ലോകസാഹിത്യത്തിലെ എക്കാലത്തേയും മികച്ച നോവലുകളിലൊന്നാണ് മാര്‍ക് ട്വയിനിന്റെ ഹക്കിള്‍ബെറി ഫിന്‍. 1885 ഫെബ്രുവരിയിലാണ് ഹക്കിള്‍ബെറി ഫിന്‍ വായനക്കാരിലേക്ക് വരുന്നത്. അമേരിക്കയുടെ ഭാവുകത്വമണ്ഡലം തകിടം മറിച്ച്‌കൊണ്ട് കടന്നുവന്ന ഹക്കിള്‍ ബെറി ഫിന്‍ ഇന്നും വായനയുടെ ഇടങ്ങളില്‍ പ്രഥമസ്ഥാനത്താണ്. എല്ലാ തരത്തിലുമുള്ള അമേരിക്കന്‍ ആധുനികസാഹിത്യത്തിന്റേയും ഉറവിടം ഹക്കിള്‍ബെറി ഫിന്നാണ് എന്ന്  ഏണസ്റ്റ് ഹെമിംഗ്‌വേ അഭിപ്രായപ്പെട്ടിട്ടുണ്ട്.

1835 നവംബര്‍ 30-ന് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ജനിച്ച മാര്‍ക് ട്വയിനിന് കഥയെഴുതുന്നതിനേക്കാളും താല്‍പ്പര്യം കഥ ചൊല്ലുന്നതിലായിരുന്നു. മിസിസിപ്പി നദിക്കരയിലിരുന്ന് നാടോടിക്കഥകള്‍ പറയുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. ഹാനിബാള്‍ എന്ന ചെറുപട്ടണത്തില്‍ കുട്ടിക്കാലം ചിലവഴിച്ചതിന്റെ സ്വാധിനം ട്വയിനില്‍ ഉണ്ടായിരുന്നു. ഹക്കിള്‍ബെറിഫിന്‍ എഴുതിത്തീര്‍ക്കുന്നതിന് മുമ്പ് ഏറെ പ്രാവശ്യം അദ്ദേഹം അത് പലരേയും വായിച്ചുകേള്‍പ്പിച്ചിരുന്നു.

ദി അഡ്വഞ്ചേഴ്സ് ഒഫ് ടോം സായര്‍, ദി അഡ്വെഞ്ചേഴ്സ് ഒഫ് ഹക്കിള്‍ബെറി ഫിന്‍ എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധം. കുട്ടികളുടെ സാഹസികലോകമാണ് രണ്ടിലും പറയുന്നത്. ടോമിന്റെ കുടുംബജീവിതം, ടോമും ബെക്കിയും തമ്മിലുള്ള പ്രണയം, ടോമും ഹക്കും ജോയും ചേര്‍ന്ന് ആസൂത്രണം ചെയ്യുന്ന കൊലപാതകം എന്നവ ടോംസായറില്‍ ആഖ്യാനിക്കുന്നു. ടോം സായേഴ്സ് കമ്പാനിയന്‍ എന്നാണ് ഹക്കിള്‍ബെറി ഫിന്നിന് ഉപശീര്‍ഷകം നല്‍കിയിരിക്കുന്നത്. വെളുത്ത വര്‍ഗ്ഗക്കാരനായ കുട്ടി ഒരു കറുത്തമനുഷ്യനെ അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളിലെ അടിമത്തത്തില്‍ നിന്നും രക്ഷപെടാന്‍ സഹായിക്കുന്നതാണ് കഥയുടെ പ്രമേയം. 

ടോം സോയറിലൂടെയും ഹക്കിള്‍ബെറി ഫിന്നിലൂടെയും പ്രിയങ്കരനായ മാര്‍ക് ട്വയിനിന്റെ പല കൃതികളില്‍നിന്നുള്ള ആത്മകഥാക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകമാണ് മാര്‍ക് ട്വയിനിന്റെ ആത്മകഥ. മാര്‍ക് ട്വയിനിസ് ഓട്ടോബയോഗ്രഫി, എ ട്രാപ് എ ബോര്‍ഡ്, ദി അമേരിക്കന്‍ ക്ലിമന്റ് തുടങ്ങിയ കൃതികളാണ് ആശ്രയിച്ചിട്ടുള്ളത്. മിസ്സിസ്സിപ്പി നദിയുടെ തീരത്തുള്ള ഹാനിബാള്‍ എന്ന കൊച്ചുപട്ടണവും അവിടത്തെ കുട്ടിക്കാലവുമാണ് അദ്ദേഹം ഇവിടെ ഓര്‍ക്കുന്നത്.


മാര്‍ക് ട്വയിനിന്റെ ആത്മകഥ ഓണ്‍ലൈനില്‍ വാങ്ങാം