എഴുത്തച്ഛൻ പുരസ്കാരലബ്ധിയെക്കുറിച്ച് സക്കറിയ പ്രതികരിക്കുന്നു.
''എഴുത്തച്ഛൻ പുരസ്കാരസമിതിയുടെ വിലയിരുത്തലുകളോട് ബഹുമാനം. എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ട്, പ്രത്യേകിച്ചും മലയാളത്തിന്റെ പുരസ്കാരമായതിലും കേരളീയർ എനിക്കു സമ്മാനിക്കുന്ന പുരസ്കാരമായതിലും വളരെയധികം അഭിമാനവും തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതുവരെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും വിലപ്പെട്ട പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. എഴുത്തുകാരുടെ പേരിലുള്ളതായ മനോഹരങ്ങളായ പുരസ്കാരങ്ങൾ ധാരാളം ലഭിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ സന്തോഷം തരുന്നതാണ് എങ്കിലും മലയാളഭാഷയുടെ തൊട്ടപ്പനായ എഴുത്തച്ഛന്റെ പേരിലുള്ള ശ്രേഷ്ഠപുരസ്കാരത്തെ അതിന്റെ ഏറ്റവും ഉന്നതമായ സ്ഥാനത്തുതന്നെ കാണുന്നു.
വായനക്കാരോട് ഈയവസരത്തിലും പറയാനുള്ളത് ഒന്നുമാത്രം. നമ്മുടെ സ്വാതന്ത്ര്യം; ചിന്താസ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുക. അത് ആർക്കുമുന്നിലും അടിയറവ് വെക്കരുത്. കേരളത്തിലെ എല്ലാ മതങ്ങളും പത്ത് രണ്ടായിരം കൊല്ലമായി ഒത്തിണങ്ങിയാണ് ജീവിച്ചുപോന്നിട്ടുള്ളത്. ഇനിയും അങ്ങനെതന്നെ ഒന്നുചേർന്നുമുന്നോട്ടു ജീവിക്കുക. വെറുപ്പും വിദ്വേഷവും പരത്തുന്ന ശക്തികളെ ശ്രവിക്കാതിരിക്കുക, അവരാൽ സ്വാധീനിക്കപ്പെടാതിരിക്കുക.മലയാളി എന്നുപറയുന്ന ഒരൊറ്റ ഐഡന്റിറ്റി കാർഡ് മാത്രം സൂക്ഷിച്ചുകൊണ്ടു ജീവിക്കുക. ഇതാണ് ഈ കേരളപ്പിറവി ദിനത്തിൽ, എഴുത്തച്ഛൻ പുരസ്കാരനിറവിൽ എനിക്ക് പറയാനുള്ളത്.
Content Highlights: Writer Zakaria Shares the pleasure for achieving Ezhuthachan Award 2020