ബീര്‍ബലിനെ അറിയാത്തവരുണ്ടോ? . അദ്ദേഹത്തിന്റെ നര്‍മ്മം കലര്‍ന്ന കഥകള്‍ അത്രമേല്‍ ഹൃദയത്തെ സ്പര്‍ശിക്കുന്നവയാണ്. സത്യവും ധര്‍മ്മവും മുറുകെ പിടിക്കുകയും സന്ദര്‍ഭാനുസരണം പ്രശ്‌നങ്ങളെ മറികടക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരേയും ഒരു പോലെ രസിപ്പിക്കുന്നവയാണ്. ബുദ്ധിമാനും സരസനുമായ ബീര്‍ബലിന്റെ അവസരോചിതമായ സൂത്രങ്ങളും പ്രശ്‌നപരിഹാരങ്ങളും നയതന്ത്രങ്ങളും രസകരമായ രീതിയില്‍ അവതരിപ്പിക്കുന്ന പുസ്‌തകമാണ് ബീര്‍ബല്‍ കഥകള്‍. 

പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ചിരുന്ന മുഗളരാജവംശത്തിലെ മഹാനായ ചക്രവര്‍ത്തിയായിരുന്നു അക്ബര്‍. വിക്രമാദിത്യ മഹാരാജാവിനെ പോലെ അക്ബറിന്റെ സദസിലും നവരത്‌നങ്ങള്‍ എന്ന പേരില്‍ ഒന്‍പത് മന്ത്രിമാര്‍ ഉണ്ടായിരുന്നുവത്രേ. ധനകാര്യ വിദഗ്ധനായ തോഡര്‍മാളും സൂഫി കവി ഫൈസിയും ചിത്രകാരന്‍ ആബ്ദുള്‍ ഫസലും പടത്തലവന്‍ മാന്‍സിങ്ങും ആ സദസ്സില്‍ ഉള്‍പ്പെടുന്നവരായിരുന്നു. എന്നാല്‍ അക്ബറിന് ഏറ്റവും പ്രിയപ്പെട്ട മന്ത്രി ഇവരാരുമല്ലായിരുന്നു. അത് ബീര്‍ബലായിരുന്നു. 

യമുനാ നദിക്കരയിലെ ത്രിവിക്രമപുരം എന്ന ഗ്രാമത്തിലാണ് ബീര്‍ബല്‍ ജനിച്ചത്. ആദ്യത്തെ പേര് മഹേശ് ദാസ്. വളരെ യാദൃച്ഛികമായാണ് അക്ബര്‍ മഹേശ് ദാസിനെ കണ്ടുമുട്ടുന്നത്. മിടുക്കനായ ബാലനോട് തന്നെ കൊട്ടാരത്തില്‍ വന്ന് കാണാന്‍ അക്ബര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം കൊട്ടാരത്തിലെത്തിയ ബീര്‍ബലിനെ അക്ബര്‍ അവിടെ പിടിച്ചു നിര്‍ത്തി. ആ യുവാവിന്റെ ബുദ്ധി സാമര്‍ഥ്യത്തെ പ്രശംസിച്ചുകൊണ്ട് അക്ബര്‍ നല്‍കിയ പേരാണ് ബീര്‍ബല്‍. 

പി.ഐ. ശങ്കരനാരായണന്റെ ബീര്‍ബര്‍ കഥകള്‍ വാങ്ങാം

 

പിന്നീട് അക്ബറും ബീര്‍ബലും തമ്മിലുള്ള ബന്ധം മന്ത്രി- ചക്രവര്‍ത്തി എന്നതില്‍നിന്ന് സുഹൃത്തുക്കള്‍ എന്ന നിലയിലേക്ക് വളര്‍ന്നു. പല പ്രതിസന്ധിഘട്ടങ്ങളിലും ബീര്‍ബല്‍ അക്ബറിന്റെ മാനം മാത്രമല്ല ജീവന്‍ പോലും രക്ഷിച്ചു. അതിനാല്‍ തന്നെ മറ്റാരെക്കാള്‍ ചക്രവര്‍ത്തിയോട് അടുത്ത് ഇടപഴകാനും എന്തിന് അദ്ദേഹത്തെ കളിയാക്കാനുള്ള സ്വാതന്ത്ര്യം പോലും ബീര്‍ബലിന് ഉണ്ടായിരുന്നു. 

വിവിധങ്ങളായ സന്ദര്‍ഭങ്ങളില്‍ അക്ബറും ബീര്‍ബലും തമ്മില്‍ നടത്തിയ സംഭാഷണങ്ങള്‍ ചിരിപ്പിക്കുന്നതും അതേസമയം ചിന്തിപ്പിക്കുന്നതുമാണ്. അതിനാല്‍ തന്നെയാണ് ലോക ചരിത്രത്തിലും സാഹിത്യത്തിലും അവഗണിക്കാനാകാത്ത സ്ഥാനം ബീര്‍ബല്‍ കഥകള്‍ക്ക് നേടിയെടുക്കാന്‍ സാധിച്ചത്. ഈ കഥകള്‍ വായിക്കുമ്പോള്‍ ചക്രവര്‍ത്തിയേക്കാള്‍ മാഹാത്മ്യം ബിര്‍ബലിനുണ്ടെന്ന് വായനക്കാര്‍ക്ക് തോന്നിയാല്‍ അത് തള്ളിക്കളയാന്‍ സാധിക്കില്ല. 

ബീര്‍ബല്‍ കഥകള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബീര്‍ബലിന്റെ കഥകള്‍ വായിച്ചാല്‍ അത് യഥാര്‍ത്ഥമാണോ, അതൊ കെട്ടിച്ചമച്ചവയാണോ എന്ന് പറയുക അസാധ്യമാണ്. അത്രത്തോളം ഈ കഥകള്‍ മനസുകളിലേക്ക് പടര്‍ന്നിരിക്കുന്നു. ഇത്തരത്തിലുള്ള കഥാശകലങ്ങള്‍ കോര്‍ത്തിണക്കിയാണ് പി.ഐ ശങ്കരനാരായണന്‍ ബീര്‍ബല്‍ കഥകള്‍ തയ്യാറാക്കിയിരിക്കുന്നത്. നര്‍മമധുരവും ചിന്തോദ്ദീപകങ്ങളുമായ ഈ കഥകള്‍ ആവശ്യമായ മാറ്റങ്ങളും സ്വന്തമായ ഭാവനയും കൂട്ടിച്ചേര്‍ത്ത് പുന:ക്രമീകരിക്കാനും പി.ഐ ശങ്കരനാരായണന്‍ ശ്രമിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇവ കൂടുതല്‍ ആസ്വാദ്യകരമാണ്.