ഠനകാലഘട്ടം ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായകമാണ്. ആ കാലഘട്ടത്തില്‍ അവന്‍ ആര്‍ജിക്കുന്ന അറിവുകളാണ് മുന്നോട്ടുള്ള അവന്റെ ജീവിതത്തിന് അടിത്തറയിടുന്നത്. അവിടെ അവന്‍ നേടുന്ന ഓരോ അറിവും വിലപ്പെട്ടതാണ്. പാഠപുസ്തകത്തില്‍ നിന്ന് നേടുന്നത് മാത്രമല്ല, ജീവിത പരിസരങ്ങളില്‍ നിന്നും ചിലത് ഗ്രഹിക്കേണ്ടതുണ്ട്. അവന്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍, പരിസരങ്ങള്‍ ഇവയെക്കാള്‍ മികച്ച ഒരു വിദ്യാലയത്തെ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് സാധിക്കില്ല. 

പ്രകൃതിയില്‍ നടക്കുന്ന ഓരോ മാറ്റവും ഒരോ ചലനങ്ങളും കുട്ടികള്‍ക്ക ഓരോ പാഠങ്ങളാണ്. ഓരോ പുല്‍നാമ്പും ചെടിയും വൃക്ഷവും പൂക്കളും പഴങ്ങളും കിളികളും അവന്റെ ചങ്ങാതിമാരാണ്. അവരോട് ഇണങ്ങി ജീവിക്കാന്‍ പഠിക്കുമ്പോഴാണ് അവന്റെ വിദ്യാഭ്യാസത്തിന് പുതിയ അര്‍ഥങ്ങളുണ്ടാകുന്നത്. അപ്പോഴാണ് മുതിരുമ്പോള്‍ ഒരു നല്ല മനുഷ്യനായി അവന് ജീവിക്കാന്‍ സാധിക്കുന്നത്. 

മസ്സൂറിയില്‍ വളര്‍ന്ന രാകേഷ് എന്ന കുട്ടിയുടെയും അവന്‍ നട്ടുവളര്‍ത്തിയ ഒരു ചെറി മരത്തിന്റെയും കഥയാണ് കുട്ടികളുടെ പ്രിയങ്കരനായ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ റസ്‌കിന്‍ ബോണ്ടിന്റെ ചെറി മരം. മസ്സൂറി ബസാറില്‍ നിന്ന് രാകേഷ് വാങ്ങിയ ചെറിപ്പഴത്തിന്റെ വിത്തുകളിലൊന്ന് അവനും മുത്തച്ഛനും കൂടി നട്ടുവളര്‍ത്തുന്നതാണ് ചെറി മരം എന്ന കഥ. 

മരത്തിന്റെയും രാകേഷിന്റെയും വളര്‍ച്ചയും പ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും അതില്‍ നിന്ന് രാകേഷ് പഠിക്കുന്ന പാഠങ്ങളും ബോണ്ട് മനോഹരമായിത്തന്നെ കുട്ടികള്‍ക്കായി വിവരിക്കുന്നു. ചെറി ട്രീ എന്ന പേരില്‍ ബോണ്ട് എഴുതിയ കഥ പരിഭാഷപ്പെടത്തിയിരിക്കുന്നത് കെ. സതീഷാണ്. കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയില്‍ മനോഹരമായ കളര്‍ ചിത്രങ്ങളാണ് പുസ്തകത്തിന്റെ പ്രധാന സവിശേഷത. റോണി ദേവസ്യയാണ് രാകേഷിന്റെയും ചെറിമരത്തിന്റെയും കഥയ്ക്കായി ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. 

ഇന്ത്യന്‍ ബാലസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകപങ്കുള്ള ബ്രിട്ടീഷ് വംശജനായ ഇന്ത്യന്‍ എഴുത്തുകാരനാണ് റസ്‌കിന്‍ ബോണ്ട്. 1934 മേയില്‍ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയായ കസൗലിയിലെ ഒരു സൈനികാശുപത്രിയില്‍ എഡിത്ത് ക്ലര്‍ക്ക്-ഓബറി ദമ്പതിമാരുടെ മകനായി ജനിച്ച റസ്‌കിന്‍ ബോണ്ടിന്റെ ബാല്യകാലം ഗുജറാത്തിലെ ജാംനഗറിലും ഷിംലയിലുമായിരുന്നു. അച്ഛന്റെ മരണത്തെത്തുടര്‍ന്ന് ദെഹ്റാദൂണില്‍ മുത്തശ്ശിയുടെ വസതിയിലേക്ക് താമസം മാറി. ഷിംലയിലെ ബിഷപ്കോട്ടണ്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 

1950-ല്‍ അവിടെനിന്ന് ബിരുദം നേടിയ റസ്‌കിന്‍ അക്കാലയളവില്‍ എഴുത്തുമത്സരത്തില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടി. ആദ്യ കഥകളിലൊന്നായ 'അണ്‍ടച്ചബിള്‍സ്' രചിച്ചത് 1951-ല്‍ പതിനാറാം വയസ്സിലായിരുന്നു. തുടര്‍ന്ന് ബ്രിട്ടനിലേക്ക് മടങ്ങിയ അദ്ദേഹം ദ റൂം ഓണ്‍ ദ റൂഫ് എന്ന ആദ്യ നോവല്‍രചനയില്‍ ഏര്‍പ്പെട്ടു. ജീവിക്കാനായി ഒട്ടേറെ ജോലികള്‍ ചെയ്തു. 

ഹിമാലയന്‍ താഴ്വരകളും ഹില്‍ സ്റ്റേഷനുകളുമായിരുന്നു പ്രധാന കഥാപശ്ചാത്തലങ്ങള്‍. ദ ചെറി ട്രീ, രണ്‍ജീസ് വണ്ടര്‍ഫുള്‍ ബാറ്റ് എന്നിവ പ്രധാന ബാലസാഹിത്യ കൃതികള്‍. അറുപതോളം കഥാസമാഹാരങ്ങളും ഇരുപത്തിയെട്ടോളം നോവലുകളും രചിച്ചു. 1999-ല്‍ പദ്മശ്രീയും 2014-ല്‍ പദ്മഭൂഷണ്‍ പുരസ്‌കാരവും നല്‍കി ഭാരതം ആദരിച്ചു. 

'ചെറിമരം' ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: cherrymaram by Ruskin Bond