റഷ്യയിലെ തൈഗയെന്ന പ്രദേശത്തായിരുന്നു ഭൂഗര്‍ഭഗവേഷണകേന്ദ്രത്തിന്റെ സംഘത്തലവനായ സെരോഗ് ജോലി ചെയ്തിരുന്നത്. നീല പുതച്ച മലനിരകള്‍ക്കിടയ്ക്ക് കൊടുംതണുപ്പും സഹിച്ചാണ് അയാളും സഹപ്രവര്‍ത്തകരും കഠിനമായി അധ്വാനിച്ചിരുന്നത.്

സോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും വാങ്ങാം


അയാള്‍ക്ക് ഭാര്യയും ചുക്കെന്നും ഗെക്കെന്നും പേരുള്ള രണ്ട് ആണ്‍മക്കളും ഉണ്ടായിരുന്നു. കുടുംബമായി താമസിക്കാന്‍ പറ്റിയ സ്ഥലമല്ല തൈഗ എന്ന് നന്നായി അറിയാവുന്നതിനാല്‍ സെരോഗ് തനിച്ചാണ് അവിടെ കഴിഞ്ഞത്. ഭാര്യയും മക്കളും ലോകത്തുവെച്ച് ഏറ്റവും മനോഹരമായ മോസ്‌കോ നഗരത്തിലെ സാമാന്യം നല്ല വീട്ടിലാണ് താമസിച്ചിരുന്നത്.
വളരെക്കാലം തനിച്ചു കഴിഞ്ഞ് സെരോഗിന് മടുത്തു. ഭാര്യയും മക്കളും കുറച്ചുനാളെങ്കിലും തന്നോടൊപ്പമുണ്ടാകണമെന്ന് അയാള്‍ ആഗ്രഹിച്ചു. ജോലിഭാരംമൂലം, അവധിയെടുത്ത് നാട്ടില്‍ പോകാനായില്ല. എങ്കില്‍പ്പിന്നെ അവരോട് കുറച്ചുദിവസം തൈഗയില്‍ വന്നു താമസിക്കാന്‍ ആവശ്യപ്പെടാമെന്ന് അയാള്‍ നിശ്ചയിച്ചു. ഈ വിവരങ്ങള്‍ കാണിച്ച് അയാള്‍ ഭാര്യയ്ക്ക് വിശദമായ കത്തെഴുതി. അതു മഞ്ഞുകാലത്തിന്റെ തുടക്കമായിരുന്നു.

ചുക്കും ഗെക്കും വഴക്കുമൂത്ത് കൈയാങ്കളിയിലേര്‍പ്പെട്ടിരുന്ന സമയത്താണ്, ചിരിക്കുന്ന മുഖമുള്ള തപാല്‍ക്കാരന്‍ കോണി കയറി വന്നത്. ചുക്കിന്റെ കൊച്ചുപെട്ടി ഗെക്കോ, ഗെക്കിന്റെ തീപ്പെട്ടി ചുക്കോ തട്ടിയെടുത്തതിനെത്തുടര്‍ന്നായിരുന്നു ആദ്യം തര്‍ക്കവും പിന്നീട് സംഘര്‍ഷവുമുണ്ടായത്. കോണിപ്പടിയിലെ കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ പുറത്തുപോയിരുന്ന അമ്മ വന്നതാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, തങ്ങള്‍ക്കു തെറ്റിയെന്നും വന്നത് തപാല്‍ക്കാരനാണെന്നുമറിഞ്ഞ് അവര്‍ തത്കാലത്തേക്ക് വെടിനിര്‍ത്തി!
'മിസ്സിസ് സെരോഗിന് ഒരു കത്തുണ്ട്. തൈഗയില്‍നിന്നാണ്.'
തപാല്‍ക്കാരന്‍ പുഞ്ചിരിയോടെ കത്ത് കുട്ടികള്‍ക്കു നല്കി പടിയിറങ്ങിപ്പോയി. തൈഗയെന്നു കേട്ടതും അവര്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടി.
'ഹായ്! തൈഗയില്‍നിന്ന് അച്ഛന്റെ കത്താണ്,' ചുക്ക് കത്ത് ഉയര്‍ത്തിപ്പിടിച്ച് പറഞ്ഞു.
'അച്ഛന്‍ വേഗം വരുമെന്ന് അറിയിക്കാനാവും.'
ഗെക്ക് കരണംമറിഞ്ഞു.
മോസ്‌കോ നല്ല നഗരമാണെന്നതില്‍ തര്‍ക്കമില്ലെങ്കിലും അച്ഛനില്ലാത്ത മോസ്‌കോ അത്രകണ്ട് രസകരമല്ല എന്നവര്‍ക്ക് തോന്നാറുണ്ടായിരുന്നു.
ഈ സന്തോഷത്തിമിര്‍പ്പിനിടയിലേക്കാണ് അമ്മ കയറിവന്നത്. രോമക്കുപ്പായം ഊരി, കുട്ടികളുടെ കളി കണ്ടുനിന്ന് അവര്‍ ചോദിച്ചു:
'ഓ! അദ്ഭുതംതന്നെ. ഇന്നു രണ്ടുപേരും സമാധാനത്തിലാണല്ലോ. എന്തുപറ്റി?'
'അമ്മേ, അച്ഛന്റെ കത്തു വന്നു. ഇതാ വായിച്ചുനോക്ക്.'
ചുക്ക് കത്ത് അമ്മയ്ക്കു നല്കി.
'അച്ഛന്‍ എപ്പോഴാ വരുന്നത്?'
ഗെക്കിനറിയേണ്ടത് അതു മാത്രമായിരുന്നു.
ആ വാര്‍ത്ത അമ്മയെയും ഏറെ സന്തോഷിപ്പിച്ചിരിക്കണം. എന്നാല്‍, അതു പുറത്തുകാട്ടാതെ അവര്‍ കസേരയിലിരുന്ന് കത്തു പൊട്ടിച്ചുവായിച്ചു. കുട്ടികള്‍ താടിക്ക് കൈകൊടുത്ത് അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
അമ്മയുടെ മുഖം ആദ്യം ചുളിഞ്ഞു. പിന്നെ ചിരി പടര്‍ന്നു. അതോടെ ചുക്കിനും ഗെക്കിനും ആശ്വാസമായി. കത്ത് സന്തോഷകരമായ ഉള്ളടക്കമുള്ളതുതന്നെ.
'അമ്മേ, അച്ഛന്‍ ഉടനെ വരുമോ?'
ചുക്ക് അമ്മയുടെ നേരെ നോക്കി.
'അച്ഛന്‍ എന്തൊക്കെയാവും കൊണ്ടുവരിക?'
ഗെക്ക് ചോദിച്ചു.
'ഇല്ല മക്കളേ, നിങ്ങളുടെ അച്ഛന്‍ വരുന്നില്ല,'
അമ്മ മുഖം കോട്ടിപ്പറഞ്ഞു. അതു കേട്ട് അവരും നിരാശരായി. അവര്‍ ഒന്നും മിണ്ടാതെ മുഖം വീര്‍പ്പിച്ചിരുന്നു. അപ്പോള്‍ അമ്മ കള്ളച്ചിരിയോടെ തുടര്‍ന്നു:
'അതുകൊണ്ട് നമ്മളോട് അങ്ങോട്ടു ചെല്ലാനാണ് അച്ഛന്‍ പറഞ്ഞിരിക്കുന്നത്.'
അതോടെ ചുക്കിന്റെയും ഗെക്കിന്റെയും മുഖത്ത് പുഞ്ചിരി കത്തി.
'പക്ഷേ, ഇത്രദൂരം നമ്മളെങ്ങനെ പോകും? ഇവിടന്ന് രണ്ടായിരത്തിലേറെ കിലോമീറ്റര്‍ ദൂരമുണ്ട്. തീവണ്ടിയിലും മഞ്ഞുവണ്ടിയിലുമായി സാഹസികയാത്രതന്നെ വേണ്ടിവരും. തൈഗയിലെത്തിയാലും കരടിയോ ചെന്നായയോ ആക്രമിക്കില്ലെന്ന് ആരു കണ്ടു?'
അമ്മ പറഞ്ഞു.
'അതു പറ്റില്ല. നമുക്ക് പോയേ തീരൂ,' ചുക്ക് വാശിപിടിച്ചു.
'എനിക്ക് അച്ഛനെ കാണാതെ വയ്യ,'
ഗെക്കും വിട്ടുകൊടുത്തില്ല
മക്കളോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഒരാഴ്ച കഴിഞ്ഞ് തൈഗയിലേക്ക് പുറപ്പെടാന്‍ അമ്മ തീരുമാനിച്ചുകഴിഞ്ഞിരുന്നു.
അമ്മ യാത്രയ്ക്കുള്ള കുപ്പായവും മറ്റും ഒരുക്കിവെച്ചു. കുട്ടികളും തങ്ങളുടേതായ ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടു. ചുക്ക് കഠാരയും ഗെക്ക് കുന്തവുമുണ്ടാക്കി. യാത്രയ്ക്കിടയില്‍ ചെന്നായയോ കരടിയോ ആക്രമിക്കാന്‍ വന്നാല്‍ പ്രതിരോധിക്കാനുള്ള ആയുധങ്ങള്‍!
ഒരാഴ്ചകൊണ്ട് വീട്ടിലെ സാധനങ്ങളെല്ലാം ഒതുക്കിക്കഴിഞ്ഞു, അമ്മ. പിറ്റേന്നാണ് തൈഗയിലേക്ക് യാത്രപോകാന്‍ ഉദ്ദേശിക്കുന്നത്.
'മക്കളേ, നിങ്ങള്‍ സ്‌നേഹത്തോടെയിരിക്കണം. ഞാന്‍ പോയി തീവണ്ടിടിക്കറ്റ് വാങ്ങി വരാം.'
മക്കളുടെ നെറ്റിയില്‍ ചുംബിച്ച് അമ്മ പുറത്തേക്കു പോയി.
'ശരി അമ്മേ, ഞങ്ങള്‍ വഴക്കടിക്കില്ല,'
അവര്‍ വാക്കുകൊടുത്തു.
അമ്മ കമ്പിളിക്കുപ്പായവും ധരിച്ച് പുറത്തിറങ്ങേണ്ടതാമസം ചുക്കും ഗെക്കും വഴക്കുതുടങ്ങി. കാരണം നിസ്സാരമാണ്. വര്‍ണക്കടലാസും പീപ്പിയും കുയില്‍ത്തൂവലുമൊക്കെ ശേഖരിച്ച ഒരു പെട്ടി ചുക്ക് സൂക്ഷിച്ചിരുന്നു. അവനറിയാതെ ഗെക്ക് ആ പെട്ടിയെടുത്ത് പുറത്തേക്ക് വലിച്ചൊരേറ്! അതിനിടയില്‍ തപാല്‍ക്കാരന്‍ വന്ന് ഒരു കമ്പിസന്ദേശം ചുക്കിനെ ഏല്പിച്ചിരുന്നു. അത് തുറന്നുനോക്കാതെ തന്റെ തകരപ്പെട്ടിയില്‍ ഇട്ടു, അവന്‍. ആ പെട്ടിയാണ് ഗെക്ക് വലിച്ചെറിഞ്ഞത്.
കമ്പിയുടെ കാര്യം അറിഞ്ഞപ്പോള്‍ ഗെക്കിനും മനംമാറ്റമുണ്ടായി. അവന്‍ വഴക്കുനിര്‍ത്തി. ഇരുവരും ചേര്‍ന്ന് വീടിനു പുറത്തുവന്ന് തകരപ്പെട്ടി തിരഞ്ഞു. അതിന്റെ പൊടിപോലും അവര്‍ക്കു കിട്ടിയില്ല. പെട്ടി അന്യാധീനപ്പെടുകയോ മഞ്ഞിനടിയിലാവുകയോ ചെയ്തിരിക്കുമെന്ന് അവരുറപ്പിച്ചു.
'ഛേ, വെറുതെ വഴക്കുകൂടേണ്ടിയിരുന്നില്ല,' ചുക്ക് കുറ്റബോധത്തോടെ പറഞ്ഞു.
'വഴക്കുകൂടിയില്ലായിരുന്നെങ്കില്‍ ആ പെട്ടി നഷ്ടപ്പെടില്ലായിരുന്നു,' ഗെക്കും പറഞ്ഞു.
ആ കമ്പിയില്‍ എന്താണുണ്ടായിരുന്നതെന്ന് ആര്‍ക്കുമറിയില്ലല്ലോ. ഏതായാലും അത് നഷ്ടമായ സ്ഥിതിക്ക് അക്കാര്യം അമ്മയോട് പറയേണ്ടെന്ന് ഇരുവരും ധാരണയിലെത്തി.
അപ്പോഴേക്കും അമ്മ രണ്ടു നിറങ്ങളിലുള്ള മുഴുവന്‍ ടിക്കറ്റും രണ്ട് അരട്ടിക്കറ്റുകളുമായി തിരിച്ചെത്തി. കമ്പി വന്ന കാര്യം അവര്‍ അമ്മയില്‍ നിന്ന് മനഃപൂര്‍വം മറച്ചുവെച്ചു.
അതിന്റെ ഉള്ളടക്കമെന്തെന്ന് ഇപ്പോള്‍ പറഞ്ഞ് കഥയുടെ രസച്ചരട് പൊട്ടിക്കേണ്ട കാര്യമില്ലല്ലോ?
പിറ്റേന്നു രാത്രി അമ്മയും മക്കളും മോസ്‌കോയിലെ പ്രധാന സ്റ്റേഷനില്‍നിന്ന് തീവണ്ടി കയറി. ചുക്കും ഗെക്കും ജനലരികിലെ ഇരിപ്പിടങ്ങളില്‍ ഇരുന്നെങ്കിലും സര്‍വത്ര ഇരുട്ടായതിനാല്‍ അവര്‍ക്കൊന്നും കാണാനായില്ല. ഈ തീവണ്ടിയാത്ര എത്ര വിരസമാണെന്നതില്‍ അവര്‍ വളരെ വേഗം യോജിപ്പിലെത്തി. നേരം പുലരുമ്പോള്‍ യാത്ര രസകരമാകുമെന്ന് അമ്മ അവരെ തിരുത്തി.
ഇരിപ്പിടങ്ങള്‍ കിടക്കയാക്കി മാറ്റി മൂവരും കിടന്നു. കുറച്ചു കിടന്നതും ഗെക്ക് ഉണര്‍ന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും പിന്നെയവന് ഉറക്കം വന്നില്ല. അവന്‍ ജനലോരത്തിരുന്ന് പുറത്തേക്ക് കണ്ണെറിഞ്ഞു. മോസ്‌കോയിലെ രാത്രിദൃശ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയൊരു ചന്ദ്രന്‍ മാനത്ത് തെളിഞ്ഞുനില്ക്കുന്നു. ആ പാല്‍നിലാവില്‍ ഉയര്‍ന്ന മലനിരകള്‍ അവ്യക്തമായി കാണാം. ആ ഭംഗിയുള്ള കാഴ്ച കാണിക്കാന്‍ അവന്‍ ചുക്കിനെ ഉണര്‍ത്താന്‍ ശ്രമിച്ചു,
'ഒന്നു വെറുതെയിരിക്കുന്നുണ്ടോ?'
ചുക്ക് ദേഷ്യപ്പെട്ട് തിരിഞ്ഞുകിടന്നു. പിന്നെ, ഗെക്ക് തന്റെ ശ്രമം ഉപേക്ഷിച്ചു. അവന്‍ പാട്ടുപാടിയും നിലത്ത് അമര്‍ത്തിച്ചവിട്ടിയും ഇരിപ്പിടങ്ങളില്‍ മാറിമാറിയിരുന്നും നേരം തള്ളിനീക്കി. ആ ബഹളം പക്ഷേ, തീവണ്ടിയുടെ ഗാര്‍ഡിന് പിടിച്ചില്ല. നിശ്ശബ്ദനായിരിക്കാന്‍ അയാള്‍ ആംഗ്യം കാണിച്ചു. അതോടെ അവനടങ്ങി.
ഇരുട്ടിലൂടെ നടന്ന് അവന്‍ ചുക്ക് കിടക്കുന്ന മെത്തയുടെ അടുത്തെത്തി. ആ സ്ഥലം മുഴുവന്‍ നിറഞ്ഞ്, മൂടിപ്പുതച്ചുകിടക്കുന്ന അവനെ അരികിലേക്കാക്കാന്‍ ഗെക്ക് ശ്രമിച്ചു. 'നീങ്ങിക്കിടക്കെടാ' എന്നു പറഞ്ഞ് അവന്‍ ചുക്കിനെ ഒരൊറ്റത്തള്ള്! പെട്ടെന്ന് പരുഷമായ ഒരു ശബ്ദം ഉയര്‍ന്നു.
'ആരെടാ അത്? മനുഷ്യനെ സ്വസ്ഥമായൊന്ന് കണ്ണടയ്ക്കാന്‍ പോലും സമ്മതിക്കില്ലേ?'
പുതപ്പുമാറ്റി എത്തിനോക്കിയ ആളെക്കണ്ട് ഗെക്ക് ഞെട്ടിപ്പോയി. താന്‍ ചുക്കെന്നു കരുതി തള്ളിയത് ഒരു തടിയന്‍ കൊമ്പന്‍മീശക്കാരനെയായിരുന്നു!
ഗെക്ക് ആകെ പേടിച്ചുപോയി. അവന്‍ ഉറക്കെ നിലവിളിച്ചു. ആ ശബ്ദം കേട്ട് മറ്റു യാത്രക്കാരും എഴുന്നേറ്റ് വെളിച്ചമിട്ടു. അവനാകെ ചൂളി. തടിയന്റെ കാലില്‍ തൊട്ട് അവന്‍ പറഞ്ഞു:
'ആളറിയാതെ പറ്റിയതാണ്, ക്ഷമിക്കണം.'
ഗെക്കിന്റെ അവസ്ഥ കണ്ട് സഹതാപം തോന്നിയ തടിയന്‍ അവനെ അവന്റെ മുറിയില്‍ കൊണ്ടുപോയാക്കി. അപ്പോഴാണ് അവനു ശ്വാസം നേരെ വീണത്.
അവന്‍ ജനലോരത്തെ കിടക്കയില്‍ നീണ്ടുനിവര്‍ന്നു കിടന്നു. നിലാവ് അപ്പോഴും മങ്ങിയിട്ടില്ല. തണുത്ത കാറ്റ് അവന്റെ മുഖത്തു വീശി. ക്രമേണ അവന്‍ ഉറക്കത്തിലേക്ക് വഴുതിവീണു.
അമ്മയും ചുക്കും അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു.
ആ രാത്രി ഗെക്ക് വിചിത്രവും വിസ്മയകരവുമായ സ്വപ്‌നം കണ്ടു. മുന്‍പൊന്നും കാണാത്ത ഒരു വിചിത്രസ്വപ്‌നം.
നേരം പുലര്‍ന്നു. അപ്പോഴും മഞ്ഞുമൂടിയ മലനിരകള്‍ക്കടുത്തുകൂടിയാണ് തീവണ്ടി മുന്നോട്ടു പോയത്. ചുക്ക് ആപ്പിള്‍പ്പഴം കടിച്ച് കാഴ്ചകണ്ടിരുന്നു. ഗെക്ക് സാമാന്യം ഉച്ചത്തില്‍ ശ്രുതിമധുരമായി പാടിക്കൊണ്ടിരുന്നു. അമ്മ അവരെ മാറിമാറി നോക്കി മറ്റൊരിടത്തും ഇരുന്നു. മറ്റു യാത്രക്കാരുമായി പരിചയപ്പെട്ടപ്പോള്‍ ചുക്കിന് പല സമ്മാനങ്ങളും കിട്ടി. ഗെക്കിന് അതില്‍ വലിയ താത്പര്യമുണ്ടായില്ല. അവന്‍ ഒരേസമയം പാടുകയും പുറംകാഴ്ചകള്‍ കാണുകയും ചെയ്തു. കുടിലും പൂച്ചയും പുകക്കുഴലുമൊക്കെ അവന്റെ കണ്ണില്‍പ്പെട്ടു. ചെറുതും വലുതുമായ സ്റ്റേഷനുകളില്‍ വണ്ടി നിര്‍ത്തി. അധികം വൈകാതെ യാത്ര തുടരുകയും ചെയ്തു.
താരതമ്യേന ചെറുതായ ഒരു സ്റ്റേഷനില്‍ വണ്ടി നിന്നു. സഞ്ചികളും പെട്ടിയുമെടുത്ത് അമ്മ പറഞ്ഞു:
'മക്കളേ, നമുക്കിറങ്ങാനുള്ള നേരമായി.'
ചുക്കും ഗെക്കും യാത്രയുടെ വിരസത കുടഞ്ഞുകളഞ്ഞ് വേഗം ഇറങ്ങി.
'ഇതാണോ അച്ഛന്റെ തൈഗ?'
ചുക്ക് ചോദിച്ചു.
'ഏയ്, അവിടെയെത്താന്‍ ഏതാണ്ട് ഇത്രത്തോളം ദൂരം ഇനിയും പോകണം,' അമ്മ പറഞ്ഞു.
'അതിനെന്താ? അച്ഛന്‍ നമുക്കായി മഞ്ഞുവണ്ടി അയച്ചുകാണില്ലേ?'
ഗെക്കിന്റെ മുഖം വിടര്‍ന്നു.
'ഇല്ലാതിരിക്കില്ല. നോക്കാം,'
അമ്മ അവനെ സമാധാനിപ്പിച്ചു.
എന്നാല്‍, അവരുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നു. അവരെ കൊണ്ടുപോകാനായി സെരോഗ് വണ്ടിയൊന്നും അയച്ചിരുന്നില്ല. അമ്മ അവരെ അവിടെ നിര്‍ത്തി കാര്യങ്ങള്‍ ചോദിച്ചറിയാനായി പോയി.
ഈ സമയം കൊമ്പുള്ള ഒരാട് അവിടെ വന്ന് മഞ്ഞില്‍പ്പുതഞ്ഞ ഒരു മരക്കഷണം കടിച്ചുതുപ്പി. പിന്നെ, ചുക്കിനെയും ഗെക്കിനെയും തുറിച്ചുനോക്കി നിന്നു. ഭയന്നുപോയ അവന്‍ അതിന്റെ ദൃഷ്ടിയില്‍നിന്നും ഒഴിഞ്ഞുമാറി ഒരിടത്ത് ഒളിച്ചിരുന്നു. അധികം വൈകാതെ അമ്മ തിരികെ വന്നു.
'മഞ്ഞുവണ്ടിക്കാരനെ കണ്ടോ?'
ചുക്ക് ചോദിച്ചു.
'എനിക്കാണെങ്കില്‍ അച്ഛനെ കാണാന്‍ തിരക്കാവുന്നു,'
ഗെക്കിന് തൊണ്ടയിടറി.
'എപ്പോഴെത്തുമോ എന്തോ? നമ്മള്‍ വരുമെന്നറിഞ്ഞിട്ടും അദ്ദേഹം വണ്ടി അയയ്ക്കാതിരുന്നതെന്താ? ങ്ഹാ, എല്ലാം നമ്മുടെ തലവര! ആദ്യം അക്കാണുന്ന കടയില്‍നിന്നും ചായ കുടിക്കാം,' അമ്മ പറഞ്ഞു.
നല്ല ചൂടുള്ള പാനീയം ഒരിറക്ക് കിട്ടിയിരുന്നെങ്കിലെന്ന് ആരും ഓര്‍ത്തുപോകുന്ന സമയമാണത്.
'ശരി, വേഗം പോവാം,' അവര്‍ ഒന്നിച്ചു പറഞ്ഞു.
അമ്മ ഒരു മഞ്ഞുവണ്ടിക്കാരനെ വിളിച്ചു. വണ്ടിക്കാരന്‍ അവരുടെ അടുത്തെത്തി വിനയത്തോടെ നിന്നു.
'ആദ്യം ഒരു പാത്രം ചായ. പിന്നെ ഈ വഴി പിന്നിട്ട് തൈഗയിലെ ഭൂഗര്‍ഭഗവേഷണസംഘത്തിന്റെ മൂന്നാം നമ്പര്‍ താവളത്തിലേക്ക്. ഇതിനെല്ലാംകൂടി നിങ്ങള്‍ എന്തു കൂലിയാണ് പ്രതീക്ഷിക്കുന്നത്?
അമ്മ ചോദിച്ചു. കൈവിരലുകള്‍ മടക്കി കണക്കുകൂട്ടി അയാള്‍ പറഞ്ഞു:
'ആദ്യം കേള്‍ക്കുമ്പോള്‍ കൂടുതലായി തോന്നും. എന്നാലും അങ്ങോട്ടുള്ള ദുഷ്‌കരപാതയും ദീര്‍ഘയാത്രയും ഓര്‍ത്താല്‍ നിശ്ചയമായും ആ തോന്നല്‍ മാറും. ആകെ നൂറു റൂബിള്‍ എനിക്കു കിട്ടണം.'
അയാള്‍ പറഞ്ഞതിലും വാസ്തവമുണ്ടെന്നു തോന്നിയ അമ്മ അതു സമ്മതിച്ചു. അയാള്‍ പെട്ടിയും സഞ്ചികളും വണ്ടിയില്‍ കയറ്റി. പിന്നെ, അവരെ അടുത്ത ചായക്കടയിലാക്കി.
'നിങ്ങള്‍ ചായ കുടിച്ച് തണുപ്പുമാറ്റുക. അപ്പോഴേക്കും ഞാനെന്റ വീട്ടില്‍പ്പോയി വൈക്കോലും കുപ്പായവും ഉണക്കറൊട്ടിയും എടുത്തുകൊണ്ടുവരാം.'
അമ്മ തലയാട്ടിയിട്ടേ അയാള്‍ പോയുള്ളൂ. അയാളൊരു നല്ലയാളാണെന്ന് അവര്‍ക്കു തോന്നി.
ചായക്കടയിലെ നനവുള്ള ഇരിപ്പിടങ്ങളിലിരുന്ന് അമ്മ ചായ ആവശ്യപ്പെട്ടു. ചായക്കടക്കാരന്‍ സമോവറില്‍നിന്നും കപ്പില്‍ ചൂടുചായ പകര്‍ന്ന് അവര്‍ക്കു നല്കി. ചൂട് അത്രമേല്‍ ആസ്വാദ്യമായി തോന്നിയ മറ്റൊരു സന്ദര്‍ഭം അവരുടെ ജീവിതത്തില്‍ വേറെയുണ്ടായില്ലെന്നു തോന്നുന്നു.
'കുറച്ചു നേരംകൂടി കഴിഞ്ഞാല്‍ നമ്മള്‍ അച്ഛന്റെ അടുത്തെത്തും. ആ നിമിഷത്തില്‍ അദ്ദേഹമാണോ നമ്മളാണോ കൂടുതല്‍ സന്തോഷിക്കുക എന്നറിയില്ല,' അമ്മ പറഞ്ഞു.
'അതില്‍ സംശയം വേണ്ട. എനിക്കാവും കൂടുതല്‍ സന്തോഷം,' ചുക്ക് തീര്‍ത്തുപറഞ്ഞു.
'ഞാനൊന്ന് തീരുമാനിച്ചിട്ടുണ്ട്. ചെന്നയുടനെ ആരുമറിയാതെ അച്ഛന്റെ കട്ടിലിനടിയില്‍ നമുക്ക് പതുങ്ങിയിരിക്കണം. അതൊന്നുമറിയാതെ അച്ഛന്‍ കട്ടിലില്‍ വന്നിരിക്കുമ്പോള്‍ ഒരുമിച്ച് ഒച്ചവെച്ച് അദ്ഭുതപ്പെടുത്തണം!'
ഗെക്ക് വിശദീകരിച്ചു.
'നിങ്ങള്‍ എന്തെങ്കിലും ചെയ്‌തോളൂ. ഇത്തരം കുരുത്തക്കേടിനൊന്നും ഞാനില്ല,' അമ്മ പറഞ്ഞു.
അപ്പോഴേക്കും മഞ്ഞുവണ്ടിക്കാരന്‍ തിരിച്ചെത്തിയിരുന്നു. അവര്‍ ചായ കുടിച്ചുതീര്‍ത്ത് വണ്ടിയില്‍ കയറിയിരുന്നു.
'എന്നാല്‍, നല്ല യാത്രയ്ക്കായി പ്രാര്‍ഥിച്ച് നമുക്കു പുറപ്പെടാം. അല്ലേ?'
വണ്ടിക്കാരന്‍ ചാട്ടവീശി. വണ്ടി മുന്നോട്ടു നീങ്ങി.
കൊടുംതണുപ്പാണ്. കുട്ടികള്‍ക്ക് തണുക്കാതിരിക്കാന്‍ കരിമ്പടവും ആട്ടിന്‍തോല്‍ക്കുപ്പായവും വണ്ടിക്കാരന്‍ നല്കി.
അങ്ങനെ, തൈഗയിലേക്ക്...
അവിടുന്നങ്ങോട്ടുള്ള മുഴുവന്‍ സ്ഥലവും തൈഗയെന്നാണ് അറിയപ്പെടുകയെന്ന് വണ്ടിക്കാരന്‍ പറഞ്ഞു. തൈഗയുടെ അങ്ങേയറ്റമാണ് തങ്ങളുടെ ലക്ഷ്യസ്ഥാനം.
മലനിരകള്‍ക്കും കാടിനുമിടയിലൂടെയുള്ള ആ യാത്ര അതീവഹൃദ്യമായിരുന്നു. ചുക്കും ഗെക്കും ചുറ്റുമുള്ള കാഴ്ചകള്‍ ആവോളം കണ്ടു. അമ്മയാകട്ടെ, അച്ഛന്റെയടുത്തെത്താനുള്ള മോഹത്തില്‍ മറ്റെല്ലാം മറന്നിരുന്നു. അതിനിടയിലും നിസ്സാരകാര്യത്തിന് ചുക്കും ഗെക്കും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മക്കളെ ലാളിച്ചുമാത്രം ശീലമുള്ള അമ്മ അതു കണ്ട് ചിരിച്ചതേയുള്ളൂ.
നേരം നന്നായി ഇരുട്ടിയിട്ടും മഞ്ഞുവണ്ടി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. തണുത്ത കാറ്റ് കരിമ്പടങ്ങളും കടന്ന് അവരെ കുത്തിനോവിച്ചു. വഴക്കെല്ലാം മറന്ന് ചുക്കും ഗെക്കും പരസ്​പരം കെട്ടിപ്പുണര്‍ന്നു. അപ്പോള്‍ തണുപ്പിനല്പം ശമനമുള്ളതുപോലെ തോന്നി, അവര്‍ക്ക്.
മഞ്ഞുകൂടാരമെന്നു തോന്നിക്കുന്ന ഒരു കൊച്ചുകുടിലിനു മുന്നില്‍ വണ്ടിക്കാരന്‍ മഞ്ഞുവണ്ടി നിര്‍ത്തി. ആ രാത്രി അവിടെ തങ്ങാമെന്നായി വണ്ടിക്കാരന്‍. അവര്‍ വണ്ടിയില്‍നിന്നിറങ്ങി വിജനമായ ആ കുടിലില്‍ പ്രവേശിച്ചു. വണ്ടിക്കാരന്‍തന്നെ അടുപ്പില്‍ തീകൂട്ടി വെള്ളം തിളപ്പിക്കുകയും റൊട്ടി പൊരിക്കുകയും ചെയ്തു. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ അവരത് ആര്‍ത്തിയോടെ തിന്നു. പിന്നെ, ഒറ്റമുറിയില്‍ വിറകു കത്തിച്ച് മൂവരും കട്ടിലില്‍ കിടന്നുറങ്ങി. വണ്ടിക്കാരന്‍ അടുപ്പിന്റെ തിണ്ണയില്‍ത്തന്നെയാണു കിടന്നത്.
കുറച്ചുനേരം കഴിഞ്ഞതും ഗെക്ക് ഉറക്കമുണര്‍ന്നു. എല്ലാവരും നല്ല ഉറക്കമാണ്. അവനാണെങ്കില്‍ പിന്നെ ഉറക്കം വന്നതുമില്ല. പെട്ടെന്ന് വാതിലില്‍ ഒരു കരടി മുട്ടിവിളിക്കുന്നതായി അവനു തോന്നി. എന്നാല്‍, അടുത്ത നിമിഷം അത് തനിക്കു പിണഞ്ഞ അബദ്ധമാണെന്നും അവന്‍ തിരിച്ചറിഞ്ഞു. അവരുടെ കുതിര മഞ്ഞുവണ്ടിയില്‍നിന്നും വൈക്കോല്‍ വലിച്ചെടുത്തു തിന്നുന്ന ശബ്ദമായിരുന്നു അത്.
'ഹോ, എന്റെയൊരു കാര്യം!'
അവന്‍ തലയ്ക്കടിച്ചു.
അവന്‍ വീണ്ടും പുതച്ചുകിടന്നു. കാറ്റിന്റെ ശക്തികൊണ്ടാവാം, വൈകാതെ അവനുറങ്ങി. അന്നും അവന്‍ വിചിത്രവും ഭയങ്കരവുമായ ഒരു സ്വപ്‌നം കണ്ടു. അതിലെ നായകന്റെ സ്ഥാനത്ത് ഗെക്കുതന്നെയായിരുന്നു!
അതോടൊപ്പം ചുക്കും എന്തെങ്കിലും സ്വപ്‌നം കണ്ടുകാണും.
അതിന്റെ ഉള്ളടക്കം എന്താണെന്നറിയാന്‍ തത്കാലം നമുക്ക് നിര്‍വാഹമില്ല. രണ്ടാളും കിടക്കയില്‍ക്കിടന്ന് പുളയുന്നതുകണ്ടാണ് അമ്മ ഉറക്കമുണര്‍ന്നത്. അവര്‍ അവരെ തലോടി, നെറ്റിയില്‍ ചുംബിച്ചു. അതോടെ പേടിസ്വപ്‌നങ്ങള്‍ അകന്നു. ചുക്കും ഗെക്കും അനങ്ങാതെ കിടന്നുറങ്ങി.
ജനലിലൂടെ നക്ഷത്രഖചിതമായ മാനം നോക്കിയിരിക്കേ, അമ്മ സ്വയം ചോദിച്ചു:
'ഇതാവുമോ ലോകത്തിന്റെ അങ്ങേയറ്റം?'
മുന്‍പ് മക്കള്‍ക്കു തോന്നിയ അതേ സംശയമായിരുന്നു അത്!
പുലര്‍ച്ചെ പുനരാരംഭിച്ച യാത്ര കാടും മലയും കുന്നും കടന്ന് ദിവസം മുഴുവനും നീണ്ടു. ഒരിടത്തെത്തിയപ്പോള്‍ വണ്ടിക്കാരന്‍ പ്രഖ്യാപിച്ചു:
'അങ്ങനെ നമ്മള്‍ സ്ഥലത്തെത്തിക്കഴിഞ്ഞു!'
ആ വാക്കുകള്‍ അമ്മയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. അതുകേള്‍ക്കേണ്ട താമസം, ചുക്കും ഗെക്കും വണ്ടിയില്‍നിന്നും ചാടിയിറങ്ങി.
'എന്റെ അച്ഛന്റെ നാടെത്തി.'
ചുക്ക് സന്തോഷംകൊണ്ട് തുള്ളിച്ചാടി.
'നിന്റെയല്ല, എന്റെ അച്ഛന്‍.'
ഗെക്ക് വഴക്കിനു വട്ടംകൂട്ടിയെങ്കിലും അമ്മ ഇടപെട്ട് അത് അവസാനിപ്പിച്ചു.
എന്നാല്‍, ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. ജനവാസമില്ലാത്ത ഒരിടംപോലെയാണ് അവിടം അവര്‍ക്ക് അനുഭവപ്പെട്ടത്. ഏതാനും വീടുകള്‍ അവിടെയുണ്ടായിരുന്നെങ്കിലും എല്ലാം പൂട്ടിയിട്ട നിലയിലായിരുന്നു. ആളനക്കത്തിന്റെ സൂചനപോലും എങ്ങുമില്ല. മാനത്തേക്ക് പൊന്തിനില്ക്കുന്ന പുകക്കുഴലുകളും മഞ്ഞുമൂടിക്കിടക്കുകയാണ്.
അമ്മ അതുകണ്ട് അമ്പരന്നുനിന്നു.
'ഇതുതന്നെയാണോ നിങ്ങളുദ്ദേശിച്ച സ്ഥലം?'
വണ്ടിക്കാരന്‍ ചോദിച്ചു.
'അതെ. പക്ഷേ, ഇവിടെയെങ്ങും ആരെയും കാണുന്നില്ലല്ലോ?'
അമ്മയ്ക്ക് പരിഭ്രമമായി.
'ഞാനിവിടെ കഴിഞ്ഞയാഴ്ചയും വന്നതാണ്. അന്നിവിടെ ഏഴെട്ടുപേരുണ്ടായിരുന്നു. എന്നിട്ടവര്‍ എവിടെയായിരിക്കും? എട്ടുപേരെയും ചെന്നായ തിന്നിരിക്കാന്‍ വഴിയുണ്ട്.'
സന്ദര്‍ഭത്തിനു ചേരാത്ത പരാമര്‍ശമായിരുന്നു അത്.
'ഇനിയിപ്പോള്‍ ഞാനും മക്കളും എന്തു ചെയ്യും?'
അമ്മ ചോദിച്ചു.
'ഇവിടെയൊരു കാവല്‍ക്കാരനുണ്ടായിരുന്നു. അയാള്‍ പുറത്തെവിടെയെങ്കിലും പോയതാവും. ഞാനൊന്ന് അയാളെ തിരഞ്ഞുവരാം. നിങ്ങളും വണ്ടിയില്‍ കയറൂ.'
വണ്ടിക്കാരന്‍ അവിടം വിട്ടുപോയി.
അമ്മ മക്കളെ ചേര്‍ത്തുപിടിച്ച് സ്വയം പറഞ്ഞു:
'എന്തൊരു ദുര്‍വിധിയാണ് എന്റേത് എന്നു നോക്കണേ! ഇവരൊക്കെ എവിടെപ്പോയിരിക്കും? ഒരുപക്ഷേ, അദ്ദേഹത്തെ കാണാന്‍ പറ്റിയില്ലെങ്കില്‍ മടങ്ങിപ്പോവുകയേ നിവൃത്തിയുള്ളൂ. നൂറു റൂബിള്‍ വണ്ടിക്കാരനു കൊടുത്തുകഴിഞ്ഞാല്‍ ബാക്കിയൊന്നുമുണ്ടാവില്ല.'
കാവല്‍ക്കാരന്റെ കുടിലിനു മുന്നില്‍ വണ്ടി നിന്നപ്പോള്‍ അവര്‍ ഇറങ്ങി. വണ്ടിക്കാരന്‍ കുടിലിന്റെ ചാരിയിട്ട വാതില്‍ തുറന്ന് അകത്തു കടന്ന് ചില പരിശോധനകള്‍ നടത്തി. കെട്ട അടുപ്പില്‍ കാബേജ് സൂപ്പിരിക്കുന്നതു കണ്ടപ്പോള്‍ അയാളുടെ മുഖം തെളിഞ്ഞു. കാവല്‍ക്കാരന്‍ ദീര്‍ഘസഞ്ചാരത്തിലാണെങ്കില്‍ ഇതിങ്ങനെ വെക്കില്ല.
'നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്. കാവല്‍ക്കാരന്‍ വൈകാതെ തിരിച്ചെത്തും. അയാള്‍ വന്നാല്‍ സത്യാവസ്ഥ അറിയാനായേക്കും. പക്ഷേ, അതുവരെ എനിക്കിവിടെ നില്ക്കാനാവില്ല. ഇപ്പോള്‍ മടങ്ങാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ തിരികെയെത്തിക്കാം. അതിനു വേറെ കൂലി വേണ്ട,' വണ്ടിക്കാരന്‍ പറഞ്ഞു.
'വേണ്ട. ഞങ്ങള്‍ തിരിച്ചുപോകുന്നില്ല. നിങ്ങളുടെ വലിയ മനസ്സിന് നന്ദിയുണ്ട്.'
അമ്മ അയാളെ പണം കൊടുത്ത് മടക്കിയയച്ചു.
അവര്‍ അടുപ്പുകത്തിച്ച് ചായയുണ്ടാക്കി. കുറച്ചു റൊട്ടിയും ചൂടാക്കിക്കഴിച്ചു. ക്ഷീണിച്ചുപോയ ചുക്കും ഗെക്കും തളര്‍ന്നുറങ്ങി. അമ്മ ഒരുപോള കണ്ണടയ്ക്കാതെ അവര്‍ക്ക് കാവലിരുന്നു.
നേരം നന്നായി ഇരുട്ടിയതും കാവല്‍ക്കാരന്‍ മടങ്ങിയെത്തി. അയാളുടെ കൈയില്‍ തോക്കും റാന്തലും കൂടെയൊരു പട്ടിയുമുണ്ടായിരുന്നു. വേട്ടയാടിപ്പിടിച്ച ഒരു മുയലിനെയും അയാള്‍ കൂടെ കൊണ്ടുവന്നിരുന്നു. തന്റെ കുടിലില്‍ ആളനക്കം കണ്ട് അയാള്‍ റാന്തല്‍ ഉയര്‍ത്തി ചോദിച്ചു:
'ങ്ഹും, ആരാണു നിങ്ങള്‍?'
'ഭൂഗര്‍ഭഗവേഷണകേന്ദ്രത്തിലെ സെരോഗിന്റെ കുടുംബമാണ്. ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയും ഇവര്‍ മക്കളും,' അമ്മ പറഞ്ഞു.
അയാള്‍ വിളക്കിന്റെ വെളിച്ചത്തില്‍ കുട്ടികളെ നോക്കി ഇങ്ങനെ പറഞ്ഞു:
'നിങ്ങള്‍ പറഞ്ഞത് നേരാണെന്നു തോന്നുന്നു. അദ്ദേഹത്തെ വരച്ചുവെച്ചതുപോലുണ്ട്.'
അപ്പോഴേക്ക് സംസാരം കേട്ട് ചുക്കും ഗെക്കും ഉറക്കമുണര്‍ന്നിരുന്നു.
'നിങ്ങളെന്തിനാണിപ്പോള്‍ ഇങ്ങോട്ടു വന്നത്? തെല്ലും അനുസരണയില്ലാത്ത കൂട്ടരാണല്ലോ?'
കാവല്‍ക്കാരന്‍ നെറ്റിചുളിച്ചു.
'അതെന്താ അങ്ങനെ പറഞ്ഞത്? അദ്ദേഹം കത്തയച്ചിട്ടാണ് ഞങ്ങള്‍ വന്നത്. തണുപ്പുകാലത്ത് കുറച്ചു ദിവസം കൂടെയുണ്ടാവണമെന്ന് കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെയും പിതാവിന്റെയും വാക്കുകള്‍ കേട്ട് ഇവിടെയെത്തിയ ഞങ്ങളെങ്ങനെയാണ് അനുസരണകെട്ടവരാകുന്നത്?'
അമ്മ നീരസത്തോടെ ചോദിച്ചു.
'കത്തിനുശേഷം അദ്ദേഹമയച്ച കമ്പിസന്ദേശം നിങ്ങള്‍ കണ്ടില്ലേ? രണ്ടാഴ്ച കഴിഞ്ഞുമതി വരവെന്നും സംഘം ഒരത്യാവശ്യകാര്യത്തിനായി ദൂരയാത്രപോവുകയാണെന്നുമായിരുന്നു അതിലുണ്ടായിരുന്നത്.'
അയാള്‍ വിശദീകരിച്ചു.
'അത്തരമൊരു കമ്പി എനിക്കു കിട്ടിയിട്ടേയില്ലല്ലോ. ഒരുപക്ഷേ, അതയയ്ക്കാന്‍ അദ്ദേഹം മറന്നതാണെങ്കിലോ?'
അമ്മ പുരികം ചുളിച്ച് ചോദിച്ചു.
'അങ്ങനെ വരില്ല. കാരണം, ഞാന്‍തന്നെയാണ് ആ കമ്പി അയച്ചത്,' കാവല്‍ക്കാരന്‍ തീര്‍ത്തുപറഞ്ഞു.
ആ സംസാരം കേട്ട് ചുക്കും ഗെക്കും നിന്നു പരുങ്ങുന്നത് അമ്മ ശ്രദ്ധിച്ചു. അവരുടെ മുഖം വിളറിവെളുത്തുമിരുന്നു.
'മക്കളേ, ഇനിയെങ്കിലും സത്യം പറയണം. ഞാനില്ലാത്തപ്പോള്‍ നിങ്ങള്‍ക്ക് അച്ഛന്റെയൊരു കമ്പി കിട്ടിയിരുന്നോ?'
ഇനി ഒന്നും ഒളിച്ചുവെച്ചിട്ടു കാര്യമില്ലെന്നു മനസ്സിലാക്കിയ കുട്ടികള്‍ കുറ്റബോധത്തോടെ നടന്നതെല്ലാം അമ്മയോടു പറഞ്ഞു. പറഞ്ഞുകഴിഞ്ഞതും അവര്‍ കൂട്ടക്കരച്ചിലായി. ഉള്ളില്‍ പതഞ്ഞുപൊന്തിയ ദേഷ്യം കടിച്ചമര്‍ത്തി അമ്മ പല്ലിറുമ്മി.
'എന്നാലും മക്കളേ, നിങ്ങളിങ്ങനെ...?'
ആയിരം ശകാരവാക്കുകളുടെ കരുത്തുണ്ട് അതിനെന്ന് ചുക്കിനും ഗെക്കിനും തോന്നി.
'ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ടെന്താണു കാര്യം? നിങ്ങളിവിടെയെത്തി, അദ്ദേഹം ഇവിടെ ഇല്ലാതാവുകയും ചെയ്തു. ഭാവികാര്യങ്ങളെക്കുറിച്ചാണ് നാം ആലോചിക്കേണ്ടത്. റായ് മലനിരയിലേക്കാണ് അദ്ദേഹവും സംഘവും പോയിരിക്കുന്നത്. ഇനിയും പത്തു ദിവസം കഴിഞ്ഞേ മടങ്ങിയെത്തൂ.'
കാവല്‍ക്കാരന്റെ സ്വരം ഏറെ മയപ്പെട്ടതായി അമ്മയ്ക്കു തോന്നി.
'പത്തു ദിവസമോ? അതുവരെ ഞങ്ങളെങ്ങനെ കഴിയും?'
അമ്മയുടെ തൊണ്ടയിടറി.
'വിരോധമില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്റെ കുടിലില്‍ കഴിയാം. തിന്നാന്‍ ഈ മുയലിനെയും കുറെ റൊട്ടിയും നല്കാം. എനിക്കു പക്ഷേ, നാളെ പോകേണ്ടതുണ്ട്. പോയാല്‍ മൂന്നു ദിവസം കഴിഞ്ഞേ മടങ്ങിയെത്തൂ. വിറകും ഗോതമ്പും ഉപ്പുമെല്ലാം ഇവിടെയുണ്ട്. ഇവ ഉപയോഗിച്ച് എങ്ങനെ ജീവിക്കണമെന്ന് നിങ്ങള്‍തന്നെ തീരുമാനിക്കണം. പിന്നെ, ചെന്നായയോ കരടിയോ ആക്രമിക്കാന്‍ വന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ തോക്കുമുണ്ട്.'
അയാള്‍ കുപ്പായം അഴിച്ചുമാറ്റിയപ്പോള്‍ അതില്‍ നീളത്തില്‍ ഒരു കീറല്‍ കണ്ടു. അതെന്താണെന്ന് അമ്മ തിരക്കി. അല്പം മുന്‍പ് ഒരു കരടി ആക്രമിച്ചതാണെന്നായിരുന്നു മറുപടി. ആ കുപ്പായം തുന്നിക്കൊടുക്കുന്നതില്‍ അമ്മ സഹായിച്ചു. തന്റെ കാബേജ് സൂപ്പ് അമ്മയ്ക്കും മക്കള്‍ക്കും പങ്കിട്ടുകൊടുക്കാനും അയാള്‍ മടിച്ചില്ല.
ഈ പരുക്കന്‍സ്വഭാവം അയാളുടെ തൊലിപ്പുറത്തു മാത്രമേ ഉള്ളൂവെന്ന് അമ്മയ്ക്കു തോന്നി.
പിറ്റേന്നു പുലര്‍ച്ചെതന്നെ കാവല്‍ക്കാരന്‍ റാന്തലും തോക്കുമെടുത്ത് പട്ടിയെയും കൂട്ടി വീട്ടില്‍നിന്നും പോയി. തെന്നുപലകയില്‍ സഞ്ചരിച്ച് പലയിടത്തായി വെച്ച കെണികള്‍ പരിശോധിക്കാനാണ് യാത്രയെന്ന് അയാള്‍തന്നെ പറഞ്ഞു. അതോടെ ഒരു രക്ഷകനെ നഷ്ടപ്പെട്ട ആശങ്കയാണ് അമ്മയ്ക്കുണ്ടായത്. വന്യമൃഗങ്ങളുടെ ആക്രമണം ഏതുസമയത്തുമുണ്ടാകാവുന്ന അവിടെ ഇനി ഞാനും മക്കളും ഒറ്റയ്ക്കു കഴിയണം. എന്തെങ്കിലും മാര്‍ഗനിര്‍ദേശം നല്കാന്‍പോലും ആരുമില്ല.
അമ്മയും മക്കളും ചേര്‍ന്ന്് വെള്ളമെടുക്കാനായി കുന്നിന്റെ അപ്പുറത്തേക്ക് നടന്നു. അവിടെ മഞ്ഞുപാളികളിലേക്ക് പതിക്കുന്ന ഒരു കാട്ടരുവിയുണ്ടായിരുന്നു. ആ വെള്ളത്തില്‍നിന്ന് ആവി പറന്നെങ്കിലും മഞ്ഞില്‍ വീഴുന്നതോടെ അത് തണുത്തുപോയിരുന്നു. പാത്രം നിറയെ വെള്ളമെടുത്ത് അവര്‍ വീട്ടില്‍ തിരിച്ചെത്തി. പിന്നെ, തണുത്തതെങ്കിലും കുറെ വിറകും ശേഖരിച്ചു. അതൊന്നു കത്തിക്കാനായിരുന്നു പ്രയാസം. ഏറെ ശ്രമപ്പെട്ട് അത് കത്തിച്ചപ്പോഴാകട്ടെ ചുറ്റുമുള്ള മഞ്ഞെല്ലാം ഉരുകിയൊലിച്ചു. ഇനി ഭക്ഷണം പാകംചെയ്യണം. മുന്‍പരിചയം ഒട്ടുമില്ലാതിരുന്നിട്ടും അവര്‍ കുറെ സമയമെടുത്ത് മുയലിന്റെ തൊലിയുരിഞ്ഞ് വേവിച്ചെടുത്തു. ആ ജോലിയില്‍ തന്നെ സഹായിച്ച ചുക്കിന് മുയല്‍വാല്‍ സമ്മാനമായും കിട്ടി. അതിനോട് മുഖംതിരിച്ചു നില്ക്കാനായിരുന്നു ഗെക്ക് ഇഷ്ടപ്പെട്ടത്. അങ്ങനെ അന്നത്തെ ഭക്ഷണപ്രശ്‌നം പരിഹരിക്കപ്പെട്ടു. ചുറ്റുപാടുകള്‍ കണ്ടാസ്വദിക്കാമെന്ന അമ്മയുടെ അഭിപ്രായത്തോട് ചുക്കും ഗെക്കും യോജിച്ചു. അവര്‍ നടക്കാനിറങ്ങിയപ്പോള്‍ കാവല്‍ക്കാരന്‍ കൊടുത്ത തോക്ക് കൈയിലെടുക്കാമെന്ന് ചുക്ക് പറഞ്ഞു. അതിനോട് ശക്തമായി വിയോജിച്ച അമ്മ തോക്കും തിരകളും അവന് എത്താത്തത്ര ഉയരത്തില്‍ ചുമരില്‍ തൂക്കിയിട്ടു. അതു കണ്ട് ചുക്കിന്റെ മുഖം ബലൂണ്‍പോലെ വീര്‍ത്തു.
അതുവരെ നടന്നിട്ടില്ലാത്ത വഴികളിലൂടെയുള്ള ആ യാത്ര അങ്ങേയറ്റം ആസ്വാദ്യമായി. മലയുടെ നീലിമയും പക്ഷികളുടെ കൂജനവും ചെറുജീവികളുടെ കരച്ചിലുമെല്ലാം തൈഗയുടെ അസാധാരണസൗന്ദര്യം വിളിച്ചോതുന്നതായി. പലപല ജീവികളുടെയും പാദമുദ്രകള്‍ പതിഞ്ഞ് മഞ്ഞുപാളികള്‍ മനോഹരമായി കാണപ്പെട്ടു. പെട്ടെന്നൊരു ശബ്ദം കേട്ട് അവര്‍ ഞെട്ടിത്തിരിഞ്ഞുനോക്കി. വലിയ മരക്കൊമ്പില്‍നിന്ന് വമ്പന്‍ മഞ്ഞുകട്ട അടര്‍ന്ന് താഴെ വീണതിന്റെ ശബ്ദമായിരുന്നു അത്!
മഞ്ഞിന്റെ സൗന്ദര്യം പരമാവധി ആസ്വദിച്ചശേഷമേ അവര്‍ മടങ്ങിയുള്ളൂ.
മൂന്നു ദിവസമായിട്ടും കാവല്‍ക്കാരനെത്താത്തത് അമ്മയെ പരിഭ്രമിപ്പിച്ചു. പകല്‍നേരം എങ്ങനെയെങ്കിലും കഴിച്ചുകൂട്ടാം. രാത്രിയാണ് പ്രശ്‌നം. വന്യമൃഗങ്ങള്‍ ആക്രമിക്കാതിരിക്കാന്‍ വീട്ടിലെ വിളക്കുകളെല്ലാം കെടുത്തിയശേഷമാണ് അവര്‍ കിടന്നുറങ്ങിയത്. അതൊരു പിഴവായിരുന്നു. വെളിച്ചം കണ്ടാല്‍ മനുഷ്യസാന്നിധ്യം മനസ്സിലാക്കി മൃഗങ്ങള്‍ അങ്ങോട്ട് അടുക്കില്ലെന്ന് അവരെ പറഞ്ഞുമനസ്സിലാക്കാന്‍ ആരുമില്ലായിരുന്നല്ലോ?
രാത്രിയില്‍ പലവിധ ശബ്ദങ്ങളും അവരെ പേടിപ്പെടുത്തി. വന്യമൃഗങ്ങളുടെ അലര്‍ച്ചയും മഞ്ഞുകട്ടയടര്‍ന്ന് കുടിലിനു മുകളില്‍ വീഴുന്നതിന്റെ ശബ്ദവുമൊക്കെ അവര്‍ ഭയത്തോടെയാണ് ശ്രവിച്ചത്. ചുക്കിന്റെയും ഗെക്കിന്റെയും പേടി മാറ്റാന്‍ അമ്മ പറഞ്ഞുകൊടുത്തത് യക്ഷിക്കഥകളാണെന്നതാണ് ഏറെ വിചിത്രം. അവ കുട്ടികളുടെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. യക്ഷികള്‍, ദുര്‍മന്ത്രവാദിനികള്‍, പിശാചുക്കള്‍ തുടങ്ങിയ അമാനുഷരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും അതു കാരണമായി. ഒരു മന്ത്രവാദിയെ കിട്ടിയിരുന്നെങ്കില്‍ തങ്ങള്‍ വന്ന കാര്യം അച്ഛനെ അറിയിക്കാന്‍ സഹായിച്ചേനെയെന്ന് ഗെക്ക് പറഞ്ഞു. എന്നാല്‍, മന്ത്രവാദികള്‍ തട്ടിപ്പുകാരാണെന്ന് സമര്‍ഥിക്കാനാണ് ചുക്ക് ശ്രമിച്ചത്. അതേതായാലും ആരോഗ്യകരമായ ഒരു സംവാദമായി.
നാലു ദിവസമായതും പ്രശ്‌നങ്ങള്‍ രൂക്ഷമായി. മുയലും റൊട്ടിയും തീര്‍ന്നുകഴിഞ്ഞു. ചാക്കിലുണ്ടായിരുന്ന മാവുകൊണ്ട് അല്പം ഭക്ഷണമുണ്ടാക്കി ഉള്ളിയും ചേര്‍ത്ത് അവര്‍ വിശപ്പുമാറ്റി. ഗെക്കിന് ചെറുതായി പനിക്കുന്നുണ്ടെന്നു സംശയിച്ച അമ്മ അവനെ കുടിലില്‍ തനിച്ചാക്കി ചുക്കിനെയും കൂട്ടി വിറകു പെറുക്കാന്‍ പോയി.
ചുക്കും അമ്മയും കുറെ വിറകുകൊള്ളികള്‍ പെറുക്കി വൈകീട്ടോടെ വീട്ടിലേക്കു മടങ്ങി. അപ്പോഴാണ് തന്റെ കൈയുറ കാട്ടില്‍നിന്നെടുക്കാന്‍ മറന്ന കാര്യം അവര്‍ ഓര്‍മിച്ചത്. തിരികെച്ചെന്ന് അതെടുത്തു വന്നതും നേരം നന്നായി ഇരുട്ടിക്കഴിഞ്ഞു. കുടിലില്‍ പനിച്ചുകിടക്കുന്ന ഗെക്കിനെക്കുറിച്ചോര്‍ത്തപ്പോള്‍ അമ്മയുടെ മനസ്സില്‍ ആധികയറി.
ഓടിയും നടന്നും വീട്ടിലെത്തിയ ഉടന്‍ അമ്മ അവനെ വിളിച്ചു. പലതവണ വിളിച്ചിട്ടും അവന്‍ വിളികേട്ടില്ല. ആ അമ്മമനസ്സില്‍ ആശങ്കകള്‍ നിറഞ്ഞു. അപ്പോഴും ചുക്ക് കുലുങ്ങിയില്ല. അമ്മയെയും തന്നെയും പറ്റിക്കാന്‍ അവനെവിടെയോ പതുങ്ങിയിരിക്കുകയാണെന്ന് ചുക്ക് ഉറപ്പിച്ചു. അവന്‍ അടുപ്പിന്‍ചുവട്ടിലും വാതിലിന്റെ മറവിലും ചെന്ന് വിളിച്ചു.
'എടാ ഗെക്കേ, ഒളിച്ചുനില്ക്കാതെ ഇറങ്ങിവാ.'
അതിനും മറുപടിയുണ്ടാവാതെവന്നപ്പോള്‍ അവന്റെ മുഖവും വാടി. അമ്മ എന്തോ ചിന്തിച്ചുറപ്പിച്ചതുപോലെ ഭിത്തിയില്‍നിന്നും തോക്കെടുത്ത്, അതില്‍ തിരകള്‍ നിറച്ച് വേഗം പുറത്തിറങ്ങിപ്പോയി. പോകുംമുന്‍പ് അവര്‍ ചുക്കിനോട് ഗൗരവത്തില്‍ പറഞ്ഞു:
'ഞാന്‍ തിരിച്ചെത്തുംമുന്‍പ് നീ ഒരു കാരണവശാലും വീടിനു പുറത്തിറങ്ങരുത്.'
ഗെക്കിനെ വന്യമൃഗങ്ങള്‍ ആക്രമിച്ചിരിക്കുമോ എന്ന ഭയത്തോടെയാണ് അമ്മ തോക്കുമായി പോയത്. അവര്‍ അവനെ വിളിച്ച് പലയിടത്തും അലഞ്ഞു. മഞ്ഞുപാളികളില്‍ പല മൃഗങ്ങളുടെയും കാല്പാടുകള്‍ പതിഞ്ഞതു കണ്ടപ്പോള്‍ അവരുടെ ഭയം ഇരട്ടിച്ചു. അമ്മ തോക്കുയര്‍ത്ത�