ഞാന്‍ പെട്ടെന്നുതന്നെ അയാളെ ഇഷ്ടപ്പെട്ടു. ഒരു ഫയര്‍ഫോഴ്‌സ് പൈലറ്റായ അയാള്‍ക്ക് നിരവധി ഗേള്‍ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. അവരെ മുഴുവന്‍ അയാള്‍ പ്രണയിച്ചു. അയാളോടൊപ്പം 'ഡേറ്റിങ്ങിന്' ഞാന്‍ പോവാന്‍ തുടങ്ങി. ഏതെങ്കിലും ഒരു പെണ്‍കുട്ടിയുടെ കൈപിടിച്ച് അവളില്ലാതെ അയാള്‍ക്ക് ജീവിക്കാനാവില്ലെന്ന് ആണയിടുമ്പോള്‍ തന്നെ അയാള്‍ തന്റെ കാലുകള്‍കൊണ്ട് മേശക്കടിയിലൂടെ എന്റെ പുറംകാലില്‍ മൃദുവായമര്‍ത്തി. ഞാനയാളുടെ കവിതകള്‍ വായിച്ച് അതില്‍ തീര്‍ത്തും മുഴുകിപ്പോയപോലെ അഭിനയിച്ചു. ആ സുന്ദരനായ മനുഷ്യനെ നോക്കി പുഞ്ചിരിക്കാതിരിക്കാനെനിക്കായില്ല. അയാള്‍ ആര്‍ക്കും ശല്യം ചെയ്തില്ല. സന്തോഷം നല്കുവാന്‍ മാത്രമാണയാള്‍ ആഗ്രഹിച്ചത്. ഒരു ദിവസംതന്നെ അയാള്‍ അഞ്ചോ ആറോ ഗേള്‍ഫ്രണ്ട്‌സിനെ കണ്ടുമുട്ടി. ഒരുവളോട് പറഞ്ഞതുതന്നെ മറ്റൊരുവളോട് അയാള്‍ ആവര്‍ത്തിച്ചില്ല. ഓരോരുത്തരോടും പറയാന്‍ അയാള്‍ക്ക് വ്യത്യസ്ത കഥകളുണ്ടായിരുന്നു. ഞാനയാളോടൊപ്പം പലയിടത്തും പോയി.

തനി യാഥാസ്ഥിതികനായ ഹൃദയത്തിനുള്ളില്‍ തനി ഒരു 'ബനിയ' ആയ എന്റെ അച്ഛന്‍ ഞങ്ങളെന്തു വസ്ത്രം ധരിക്കണം എവിടെയൊക്കെ പോകണം എന്ന കാര്യത്തില്‍ വളരെ കണിശക്കാരനായിരുന്നു. കോളേജിലേക്ക് 'സ്ലീവ്‌ലെസ്' ബ്ലൗസ് ധരിച്ചു പോകാന്‍ ഞങ്ങള്‍ക്കനുവാദമില്ലായിരുന്നു. (എന്റെ സഹോദരിമാര്‍ സ്ലീവ്‌ലെസ് ബ്ലൗസിനു മീതെ കൈയുള്ള ബ്ലൗസ് ധരിച്ച് അച്ഛനെ കബളിപ്പിച്ചു.) ഏഴരമണിക്ക് തന്നെ ഞങ്ങള്‍ക്ക് വീട്ടിലെത്തിപ്പറ്റേണ്ടിയിരുന്നു. ഒരു മിനിറ്റുപോലും വൈകുവാന്‍ അനുവാദമില്ലായിരുന്നു. രാത്രിയിലെ പാര്‍ട്ടികള്‍ക്കോ ഡിന്നറുകള്‍ക്കോ പോവാന്‍ അനുവാദം ലഭിക്കുന്ന പ്രശ്‌നമില്ലായിരുന്നു. പക്ഷേ, രാത്രിയിലാണ് എല്ലാവരും തമാശയാസ്വദിച്ചത്. ചുറ്റുമുള്ള കര്‍ട്ടന്‍ വലിച്ച് ഇരുട്ടാക്കി രാത്രിയാക്കികൊണ്ടുള്ള പകല്‍ പാര്‍ട്ടികള്‍ എനിക്ക് ധാരാളം അനുഭവമുണ്ടായിരുന്നു. ഒരു രാത്രിയില്‍ എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഒരു പിറന്നാള്‍ പാര്‍ട്ടിക്ക് പോകാനുള്ള അനുവാദം ഞാന്‍ ധൈര്യപൂര്‍വം അച്ഛനോട് ചോദിച്ചു. അദ്ദേഹമതു നിരസിച്ചു. ഞാനത്തരം ചോദ്യം അദ്ദേഹത്തോടു ചോദിക്കാന്‍ ധൈര്യപ്പെട്ടതില്‍ അദ്ദേഹം നടുക്കം കൊണ്ടു. 'നല്ല കുടുംബത്തിലെ പെണ്‍കുട്ടികള്‍ രാത്രിയില്‍ പുറത്തുപോവുകയില്ല. രാവിലെ കണ്ട് ആശംസകള്‍ അര്‍പ്പിക്കുക. എന്തെങ്കിലും സമ്മാനം വാങ്ങണമെങ്കില്‍ അതിനുള്ള പണം ഞാന്‍ നല്കാം.'

ഞാന്‍ ഖിന്നയായി. നല്ല കുടുംബം എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതെന്താണ്? അദ്ദേഹം ശരിക്കും ബനിയ വര്‍ഗത്തില്‍പ്പെട്ടവനായിരുന്നു. എന്നും പ്രഭാതത്തില്‍ അദ്ദേഹം പ്രാര്‍ഥനകള്‍ ഉരുവിട്ടു. പക്ഷേ, രാത്രികളില്‍ അദ്ദേഹം മദ്യപിക്കുമായിരുന്നില്ലേ? അദ്ദേഹം പുകവലിക്കുമായിരുന്നില്ലേ? ക്ലബ്ബുകളില്‍ ചൂതാടുമായിരുന്നില്ലേ? പലപ്പോഴും മദ്യപിച്ച് ലക്കുകെട്ട് വന്ന് അദ്ദേഹം ഭാര്യയെ തല്ലുമായിരുന്നില്ലേ? ബിസിനസ്സില്‍ അദ്ദേഹം ആരെയെങ്കിലും വഞ്ചിച്ചിരുന്നുവോ എന്നറിയില്ല, പക്ഷേ, അദ്ദേഹം അത് ചെയ്യുമെന്നെനിക്കുറപ്പുണ്ട്. (നിങ്ങള്‍ ബിസിനസ്സ് ചെയ്യുകയാണെങ്കില്‍ ചതി അതിനാവശ്യമാണ്. അതാണ് ബിസിനസ്സിലെ ലളിതമായ നിയമം.) അതെല്ലാം ഒരു നല്ല കുടുംബത്തില്‍ പാടുള്ളതാണോ? പകല്‍ ചെയ്യാന്‍ പാടില്ലാത്ത എന്താണ് എനിക്ക് രാത്രി ചെയ്യാനാകുന്നത്? ഞാന്‍ ധൈര്യത്തോടെ ചോദിച്ചു. ഞാനിപ്പോഴും ഓര്‍ക്കുന്ന ഒരടിയായിരുന്നു അതിന് അച്ഛന്റെ പ്രതികരണം. രക്തസമ്മര്‍ദം വര്‍ധിച്ച് മുഖം ചുവന്ന് അച്ഛന്‍ കിതച്ചുകൊണ്ടിരുന്നു. ദേഷ്യംകൊണ്ട് അദ്ദേഹം പറയുന്നത് തിരിയുന്നില്ലായിരുന്നു. ഞാന്‍ അഹംഭാവത്തോടെ, ധൈര്യത്തോടെ അവിടെത്തന്നെ നിന്നു. ഞാന്‍ ചെയ്തത് ശരിയാണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ശരിയാണെന്നുള്ള തോന്നല്‍ എനിക്ക് ഒരു പ്രത്യേക ധൈര്യം നല്കി. 'പറഞ്ഞതുപോലെ മാത്രം ചെയ്താല്‍ മതി,' അച്ഛന്‍ അലറി. എനിക്കപ്പോള്‍ കരയണമെന്നുണ്ടായിരുന്നു. അടിയുടെ വേദനമൂലമോ, എന്തെങ്കിലും ഭീതിമൂലമോ ആയിരുന്നില്ല, ഞാനാഗ്രഹിച്ചത് എനിക്ക് പറയാന്‍ സാധിക്കാത്തതുകൊണ്ടായിരുന്നു അത്. ആകെ ഒരു സഞ്ചാരമായിരുന്നു. അക്കാര്യം തുറന്ന് ചര്‍ച്ച ചെയ്യാന്‍ എനിക്കവസരം ലഭിച്ചാല്‍ അദ്ദേഹത്തിന്റെ വാദം പൊളിയുമെന്നെനിക്കറിയാമായിരുന്നു. 'പക്ഷേ ഡാഡി എനിക്കെന്തേ പുറത്തുപോകാന്‍ പാടില്ല?' ഞാന്‍ ചോദിച്ചു.

'ഞാന്‍ പറയുന്നു. അതുതന്നെ കാരണം. ഇതൊരാജ്ഞയാണ്. ഈ വീട്ടില്‍ താമസിക്കണമെങ്കില്‍ ഞാന്‍ പറയുന്നതുപോലെ ചെയ്യണം. എന്നെ ഇനിയും എതിര്‍ക്കാന്‍ വരരുത്. എന്നോട് തറുതല പറയരുത്. നിന്റെ കാല് ഞാന്‍ തല്ലിയൊടിക്കും.'

പക്ഷേ, അദ്ദേഹം അങ്ങനെയൊക്കെ പറഞ്ഞാലും എനിക്കെന്റേതായ വഴികളുണ്ടായിരുന്നു. എന്റെ കാലില്‍ നീളമുള്ള ചരട് കെട്ടി അതിന്റെ മറ്റേയറ്റം ഞാന്‍ ജനലിലൂടെ പുറത്തേക്കിട്ടു. ഞങ്ങള്‍ രണ്ടാമത്തെ നിലയിലാണ് കഴിഞ്ഞിരുന്നത്. അനിലും അയാളുടെ സ്‌നേഹിതന്‍ രാജേഷും തങ്ങളുടെ ഹെഡ്‌ലൈറ്റ് തെളിയിക്കും, അവര്‍ ചരട് ശക്തിയായി വലിക്കും. എന്റെ കാലിളകുന്നതോടെ ഞാനുണര്‍ന്നെണീക്കും. ഞാന്‍ കിടക്കയില്‍ നിന്നെഴുന്നേറ്റ്, എന്റെ പോമറേനിയന്‍ പട്ടിയെയുമെടുത്ത്, പതുങ്ങിപ്പതുങ്ങി ഗോവണിയിറങ്ങി അവരുടെയൊപ്പം വന്യമായ പാര്‍ട്ടികള്‍ക്കായി പോകുമായിരുന്നു. 'നല്ല മാന്യകളായ' പെണ്‍കുട്ടികള്‍ എത്തിച്ചേരുമ്പോള്‍ ആ പാര്‍ട്ടികളിലേക്ക് ഞാനുമെത്തിച്ചേരും. കൂര്‍ത്ത പൈജാമ ധരിച്ച് രാത്രിയില്‍ എവിടെയെങ്കിലും തങ്ങാന്‍ പാകത്തിലുള്ള വിധമാണ് ഞാന്‍ പാര്‍ട്ടികളിലെത്തിച്ചേരുന്നത്.


രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്ക് എന്തുകൊണ്ടിങ്ങനെ ദുഷ്‌പേര് വരുന്നു എന്ന് ഞാന്‍ അതിശയിച്ചു. അത്തരം വന്യമായ പാര്‍ട്ടികളില്‍വെച്ച് എനിക്ക് ലൈംഗികബന്ധങ്ങളുണ്ടായില്ല. ഞങ്ങള്‍ ധാരാളം ചിരിച്ചു, അമിതവേഗതയില്‍ വണ്ടിയോടിച്ചു, സൂര്യോദയം ആസ്വദിച്ചു. ജീവിതത്തെക്കുറിച്ച് സംസാരിച്ചു. ചുരുക്കത്തില്‍ ഞങ്ങള്‍ സഹോദരങ്ങളെപ്പോലെയായിരുന്നു. മറ്റു സത്രീകളുമായുള്ള തന്റെ സാഹസങ്ങളെക്കുറിച്ച് അനിലും സുഹൃത്തുക്കളും എന്നോടു പറഞ്ഞു. പുറത്തേക്ക് സന്മാര്‍ഗത്തിന്റെ മൂടുപടമണിഞ്ഞ അത്തരം മിടുക്കി പെണ്‍കുട്ടികളുടെ അടക്കിവെച്ച ലൈംഗികതൃഷ്ണയെക്കുറിച്ച് അവര്‍ സംസാരിച്ചു. അത്തരം പെണ്‍കുട്ടികളുടെ ലൈംഗിക സ്വഭാവത്തെക്കുറിച്ചും അവരുടെ പ്രത്യേകതരം പ്രവൃത്തികളെക്കുറിച്ചും കേട്ട് ഞാനമ്പരന്നുപോയി. ഏതു പെണ്‍കുട്ടിയാണ് കിടക്കയില്‍ കഴിവു തെളിയിക്കുന്നവളെന്നും ആര്‍ക്കാണ് വിരല്‍പ്രയോഗം ഇഷ്ടമെന്നും ആരാണ് അധരഭോഗത്തില്‍ കഴിവു തെളിയിച്ചവളെന്നും മുഷ്ടിമൈഥുനത്തില്‍ കഴിവു പ്രകടിപ്പിക്കുന്നവളെന്നും ഞാന്‍ മനസ്സിലാക്കി. അത്തരം പെണ്‍കുട്ടികളുമായി സംസാരിക്കുമ്പോള്‍ അവരുടെ പതുങ്ങിയ സംഭാഷണം കേള്‍ക്കുമ്പോള്‍, അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ മനസ്സിലോര്‍ത്ത് ഞാന്‍ പൊട്ടിച്ചിരിച്ചു. അവരില്‍ ഓരോരുത്തരെയും ആശ്ലേഷിച്ച് ഈ ഉറച്ച ഭാവം മാറ്റി മനസ്സിനെ അയച്ചുവിട് എന്നു പറയാന്‍ എനിക്കു തോന്നി. പക്ഷേ, ഞാനതൊരിക്കലും ചെയ്തില്ല.

ഞാന്‍ പുറത്തുപോകുന്ന കാര്യം ഒരിക്കലും എന്റെ മാതാപിതാക്കള്‍ മനസ്സിലാക്കിയിരുന്നില്ല. അങ്ങനെ ഒരു ദിവസം അച്ഛന്‍ പ്രഭാതത്തില്‍ ചായ കഴിക്കുന്ന നേരത്ത് പതിവിലും വൈകിയാണ് ഞാനെത്തിച്ചേര്‍ന്നത്. ഡോര്‍ ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്ന അച്ഛന്‍ കാണുന്നത് പൈജാമ ധരിച്ച പോമറേനിയന്‍ പട്ടിയുമായി നില്ക്കുന്ന എന്നെയാണ്. 'രാവിലെ ഇത്രയും നേരത്തെ' എന്ന് നിഷ്‌കളങ്കമായി അദ്ദേഹം ചോദിച്ചപ്പോള്‍ ഞാന്‍ സന്തോഷത്തോടെ മന്ദഹസിച്ചുകൊണ്ട് 'പട്ടിയേയുംകൊണ്ട് നടക്കാന്‍ പോയതാണ്, ഏര്‍ലി റ്റു ബെഡ് ഏന്‍ഡ് ഏര്‍ലി റ്റു റൈസ് മേക്ക് യു ഹെല്‍ത്തി, വെല്‍ത്തി, ആന്‍ഡ് വൈസ് എന്ന ആംഗലേയ പ്രമാണം അച്ഛനറിയില്ലേ?' എന്നു ഞാന്‍ ചോദിച്ചു. 'നല്ല കുട്ടി,' അദ്ദേഹം പറഞ്ഞു.

നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്ക്കുന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് എനിക്കതിശയം തോന്നി. നിരവധി തവണ ഞാന്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് തിരികെ വരാറുണ്ടായിരുന്നു. അപ്പോള്‍ റോഡില്‍ കച്ചറ പെറുക്കുന്നവരെയും പാല്‍ക്കാരെയും മദ്യപന്മാരെയും വൈകിവരുന്ന യാത്രക്കാരെയും മാത്രമാണ് ഞാന്‍ കണ്ടത്. ഒരിക്കലും ബുദ്ധിയുള്ള ധനികരായ ആരോഗ്യമുള്ള ആളുകളെ ആരെയും കണ്ടില്ല. അവരെല്ലാം പ്രഭാതസുഷുപ്തിയിലായിരുന്നു.

ഞാനാണ് അയാളുടെ ഏറ്റവും നല്ല ഗേള്‍ഫ്രണ്ടെന്ന് അനില്‍ എന്നോട് പറഞ്ഞു. ഞാനയാളെ വിശ്വസിച്ചു. ഒരുപക്ഷേ, വേറെ നഗരങ്ങളില്‍വെച്ച് വേറെ പെണ്‍കുട്ടികളോട് ഇതുതന്നെയായിരിക്കും അയാള്‍ പറഞ്ഞിരിക്കുക. പക്ഷേ അതിലെന്തു കാര്യം? അതു പറഞ്ഞപ്പോള്‍ പറഞ്ഞതുതന്നെയാണയാള്‍ അര്‍ഥമാക്കിയത്. അയാളുടെ സാമീപ്യം ഞാന്‍ ഗംഭീരമായി ആസ്വദിച്ചു. പക്ഷേ ഇതൊക്കെയാണെങ്കിലും ജലാലിനുള്ള എന്റെ പ്രണയലേഖനങ്ങള്‍ തുടര്‍ന്നു. ജലാലിനോട് അനിലിനെക്കുറിച്ചെഴുതുന്ന പ്രശ്‌നമുദിച്ചില്ല. അങ്ങനെ ചെയ്യാന്‍ എനിക്കൊരിക്കലും തോന്നിയില്ല. എന്റെ ജീവിതത്തിന്റെ ഒരു സ്ഥിരം ഭാഗമായിരുന്നില്ല അനില്‍.

എനിക്കു റാണി എന്നൊരു സ്‌നേഹിതയുണ്ടായിരുന്നു. തന്റെ പപ്പ, ഡിങ്കിയോടും സുന്ദരിയും സുശീലയുമായ തന്റെ രണ്ടാനമ്മ (ഒരു മദാമ്മ)യോടുമൊപ്പം അവള്‍ താമസിച്ചു. സൗമ്യനായ, ഭംഗിയായി വേഷം ധരിച്ച, ബിസിനസ്സുകാരനായ അവളുടെ പപ്പക്ക് ധാരാളം പന്തയക്കുതിരകളുണ്ടായിരുന്നു. കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തേക്ക് അയാള്‍ എന്നെയും റാണിയെയും കൊണ്ടുപോയി, അതേക്കുറിച്ച് ഞങ്ങള്‍ക്ക് ചില കാര്യങ്ങള്‍ പറഞ്ഞുതന്നു. അക്കാര്യത്തില്‍ ഞാനെല്ലായ്‌പോഴും വിജയിച്ചു. ഞാനാ മനുഷ്യനെ ആരാധിച്ചു. അയാള്‍ എനിക്കെന്നും പ്രത്യേകതയുള്ള ഒരാളായിരുന്നു.

ഭാര്യ സ്ഥലത്തില്ലാത്തതുകൊണ്ട് പുറത്തുപോയി ആഹാരം കഴിക്കാന്‍ റാണിയോടൊപ്പമെത്തണമെന്ന് അയാള്‍ എന്നോടു പറഞ്ഞു. അടുത്തദിവസം ഞങ്ങളെ നല്ലൊരു റസ്റ്റോറന്റില്‍ കൊണ്ടുപോയി ആഹാരം വാങ്ങിത്തന്നു. രാത്രിയില്‍ എന്നെ വീട്ടില്‍ കൊണ്ടുവിടണമെന്ന് അയാള്‍ക്ക് നിര്‍ബന്ധം. അദ്ദേഹത്തിന്റെ വിലകൂടിയ കാറിനുള്ളിലിരുന്ന് അദ്ദേഹം ആഹ്ലാദപൂര്‍വം സംസാരിച്ചു. ഞാന്‍ ഇറങ്ങുമ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞു: 'നാളെ ലഞ്ച് നമുക്ക് പുറത്തുനിന്നാകാം. പക്ഷേ ഇതു നിനക്കു മാത്രമാണ്. ഇതിന് റാണിയുണ്ടാകില്ല. അവള്‍ അമ്മയുടെ അടുത്തായിരിക്കും. ടാജില്‍ ലഞ്ചിനുള്ള എന്റെ ക്ഷണം നീ സ്വീകരിക്കുകില്ലേ?' എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ടാജിലെ 'റെന്റ് വൂ'യില്‍ ഒരു ലഞ്ച്. നഗരത്തിലെ ഏറ്റവും ചെലവു കൂടിയ റസ്റ്റോറന്റ് ആണ് ടാജിലെ റെന്റ് വൂ. ഈ സൗമ്യനായ മനുഷ്യന്‍ എന്നെ അവിടേക്കു കൊണ്ടുപോകുമ്പോള്‍ എനിക്കെങ്ങനെ നിരസിക്കാനാകും?ശകലം പരിഭ്രമത്തോടെയാണ് ഞാന്‍ പിറ്റേന്ന് അയാളുമൊത്ത് ടാജിലെത്തിയത്. ഒരു മുതിര്‍ന്ന സ്ത്രീയെപ്പോലെ വേഷം കെട്ടുവാന്‍ ഞാന്‍ പാടുപെട്ടു. ഞാന്‍ സാരിയുടുത്തു. മുടി മുകളിലേക്ക് ഉയര്‍ത്തി കെട്ടിവെച്ചു. സൗമ്യനായ ഒരു വയസ്സന്റെ സാമീപ്യം ഏതൊരു പെണ്‍കുട്ടിക്കും ഹൃദ്യമായിരിക്കുമെന്നു ഞാന്‍ കരുതി. പ്രത്യേകിച്ചും അയാള്‍ നമ്മളെ തന്റെ നിലവാരത്തിലുള്ള വ്യക്തിയായി കരുതുകയും, തന്റെ ആരാധന മറച്ചുവെക്കാതെ പെരുമാറുകയും ചെയ്യുമ്പോള്‍. അയാള്‍ വീഞ്ഞിന് ഓര്‍ഡര്‍ നല്കി. ഞാന്‍ കുറച്ചു മുതിര്‍ന്നപോലെ, പരിഷ്‌കാരിയെപോലെ എനിക്കു തോന്നി. ഞാന്‍ സന്തോഷപൂര്‍വം സാവധാനം വീഞ്ഞ് മൊത്തിക്കുടിച്ച് ഏകദേശം രണ്ടു മണിക്കൂറോളം അയാളുമായി സംഭാഷണത്തിലേര്‍പ്പെട്ടു. ആഹാരം കഴിഞ്ഞതോടെ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. അതു കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്തിനെ കാണുവാനായി ആ സുഹൃത്തിന്റെ വീട്ടിലേക്ക് അയാള്‍ എന്നേയും കൂട്ടി. ഞാന്‍ ശകലം മദ്യപിച്ചിരുന്നുവെങ്കിലും അയാളുടെ മനസ്സിലിരിപ്പെന്തായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. അങ്ങനെയൊന്നും സംഭവിക്കരുതെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് നിരസിക്കാനായില്ല. എനിക്കൊരു ചെറിയ ഭയമുണ്ടായിരുന്നെങ്കിലും അത് വലിയൊരു ഭീതിക്ക് വഴിമാറിയില്ല.

ആ സുഹൃത്തിന്റെ വീട്ടിലെ വലിയ ശയ്യയില്‍നിന്ന് വൈകീട്ട് ഏകദേശം ആറു മണിയോടെയാണ് ഞാനുണരുന്നത്. സംഭവിച്ച കാര്യങ്ങളെക്കുറിച്ചോര്‍ക്കാനെനിക്കു കഴിഞ്ഞു. അതോടെ ഞാന്‍ വിഷാദവതിയായി. ഞാന്‍ പൊട്ടിക്കരഞ്ഞു. ഞാന്‍ കഴിച്ച വീഞ്ഞിന്റെ പരിണതഫലമായിരുന്നു അത്. പക്ഷേ ആ സമയത്ത് ഞാന്‍ വഞ്ചിക്കപ്പെട്ടപോലെ എനിക്കു തോന്നി. ഞാനയാളോട് സംസാരിക്കാന്‍ വിസമ്മതിച്ചു. ഞങ്ങളുടെ വീടിന്റെ തൊട്ടപ്പുറത്തുള്ള സ്ഥലത്ത് കാറില്‍ നിന്നിറങ്ങുമ്പോള്‍ ആകെ തകര്‍ന്നവനായി കാണപ്പെട്ട അയാള്‍ എന്റെ കൈ പിടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: 'എനിക്ക് മാപ്പു തരൂ, ഞാന്‍ ആകെ ലഹരിയിലായിരുന്നു. നിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് എനിക്ക് സ്വയം മാപ്പു നല്കാനാവില്ല.' ഞാന്‍ കാറില്‍നിന്നിറങ്ങിയപ്പോള്‍ അയാള്‍ കാറോടിച്ചുപോയി. എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാനയാളെ വിശ്വസിച്ചു.

പിറ്റേന്നു രാവിലെ ഒരു കൂട നിറയെ പൂക്കള്‍ എന്റെ വീട്ടിലെത്തി. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊന്ന്. അതോടൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു: 'ദയവായി എന്നോടു ക്ഷമിക്കുക. ക്ഷമിക്കുന്നുവെങ്കില്‍ എന്നെ വിളിക്കുക. ഞാന്‍ ആകാംക്ഷയോടെ ഫോണിന്റെയടുത്തുതന്നെയുണ്ട്.' എന്തു ചെയ്യണമെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. ഇത്രയും ലോകപരിചയമുള്ള ഒരു മുതിര്‍ന്ന മനുഷ്യന്‍ ഞാന്‍നിമിത്തം ...പ്പെടുകയാണെന്നാലോചിച്ചപ്പോള്‍ എനിക്കു രസം തോന്നി. ഞാനയാളെ ഫോണില്‍ വിളിച്ചു. അയാള്‍ ഇങ്ങനെ പറഞ്ഞു: 'നീയെനിക്കു ജീവിതം തന്നു. നന്ദി. ആ തെറ്റ് തിരുത്തുന്നതിന് നീയെനിക്കൊരവസരം കൂടി തരുമോ? ഇന്നത്തെ ലഞ്ച് നമുക്കൊരുമിച്ചാവാം.' ഞാന്‍ സമ്മതിച്ചു. ഇത്തവണ രണ്ടു കുപ്പി വീഞ്ഞിനു പുറകെയാണ് പഴയ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടത്.
അതിനുശേഷം എല്ലാ സായാഹ്നങ്ങളിലും അയാളുടെ 'കൂട്ടില്‍' വെച്ച് ഞാനയാളുമായി സംഗമിച്ചു. എന്തുകൊണ്ടാണ് എല്ലാ ദിവസവും ഞാനയാളുമായി സംഗമിച്ചത് എന്നെനിക്കറിയില്ല. ഒരുപക്ഷേ ശീലത്തിന്റെ ഭാഗമായുള്ള ശാരീരിക ആകര്‍ഷണം മൂലമായിരിക്കാം. ലൈംഗികവേഴ്ചയുടെ സമയത്തനുഭവപ്പെടേണ്ട സ്‌ഫോടനങ്ങളോ പ്രകമ്പനങ്ങളോ എനിക്കനുഭവപ്പെട്ടിട്ടില്ല. ഈ സമയത്താണ് എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. വേറൊരിടത്തുപോയി മറ്റൊരു ജീവിതം നയിക്കാനുള്ള വാഞ്ഛ എന്നില്‍ വളര്‍ന്നു. 'എയര്‍ ഇന്ത്യ'യില്‍ ഒരു എയര്‍ഹോസ്റ്റസായി ചേരുവാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ രണ്ട് ഇന്റര്‍വ്യൂവിന് ഹാജരായി. രണ്ടിലും കടന്നുകൂടി. പക്ഷേ, ജോലിയില്‍ പ്രവേശിക്കാന്‍ അച്ഛന്‍ സമ്മതിച്ചില്ല.

കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ ഒരു വശത്ത് ഞാന്‍ മോഡലിങ്ങിലേര്‍പ്പെട്ടിരുന്നു. എന്റെ വീട്ടിലറിയാത്ത ഒരു രഹസ്യമായിരുന്നു അത്. പക്ഷേ, ഒരു ദിവസം ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു പേജില്‍ ഒരു നിശാവസ്ത്രവും ധരിച്ച് ബോംബെ ഡൈയിങ്ങിനുവേണ്ടി ഞാന്‍ പ്രത്യക്ഷപ്പെട്ടു. അച്ഛന്‍ എന്നെ അടുത്തു വിളിച്ച് ശാന്തനായി ചോദിച്ചു: 'എന്താണിത്?' ആ ചിത്രം നോക്കി ഞാന്‍ ഊറിഊറിച്ചിരിച്ചു. 'ദൈവമേ ഈ ചിത്രത്തിലുള്ളവളെ കണ്ടാല്‍ എന്നെപ്പോലെതന്നെയിരിക്കുന്നല്ലോ?' ഞാന്‍ പറഞ്ഞു. അമര്‍ത്തിപ്പിടിച്ച ക്ഷോഭംകൊണ്ട് അച്ഛന്റെ വാക്കുകള്‍ ഇടറി. 'നീയെന്തിനിതു ചെയ്തു? കുടുംബത്തിന്റെ സല്‍പേര് കളയാനാണോ നിന്റെ ഭാവം? ആളുകളെന്തു പറയും? എനിക്കെങ്ങനെ ആളുകളുടെ മുഖത്തു നോക്കാനാവും? എന്തിന്, എന്തിന്, എന്തിന്?' അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു. 'പണത്തിനു വേണ്ടി,' ഞാന്‍ അവസാനം പറഞ്ഞു. 'നിനക്കെന്തിനാണ് പണം? വീട്ടില്‍നിന്ന് നിനക്കാഹാരം കിട്ടുന്നില്ലേ? നിന്റെ കോളേജ് ഫീസ് അടയ്ക്കുന്നില്ലേ, ആവശ്യത്തിനുള്ള വസ്ത്രങ്ങളും യാത്രാക്കൂലിയും നിനക്കു ലഭിക്കുന്നില്ലേ? നിനക്കാവശ്യമുള്ളത്ര പോക്കറ്റ് മണി ഞാന്‍ നല്കുന്നില്ലേ?'
'ഡാഡി, എനിക്ക് ജോലി വേണം. എനിക്ക് സ്വതന്ത്രയായി ജീവിക്കണം.'


'സ്വാതന്ത്ര്യം എന്നതുകൊണ്ട് നീയെന്താണ് ഉദ്ദേശിക്കുന്നത്? തന്നത്താന്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയാല്‍ നിനക്കെന്തു ചെയ്യാനാവും? കൂടുതല്‍ തിന്നാനോ ചിരിക്കാനോ പഠിക്കാനോ കഴിയുമോ? എനിക്കീ അസംബന്ധങ്ങളൊന്നും കേള്‍ക്കേണ്ട. ഇനി നീ മോഡിലിങ്ങിനു പോയെന്നറിഞ്ഞാല്‍ നീ ഈ വീട്ടില്‍നിന്നും പുറത്തായിരിക്കും. മനസ്സിലായോ?'

എനിക്കു മനസ്സിലായി. ഈ വീട്ടില്‍നിന്നും എനിക്ക് പുറത്തു പോകേണ്ടിയിരിക്കുന്നു. പക്ഷേ, എന്റെ രീതിയില്‍ത്തന്നെ ഞാനതു ചെയ്യും.
ഇനിയൊരിക്കലും മോഡലിങ്ങിനു പോവില്ലെന്നു വാക്കുകൊടുക്കുവാന്‍ എന്നോടാവശ്യപ്പെട്ടു. ഞാനപ്രകാരം ചെയ്തു. പക്ഷേ, ആ വാഗ്ദാനം പാലിക്കാന്‍ എനിക്കുദ്ദേശ്യമുണ്ടായിരുന്നില്ല. എങ്ങനെ എനിക്കതിനു കഴിയും. സ്വന്തമായി പണമുണ്ടാക്കുന്നതിന്റെ സുഖം ഞാനറിഞ്ഞിരുന്നു. മോഡലിങ്ങിനുള്ള പുതിയ പുതിയ വാഗ്ദാനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. 'സിഗ്നല്‍' ടൂത്ത്‌പേസ്റ്റ്, നെസ്‌കഫേ മുതലായവയുടെ മോഡലിങ് ഒരു ജോലിയായി ഞാനേറ്റടുത്തതൊന്നുമല്ല. അങ്ങനെ വന്നുചേര്‍ന്നതാണ്. ജെ. വാള്‍ട്ടര്‍ തോംപ്‌സണ്‍ കമ്പനിയുടെ മിസിസ്സ് സ്വാമിനാഥനാണ് എന്നെ മോഡലായി തിരഞ്ഞെടുത്തത്. അതോടെ ധാരാളം അവസരങ്ങള്‍ എന്നെ തേടി വന്നു. മെഹര്‍ മിസ്ത്രി, അനബെല്ല ക്രാഫോര്‍ഡ്, ശോഭ രാജ്യാധ്യക്ഷ (ഇപ്പോള്‍ ശോഭ ഡേ) എന്നിവരായിരുന്നു പരസ്യരംഗത്തെ എന്റെ സമകാലികര്‍. ഞാന്‍ സ്വന്തമായി 'ഫാഷന്‍ ഷോ'കള്‍ ചെയ്യാന്‍ തുടങ്ങിയതോടെ, മുന്‍പൊരിക്കലും ലഭിക്കാത്തത്ര പണം എനിക്കു ലഭിക്കാന്‍ തുടങ്ങി. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു അത്.

(ടൈംപാസ് എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം