1944 ഓഗസ്റ്റ് 1 ചൊവ്വ: 'എന്റേത് ഒരു തരം ഇരട്ടവ്യക്തിത്വമാണെന്ന് നേരത്തേ പറഞ്ഞിട്ടില്ലേ. മനോവീര്യം, ദുര്‍ഘടസന്ധികളില്‍ പോലുമുള്ള സമചിത്തത തുടങ്ങിയവയാണ് ഒരു പകുതിയിലുള്ളത്. ആണ്‍കുട്ടികളുമായി ചങ്ങാത്തം ഇഷ്ടപ്പെടുന്ന, തമാശകള്‍ ആസ്വദിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ആ ഞാന്‍; അതായത് പുറമേ കാണുന്ന ആന്‍! ഈ പകുതി എപ്പോഴും, കൂടുതല്‍ ആഴത്തിലുള്ള, കൂടുതല്‍ ശുദ്ധമായ മറ്റേ പകുതിയെ തള്ളിമാറ്റിക്കൊണ്ട് ആളുകളുടെ ശ്രദ്ധ നേടുന്നു. അതുകൊണ്ടു തന്നെ ആനിന്റെ കൂടുതല്‍ നല്ല മറ്റേ മുഖം ആരും കാണുന്നില്ല.'

ഇതായിരുന്നു അവളെഴുതിയ അവസാന വാചകങ്ങള്‍. എഴുതാനുള്ള ആഗ്രഹവും ആ ഡയറിത്താളുകളും ബാക്കിയാക്കി ആന്‍ ഫ്രാങ്ക് എന്ന ആ ജൂതപ്പെണ്‍കുട്ടി ലോകത്തോട് വിടപറഞ്ഞെങ്കിലും അവളുടെ ഓര്‍മകള്‍ അവശേഷിപ്പിക്കുന്ന നൊമ്പരവും ദുരൂഹതകളും അവസാനിച്ചതേയില്ല. അവള്‍ കുറിച്ചിട്ട ആ വരികളില്‍ നിന്നും ലോകം അവളെ അറിഞ്ഞു. അവള്‍ അനുഭവിച്ച കൊടും ഭീകതരയെപ്പറ്റി അറിഞ്ഞു. അത്രമേല്‍ തീവ്രമായിരുന്നു അവളുടെ വാക്കുകള്‍. മുഖവുരകള്‍ ആവശ്യമില്ല ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുത്താന്‍. അവളുടെ ജീവചരിത്രം പറയുന്ന കൃതിയാണ് ഡോ. അനിത എം.പിയുടെ 'ആന്‍ ഫ്രാങ്ക്'.

1929 ജൂണ്‍ 12ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് ആന്‍ ഫ്രാങ്ക് ജനിച്ചത്. അച്ഛന്‍ ഓട്ടോ ഹെയ്ന്റിച്ച് ഫ്രാങ്ക്, അമ്മ എഡിത്ത് ഫ്രാങ്ക്. ഏക സഹോദരി മാര്‍ഗരറ്റ്. സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നു അവരുടേത്. മക്കളെ നല്ല രീതിയില്‍ വളര്‍ത്താനും പഠിപ്പിക്കാനും ഏറെ ശ്രദ്ധകൊടുത്തിരുന്നു മാതാപിതാക്കള്‍. വായനയിലും ഏറെ താത്പര്യമുള്ളവരായിരുന്നു ആനിന്റെ മാതാപിതാക്കള്‍. മക്കളെയും വായനയുടെ ലോകത്തേക്ക് കൈപിടിച്ചുനടത്താന്‍ അവര്‍ക്കു കഴിഞ്ഞു. വംശശുദ്ധിയുടെ പേരില്‍ ജര്‍മനിയില്‍ നാസികള്‍ ജൂതന്മാരെ ഒന്നടക്കം ഉന്മൂലനം ചെയ്യാന്‍ തുടങ്ങിയതോടെ ആനിന്റെ കുടുംബം ഹോളണ്ടിലേക്ക് പലായനം ചെയ്തു.

അവര്‍ ആംസ്റ്റര്‍ഡാമിലേക്ക് കുടിയേറി. അവിടെ അവരുടെ ജീവിതം പച്ചപിടിച്ചെങ്കിലും സ്ഥിതിഗതികള്‍ മോശമായിരുന്നു. ഹോളണ്ട് ആക്രമിക്കാന്‍ ഹിറ്റ്ലര്‍ ഏതു നിമിഷവും എത്തിച്ചേരുമെന്നുള്ള ഭീതി എല്ലാവരെയും ഗ്രസിച്ചിരുന്നു. ഒടുവില്‍, പേടിച്ചതു സംഭവിച്ചു. ഹിറ്റ്ലര്‍ ഹോളണ്ടിനെ കീഴടക്കി. ജൂതന്മാരെ വീടുകളില്‍ നിന്നും പിടിച്ചുകൊണ്ടുപോയി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഗ്യാസ് ചെമ്പറുകളില്‍ നിഷ്‌കരുണം കൊലചെയ്തു. എന്നാല്‍ ഇക്കാലത്തും ആനിന്റെ കുടുംബം വിശ്വസ്തരായ ഏതാനും ആളുകളുടെ സഹായത്തില്‍ ഏകദേശം രണ്ടു വര്‍ഷം പുറം ലോകത്തിനു ഒരു സൂചനയും കൊടുക്കാതെ ജീവിച്ചു.

anne-frankഒളിവില്‍ കഴിഞ്ഞ കാലത്ത് ആന്‍ ഫ്രാങ്ക് എന്ന കൊച്ചു പെണ്‍കുട്ടി എഴുതിയ ഡയറി കുറിപ്പുകളാണ് പില്‍ക്കാലത്ത് 'ദി ഡയറി ഓഫ് എ യങ് ഗേള്‍' എന്ന പേരില്‍ പ്രശസ്തമായത്. 'കിറ്റി' എന്ന ഓമന പേരിട്ടു വിളിച്ച ആ ഡയറിയായിരുന്നു ആന്‍ ഫ്രാങ്കിന്റെ ഏറ്റവും നല്ല സുഹൃത്ത്. തന്റെ സ്വപനങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ദേഷ്യവുമെല്ലാം ആന്‍ പങ്കു വച്ചത് കിറ്റിയോടയിരുന്നു.

തന്റെ ഡയറിക്കുറിപ്പുകളെക്കുറിച്ച് ആന്‍ ഫ്രാങ്ക് തന്നെ അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു: 'എന്നെപ്പോലൊരാള്‍ക്ക് ഡയറിയെഴുത്ത് എന്നത് തീര്‍ത്തും അപരിചിതമായ അനുഭവമാണ്. ഞാന്‍ ഇതിനുമുമ്പ് ഒന്നും എഴുതിയിട്ടില്ല എന്നതുകൊണ്ട് മാത്രമല്ല, എനിക്ക് തോന്നുന്നു, പിന്നീട് എനിക്കുതന്നെയോ മറ്റാര്‍ക്കുമോ ഒരു പതിമൂന്നുകാരി സ്‌കൂള്‍ കുട്ടിയുടെ ജല്പനങ്ങളില്‍ യാതൊരു താല്പര്യവുമുണ്ടാകില്ല. '

എന്നാല്‍ ആനിന്റെ കിറ്റിയോടുള്ള കിന്നാരം വെറും ഡയറിക്കുറിപ്പുകള്‍ മാത്രമായി ഒതുങ്ങിയില്ല. ആ കുറിപ്പുകളില്‍ കൂടിയാണ് നാസി ഭരണത്തിന്‍ കീഴില്‍ ജൂതന്മാര്‍ അനുഭവിക്കേണ്ടി വന്ന യാതനകളെ കുറിച്ച് ലോകം അറിഞ്ഞത്. ഒടുവില്‍ നാസികളുടെ കൈയ്യില്‍ അകപ്പെട്ട ആന്‍ 1945ല്‍ ബെല്‍സെന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അസുഖവും പട്ടിണിയും മൂലം മരണത്തിനു കീഴടങ്ങി. 

പതിമൂന്ന് വയസ് തികയും മുന്‍പേ മരണത്തിന് കീഴടങ്ങിയ ആനിന്റെ ജീവിതം മുപ്പതോളം കുഞ്ഞധ്യായങ്ങളിലൂടെ ഗ്രന്ഥകാരി വിവരിക്കുമ്പോള്‍ ഒരു ജീവചരിത്രത്തിന്റെ മഹത്വം വ്യക്തി ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ദൈര്‍ഘ്യത്തിലല്ല എന്ന് നമുക്ക് മനസിലാകും. വിടരും മുമ്പേ കൊഴിഞ്ഞു പോയ ആ കുഞ്ഞു പൂവിന്റെ കഥ അത്രത്തോളം മനോഹരമായാണ് ഡോ. അനിത എം.പി വിവരിച്ചിരിക്കുന്നത്. 

ആന്‍ഫ്രാങ്കിന്റെ കുടുംബത്തെ ഒറ്റിക്കൊടുത്ത ആളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍.എല്‍ ഹരിലാലിന്റെ ആ യൂദാസ് ആരാണ് എന്ന ലേഖനവും അദ്ദേഹം തന്നെ പരിഭാഷപ്പെടുത്തിയ ആനിന്റെ ഇപ്പോള്‍ കണ്ടെടുത്ത കത്തുകളും അനുബന്ധമായും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഒപ്പം ആന്‍ ഫ്രാങ്കിന്റെ ജീവിത രേഖയും.

'ആന്‍ ഫ്രാങ്ക്' എന്ന പുസ്തകം  ഓണ്‍ലൈനില്‍ വാങ്ങാം 

ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: biography of anne frank by Anitha M.P, anne frankinte diary kurippukal malayalam