സ് ആര്‍ ലാലിന്റെ 'കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം' എന്ന നോവലിനാണ് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത്. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ ഗ്രന്ഥലോകം മാസികയില്‍ അസി.എഡിറ്ററാണ് ലാല്‍.

എഴുത്തുകാരന്റെ വാക്കുകളില്‍ പറഞ്ഞാല്‍ "മണിമലക്കൊട്ടാരത്തില്‍ നിധി അന്വേഷിക്കുന്ന ക്രൂരനും അത്യാഗ്രഹിയുമായ മാര്‍ത്താണ്ഡനും അയാളുടെ കൈയില്‍ അകപ്പെട്ടുപോകുന്ന പതിമൂന്നുകാരനായ കുഞ്ഞുണ്ണിയും.നിധിയുടെ വഴികള്‍ തേടി കുഞ്ഞുണ്ണിക്ക് ആഫ്രിക്ക വരെ നടത്തേണ്ടിവരുന്ന സാഹസികയാത്രയും അവന്‍ തരണം ചെയ്യുന്ന അപകട സരണികളുമൊക്കെയാണ് പുസ്തകത്തിന്റെ കഥാപശ്ചാത്തലം".

എഴുത്തുജീവിതം, എഴുത്തില്‍ നാട് ചെലുത്തിയ സ്വാധീനം, താരതമ്യേന ശുഷ്‌കമായ മലയാള ബാലസാഹിത്യശാഖ എന്നിവയെ കുറിച്ച് ലാല്‍ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. 

എഴുത്തിലേക്കുള്ള വരവ്?

പേരെടുത്ത എഴുത്തുകാരൊന്നുമുള്ള നാടല്ല എന്റേത്. പത്തുനാല്‍പത് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഏതൊരു ഗ്രാമത്തെയും പോലൊന്ന്. വീടിനു ഒരു വശത്തേക്ക് നടന്നാല്‍ സമീപത്തുകൂടി ചെമ്മണ്‍ പാതയുണ്ട്. മറുവശത്തേക്ക് നടന്നാല്‍ വയല്‍ ആണ്. ബസ് കിട്ടണമെങ്കില്‍ രണ്ടു കിലോമീറ്റര്‍ നടക്കണം. അവിടെയാണ് കോലിയക്കോട് എന്ന ഗ്രാമത്തിലെ  സരസ്വതീ മന്ദിരം ഗ്രന്ഥശാല.

വലിയ പുസ്തക ശേഖരമൊന്നുമില്ല. എങ്കിലും അന്നത്തെ വായനയെ തൃപ്തിപ്പെടുത്താവുന്ന ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അക്കാലത്ത് വായനതന്ന ആനന്ദമാണ് എഴുത്തുകാരനാകണമെന്ന ആഗ്രഹത്തിന് കാരണമായതെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. ബഷീറും പൊറ്റെക്കാട്ടുമൊക്കെയായിരുന്നു ആദ്യകാലത്ത് ആകര്‍ഷിച്ച എഴുത്തുകാര്‍. 

'കഥാജീവിത'ത്തെ കുറിച്ച് പറയാമോ?

യൂണിവേഴ്‌സിറ്റി കോളേജിലെ ഡിഗ്രി പഠനകാലത്താണ് ആദ്യ കഥ പ്രസിദ്ധീകരിച്ചുവരുന്നത് വരുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായിരുന്ന സാഹിത്യാന്തരീക്ഷം വലിയരീതിയില്‍ എഴുത്തിനെ സഹായിച്ചിട്ടുണ്ട്.

സാഹിത്യത്തോട് താല്‍പര്യമുള്ള ധാരാളം സുഹൃത്തുക്കള്‍ അവിടുണ്ടായിരുന്നു. അന്നുതന്നെ എഴുത്തുകാരായി പേരെടുത്തവരുമുണ്ടായിരുന്നു. അവര്‍ക്കിടയില്‍നിന്നാണ് പുതിയ എഴുത്തുകാരെപ്പറ്റിയും പുതിയകാലത്തെ എഴുത്തിനെപ്പറ്റിയുമൊക്കെയുള്ള വിവരങ്ങള്‍ കിട്ടുന്നത്.

എങ്ങനെയാണ് എഴുത്തുകാരനാകുന്നത് എന്നതിനെപ്പറ്റി അപ്പോഴും ധാരണകളൊന്നുമില്ല. 'ഞാന്‍ എഴുത്തുകാരനായ കഥ' എന്ന രീതിയിലുള്ള പഴയകാല എഴുത്തുകാരുടെ അനുഭവക്കുറിപ്പുകളൊക്കെ വലിയ താല്‍പര്യത്തോടെ വായിച്ചിരുന്നു.

കോളേജില്‍ പഠിക്കുന്ന കാലത്ത് എഴുതിയ 'കറുത്ത കസേരകള്‍' ആണ് ആദ്യമായി പ്രസിദ്ധീകരിച്ച കഥ. തിരുവനന്തുപുരത്തുനിന്ന് ഇറങ്ങിയിരുന്ന 'കഥ' മാസികയിലാണ് അത് പ്രസിദ്ധീകരിച്ചുവന്നത്. 'ഭൂമിയില്‍ നടക്കുന്നു' ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥാസമാഹാരം. കടമ്മനിട്ട രാമകൃഷ്ണനായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. 

കഥയെഴുത്തുകാരനില്‍ നിന്ന് ഒരു ബാലസാഹിത്യകൃതിയുടെ സ്രഷ്ടാവാകുക. എളുപ്പമുള്ള യാത്രയായിരുന്നോ അത്?

kunjunniyude yathrapusthakamകുട്ടികളോട് പലപ്പോഴും കഥയെക്കുറിച്ച് സംസാരിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. അവരോട് പറയാന്‍ കുട്ടികളുടെ കഥകള്‍ പലപ്പോഴും വായിക്കേണ്ടി വന്നു. പ്രശസ്തമായ അത്തരം കഥകളിലെല്ലാം അവര്‍ക്ക് ഇഷ്ടമാകുന്ന ഘടകങ്ങള്‍ ഒളിച്ചിരിപ്പുണ്ട്. അവ മിക്കവാറും ലോകത്തെവിടെയുമുള്ള കുട്ടികളെ ആകര്‍ഷിക്കുന്ന പൊതുഘടകങ്ങളാണ്.

സാഹസികത, മാന്ത്രികതയുടെ ലോകം, സഞ്ചാരം, മൃഗങ്ങള്‍, നിധിവേട്ട, കാട്, കൊള്ളക്കാര്‍, അപകടം തരണംചെയ്യല്‍ തുടങ്ങിയ അനേകം കാര്യങ്ങള്‍. പണ്ടു പറഞ്ഞുകേട്ട ചെറിയൊരു നാട്ടുകഥയില്‍ നിന്നാണ് കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം രൂപപ്പെടുത്തിയെടുത്തത്.

തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഒരു ചെറിയ കൊട്ടാരം ഞങ്ങളുടെ സമീപത്തുണ്ട്- മണിമലക്കൊട്ടാരം. അത് ഇപ്പോഴും അവിടുണ്ട്. മണിമലക്കുന്നിലും സമീപത്തുള്ള മാറാംകുന്നിലും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സ്വര്‍ണവും രത്‌നങ്ങളും കുഴിച്ചിട്ടിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടം പേടിച്ചിട്ടാണ് അത് ചെയ്തത്. ചില നിധികുംഭങ്ങള്‍ ഇപ്പോഴും അവിടെ അവശേഷിക്കുന്നുണ്ട്.

അത് കിട്ടിയിട്ടുള്ള ചിലരെപ്പറ്റയുള്ള ഭാവനാപൂര്‍ണമായ കഥയും ചിലത് കേട്ടിരുന്നു. ഇതില്‍ നിന്നുമാണ് ഈ നോവലിന്റെ അടിസ്ഥാനം  രൂപപ്പെടുത്തിയത്. മണിമലക്കൊട്ടാരത്തില്‍ നിധി അന്വേഷിക്കുന്ന ക്രൂരനും അത്യാഗ്രഹിയുമായ മാര്‍ത്താണ്ഡനും അയാളുടെ കൈയില്‍ അകപ്പെട്ടുപോകുന്ന പതിമൂന്നുകാരനായ കുഞ്ഞുണ്ണിയും. നിധിയുടെ വഴികള്‍ തേടി കുഞ്ഞുണ്ണിക്ക് ആഫ്രിക്ക വരെ നടത്തേണ്ടിവരുന്ന സാഹസികയാത്രയും അവന്‍ തരണംചെയ്യുന്ന അപകടസരണികളുമൊക്കെയാണ് പുസ്തകത്തിന്റെ കഥാപശ്ചാത്തലം.

നാടും നാടിന്റെ കഥയും പാരമ്പര്യവും എഴുത്തുകാരനെന്ന നിലയില്‍ എങ്ങനെയൊക്കെയാണ് സ്വാധീനം ചെലുത്തിയിട്ടുള്ളത്?

എന്റെ നാടിന്റെ കഥകളാണ് ഞാന്‍ അധികവും എഴുതിയിട്ടുള്ളത്. നാടിനെക്കുറിച്ച് എഴുതുമ്പോള്‍ എഴുത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. ഞാന്‍ നടന്ന വഴികളിലൂടെ, അവിടുത്തെ വെയിലേറ്റ് നടക്കുന്ന പരിചിതരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ കിട്ടുന്ന ആത്മധൈര്യമാണത്.

ലോകം മുഴുവന്‍ ഓരോ നിമിഷവും ഒരു കഥ നടക്കുന്നുണ്ട്. അത് പകര്‍ത്താന്‍ ആരെങ്കിലും വേണമെന്നു മാത്രം എന്ന പറച്ചിലുണ്ടല്ലോ. കൃഷിക്കാരും സര്‍ക്കാര്‍ ജീവനക്കാരും ഇടത്തരം തൊഴില്‍ ചെയ്തു ജീവിക്കുന്നവരുമൊക്കെയുള്ള നാടാണ് എന്റേത്.

അവരൊക്കെയാണ്  ആദ്യകാല കഥകളിലെ മിക്കവാറും കഥാപാത്രങ്ങള്‍. അവര്‍ക്കുകൂടി മനസ്സിലാകണം എന്ന ഉദ്ദേശ്യത്തോടെയാണ് ഞാന്‍ എഴുതാറ്. മനപ്പൂര്‍വമായ ദുര്‍ഗ്രഹത കഥയിലോ നോവലിലോ കടന്നുകൂടരുതെന്ന അമിതമായ ആഗ്രഹവും എഴുതുമ്പോള്‍ ഉണ്ടാകാറുണ്ട്. നാടിനെക്കുറിച്ചെഴുതാന്‍ ഇനിയും എത്രയോ ബാക്കിയുണ്ട്. 

സാഹിത്യത്തിലെ മറ്റുശാഖകളെ അപേക്ഷിച്ച് മലയാള ബാലസാഹിത്യം ഇപ്പോഴും ശൈശവ ദിശയിലാണ്. എന്താകും അതിന് കാരണം?

കുട്ടികള്‍ക്കായി എഴുതുന്ന വലിയ എഴുത്തുകാരൊന്നും നമുക്കില്ല. കുട്ടികള്‍ക്കായുള്ള ഹാരി പോട്ടര്‍ പരമ്പരയിലൂടെ ബ്രിട്ടണിലെ സമ്പന്നയായിത്തീര്‍ന്ന ആളാണ് ജെ.കെ. റൗളിങ്.  നാനൂറ് മില്യന്‍ കോപ്പികളിലധികമാണ് അത് വിറ്റുതീര്‍ന്നത്. മറ്റൊന്നും എഴുതി ശരിയായില്ലെങ്കില്‍ ഏറ്റവും അവസാനം എഴുതാന്‍ ശ്രമിക്കാവുന്ന ഒന്നാണ് നമുക്ക് ബാലസാഹിത്യം.

ഇരുന്നൂറ് പേജില്‍ അധികം വരുന്ന സ്വതന്ത്രമായ ഒരു ബാലസാഹിത്യകൃതിയും നൂറ്റിത്തൊണ്ണൂറ് വയസ്സ് കഴിഞ്ഞ പോകുന്ന മലയാള ബാലസാഹിത്യത്തിന്റെ ചരിത്രത്തിന് സംഭാവന ചെയ്യാനായിട്ടില്ല.

കാലം മാറ്റിയ കുട്ടികളെ കാണാതെയാണ് ഇപ്പോഴും ഇടുങ്ങിയ വഴിയിലൂടെ തേഞ്ഞുതീര്‍ന്ന ചക്രങ്ങളുമായി ബാലസാഹിത്യത്തിന്റെ ചക്കടാവണ്ടി ഏന്തിയും വലിഞ്ഞും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മികച്ച എഴുത്തുകാരെക്കൊണ്ട് സമ്പന്നമാണ് മലയാളം. ഇന്ത്യയിലെ ഏതുഭാഷയോടും കിട പിടിക്കാവുന്ന ഒരു പക്ഷേ മുന്നില്‍ നില്‍ക്കുന്ന കഥാകൃത്തുക്കളും നോവലിസ്റ്റുകളും കവികളുമുള്ള നാട്.

അവിടെ ബാലസാഹിത്യം എഴുതാന്‍ വേണ്ടി കുറച്ചുപേര്‍. ഇത്തരത്തിലുള്ള സംവരണം സംവരണം അവസാനിപ്പിക്കാതെ ഈ രംഗത്ത് ഉണര്‍വുണ്ടാകില്ല. മികച്ച എഴുത്തുകാര്‍ ബാലസാഹിത്യം ഗൗരവത്തോടെ കൈകാര്യം ചെയ്യുന്ന അന്നു മാത്രമേ ഈ രംഗത്തെ ശൈശവാവസ്ഥയ്ക്ക് മാറ്റമുണ്ടാകൂ.

കുട്ടികളോടുള്ള പ്രതിബദ്ധത എഴുത്തുകാര്‍ മറക്കാന്‍ പാടില്ലാത്തതാണ്. എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ മാണിക്യക്കല്ല് എന്ന ശ്രദ്ധേയമായ കൃതിയെ മറക്കാതെയും ബാലസാഹിത്യരംഗത്ത് വിരലിലെണ്ണാവുന്ന ചിലര്‍ നടത്തുന്ന ഉത്തരവാദിത്തപൂര്‍ണമായ എഴുത്തിനെ കുറച്ചുകാണാതെയുമാണ് ഈ പറയുന്നത്. 

കുട്ടിയായിരുന്ന കാലത്ത് താങ്കള്‍ വായിച്ച പുസ്തകങ്ങള്‍ ഏതൊക്കെയായിരുന്നു? ഒരു ബാലസാഹിത്യകാരനായി താങ്കളെ പരുവപ്പെടുത്താന്‍ അവ സഹായിച്ചിട്ടുണ്ടോ?

അച്ഛന്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്നു. സാമാന്യം വലിയൊരു പുസ്തകശേഖരം അക്കാലത്തേ അച്ഛനുണ്ടായിരുന്നു. അതില്‍ കുറച്ച് കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുമുണ്ട്. റഷ്യയില്‍ നിന്നുള്ള ബഹുവര്‍ണത്തില്‍ അച്ചടിച്ച മനോഹരമായ പുസ്തകങ്ങളുടെ ചന്തം ഇപ്പോഴും ഓര്‍ക്കുന്നു.

ഗ്രിമ്മിന്റെ കഥകള്‍, ഈസോപ്പ് കഥകള്‍, കഥാസരിത് സാഗരം, ജാതകകഥള്‍, അറബിക്കഥകള്‍ എന്നിവയൊക്കെ ചെറുതിലേ വായിച്ചതാണ്. അതിന്റെ ഇമ്പം മനസ്സില്‍ ഇപ്പോഴും അവശേഷിക്കുന്നുമുണ്ട്. പുസ്തം എഴുതുന്നതിനുമുന്‍പ് കുട്ടികളുടെ പുസ്തകങ്ങളിലൂടെ വീണ്ടും സഞ്ചരിച്ചു. ഭാഷ കുറച്ചുകൂടി ലളിതമാക്കാനും വാക്യങ്ങള്‍ ചെറുതാക്കാനുമൊക്കെ ഈ പുനര്‍വായന ഉപകരിച്ചു. 

കുട്ടികള്‍ക്കുവേണ്ടി എഴുതുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാറുണ്ടോ?

കുട്ടികളുടെ ഇപ്പോഴത്തെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണെന്നത് വലിയ ചോദ്യമാണ്. പണ്ട് വലിയ മാറ്റങ്ങളൊക്കെ ചുറ്റും സംഭവിക്കുന്നത് അഞ്ചും പത്തും വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ്. ഇപ്പോള്‍ അതല്ലല്ലോ. അനുദിനം മാറുന്ന ലോകമാണ്. മാറ്റത്തെ ഏറ്റവും വേഗത്തില്‍ പിന്‍തുടരുന്നത് കുട്ടികളും.

അവനുമുന്നിലുള്ള ദൃശ്യങ്ങളുടെ മാസ്മരിക ലോകത്തോട് മല്‍സരിച്ചേ പുതിയകാലത്ത് കഥപറയാനാകൂ. ദൃശ്യപരതയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് കുഞ്ഞുണ്ണി പൂര്‍ത്തീകരിച്ചത്. ഏകദേശം മുന്നൂറ്റി അന്‍പതോളം പേജുള്ള പുസ്തകമാണിത്. പക്ഷേ ചില കുട്ടികളും മുതിര്‍ന്നവരും ഒറ്റയിരുപ്പിന് വായിച്ചുതീര്‍ത്തു എന്ന് പറഞ്ഞു കേട്ടപ്പോള്‍ സന്തോഷംതോന്നി. 

കാണാത്ത നാടിനെക്കുറിച്ച്, ആഫ്രിക്കയെക്കുറിച്ച് താങ്കള്‍ കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. എങ്ങനെയാണ് അത് സാധിച്ചത്. 

യഥാര്‍ഥത്തില്‍ കുഞ്ഞുണ്ണി എന്ന മനുഷ്യന്‍ വരച്ചിടുന്ന ആഫ്രിക്കയുടെ ഭാവനപൂര്‍ണമായ സഞ്ചാരമാണിതിലുള്ളത്. എഴുപതുവയസ്സിനുമേല്‍ പ്രായമുള്ള കുഞ്ഞുണ്ണി, ജീവന്‍ എന്ന അനാഥബാലനുമുന്നില്‍ സൃഷ്ടിക്കുന്ന ഫാന്റസിയുടെ ലോകം.- അതെങ്ങനെ അയാള്‍ക്കുകഴിഞ്ഞു എന്നതാണ് കഥയുടെ രഹസ്യം.

ഭാവനയിലെ യാത്ര എന്ന നിലയില്‍ ഞാനതിനെ കുറച്ചുകണ്ടിട്ടില്ല. എന്തും പറയാവുന്ന ഒന്നാക്കി മാറ്റിയിട്ടില്ല. ഗൂഗിളിലൂടെ ലോകത്തെ ഏതു സ്ഥലവും വിരല്‍തുമ്പില്‍ തെളിഞ്ഞുവരുന്ന ലോകമാണ്.

കുഞ്ഞുണ്ണി കടലിലൂടെ നടത്തുന്ന യാത്രകളും ആഫ്രിക്കിലെത്തിയ ശേഷം നടത്തുന്ന നടത്തുന്ന സഞ്ചാരങ്ങളും എത്തിച്ചേരുന്ന സ്ഥലങ്ങളും അതിന്റെ ദൂരങ്ങളും അവിടുത്തെ പ്രകൃതിയുമെല്ലാം വാസ്തവികതയുടെ ലോകത്താണ് നില്‍ക്കുന്നത്.  കുട്ടികളെ കുറച്ചുകാണരുതെന്ന് ആദ്യമേ എനിക്കുണ്ടായിരുന്നു. മറ്റൊരു തരത്തില്‍ ഇതൊരു ഇന്‍ഫൊര്‍മേറ്റീവ് നോവല്‍കൂടിയാണ്. 

മലബാറില്‍ നിന്നും കെനിയയില്‍ ആദ്യകാലത്ത് അധ്യാപകരായിപ്പോയ ചിലരോട് സംസാരിച്ചിരുന്നു. അവരുടെ അനുഭവങ്ങളൊന്നും പുസ്തകത്തില്‍ ഇല്ല. പക്ഷേ, അവിടുത്തെ അന്തരീക്ഷത്തെ പുനര്‍സൃഷ്ടിക്കാന്‍ അവരോടുള്ള സംസാരം ഉപകരിച്ചു. പിന്നെ, യാത്രയുടെ കുലഗുരുവായ എസ്.കെ. പൊറ്റെക്കാട്ടിന്റ കാപ്പിരികളുടെ നാട്ടിലും, സിംഹഭൂമിയും. എസ്.കെ. പൊറ്റെക്കാട്ട് കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകത്തിലെ ഒരു കഥാപാത്രംകൂടിയാണ്. 

താങ്കളുടെ വായനയെക്കുറിച്ച്

ചെയ്തുപോരുന്ന ജോലിയുടെ ഭാഗമായി മലയാളത്തിലിറങ്ങുന്ന പുസ്തകങ്ങളില്‍ മിക്കതും മുന്നിലൂടെ കടന്നുപോകാറുണ്ട്. നല്ലതെന്ന അഭിപ്രായം കേള്‍ക്കുന്ന പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിക്കാറുണ്ട്. ഫിക്ഷനോടാണ് താല്‍പര്യം. ചരിത്രമാണ് ഇഷ്ടവിഷയം. 

കുട്ടികള്‍ക്കായി എഴുതപ്പെട്ടതില്‍ മലയാളത്തിലെ ഏറ്റവും നല്ല സൃഷ്ടിയായി പരിഗണിക്കുന്നത് ഏതിനെയാണ്

പി. നരേന്ദ്രനാഥിനെയാണ് ആദ്യം പരിഗണിക്കേണ്ടതെന്ന് തോന്നുന്നു. കുഞ്ഞിക്കൂനന്‍, പങ്ങുണ്ണി, മനസ്സറിയും യന്ത്രം തുടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. പക്ഷേ, പറയിപെറ്റ പന്തിരുകുലത്തെ ഒന്നാമതായി പറയേണ്ടിവരും.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പറയിപെറ്റ പന്തിരുകുലത്തെ പറ്റി ചെറിയ പരാമര്‍ശമുണ്ട്. അതിന്റെ വിശദമായ എഴുത്താണ് നരേന്ദ്രനാഥിന്റെ കൃതി. മുപ്പതു വര്‍ഷത്തോളം എഴുത്തുകാരന്‍  ആ കഥയെ പിന്‍തുടര്‍ന്നു, നിരവധി അന്വേഷണങ്ങള്‍ നടത്തി. അതിനുശേഷമാണ് പറയിപെറ്റ പന്തിരുകുലം എഴുതുന്നത്.  ആ പരിശ്രമത്തെ മുന്‍നിര്‍ത്തി നരേന്ദ്രനാഥിന്റെ പറയിപെറ്റ പന്തിരുകുലത്തെ മുന്‍നിരയില്‍ നിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

കുട്ടികള്‍ പുസ്തകങ്ങളില്‍ നിന്നും അകലുന്നതായി തോന്നിയിട്ടുണ്ടോ?

കുട്ടികളെ വായനയില്‍ നിന്നും ശ്രദ്ധതെറ്റിക്കുന്ന നിരവധി കാര്യങ്ങള്‍ ചുറ്റുമുണ്ട്. കുട്ടികളെ വായനക്കായി കുറച്ച് ഉല്‍സാഹിപ്പിച്ചേ മതിയാകൂ. അത് പിന്നീട് അവന്റെ ജീവിതത്തിന്റെ ഭാഗമായിക്കൊള്ളും. രക്ഷാകര്‍ത്താക്കള്‍ ടി.വി.ക്കുമുന്നില്‍ ഇല്ലെങ്കില്‍ കമ്പ്യൂട്ടറിനുമുന്നില്‍, അതല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍, എന്നിട്ട് കുട്ടികളോട് കഥാപുസ്തകം വായിക്കൂ എന്ന ഉപദേശം പ്രായോഗികമാകുമെന്നു തോന്നുന്നില്ല. രക്ഷാകര്‍ത്താക്കളും അന്നേരം പുസ്തകം കൈയിലെടുക്കുന്നതാണ് ഉചിതമാകുക. 

ബാലസാഹിത്യം വായിക്കുന്ന മുതിര്‍ന്നവര്‍ ഉണ്ടാകുമല്ലോ. അവര്‍ എന്തെങ്കിലും നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാറുണ്ടോ?

കുറച്ചുകൂടി വസ്തുകളെയും യാഥാര്‍ഥ്യത്തെയും കൂടെക്കൂട്ടിയാണ് പുസ്തകങ്ങള്‍ മുതിര്‍ന്നവര്‍ വായിക്കാറ്. കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകത്തില്‍ കൊടിതൂക്കിയ കുന്ന് എന്ന ഒരിടത്തെ പരാമര്‍ശിക്കുന്നുണ്ട്. അവിടെ എത്തുന്ന ഒരു അവധൂതനെയും. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരായ സമരം നടന്ന കല്ലറ പാങ്ങോടിനടുത്തുള്ള സ്ഥലമാണിത്.

ഇന്ത്യന്‍ പതാക അവിടെയുള്ള വലിയ കുന്നില്‍ നാട്ടി. കൊടിതൂക്കിയ കുന്ന് എന്ന പേരുവരുന്നത് അതുകൊണ്ടാണ്. അതിനും മുന്‍പ് അവിടെ ശ്രീനാരായണ് ഗുരു കുറച്ചുകാലം തപസ് അനുഷ്ഠിച്ചിരുന്നതായി പറയുന്നു. ഇന്ത്യന്‍ പതാക നാട്ടിയ വിവരം മാത്രമാണ് എനിക്ക് നോവലെഴുതുമ്പോള്‍ അറിയാമായിരുന്നത്. (അക്കാര്യങ്ങളൊന്നും നോവലില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല) മുതിര്‍ന്ന വാനക്കാരില്‍ ഒരാളാണ് ശ്രീനാരായണ ഗുരുവിന്റെ കാര്യം എന്നോട് പറഞ്ഞത്. 

പുസ്തകം വായിച്ച് മക്കള്‍ അഭിപ്രായം അറിയിക്കാറുണ്ടോ?

യു.പി. തലം മുതലുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് പുസ്തകം എഴുതിയത്. പുസ്തകം എഴുതുന്ന കാലത്ത് ഇത് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുമോ, ഉള്‍ക്കൊള്ളാനാകുമോ  എന്ന ആശങ്ക ഉള്ളിലുണ്ടായിരുന്നു. ഓരോ അധ്യായവും അന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകന്‍ താത്പര്യത്തോടെ വായിച്ചു.

വൈകിട്ട് ഓഫീസിലിരുന്നാണ് മിക്കവാറും എഴുതാറ്. വീട്ടിലെത്തുമ്പോള്‍ അവന്‍ അടുത്ത അധ്യായം വായിക്കാനായി താത്പര്യം കാണിച്ചു. ചില കഥാപാത്രങ്ങള്‍ക്ക് എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നത് എന്നൊക്കെ ചോദിച്ചിരുന്നു. കുട്ടികള്‍ക്ക് താല്‍പര്യമുള്ള ചിലത് പുസ്തകത്തിലുണ്ടെന്ന് ആത്മവിശ്വാസം കിട്ടിയത് അവന്റെ വായനയില്‍ നിന്നാണ്. 

പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലഭിച്ച പുരസ്‌കാരങ്ങളും

അബുദാബി ശക്തി അവാര്‍ഡ്, ചെറുകഥയ്ക്കുള്ള യുവസാഹിത്യ പുരസ്‌കാരം, സിദ്ധാര്‍ഥ സാഹിത്യ പുരസ്‌കാരം, ശഹാന സാഹിത്യ പുരസ്‌കാരം തുടങ്ങിയവ  ലഭിച്ചിട്ടുണ്ട്. ഭൂമിയില്‍ നടക്കുന്നു, ജീവിതസുഗന്ധി, എറണാകുളം സൗത്ത് (കഥകള്‍), ജീവചരിത്രം, കളിവട്ടം  (നോവല്‍), കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം (നോവല്‍/ബാലസാഹിത്യം) തകഴി ( ജീവചരിത്രം), നര - മലയാളത്തിലെ വാര്‍ദ്ധക കഥകള്‍, 13 നവകഥകള്‍ (എഡിറ്റര്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റാച്യു പി.ഒ. എന്ന നോവലാണ് ഇനി പുറത്തുവരാനുള്ളത്. 

കുടുംബം ജോലി?

തിരുവനന്തപുരം ജില്ലയിലെ കോലിയക്കോട്ടാണ് ജനിച്ചത്. ഇപ്പോള്‍ വെഞ്ഞാറമൂട്ടില്‍ താമസിക്കുന്നു. അച്ഛന്‍ ആര്‍. സോമശേഖരന്‍ നായര്‍, അമ്മ സി.എ. രേണുകാദേവി. ഭാര്യ ബിലു വി.ബി. സദാനന്ദപുരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയാണ്. മക്കള്‍ ഭരത് ലാല്‍, ഭഗത് ലാല്‍. രണ്ടുപേരും സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ ഗ്രന്ഥലോകം മാസികയില്‍ അസി.എഡിറ്ററായി ജോലിചെയ്യുന്നു.