മ്മുടെ ഏറ്റവും വലിയ സ്വത്ത് നമ്മുടെ കുട്ടികളാണ്. അവര്‍ വായിച്ചും അറിഞ്ഞും പഠിച്ചും മിടുക്കരായി വളരുക എന്നതാണ് നമ്മുടെ സ്വപ്നം. അവരുടെ വളര്‍ച്ചയില്‍ നിര്‍ണായക ഘടകങ്ങളാണ് പുസ്തകങ്ങള്‍. ഓരോ പുസ്തകവും അവര്‍ക്ക് ഓരോ പാഠപുസ്തകങ്ങളാണ്. അനന്തമായ അറിവാണ് പുസ്തകങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ധാരാളം ബാലസാഹിത്യ പുസ്തകങ്ങള്‍ മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനോടൊപ്പം വിശ്വസാഹിത്യത്തേയും കുട്ടികള്‍ അറിയേണ്ടതുണ്ട്. അവര്‍ക്കായി ചില ലോക ക്ലാസിക്കുകള്‍ പരിചയപ്പെടുത്തുകയാണിവിടെ 

ഗള്ളിവറുടെ യാത്രകള്‍

ഇംഗ്ലീഷ് ഭാഷയിലെ ആക്ഷേപഹാസ്യ കഥാകാരന്‍മാരില്‍ പ്രമുഖനായ ജൊനാതന്‍ സ്വിഫ്റ്റിന്റെ മാസ്റ്റര്‍പീസ് എന്നും ബാലസാഹിത്യ കൃതികളിലെ ക്ലാസിക്ക് എന്നും വിശേഷിപ്പിക്കാവുന്ന കൃതിയാണ് ഗള്ളിവറുടെ യാത്രകള്‍. ആറിഞ്ച് മാത്രം വലിപ്പമുള്ള മനുഷ്യരുടെ നാട്ടില്‍ ചെന്നപ്പോള്‍ അമാനുഷികനും തന്നെക്കാള്‍ വലിപ്പമുള്ളവരുടെ നാട്ടില്‍ ചെന്നപ്പോള്‍ നിസാരനുമായ് മാറേണ്ടിവന്ന ഗള്ളിവറുടെ അനുഭവകഥ കുട്ടികള്‍ക്ക് നല്ലൊരു കാല്പനിക കഥയും മുതിര്‍ന്നവര്‍ക്ക് മികച്ചൊരു ജീവിത ഹാസ്യാനുകരണ ക്ലാസിക്കായും ഇന്നും നിലനില്‍ക്കുന്നു. പത്മകൃഷ്ണമൂര്‍ത്തിയാണ് പുസ്തകം പുനരാഖ്യാനം ചെയ്തിരിക്കുന്നത്. 

പുസ്തകം വാങ്ങാം 

ഒലിവര്‍ ട്വിസ്റ്റ് 

ലോകസാഹിത്യത്തിലെ മികച്ച കൃതികളിലൊന്നായി എക്കാലത്തും പരിഗണിക്കപ്പെടുന്ന പുസ്തകമാണ് ചാള്‍സ് ഡിക്കന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ്. ഒലിവര്‍ ട്വിസ്റ്റ് എന്ന അനാഥ ബാലന്റെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതകഥ കുട്ടികളില്‍ സ്നേഹവും നന്മയും നിറയ്ക്കുന്നു.  എല്ലാവരാലും നിന്ദിക്കപ്പെട്ടവനും അനുകമ്പ പ്രകടിപ്പിക്കാന്‍ ആരുമില്ലാത്തവനുമായ ഒലിവര്‍ ട്വിസ്റ്റിന്റെ ജീവിതം പിന്നെ എങ്ങനെയാണ് മുന്നോട്ടു പോയത്? ഇതാണ് ഒലിവര്‍ ട്വിസ്റ്റ് പറയുന്നത്. പ്രസിദ്ധീകൃതമായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിശ്വസാഹിത്യത്തില്‍ ഒളിമങ്ങാതെ നില്‍ക്കുന്ന പുസ്തകത്തിന്റെ പുനരാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത് ഫാത്തിമ റഹനയാണ്. 

പുസ്തകം വാങ്ങാം 

ടോട്ടോചാന്‍

ടോട്ടോചാന്‍ എന്ന വികൃതിയായ പെണ്‍കുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ കാട്ടിത്തരുന്ന കൃതിയാണ് ടോട്ടോചാന്‍. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാര്‍ഥിയായി ടോട്ടോചാന്‍ ഈ അനുഭവകഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. 

ലോകമെമ്പാടുമുള്ള വായനക്കാര്‍ ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല മുതിര്‍ന്നവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. ജപ്പാനിലെ പ്രശസ്ത ടെലിവിഷന്‍ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വില്‍ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. 

പുസ്തകം വാങ്ങാം 

ദിനോസര്‍ പാര്‍ക്ക്

ഷെര്‍ലക് ഹോംസ് എന്ന ബുദ്ധിശാലിയായ കുറ്റാന്വേഷകനെ സൃഷ്ടിച്ച സര്‍ ആര്‍തര്‍ കോനന്‍ ഡോയ്ലിന്റെ തൂലികയില്‍ നിന്ന് പിറന്ന സൃഷ്ടിയാണ് ദി ലോസ്റ്റ് വേള്‍ഡ്'. ഡോയ്ലിന്റെ തികച്ചും വേറിട്ട ഒരു സൃഷ്ടി. പുസ്തകത്തിന്റെ പുനരാഖ്യാനമാണ് ദിനോസര്‍ പാര്‍ക്ക്. മാതൃഭൂമി ബുക്സ് ചില്‍ഡ്രന്‍സ് ക്ലാസിക് ശ്രേണിയിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പുസ്തകം വാങ്ങാം 

മരങ്ങള്‍ നട്ട മനുഷ്യന്‍

മലഞ്ചെരുവിലെ പാഴ്നിലങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ആ തരിശ് ഭൂമിയെ ഒരു കൊച്ചുവനമാക്കി മാറ്റിയ അസാധാരണ വ്യക്തിത്വത്തിന്റെ കഥ പറയുന്ന പുസ്തകമാണ് ദി മെന്‍ ഗു പ്ലാന്റഡ് ട്രീസ്. എല്‍സിയാര്‍ ബുഫ്യെയുടെ ജീവിതം പറഞ്ഞ കൃതി ലോക സാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായാണ് വിലയിരുത്തുന്നത്. ഒട്ടനവധി ലോക ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്ത ഈ ഫ്രഞ്ച് പരിസ്ഥിതി ക്ലാസിക്കിന്റെ മലയാള വിവര്‍ത്തനമാണ് മരങ്ങള്‍ നട്ട മനുഷ്യന്‍. ലോകമെമ്പാടുമുള്ള വായനക്കാരെ ആഴത്തില്‍ സ്പര്‍ശിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുകയും ചെയ്ത പുസ്തകം സാമൂഹിക വനവത്കരണം എന്ന മഹത്തായ ലക്ഷ്യമാണ് വഹിക്കുന്നത്. 

പുസ്തകം വാങ്ങാം 

നേത്രദാമിലെ കൂനന്‍

ഫ്രഞ്ച് സാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായ ദി ഹഞ്ച്ബാക്ക് ഓഫ് നോത്രദാം എന്ന ചരിത്രനോവലിന്റെ പുനരാഖ്യാനം. ക്വാസിമോദോ എന്ന വിരൂപനായ കൂനന്റെയും എസ്മറാള്‍ഡ എന്ന ജിപ്സി നര്‍ത്തകിയുടെയും ക്ലോദ് ഫ്രോളോ എന്ന കുടിലനായ പുരോഹിതന്റെയും കഥപറയുന്ന ഈ കൃതി പാരീസിലെ പ്രസിദ്ധമായ നോത്രദാം പള്ളിയെ കേന്ദ്രീകരിച്ചാണ് എഴുതിയിട്ടുള്ളത്. മനുഷ്യജീവിതത്തിലെ നാടകീയസന്ദര്‍ഭങ്ങള്‍ക്ക് പള്ളി വേദിയാകുന്നു വിക്തോര്‍ യൂഗോയുടെ അസാധാരണമായ ഈ മാസ്റ്റര്‍പീസില്‍.

പുസ്തകം വാങ്ങാം 

Content Higghlights: world classics for children, malayalam childrens books