രിക്കല്‍, ഒരിടത്ത് നാലു മുയല്‍ക്കുഞ്ഞുങ്ങളുണ്ടായിരുന്നു. ഫ്‌ളോപ്‌സി, മോപ്‌സി, കോട്ടണ്‍ടെയ്ല്‍, പീറ്റര്‍ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. ഒരു മണല്‍ത്തിട്ടയില്‍ നിന്നിരുന്ന വളരെ വലിയ ദേവദാരുമരത്തിന്റെ വേരിന്റെ അടിയിലുള്ള പൊത്തില്‍ അവരുടെ അമ്മയുടെ കൂടെയാണ് അവര്‍ ജീവിച്ചിരുന്നത്. 

ഒരു ദിവസം രാവിലെ വയസ്സായ അവരുടെ മുയലമ്മ പറഞ്ഞു: ''ഞാനൊന്നു പുറത്തേക്ക് പോവുകയാണ്. കുഞ്ഞുങ്ങളേ, നിങ്ങള്‍ വയലുകളിലോ ഇടവഴികളിലോ പോയി കളിച്ചുകൊള്ളുവിന്‍. പക്ഷേ, മിസ്റ്റര്‍ മാക് ഗ്രെഗറിന്റെ തോട്ടത്തില്‍ മാത്രം ചെല്ലരുത്. നിങ്ങളുടെ അച്ഛന് അപകടം പറ്റിയത് അവിടെവെച്ചാണ്. ശ്രീമതി ഗ്രെഗര്‍ അദ്ദേഹത്തെ വേവിച്ച് പലഹാരത്തില്‍ ചേര്‍ത്തുകളഞ്ഞു. അതുകൊണ്ട് വികൃതിയൊന്നും കാട്ടാതെ, കുഴപ്പത്തിലൊന്നും ചെന്നുചാടാതെ പോയി കളിച്ചുകൊള്ളുവിന്‍.''

അതും പറഞ്ഞ്, തന്റെ കുട്ടയും കുടയുമെടുത്ത് മുയലമ്മ കാട്ടിലൂടെ നടന്ന് ബേക്കറിയിലേക്കു പോയി. ഫ്‌ളോപ്‌സിയും മോപ്‌സിയും കോട്ടണ്‍ടെയ്‌ലും  നല്ല കുഞ്ഞുങ്ങളായി കറുത്ത ബെറിപഴങ്ങള്‍ പൊട്ടിക്കാനായി ഇടവഴിയിലേക്ക് ഒരുമിച്ചിറങ്ങി. പക്ഷേ, പീറ്റര്‍ മഹാവികൃതിയായ മുയല്‍ക്കുട്ടനായിരുന്നു. അവന്‍ നേരേ മാക് ഗ്രെഗറുടെ തോട്ടത്തിലേക്കോടി, ഗെയ്റ്റിനടിയിലൂടെ ഞെരുങ്ങി ഞെരുങ്ങി അകത്തേക്കു കടന്നു!

പീറ്റര്‍ എന്ന മുയലിന്റെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. മിസ്റ്റര്‍ മാക് ഗ്രെഗറിന്റെ തോട്ടത്തില്‍ കടന്ന പീറ്ററിന് എന്ത് സംഭവിച്ചുവെന്നാണ് കഥ പറയുന്നത്.

മൃഗങ്ങളെ കഥാപാത്രങ്ങളാക്കി രചിച്ച കഥകളുടെ പേരില്‍ വിഖ്യാതയായ ബിയാട്രിക്സ് പോട്ടറുടെ ഏറ്റവും പ്രശസ്തമായ ആറു കഥകളിലൊന്നാണ് പീറ്റര്‍ എന്ന മുയലിന്റെ കഥ. ഇതിന് പുറമേ ടോം എന്ന പൂച്ചക്കുട്ടിയുടെ കഥ, ബെഞ്ചമിന്‍ ബണ്ണിയുടെ കഥ, ടിമ്മി ടിപ്ടോസിന്റെ കഥ, മിസ് മോപ്പെറ്റിന്റെ കഥ, രണ്ടു ചീത്ത എലികളുടെ കഥ എന്നിവയാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. അഷിതയാണ് പുസ്തകം പുനരാഖ്യാനം ചെയ്തിരിക്കുന്നത്. 

പീറ്റര്‍ എന്ന മുയലും മറ്റു കഥകളും ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Malayalam children's books Peter Enna Muyalum Mattu Kathakalum