തോമസ് ലിങ്കന്റെയും നാന്‍സി ഹാക്കിന്റെയും മകനായി 1809 ഫെബ്രുവരി 12-ാം തീയതിയാണ് എബ്രഹാം ലിങ്കന്റെ ജനനം. അന്നൊരു ഞായറാഴ്ചയായിരുന്നു. കാറ്റും മഴയും കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഒരു ദിവസം. ആ കാട്ടില്‍ അങ്ങനെയൊരു കുട്ടി ജനിച്ച വിവരം അടുത്തുള്ളവര്‍കൂടി അറിഞ്ഞുകാണില്ല. മരക്കുടിലിന്റെ വിടവില്‍ക്കൂടി കടന്നുവന്ന കാറ്റിന്റെ തലോടല്‍ മാത്രമായിരിക്കും ആ പിഞ്ചുകുഞ്ഞിന് പുറത്തുനിന്ന് കിട്ടിയ പരിചരണം. ആ കുഞ്ഞാണ് പിന്നീട് ചരിത്രപ്രസിദ്ധനായ എബ്രഹാം ലിങ്കണ്‍. 

ഒരു നല്ല കര്‍ഷകനായിരുന്നു തോമസ് ലിങ്കണ്‍. നന്നായി പണിയെടുക്കുന്ന അയാള്‍ക്ക് എല്ലാ കൈത്തൊഴിലുകളും അറിയാമായിരുന്നു. സ്വന്തമായി ഉപകരണങ്ങള്‍ ഉണ്ടാക്കിയെടുക്കും. തോമസിന് കഷ്ടി കുത്തിക്കുറിക്കുവാനും കൈയ്യൊപ്പിടാനുമുള്ള വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അമ്മ നാന്‍സിക്ക് കുറച്ചുകൂടി വിദ്യാഭ്യാസമുണ്ടായിരുന്നു. 

abraham linkente kuttikkalamതോമസ് ലിങ്കണ്‍ കൂടുതല്‍ മെച്ചപ്പെട്ട കൃഷിയിടങ്ങളിലേക്ക് ഇടയ്ക്കിടെ താമസം മാറിക്കൊണ്ടിരുന്നു. അങ്ങനെ എബിക്ക് മൂന്ന് വയസുള്ളപ്പോള്‍ പീജിയന്‍ ക്രീക്കിലേക്ക് കുടിയേറി. എബ്രഹാം ലിങ്കണ് ഒരു മൂത്ത സഹോദരി കൂടിയുണ്ടായിരുന്നു. സാറ. വനങ്ങള്‍ നിറഞ്ഞ പുതിയ സ്ഥലത്ത് അവര്‍ കളിച്ചുല്ലസിച്ച് നടന്നു. അവിടെ വിദ്യാലയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ നാന്‍സി തന്നാല്‍ ആവും വിധം മക്കളെ പഠിപ്പിച്ചു. വലുതായ ശേഷം അമ്മയെക്കുറിച്ച് എബ്രഹാം ലിങ്കണ്‍ പറഞ്ഞതിങ്ങനെ: എനിക്കുള്ളതും ഉണ്ടാകാനിരിക്കുന്നതുമായ സര്‍വഗുണങ്ങള്‍ക്കും എന്റെ അമ്മയോടാണ് കടപ്പെട്ടിരിക്കുന്നത്. 

കര്‍ഷകന്റെ മകനായി ജനിച്ച് സ്വപരിശ്രമത്താല്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പതിനാറാമത് പ്രസിഡന്റായി മാറിയ വ്യക്തിത്വമാണ് എബ്രഹാം ലിങ്കണ്‍. ചെറുപ്പത്തില്‍ത്തന്നെ പുസ്തകവായനയില്‍ തത്പരനായ, സദാ ചിന്തയില്‍ മുഴുകിയ, വാക്ചാതുര്യം കൈമുതലാക്കിയ ലിങ്കന്റെ അസാധാരണമായ ജീവിതകഥ പറയുന്ന പുസ്തകമാണ് എബ്രഹാം ലിങ്കന്റെ കുട്ടിക്കാലം. 

എബ്രഹാം ലിങ്കന്റെ ജനനം മുതല്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തുന്നത് വരെയാണ് പുസ്തകം പറയുന്നത്. കുട്ടിക്കാലത്ത് സാക്ഷിയായ അടിമക്കച്ചവടത്തിനെതിരെ പോരാടി വിജയം നേടിയ എബ്രഹാം ലിങ്കന്റെ ജീവിതം കുട്ടികള്‍ക്ക് എന്നും പ്രചോദനമാണ്. ഇന്‍ ദി ബോയ്ഹുഡ് ഓഫ് ലിങ്കണ്‍ എന്ന പേരില്‍ ഹെസെക്കിയ ബട്ടര്‍വര്‍ത്ത് രചിച്ച പുസ്തകത്തിന്റെ പുനരാഖ്യാനമാണ് എബ്രഹാം ലിങ്കന്റെ കുട്ടിക്കാലം. ഫിലോ തോമസാണ് പുസ്തകം പുനരാഖ്യാനം ചെയ്തിരിക്കുന്നത്. സി.ബി. സിജെയാണ് പുസ്തകത്തിനായി ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. 

എബ്രഹാം ലിങ്കന്റെ കുട്ടിക്കാലം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: abraham linkente kuttikkalam, In the Boyhood of Lincoln, Hezekiah Butterworth