പുതുകാല മലയാളസാഹിത്യത്തില്‍ ഭീതി/ഹൊറര്‍/ഗോഥിക് രീതിയിലുള്ള സാഹിത്യവിഭാഗത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് മരിയ റോസ്. പാശ്ചാത്യഭീതിസാഹിത്യത്തെ മലയാളത്തിന് പരിചയപ്പെടുത്തുക മാത്രമല്ല, ക്ളാസിക്ക് മാതൃകകളുടെ തുടര്‍ച്ച പോലെ മികച്ച ഭീതികഥകളുടെ എഴുത്തുകാരനും വിവര്‍ത്തകനും അനുകല്പനകനും ഒക്കെയാണ് മരിയ റോസ്. എഴുത്തുകളെക്കുറിച്ച് മരിയ റോസുമായുള്ള അഭിമുഖം. 

ഭീതിസാഹിത്യം പോലുള്ള ഒരു ശാഖ പൊതുവേ സാമൂഹികമായ ഉത്തരവാദിത്തങ്ങളില്‍നിന്ന് അകന്നുനില്‍ക്കേണ്ട ഒന്നായി തോന്നിയിട്ടുണ്ടോ? ഹൊറര്‍/ഭീതിസാഹിത്യം ഭയം/സംഭ്രമം ജനിപ്പിക്കുക എന്ന പ്രഥമദൗത്യത്തില്‍ മാത്രം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണോ?

സാമൂഹികമായ ഉത്തരവാദിത്തമുള്ള രചനകള്‍ നടത്തണോ വേണ്ടയോ എന്നതെല്ലാം എഴുത്തുകാരന്റെ ഒരു ചോയ്‌സ് ആണ്. സമകാലിക-സാമൂഹികപ്രസക്തിയുള്ള ഒരു പ്രമേയം എഴുതാന്‍ ഉദ്ദേശിക്കുന്ന ഒരു എഴുത്തുകാരന്‍ ആ രചനയ്ക്ക് വേണ്ടി ഭീതിസാഹിത്യത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിക്കാം എന്ന് തീരുമാനിക്കുന്നതിന് ഒരു കാരണം ഉണ്ടാകുമല്ലോ. ആ കാരണത്തിനാണ് ഇവിടെ പ്രസക്തി. മനുഷ്യജീവിതത്തിലേയ്ക്ക് നമ്മള്‍ പോലുമറിയാതെ കടന്ന് കയറുന്ന തീവ്ര/മൗലികവാദങ്ങളുടെ ഭീകരതയെക്കുറിച്ച് ഒരാള്‍ എഴുതാന്‍ ശ്രമിക്കുന്നു എന്നിരിക്കട്ടെ. ആ ഭീകരതയെ ഒരു രൂപകമെന്ന നിലയില്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ ഭീതിസാഹിത്യത്തിന്റെ സങ്കേതത്തിന് കഴിയുമെന്നതില്‍ സംശയമില്ല. ജനത്തിന്റെ രക്തമൂറ്റിക്കുടിക്കുന്ന ഭരണാധികാരികളുടെ രൂപകമായി രക്ഷസുകളെ അവതരിപ്പിക്കുന്ന ഭീതിരചനകള്‍ ഉണ്ടായിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥിതി തൊഴിലാളികളെ എങ്ങനെ ജീവനുള്ള ജഡങ്ങളെപ്പോലെയാക്കി മാറ്റുന്നുവെന്നത് സോംബി ഫിക്ഷനിലൂടെ പറഞ്ഞ രചനകളുണ്ട്. മലയാളത്തില്‍ തന്നെ ആനന്ദ് ഭീതിസാഹിത്യത്തിന്റെ ഉദ്വേഗം നിറഞ്ഞ ആഖ്യാനശൈലി സാമൂഹിക-രാഷ്ട്രീയ-പ്രസക്തമായ രചനകള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സംഹാരത്തിന്റെ പുസ്തകം എന്ന രചനയിലെ മൂന്ന് കഥകള്‍ ഉദാഹരണം. എന്ന് കരുതി ഭീതിരചനയായാലും അല്ലെങ്കിലും അയാളെ പിടിച്ചുനിര്‍ത്തി 'ഇതില്‍ എവിടെയാടാ സാമൂഹികപ്രസക്തി? പറഞ്ഞിട്ട് പോയാല്‍ മതി' എന്ന് ഭീഷണിപ്പെടുത്തേണ്ടതില്ല. വായനക്കാരില്‍ ആസ്വാദനം മുന്‍നിര്‍ത്തി ഭയം ജനിപ്പിക്കുക എന്നത് തന്നെയാണ് ഹൊറര്‍/ഗോഥിക് ഫിക്ഷന്റെ പ്രാഥമികലക്ഷ്യം. അതില്‍ മറ്റൊരു വായനയ്ക്ക് കൂടിയുള്ള സാധ്യത തുറന്നിടുന്നുവെങ്കില്‍ നല്ലത്. പക്ഷെ നിര്‍ബന്ധമില്ല . വ്യക്തിപരമായി -കല കലയ്ക്ക് വേണ്ടി എന്ന സൗന്ദര്യശാസ്ത്രനിലപാടിനോടാണ് എനിക്ക് താല്‍പര്യം. Aesthetically Compromise  ചെയ്ത് കൊണ്ട് സാമൂഹിക പ്രസക്തി കൊണ്ടുവരുന്നതിനോട് താല്‍പര്യം ഇല്ല. 

അനുകല്‍പനവും വിവര്‍ത്തനവും എങ്ങനെയാണ് വിവേചിക്കുന്നത്? ഇതില്‍ മൂലകൃതിയോട് കൂടുതല്‍ മൗലികത കാണിക്കുന്നത് താങ്കളുടെ കാഴ്ചപ്പാടില്‍ഏതിനാണ്?

നമുക്ക് അറിയാവുന്നത് പോലെ ഒരു ഭാഷയില്‍നിന്ന് ഒരു കൃതി മറ്റൊരു ഭാഷയിലേയ്ക്ക് പുനരെഴുത്ത് നടത്തുന്നതിനാണ് വിവര്‍ത്തനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഒരു മാധ്യമത്തില്‍ നിന്ന് ഒരു രചന മറ്റൊരു മാധ്യമത്തിലേയ്ക്ക്  മാറ്റുന്ന പ്രക്രിയയാണ് അനുകല്‍പനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. Adaptation എന്ന ഇംഗ്ലീഷ് വാക്കിന് തുല്യമായിട്ടാണ് അനുകല്‍പനം എന്ന വാക്ക്  ഉപയോഗിക്കുന്നത്. അനുവര്‍ത്തനം എന്നൊരു വാക്ക് കൂടി പ്രചാരത്തിലുണ്ട്. ഒരു സാഹിത്യരചനയെ നിന്ന് സിനിമയിലേയ്ക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് നമ്മള്‍ പലപ്പോഴും ഈ വാക്ക് ഉപയോഗിക്കുന്നത്. പക്ഷെ അത് മാത്രമല്ല -സിനിമയില്‍ നിന്ന് സാഹിത്യത്തിലേയ്ക്ക്, നാടകത്തില്‍ നിന്ന്  സിനിമയിലേയ്ക്ക്, സിനിമയില്‍ നിന്ന് നാടകത്തിലേയ്ക്ക്, ചിത്രകഥയില്‍ നിന്ന് സിനിമ കഥയിലേയ്ക്ക്, സിനിമയില്‍ നിന്ന്  ചിത്രകഥയിലേയ്ക്ക്, പെയിന്റിംഗില്‍ നിന്ന് സാഹിത്യത്തിലേയ്ക്ക്, സിനിമയിലേയ്ക്ക്... തുടങ്ങി എങ്ങനെയുമാകാം. എന്നാല്‍ മൂലകൃതി യോടുള്ള ആശ്രിതത്വം എന്ന കടുപിടിത്തം ഇല്ലാതെ ലക്ഷ്യമാധ്യമത്തിനു യോജിച്ച വിധത്തില്‍ സര്‍ഗാത്മ കമായി സമീപിക്കുന്നതിനാണ് അനുകല്പനം എന്ന സംജ്ഞ കൊണ്ട് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്. 

മൂലകൃതിയെക്കുറിച്ച്  ആഴമുള്ള അറിവും ഭാഷാപരമായ പ്രാവീണ്യവുമുണ്ടെങ്കില്‍ വിവര്‍ത്തനം ഫലപ്രദമായി വായനക്കാരിലെത്തിക്കാനാകും. ഇംഗ്ലീഷില്‍ നിന്ന് മലയാള ത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യുന്നു എന്ന് വയ്ക്കുക. മലയാളത്തിലുള്ള വായനാക്ഷമതയ്ക്കാണ് പ്രാധാന്യം. എന്നാല്‍ അതില്‍ കൂടുതല്‍ മൂലകൃതിയില്‍ കയറി ഇടപെടാന്‍ വിവര്‍ത്തകന് സ്വാതന്ത്യമില്ല. എന്നാല്‍ അനുകല്‍പ്പനത്തില്‍ മൂലകൃതിയ്ക്ക് മേല്‍  സര്‍ഗാത്മകമായി ഇടപെടാന്‍ അനുകര്‍ത്താവിന്   സ്വാതന്ത്ര്യമുണ്ട് .

പാശ്ചാത്യ ഭീതിസാഹിത്യം രാഷ്ട്രീയവും മതവും ചരിത്രവും തുടങ്ങീ വിഭിന്നതലങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മലയാളത്തില്‍ ഇപ്പോഴും യക്ഷിയും ആവാഹനവും ക്‌ളീഷേ കറുത്ത കുര്‍ബാനയുമായി ഭീതിസാഹിത്യം ഒതുങ്ങുന്നത് വായനക്കാരന്റെ അറിവില്ലായ്മയാണോ അതോ എഴുത്തുകാരുടെ പിടിപ്പുകേടാണോ?

പാശ്ചാത്യരാജ്യങ്ങളില്‍ കലയ്ക്ക് മനുഷ്യരുടെ ജീവിതങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ ഉള്ളതിനേക്കാള്‍ പ്രാധാന്യമുണ്ട് എന്നാണ് ഞാന്‍  വിചാരിക്കുന്നത്. അവിടെ അഭ്യസ്തവിദ്യനായിരിക്കുക എന്നാല്‍ സഹൃദയനായിരിക്കുക എന്ന് കൂടി അര്‍ത്ഥമുണ്ട് എന്ന് ഞാന്‍ കരുതുന്നു. (നൂറു ശതമാനവും അങ്ങനെയാണ് എന്നല്ല. എങ്കിലും ഭൂരിപക്ഷത്തെ ആസ്പദമാക്കിയാണല്ലോ നമ്മള്‍ പലപ്പോഴും അനുമാനങ്ങളില്‍ എത്തുന്നത്)

നിര്‍ഭാഗ്യവശാല്‍ വിദ്യാഭ്യാസപരമായ ഒരു ശീലം എന്ന നിലയില്‍ വായന ജീവിതത്തിന്റെ ഭാഗമാക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസം ഒരു പരാജയമാണ്. അത് കൊണ്ട് തന്നെ ചില ആസ്വാദനമാധ്യമങ്ങളിലേയ്ക്ക് വരുമ്പോള്‍ നമ്മള്‍  തികച്ചും അജ്ഞരാണ്. ഒരു ഴോണര്‍ (Genre) രചന ആസ്വദിക്കുന്നതില്‍ ആ ഴോണറിനെക്കുറിച്ച്    വായനക്കാരനുള്ള  ധാരണയും ചില പങ്ക് വഹിക്കുന്നുണ്ട്. എന്ന് കരുതി  ഭീതിനോവല്‍ വായിക്കുന്നയാള്‍ക്ക്   ഭീതിസാഹിത്യത്തെക്കുറിച്ച് അഗാധമായ അറിവ് വേണം എന്നല്ല ഉദ്ദേശിക്കുന്നത്. സാഹിത്യത്തെക്കുറിച്ചും  സാഹിത്യോപവിഭാഗങ്ങളെക്കുറിച്ചും പൊതുവേയുള്ള അവബോധമാണ് ഉദ്ദേശിച്ചത്. നമ്മുടെ നാട്ടിലെ പരിമിതമായ ഴോണര്‍ അവബോധം വച്ച് ഭീതിസാഹിത്യമെന്നാല്‍ യക്ഷിയും പ്രേതവും ആവാഹനവും ഒക്കെയാണ് എന്നതാണ്  വാസ്തവം. ഭീതിസാഹിത്യമെന്നാല്‍ പ്രേതമുള്ള കഥകളാണ് എന്നും വ്യാപകമായി കരുതപ്പെടുന്നുണ്ട്. ഈ മേഖലയില്‍ താല്‍പര്യമുള്ള എഴുത്തുകാര്‍ക്ക് തന്നെയാണ് ഇവിടെ സഹായിക്കാനാകുക. ഒന്ന്- ഒരു ഴോണര്‍ഫിക്ഷന്‍ എഴുതുന്നതിന്   മുന്‍പ് ആ ഴോണറിനെക്കുറിച്ച് നന്നായി മനസിലാക്കുകയും ആ ഴോണറിലെ മികച്ച രചനകളും വായിച്ചിരിക്കുക. ഴോണറിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നത് ക്ലീഷേകള്‍ ഒഴിവാക്കാന്‍ സഹായിക്കും. രണ്ട്- ഴോണറിന്റെ ഭൂരിപക്ഷം വായനക്കാര്‍ക്കും അപരിചിതമായ ഒരു  Sub-Genre അവതരിപ്പിക്കുമ്പോള്‍ അത് പരിചയപ്പെടാന്‍ കൂടി പര്യാപ്തമാകുന്ന ഒരു  ബ്രിഡ്ജിംഗ് ശൈലി രചനയില്‍ സ്വീകരിക്കുക. മികച്ച രചനകള്‍ ഉണ്ടാകുന്നതില്‍ കൈകാര്യം ചെയ്യുന്ന ഴോണറിനെക്കുറിച്ച് അവബോധമുള്ള എഴുത്തുകാരും ഴോണറിനെക്കുറിച്ച് അവബോധമുള്ള വായനക്കാരും ഒരു പോലെ സംഭാവന ചെയ്യുന്നുണ്ട്. 

എഴുത്ത് എന്ന പ്രക്രിയ ഏത് വിഭാഗത്തില്‍ ഉള്‍പ്പെട്ടതായാലും ഭാഷയിലെ നവീകരണം പൊതുവെ മലയാള ജനപ്രിയസാഹിത്യത്തില്‍ അന്യമാകുന്നതായി തോന്നിയിട്ടുണ്ടോ? സ്വസൃഷ്ടികളുടെ എഡിറ്റിങ്ങിന് നമ്മുടെ എഴുത്തുകാര്‍ ഇപ്പോഴും വിമുഖത കാണിക്കുന്നതായി തോന്നിയിട്ടുണ്ടോ?

പഴയ ജനപ്രിയരചനകളെ അപേക്ഷിച്ച് പുതിയ ജനപ്രിയ രചനകളില്‍ ഒരു അറുപത് ശതമാനത്തോളം രചനകള്‍ ഭാഷയിലും ആഖ്യാനസങ്കേതങ്ങളിലും നവീകരണം കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. എഴുത്തിന് വേണ്ടി ഗവേഷണം നടത്തുക, വിവിധ കഥാപാത്രങ്ങളുടെ Perspectives അവതരിപ്പിക്കുക, കൃതിയുടെ അര്‍ത്ഥത്തെ വികസിപ്പിക്കുംവിധം റഫറന്‍സുകള്‍ ഉപയോഗിക്കുക, ചരിത്രം, മിത്തുകള്‍ തുടങ്ങിയവയുടെ പശ്ചാത്തലമായുള്ള രചനകള്‍, പുതിയ Genre കള്‍ ഇതെല്ലാം സംഭവിക്കുന്നുണ്ട്. എന്നാല്‍ നാല്‍പത് ശതമാനത്തോളം രചനകള്‍ ഇപ്പോഴും പണ്ടത്തെ ഖണ്ഡശ പ്രസിദ്ധീകരിച്ചിരുന്ന കാലത്തെ ശൈലിയിലും വൈകാരിക-ഡയേറിയയിലുമാണ് മുഴുകുന്നത്. ഡ്രാമയുടെ അതിപ്രസരം  വളരെ പണ്ട് മുതല്‍ തന്നെ ജനപ്രിയസാഹിത്യത്തെ പേര് കേള്‍പ്പിക്കുന്ന ഒന്നാണ്. വൈകാരികമായ ബന്ധങ്ങളും കൊടുക്കല്‍ വാങ്ങലുകളും അവതരിപ്പിക്കേണ്ട എന്നല്ല അര്‍ത്ഥമാക്കുന്നത്. ക്ലീഷേ ആയ സന്ദര്‍ഭങ്ങള്‍ക്കും ഭാഷണങ്ങളും Alternative കണ്ടെടുക്കാം എന്നതാണ്. ''പറയെടീ, ആരാടീ നിന്റെ വയറ്റിക്കെടക്കുന്ന കൊച്ചിന്റെ തന്ത!'' അയാള്‍ അമറി; നായകന്റെ പേര് നീല്‍ ആംസ്‌ട്രോംഗ് എന്നാണ് എങ്കില്‍: 'പറ, നീലൂ, എന്തെങ്കിലും പറയൂന്നേ'. അവള്‍ കൊഞ്ചി; കിഴക്ക് വെള്ള കീറി, പ്രഭാതം പൊട്ടിവിടര്‍ന്നു.. തുടങ്ങിയ പോലുള്ള സാഹചര്യങ്ങള്‍ ഇനിയും ജീവിതത്തില്‍ സംഭവിച്ചു കൂടെന്നില്ല. പക്ഷെ അവതരണത്തില്‍ മാറ്റങ്ങള്‍ ആകാവുന്നതാണ്. ഒന്നുകില്‍ എഴുതുന്നവര്‍ സ്വയം നിയന്ത്രണത്തോടെ എഴുതുക, അല്ലെങ്കില്‍ പ്രസാധകര്‍ എഡിറ്റിംഗിന് വിധേയമാക്കുക രണ്ടില്‍ ഏതെങ്കിലും അത്യാവശ്യമാണ്. നല്ല രചനകള്‍ക്ക് പിന്നില്‍ ഒരു നല്ല എഡിറ്റര്‍  ഉണ്ടായിരുന്നിട്ടുണ്ട്. 

39 സ്റ്റെപ്സ് എന്ന വിഖ്യാതനോവലിന്റെ വിവര്‍ത്തനം എത്രത്തോളം സംതൃപ്തി നല്‍കിയിട്ടുണ്ട്? എങ്ങനെയാണ് 39 സ്റ്റെപ്സിന്റെ തര്‍ജ്ജമയിലേക്ക് എത്തപ്പെട്ടത്?

maria
പുസ്തകം വാങ്ങാം

കുട്ടിക്കാലം മുതലുള്ള താല്‍പര്യമാണ് 39 സ്റ്റെപ്‌സിനോടുള്ളത്. ഒന്‍പതാം ക്ലാസില്‍ വച്ച് ഞാന്‍ ഇതൊന്ന് വിവര്‍ത്തനം ചെയ്തിരുന്നു. അന്ന് പെന്‍ ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. ഒരു സ്‌കൂള്‍ വിദ്യാര്‍ഥി വിവര്‍ത്തനം ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന പരിചയക്കുറവുകള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ കൂടി വിവര്‍ത്തനം ചെയ്ത വേര്‍ഷന്‍ ആണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. എന്റെ എഴുത്തുഭാഷയില്‍ ജോണ്‍ ബുക്കന്റെ ശൈലി സ്വാധീനിച്ചിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു.   അന്നും  ഇന്നും ഈ നോവല്‍ ഉണ്ടാക്കുന്ന ആവേശത്തിന് കുറവില്ല. ക്ലാസിക് ത്രില്ലര്‍ ആണത്. 

ഗ്രന്ഥകാരന്റെ മരണവും മറ്റ് ഭീതികഥകളും എന്ന ഭീതികഥാസമാഹാരം മലയാളത്തില്‍ ഒരുപക്ഷേ അപൂര്‍വമായ ഒന്നായിരുന്നു. അത്തരമൊരു പരീക്ഷണത്തില്‍ പ്രസിദ്ധീകരണത്തിനും മറ്റും വെല്ലുവിളികള്‍ നേരിട്ടിരുന്നോ? ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയുടെ കാണാപ്പുറങ്ങള്‍ കാണിച്ച കഥയൊക്കെ മലയാളത്തില്‍ ഒരര്‍ത്ഥത്തില്‍ പരീക്ഷണകഥതന്നെയായിരുന്നില്ലേ? അത്തരം രീതികള്‍ എന്തുകൊണ്ടാകും ഇപ്പോഴും മലയാളത്തില്‍ വേണ്ടത്ര പ്രചാരം നേടാതെ പോകുന്നത്?

പലവട്ടം ആഴ്ച്ചപ്പതിപ്പുകള്‍ക്കും മറ്റും അയച്ച് കൊടുത്ത കഥകളാണ് അവയില്‍ പലതും. സമീപകാലത്ത് ജനപ്രിയ പ്രമേയങ്ങളുടെ രചനകളില്‍ ഉണ്ടായ താല്‍പര്യമാകാം വലിയ കടമ്പകള്‍ ഇല്ലാതെ പുസ്തകം പ്രസിദ്ധീകരിക്കപ്പെടാന്‍ കാരണമായത്. Spin  Off എന്നൊക്കെ പറയുന്ന, ഒരു കഥയില്‍ നിന്ന് രൂപം കൊള്ളുന്ന മറ്റ് കഥയും കഥാപാത്രങ്ങളുമൊക്കെ  വിദേശജനപ്രിയ സിനിമയിലും സാഹിത്യത്തിലുമൊക്കെ ചിരപരിചിതമാണ്. ഇവിടെ പലരും വാട്ടര്‍ ടൈറ്റ് കമ്പാര്‍ട്ട്‌മെന്റുകളിലാണ് അവരുടെ താല്‍പര്യങ്ങളെ ഒതുക്കിയിരിക്കുന്നത്. വളരെ ഗൗരവത്തില്‍ സാഹിത്യത്തെ  വായിക്കുന്നു എന്ന് ഭാവിക്കുന്ന ഒരാള്‍ക്ക് ജനപ്രിയ സിനിമയോട് താല്‍പര്യം ഉണ്ടാകണം എന്നില്ല. ജനപ്രിയസിനിമയില്‍ തല്‍പരനായ ആള്‍ ഗൗരവത്തോടെ സാഹിത്യത്തോടെ സമീപിക്കുന്നവരും ആയിരിക്കണം എന്നില്ല. ആ സാഹചര്യത്തിലാണ് ഹരിഹര്‍ നഗര്‍ പശ്ചാത്തലത്തിലുള്ള കഥയൊക്കെ ആരുടേയും താല്‍പര്യത്തില്‍ പെടാതെ പോകുന്നത്. ഈ രണ്ട് കാറ്റഗറിക്കാര്‍ അതില്‍ എത്തിപ്പെടാന്‍ വിഷമമാണ്. മോഹനചന്ദ്രന്റെ ''കാക്കകളുടെ രാത്രി'' പോലൊരു ക്ലാസിക് ഗോഥിക് രചന ഇവിടെത്തെ ജനപ്രിയവായനക്കാരും സാഹിത്യവായനക്കാരും വായിക്കാത്തത് ഇതേ കാരണം കൊണ്ടാണ്. 

ഹൊറര്‍ മേഖലയിലല്ലാതെ എന്തെങ്കിലും എഴുതേണ്ടതുണ്ടെന്ന് തോന്നിയിട്ടുണ്ടോ?അത്തരമൊരു എഴുത്തുസാധ്യത മരിയ റോസില്‍നിന്നും പ്രതീക്ഷിക്കാമോ?

ഞാന്‍ നേരത്തെ പറഞ്ഞ ജനപ്രിയമെന്നും മുഖ്യധാരയെന്നുമുള്ള വാട്ടര്‍ടൈറ്റ് കമ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാന്‍ പറ്റിയ എന്ത് രചനകളും എഴുതണമെന്ന് എനിക്ക് താല്‍പര്യമുണ്ട്. അതായത് ഈ വര്‍ഗീകരണക്കാര്‍ക്ക് എങ്ങനെ നോക്കിയാലും ഇത് അവിടെയോ ഇവിടെയോ കൊണ്ട് പോയി കെട്ടാന്‍ പറ്റരുത്. ഇതില്‍ ഒരു വെല്ലുവിളിയുള്ളത് മുകളില്‍ പറഞ്ഞ പോലെ  ഇതില്‍ മുഖ്യധാരക്കാരും ജനപ്രിയക്കാരും എത്താതെ പോകും എന്നുള്ളതാണ്. പട്രീഷ്യ ഹൈസ്മിത്ത്, സിമനന്‍, ഡാഫ്‌നെ ഡു മോറിയെ, പിന്നിലേയ്ക്ക് പോയാല്‍ കോനന്‍ ഡോയല്‍, തുടങ്ങിയവരാണ് ഈ ഗണത്തില്‍ എന്നെ ആകര്‍ഷിച്ചിട്ടുള്ളവര്‍. എങ്കില്‍ പോലും ''ഇതാ ഒരു നോവല്‍'' എന്നും പറഞ്ഞ് അവതരിക്കാന്‍ എനിക്ക് ഒരു കോണ്‍ഫിഡന്‍സ് വന്നിട്ടില്ല. ഗ്രന്ഥകാരന്റെ മരണവും മറ്റ് ഭീതികഥകളും  തന്നെ 'കഥ' എന്ന് ക്ലെയിംചെയ്യാന്‍ എനിക്ക് വിമുഖതയുണ്ടായിരുന്നു.  'ആഖ്യാനങ്ങള്‍' എന്ന് വിളിക്കാനുള്ള തന്റേടമേ ഉണ്ടായിരുന്നുള്ളൂ. കുറ്റാന്വേഷണ നോവലില്‍ വലിയ താല്‍പര്യമുണ്ട്. എങ്കിലും സങ്കീര്‍ണമായ Genre Features ആണ് അവയ്ക്കുള്ളത്. അത് കൊണ്ട് തന്നെ പെട്ടെന്ന് ചാടാന്‍ പേടിയുണ്ട്. കുറ്റകൃത്യത്തെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനങ്ങള്‍ എന്ന മട്ടില്‍ വല്ലതും എഴുതിയേക്കാം. എന്തെങ്കിലും പുതിയതായി ഉണ്ടാക്കിയെടുക്കുന്നതിനേക്കാള്‍ എനിക്ക് താല്‍പര്യമുള്ള പരിപാടി മുന്‍പ് Exist ചെയ്യുന്ന ഒരു ഫ്രെയിംവര്‍ക്കിന് മേല്‍ 'വര്‍ക്ക്' ചെയ്യാനാണ്, ഹരിഹര്‍നഗര്‍ കഥ പോലെ. 

maria rose
പുസ്തകം വാങ്ങാം

പുസ്തകം മാര്‍ക്കെറ്റ് ചെയ്യുക എന്നത് എഴുത്തുകാരന്റെ കൂടെ ആവശ്യമായിമാറിയ കാലമാണല്ലോ ഇപ്പോള്‍. വ്യക്തിപരമായ പരാധീനതകളും പട്ടിണിയുംവരെ കച്ചവടപരമായി ഉപയോഗപ്പെടുത്തി സ്വന്തം പുസ്തകങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന വലിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളില്‍നിന്ന് വിഭിന്നമായി രസകരമായ ചില മാര്‍ക്കറ്റിങ് രീതികള്‍ മരിയ റോസ് ഉപയോഗപ്പെടുത്തിയത് കണ്ടിട്ടുണ്ട്. പുസ്തകമാര്‍ക്കറ്റിങ്ങിനെ എങ്ങനെ നോക്കിക്കാണുന്നു?

ഫെയ്‌സ്ബുക്ക് പോലൊരു സ്‌പെയ്‌സ് ഉള്ളത് കൊണ്ടാണ് പലപ്പോഴും ഇതൊക്കെ സാധിക്കുന്നത്. ഞാന്‍ ഹാമര്‍ ലൈബ്രറി എന്നൊരു കൊച്ചു പ്രസാധനപ്പരിപാടി നടത്തുന്നുണ്ട് സോഷ്യല്‍ മീഡിയയിലൂടെ പരസ്യം ചെയ്യാന്‍ സാധ്യമല്ലായിരുന്നെങ്കില്‍ അങ്ങനെ ഒരു പരിപാടി ഒരിക്കലും സാധ്യമാകുകയില്ലായിരുന്നു. എങ്കില്‍ പോലും അതിനും വ്യാപ്തി കുറവാണ്. ഓഫ്​ലൈൻ ബിസിനസ് സാധ്യമാകുന്ന പ്രസാധകര്‍ ആയിരം കോപ്പി അടിക്കുമ്പോള്‍ ഞാന്‍ ഇരുനൂറോ മുന്നൂറോ കോപ്പി മാത്രമേ അടിക്കുന്നുള്ളൂ. ബ്രൗസ് ചെയ്ത് പോകുന്നവരെ അറസ്റ്റ് ചെയ്യുന്ന പരസ്യം കൊണ്ട്  വില്‍പ്പന നടക്കും എന്ന് ഇത് വരെയുള്ള അനുഭവത്തില്‍ നിന്ന് മനസിലാകുന്നത്. പരസ്യം ശ്രദ്ധിക്കുന്നവര്‍ വായിക്കുകയും പുസ്തകം വാങ്ങി വായിക്കുന്നവര്‍ കൂടിയായിരിക്കണം എന്നതും പ്രധാനമാണ്. അഡ്വര്‍ടൈസിംഗ് രംഗത്തെ പ്രമുഖനായിരുന്ന ഡേവിഡ് ഒഗില്‍വി ശ്രദ്ധേയമായ ഒരു കാര്യം പറയുന്നുണ്ട്: ''ഞാന്‍ ഒരു അഡ്വര്‍ടൈസ്‌മെന്റ്  എഴുതുമ്പോള്‍ അത് എത്ര 'ക്രിയേറ്റീവ്' ആണ് എന്ന് നിങ്ങള്‍ പറയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച്, അത്  ഉല്‍പ്പന്നം വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്ര രസകരമായിരുന്നു എന്ന് കേള്‍ക്കാനാണ്  ഇഷ്ടപ്പെടുന്നത്.''  കൂടുതല്‍ പേരുടെ ശ്രദ്ധ ക്ഷണിക്കുമെങ്കില്‍ കൂടുതല്‍ വില്‍പ്പന. അനിയത്തി പ്രാവിലെ സുധിയും മിനിയും കൂടി എന്റെ പുസ്തകം പിടിച്ചു വലിക്കുന്ന പരസ്യം ഇട്ട ദിവസം എന്റെ പുസ്തകം കൂടുതല്‍ വിറ്റു. ഇപ്പോള്‍ പുസ്തകത്തിന് ട്രെയിലര്‍ ഒക്കെയും   പരീക്ഷിക്ക പ്പെടുന്നുണ്ടല്ലോ. കാലത്തിനനുസരിച്ച്  മാര്‍ക്കെറ്റിംഗ് രീതികള്‍ ഇനിയും മാറും.

Content Highlights: writer Maria Rose Interview