മുന്തിരി തിന്നാന്‍ കൊതിച്ചു കിട്ടാതെപോയ കുറുക്കന്റെയും പൊന്മുട്ടയിടുന്ന താറാവിന്റെയും കഥ കേള്‍ക്കാത്തവരുണ്ടോ? കുറുക്കന്റെ തൊണ്ടയിലെ മുള്ളെടുക്കാന്‍ ശ്രമിച്ച കൊക്കിന്റെയും മുയലിനെ ഓട്ടപ്പന്തയത്തില്‍ തോല്പിച്ച ആമയുടെയുമെല്ലാം കഥകള്‍ നാം എത്രവട്ടം കേട്ടിരിക്കുന്നു.  കൊച്ചുകൊച്ചു കഥകളിലൂടെ സാരോപദേശത്തിന്റെ വലിയ ലോകം പകര്‍ന്നു നല്‍കിയ ഈസോപ്പിന്റെ കഥാസമാഹാരത്തില്‍ നിന്നുള്ള കഥകളാണവ.

കൊച്ചു കൊച്ചു കഥകളിലൂടെ തലമുറകളായി ലോകമെമ്പാടുമുള്ള കുട്ടികളേയും മുതിര്‍ന്നവരേയും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന കഥകളുടെ സമാഹാരമാണ് 'ഈസോപ്പു കഥകള്‍ കുട്ടികള്‍ക്ക്'. മൃഗങ്ങളും പക്ഷികളും മനുഷ്യരും മറ്റു ചരാചരങ്ങളും നിറഞ്ഞ ഈ രസകരമായ കഥകളിലൂടെ നന്മയും തിന്മയും ശരിയും തെറ്റും ധര്‍മവും അധര്‍മവും എന്താണെന്ന് ലളിതമായി അവതരിപ്പിക്കുന്നു. 

വിശ്വസാഹിത്യത്തിലെ കഥാപാരമ്പര്യത്തിന്റെ അതിപുരാതനമായ ശേഖരങ്ങളായ ഈ കഥകള്‍ ബിസി 620നും 560നും മദ്ധ്യേ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഈസോപ്പ് എഴുതിയതാണ്. എന്നാല്‍ ഈ കഥകളൊന്നും അദ്ദേഹത്തിന്റെ കഥകൃത്ത് ലിഖിത രൂപത്തിലാക്കാന്‍ സാധ്യതയില്ലെന്നും വാമൊഴിയായി പ്രചരിച്ച ഈ കഥകള്‍ക്ക് പില്‍ക്കാലത്ത് പുസ്തകരൂപം കൊവന്നതാണെന്നുമാണ് പണ്ഡിതരുടെ അഭിപ്രായം. അദ്ദേഹത്തിന്റെ ജീവിതകാലം സംബന്ധിച്ചും കഥകളെ സംബന്ധിച്ചും സാഹിത്യ പണ്ഡിതര്‍ക്കിടയില്‍ വിരുദ്ധാഭിപ്രായങ്ങളുണ്ടെങ്കിലും കഥകളുടെ മൂല്യത്തെ സംബന്ധിച്ച് തര്‍ക്കമില്ല. 

ഇരുനൂറോളം കഥകളാണ് 'ഈസോപ്പു കഥകള്‍ കുട്ടികള്‍ക്ക് 'എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. മനോഹരമായ ചിത്രങ്ങളും ഗുണപാഠങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന പുസ്തകം  ഡോ. അനിത എം.പിയാണ് പുനരാഖ്യാനം ചെയ്തിരിക്കുന്നത്.

കഥപറച്ചിലിന്റെ മാന്ത്രികത തന്നെയാണ് നൂറ്റാണ്ടുകളായി ഈ കൊച്ചു കഥകള്‍ ആനശ്വരമായി നിലനില്‍ക്കുന്നതിന്റെ രഹസ്യം. ഏതൊരു മനുഷ്യനും അവശ്യം വായിച്ചിരിക്കേണ്ടതാണ് ഈ കഥകള്‍ എന്ന് നിസംശയം പറയാം.