ന്തരിച്ച വിവര്‍ത്തകനും എഴുത്തുകാരനുമായ കെ.പി ബാലചന്ദ്രനുമായുള്ള അഭിമുഖം വായിക്കാം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ കൃതികള്‍ ഉള്‍പ്പടെ നൂറുകണക്കിന് പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരനാണ് കെ.പി ബാലചന്ദ്രന്‍.

വിവര്‍ത്തനം പല രീതിയിലാണല്ലോ. പൊതുവേ ഏതു തരം സമീപനമാണ് പിന്തുടരുന്നത്? പ്രത്യേകമായ നിഷ്‌കര്‍ഷകള്‍?

പ്രധാനമായും പദാനുപദവിവര്‍ത്തനവും, സ്വതന്ത്രവിവര്‍ത്തനവുമാണ്. എന്റെ അച്ഛന്‍ വിദ്വാന്‍ കെ.പ്രകാശം സ്വീകരിച്ച പദാനുപദവിവര്‍ത്തനമാണ് ഞാന്‍ പിന്‍തുടരുന്നത്. മൂലകൃതിയുടെ ഭാഷയിലും പരിഭാഷപ്പെടുത്തുന്ന ഭാഷയിലും അഗാധമായ പാണ്ഡിത്യമുണ്ടെങ്കില്‍ മാത്രമേ പദാനുപദവിവര്‍ത്തനം സുഖകരമായ രീതിയില്‍ ചെയ്യാനാകുകയുള്ളൂ. വായനക്കാരനെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ലളിതമായ ഭാഷയും ശൈലിയും വിവര്‍ത്തകന് സ്വായത്തമായിരിക്കണം. നിഘണ്ടുവിലെ അര്‍ഥം നിരത്തിവെച്ചാല്‍ പദാനുപദവിവര്‍ത്തനമാകുകയില്ല! ധാരാളം വായിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു പണ്ഡിതനേ നല്ലൊരു വിവര്‍ത്തകനാകാന്‍ കഴിയൂ. 

എം.കെ. സാനുമാഷ് ഒരിക്കല്‍ പറയുകയുണ്ടായി: 'വിദ്വാന്‍ കെ. പ്രകാശം ഒരു പണ്ഡിതനാണ്. ആര്‍ക്കും ഒരു എഴുത്തുകാരനാകാന്‍ കഴിയും; എന്നാല്‍ പണ്ഡിതനാകാന്‍ കഴിയില്ല.' പദാനുപദശൈലിക്കു മാത്രമേ മൂലകൃതിയോട് നീതിപുലര്‍ത്താന്‍ കഴിയൂ. മൂലകൃതിയിലെ ഒറ്റ വാക്കോ വാചകമോ വിട്ടുകളയുകയോ, തെറ്റായി പരിഭാഷപ്പെടുത്തുകയോ ചെയ്യാന്‍ പാടുള്ളതല്ല. അതിനു കഴിവില്ലാത്തവരാണ് സ്വതന്ത്രവിവര്‍ത്തനത്തെ പിന്‍താങ്ങുന്നവര്‍. അവര്‍ക്കു മനസ്സിലാകാത്ത വാചകങ്ങളും, ഖണ്ഡികകള്‍തന്നെയും വിട്ടുകളയാം, മനസ്സിലായവ അമിതമായി വര്‍ണിക്കുകയും ചെയ്യാം! 'മൂലകൃതിയെക്കാള്‍ ഗംഭീരമായ വിവര്‍ത്തനം' എന്നു പറയിപ്പിക്കാന്‍ ചില നിരൂപകരെയും കിട്ടിയേക്കാം! ശുദ്ധ അസംബന്ധമാണത്. മൂലഗ്രന്ഥകാരന്‍ എഴുതിയതു മാത്രമേ വിവര്‍ത്തനത്തിലും വരാന്‍ പാടുള്ളൂ. No More, No Less അല്ലെങ്കില്‍ ആ കൃതി മൂലഗ്രന്ഥകാരന്റെതല്ലാതായിത്തീരും. ഗ്രന്ഥകാരനോടു ചെയ്യുന്ന വലിയൊരു അനീതിയായിരിക്കും അത്.

പലപ്പോഴും കഥാസന്ദര്‍ഭത്തിനനുയോജ്യമായ വാക്കുകളോ പ്രയോഗങ്ങളോ മലയാളത്തില്‍ നിലവില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അങ്ങനെ വരുമ്പോള്‍ പരിചിതമായ ഇംഗ്ലീഷ് വാക്കുകള്‍ക്ക് പകരം കേട്ടുകേള്‍വിയില്ലാത്ത സംസ്‌കൃതവാക്കുകള്‍ കടമെടുക്കുന്ന ശീലം ഇന്ന് വര്‍ധിച്ച് വരുന്നതായി തോന്നിയിട്ടുണ്ട്. ഇത് വായനയെ ദുസ്സഹമാക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിവര്‍ത്തനത്തോടാണോ വായനക്കാരോടാണോ പ്രതിബദ്ധത വേണ്ടത്?

എനിക്ക് വല്ലപ്പോഴും അനുഭവപ്പെടാറുള്ള ഒരു പ്രശ്‌നമാണിത്. എന്റെ പക്കല്‍ ഒരുപാട് ഡിക്ഷ്ണറികളുണ്ട്. സാധാരണയായി എനിക്കവ റെഫര്‍  ചെയ്യേണ്ടിവരാറില്ല. പക്ഷേ, ചില സമയത്ത് സന്ദര്‍ഭങ്ങള്‍ക്കനുയോജ്യമായ അര്‍ഥം ഒരു വാക്കിന് കിട്ടാതാകുമ്പോള്‍, ഞാന്‍ ഡിക്ഷ്ണറിയിലേക്കു തിരിയുന്നു. അതില്‍ ഒരുപാട് അര്‍ഥങ്ങള്‍ കൊടുത്തിട്ടുണ്ടാകും, എല്ലാം നമ്മള്‍ ഉദ്ദേശിക്കുന്ന ആശയം പ്രകടിപ്പിക്കാനാവാത്തവ! അപ്പോള്‍, അരോചകമായ സംസ്‌കൃതവാക്കുകളൊന്നും ഞാന്‍ ഉപയോഗിക്കാറില്ല; ഒറ്റവാക്കിനു പകരം ഏതാനും വാക്കുകളിലൂടെ അതു പ്രകടിപ്പിക്കും, ആ വാചകത്തോട് ഇഴുകിച്ചേരുംവിധത്തില്‍! അതും അനുയോജ്യമായി തോന്നിയില്ലെങ്കില്‍, ഇംഗ്ലീഷ് വാക്കുതന്നെ ഉപയോഗിക്കും. ഇംഗ്ലീഷ് വിവര്‍ത്തനങ്ങളില്‍ അത്തരം പ്രതിസന്ധി വന്നാല്‍ റഷ്യന്‍, സ്പാനിഷ്, ഫ്രഞ്ച് വാക്കുകള്‍ പരിഭാഷകര്‍ അതേപടി ഉപയോഗിച്ചുകാണാറുണ്ടല്ലോ. മലയാളം പരിഭാഷയിലും ആ രീതി പിന്‍തുടരുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വായനക്കാരോടുതന്നെയാണ് പ്രതിബദ്ധത വേണ്ടത്.

ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍ എത്ര കാലംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്?

ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍, ഏകദേശം രണ്ടായിരത്തി നാനൂറിലധികം പേജുകള്‍ വിവര്‍ത്തനം ചെയ്യാന്‍ രണ്ടു വര്‍ഷത്തോളം എടുത്തിട്ടുണ്ട്. എത്ര കഷ്ടപ്പെട്ടാലും അതു പ്രസിദ്ധീകരിച്ചു കാണുമ്പോഴുള്ള ആത്മസംതൃപ്തി ഒന്നു വേറേത്തന്നെയാണ്! ആ ജോലി ഒറ്റയ്ക്കു നിര്‍വഹിക്കാനായി പൂര്‍ണവിശ്വാസത്തോടെ എന്നെ ഏല്പിച്ച മാതൃഭൂമി ബുക്‌സിനോട് കൃതജ്ഞത രേഖപ്പെടുത്താനെനിക്ക് വാക്കുകളില്ല! അവരുടെ പ്രോത്സാഹനംകൊണ്ടു മാത്രമാണിതെനിക്ക് വിജയപൂര്‍വം പൂര്‍ത്തീകരിക്കാനായത്!

ഷെര്‍ലക് ഹോംസിന് ലഭിച്ച സ്വീകാര്യതയില്‍ കോനല്‍ ഡോയ്‌ലിന്റെ ഭാഷ എത്രത്തോളം പ്രധാനമാണ്?

sherlock
പുസ്തകം വാങ്ങാം

കോനന്‍ ഡോയ്‌ലിന്റെ ഭാഷയും ശൈലിയും തന്നെയാണ് ഷെര്‍ലക് ഹോംസിന്റെ ദിഗ്വിജയത്തിനു പിന്നിലുള്ളത്. ഡോ. വാട്‌സനോടുള്ള സംഭാഷണങ്ങള്‍ തന്നെ അതിന്റെ മകുടോദാഹരണങ്ങളാണ്. കോനന്‍ ഡോയ്‌ലിന്റെ കഥകള്‍ വെറും ഭാവനാസൃഷ്ടികളായിരുന്നില്ല. ഒരു ഡോക്ടറായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രൊഫസര്‍ ഡോ. ജോസഫ് ബെല്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 'ക്രിമിനോളജി'യില്‍ വിദഗ്ധനായിരുന്നു ഡോ. ബെല്‍. അദ്ദേഹത്തിന്റെ രോഗനിര്‍ണയശൈലിയും നിഗമനവും കോനന്‍ ഡോയ്ല്‍ തന്റെ കഥകളില്‍, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതില്‍ വളരെ വിജയപൂര്‍വം പ്രയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ കൗതുകകരമായ ഭാഷാശൈലിയാണ് ഷെര്‍ലക് ഹോംസ് പുനര്‍വായനയെ ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്നത്, അദ്ദേഹം മൃതിയടഞ്ഞു തൊണ്ണൂറു വര്‍ഷം കഴിഞ്ഞിട്ടും!

ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ കൃതികള്‍ വാങ്ങാം

Content Highlights: Writer KP Balachandran Malayalam Interview