ചിത്രശലഭങ്ങളെ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. അവയുടെ വര്‍ണച്ചിറകുകള്‍ക്ക് എന്തൊരഴകാണ്. തൊടികളിലും പുന്തോട്ടങ്ങളിലും അവ തെന്നിത്തെന്നി പറക്കുന്നതു കാണാന്‍ എന്തു രസം. നിലം തൊട്ടു തൊട്ടില്ല എന്നമട്ടില്‍ പറക്കുന്ന കൊച്ചു പൂമ്പാറ്റകള്‍, പൊക്കത്തില്‍ പറന്നുകളിക്കുന്ന വലിയ പൂമ്പാറ്റകള്‍, ഒരു നിറം മാത്രമുള്ളവ, നിറങ്ങള്‍ വാരിത്തേച്ചവ, മന്ദം മന്ദം പോകുന്നവ, ശരം കണക്കെ പോകുന്നവ... അങ്ങനെ അങ്ങനെ എത്രയെത്ര തരം പൂമ്പാറ്റകള്‍.

varoo namukku pombattakale nireekshikkamപക്ഷി നിരീക്ഷണംപോലെ അറിവും ആഹ്‌ളാദവും പകരുന്ന ഒരു വിനോദമാണ് ശലഭ നിരീക്ഷണം. ലോകത്തെമ്പാടുമായി പൂമ്പാറ്റ നിരീക്ഷണം വിനോദമായി സ്വീകരിച്ച നിരവധി കൂട്ടരുണ്ട്. ശലഭനിരീക്ഷണത്തിനു കാട്ടില്‍ പോകണമെന്നില്ല. ഒന്നു തൊടിയിലോ പൂന്തോട്ടത്തിലോ ഇറങ്ങിയാല്‍ മതി. വൈവിധ്യമാര്‍ന്ന പൂമ്പാറ്റകളെ കാണാം. ഇലകളിലോ പൂക്കളിലോ വന്നിരിക്കുമ്പോള്‍ അവയെ സസൂക്ഷ്മം നിരീക്ഷിക്കാന്‍ കഴിയും. പൂമ്പാറ്റകളെ തനിമയോടെ അടുത്തറിയാനും നല്ലൊരു ശലഭനിരീക്ഷകനാകാനും പരിശീലിപ്പിക്കുന്ന പുസ്തകമാണ് ഡോ. അബ്ദുള്ള പാലേരിയുടെ വരൂ, നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം.  

പൂമ്പാറ്റകളെ നിരീക്ഷിക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?  ഒന്നാമതായി അവയുടെ ചിറകിലെ നിറങ്ങള്‍ ശ്രദ്ധിച്ചു മനസിലാക്കണം. നിറങ്ങള്‍ നോക്കി പൂമ്പാറ്റകളെ തിരിച്ചറിയുക. ചിറകിന്റെ പുറത്തും അടിയിലും കാണുന്ന നിറങ്ങള്‍ ഒരേപോലെ ആകണമെന്നില്ല. ശലഭം ഇരിക്കുമ്പോള്‍ കാണാത്ത നിറങ്ങള്‍ പറക്കുമ്പോള്‍ കണ്ടെന്നു വരാം. മുന്‍ ചിറകിലെയും നിറങ്ങള്‍ വ്യത്യാസമുണ്ടാകാം. പിന്നെ ചിറകുകളില്‍ വരകളോ പുള്ളികളോ മറ്റ് അടയാളങ്ങലോ ഉണ്ടോ എന്നു നോക്കാനും മറക്കരുത്. 

പൂമ്പാറ്റ നിരീക്ഷണത്തിന് ഇറങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍,വിവിധ ശലഭങ്ങള്‍, അവയുടെ ജീവിതക്രമം, ദേശാടനം, വര്‍ണങ്ങളുടെ രഹസ്യം എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന വിവരങ്ങള്‍ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു. വിദ്യാര്‍ഥികളില്‍ അന്വേഷണത്വരയും നിരീക്ഷണ പാടവവും പകര്‍ന്നു നല്‍കുന്ന പുസ്തകമാണ് വരൂ, നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം.

വരൂ,നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം ഓണ്‍ലൈനില്‍ വാങ്ങാം

Content highlights: Books, Varoo namukku pombattakale nireekshikkam