കുട്ടികളാണ് നമ്മുടെ ഏറ്റവും വലിയ സ്വത്ത്. അവര്‍ വായിച്ചും ചുറ്റുപാടുകളെ അറിഞ്ഞും മിടുക്കരായി വളരുക എന്നതാണ് ഓരോ മാതാപിതാക്കളുടെയും സ്വപ്നം. അവരുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവയാണ് പുസ്തകങ്ങള്‍. അവരുടെ വായനാഭിരുചി വളര്‍ത്തിക്കൊണ്ട് വരിക എന്നത് ഓരോ മാതാപിതാക്കളുടെയും കടമയാണ്. ഓരോ പുസ്തകവും അവര്‍ക്ക് ഓരോ പാഠപുസ്തകങ്ങളാണ്. അനന്തമായ അറിവാണ് പുസ്തകങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. കുട്ടികള്‍ക്ക് വായിക്കാന്‍ ഇതാ ചില ലോക ക്ലാസിക്കുകള്‍. 

വാന്‍ക

വിശ്വപ്രസിദ്ധ റഷ്യന്‍ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്ന ആന്റണ്‍ ചെക്കോവിന്റെ വാന്‍ക, ബോയ്സ് എന്നീ കഥകളുടെ പരിഭാഷയാണ് വാന്‍ക എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ചെറു വായന കുട്ടികള്‍ക്ക് സമ്മാനിക്കുന്ന വാന്‍ക അവര്‍ക്ക് മനസിലാവുന്ന വിധം ലളിതമായ, ഭംഗിയുള്ള ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. പഴയകാലത്തെ റഷ്യന്‍ ജീവിതത്തെ വരച്ചുകാട്ടുന്ന ആഖ്യാനവും പുസ്തകത്തിന്റെ സവിശേഷതയാണ്. മാതൃഭൂമി ചില്‍ഡ്രന്‍സ് ക്ലാസിക്സ് വിഭാഗത്തിലുള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച വാന്‍ക ടി.ഹാറൂണ്‍ റഷീദാണ് പരിഭാഷപ്പെടുത്തിയത്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

ഒലിവര്‍ ട്വിസ്റ്റ്

ലോക സാഹിത്യത്തിലെ മികച്ച കൃതികളിലൊന്നായി എക്കാലത്തും പരിഗണിക്കപ്പെടുന്നതാണ് ചാള്‍സ് ഡിക്കന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റിന്റെ പുനരാഖ്യാനം. ഒലിവര്‍ ട്വിസ്റ്റ് എന്ന അനാഥ ബാലന്റെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതകഥ കുട്ടികളില്‍ സ്‌നേഹവും നന്മയും നിറയ്ക്കുന്നു. പ്രസിദ്ധീകൃതമായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിശ്വസാഹിത്യത്തില്‍ ഒളിമങ്ങാതെ നില്‍ക്കുന്ന പുസ്തകത്തിന്റെ പുനരാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത് ഫാത്തിമ റഹനയാണ്. കെ. സതീഷിന്റെ ചിത്രീകരണം പുസ്തകത്തെ കൂടുതല്‍ മനോഹരമാക്കുന്നു.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

ഗള്ളിവറുടെ യാത്രകള്‍

ഇംഗ്ലീഷ് ഭാഷയിലെ ആക്ഷേപഹാസ്യ കഥാകാരന്‍മാരില്‍ പ്രമുഖനായ ജൊനാതന്‍ സ്വിഫ്റ്റിന്റെ മാസ്റ്റര്‍പീസ് എന്നും ബാലസാഹിത്യ കൃതികളിലെ ക്ലാസിക്ക് എന്നും വിശേഷിപ്പിക്കാവുന്ന കൃതിയാണ് ഗള്ളിവറുടെ യാത്രകള്‍. ആറിഞ്ച് മാത്രം വലിപ്പമുള്ള മനുഷ്യരുടെ നാട്ടില്‍ ചെന്നപ്പോള്‍ അമാനുഷികനും തന്നെക്കാള്‍ വലിപ്പമുള്ളവരുടെ നാട്ടില്‍ ചെന്നപ്പോള്‍ നിസാരനുമായ് മാറേണ്ടിവന്ന ഗള്ളിവറുടെ അനുഭവകഥ കുട്ടികള്‍ക്ക് നല്ലൊരു കാല്പനിക കഥയും മുതിര്‍ന്നവര്‍ക്ക് മികച്ചൊരു ജീവിത ഹാസ്യാനുകരണ ക്ലാസിക്കായും ഇന്നും നിലനില്‍ക്കുന്നു. പത്മകൃഷ്ണമൂര്‍ത്തിയാണ് പുസ്തകം പുനരാഖ്യാനം ചെയ്തിരിക്കുന്നത്. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

മരങ്ങള്‍ നട്ട മനുഷ്യന്‍

മലഞ്ചെരുവിലെ പാഴ്നിലങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ആ തരിശ് ഭൂമിയെ ഒരു കൊച്ചുവനമാക്കി മാറ്റിയ അസാധാരണ വ്യക്തിത്വത്തിന്റെ കഥ പറയുന്ന പുസ്തകമാണ് ദി മെന്‍ ഗു പ്ലാന്റഡ് ട്രീസ്. എല്‍സിയാര്‍ ബുഫ്യെയുടെ ജീവിതം പറഞ്ഞ കൃതി ലോക സാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായാണ് വിലയിരുത്തുന്നത്. ഒട്ടനവധി ലോക ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്ത ഈ ഫ്രഞ്ച് പരിസ്ഥിതി ക്ലാസിക്കിന്റെ മലയാള വിവര്‍ത്തനമാണ് മരങ്ങള്‍ നട്ട മനുഷ്യന്‍. ലോകമെമ്പാടുമുള്ള വായനക്കാരെ ആഴത്തില്‍ സ്പര്‍ശിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുകയും ചെയ്ത പുസ്തകം സാമൂഹിക വനവത്കരണം എന്ന മഹത്തായ ലക്ഷ്യമാണ് വഹിക്കുന്നത്. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Classics for Children, marangal natta manushyan, oliver twist, vanka, gulliverude yathrakal