മനോരഞ്ജന്‍ ബ്യാപാരി എന്ന എഴുത്തുകാരന്‍ രാഷ്ട്രീയം സംസാരിക്കുമ്പോള്‍ അതിന്റെ അടിയില്‍ നിറയെ താഴെത്തട്ടിലുള്ള, മേല്‍വിലാസമില്ലാത്ത മനുഷ്യരുടെ ജീവിതത്തെയോര്‍ത്തുള്ള കനല്‍ച്ചൂടുണ്ട്. വിശന്നപ്പോള്‍ റൊട്ടി മോഷ്ടിച്ച തന്റെ ജീവിതം പഠിപ്പിച്ച പാഠങ്ങളുണ്ട്...

നേരം നേരത്തേ വെളുക്കുന്ന കൊല്‍ക്കത്തയുടെ നഗരത്തിരക്കില്‍നിന്ന് ഹൗറ പാലവും കടന്ന് ഇഴഞ്ഞും കിതച്ചും കാല്‍നടക്കാരെ പിന്നിട്ടും പഴഞ്ചരായ റിക്ഷകളെയും പുതുക്കന്‍മാരായ പലതരം വാഹനങ്ങളെയും കടന്നും ടാക്‌സികാര്‍ സഞ്ചരിക്കുകയാണ്. പുലര്‍ച്ചെ അഞ്ചുമണിക്ക് പുറപ്പെട്ട യാത്രയ്ക്ക് ഹൂഗ്ലി ജില്ലയിലെ ഡാങ്കുനി പ്രദേശമാണ് ലക്ഷ്യം. അറുപതുകടന്ന ഡ്രൈവര്‍ക്ക് നഗരംവിട്ട് പുറത്തേക്ക് വണ്ടിയോട്ടി പരിചയമില്ല. തലേന്ന് പറഞ്ഞുറപ്പിച്ച ദിശയെല്ലാം ബംഗാളിന്റെ ഭൂമിശാസ്ത്രത്തില്‍ യാത്രക്കാരനും മറന്നു. അതുകൊണ്ടുതന്നെ വഴിതിരഞ്ഞ് പലവട്ടം ഫോണ്‍വിളികള്‍ പാഞ്ഞു. ബംഗാളികലര്‍ന്ന ഹിന്ദിയില്‍ അപ്പോഴൊക്കെ ക്ഷമയോടെ ആരൊക്കെയോ മറുപടി തന്നുകൊണ്ടിരുന്നു.

ഇപ്പോള്‍ എത്തിച്ചേരുമെന്ന് കരുതുമ്പോഴേക്കും പിന്നെയും നീളുന്ന വഴികള്‍. നെല്ല്, കടുക്, ഉരുളക്കിഴങ്ങ് പാടങ്ങള്‍ കാഴ്ചക്കൃഷിയൊരുക്കി പരന്നു കിടക്കുന്നു. ഒടുവില്‍ മൂന്നുമണിക്കൂര്‍ പിന്നിട്ട് ഡാങ്കുനിയുടെ ഉള്‍പ്രദേശത്തെ മോഗ്ര ഗ്രാമത്തിലെത്തുമ്പോള്‍ അതുവരെ വഴി പറഞ്ഞുതന്നയാളുടെ ഫോണ്‍ പരിധിക്കുപുറത്ത്. പലവട്ടം ശ്രമിച്ചപ്പോഴും പരിധിയോര്‍മിപ്പിച്ച് സന്ദേശം. വഴിയടഞ്ഞ് നില്‍ക്കുമ്പോള്‍ തെരുവരികിലെ കടക്കാരന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പതാകയ്ക്കുനേരെ കൈചൂണ്ടി. അയാളുടെ കൈവിരലിനറ്റത്ത് ടി.എം.സി.യുടെ പാര്‍ട്ടി ഓഫീസ്. അടഞ്ഞുകിടക്കുന്ന ഓഫീസിനരികിലെ സമോസ വില്‍പ്പനക്കാരന്‍ പ്രാദേശികനേതാവിന്റെ പേരും വീടും പറഞ്ഞു തന്നു. ഇടുങ്ങിയ റോഡിലൂടെ വീണ്ടും വണ്ടി നീങ്ങുമ്പോള്‍ തേടിയ നേതാവ് എതിര്‍വശത്തുനിന്ന് ബൈക്കിലെത്തി കണ്ണില്‍ച്ചുറ്റി. കാര്യം പറഞ്ഞപ്പോള്‍ തന്റെ ബൈക്കിനെ പിന്തുടര്‍ന്നോളൂ എന്ന് നാട്ടുമ്പുറസ്‌നേഹത്തോടെ പറഞ്ഞ് നേതാവ് മുന്നോട്ടുനീങ്ങി. കണ്ണിമതെറ്റാതെ ബൈക്കിനെ ഉന്നം വച്ച് പിന്നാലെ നീങ്ങി. അല്പം ചെന്നപ്പോള്‍ ഒരു ചെറിയ വീടിനുമുന്നില്‍ ബൈക്കുനിന്നു. വീടിനുള്ളില്‍ മനോരഞ്ജന്‍ ബ്യാപാരിയും നാട്ടുകാരും. ലോകമറിയുന്ന എഴുത്തുകാരന്‍ മനോരഞ്ജന്‍ ബ്യാപാരി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മനോരഞ്ജന്‍ ബ്യാപാരിയായി മുന്നില്‍. വിടര്‍ന്ന ചിരിയോടെ ബാലാഗഢ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ചുറ്റമുള്ളവര്‍ക്ക് പരിചയപ്പെടുത്തി. കേരളത്തില്‍ പലവട്ടം വന്നതിന്റെ അനുഭവപ്പകര്‍ച്ചകള്‍ പങ്കിട്ടു.

അഭിമുഖത്തിനിരുന്നപ്പോള്‍ ജീവിതവും രാഷ്ട്രീയവും പ്രതിരോധവും നിലപാടുറപ്പിച്ച് വിശദീകരിച്ചു: ''ഞാന്‍ വെറും റിക്ഷക്കാരനായിരുന്നു. മണ്ണില്‍ പണിയെടുക്കുന്നവനായിരുന്നു. എല്ലാ പണിയും ചെയ്തിട്ടുണ്ട്. വിശന്നപ്പോള്‍ റൊട്ടി മോഷ്ടിച്ചെടുത്ത് ഓടിയിട്ടുണ്ട്. പൈസയുണ്ടായിരുന്നില്ല. അതായിരുന്നു എന്റെ ജീവിതം. അതിനിടയില്‍ ഞാന്‍ എഴുത്തും വായനയും പഠിച്ചു. പുസ്തകങ്ങള്‍ എഴുതി. ഇപ്പോള്‍ എന്റെ പുതിയ ജീവിതത്തിന്റെ ഭാഗമായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു'' -ബ്യാപാരി പറഞ്ഞു.

പ്രതികരിക്കാന്‍ എഴുത്തുണ്ട്. എഴുത്ത് ശക്തിയുള്ള ആയുധമാണ്. അതൊരു രാഷ്ട്രീയപ്രവര്‍ത്തനവുമാണ്. എന്തിനാണ് കക്ഷിരാഷ്ട്രീയത്തിലിറങ്ങിയതും സ്ഥാനാര്‍ഥിയായതും

പട്ടിണിക്കാര്‍ക്കും ദുഃഖിതര്‍ക്കുംവേണ്ടിയാണ് ഞാന്‍ എഴുതിയത്. പാവങ്ങളുടെ സങ്കടങ്ങള്‍ എഴുതി. അവ പുസ്തകങ്ങളായി. റോയല്‍റ്റി എനിക്കുകിട്ടി. ഞാനത് ഉപയോഗിച്ചു. എന്നാല്‍, പാവപ്പെട്ട ജനങ്ങള്‍ക്ക് ഞാന്‍ എന്തുകൊടുത്തു. ഇത് ഞാന്‍ എന്നോടുതന്നെ ചോദിക്കുന്ന വലിയ ചോദ്യമാണ്. അതിനുള്ള മറുപടിയാണ് എന്റെ രാഷ്ട്രീയം. പാവങ്ങളെക്കുറിച്ച് എഴുതിയിട്ടുമാത്രം കാര്യമില്ല. കുറച്ചുകാര്യങ്ങള്‍ അവര്‍ക്കുവേണ്ടി ചെയ്യണം. സര്‍ക്കാര്‍ സഹായങ്ങളൊന്നും പാവപ്പെട്ടവരില്‍ എത്തുന്നില്ല. ഒരു രൂപ സര്‍ക്കാര്‍ ചെലവാക്കിയാല്‍ അര്‍ഹരായവര്‍ക്ക് 17 പൈസപോലും കിട്ടുന്നില്ല എന്ന് പണ്ട് രാജീവ് ഗാന്ധി പറഞ്ഞത് ഓര്‍മയില്ലേ. 99 പൈസയും പാവങ്ങളുടെ കൈയില്‍ എത്തണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. ഒരു പൈസ പല ആവശ്യങ്ങള്‍ക്കായി ചെലവിട്ടോട്ടെ. എന്നാല്‍, ബാക്കി പൈസ മുഴുവനായി പാവങ്ങള്‍ക്ക് ലഭിക്കണം. അതുസംഭവിച്ചില്ലെങ്കില്‍ ഞാന്‍ വീണ്ടും പഴയ മനുഷ്യനാകും. എഴുത്തുകാരനെപ്പോലെയോ എം.എല്‍.എ.യെപ്പോലെയോ ആയിരിക്കില്ല പെരുമാറുക. പാവങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി തെരുവുഗുണ്ടയാകാനും മടിക്കില്ല. ഞാന്‍ അവര്‍ക്കുവേണ്ടിയാണ് എഴുതുന്നത്. ഞങ്ങളുടെ ലോകത്തെ കൊള്ളയടിക്കാന്‍ സമ്മതിക്കില്ല. ഞാന്‍ അത്തരം കൊള്ളക്കാരെ തടയും. ഇതാണ് എന്റെ നിലപാട്.

എന്താണ് ഇത്ര വലിയ ആത്മവിശ്വാസത്തിന് കാരണം

ഏഴുവര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പി. നുണ പറയുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ഈ രാജ്യത്ത് ഒന്നും ഉണ്ടായിട്ടില്ല. വിളഞ്ഞത് പച്ചക്കള്ളംമാത്രം. സുവര്‍ണ ബംഗാളുണ്ടാക്കുമെന്നാണ് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പുവാഗ്ദാനം. ബംഗാളിനെ സുവര്‍ണപ്രദേശമാക്കുന്നതിനുമുമ്പ് ഗുജറാത്തിനെയും ബിഹാറിനെയും സുവര്‍ണസംസ്ഥാനങ്ങളാക്കൂ എന്നാണ് പറയാനുള്ളത്. ബിഹാറില്‍ പത്തു വര്‍ഷമായി എന്‍.ഡി.എ. സര്‍ക്കാരാണ് ഭരിക്കുന്നത്. 92 ലക്ഷം ബിഹാറികളാണ് ബംഗാളില്‍ തൊഴില്‍തേടി എത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും പേര്‍ ബിഹാര്‍വിട്ട് ബംഗാളില്‍ എത്തിയത്? ചെറിയ ചെറിയ ജോലികള്‍ ചെയ്യാന്‍ എന്തുകൊണ്ട് അവരെത്തുന്നു? ഗുജറാത്തിലും ബിഹാറിലും കൊണ്ടുവരാത്ത വളര്‍ച്ചയും വികസനവും ബംഗാളില്‍ ഇവര്‍ എങ്ങനെ കൊണ്ടുവരാനാണ്? വലിയ വലിയ പ്രഭാഷണങ്ങള്‍ നടത്തുക, എന്നിട്ട് ഒന്നും ചെയ്യാതിരിക്കുക എന്നതാണ് മോദിയുടെ ശൈലി. ബംഗാളില്‍വന്ന് എല്ലാവരെയും തടങ്കല്‍പ്പാളയത്തില്‍ അടയ്ക്കാനാണ്, ജയിലിലടയ്ക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ഈ തട്ടിപ്പുകളൊക്കെ ജനങ്ങള്‍ക്കറിയാം. ബംഗാളില്‍ ബി.ജെ.പി. ഭരണത്തില്‍വന്നാല്‍ ആദ്യമുണ്ടാക്കുക തടങ്കല്‍പ്പാളയങ്ങളായിരിക്കും. ഈ തന്ത്രങ്ങളൊക്കെ ബംഗാള്‍ജനത തിരിച്ചറിയും. ഇത്തരം തട്ടിപ്പുകള്‍ നിലനില്‍ക്കില്ല.

ഈ തിരഞ്ഞെടുപ്പ് ഏതുഭരണത്തിന്റെ ഹിതപരിശോധനയാണ്? മമത സര്‍ക്കാരിന്റെയോ മോദി സര്‍ക്കാരിന്റെയോ

മമത സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബംഗാളിലെ വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ടി.എം.സി. വോട്ടുതേടുന്നത്. 64 ജനക്ഷേമ പദ്ധതികളാണ് മമത നടപ്പാക്കിയത്. സ്ത്രീകള്‍, യുവാക്കള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി എല്ലാവിഭാഗത്തിനും ക്ഷേമം ഉറപ്പാക്കിയിട്ടുണ്ട്. നിങ്ങള്‍ ഇവിടത്തെ ഓരോ ഗലികളിലും പോകൂ. കുടിവള്ളം, വൈദ്യുതി എന്നിവയെല്ലാം എത്തിച്ചുകഴിഞ്ഞു. മമത പ്രവര്‍ത്തിച്ചതുമുഴുവന്‍ പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ്. അഞ്ചുരൂപയ്ക്ക് ഭക്ഷണസാധനങ്ങള്‍ ലഭിക്കും. പാവപ്പെട്ടവര്‍ക്ക് അരിയും ദാലുമൊക്കെ അഞ്ചുരൂപയ്ക്ക് ലഭിക്കും. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കി. എന്നാല്‍, മോദി രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കി. എല്ലാത്തിനും വിലക്കയറ്റം. പാചകവാതകത്തിന്റെ വില എത്രയാണ്? പെട്രോളിന്റെ വിലക്കയറ്റം എന്താണ്? കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്. മമതയോടുള്ള വിരോധത്തിന്റെ പേരില്‍ ബംഗാളികളെയും ദുരിതത്തിലാഴ്ത്തുന്നു. കേന്ദ്രവിഹിതങ്ങള്‍ നല്‍കുന്നില്ല. എന്നിട്ടും ഇത്രയും പരിമിതിയില്‍നിന്നുകൊണ്ട് ദീദി ചെയ്യാവുന്നത്രചെയ്തു.

പത്തുവര്‍ഷമായി ബംഗാളില്‍ വ്യാവസായികവികസനമില്ലെന്ന് ബി.ജെ.പി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പറയുന്നു. അതില്‍ വാസ്തവമില്ലേ

അന്യസംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ബംഗാളില്‍ ജോലിതേടി എത്തിയിട്ടുണ്ട്. അവര്‍ ഇവിടെ തൊഴിലെടുക്കുന്നുണ്ട്. ബിഹാറില്‍നിന്ന് എത്രയോ ആളുകള്‍ ഇന്നും എത്തിക്കൊണ്ടിരിക്കുന്നു. തൊഴിലവസരങ്ങളില്ലെങ്കില്‍ അവര്‍ ഇവിടെ വരുമോ. എട്ടുലക്ഷം ടാക്‌സിവണ്ടികള്‍ ബംഗാളില്‍ ഓടുന്നുണ്ട്.ബെംഗളൂരു, കേരള, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാംനിന്ന് ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മുകുന്ദ്പുരില്‍പോയി നോക്കൂ. കേരളം, മണിപ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ജോലിചെയ്യുന്നവരെ കാണാം. ഏതുസംസ്ഥാനത്തിനാണ് സ്വന്തം സംസ്ഥാനത്തുതന്നെ എല്ലാവര്‍ക്കും ജോലിനല്‍കാന്‍ ശേഷിയുള്ളത്. കേന്ദ്രസര്‍ക്കാര്‍ രണ്ടുകോടി തൊഴില്‍നല്‍കുമെന്ന് പറഞ്ഞല്ലോ. ആര്‍ക്കുകൊടുത്തു? ഇത്രയും കള്ളംചെയ്യുന്നവരാണ് ബംഗാളിനെക്കുറിച്ച് ആരോപണങ്ങളുന്നയിക്കുന്നത്. എന്തുകൊണ്ടാണ് ഇടതുപാര്‍ട്ടികള്‍ ചെയ്യാതിരുന്നത്. 55000-ത്തോളം ഫാക്ടറികള്‍ ഇടതുസര്‍ക്കാരുകള്‍ അടച്ചു. ഒരെണ്ണംപോലും തുറക്കാന്‍ ഇടതുസര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല.

സിംഗൂരില്‍ ടാറ്റയുടെ കാര്‍നിര്‍മാണഫാക്ടറി തുടങ്ങിയിരുന്നെങ്കില്‍ എത്രയോ തൊഴിലവസരങ്ങള്‍ ലഭിക്കുമായിരുന്നു? അത് ടി.എം.സി. നേതൃത്വംനല്‍കിയ സമരത്തിലൂടെയല്ലേ പൂട്ടിയത്

ടാറ്റ ബംഗാളില്‍ ഫാക്ടറി തുടങ്ങി എന്നുതന്നെയിരിക്കട്ടെ. അവിടെ ജോലികിട്ടാന്‍ യോഗ്യത നല്‍കുന്ന വിദ്യാഭ്യാസം ബംഗാളിലുണ്ടായിരുന്നോ? പന്ത്രണ്ടായിരം കൈകള്‍ക്ക് തൊഴില്‍ലഭിക്കുമെന്നാണ് ബുദ്ധദേവ് ഭട്ടാചാര്യ അന്ന് അവകാശപ്പെട്ടത്. പന്ത്രണ്ടായിരം കൈകള്‍ എന്നുപറയുമ്പോള്‍ സാധാരണക്കാര്‍ ധരിക്കുക പന്ത്രണ്ടായിരം വ്യക്തികള്‍ക്ക് തൊഴില്‍ലഭിക്കുമെന്നാണ്. പന്ത്രണ്ടായിരം കൈകള്‍ എന്ന് പറഞ്ഞാല്‍ പന്ത്രണ്ടായിരം വ്യക്തികളല്ല. ആറായിരം വ്യക്തികളാണ്. അവരുടെ രണ്ടുവീതം കൈകള്‍ ചേരുമ്പോഴാണ് പന്ത്രണ്ടായിരം കൈകളാകുന്നത്! വലിയ സാമര്‍ഥ്യമാണ് ബുദ്ധദേവ് പ്രകടിപ്പിച്ചത്. മോദി ഇപ്പോള്‍ പറയുന്നതുപോലെ എല്ലാ കൈകള്‍ക്കും ജോലികിട്ടുമെന്നായിരുന്നു അന്നത്തെ ഇടതുസര്‍ക്കാരിന്റെ പ്രചാരണം. ആറായിരംപേര്‍ക്ക് തൊഴില്‍ ലഭിച്ചെന്നിരിക്കട്ടെ. അവര്‍ ആരായിരിക്കും? ബംഗാളിലെ ജനങ്ങളായിരിക്കുമോ? ബംഗാളികള്‍ക്ക് ഈ ജോലിയൊന്നും കിട്ടില്ല. ബംഗാളികള്‍ക്ക് എന്തുജോലി കിട്ടാനാണ്? ഭക്ഷണമുണ്ടാക്കാനുള്ള പരിശീലനം ലഭിക്കുമായിരിക്കും. ആറായിരം ഉദ്യോഗസ്ഥരുടെ വീടുകളില്‍ ഭക്ഷണമുണ്ടാക്കാനുള്ള വേല ബംഗാളികള്‍ക്ക് കിട്ടും. പ്രതിമാസം ആറായിരംരൂപ ശമ്പളം കിട്ടുമായിരിക്കും. അതിനപ്പുറം എന്ത്? ശുചീകരണം, പാചകം, തോട്ടംസൂക്ഷിപ്പ് തുടങ്ങിയ പണികളായിരിക്കും ബംഗാളികള്‍ക്ക് കിട്ടുക. നല്ല ജോലിലഭിക്കുന്നത് പുറത്തുനിന്നുവരുന്ന ആറായിരം പേര്‍ക്കായിരിക്കും. ഇതാണ് കമ്യൂണിസ്റ്റുകളുടെ രീതി. പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണ് കമ്യൂണിസ്റ്റുകാര്‍. അല്ലാതെ പണക്കാര്‍ക്കുവേണ്ടി നിലകൊള്ളുകയല്ല. ഇത് തിരിച്ചറിഞ്ഞാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. ഇപ്പോള്‍ ബംഗാളില്‍ മമതമാത്രമാണ് പാവങ്ങളുടെ നേതാവ്.

34 വര്‍ഷം ഭരണത്തിലിരുന്ന ഇടതുപാര്‍ട്ടികളുടെ രാഷ്ട്രീയമാണ് താങ്കളുടെ ഈ പ്രസ്താവനയിലൂടെ ചോദ്യംചെയ്യപ്പെടുന്നത്. എന്താണ് ഇടതുപാര്‍ട്ടികളുടെ അവസ്ഥ

ഇടതുപാര്‍ട്ടികളില്‍ ഇടതുരാഷ്ട്രീയം ഇല്ലാതായിരിക്കുന്നു. അതായത് ഇടതുപാര്‍ട്ടികള്‍ ഇടതുപാര്‍ട്ടികളല്ലാതായിരിക്കുന്നു. ലെഫ്റ്റിസം നഷ്ടപ്പെട്ടിരിക്കുന്നു. വന്‍വ്യവസായികള്‍ക്ക് സേവചെയ്യുകയാണ് അവരുടെ ഭരണരീതി. അവരുടെ പതനം നേരത്തേത്തന്നെ തുടങ്ങിയിരുന്നു. ഇത്തവണ ഇടതുപാര്‍ട്ടികള്‍ കുറെ യുവാക്കളെയും യുവതികളെയും മത്സരിപ്പിക്കുന്നുണ്ട്. പണ്ട് പാര്‍ട്ടിയില്‍ നിറയെ വൃദ്ധരായിരുന്നു. അവരുടെ നേതൃത്വത്തിലാണെങ്കില്‍ ഒരുകാര്യം ഉറപ്പാണ്, പുതിയ ദിശയില്‍ ഇടതുപാര്‍ട്ടികള്‍ പോകില്ല. പുതിയ യുവാക്കളും നവാഗതരും വരട്ടെ. ശരിയായ ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ സമൂഹത്തിന് നല്ലതുവരും. വ്യക്തിപരമായി അവരെക്കുറിച്ച് ഞങ്ങളൊന്നും പറയുന്നില്ല. പ്രവര്‍ത്തിക്കാനുള്ള അവസരം കിട്ടുകയാണെങ്കില്‍ അവര്‍ പ്രവര്‍ത്തിക്കട്ടെ. എന്നാല്‍, സഖ്യമുണ്ടാക്കുകയാണങ്കില്‍ ശരിയായ മൂല്യമുള്ളവരുമായി സഖ്യമുണ്ടാക്കണമെന്നാണ് ഇടതുപാര്‍ട്ടികളോട് ഞങ്ങള്‍ക്ക് പറയാനുള്ളത്. പാവപ്പെട്ടവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്കുവേണ്ടി നിങ്ങള്‍ ശരിയായ പോരാട്ടം നടത്തൂ. തിരഞ്ഞെടുപ്പ് എന്ന കേവലമുദ്രാവാക്യംമാത്രം നിങ്ങള്‍ ഉയര്‍ത്തരുത്. അതിനുവേണ്ടിമാത്രം സഖ്യമുണ്ടാക്കരുത്. തിരഞ്ഞെടുപ്പിനുവേണ്ടിമാത്രമാണോ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ? രാജ്യത്ത് സമത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കൂ. പണമൊഴുക്കുന്നവരുമായി നിങ്ങള്‍ എങ്ങനെയാണ് സഖ്യമുണ്ടാക്കുന്നത്? ചേരാത്ത ആശയങ്ങളുമായി നിങ്ങള്‍ എങ്ങനെയാണ് ചേരുന്നത്? ചേരാത്തവരോട് സലാംപറഞ്ഞ് ഒഴിവാക്കാത്തതെന്ത്?

ബംഗാളിലെ ഇടതുപാര്‍ട്ടികളുടെ തിരഞ്ഞെടുപ്പുസഖ്യത്തിന് എന്താണ് കുഴപ്പം

ഈ സഖ്യം ഒട്ടും ശരിയല്ല. കേരളത്തില്‍ എതിര്‍ത്ത് മത്സരിക്കുന്നവര്‍ ബംഗാളില്‍ കൈകോര്‍ത്ത് മത്സരിക്കുന്നു. ഞങ്ങളുടെ 14 പ്രവര്‍ത്തകരെ കോണ്‍ഗ്രസ് കൊന്നുവെന്ന് ആരോപണമുന്നയിച്ച സി.പി.എം. ഇപ്പോള്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരിക്കുന്നു. ഇന്ദിരാഗാന്ധിയെ ഫാസിസ്റ്റ് എന്നുവിളിച്ചവര്‍ ഇപ്പോള്‍ അവരുടെ  ചിത്രം വെച്ച്‌ വോട്ടുചോദിക്കുന്നു. അതുപോലെയാണ് ഐ.എസ്.എഫുമായുള്ള ബന്ധം. ഈ സഖ്യങ്ങള്‍ക്കെല്ലാം മമതയെ വീഴ്ത്തുക എന്ന ഒറ്റ ലക്ഷ്യമേയള്ളൂ. രണ്ടാമതൊരു മുദ്രാവാക്യമില്ല. ഇത് ശരിയായ രാഷ്ട്രീയമല്ല. ഇത് മോശംരാഷ്ട്രീയമാണ്. ഞങ്ങള്‍ക്കും സഖ്യത്തില്‍ താത്പര്യമുണ്ട്. നേരത്തേയും അത് ചെയ്തിട്ടുണ്ട്. ഏറ്റവും മഹത്ത്വപൂര്‍ണമായ സഖ്യമുണ്ടാക്കിയത് മമതാ ബാനര്‍ജിയാണ്. എന്നാല്‍, കേവലം തിരഞ്ഞെടുപ്പ് ജയിക്കാന്‍വേണ്ടിയല്ല സഖ്യമുണ്ടാക്കേണ്ടത്. തിരഞ്ഞെടുപ്പ് ജയിക്കുകയോ പരാജയപ്പെടുകയോ സഖ്യത്തിന് വിഷയമാകരുത്. താഴെത്തട്ടിലെ ജനങ്ങളെ നോക്കൂ. മഹിളകള്‍, യുവാക്കള്‍, പാര്‍ശ്വവത്കൃതര്‍, വഞ്ചിതര്‍ തുടങ്ങിയവരെ നോക്കൂ. ഇവരുടെ രക്ഷകരാകേണ്ടവരാണ് ഇടതുപാര്‍ട്ടികള്‍. എന്നാല്‍, അവരത് ചെയ്യില്ല. എന്തുകൊണ്ട് ചെയ്യുന്നില്ല? കേഡര്‍സ്വഭാവമുള്ള സി.പി.എമ്മില്‍നിന്നുള്ള അംഗങ്ങള്‍ എന്തുകൊണ്ടാണ് മറ്റുപാര്‍ട്ടികളിലേക്ക് പോകുന്നത്? തിരഞ്ഞെടുപ്പ് ജയിച്ചാല്‍ പാര്‍ട്ടിയുണ്ട്. തിരഞ്ഞെടുപ്പുതോറ്റാല്‍ പാര്‍ട്ടിയില്ല എന്ന നിലപാട് ശരിയാണോ. മമതയ്ക്ക് ഈ നിലപാടില്ല. നമ്മള്‍ ആരുടെ പ്രതിനിധിയാണ്, തിരഞ്ഞെടുപ്പിനുമുമ്പ് ആരെയാണ് നമ്മള്‍ പ്രതിനിധീകരിച്ചത്, തിരഞ്ഞെടുപ്പിനുശേഷം ആരെയാണ് പ്രതിനിധീകരിക്കുന്നത് -ഇതൊക്കെ പരിശോധിക്കണം. ഇതില്‍ മാറ്റമുണ്ടാകാന്‍ പാടില്ല. ഏറ്റവും പാവപ്പെട്ടവര്‍ക്ക് സഹായം എത്തണമെന്നതാണ് ഗാന്ധിജിയുടെ നിലപാട്. ഏറ്റവും പാവപ്പെട്ടവന് സഹായം നല്‍കണം. പട്ടിണിക്കാര്‍ക്ക് ഭക്ഷണം നല്‍കി അവരെ മുഖ്യധാരയിലേക്കെത്തിക്കണം. അവര്‍ക്കുവേണ്ടി സംസാരിക്കണം.

Content Highlights: writer Manoranjan Byapari Malayalam Interview