ഇന്ത്യയിലെ ബദല്‍ രാഷ്ട്രീയ അന്വേഷണങ്ങളുടെ മുന്‍ നിരയിലുണ്ട് യോഗേന്ദ്ര യാദവ്. ജനാധിപത്യത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും ആത്യന്തിക ശക്തിയില്‍ വിശ്വസിക്കുന്ന ഈ മുന്‍ ജെ.എന്‍.യു. വിദ്യാര്‍ഥി ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനാണ്. ഇന്ത്യന്‍ പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മനോജ് മേനോനുമായി സംസാരിക്കുകയാണ് യോഗേന്ദ്ര യാദവ്. ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍നിന്ന് ഒരു ഭാഗം വായിക്കാം.
പ്രതിപക്ഷത്തിന്റെ നേതാവ് രാഹുല്‍ ഗാന്ധിയായിരിക്കുമോ? മോദിയെ നേരിടാന്‍ രാഹുല്‍ ഗാന്ധി വളര്‍ന്നോ?
5-6 വര്‍ഷം മുന്‍പുമുതല്‍ എനിക്ക് രാഹുല്‍ ഗാന്ധിയെ അടുത്തറിയാം. രാജ്യത്തെ ഏതൊരു രാഷ്ട്രീയക്കാരെക്കാളും ആത്മാര്‍ഥതയുള്ള വ്യക്തിയാണ് രാഹുല്‍ എന്നാണ് എന്റെ അനുഭവം. പലരെക്കാളും ബുദ്ധിയുള്ളവനാണ് രാഹുല്‍. എന്നാല്‍ അങ്ങനെയല്ല രാഹുലിനെക്കുറിച്ച് കരുതപ്പെടുന്നത്. രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ ഈ കരുതപ്പെടലുകള്‍ യാഥാര്‍ഥ്യമായി മാറും! ഇന്നത്തെക്കാലത്ത് വെറും ആത്മാര്‍ഥതയും ബുദ്ധിയും മാത്രം പോര, രാഷ്ട്രീയ ചങ്കൂറ്റമാണ് ആവശ്യം. ജനങ്ങളുടെ സ്പന്ദനത്തില്‍ നിങ്ങളുടെ വിരലുകള്‍ ഉണ്ടാകണം. മികച്ച രീതിയില്‍ സംവേദനം ചെയ്യാനുള്ള ശേഷിയുണ്ടാകണം. രാഹുല്‍ ഗാന്ധി ഈ വെല്ലുവിളികളെ നേരിടാന്‍ ശേഷിയുള്ള വ്യക്തിയാണോ? അത് നമുക്കറിയില്ല. അങ്ങനെയല്ലെങ്കില്‍, മോദിക്കും അദ്ദേഹത്തിന്റെ പ്രചാര ണയന്ത്രങ്ങള്‍ക്കും രാഹുലിനെതിരേ പ്രചാരണങ്ങള്‍ സംഘടിപ്പിക്കാന്‍ അനായാസം കഴിയും.
ഇതോടൊപ്പമുള്ള മറ്റൊരു കാര്യം, മോദി-രാഹുല്‍ ഗാന്ധി എന്ന തലത്തിലേക്ക് രാജ്യം അവരുടെ സെലക്ഷന്‍ ചുരുക്കുകയാണെങ്കില്‍ അത് വലിയ ദുരന്തമായിരിക്കും. ഇവര്‍ മാത്രമാണോ രാജ്യത്തിന്റെ മുന്നിലുള്ള ഏക ചോയ്‌സ് ? ഈ രാജ്യം മഹാത്മാഗാന്ധിയെ കണ്ടു. നെഹ്രുവോ പട്ടേലോ എന്ന ചോയ്‌സ് നേരിട്ടു. ഇതൊക്കെ മറന്നേക്കൂ, ഏറ്റവും കുറഞ്ഞത് ഇന്ദിരാഗാന്ധിയും വാജ്‌പേയിയുമെന്ന ചോയ്‌സ് എങ്കിലും വേണ്ടേ? രാഹുല്‍ ഗാന്ധി-മോദി എന്ന ദ്വന്ദ്വത്തില്‍നിന്ന് എന്ത് തിരഞ്ഞെടുപ്പ് നടത്താനാണ്? ഈ ദ്വന്ദ്വത്തില്‍ ഒരു വ്യത്യാസം മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. മോദി ഗൗരവം നിറഞ്ഞ ഒരു അപകടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. രാഹുലിനെക്കുറിച്ച് അങ്ങനെ പറയാന്‍ കഴിയില്ല.
പ്രിയങ്കയുടെ രംഗപ്രവേശം ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ സ്വാധീനത്തിന് കരുത്ത് പകരുമോ?
ഞാന്‍ അങ്ങനെ കരുതുന്നില്ല. അതിന് ഒരു തെളിവുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുപക്ഷേ, ഇത് ആകാംക്ഷയിലാഴ്ത്തിയേക്കാം. റാലിയില്‍ സംസാരിക്കാന്‍ ഒരാള്‍ക്കു പകരം ഗാന്ധികുടുംബത്തില്‍നിന്ന് രണ്ടുപേര്‍ എന്ന് അവര്‍ ആഹ്ലാദിച്ചേക്കാം. അത് രാജ്യത്തെ ജനങ്ങളുടെ മൂഡിനെ സ്വാധീനിക്കുമോ? എനിക്ക് തോന്നുന്നില്ല. അത്തരത്തില്‍ ഒന്നും എനിക്ക് കാണാന്‍ കഴിയുന്നില്ല.
കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. കര്‍ഷകരുടെ നിലപാടുകള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു. ഈ അവസ്ഥ ആവര്‍ത്തിക്കുമോ?
രാജ്യത്തെ കര്‍ഷകര്‍ ബി.ജെ.പിക്ക് എതിരേ തിരിയുമെന്നാണ് എനിക്ക് തോന്നുന്നത്. കര്‍ഷകര്‍ പൂര്‍ണമായും എതിര്‍ത്ത് വോട്ടുചെയ്താല്‍ ഒരു രാഷ്ട്രീയപാര്‍ട്ടി അവസാനിക്കും. പ്രധാനപ്പെട്ട ചോദ്യം, 2014-ല്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്ത വലിയ എണ്ണം കര്‍ഷകര്‍ ഇത്തവണ ബി.ജെ.പിയെ എതിര്‍ത്ത് വോട്ട് ചെയ്യുമോ എന്നതാണ്. അങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നു. പുല്‍വാമയുടെയും ബാലാകോട്ടിന്റയും പൊടിപടലങ്ങള്‍ അടങ്ങിക്കഴിയുമ്പോള്‍, കാര്‍ഷികപ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പുരംഗത്ത് ഏറ്റവും വലിയ ചര്‍ച്ചാവിഷയമായി മാറും എന്നാണ് എനിക്ക് തോന്നുന്നത്.
വസ്തുതകളെക്കുറിച്ച് ലോകത്ത് എവിടെയും രണ്ട് അഭിപ്രായങ്ങളില്ല. കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഈ രാജ്യം കണ്ട ഏറ്റവും കര്‍ഷകവിരുദ്ധ സര്‍ക്കാരാണിപ്പോള്‍ ഭരിക്കുന്നത്. യു.പി.എ. സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി കാര്യമായി എന്തെങ്കിലും ചെയ്‌തെന്നല്ല ഇതിലൂടെ അര്‍ഥമാക്കുന്ന ത്. മുന്‍പ് ഒരു സര്‍ക്കാരും ചെയ്യാത്തവിധത്തില്‍ കര്‍ഷകരെ ദ്രോഹിക്കാനുള്ള നടപടികള്‍ ഈ സര്‍ക്കാര്‍ ചെയ്തു എന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ കര്‍ഷകര്‍ അതൃപ്തിയിലാണ്. അവര്‍ ഈ ഭരണത്തിനെതിരേ വോട്ട് ചെയ്യും.
അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാനും ആഴ്ചപ്പതിപ്പ് ഓണ്‍ലൈനില്‍ വാങ്ങാനും ക്ലിക്ക് ചെയ്യുക
Content Highlights: yogendra yadav, Priyanka Gandhi,Rahul Gandhi, Narendra Modi, indian general election 2019