കേരളത്തിലെ ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച് വിജയ് നായർ പറയാതെ പറഞ്ഞുദാഹരിച്ച രണ്ട് സ്ത്രീകൾ കേരളത്തിലെ സാഹിത്യസാംസ്കാരിക സിനിമാ മണ്ഡലത്തിലെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വങ്ങളായിരുന്നു. ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച 'തല്ലുകൊള്ളൽ' സംഭവത്തെക്കുറിച്ച് കേരളത്തിലെ ഫെമിനിസ്റ്റു പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രധാനിയായ സാറാ ജോസഫ് പ്രതികരിക്കുന്നു.

ഴിഞ്ഞ ദിവസം തല്ല് വാങ്ങിയ വ്യക്തി മുതൽ രാഷ്ട്രീയപാർട്ടിക്കാരും അതല്ലാത്തവരും സ്വന്തം സങ്കുചിത താല്പര്യങ്ങൾക്കു വേണ്ടി പണമുണ്ടാക്കുന്നവരുമടങ്ങുന്ന ഒരു പട തന്നെ സൈബർ ഇടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരെ നിയന്ത്രിക്കാനോ സ്ത്രീകൾക്കെതിരേ ചൊരിയുന്ന അസഭ്യവർഷങ്ങൾ നിയന്ത്രിക്കാനോ വേണ്ടത്ര ജാഗ്രത ഇവിടത്തെ പോലീസോ അധികാരി വർഗങ്ങളോ ഭരണകൂടമോ ചെയ്യുന്നില്ല. അങ്ങനെ ചെയ്യുകയായിരുന്നെങ്കിൽ ഇതുപോലെയൊരു സംഭവത്തിന്റെ ആവശ്യകത ഉണ്ടായിരുന്നില്ല. സ്ത്രീകൾക്ക് ഒന്നാമതായി വേണ്ടത് വിശ്വാസമാണ്. തങ്ങൾക്കെതിരേ അക്രമമുണ്ടാകുമ്പോൾ സുരക്ഷിതത്വം ലഭിക്കും എന്ന വിശ്വാസം വേണം. ആ വിശ്വാസം സ്ത്രീകൾക്ക് നൂറ് ശതമാനം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യമാണിത്.

കേരളത്തിലെ സ്ത്രീകളെയോ അവരുടെ കുഞ്ഞുങ്ങളെയോ ബലാത്സംഗം ചെയ്താലോ അവരെപ്പറ്റി വായിൽ തോന്നിയത് വിളിച്ചു കൂവി അപമാനിച്ചാലോ തങ്ങൾക്കതിരായി ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് ഇക്കൂട്ടർക്കറിയാം. തങ്ങൾക്ക് സുരക്ഷിതത്വം കിട്ടില്ല എന്നും വളരെ വൈകി വൈകി വൈകി ആർക്കെങ്കിലും ഔദാര്യം കിട്ടിയാലായി എന്ന സാഹചര്യത്തിന് ഇന്നും ഇവിടെ ഒരു വ്യത്യാസവും വന്നിട്ടില്ല എന്നും സ്ത്രീകളും വിശ്വസിക്കുന്നു. ഈ നാട്ടിൽ തങ്ങൾക്ക് രക്ഷയില്ല എന്ന വിശ്വാസരാഹിത്യം സ്ത്രീകൾക്കിടയിൽ സംഭവിച്ചിരിക്കുന്നു. തങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ ഇവിടെ പോലീസുമില്ല, ഭരണകൂടവുമില്ല സമൂഹവുമില്ല എന്ന അരക്ഷിതബോധം സ്ത്രീകൾക്ക് നല്ലതുപോലെയുണ്ട്. വീട്ടിലെ പ്രശ്നങ്ങൾ സ്ത്രീകൾക്ക് കൈകാര്യം ചെയ്യാനും പരിഹരിക്കാനുമൊക്കെ കഴിയുന്നുണ്ടാകാം. പക്ഷേ പൊതുവിടത്തിൽ ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയറിയാതെ പകച്ചു പോകുന്നു. മാന്യമായിട്ട് ജീവിക്കാൻ കഴിയാത്ത സാഹചര്യം ഇപ്പോൾ; ഈ ടെക്നോളജി കാലഘട്ടത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകൾ എപ്പോളും അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

അയൽപക്കത്തെ വഴക്കുകളിൽ ചോദിക്കാനും പറയാനും ഒരാളുണ്ടാവും. അല്ലെങ്കിൽ മൂന്നാമതൊരാൾ കൂടി ആ വഴക്കിൽ ഇടപെടും. അത് അയാളുടെ സാമൂഹിക ഉത്തരവാദിത്തമാണ്. പക്ഷേ ഇത് മറഞ്ഞിരുന്ന് എറിയുന്ന കല്ലുകളാണ്. ഭാഷാപരമായിട്ടും സാംസ്കാരികമായിട്ടും ധാർമികമായിട്ടുമുള്ള അധഃപതനത്തിന്റെ ഒന്നാന്തരം കണ്ണാടിയാണ് സൈബർലോകം. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ആണിനും പെണ്ണിനും തുല്യനീതിയും തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ആ വാഗ്ദാനം സ്ത്രീകളുടെ കാര്യത്തിൽ പാലിക്കപ്പെടുന്നില്ല. അങ്ങനെ വരുമ്പോൾ പൊട്ടിത്തെറികളുണ്ടാവും സ്വാഭാവികം. കാരണം പഴയ പെണ്ണല്ല ഇപ്പോഴത്തെ പെണ്ണ്. ഭാഗ്യലക്ഷ്മി പറഞ്ഞല്ലോ ഞാൻ ജയിലിൽ പോകാൻ തയ്യാറാണ്, രക്തസാക്ഷിയാവാനും എന്തു ശിക്ഷയും സ്വീകരിക്കാനും മടിയില്ല എന്ന്. ആ നിലപാട് പിന്തുടർന്ന് കൊണ്ട് ഈ നിലയിൽ പ്രതികരിക്കുന്ന സ്ത്രീകൾ ഭാവിയിൽ ഇപ്പോഴത്തേതിന്റെ നൂറിരട്ടിയാവാനാണ് സാധ്യത.

ഭരണകൂടം പുരുഷാധിപത്യ സമൂഹത്തെ ഭയപ്പെടുന്നു. പുരുഷാധിപത്യത്തിനെതിരെയുള്ള നിലപാടുകൾ സ്വീകരിച്ചാൽ അവരുടെ വോട്ടുബാങ്കുകൾ തകർന്ന് തരിപ്പണമാകും. ശബരിമലകേസിലും ഫ്രാങ്കോകേസിലും നമ്മൾ കണ്ടത് അതൊക്കെത്തന്നെയല്ലേ. ഭരണകൂടത്തിനാവശ്യം പുരുഷാധിപത്യ സമൂഹത്തെയാണ്. പിതൃമേധാവിത്വത്തിനെതിരായ എന്തു സംഗതിയെയും ഇവിടെ ആണും പെണ്ണും പിന്തുണയ്ക്കാൻ മടിക്കും. കാരണം അവിടെ പ്രധാനം വോട്ടുബാങ്കാണ്.

തല്ലുകൊണ്ടയാൾ വെറുമൊരശുവാണ്. ഒരു തള്ളുകൊടുത്താൽ താഴെകിടക്കും ആരോഗ്യപരമായും ആശയപരമായും. പക്ഷേ വമ്പന്മാർക്കിട്ട് കിട്ടേണ്ട അടികൾ ഇപ്പോളും ക്യൂവിലാണ്. അതിന് ആരെക്കൊണ്ടാവും. ഇതിനേക്കാൾ വൃത്തികേടുകൾ കാണിച്ചത് നമ്മൾ കണ്ടിട്ടില്ലേ. നടിയെ ആക്രമിച്ച കേസിലെ ക്ലൈമാക്സുകൾ മാറിക്കൊണ്ടിരിക്കുകയാണല്ലോ. അവിടെ ഒന്നും സംഭവിക്കുന്നില്ലല്ലോ. സിനിമാമേഖലയിലെ ചൂഷണങ്ങളെ പിടിച്ചുനിർത്താൻ ആരെക്കൊണ്ടാവും? ഇയാളൊരു ഉള്ള് പൂതലിച്ച മനുഷ്യൻ മാത്രം. അയാൾക്ക് കിട്ടേണ്ട സമയത്ത് തന്നെ കിട്ടി. നന്നായി. പക്ഷേ ഇത് എളുപ്പവും മറ്റേത് അസാധ്യവുമാണ്.

Content Highlights: Writer Sarah Joseph Reacts against Bhagyalakshmi And Vijay Nair Conflict