നാഥനാണ് ഒലിവര്‍. അച്ഛനാരെന്ന് അറിയില്ല. അമ്മയാകട്ടെ അവന്റെ ചെറുപ്പത്തിലേ മരിച്ചു. വളര്‍ന്നത് പള്ളിവക അനാഥാലയത്തില്‍. അവിടെയാകട്ടെ അവഗണനയും അവമതിപ്പും. ആഹാരമാണെങ്കില്‍ റേഷന്‍. ഇത്തിരി കൂടുതല്‍ ചോദിച്ചാല്‍ തീര്‍ന്നു; അടിയും ആട്ടും വേറെ കിട്ടും.

വിശപ്പു സഹിക്കാനാവാതെ ഒരുദിവസം കൂടുതല്‍ ആഹാരം ചോദിക്കണമെന്ന് കുട്ടികള്‍ തീരുമാനിച്ചു. പക്ഷേ, ആരു ചോദിക്കും? ആര്‍ക്കും ധൈര്യമില്ല. പാവം ഒലിവര്‍. അവന്‍ അതേറ്റു. ഒഴുക്കുവെള്ളം പോലുള്ള ഒരു കോപ്പ ഭക്ഷണം അകത്താക്കിക്കഴിഞ്ഞ് സര്‍വശക്തിയും സംഭരിച്ച് അവന്‍ ഒരു കോപ്പകൂടി ചോദിച്ചു. തീര്‍ന്നു കാര്യം!

കുട്ടികളെ നോക്കിയിരുന്ന മിസ്റ്റര്‍ ബംബിള്‍ അവനെ ഒരുപാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു. ഒരു ശവപ്പെട്ടി നിര്‍മാതാവിന്റെ കീഴില്‍ പണിക്കുവിട്ടു. ഒമ്പതുവയസ്സുള്ള ഒലിവര്‍ ശവപ്പെട്ടികള്‍ക്കിടയില്‍ ഭയന്ന് ചുരുണ്ടുകൂടി. പണിയെടുത്ത് വലഞ്ഞു. അതൊക്കെപ്പോട്ടെ, ആ വീട്ടുകാര്‍ ഒരുദിവസം അവന്റെ അമ്മയെ ഭള്ളു പറഞ്ഞു. അതവന് സഹിച്ചില്ല. അവന്‍ വീട്ടുകാരുമായി അടികൂടി. അതോടെ അവിടുത്തെ പൊറുതിയും തീര്‍ന്നു.

നാടുവിടാന്‍ അവന്‍ നിശ്ചയിച്ചു. എവിടേക്കു പോകാന്‍. ലണ്ടന്‍ നഗരത്തെക്കുറിച്ച് അവനറിയാം. രണ്ടും കല്‍പ്പിച്ച് അവിടേക്ക് വെച്ചുപിടിച്ചു. നടന്നുനടന്ന് തളര്‍ന്നു. അവന്റെ ഇളംപാദങ്ങളില്‍ ചോര പൊടിഞ്ഞു. മനസ്സിന്റെ നീറ്റലിനേക്കാള്‍ കൂടുതലല്ലല്ലോ ഒന്നും. ആ നീറ്റലാണല്ലോ മനുഷ്യനെ ലക്ഷ്യത്തിലേക്ക് ഓടിക്കുന്നത്. അങ്ങനെ അവനും എത്തി ലണ്ടനില്‍.

വിശന്നു വലഞ്ഞ് ഇനിയെന്തെന്നാലോചിച്ച് ശൂന്യമായ കണ്ണുകളോടെ വഴിയോരത്തിരുന്ന അവനെ ജാക്ക് ഡോക്കിന്‍സ് എന്ന പയ്യന്‍ കണ്ടു. ആഹാരവും ഉറങ്ങാനൊരിടവും അവനുണ്ടായിരുന്നു; ഒലിവറിനു വേണ്ടിയിരുന്നത്. അവ നല്‍കുന്ന ഒരു മാന്യന്റെ അടുത്ത് ഡോക്കിന്‍സ് ഒലിവറിനെ എത്തിച്ചു.

charles dickensവാസ്തവത്തില്‍ കുട്ടികളെക്കൊണ്ട് പോക്കറ്റടിപ്പിക്കുന്ന ഫാഗിനെന്ന കൊള്ളരുതാത്തവന്റെ പാര്‍പ്പിടമായിരുന്നു അത്. പാവം ഒലിവര്‍. നല്ലവണ്ണം തിന്നു. പിന്നെ കൂര്‍ക്കം വലിച്ചുറങ്ങി. രണ്ടുമൂന്നുനാള്‍ അങ്ങനെ പോയി. അവിടെന്തു നടക്കുന്നുവെന്നൊന്നും അവന് വ്യക്തമായ രൂപം കിട്ടിയില്ല. ഒരുദിവസം രാവിലെ ഫാഗിന്‍ ഒലിവറെയും മറ്റു കുട്ടികള്‍ക്കൊപ്പം അയച്ചു; പോക്കറ്റടിയുടെ ബാലപാഠം പഠിക്കാന്‍. അത് പോക്കറ്റടി പഠിപ്പിക്കലായിരുന്നു എന്നൊന്നും അവന് മനസ്സിലായില്ല. 

എന്തായാലും ഒരു ധനികന്റെ പട്ടുതൂവാല അടിച്ചുമാറ്റുന്നതിനിടെ അവന്‍ പിടിയിലായി. അങ്ങനെ ഭാഗ്യനിര്‍ഭാഗ്യങ്ങളിലൂടെയുള്ള ഒലിവര്‍ എന്ന ബാലന്റെ യാത്രയാണ് ബ്രിട്ടീഷ് സാഹിത്യകാരനായ ചാള്‍സ് ഡിക്കന്‍സിന്റെ 'ഒലിവര്‍ ട്വിസ്റ്റ്' എന്ന നോവല്‍. ഒലിവര്‍ രക്ഷപ്പെട്ടോ? അവന്റെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ എന്നെങ്കിലും തീര്‍ന്നോ? സന്തോഷമെന്തെന്ന് ഒരിക്കലെങ്കിലും അവന്‍ അറിഞ്ഞോ?

ഇതെല്ലാം അറിയാനായി 'ഒലിവര്‍ ട്വിസ്റ്റ്' വായിക്കാം. 1938ലാണ് ഈ നോവല്‍ ആദ്യമായി പുസ്തകരൂപത്തിലെത്തിയത്. മലയാളമടക്കം പല ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. സംഗീതനാടകവും നാടകവും സിനിമയുമൊക്കെയായി. 1968ലെ ഓസ്‌കര്‍ അവാര്‍ഡുകള്‍ പലതു വാങ്ങിക്കൂട്ടി 'ഒലിവര്‍ ട്വിസ്റ്റി'നെക്കുറിച്ചുള്ള സിനിമ.