സൂതപുത്രനെന്ന പേരില്‍ ജീവിതത്തിലെന്നും അപമാനവും അവഗണനയും നേരിടേണ്ടിവന്ന, മഹാഭാരതത്തിലെ ശക്തനായ കഥാപാത്രമാണ് സൂര്യപുത്രനായ കര്‍ണന്‍. കര്‍ണന്റെ ജനനവും ജീവിതവും വളരെ കൃത്യമായി, എന്നാല്‍ വളരെ ലളിതമായ ഭാഷയില്‍ ചിത്രീകരിച്ചിരിക്കുന്ന പുസ്തകമാണ് ഗണേശ് പന്നിയത്തിന്റെ കര്‍ണന്‍. 

രാജകുടുംബത്തില്‍ ജനിച്ചു സൂതപുത്രനായ വസുഷേണനായി ജീവിക്കുകയും, ജീവിതത്തിന്റെ പല വേളകളിലും അവഗണനയും പരിഹാസവും നേരിടേണ്ടിവന്ന കര്‍ണന്റെ ജീവിതം മനോഹരമായി വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് രചയിതാവ് തന്റെ തൂലികയിലൂടെ. 

ബാല്യത്തില്‍പ്പോലും സ്വന്തം അമ്മയുടെ വാത്സല്യം എന്താണെന്നു കര്‍ണന്‍ അനുഭവിച്ചിട്ടില്ല. യുദ്ധത്തില്‍ നേരിടേണ്ടത് സ്വന്തം സഹോദരന്മാരെയാണെന്ന് മനസ്സിലാക്കിയിട്ടും തനിക്കു അഭയം തന്നവരെ തള്ളിപ്പറയാത്ത കര്‍ണന്‍ ഏതു കാലത്തും ഒരു വീരയോദ്ധാവ് തന്നെയാണ്. ജീവിതം അപകടത്തിലാകും എന്നറിഞ്ഞിട്ടും താന്‍ പറഞ്ഞ വാക്ക് മാറ്റിപ്പറയാത്ത കര്‍ണന്‍ ഏതൊരു വ്യക്തിയും മാതൃകയാക്കേണ്ടതുമാണ്. 

karnanകവചകുണ്ഡലങ്ങള്‍ അണിഞ്ഞ കര്‍ണനെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ലെന്നറിഞ്ഞ ഇന്ദ്രന്‍, കര്‍ണന്റെ കവചകുണ്ഡലങ്ങള്‍ ദാനം ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ അത് അറുത്തെടുത്തു കൊടുത്ത കര്‍ണനനോട് ഇന്ദ്രന്‍ പറഞ്ഞത് ഇങ്ങനെയാണ്. ''നിന്റെ മഹാത്യാഗത്തിന് സ്തുതി ഇങ്ങനെ ഒരു ത്യാഗം ഒരാളും ചെയ്യുകയില്ല നീ ഇനിമുതല്‍ വസുഷേണനല്ല മറിച്ചു കര്‍ണ്ണനാണ്''.  

കര്‍ണന്റെ വളര്‍ച്ചയും ആയുധാഭ്യാസവും തുടങ്ങി മരണം വരെ ഒന്നിന് പിറകെ ഒന്നായി വളരെ കൃത്യമായി അടുക്കും ചിട്ടയോടും കൂടി വരച്ചുകാട്ടുകയാണ് ഈ പുസ്തകത്തിലൂടെ കഥാകൃത്ത് ചെയ്തിരിക്കുന്നത്. എത്ര തന്നെ കഴിവുണ്ടായാലും സൂതപുത്രന്മാര്‍ അനുഭവിക്കേണ്ടി വരുന്ന അപമാനവും അവഗണയും കര്‍ണന്റെ അനുഭവത്തിലൂടെ വരച്ചു കാട്ടുകയും ചെയ്യുന്നു.  

ആയുധകലയുടെ എല്ലാ മര്‍മങ്ങളും വളരെ ഉത്സാഹത്തോടെതന്നെ ദ്രോണാചാര്യര്‍ അര്‍ജുനന് ഉപദേശിച്ചു നല്‍കുമായിരുന്നു.ദ്രോണാചാര്യരുടെ ശിഷ്യനായിട്ടും അര്‍ജുനനോളംതന്നെ കഴിവുണ്ടായിട്ടും  ദ്രോണാചാര്യര്‍  തന്നെ പരിഗണിക്കുന്നില്ലായെന്ന സങ്കടവും ദേഷ്യവും കര്‍ണനുണ്ടായിരുന്നു. ബ്രഹ്മാസ്ത്രവിദ്യ വശമാക്കാന്‍ ഗുരുവുനെ സമീപിച്ച കര്‍ണനോട് ബ്രാഹ്മണനല്ലാതെ ഒരു സൂതന് അത് നല്‍കില്ലെന്നു പറയുകയും ചെയ്തു. 

ഇതിഹാസനായകന്റെ കഥ ലളിതവും ഹൃദ്യവുമായ രീതിയില്‍ വരച്ചുകാട്ടുന്ന പുസ്തകം കുട്ടികള്‍ക്ക് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടുന്ന ഒന്നാണെന്ന് നിസംശയം പറയാം.