ലോകത്തിലെ ഓരോ നാടിനും ജനസമൂഹങ്ങള്‍ക്കും അവരുടേതായ സാംസ്‌കാരിക പാരമ്പര്യവും കലകളുമെല്ലാം ഉള്ളത് പോലെ തന്നെ കഥകളുമുണ്ട്. അതാത് ദേശങ്ങളില്‍ ഉരുത്തിരിഞ്ഞ് കാലങ്ങളില്‍ പ്രചരിച്ച് വന്ന തദ്ദേശീയമായ നാടോടിക്കഥകള്‍. ഇവയില്‍ പലതിനും ലിഖിത രൂപമുണ്ടായിരുന്നില്ല. വാമൊഴിയായി പ്രചരിച്ച ഈ കഥകള്‍ക്ക് പില്‍ക്കാലത്ത് ലിഖിത രൂപം കൈവന്നു. അതോടെ അവ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചു. 

നാടോടിക്കഥകളുടെ ഏറ്റവും വലിയ ആസ്വാദകര്‍ കുട്ടികളാണ്. അതാത് പ്രദേശത്തിന്റെ ചരിത്രവും കഥാപാരമ്പര്യവുമെല്ലാം അതില്‍ ഇഴചേര്‍ന്നിരിക്കും.  എല്ലാക്കലത്തും പുനര്‍വായനയ്ക്ക് അവസരം നല്‍കുന്ന ഇവയില്‍ പലതും മികച്ച സന്ദേശങ്ങള്‍കൂടിയാണ് പകര്‍ന്നു നല്‍കുന്നത്. രാജാവും രാജ്ഞിയും മാലാഖയും ഭൂതവും ആനയും സിംഹവും മുതലയും നായയുമെല്ലാം കഥാപാത്രങ്ങളാകുന്ന ഇത്തരം കഥകള്‍ അവരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം ചില മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.

ലോകത്തിലെ വിവിധ പ്രദേശങ്ങളിലുള്ള നാടോടിക്കഥകള്‍ പരിശോധിച്ചാല്‍ അവ തമ്മില്‍ അസാധാരണമായ സാമ്യം കാണാവുന്നതാണ്. കഥകള്‍ തമ്മില്‍ പ്രമേയത്തിലും അവ മുന്നോട്ട് വെയ്ക്കുന്ന മൂല്യത്തിലുമെല്ലാം സാദൃശ്യങ്ങള്‍ കാണാം. അതത് സംസ്‌കാരത്തിനും ഭാഷയ്ക്കും അനുസൃതമായി കഥാ പരിസരങ്ങളിലും പ്രതിപാദനരീതിയിലും വ്യത്യസാങ്ങള്‍ ഉണ്ടാകുമെന്നുമാത്രം. ഇതില്‍ നിന്ന് വ്യത്യസ്തമല്ല അന്തമാന്‍ നിക്കോബാറിലെ നാടോടിക്കഥള്‍. 

അന്തമാന്‍ ദ്വീപ്സമൂഹങ്ങളുടെ ഉത്പത്തി, സൂര്യചന്ദ്രഗ്രഹണങ്ങള്‍, മരങ്ങള്‍ മണ്ണിലുറച്ചുപോയതെങ്ങനെ, മനുഷ്യരെ കാണുമ്പോഴേക്കും കാക്കകള്‍ ഭയന്നു പറന്നകലുന്നത് എന്തുകൊണ്ട് എന്നിങ്ങനെ പ്രപഞ്ചസംബന്ധമായ വിഷയങ്ങളെ കുറിച്ച് അന്തമാന്‍ നിവാസികള്‍ക്കിടയില്‍, ഗാനരൂപത്തില്‍ പ്രചരിക്കുന്ന രസകരമായ നാടോടിക്കഥകളുടെ ലളിതമായ കഥാവിഷ്‌കാരമാണ് പുസ്തകം. 

രസകരമായാണ് ഓരോ കഥയും പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കഥകളാണ് അന്തമാന്‍ നിക്കോബാറിലെ നാടോടിക്കഥള്‍. വിജയന്‍ മടപ്പള്ളിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

അന്തമാന്‍ നിക്കോബാറിലെ നാടോടിക്കഥള്‍ ഓണ്‍ലൈനില്‍ വാങ്ങാം 

Content Highlights: Andaman nicobarile naadodikathakal, Malayalam literature