ലീലാനമ്പൂതിരിപ്പാട് തന്റെ കുഞ്ഞുങ്ങൾക്ക് കേട്ടകഥകളെല്ലാം തന്നെ പറഞ്ഞുകൊടുത്ത് തീർന്നപ്പോൾ നടത്തിയ ഉണ്ടാക്കിപ്പറച്ചിൽ ശ്രമത്തിൽ നിന്നാണ് ബാലസാഹിത്യകാരി സുമംഗലയായിത്തീരുന്നത്. കേരളകലാമണ്ഡലത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിൽ ഇരുപത്തി രണ്ട് വർഷക്കാലം സേവനമനുഷ്ഠിച്ച സുമംഗല കേരളകലാമണ്ഡലചരിത്രത്തിന്റെ രചയിതാവ് കൂടിയാണ്. മഹാകവി വള്ളത്തോൾ നാരായണമേനോൻ തന്റെ ജന്മാഭിലാഷമായ കേരളകലാമണ്ഡലം യാഥാർഥ്യമാക്കാൻ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് സുമംഗല മാതൃഭൂമി ഡോട്കോമുമായി നടത്തിയ സംഭാഷണം പുനപ്രസിദ്ധീകരിക്കുന്നു.

ചെറുപ്പം മുതലേ വള്ളത്തോളുമായി പരിചയമുണ്ട്. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. ചില പ്രത്യേകതകളൊക്കെയുണ്ട് അദ്ദേഹത്തിന്. തനിക്ക് ചെവി കേൾക്കില്ല എന്ന ഭാവത്തിൽ ആരും പെരുമാറാൻ പാടില്ല. അതുകൊണ്ടുതന്നെ ചുണ്ടനക്കം നോക്കി കാര്യങ്ങൾ ഊഹിച്ചെടുക്കാൻ ശ്രമിക്കും. കൊച്ചുകുട്ടിയായിരിക്കുമ്പോഴേ ഞാൻ അദ്ദേഹവുമായി നല്ല ചങ്ങാത്തത്തിലായി. വീട്ടിലേക്ക് വരുന്നതിന് മുൻപായി ഊണിനുണ്ടാകുമോ എന്നറിയിക്കും. പുളിശ്ശേരി വേണം മുതിരക്കൂട്ടാൻ വേണം എന്നൊക്കെ മുൻകൂട്ടി അറിയിക്കും. അദ്ദേഹത്തിന്റെ പുസ്തകങ്ങളും കൊണ്ടുവരും. ഒന്നും സൗജന്യമായി തരില്ല. പണംകൊടുത്ത് നമ്മൾ വാങ്ങിക്കണം. വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം ഏതാണെന്ന് അന്വേഷിക്കും. പഠിക്കാനുള്ള കവിതയെക്കുറിച്ച് ചോദിക്കും. മണ്ണുകൊണ്ടോ മരം കൊണ്ടോ ഉണ്ടാക്കിയ എന്തെങ്കിലുമൊരു കളിസാമാനം ഞങ്ങൾ കുട്ടികൾക്കായി കരുതിയിട്ടുണ്ടാകും.

എല്ലാമാസവും കേരള കലാമണ്ഡലത്തിന്റെ യോഗത്തിന് അച്ഛനെയും കൂട്ടിപ്പോകും. കലയെപ്പറ്റി ഒന്നുമറിയില്ലെങ്കിലും വേണ്ടില്ല കലയ്ക്ക് വേണ്ടി പണംമുടക്കാൻ തയ്യാറുള്ളവരെ ഇഷ്ടമായിരുന്നു. ഏതു പുസ്തകമെഴുതിയാലും ആദ്യപ്രതി അച്ഛന് കൊടുക്കുമായിരുന്നു. കലാമണ്ഡലത്തെക്കുറിച്ച് ധാരാളം സ്വപ്നം കാണുമായിരുന്നു വള്ളത്തോൾ. അതായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം. സർവകലകളും വന്നുചേരുന്ന ഇടമെന്ന അർഥത്തിൽ സർവകലാശാലയാവണം കലാമണ്ഡലമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഇന്നത്തെ യൂണിവേഴ്സിറ്റി എന്ന കാഴ്ച്ചപ്പാടല്ലായിരുന്നു അദ്ദേഹത്തിന്.

എല്ലാ ക്ലാസിക് കലകളും അവിടെ പഠിപ്പിക്കണമെന്നായിരുന്നു വള്ളത്തോളിന്റെ ആഗ്രഹം. അക്കാലത്ത് മോഹിനിയാട്ടം പോലുള്ള കലകളൊക്കെ പഠിപ്പിക്കാൻ ആളെക്കിട്ടാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഒരുപാട് കാലത്തെ അന്വേഷണത്തിന് ശേഷം കല്യാണിയെന്ന് പേരായ ഒരു സ്ത്രീയെ മോഹിനിയാട്ടം അധ്യാപികയായി കിട്ടി; പക്ഷെ പഠിക്കാൻ ആളില്ലായിരുന്നു. അക്കാലത്ത് മോഹിനിയാട്ടത്തിന് അത്രനല്ല അഭിപ്രായമുണ്ടായിരുന്നില്ല. അശ്ലീലത അതിൽ ആളുകൾ കണ്ടിരുന്നു. മോഹിനിയാട്ടം പഠിച്ചിട്ടുണ്ട് എന്നുപറയുന്നത് തന്നെ ആളുകൾക്ക് മടിയായിരുന്നു.

ഒരുതവണ മോഹിനിയാട്ടം കണ്ട വള്ളത്തോൾ കലാമണ്ഡലത്തിൽ അത് പഠിപ്പിക്കണമെന്ന് നിർബന്ധം പിടിച്ചു. അങ്ങനെയാണ് പുലാമന്തോൾ ദേശത്തുനിന്ന് കല്യാണിയമ്മയെ തേടിപ്പിടിക്കുന്നത്. ചൊവ്വര നമ്പൂതിരി എന്നയാളുടെ എഴുത്തുമായി പോയിട്ടാണ് കല്യാണിയമ്മ വരാൻ തയ്യാറായത്. പഠിക്കാനാളില്ലാതായപ്പോൾ പടക്കുളത്തെ മണക്കുളം കോവിലകത്തെ രാജാവായ മുകുന്ദരാജാവിന്റെ കാര്യസ്ഥന്റെ മകൾ തങ്കമണിയെ മോഹിനിയാട്ടം പഠിപ്പിക്കാൻ നിർബന്ധിച്ചയച്ചു.

രണ്ട് വർഷത്തോളം ആ കുട്ടി പഠിച്ചു അപ്പോഴേക്കും അവൾ കല്യാണം കഴിച്ചുപോയി. വീണ്ടും പഠിക്കാനാളില്ലാതായി. അപ്പോഴാണ് വള്ളത്തോളിന് ശാന്തിനികേതനിൽ നിന്നും ടാഗോറിന്റെ കത്ത് വരുന്നത്. മോഹിനിയാട്ടം പഠിപ്പിക്കാൻ അവിടെയാളില്ലെന്നും പറ്റിയ ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞയക്കണമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. വള്ളത്തോൾ കല്യാണിയമ്മയെ ശാന്തിനികേതനിലേക്കയച്ചു. അവർ അവിടെ പഠിപ്പിച്ചു. മരണമടഞ്ഞതും അവിടെ നിന്നാണ്.

കലാമണ്ഡലത്തിൽ കുറച്ച് വർഷങ്ങൾക്ക് ശേഷം കൃഷ്ണപ്പണിക്കരുടെ കീഴിൽ മോഹിനിയാട്ടം പുനരാരംഭിച്ചു. പുരുഷൻമാർ മോഹിനിയാട്ടം പഠിച്ചത് അക്കാലത്താണ്. പിന്നെ മാധവിയമ്മ അധ്യാപികയായെത്തി. അക്കാലത്ത് വള്ളത്തോൾ കുന്നംകുളത്ത് 'ആത്മപോഷിണി' എന്ന മാസികയുടെ പത്രാധിപരായി ജോലി ചെയ്യുകയാണ്. മുകുന്ദരാജാവും വള്ളത്തോളും നല്ല സൗഹൃദത്തിലാണ്. എന്നും അവർ തമ്മിൽ കാണും. കലകളെപ്പറ്റി സംസാരിക്കും. കഥകളിയിൽ അതീവതല്പരനാണ് വള്ളത്തോൾ. മുകുന്ദരാജാവും വള്ളത്തോളും സംസാരിച്ചിരിക്കുന്നതിനിടയിൽ അദ്ദേഹം കഥകളിയെപ്പറ്റി പറഞ്ഞു. കഥകളിയുടെ ചൈതന്യം നഷ്ടപ്പെടുന്നു എന്നായിരുന്നു വള്ളത്തോളിന്റെ വിഷമം. ലോകത്തിലെ ശ്രേഷ്ഠകലകളിലൊന്നായ കഥകളിയെ അങ്ങനെ നശിക്കാൻ വിടരുത് എന്നൊക്കെ വള്ളത്തോൾ പറഞ്ഞു. കഥകളിയെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടി എന്തുചെയ്യും എന്ന ആലോചനയായി പിന്നെ.

മുകുന്ദരാജാവിന്റെ അമ്മാവനായ കക്കാട്ട് കാരണവർ നല്ല കലാസ്വാദകനാണ്. അദ്ദേഹം എല്ലാ സഹായങ്ങളും ചെയ്യാമെന്നേറ്റു. കഥകളി പഠിപ്പിക്കാൻ പറ്റിയ ഒരിടത്തിനുള്ള അന്വേഷണമായി പിന്നെ. തൃശൂർ മുളങ്കുന്നത്തുകാവിനടുത്തെ അമ്പലപുരത്ത് മുകുന്ദരാജാവിന്റെ ഒരു ബംഗൽവ് ഉണ്ടായിരുന്നു. ശ്രീനിവാസം എന്നായിരുന്നു അതിന്റെ പേര്. വളരെ ചെറുതൊന്ന്. അവിടെ കഥകളിപഠനം തുടങ്ങി. ചുറ്റും നെടുമ്പുരകെട്ടിയിട്ട് അഭ്യസനം തുടങ്ങി. എട്ടാളായിരുന്നു ആകെ ഉണ്ടായിരുന്നത്. മൂന്നുവിദ്യാർഥികൾ,രണ്ട് ആശാൻമാർ പിന്നെ പാട്ടുകാരും വാല്യക്കാരും ചുട്ടികുത്തുകാരും. എട്ടക്ഷരമുള്ള കേരളകലാമണ്ഡലം എട്ടാളുകളോടുകൂടി തുടങ്ങി എന്നുപറയാം.

കേരളകലാമണ്ഡലത്തിനായി എങ്ങനെയെങ്കിലും കുറച്ച് സ്ഥലം വേണം എന്ന ആലോചനയായി മുകുന്ദരാജാവും വള്ളത്തോളും. തിരുവനന്തപുരത്തുപോയി അവർ അന്നത്തെ രാജാവിനെ കണ്ടു. സർ സി.പി ആണ് അന്നത്തെ ദിവാൻ. സർ.സി.പിയും രാജാവും കൂടി ആലോചിച്ചിട്ടു പറഞ്ഞു: സ്ഥലം തരാം എത്ര വേണമെങ്കിലും എടുക്കാം. വള്ളത്തോളിന് പുഴയുടെ വക്കത്ത് വേണമെന്നുണ്ട്. ആലുവാപ്പുഴയുടെ തീരത്ത് എത്ര സ്ഥലമാണ് വേണ്ടതെന്ന് വച്ചാൽ എടുത്തുകൊള്ളാൻ രാജാവ് പറഞ്ഞു. വേണമെങ്കിൽ മുഴുവനും തരാം, പക്ഷേ ഒരു കാര്യം കലാമണ്ഡലത്തിന്റെ പേര് തിരുവിതാംകൂർ കലാമണ്ഡലം എന്നാക്കണം. അത് വള്ളത്തോളിന് സമ്മതമായില്ല. അത് പറ്റില്ല എന്നുപറഞ്ഞ് വള്ളത്തോൾ എഴുന്നേറ്റു.

പിന്നെ കൊച്ചിയിൽ വന്നു. ഷൺമുഖം ചെട്ടിയാരാണ് അന്നത്തെ മുഖ്യമന്ത്രി. അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോൾ എവിടെയാണ് സ്ഥലമുള്ളതെന്നു വച്ചാൽ കണ്ടോളാൻ പറഞ്ഞു. ചെറുതുരുത്തി പുഴയുടെ വക്കിൽ രണ്ടുമൂന്ന് ഏക്കർ ഉണ്ട്. അത് ഷൺമുഖം ചെട്ടിയാർ ഏൽപിച്ചുകൊടുത്തു. കെട്ടിടങ്ങളൊക്കെ ഉണ്ടാക്കി.1930-ലാണ് കലാമണ്ഡലം വിളക്ക് വച്ച് ഉദ്ഘാടനം ചെയ്തത്. 1937-ൽ ചെറുതുരുത്തിയിൽ വിപുലമായി ആരംഭിച്ചു. തൊട്ടടുത്തുതന്നെ വള്ളത്തോൾ ഒരു വീടും പണിയിച്ചു. ദിവസേന അദ്ദേഹം കളരിയിലേക്ക് പോകും. കളരി എന്നാണ് കഥകളി കൽസുകളെ പറയുക. പട്ടിക്കാംതൊടി രാവുണ്ണി മേനോനായിരുന്നു കഥകളി ഗുരുക്കളിൽ പ്രധാനി. കല്ലുവഴിച്ചിട്ട എന്ന പഠനരീതിയാണ് അഭ്യസിച്ചിരുന്നത്. കളരിയിൽ തെക്കും വടക്കും നല്ല വ്യത്യാസമുണ്ട്. രണ്ടിനും നടുക്കുനിൽക്കുന്നതാണ് കല്ലുവഴിച്ചിട്ട. അതാണ് ഉത്തമം.

രാവുണ്ണി മേനോൻ അവിടെ താമസിച്ച് പഠിപ്പിച്ചു. ഭയങ്കര നിഷ്കർഷയായിരുന്നു അദ്ദേഹത്തിന്. കടുകിടമാറ്റം വരാൻ പാടില്ല. നിയമങ്ങൾ എല്ലാം പാലിക്കണം. വള്ളത്തോളുമായി ഒന്നുരണ്ടുതവണ പരിഭവത്തിലായിട്ടുണ്ട് രാവുണ്ണി മേനോൻ. വള്ളത്തോൾ ഓരോ ആശയങ്ങൾ പറയും: വിരഹിയായ കാമുകൻ കാമിനിയെ കണ്ടു അടുത്തുവന്നു, ''''പാലാണ് ഇന്ന് നിലാവതിന്നലെവരെ ചുണ്ണാമ്പുവെള്ളം...'' ശ്ളോകത്തിനനുസരിച്ചുള്ള മുദ്രകാട്ടണമെന്നായി. അപ്പോൾ രാവുണ്ണി മേനോൻ പാല് കാണിച്ചു, നിലാവ് കാണിച്ചു. പിന്നെ ചുണ്ണാമ്പുവെള്ളത്തിന് മുദ്രയില്ല! അപ്പോൾ വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുന്നതായിട്ട് കാണിച്ചു. വള്ളത്തോൾ ദേഷ്യപ്പെട്ടു. മുദ്രയില്ലാത്തതിന് എന്താചെയ്യാ എന്നായി പട്ടിക്കാംതൊടി. വള്ളത്തോൾ ഇറങ്ങിപ്പോയി.

കലാമണ്ഡലത്തിൽ പ്രസിദ്ധരായ ധാരാളം കലാകാരന്മാർ പഠിച്ചിറങ്ങി. കലാമണ്ഡലം, വള്ളത്തോൾ ആഗ്രഹിച്ചതുപോലെ വളർന്നു. ചെറുതുരുത്തിയിൽ നിന്നും ഒന്നൊന്നരമൈൽ ദൂരത്ത് പത്ത്മുപ്പത് ഏക്കർ സ്ഥലം കലാമണ്ഡലം വാങ്ങിച്ചു. വലിയ കെട്ടിടങ്ങൾ പണിതു. പ്രധാനകേന്ദ്രം അവിടെയാക്കി. പഴയ കലാമണ്ഡലം ഇപ്പോൾ പി.ജി വിദ്യാർഥികൾക്കുമാത്രമാക്കി.

കലാമണ്ഡലം സർക്കാരിന് ഏൽപിച്ചുകൊടുക്കുകയാണ് എന്ന തീരുമാനമെടുത്തപ്പോൾ മുകുന്ദരാജാവ് ഭരണസമിതിയിൽ നിന്നും രാജിവച്ചിരുന്നു. സർക്കാർ അത് നേരാംവണ്ണം നടത്തില്ല എന്നായിരുന്നു മുകുന്ദരാജാവിന്റെ അഭിപ്രായം. വള്ളത്തോളിന് പക്ഷേ നേരെ മറിച്ചായിരുന്നു; കലാമണ്ഡലം നമ്മളെക്കൊണ്ട് നടത്തിക്കൊണ്ടുപോകാനാവില്ല എന്നാണ് വള്ളത്തോൾ പറഞ്ഞത്. സർക്കാർ നടത്തിപ്പുചെലവ് വഹിക്കുമല്ലോ എന്നായിരുന്നു വള്ളത്തോൾ ആശ്വസിച്ചത്. കൊച്ചി സർക്കാരിനാണ് ഏൽപിച്ചുകൊടുത്തത്. പിന്നീട് കേരള സംസ്ഥാനമുണ്ടായി, ഏകീകൃത ഭരണസംവിധാനമുണ്ടായി, കലാമണ്ഡലം വളർന്നുവലുതായി. ഒരു ചെയർമാനും ഭരണസമിതി അംഗങ്ങളും അടങ്ങുന്ന നിർവാഹകസമിതിയാണ് കലാമണ്ഡലം ഭരിക്കുക. സർക്കാരുകൾ മാറുമ്പോൾ ഭരണസമിതിയും മാറും.

എല്ലാ ഇന്ത്യൻ കലകളും പഠിപ്പിക്കാൻ ഒരു കലാലയം എന്നതാണ് കേരളകലാമണ്ഡലം കൊണ്ട് വള്ളത്തോൾ ആഗ്രഹിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ പ്രഗത്ഭരായ ഒരുപാട് കലാകാരന്മാർ കലാമണ്ഡലത്തിൽ പഠിച്ചിറങ്ങി. കലയെ അത്രകണ്ട് പ്രണയിച്ച മഹാകവിയുടെ സ്മരണകൾക്കുമുന്നിൽ പ്രണാമമർപ്പിക്കുന്നു.

സുമംഗലയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights : Writer Sumangala Talks About Vallathol NarayanaMenon and his Hardwork for builing Kerala Kalamandalam