22.03.1922
തിരുവനന്തപുരം കോട്ടയ്ക്കകത്തെ രാജവീഥികള്‍ പെരുമ്പറകളാല്‍ മുഖരിതമായി. ഏതു നേരവും പ്രതീക്ഷിച്ചിരുന്നതാണെങ്കിലും പൂര്‍ണവിവരങ്ങള്‍ ലഭിക്കുവാന്‍ പ്രജകള്‍ തെരുവുകളിലിറങ്ങി.
പെരുമ്പറ കൊട്ടുന്നവരെ അനുഗമിച്ചുകൊണ്ട് പഞ്ചസാരവണ്ടികള്‍ നാലു ദിക്കുകളിലേക്കും ഉരുണ്ടുനീങ്ങി.
'മഹാറാണി സേതുപാര്‍വതീഭായി തിരുവയര്‍ വാണിരിക്കുന്നു. ഉത്രാടം തിരുനാളില്‍ ആണ്‍കുഞ്ഞിനു ജന്മം നല്കിയിരിക്കുന്നു.'
അഗ്രഹാരങ്ങളില്‍നിന്നും മന്ദിരങ്ങളില്‍നിന്നും വീഥികളിലെത്തിയവര്‍ക്കെല്ലാം പഞ്ചസാരവിതരണം നടത്തിക്കൊണ്ട് വണ്ടികള്‍ മുന്നോട്ടു നീങ്ങി.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള തേവാരത്ത് കോയിക്കലിനു മുന്നില്‍ ജനം കൂട്ടംകൂടി. കാരണം റാണിമാര്‍ തിരുവയര്‍ ഒഴിയുന്നത് ഇവിടെവെച്ചാണ്. പക്ഷേ, സുന്ദരവിലാസം കൊട്ടാരത്തില്‍ വസിച്ചിരുന്ന ആറ്റിങ്ങല്‍ ഇളയ തമ്പുരാന്‍ മഹാറാണി സേതുപാര്‍വതീഭായി, തിരുവയര്‍ ഒഴിയാന്‍ തൊട്ടടുത്തുള്ള തേവാരത്ത് കോയിക്കല്‍ എത്തുന്നതിനു മുന്‍പേ, എനിക്കു ജന്മം നല്കിക്കഴിഞ്ഞിരുന്നു.
ഒന്നാംനിലയില്‍നിന്നും പതുക്കെ കോവണിയിറങ്ങി മുത്തച്ഛനായ രാജാരവിവര്‍മയുടെ വിഖ്യാതമായ 'ദെയര്‍ കംസ് പപ്പ' ആസ്വദിച്ച് ക്ഷണനേരം നിന്നപ്പോള്‍, പൊടുന്നനെ പ്രസവവേദന തുടങ്ങുകയും സുന്ദരവിലാസം കൊട്ടാരത്തിന്റെ പടിക്കെട്ടില്‍ത്തന്നെ തിരുവയര്‍ ഒഴിയുകയും ചെയ്തു!

പാരമ്പര്യമനുസരിച്ച് തിരുവയര്‍ വാഴുന്ന സമയത്ത് മംഗളധ്വനികളായ പഞ്ചവാദ്യം, നാഗസ്വരം, കുരവ എന്നിവയുണ്ടായിരിക്കണം. പക്ഷേ, ഇതിനൊന്നും കാത്തിരിക്കാതെ ഉത്രാടം നാളില്‍ ഞാന്‍ ഭൂജാതനായി. പില്ക്കാലത്ത് ഏതു കോവണിപ്പടികള്‍ കണ്ടാലും, ഈ സംഭവം എനിക്കോര്‍മവരും.

വിവരമറിഞ്ഞ അമ്മാവന്‍, മഹാരാജാവ് ശ്രീമൂലം തിരുനാള്‍ എന്നെ തൃക്കണ്‍പാര്‍ക്കാനെത്തി. വെള്ളിത്തളികയില്‍ എന്നെ എഴുന്നള്ളിച്ച് മഹാരാജാവിന്റെ മുന്നില്‍ കൊണ്ടുചെന്നപ്പോള്‍ അദ്ദേഹം അഞ്ചു പവന്‍ എന്റെ കുഞ്ഞിക്കൈകളില്‍ വെച്ചുതന്നു. എനിക്കു കിട്ടിയ ആദ്യസമ്മാനം.

തിരുവിതാംകൂര്‍ രാജകുടുംബത്തിന് ഒരു സവിശേഷതയുണ്ട്. പാരമ്പര്യം ഭംഗിയായി കാത്തുസൂക്ഷിക്കും. അതില്‍ എനിക്ക് അഭിമാനമുണ്ട്. ശ്രീപത്മനാഭസ്വാമിക്ഷേത്രമായാലും രാജകുടുംബമായാലും വിവിധ കുടുംബങ്ങള്‍ക്ക് നിശ്ചിതജോലികള്‍ ചെയ്യുവാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഒരു മാറ്റവും വരുന്നില്ല.

ഉദാഹരണത്തിന് ആറ്റിങ്ങല്‍ മാങ്ങോട്ടുവീട്ടിലെ സ്ത്രീകള്‍ക്കാണ് കൊട്ടാരത്തിലെ നവജാതശിശുക്കളെ കുളിപ്പിക്കുവാനുള്ള അവകാശം. എന്നെ, വെള്ളിത്താലത്തിലേന്തി പള്ളിനീരാട്ടിനായി കൊണ്ടുപോയതും അവരാണ്. നീരാട്ടിനു ശേഷം, തേനില്‍ സ്വര്‍ണം ചാലിച്ച് 'ചീറ്റുണ്ടി' നാവില്‍ വീഴ്ത്തി. തുടര്‍ന്ന്, അവിടെ കൂടിയിരുന്ന നമ്പൂതിരിമാര്‍, പരദേശബ്രാഹ്മണര്‍, കുട്ടികള്‍, തമ്പ്രാക്കള്‍, തിരുമുല്പാടന്മാര്‍ എന്നിവര്‍ക്ക് സര്‍വാധികാര്യക്കാര്‍ സര്‍വാണി നല്കി. ഒരു പണമാണ് സര്‍വാണിയായി നല്കിയിരുന്നത്. എന്റെ ജനനത്തെക്കുറിച്ച് നിരവധി കുടുംബങ്ങളെ അറിയിക്കേണ്ടതുണ്ട്. പെരുമ്പടപ്പ് തമ്പുരാന്‍, കോഴിക്കോട് സാമൂതിരി, മാമ്പള്ളി പണ്ടാരത്തില്‍, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, തരണനല്ലൂര്‍ നമ്പൂതിരിപ്പാട്, കോലത്തിരി മൂത്ത തമ്പുരാന്‍, മാവേലിക്കര മൂത്ത തമ്പുരാന്‍, ആലിയക്കോട് കിളിമാനൂര്‍ തിരുവല്ല പാലിയേക്കര മൂത്ത കോയിത്തമ്പുരാന്മാര്‍, കവളപ്പാറ മൂപ്പില്‍ നായര്‍ എന്നിവര്‍ക്കെല്ലാമാണ് വിവരമെത്തിച്ചത്. ജനിച്ച് പന്ത്രണ്ടാംനാള്‍ അമ്മയ്ക്ക് പുണ്യാഹവും എനിക്ക് ജാതകര്‍മവും നടത്തി. എല്ലാ ആചാര- അനുഷ്ഠാനകര്‍മങ്ങളും നടത്തുന്നത് കക്കാട്ടു പോറ്റിയുടെ നേതൃത്വത്തിലാണ്.

ശ്രീപത്മനാഭന് 12 തുലാപ്പായസവും ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാള്‍ക്ക് 100 പണത്തിന് പേയന്‍ പഴവും ആറ്റിങ്ങല്‍ തിരുവാറാട്ടുകാവു ഭഗവതിക്ക് 4 പണത്തിന് ശര്‍ക്കരപ്പായസവും നെയ്‌വിളക്കും വിരാലൂര്‍ കാവില്‍ ഭഗവതിക്ക് 5 പണം ചെലവില്‍ പായസവും ത്രിമധുരവും നെയ്‌വിളക്കും സമര്‍പ്പിച്ചു. ജാതകര്‍മത്തിനു ശേഷം തങ്കവും വയമ്പും തേനില്‍ ചാലിച്ച് എനിക്കു നല്കി.

28-ാം ദിവസം അമ്മമഹാറാണിക്ക് കുളിക്കുവാന്‍ രാമച്ചം, ചന്ദനം, ഇരുവേലി, നല്ലകൊട്ടം, നെല്ലിക്കാത്തോട്, താന്നിക്കത്തോട് എന്നിവ ഉപയോഗിച്ച് വേതുനീര്‍ കാച്ചി. ഇത് തയ്യാറാക്കുന്നവര്‍ക്ക് അരിയും കോപ്പും പ്രത്യേകം നല്കിയിരുന്നു. അന്ന് കിടക്കാന്‍ പുതിയ തൊട്ടില്‍ കിട്ടി. സുഖമായി കിടന്നുറങ്ങാന്‍ ലേഞ്ചി (മൃദുവായ തുണി), മെത്ത, മെത്തവിരി എന്നിവ പ്രത്യേകം തയ്യാറാക്കിയിരുന്നു. ആറ്റിങ്ങല്‍ തോട്ടത്തില്‍ ആശാരിക്കും കുന്നത്ത് ആശാരിക്കുമാണ് തൊട്ടില്‍നിര്‍മാണത്തിന്റെ ചുമതല.

തേവാരത്ത് കോയിക്കലില്‍ നിലവിളക്ക് കത്തിച്ച് നിറപറയൊരുക്കി,
തൊട്ടില്‍ സജ്ജീകരിച്ചിരുന്നു. വര്‍ണാഭമായ സുഗന്ധപുഷ്പങ്ങളാല്‍ തൊട്ടില്‍ അലങ്കരിച്ചിരുന്നു. നിശ്ചിത മുഹൂര്‍ത്തവേളയില്‍ മഹാരാജാവ് എന്നെ കൈയിലെടുത്ത് മാറോടണച്ച് പള്ളിത്തൊട്ടിലില്‍ കിടത്തി. തിരുവാഭരണങ്ങളായി രണ്ടു പൊക്കിള്‍ക്കുഴല്‍, ഒരു അരശീല, രണ്ട് കൈത്തള, രണ്ട് കാല്‍ത്തള എന്നിവ അണിയിച്ചതും അമ്മാവന്‍തന്നെ. പാലില്‍ ചാലിച്ച വയമ്പ് ഒരു തുള്ളി നല്കി, പതിവുപോലെ മംഗളധ്വനികളുടെ അകമ്പടിയോടെ.

അന്‍പത്തിയാറാംദിവസം മുതല്ക്കുമാത്രമാണ് അമ്മയ്ക്ക് മതിലകത്ത് പ്രവേശിക്കാനാകൂ. അമ്മ പള്ളിമേനാവിലാണ് അമ്പലങ്ങളിലേക്ക് എഴുന്നള്ളിയത്. അതൊരു ഘോഷയാത്രയായിരുന്നു. ഹരിക്കാര്‍, കാവല്ക്കാര്‍, വാലാക്കുഴക്കാര്‍, ബാണക്കൊടിക്കാര്‍, തമ്പേര്‍, ചീനക്കുഴക്കാര്‍, നാഗസ്വരക്കാര്‍ എന്നിവരാണ് അകമ്പടിയേകിയത്. മതിലകത്ത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനു പുറമേ, ശ്രീപാദം തേവാരപ്പുര, കൂപക്കര മഠം, വേട്ടയ്‌ക്കൊരുമകന്‍ കോവില്‍, ശ്രീകണ്‌ഠേശ്വരം, വടക്കേത്തെരുവ് നര്‍മദേശ്വരം, പഴവങ്ങാടി ഗണപതിക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി.

അടുത്ത ചടങ്ങ് നാമകരണവും അന്നപ്രാശനവുമാണ്. വിപുലമായ ചടങ്ങായതിനാല്‍, അമ്മാവന്‍ നിരവധി പേര്‍ക്ക് നിനവുകള്‍ അയച്ചു. ഇതിനായി പെരുമ്പടപ്പു തമ്പുരാന്‍, (കൊച്ചി) മാമ്പള്ളി പണ്ടാരത്തില്‍, പന്തളത്ത് തമ്പുരാന്‍ (ചെമ്പഴന്നൂര്‍), ഇടപ്പള്ളി തമ്പുരാന്‍ (ഇളങ്ങള്ളൂര്‍), ചങ്ങനാശ്ശേരി മൂത്തകോയിത്തമ്പുരാന്‍ (ആലിയക്കോട്), കിളിമാനൂര്‍ മൂത്ത കോയിത്തമ്പുരാന്‍, പോറ്റികുടുംബങ്ങളായ കല്ലറ, കരമണ്‍, വളതാണ്ടി, അമുന്തുരുത്തി, കൊക്കാപ്പുറം, മൂവിടം, ഇടയാണം, കറുവല്ലാ മേച്ചേരി, കറുകണ്ണവേങ്ങോട്, കവണശ്ശേരി, ഞാക്കല്‍, എണ്ണശ്ശേരി എന്നിവരും ജ്ഞാനപ്പള്ളി നമ്പൂതിരിയും എത്തി.

ആദ്യവഴിപാട് ശ്രീപത്മനാഭസ്വാമിക്കുതന്നെ-12 തുലാപ്പായസം. തേവാരത്ത് കോയിക്കല്‍ വലിയ ഇടക്കെട്ടില്‍ ഉരല്‍, ഉലക്ക, പഴവിത്തിന്റെ ഉണക്കലരി എന്നിവ തയ്യാറാക്കി വെച്ചിരുന്നു. അരി വേവിച്ച് ഏല്പിക്കുന്ന ചുമതല കൊട്ടാരക്കര കോവിലിട്ടിക്കാണ്. അന്നപ്രാശനത്തിനുള്ള നിവേദ്യം തയ്യാറാക്കാന്‍ വിത്തരിച്ചോറ്, പശുവിന്‍നെയ്യ്, പതിയന്‍ശര്‍ക്കര, ഉണ്ടശര്‍ക്കര, തേന്‍, പഞ്ചസാര, പഴവര്‍ഗങ്ങളായ തേവന്‍കദളി, രസകദളി, കദളി, ഏത്തന്‍, തുളുവന്‍, അണ്ണാന്‍, തച്ചിങ്ങല്‍, ഉറതൈര്, കാച്ചുപ്പ്, നാലുവക പ്രഥമന്‍ എന്നിവ വെള്ളിപ്പാത്രങ്ങളില്‍ നിറച്ചിരുന്നു. അമ്മാവന്‍ എന്നെ മടിയിലിരുത്തി നിവേദ്യം നാവിന്‍തുമ്പില്‍ വെക്കുമ്പോള്‍ മംഗളവാദ്യങ്ങളോടൊപ്പം പീരങ്കിവെടിയും മുഴങ്ങി.
നാമകരണം നടന്നത് കണ്ണാടിത്തളത്തില്‍വെച്ചാണ്. രത്‌നങ്ങള്‍ പതിച്ച കഴുത്തുമോതിരം, അത് കോര്‍ത്തിടാന്‍ സ്വര്‍ണനൂല്‍, ആണിയിടാത്ത സ്വര്‍ണക്കാപ്പ്, പിരിയന്‍ കാല്‍ത്തള, പൂക്കുലക്കണ്ണി അരഞ്ഞാണം എന്നിവ അണിയിച്ച്, പട്ടുടുപ്പിച്ചു. അമ്മാവന്‍ മൂന്നു പ്രാവശ്യം എന്റെ പേര് മെല്ലെ ചെവിയില്‍ പറഞ്ഞു. തുടര്‍ന്നു മറ്റു കുടുംബാംഗങ്ങളും ഇത് ആവര്‍ത്തിച്ചു. നാമകരണത്തിനു ശേഷം കൊച്ചി വലിയതമ്പുരാന്‍, ഇടപ്പള്ളി രാജാവ്, കിളിമാനൂര്‍ കോയിത്തമ്പുരാന്‍, മാമ്പള്ളി പണ്ടാരത്തില്‍ എന്നിവര്‍ എനിക്ക് ആഭരണങ്ങള്‍ നല്കി.

അന്നു രാത്രി അതിഥികള്‍ക്കായി യാത്രകളി നടന്നു. എണ്ണശ്ശേരി പോറ്റി, ജ്ഞാനപ്പള്ളി നമ്പൂതിരി എന്നിവര്‍ പുളിക്കീഴ്, പൊതുവേ, സംഘക്കാരോടു കൂടി നേരത്തേ വന്നുചേര്‍ന്നു. അത്താഴത്തിനു ശേഷം സംഘക്കാര്‍ ഉടുത്തൊരുങ്ങി വലിയ കൊട്ടാരത്തില്‍നിന്നും വഞ്ചിപ്പാട്ട് പാടിക്കൊണ്ട് തേവാരത്ത് കോയിക്കലെത്തി. ആനക്കൊട്ടിലില്‍ സംഘം എത്തിച്ചേര്‍ന്നപ്പോള്‍ മഹാരാജാവ് ഉടവാളോടുകൂടി ഇവരെ എതിരേറ്റു. നടപ്പന്തലിന്റെ പടിഞ്ഞാറു വശം വെച്ചൊരുക്കിയ നിലവിളക്കും നിറപറയും സംഘക്കാര്‍ പ്രദക്ഷിണംവെച്ചു. തുടര്‍ന്ന് മഹാരാജാവും മറ്റു കുടുംബാംഗങ്ങളും സംഘക്കാര്‍ക്ക് 'പട്ട്‌പൊലിവ്' നടത്തി. അടുത്ത ദിവസം രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ സംഘക്കാര്‍ക്ക് 100 പണം വീതം ദക്ഷിണയും 24 പണം വീതം പരദേവതാകാണിക്കയും നല്കി. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കെല്ലാം യാത്രാച്ചെലവും താമസസ്ഥലവും അരിക്കോപ്പ് സമ്മാനങ്ങളും നല്കി.

ഒന്നാമത്തെ ആട്ടത്തിരുനാള്‍ ഏറെ പ്രാധാന്യമുള്ള ദിനമാണ്- പ്രത്യേകിച്ചും തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ. എനിക്ക് ഒരു വയസ്സ് തികയുന്നതിനു മുന്‍പേ കര്‍ണവേധം നടത്തിയിരുന്നു. അന്നേ ദിവസം രാവിലെ മതിലകത്ത് എല്ലാ പ്രതിഷ്ഠകള്‍ക്കും വിശേഷകാണിക്കയും പട്ടും നടയ്ക്കു വെച്ചു. കര്‍ണവേധം നടത്താന്‍ ഒരു കഴഞ്ച് തൂക്കത്തില്‍ തീര്‍ത്ത രണ്ട് വെള്ളിമുള്ള് തയ്യാറാക്കി. ആരാണ് പാരമ്പര്യമായി ഇത് ചെയ്തതെന്ന് അറിവില്ല. കര്‍ണവേധം നടത്തിയത് അച്ഛനാണ്. 1904-ല്‍ പൂരാടം നാള്‍ ആറ്റിങ്ങല്‍ മൂത്ത തമ്പുരാന് കര്‍ണവേധം നടത്തിയത് പിതാവ് കിളിമാനൂര്‍ പൂരം നാള്‍ കോയിത്തമ്പുരാനായിരുന്നു.

ശ്രീപത്മനാഭദാസനായി ജീവിക്കാന്‍ കഴിഞ്ഞത് പൂര്‍വജന്മസുകൃതമായി കരുതുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ ജനിക്കുന്ന രാജകുമാരന്മാരെ, ഒന്നാം ആട്ടപ്പിറന്നാള്‍ ദിവസം ശ്രീപത്മനാഭന്റെ തൃപ്പടിയില്‍ ശ്രീപത്മനാഭാര്‍പ്പണം ചെയ്ത് ശ്രീപത്മനാഭദാസനായി വാഴ്ത്തപ്പെടുന്നു. ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തം. ഒന്നാംവയസ്സില്‍ത്തന്നെ ഇത് ചെയ്യുന്നത്, ശ്രീപത്മനാഭനുമായുള്ള ആത്മീയബന്ധം മനസ്സില്‍ ശക്തമായി വേരുറയ്ക്കാനാണ്. ശ്രീപത്മനാഭദാസനാണെന്ന സങ്കല്പം, ചെയ്യുന്ന ഓരോ പ്രവൃത്തിയിലും ഓര്‍ത്തിരിക്കേണ്ടതായുണ്ട്. അനീതിയും അന്യായവും കര്‍മമണ്ഡലത്തെ സ്​പര്‍ശിക്കാതിരിക്കാന്‍ ഒരു അദൃശ്യ സുരക്ഷിതവലയം അത്യന്താപേക്ഷിതമാണ്.
എന്റെ ഒന്നാംജന്മദിനം കൊല്ലവര്‍ഷം 1098 മീനം 17-ന് ആയിരുന്നു. അന്ന് രാവിലെ അമ്മ എന്നെയും കൂട്ടി പള്ളിമേനാവില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് എഴുന്നള്ളി. രാജോചിതമായ അകമ്പടികളോടുകൂടിയായിരുന്നു അത്. എഴുന്നള്ളുന്ന എല്ലാ ദേവാലയങ്ങളിലും കാണിക്കയും പട്ടും നടയ്ക്കു വെച്ചു. ശ്രീപത്മനാഭസ്വാമിക്ക് 100 പണമായിരുന്നു കാണിക്കയായി സമര്‍പ്പിച്ചത്.

ചെണ്‍പകത്തുംമൂട്‌വഴി, കിഴക്കേ ശീവേലിപ്പുരയും കൊടിമരവും കടന്ന് അഭിശ്രവണമണ്ഡപത്തിലെത്തി. അവിടെ നമസ്‌കരിച്ചത് അമ്മയാണ്. അന്നേരം, ആറ്റിങ്ങല്‍ മൂത്ത തമ്പുരാന്റെ കൈയില്‍ എന്നെ ഏല്പിക്കുകയുണ്ടായി. അമ്മ ചെറുചുറ്റിനകത്ത് എത്തിയപ്പോള്‍ എന്നെ തിരികെ വാങ്ങി. അഭിശ്രവണമണ്ഡപത്തിന്റെ പടിഞ്ഞാറേ നടവഴിയാണ് ചെറുചുറ്റിലെത്തിയത്. അമ്മയും ഞാനും ശ്രീപത്മനാഭനെ വണങ്ങിനിന്നപ്പോള്‍, അകത്തുനിന്നും നമ്പി പോറ്റി ഒരു വെള്ളിത്തട്ടം കൊണ്ടുവന്ന് ഒറ്റക്കല്ലിന്റെ കിഴക്കേ സോപാനപ്പടിയില്‍ വെച്ചു. പിടിപ്പണം വാരിക്കാന്‍ 150 വെള്ളിപ്പണം ഹാജരാക്കിയിരുന്നു. അമ്മ, എന്റെ വലതുകൈ പിടിച്ച് പണം വാരി വെള്ളിത്തട്ടത്തില്‍ സമര്‍പ്പിച്ചു. ഒറ്റക്കല്‍മണ്ഡപത്തില്‍ എഴുന്നള്ളുന്ന സമയം, കാവല്‍കുറുപ്പ് അറിയിക്കുന്നു. ആദ്യം മധ്യഭാഗത്തും രണ്ടാമത് ശിരോഭാഗത്തും മൂന്നാമത് തൃപ്പാദഭാഗത്തും അമ്മ എന്നോടൊപ്പം ശ്രീപത്മനാഭസ്വാമിയെ ഭക്തിപൂര്‍വം വന്ദിച്ചു. വീണ്ടും മധ്യഭാഗത്ത് എഴുന്നള്ളി നിന്നപ്പോള്‍, കാണിക്കയും പട്ടും എന്നെക്കൊണ്ട് സ്​പര്‍ശിപ്പിച്ചു. ഒറ്റക്കല്‍മണ്ഡപത്തിന്റെ മധ്യഭാഗത്ത് പുളിയിലക്കര പരിവട്ടം വിരിച്ചു. അതില്‍ എന്റെ ശിരസ്സ് പടിഞ്ഞാറു വരത്തക്കവണ്ണം പത്മനാഭാര്‍പ്പണമാക്കി മലര്‍ത്തിക്കിടത്തി. കുഴിക്കാട്ട് പോറ്റിയുടെ പക്കല്‍നിന്നും അമ്മ തീര്‍ഥം വാങ്ങി എന്നില്‍ പ്രോക്ഷണം നടത്തി. 'ശ്രീപത്മനാഭദാസന്‍' എന്ന സ്ഥാനം നല്കിയശേഷം, അമ്മ എന്നെ എടുത്തുകൊണ്ട് പടിക്കെട്ടുകള്‍ ഇറങ്ങി. ഇതോടനുബന്ധിച്ച് 9 ദിവസം നീണ്ടുനില്ക്കുന്ന മൃത്യുഞ്ജയഹോമവും മറ്റു നിരവധി ഈശ്വരസേവകളും നടന്നു.

തിരുച്ചെന്തൂര്‍ അമ്പലത്തിലേക്ക് അന്നൊരു ചന്ദനക്കാവടി അയച്ചു. കൂടാതെ വിവിധ ദാനധര്‍മങ്ങളും വിപുലമായ സദ്യയും നടന്നു. ഒന്നാം പിറന്നാളോടനുബന്ധിച്ച് മഹാരാജാവ് ഒരു പതക്കം കോര്‍ത്ത മുത്തുമാലയും ഒരു അരമണിയും ഒരു ജോടി പാദസരവും എനിക്കു സമ്മാനിച്ചു.

കളിയും ചിരിയുമായി അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു. അഞ്ചു വയസ്സായപ്പോള്‍ വിദ്യാരംഭം തുടങ്ങി. ഇംഗ്ലീഷ്, പുരാണം, സംസ്‌കൃതം, വ്യാകരണം, സംഗീതം എന്നിവ പഠിക്കേണ്ടതുണ്ട്. ആദ്യകാലങ്ങളില്‍ വെന്നിമല പിഷാരടിമാരാണ് വിദ്യാരംഭം നടത്തിയത്. തിരഞ്ഞെടുത്ത ആചാര്യന്മാര്‍ മുഖേനയായിരുന്നു പിന്നീടുള്ള പള്ളിവായന. എന്റെ പള്ളിവായന നടന്നത് 1104 ചിങ്ങം 25 നായിരുന്നു.

തിരുമാടമ്പ്
ജീവിതത്തിലെ അവിസ്മരണീയമുഹൂര്‍ത്തമായിരുന്നു 'തിരുമാടമ്പ്'. എന്റെ തിരുമാടമ്പ് നടന്നത് 1937 ലാണ്.
വീരോചിതമായ ധനുര്‍വേദം നിര്‍ദേശിക്കുന്ന ക്ഷത്രിയധര്‍മത്തെ പരിരക്ഷിക്കുന്നതിനുള്ള അനുജ്ഞയാണ് തിരുമാടമ്പ്. ഉപനയനത്തോടെ, ഞാന്‍ ഗായത്രീജപത്തിനും വേദപഠനത്തിനും അര്‍ഹനായ ദ്വിജക്ഷത്രിയനായി. ഉപനയനം, ഗായത്രീമന്ത്രോപദേശം, സമാവര്‍ത്തനം എന്നിവ ഉള്‍പ്പെട്ടതാണ് സങ്കീര്‍ണമായ ഈ ചടങ്ങ്. സ്വാതിതിരുനാളിന് 1002 മകരം 7 നും, ഉത്രം തിരുനാളിന് 1005 മേടം 13 നും, ആയില്യം തിരുനാളിന് 1023 ഇടവം 24 നും, വിശാഖം തിരുനാളിന് 1028 കുംഭം 30 നും, മൂലം തിരുനാളിന് 1048 മകരം 22 നും, ചിത്തിര തിരുനാളിന് 1102 മകരം 22 നും തിരുമാടമ്പ് നടന്നു.

ഇതില്‍ സ്വാതിതിരുനാളിന്റെയും ചിത്തിര തിരുനാളിന്റെയും തിരുമാടമ്പുകള്‍ റീജന്‍സി ഭരണകാലത്താണ് നടന്നത്. കക്കാട്ട് പോറ്റിക്കാണ് ചടങ്ങിന്റെ മുഴുവന്‍ ചുമതലയും. കരുപ്പുകോയിക്കലും തേവാരത്ത് കോയിക്കലും വെച്ചാണ് തിരുമാടമ്പ് നടന്നിരുന്നത്.
എന്നാല്‍ ചിത്തിര തിരുനാളിനും എനിക്കും വലിയ കൊട്ടാരത്തില്‍വെച്ചാണ് തിരുമാടമ്പ് നടന്നത്. തീയതി നിശ്ചയിച്ചുകഴിഞ്ഞാല്‍ പള്ളിയന്ദിലാവ് പണി ആരംഭിക്കുന്നതിനും മുഹൂര്‍ത്തക്കാല്‍ നിര്‍ത്തുന്നതിനും, മതിലകത്തും ആറ്റിങ്ങല്‍ തിരുവാറാട്ടുകാവിലും പള്ളിഭജനമിരിക്കുന്നതിനും അപാമാര്‍ജന തിരുമുടിക്കലശം നടത്തുന്നതിനും നവഗ്രഹശാന്തി, ഉപനയനം, സമാവര്‍ത്തനം, പടിയേറ്റം എന്നിവയ്ക്കും മുഹൂര്‍ത്തംകുറിക്കും.

ശ്രീപത്മനാഭസ്വാമിക്ഷേത്രം, കൂപക്കരമഠം, വേട്ടയ്‌ക്കൊരുമകന്‍, ശ്രീകണ്‌ഠേശ്വരം, വലിയശാല മഹാദേവര്‍, തൃപ്പാപ്പൂര്‍ മഹാദേവര്‍, കൊല്ലൂര്‍ അത്തിയറമഠം എന്നീ അമ്പലങ്ങളില്‍ കദളിക്കുലകളും നാളികേരങ്ങളും സമര്‍പ്പിച്ചു.
ഓരോ തിരുമാടമ്പിനും പുതിയ പള്ളിയന്ദിലാവ് (പല്ലക്ക്) പണിയുക പതിവാണ്. എങ്കിലും, ചില സന്ദര്‍ഭങ്ങളില്‍ നിലവിലുള്ളത് ഉപയോഗിച്ചിരുന്നു. 1003- ല്‍ സ്വാതിതിരുനാളിന് പുതിയ പള്ളിയന്ദിലാവ് പണിതില്ല. 1055 ലും 1058 ലും നടന്ന തിരുമാടമ്പുകള്‍ക്ക് ഓരോന്ന് പണിതു. 1062-ല്‍ അശ്വതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഉപയോഗിച്ചത് 1058-ല്‍ തീര്‍ത്ത പല്ലക്കാണ്. എന്നാല്‍ 1100-ല്‍ ചിത്തിര തിരുനാളിന് വലിയ തമ്പുരാന്‍സ്ഥാനം ലഭിച്ചപ്പോള്‍ പണിത പള്ളിയന്ദിലാവാണ്, 1102 ലെ തിരുമാടമ്പിനും തുടര്‍ന്ന് എന്റെ തിരുമാടമ്പിനും ഉപയോഗിച്ചത്.
ചടങ്ങുകള്‍ ആരംഭിക്കുന്നതിനു മുന്‍പ് മുഹൂര്‍ത്തക്കാല്‍ നിര്‍ത്തണം. ഇത് പന്തല്‍ കെട്ടുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ തെക്കുപടിഞ്ഞാറ് മൂലയിലാണ് നിര്‍ത്തുന്നത്. പ്ലാവിന്‍തടിയില്‍ തീര്‍ത്ത പന്തല്‍ക്കാല്‍ ആറ്റിങ്ങല്‍ കുന്നത്ത് ആശാരിയും തോട്ടത്തില്‍ ആശാരിയുമാണ് നിര്‍മിക്കുന്നത്. ഇതില്‍ മാവിന്‍കഴ, പട്ട്, പൂക്കള്‍ എന്നിവകൊണ്ട് അലങ്കരിച്ചിരിക്കും. ലായത്തില്‍നിന്നും കൊണ്ടുവന്ന കൊമ്പനാനയാണ് മുഹൂര്‍ത്തക്കാല്‍ നിര്‍ത്തിയത്.

തിരുമാടമ്പിനു പങ്കെടുക്കുവാന്‍ ചിത്തിര തിരുനാള്‍ നിരവധി മുഖ്യാതിഥികള്‍ക്ക് നിനവുകള്‍ അയച്ചു. അവരില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, ഇടപ്പള്ളി തമ്പുരാന്‍, മാമ്പള്ളി പണ്ടാരത്തില്‍, എണ്ണശ്ശേരി പോറ്റി, ജ്ഞാനപ്പള്ളി നമ്പൂതിരി, കല്ലറ പോറ്റി, കരമണ്‍ പോറ്റി, വളതാണ്ടി പോറ്റി, അമുന്തുരുത്തി പോറ്റി, കൊക്കാപ്പുറം പോറ്റി, ഞാക്കല്‍ പോറ്റി, ഇടയാവണത്തു പോറ്റി, കവണശ്ശേരി പോറ്റി, കറുവല്ലാ മേച്ചേരി പോറ്റി, കറുകണ്ണാവേങ്ങോട്ടു പോറ്റി, മൂവിടത്തു പോറ്റി, പന്തളത്തു തമ്പുരാന്‍, കിളിമാനൂര്‍, ചങ്ങനാശ്ശേരി, തിരുവല്ല പാലിയേക്കര മൂത്ത കോയിത്തമ്പുരാന്‍ എന്നിവര്‍ ഉള്‍പ്പെടും.

തിരുമാടമ്പിനോടു നടക്കുന്ന സുപ്രധാന ചടങ്ങാണ് തിരുമുടിക്കലശം. ചങ്ങനാശ്ശേരി കുമാരമംഗലത്ത് നമ്പൂതിരിപ്പാടാണ് ഇത് നടത്തുന്നത്. പക്ഷേ, ചിത്തിര തിരുനാളിനും എനിക്കും ഇത് നിര്‍വഹിച്ചത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ തന്ത്രികൂടിയായ തരണനല്ലൂര്‍ നമ്പൂതിരിപ്പാടാണ്.

12 ദിവസം നീണ്ടുനിന്ന കലശപ്പൂജ കഴിഞ്ഞ് നാല്പാമരവെള്ളംകൊണ്ട് വിധിപ്രകാരമുള്ള പൂജ നടത്തി അഭിഷേകം ചെയ്തു. ഇതിനെത്തുടര്‍ന്ന്, ശ്രീപത്മനാഭസ്വാമിക്ഷേത്രവും പരിസരപ്രദേശങ്ങളിലെ അമ്പലങ്ങളും സന്ദര്‍ശിച്ചു. അന്നു വൈകുന്നേരം 'മണ്ണുനീരുകോരല്‍' എന്ന ആചാരമാണ് നിര്‍വഹിക്കേണ്ടത്. ഇതിനായി തരണനല്ലൂര്‍ നമ്പൂതിരിപ്പാട് പല്ലക്കില്‍ കയറി, ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെത്തി. ആറ്റിങ്ങല്‍ കരിച്ചിയില്‍ നായര്‍മാരാണ് പല്ലക്ക് ചുമക്കുന്നത്. ഈ ചടങ്ങ് ആരംഭിക്കുന്നതിനു മുന്‍പ് വലിയ കൊട്ടാരത്തില്‍വെച്ച് പൊന്നറ പണിക്കര്‍ ശാര്‍ക്കര ഭഗവതിക്കായി കളംപാട്ട് നടത്തി. തരണനല്ലൂരിനെ വഹിച്ചുകൊണ്ട് പല്ലക്ക് ശ്രീകണ്‌ഠേശ്വരം എത്തുമ്പോഴേക്കും പൊന്നറ പണിക്കര്‍ അവിടെ എത്തി പാട്ടു തുടര്‍ന്നു. ശ്രീകണ്‌ഠേശ്വരം കുളത്തില്‍നിന്ന് വെള്ളിക്കിണ്ടിയില്‍ മൂന്നു പ്രാവശ്യം മണ്ണുനീര്‍ കോരി, ഒരു വെള്ളിക്കലശത്തില്‍ ഒഴിച്ചു. മടങ്ങി കൊട്ടാരത്തിലെത്തുമ്പോള്‍ അഷ്ടമംഗല്യത്തോടുകൂടി കൊട്ടാരക്കര കോയിലിട്ടിമാരും നിറകുടത്തോടെ തേവാരപ്പോറ്റിയും എതിരേറ്റു. മണ്ണുനീര്‍ക്കുടവുമായി വലിയ കെട്ടിനകത്തു കയറി വാതിലടയ്ക്കുമ്പോള്‍, മടങ്ങിയെത്തിയ പൊന്നറ പണിക്കര്‍ 'വാതില്‍ത്തുറപ്പാട്ട്' നന്തുണി മീട്ടി പാടും.

സന്ധ്യയ്ക്കുശേഷം, യാത്രകളിയാണ്.
അടുത്ത ദിവസം, അലക്കിയ പരിവട്ടത്തില്‍ അഷ്ടഗന്ധപ്പുക കാട്ടി തലമുടിയില്‍ ബന്ധിച്ച് മണ്ണുനീര്‍ തളിച്ചു. അമ്മമഹാറാണിയെത്തുടര്‍ന്ന് കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടിയും ഇത് നിര്‍വഹിച്ചു.

തിരുമുടിക്കലശത്തിനായി എഴുന്നള്ളുമ്പോള്‍, മണമ്പൂര്‍ ഗ്രാമജനങ്ങള്‍ പട്ടുവിതാനം പിടിച്ചു. കിഴക്കു നോക്കി പള്ളിപ്പലകയിലിരുന്നപ്പോള്‍ കലശാഭിഷേകം നടത്തി. പരിവട്ടം മാറിയശേഷം, ചൗളക്രിയ തുടങ്ങി. ഇതിനുവേണ്ട ഉപകരണങ്ങള്‍ കൊണ്ടുവരേണ്ടത് ആറ്റിങ്ങല്‍ ആനൂര്‍ പ്രാണോപകാരിയാണ്. മാങ്ങോട്ടും കണ്ണങ്കരയും വീടുകളിലെ സ്ത്രീകള്‍ മുല്ല അരച്ച് തലമുടിയില്‍ തേച്ചു. നീരാഴിയില്‍ ശുദ്ധി വരുത്തി മടങ്ങുമ്പോള്‍ വീണ്ടും പട്ടുവിതാനം പിടിച്ചു. പുണ്യാഹം തളിച്ച് മുന്‍കൂട്ടി ഒരുക്കിവെച്ച ചൂടുവെള്ളം തൊട്ട് മുടിയില്‍ സ്​പര്‍ശിച്ച് നെറുകയില്‍നിന്നും മൂന്നുനാലു രോമങ്ങള്‍ കത്തികൊണ്ട് മുറിച്ച് വെള്ളിത്തളികയില്‍ വെച്ചു. തുടര്‍ന്നുള്ള ചൗളക്രിയ നിര്‍വഹിച്ചത് കളത്രമാരാണ്. വീണ്ടും നീരാഴിയില്‍ കുളികഴിഞ്ഞ് പരിവട്ടം മാറി ഉത്തരീയം ചാര്‍ത്തി കതിര്‍മണ്ഡപത്തിലെത്തിയപ്പോള്‍ ചാര്‍ത്താനുള്ള യജ്ഞോപവീതം വെള്ളിത്താലത്തില്‍ വെച്ചു. ജപിച്ചുവെച്ച പൂണൂല്‍ മന്ത്രോച്ചാരണത്തോടുകൂടി എന്നെ അണിയിച്ചു. തുടര്‍ന്ന്, രാജഭരണത്തിന്റെ ചിഹ്നങ്ങളായ പച്ചത്തൊപ്പിയും ഉടവാളും ചുരികക്കോലും നല്കുന്ന പ്രധാന ചടങ്ങായിരുന്നു. ചുരികക്കോല്‍ തീര്‍ത്തത് ആറ്റിങ്ങല്‍ കുന്നത്ത് ആശാരിയാണ്. ഉടവാള്‍ കമുകറ കുറുപ്പും ചുരികക്കോല്‍ മത്തിക്കോട്ടു കുറുപ്പും എടുത്തുതന്നു. പച്ചത്തൊപ്പി ചിത്തിര തിരുനാള്‍ അണിയിച്ചു. ഇനി, അടുത്തത് പടിയേറ്റമാണ്. ഇതിനായി വലിയ കൊട്ടാരത്തില്‍നിന്നും ചെണ്‍പകത്തുംമൂടുവഴി കിഴക്കേ ശീവേലിപ്പുരയും കൊടിമരവും കടന്ന്, അഭിശ്രവണമണ്ഡപത്തിലെത്തി. അവിടെനിന്ന് ശ്രീപത്മനാഭനെ ദര്‍ശിച്ച ശേഷം, ചെറുചുറ്റില്‍ പ്രവേശിച്ചു.

പടിഞ്ഞാറ് ദര്‍ശനമായി നമസ്‌കരിച്ചേശഷം, ഒറ്റക്കല്‍മണ്ഡപത്തില്‍ കയറി കാണിക്ക അര്‍പ്പിച്ച് വട്ടകപ്രസാദം വാങ്ങി, മറ്റു ദേവന്മാരെ തൊഴുതു വീണ്ടും കൊടിമരത്തിന്‍ചുവട്ടിലെത്തിയപ്പോഴേക്കും നടയ്ക്കിരുത്തേണ്ട കുട്ടിക്കൊമ്പന്‍ കൊടിമരത്തിനു സമീപം സ്ഥാനമുറപ്പിച്ചിരുന്നു. അകത്തേ 'ആനവാള്‍' ആനക്കാരനില്‍നിന്നും തോട്ടി വാങ്ങി എനിക്ക് തന്നു. ഞാനത് 'ആനവാളിന്' മടക്കി നല്കി. പ്രദക്ഷിണമായി നടന്ന് പടിഞ്ഞാറേ നടയിലൂടെ കാഞ്ചീപുരം കൊണ്ടാന്‍മഠം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍, കുട്ടിക്കൊമ്പനും അനുഗമിച്ചു. വടക്കേ നടവഴി പുറത്തിറങ്ങി, ക്ഷേത്രദര്‍ശനമായി നിന്നു. തമ്പിപോറ്റി കുട്ടിക്കൊമ്പന് തീര്‍ഥവും പ്രസാദവും പഴങ്ങളും നല്കി നാമകരണം ചെയ്തു. കാഞ്ചീപുരം അമ്പലത്തില്‍ ഒരു കച്ച വിരിച്ചിരുന്നു. അതിലൂടെ നടന്ന്, തൊഴുത് കണക്കുമണ്ഡപത്തിലെത്തിയപ്പോള്‍, ശാന്തിക്കാര്‍ പ്രസാദവും 'തിരുവാഴി' മോതിരവും നല്കി. വലിയ കൊട്ടാരത്തില്‍ മടങ്ങിയെത്തി ശ്രീചിത്തിര തിരുനാളിനെയും അമ്മമഹാറാണിയെയും സഹോദരി കാര്‍ത്തിക തിരുനാളിനെയും മുഖം കാണിച്ച് നമസ്‌കരിച്ചശേഷം കവടിയാറിലേക്കു മടങ്ങി. വലിയ കൊട്ടാരം, തേവാരത്ത് കോയിക്കല്‍ എന്നിവിടങ്ങളില്‍ വിപുലമായ സദ്യയും വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിനു സമീപം സ്‌കൗട്ടുകള്‍ സംഭാരവിതരണവും നടത്തി.
വൈകുന്നേരം പട്ടണപ്രവേശമാണ്. സകല രാജചിഹ്നങ്ങളോടും അകമ്പടികളോടും ഞാന്‍ പള്ളിയന്ദിലാവിലാണ് എഴുന്നള്ളിയത്.
വിദ്യാഭ്യാസം, പഠനം തിരുവിതാംകൂര്‍ ഭരിച്ചിരുന്നവരും അവരുടെ മുന്‍ഗാമികളും വിദ്യാഭ്യാസം, വിജ്ഞാനം, കല, സംസ്‌കാരം എന്നിവയെ ഹൃദയപൂര്‍വം പ്രോത്സാഹിപ്പിച്ചിരുന്നു.

എട്ടാംശതകംമുതല്‍ തിരുവനന്തപുരം വലിയശാലയില്‍ 'കാന്തളൂര്‍ ശാല' പ്രവര്‍ത്തിച്ചിരുന്നതിന് തെളിവുകളുണ്ട്. 'ദക്ഷിണനളന്ദ' എന്ന ഖ്യാതി നേടിയ ഈ സ്ഥാപനം 95 വിദ്യാര്‍ഥികള്‍ക്ക് സൗജന്യതാമസം, പഠനം, ഭക്ഷണം എന്നിവ നല്കിയതായി രേഖകളുണ്ട്. സമാന്തരമായി തെക്ക് 'പാര്‍ഥിവപുരം ശാല'യും പ്രവര്‍ത്തിച്ചിരുന്നു. ആയ്‌രാജാവായ കോ കരുനന്തടക്കനാണ് ഇവയുടെ സ്ഥാപകന്‍. കലാവാസനയുള്ള നിരവധി ഭരണകര്‍ത്താക്കള്‍ നമുക്കുണ്ടായിരുന്നു. അവരുടെ സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ മലയാള സംഗീതസാഹിത്യശാഖകള്‍ക്കു മുതല്ക്കൂട്ടായി. അവരുടെ പരിരക്ഷയില്‍ എത്രയെത്ര കവികളാണ്, എത്രയെത്ര സംഗീതജ്ഞരാണ് വളര്‍ന്നിട്ടുള്ളത്!!

റീജന്റ് മഹാറാണി ഗൗരിപാര്‍വതീഭായി (1815-29)യാണ് സാര്‍വത്രികവിദ്യാഭ്യാസത്തിനെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചത്. സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നല്‌കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവര്‍ ബോധവതിയായിരുന്നു. ഇന്ന് കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചിട്ടുണ്ടെങ്കില്‍ അതിനു ശക്തമായ അടിത്തറ പാകിയത് ഏകദേശം 200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടം ഭരിച്ചിരുന്ന മഹാറാണി ഗൗരിപാര്‍വതീഭായിയാണെന്ന ചരിത്രസത്യം വിസ്മരിച്ചുകൂടാ. തുടര്‍ന്ന്, അധികാരത്തില്‍ വന്നവര്‍ ആവിഷ്‌കരിച്ച നിരവധി സംരംഭങ്ങള്‍ ഓരോന്നായി ഫലംകണ്ടു. കൃഷി, ആയുര്‍വേദം, സുകുമാരകലകള്‍, സാങ്കേതികവിദ്യാഭ്യാസം എന്നിവയ്‌ക്കെല്ലാം പ്രത്യേകപാഠശാലകള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തുടങ്ങിയിരിക്കുന്നു. തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിച്ചത് ശ്രീചിത്തിര തിരുനാളാണ്.

ഇങ്ങനെ പലതരത്തില്‍ അഭിമാനിക്കാന്‍ വകയുള്ള കുടുംബത്തില്‍ പിറന്ന എനിക്ക് എന്തുകൊണ്ടോ പഠനത്തോട് താത്പര്യമില്ലായിരുന്നു. കായികവിനോദങ്ങള്‍ എന്നെ ആകര്‍ഷിച്ചിരുന്നു. 'ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ!' സ്‌നേഹനിധിയായ അമ്മയും സഹോദരനും ഏതാനും അധ്യാപകരെ നിയമിച്ചു. കവടിയാര്‍ കൊട്ടാരപരിസരത്തുള്ള സ്‌കൂള്‍ഹൗസില്‍ രാവിലെ ഒന്‍പതു മണിക്ക് എത്തണം. ഉച്ചവരെ പഠനം നീളും. പിന്നെ രണ്ടു മണിക്കു തുടങ്ങിയാല്‍ നാലുമണിവരെയും. അതിനുശേഷം കായികപരിശീലനമാണ്. ഓരോ ദിവസവും ഓരോന്ന് കളിക്കും. പഠനത്തില്‍ എന്റെ പുരോഗതിയെക്കുറിച്ച് അധ്യാപകര്‍, അമ്മയ്ക്കും സഹോദരനും അപ്പോഴപ്പോള്‍ റിപ്പോര്‍ട്ട് നല്കും. അതിനാല്‍ അച്ചടക്കം പാലിക്കാതെ വഴിയില്ലായിരുന്നു. പക്ഷേ, പഠനത്തിലേക്ക് എന്റെ ശ്രദ്ധ തിരിച്ചുവിട്ടത് എസ്.എന്‍.യൂര്‍ എന്ന അധ്യാപകനായിരുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്നും എം.എ. ബിരുദമെടുത്ത അദ്ദേഹം, ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിരുന്നു. വളരെ യാദൃച്ഛികമായിട്ടാണ് ചിത്തിര തിരുനാള്‍ ഇദ്ദേഹത്തെ പരിചയപ്പെടുന്നത്. നല്ല അധ്യാപകനെ യൂറില്‍ ദര്‍ശിച്ച മഹാരാജാവ് രണ്ടാമതൊന്ന് ആലോചിച്ചില്ല. ചിത്തിര തിരുനാള്‍ അദ്ദേഹത്തെ തിരുവിതാംകൂറിലേക്കു ക്ഷണിച്ചു. എന്റെ അധ്യാപകനാക്കി. രാജകല്പനയാണ്. പ്രതിഷേധിക്കാന്‍ വകുപ്പുകളൊന്നുമില്ല. അടുത്ത ദിവസം അദ്ദേഹം സ്‌കൂള്‍ ഹൗസില്‍ എത്തി. എന്നെ കണ്ടപ്പോള്‍ മനസ്സിലായിക്കാണണം.
'പഠിത്തത്തില്‍ താത്പര്യമില്ല അല്ലേ?'
'ഇല്ല.' ഞാന്‍ സത്യസന്ധമായ മറുപടി നല്കി.
'വായനയിലോ?'
'ഒട്ടുമില്ല.'
'കായിക ഇനങ്ങളില്‍...'
എന്റെ കണ്ണുകള്‍ വിടര്‍ന്നു. 'എനിക്ക് വളരെ ഇഷ്ടമാണ്.'
'അതെയോ... എന്നാല്‍ നമുക്കൊന്നു കളിച്ചാലോ?'
വീണ്ടും ഞാന്‍ ഞെട്ടി. സ്‌കൂള്‍ ഹൗസില്‍ വെച്ച് കളിക്കാനോ? അതും അധ്യാപകനുമായി. എനിക്കു വിശ്വസിക്കാനായില്ല. ഉള്ളില്‍ സന്തോഷമായിരുന്നു. എങ്കിലും എങ്ങനെ സാധ്യമാകും? ഞാന്‍ റെഡി. ഇദ്ദേഹം സത്യമാണോ പറയുന്നത്?
യൂര്‍ കീശയില്‍നിന്നും ഒരു പന്ത് പുറത്തെടുത്തു. അവിശ്വസനീയം. 'കളിക്കാം...' പന്ത് മേശപ്പുറത്ത് വെച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. അപ്പോള്‍ സത്യത്തില്‍ കളിക്കാന്‍തന്നെയാണ് ഭാവം. ഞങ്ങള്‍ പരസ്​പരം നോക്കി. ഉത്സാഹം എന്റെ മുഖത്തു പ്രകടമായിരുന്നു. പക്ഷേ, അദ്ദേഹം എന്തോ പറഞ്ഞുതുടങ്ങുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി. കൈയില്‍ പന്തുണ്ട്.
'ബാറ്റില്ല... എങ്ങനെ കളിക്കും? ടേബിള്‍ ടെന്നീസ് കളിക്കാന്‍ പന്തുണ്ട്. ബാറ്റും വേണമല്ലോ?' എന്റെ മുഖം വാടി. 'എന്താ ഒരു വഴി?' അദ്ദേഹം ചോദിച്ചു. എനിക്ക് മറുപടിയൊന്നും നല്കാനില്ല. അദ്ദേഹം കൂടെ കൊണ്ടുവന്ന പുസ്തകം ഒരെണ്ണം എന്റെ നേര്‍ക്ക് നീട്ടി. 'തത്കാലം ഇതുപയോഗിച്ച് കളിക്കാം. എന്താ?' ഞാന്‍ ശരിക്കും തല കുലുക്കി. അത്യുത്സാഹത്തോടെ കളിച്ചു. അദ്ദേഹം പരാജയപ്പെട്ടെന്ന് വരുത്തി. വിജയശ്രീലാളിതനായ എന്നെ അടുത്തേക്കു വിളിച്ചു. 'നോക്കൂ... ഇതിന്റെ പുറംചട്ടയ്ക്ക് ഇത്രയും ശക്തിയാണെങ്കില്‍ ഉള്ളടക്കം എങ്ങനെയിരിക്കും?'
കണ്ണു തുറപ്പിക്കുന്ന ഒരു ഉദ്‌ബോധനമായിരുന്നു അത്. പഠിക്കണം. ധാരാളം പഠിക്കണം. അതിനുള്ള ആര്‍ജവം എന്നില്‍ നാമ്പിടുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു. എനിക്ക് കളിക്കാന്‍ തന്ന ബുക്ക് ഓഫ് റസ്തം എന്ന സചിത്രപുസ്തകം തിരികെ വാങ്ങി. പഠനത്തിനു തുടക്കംകുറിച്ചു. അറിവിന്റെ മാസ്മരികലോകത്തേക്ക് എന്നെ കൈപിടിച്ചു നയിച്ച ആ മഹാഗുരുനാഥനെ എങ്ങനെ മറക്കും.
കാലത്തിനനുസൃതമായി വിപ്ലവകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ തിരുവിതാംകൂര്‍ രാജവംശം മടികാണിച്ചിട്ടില്ല. അതുകൊണ്ടാണല്ലോ ക്ഷേത്രപ്രവേശനവിളംബരംപോലുള്ള ചരിത്രപ്രധാനമായ നടപടികള്‍ ഇവിടെ ജന്മംകൊണ്ടത്. 1933-ല്‍ അമ്മമഹാറാണിയും കാര്‍ത്തിക തിരുനാളും വിദേശപര്യടനം നടത്തി. കടല്‍ കടക്കുന്നത് പാപമാണെന്ന വിശ്വാസം പ്രബലമായിരുന്ന കാലമായിരുന്നു. അത് മറികടന്ന് രണ്ടു പേരും യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പുറപ്പെട്ടു. അമ്മ ചിത്തിര തിരുനാളിനോട് പറഞ്ഞു:
'അപ്പന്‍ കുഞ്ഞാണ്...കരയിക്കരുത്. നന്നായി നോക്കണം.'
അവിചാരിതമായി ശ്രീചിത്തിര തിരുനാളിന് സിംല സന്ദര്‍ശിക്കേണ്ടതായി വന്നു. ഞാനും കൂടെ കൂടി. ഒപ്പം യൂറും ഉണ്ടായിരുന്നു. എനിക്ക് ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ളത് ശ്രീചിത്തിര തിരുനാള്‍ തിരിച്ചറിഞ്ഞു. അദ്ദേഹം നല്ലൊരു ഫോട്ടോഗ്രാഫറാണല്ലോ! മഹാരാജാവ് എനിക്ക് ഒരു ലെയ്ക്ക ക്യാമറ സമ്മാനിച്ചു. ദൂരക്കാഴ്ചകള്‍ പകര്‍ത്താന്‍ ടെലി ലെന്‍സ്, കൂടാതെ ഫില്‍റ്റേഴ്‌സ്, വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവ വാങ്ങുവാന്‍ തീരുമാനിച്ചു.
അന്ന് സിംലയില്‍ വൈസ്രോയി, കമാന്‍ഡര്‍-ഇന്‍-ചീഫ് എന്നിവര്‍ക്കു മാത്രമേ കാര്‍ ഉപയോഗിക്കുവാന്‍ അനുവാദമുള്ളൂ. മറ്റുള്ളവര്‍ക്ക് റിക്ഷയില്‍ പോകാം. സാധനങ്ങള്‍ വാങ്ങാന്‍ ഞാനും യൂറും റിക്ഷയില്‍ കയറി. മലമ്പ്രദേശമായതിനാല്‍ ഒരു റിക്ഷ ഓടിക്കാന്‍ നാലുപേര്‍ വേണം. രണ്ടുപേര്‍ മുന്നോട്ടു വലിക്കുമ്പോള്‍, രണ്ടുപേര്‍ തള്ളിക്കൊടുക്കും.
കടയിലെത്തി.
അവശ്യം വേണ്ട സാധനങ്ങള്‍ തിരഞ്ഞെടുത്തു. കടയുടമ യൂറിനെ ആംഗ്യം കാട്ടി വിളിച്ചു. യൂര്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍, കടയുടമ എന്തോ സ്വരം താഴ്ത്തി സംസാരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എനിക്കൊന്നും മനസ്സിലായില്ല.
'വരൂ...നമുക്ക് പോകാം...' യൂര്‍ എന്നോട് പറഞ്ഞു.
'സാധനങ്ങള്‍ വാങ്ങിയില്ലല്ലോ?'
'വേണ്ട...നമുക്ക് വേറെ വാങ്ങാം... പിന്നീട്...'
'എന്തുകൊണ്ട്?' എന്ന എന്റെ ചോദ്യം ചെവിക്കൊള്ളാതെ, എന്റെ കൈപിടിച്ച് അദ്ദേഹം മുന്നോട്ടു നടന്നു. ഞങ്ങള്‍ റിക്ഷയില്‍ കയറി. ഏതാനും നിമിഷങ്ങള്‍ അദ്ദേഹം മൗനമായിരുന്നു. എന്നിട്ട്, ഇങ്ങനെ വിശദീകരിച്ചു:
'ആ കടയുടമ നല്ല മനുഷ്യനല്ല. ആ സാധനങ്ങളെല്ലാം വാങ്ങിപ്പിച്ചാല്‍ എനിക്ക് ഒരു ക്യാമറ പാരിതോഷികമായി തരാമെന്ന് പറഞ്ഞു. അത് തെറ്റാണ്... കൈക്കൂലിയാണ്. കൈക്കൂലി വാങ്ങരുത്, കൊടുക്കരുത്. ജീവിതത്തില്‍ ഒരിക്കലും ഇതിനു വിധേയനാകരുത്. ജീവിതമൂല്യങ്ങള്‍ മുറുകെ പിടിക്കണം, എപ്പോഴും.'
ഗുരു എന്നതിലുപരി, ഞങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനം ആത്മാര്‍ഥത നിറഞ്ഞതായിരുന്നു. കായിക�