പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ... നാടും നാട്ടാരും ദൈവങ്ങളും മതങ്ങളും ഒരു കൂരയ്ക്കു കീഴില്‍ അന്തിയുറങ്ങിയിരുന്ന കാലത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളാല്‍, ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്ന ശാസനയാല്‍ നിറഞ്ഞൊരു ഗ്രാമ്യഗാനം. നാടകഗാനം എന്നതിനേക്കാളുപരി നാടന്‍പാട്ടായിമാറിയ, പാടിപ്പാടി മാറ്റിയെടുത്ത ജനകീയഗാനത്തിനു പിന്നില്‍ വിശാലാര്‍ഥത്തില്‍ വിരിഞ്ഞുനിന്നൊരു വികാരത്തെക്കുറിച്ച് സംസാരിക്കുകയാണ് പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ എന്ന പാട്ടിന്റെ സ്രഷ്ടാവ് മുഹാദ് വെമ്പായം.
പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ... ആ നാട്ടില് പുഴയുണ്ടാര്‍ന്നേ... ഈ പാട്ടിന്റെ സന്ദര്‍ഭവും സാഹചര്യവും രചനാ പശ്ചാത്തലവും വ്യക്തമാക്കാമോ?
അടിസ്ഥാനപരമായി ഞാനൊരു കവിയോ പാട്ടെഴുത്തുകാരനോ അല്ല. അത്തരം ഗുണഗണങ്ങളുള്ള ഒരാളായിട്ട് എനിക്ക് എന്നെ തോന്നിയിട്ടില്ല. എനിക്ക് പാട്ടെഴുതുന്നത് ഇഷ്ടമാണ്. നിര്‍ബന്ധിതമായ ചില സാഹചര്യങ്ങളില്‍ എഴുതിപ്പോയിട്ടുണ്ട്. ഇത് ഞാന്‍ ഒരു നാടക രചയിതാവ് എന്ന നിലയില്‍ തൃശൂര്‍ രജപുത്രയുടെ 'പകിട' എന്ന നാടകം എഴുതിക്കൊണ്ടിരിക്കുമ്പോള്‍ അതിനകത്ത് ഒരു ജനകീയ സമരത്തിന്റെ സാഹചര്യം ഉണ്ടായിരുന്നു. ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ ദാര്‍ഷ്ട്യത്തിനെതിരേ നടക്കുന്ന ജനകീയ സമരത്തില്‍ ആ നാട്ടുകാര് അവരുടെ കഴിഞ്ഞ കാലത്തെ സുഖമുള്ള ഓര്‍മകളിലേക്ക് പോകുന്ന സന്ദര്‍ഭമുണ്ട്. യഥാര്‍ഥത്തില്‍ നാടകത്തിന് പാട്ടെഴുതാനായി വേറെ ആളുകളുണ്ട്. അപ്പോള്‍ ഞാന്‍ അവര്‍ക്കൊരു മാതൃക എന്ന നിലയിലാണ് ഈ പാട്ട് എഴുതുന്നത്. ജനകീയസമരവുമായി താദാത്മ്യം വരുന്ന വരികളാവണം നമുക്ക് വേണ്ടത് എന്നതിന് ഒരു മോഡല്‍ എന്ന നിലയിലാണ് ഈ പാട്ട് എഴുതുന്നത്. അയച്ചുകൊടുത്ത വരികള്‍ കണ്ട നാടകത്തിന്റെ സംവിധായകന്‍ സുരേഷ് ദിവാകരന്‍ അത് തന്നെ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അത്തരത്തില്‍ ഒരു 'ഡെമോ' എന്ന നിലയില്‍ എഴുതിയ വരികളില്‍ നിന്നാണ് പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ പിറന്നത്.
കേരളത്തില്‍ സ്വകാര്യ എഫ് എം റേഡിയോകള്‍ പ്രചാരത്തിലെത്തിയ കാലത്ത് റേഡിയോ ജോക്കിയായി കോഴിക്കോടെത്തിയ മുഹാദ്, അതിനുമുമ്പ് പ്രൊഫഷണല്‍ നാടകസംഭാഷണമെഴുത്തില്‍ സജീവമായിരുന്ന മുഹാദ്, ശേഷം ക്ളബ് എഫ്എമ്മിലെ ക്രിയേറ്റീവ് റൈറ്റര്‍, പിന്നെ പ്രവാസജീവിതം. അപ്പോഴെല്ലാം മുഹാദിനെ അടയാളപ്പെടുത്തിയ ആ പാട്ട് കൈമാറിക്കൊണ്ടിരുന്നു ആസ്വാദകര്‍, സാധാരണക്കാര്‍. മുഹാദിന്റെ സ്വകാര്യസമ്പാദ്യമായ നാടന്‍പാട്ടുമഹിമയെക്കുറിച്ച്.
പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ എന്ന പാട്ട് ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ടതാണെന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. 2018-ലാണ് ആ പാട്ട് എഴുതുന്നത്. സെബി നായരമ്പലമാണ് ആ പാട്ടിന് ഈണം കൊടുത്തത്. ഒരു നാടന്‍ പാട്ടിന്റെ സുഗന്ധം ആ പാട്ടിന്റെ ഈണത്തില്‍ ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം നാടന്‍ പാട്ടാണ് എന്ന് തോന്നിപ്പിക്കുന്നത്. നാടന്‍ പാട്ടിന്റെ രക്തമോ ബീജമോ ഒന്നും പേറുന്ന ആളല്ല ഞാന്‍. പക്ഷെ എഫ്.എം റേഡിയോകളിലും പ്രവാസിയായും നാടകരചയിതാവായും ഒക്കെ പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് നാടന്‍പാട്ടുമായി എനിക്കൊരു ബന്ധമുണ്ടായിരുന്നു എന്ന് വേണമെങ്കില്‍ ഒരു പേരിന് വേണ്ടി അവകാശപ്പെടാം. കോളേജ് കാലഘട്ടത്തില്‍ നാടന്‍പാട്ട് സംഘങ്ങളോടൊപ്പം അവരുടെ അനൗണ്‍സറായി പോകുകയും അതുവഴി മികച്ച ഗായകര്‍ പാടുന്ന പാട്ടുകള്‍ കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.
നാടന്‍ പാട്ടുകള്‍ ആരാണ് ആദ്യം പാടിയതെന്ന് ആരും അന്വേഷിക്കാറില്ല. ഓരോ നാട്ടിലും സന്ദര്‍ഭത്തിനും സാഹചര്യത്തിനുമനുസരിച്ച് അവ പാടിപ്പതിഞ്ഞുകൊണ്ടേയിരിക്കുന്നു. ജന്മാവകാശം നിഷേധിക്കപ്പെട്ട പാട്ടുകാരെക്കുറിച്ച്?
വര്‍ത്തമാന കാലത്ത് നാടന്‍ പാട്ടുകള്‍ താരതമ്യേന നല്ല രീതിയില്‍ ആസ്വദിക്കപ്പെടുന്നുണ്ട്. ഈ അടുത്ത കാലഘട്ടംവരെയും മാറ്റിനിര്‍ത്തപ്പെട്ട കീഴാള കലകളുടെ കൂടെയായിരുന്നു നാടന്‍പാട്ടുകള്‍. ഒരുപക്ഷെ അങ്ങനെ അവഗണിക്കപ്പെട്ടിരുന്ന നാടന്‍പാട്ടിനെ നടപ്പുകാലത്ത് നടുനിവര്‍ത്തി നില്‍ക്കാന്‍ പ്രേരിപ്പിച്ചു എന്നതില്‍ സി.ജെ കുട്ടപ്പന്‍ മാഷും കലാഭവന്‍ മണിയെയും പോലുള്ള കലാകാരന്‍മാര്‍ക്ക് വലിയ പങ്കുണ്ട്. ഇപ്പോള്‍ ഏറെ ആനന്ദത്തോടെ നാം ആസ്വദിക്കുന്നുണ്ട് നാടന്‍ പാട്ടുകള്‍. വല്ലാതെ വയറു നിറഞ്ഞ് വിശ്രമത്തില്‍ ഇരിക്കുന്ന സമയത്ത് കേട്ട് ഉല്ലസിക്കുന്ന ഒന്നാണ് നാടന്‍പാട്ടെങ്കിലും നാടന്‍ പാട്ടുകള്‍ ഉണ്ടായി വന്നത് നിറഞ്ഞ വയറുകളിലൂടെ ആയിരുന്നില്ല. ഒഴിഞ്ഞ വയറുകളിലൂടെയും ഇല്ലായ്മയുടെ വറുതിയിലൂടെയും തന്നെയാണ് നാടന്‍പാട്ടുകള്‍ ഉണ്ടായി വന്നത്. ഇല്ലാത്തവന് വ്യവസ്ഥിതിയോടും അവനവനോടും ഉണ്ടായിട്ടുള്ള കലഹത്തില്‍ നിന്നുള്ള താളമായിരുന്നു നാടന്‍ പാട്ടുകള്‍. ഒരുപക്ഷെ അതു മാത്രമായിരുന്നിരിക്കാം ആ മനുഷ്യര്‍ക്ക് അഭയമായി ഉണ്ടായിരുന്നിരുന്നത്. അതുകൊണ്ട് തന്നെയാണ് ഇതിന്റെ സ്രഷ്ടാക്കളെ കുറിച്ചൊന്നും ആരും അറിയാതെപോയത്. ഒരു സിനിമാപ്പാട്ടിന്റെ സ്രഷ്ടാവിനെ കുറിച്ച് നമുക്ക് സംശയമില്ല. എന്നാല്‍ വര്‍ത്തമാന കാലത്ത് സൃഷ്ടിക്കപ്പെട്ട നാടന്‍പാട്ടുകളുടെ പോലും പിതൃത്വങ്ങള്‍ പലരും അവകാശപ്പെടുന്നത് തന്നെ അതിന്റെ ഒറിജിനല്‍ ഉടമകള്‍ക്ക് അവകാശപ്പെടാന്‍ ശേഷിയില്ലാത്തവണ്ണം ഇപ്പോഴും അതിനെ പതിത്വം ചുറ്റിനില്‍ക്കുന്നു എന്നതകൊണ്ടുതന്നെയാണ്.
നാടന്‍പാട്ടുകളുടെയും നാടന്‍ കവിതകളുടെയും ചരിത്രത്തെപ്പറ്റി പഠിച്ചു തുടങ്ങിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. എങ്ങനെയാണ് കീഴാളനില്‍ നിന്നും അവന്റെ സ്വത്വവും അവന്റെ വരികളും താളങ്ങളും അപഹരിക്കപ്പെട്ടത് എന്ന് നമുക്ക് കാണാന്‍ പറ്റും. ഇന്നും നമ്മള്‍ മറ്റാരുടേയോ പേരില്‍ പാടിനടക്കുന്ന പലതും നമ്മള്‍ വലിയ വിഗ്രഹങ്ങളായി കരുതുന്നവരില്‍ പലരും അപഹരിച്ച് കൊണ്ടുപോയി അവരുടെ സ്വന്തംപേരിലാക്കിയ നിരവധി സംഭവങ്ങള്‍ നമുക്കറയാമല്ലോ.
സാംസ്‌കാരിക കേരളത്തിന്റെ ഗ്രാമീണതയെക്കുറിച്ച് മുഹാദ് പലപ്പോഴും പ്രതികരിക്കാറുണ്ട്. ഗ്രാമീണതയുടെ ആത്മാംശങ്ങള്‍ പേറുന്ന ഗാനങ്ങളെക്കുറിച്ച് വിശദമാക്കാമോ?
കേരളത്തിലെ ഒരു വലിയ കവിയുടെ രണ്ട് വരികളെ കുറിച്ച് ഓര്‍ക്കാതെ ഇതിനെപ്പറ്റി പറയാന്‍ കഴിയില്ല. ഒരുപക്ഷെ മലയാളി ഏറ്റവും കൂടുതല്‍ തെറ്റായി വായിക്കുകയോ അതല്ലെങ്കില്‍ ആ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളില്‍ മാത്രമുണ്ടായ ശരിയോ ആയ രണ്ട് വരികള്‍- 'നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം' അതിനകത്ത് കവിക്ക് മാത്രം കാണാന്‍ കഴിയുന്ന കാര്യങ്ങളുണ്ടാവും. പക്ഷെ പിന്നീട് ചിന്തിക്കുമ്പോള്‍ അത് രാഷ്ട്രീയമായി ശരിയായി തോന്നിയിട്ടില്ല. ലോകത്ത് ഒരു നാട്ടിന്‍പുറവും നന്മകള്‍കൊണ്ട് മാത്രം സമൃദ്ധവും നഗരങ്ങളെല്ലാം വറുതികളുടെയും നാട്യങ്ങളുടെയും കേന്ദ്രങ്ങളായും തോന്നിയിട്ടില്ല. ഒരുപക്ഷെ അങ്ങനെയൊരു മിഥ്യ നമുക്ക് ഉണ്ടായിരുന്നിരിക്കണം. ഗ്രാമത്തിലുള്ളതെല്ലാം നല്ലത്, ഗ്രാമത്തിന്റെ ഇന്നലകളെല്ലാം നല്ലത്, നഗരമെല്ലാം മോശം... നഗരത്തിന് ഒരു ആധുനികതയുടെ മുഖമുള്ളത്‌കൊണ്ട്, നഗരത്തില്‍ ആധുനികതയുടെ അംശമുള്ളതിനാല്‍ വേഗത്തില്‍ തന്നെ മാറ്റങ്ങളെ ഉള്‍കൊള്ളുന്നത് കൊണ്ടും ഗ്രാമം എപ്പോഴും നമ്മുടെ ഗൃഹാതുര സ്മരണകളില്‍ ഇന്നലെകളുടെ റപ്‌ളിക്കകളായി നില്‍ക്കുന്നതിനാലുമായിരിക്കും നമുക്കിങ്ങനെ തോന്നുന്നത്. കാരണം ഞാന്‍ ഓര്‍ക്കാന്‍ എപ്പോഴും ആഗ്രഹിക്കുന്നത് എന്റെ നഷ്ടപ്പെട്ടുപോയ നാളുകളെക്കുറിച്ചാണ്. നഷ്ടപ്പെട്ടുപോയ ഇന്നലെകള്‍ നിലനില്‍ക്കുന്നത് ഗ്രാമങ്ങളിലായതുകൊണ്ട് മാത്രം ഗ്രാമങ്ങള്‍ പൊളിറ്റിക്കലി മനോഹാരിതയുള്ളതും നന്മയുള്ളതും വിശുദ്ധിയുള്ളതുമായി മാറുമെന്നും പുതുമകളെ പുല്‍കുന്ന നഗരം മോശമാണെന്നും പറയുന്ന അവസ്ഥയുണ്ട്. മനുഷ്യന്‍ ജീവിച്ച സ്ഥലങ്ങള്‍ക്കെല്ലാം അവന്റെ ജീവിതം കൊണ്ടുണ്ടായ ആത്മാംശങ്ങളുണ്ട്. ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ആളെന്ന നിലയില്‍ എനിക്ക് ഗ്രാമവും അതുമായി ബന്ധപ്പെടുന്ന ഒര്‍മകളുമെല്ലാം എന്റെ ഇന്നലകളുടെ നഷ്ടങ്ങളുടെ കൂട്ടത്തില്‍ ഉണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. അതല്ലാതെ സവിശേഷമായൊരു വിശുദ്ധി ഗ്രാമങ്ങള്‍ക്ക് മാത്രമായി ഉണ്ട് എന്നെനിക്ക് തോന്നിയിട്ടില്ല.
ആഢ്യകലകള്‍ക്കിടയില്‍ ഞെരുങ്ങി ശ്വാസം മുട്ടിപ്പോകുന്ന നാടന്‍കലകളെക്കുറിച്ച്, നാട്ടുപെരുമയെക്കുറിച്ച്, ഐതിഹ്യത്തെക്കുറിച്ച്.
ചരിത്രം വിജയിച്ചവന്റെതാണ്. വിജയിച്ചവന്‍ തന്റെ വിജയത്തിന്റെ ഗരിമകൊണ്ടും ആ വിജയത്തിലൂടെ ആര്‍ജിച്ച കരുത്ത്‌കൊണ്ടും അവന്‍തന്നെയുണ്ടാക്കി എടുക്കുന്നതാണ് ചരിത്രം. അവന് തൃപ്തമായ കാര്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുകയും അവന് തൃപ്തിയില്ലാതെ, അവന് ദഹിക്കാതെ ഇരിക്കുന്ന സകല കാര്യങ്ങളെയും ചവിട്ടി മറച്ച് വെക്കുന്നതിന്റെ പേരാണല്ലൊ ചരിത്രമെന്നത്. ഈ കാലഘട്ടത്തില്‍വരെ സ്വത്വപരമായി പോലും വിജയമവകാശപ്പെടാനില്ലാത്ത ഒരു ജനതയുടെ കലകള്‍ക്കും അതേ അനുഭവമാണ് എന്നതില്‍ അതിശയിക്കാന്‍ ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. എന്നും ചരിത്രം വിജയിച്ചവരുടേതും ഉന്നതരുടേയും മാത്രമാണ്. അപ്പോള്‍ അതിന്റെ അംശം നാടന്‍ കലകളുടെ കാര്യത്തിലും ഉണ്ടാവുമല്ലോ.
പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ... തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടുമൊരു ഓര്‍മപ്പെടുത്തല്‍. പണ്ടത്തെ ആ നാടിന്റെ പുന:പ്രതിഷ്ഠ സാധ്യമാണോ. ഇനിയുള്ള തലമുറ അതു സാധ്യമാക്കുമോ?
ആ വരികളിലുള്ള രാഷ്ട്രീയവും ഉയര്‍ത്തുന്നത് ഈ ചോദ്യം തന്നെയാണ്. മാനവികമായി മനുഷ്യന്‍ കുറേക്കൂടെ സ്വതന്ത്രനായി ജീവിച്ചവന്ന ആ ഒരു നല്ലകാലം ഇനി ഓര്‍മ്മയില്‍ മാത്രമാണോ എന്നൊരു ഭീതിയും ആശങ്കയുമാണ് ആ വരികള്‍ മുന്നോട്ട് വെക്കുന്നതെന്നാണ് കരുതുന്നത്. കാരണം എനിക്ക് നിന്റെ വീട്ടില്‍ വരാനോ നിനക്ക് എന്റെ വീട്ടില്‍ വരാനോ മതിലും വേലിയും വാതിലും വര്‍ഗവും വര്‍ണവും ബാധ്യതയല്ലാതിരുന്ന ഓരു കാലഘട്ടമുണ്ടായിരുന്നു നമുക്ക്. പണ്ടുമുതലേ അങ്ങനെയായിരുന്നെന്നല്ല. പക്ഷെ അങ്ങനെയൊരു നല്ലകാലത്തിലേക്ക് നമ്മള്‍ എത്തപ്പെട്ടിരുന്നു. ഇനി അത് തിരിച്ചുകിട്ടില്ലേ എന്ന ഭയം അതിനകത്തുണ്ട്. പത്തുകൊല്ലം മുന്‍പ് നമ്മള്‍ സ്വാഭാവികമായി ജീവിച്ച ജീവിതങ്ങളെല്ലാം ഇന്ന് അപൂര്‍വതകളായി ആഘോഷിക്കപ്പെടുകയാണ്. മുസ്ലിം യുവാവിന് ബസില്‍ സീറ്റ് കൊടുത്ത് ഹിന്ദു യുവാവ് മാതൃകയാവുകയും ഹിന്ദു യുവാവിന് വളരെ സ്‌നേഹത്തോടെ ചിരിച്ച് ടിക്കറ്റ് നല്‍കി മുസ്‌ളീം കണ്ടക്ടര്‍ മാതൃകയാവുകയും അത് ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഒരു വര്‍ത്തമാന കാലഘട്ടത്തില്‍ നിന്നുകൊണ്ടാണ് ആ കവിത 'നിന്റെ പടച്ചോന്‍ എന്റെ പടച്ചോന്‍ എന്നൊരു തല്ലില്ലാര്‍ന്നേ ഒരു വീട്ടില്‍ അടുപ്പ് പുകഞ്ഞാല്‍ മറുവീട്ടില്‍ പശിയില്ലാര്‍ന്നേ' എന്ന് ഓര്‍മ്മിപ്പിക്കുന്നത്. ആ നാലുവരിയാണ് ആ കവിതയ്ക്കുള്ളിലെ രാഷ്ട്രീയം. ഇനിവരുന്ന ഒരു തലമുറ അത് സാധ്യമാക്കുമോ എന്ന് ചോദിച്ചാല്‍ ചിന്തിക്കാന്‍ കഴിയുന്നവരാണെങ്കില്‍ സാധ്യമാക്കും എന്നുതന്നെയാണ് എന്റെ ഉത്തരം.
Content Highlights: writer Muhad Vembayam interview