വരാനിരിക്കുന്ന കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുളയിൽ മത്സരിക്കുന്ന വീണാജോർജിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം നൽകിയത് എഴുത്തുകാരൻ ബെന്യാമിൻ ആണ്. പൊന്നാനിയിൽ മത്സരിക്കുന്ന പി.നന്ദകുമാറിന് തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനുളള പണം നൽകിയത് എം.ടി വാസുദേവൻ നായരുമാണ്. ജനാധിപത്യസംവിധാനത്തിലും തിരഞ്ഞെടുപ്പുകളിലും എഴുത്തുകാർ തങ്ങളുടെ വ്യക്തമായ തീരുമാനമെടുക്കുന്നതിനെക്കുറിച്ച് ബെന്യാമിൻ സംസാരിക്കുന്നു.

ഇന്ത്യാമഹാരാജ്യത്തെ ഒരു പൗരനാണ് ഞാൻ. എനിക്ക് വോട്ടവകാശമുണ്ട്. അതുകൊണ്ട് തന്നെ ആ അവകാശം എനിക്കിഷ്ടമുള്ള സാഹചര്യത്തിൽ വിനിയോഗിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്ന് പ്രഖ്യാപിക്കുകയാണ് വീണാ ജോർജിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം നൽകിക്കൊണ്ട് ചെയ്തത്. സാഹിത്യകാരനായാൽ പിന്നെ ഇതിൽ നിന്നെല്ലാം മോചിതനായി പരലോകജീവിയെപ്പോലെ ജീവിക്കണം എന്നാണ് പലരും വിചാരിക്കുന്നത്. രാഷ്ട്രീയഷണ്ഡന്മാരായി ജീവിക്കാനാണ് സമൂഹം സാഹിത്യകാരരോട് ആവശ്യപ്പെടുന്നത്. എന്നാൽ എനിക്കങ്ങനെയാവാൻ പറ്റില്ല. ജനാധിപത്യരാഷ്ട്രത്തിൽ ജീവിക്കുന്ന എനിക്ക് അഭിപ്രായ സ്വാതന്ത്ര്യവും ആശയസ്വാതന്ത്ര്യവും ഉണ്ട് എന്ന് ഞാനെന്നോട് തന്നെ
പ്രഖ്യാപിക്കുകയാണ്. എന്റെ വായ മൂടപ്പെട്ടിട്ടില്ല എന്നും യാതൊരു കാരണവശാലും രാഷ്ട്രീയഷണ്ഡത്വത്തിന് വിധേയമായിട്ടില്ല എന്നും ഈ തിരഞ്ഞെടുപ്പ് പണം നൽകിക്കൊണ്ട് ഞാൻ പറയുന്നു.

വളരെ അഭിമാനത്തോടു കൂടിയാണ് വീണാജോർജിന് പണം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ അവർ മികച്ച വിജയം കൈവരിക്കണമെന്ന ആഗ്രഹവുമുണ്ട്. രണ്ട് കാരണങ്ങളാണ് അതിനുള്ളത്. ഒന്ന് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് വീണാജോർജ് പ്രതിനിധാനം ചെയ്ത മണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി. ഞങ്ങളുടെ മണ്ഡലത്തിൽ പലയിടങ്ങളിലും വിവിധ പഞ്ചായത്തുകളിലും എം.എൽ.എ എന്ന നിലയിൽ വീണാജോർജ് മികച്ച വികസനം കൊണ്ടുവന്നിട്ടുണ്ട്. രണ്ടാമതായി അച്ചൻകോവിലാറിൽ ഒരു പാലം വേണമെന്നത് കാലങ്ങളായുള്ള ഞങ്ങൾ ഗ്രാമവാസികളുടെ ആവശ്യമാണ്. തൊട്ടക്കരെയുള്ള മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് എല്ലാ വർഷവും താൽക്കാലിക പാലം നിർമിച്ചിട്ടാണ് ഇക്കരെയുള്ള ഞങ്ങൾ പോയ്ക്കൊണ്ടിരുന്നത്. മഹാദേവക്ഷേത്രത്തിലെ ഉത്സവം ഞങ്ങൾക്ക് വലിയ ആവേശമാണ്. ഭരണത്തിൽ പലരും വന്നും പോയുമിരുന്നെങ്കിലും പാലം ഒരു സങ്കല്പം മാത്രമായി നിന്നു. 9.35 കോടി രൂപ പാലത്തിനായി അനുവദിച്ചു കിട്ടിയത് ഇപ്പോഴാണ്. അത് വീണാജോർജിന്റെ ശ്രമഫലമായി ലഭിച്ചതാണ്. പാലം പണിതുടങ്ങാനിരിക്കുന്നു. സ്വാഭാവികമായിട്ടും എന്റെ ഗ്രാമത്തിന്റെ ഒരു സമ്മാനമായിട്ടാണ് ഈ പണം ഞാൻ കൊടുത്തിരിക്കുന്നത്. അല്ലാതെ ഒരു സാഹിത്യകാരന്റെ ജനാധിപത്യമൂല്യബോധം മാത്രമല്ല അതിനുപിന്നിൽ എന്നുകൂടി പറയട്ടെ. തികച്ചും വ്യക്തിപരമായ ഒരു കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് ഞാനിത് ചെയ്തിരിക്കുന്നത്. അല്ലാതെ അതിന് മറ്റുതലങ്ങളൊന്നുമില്ല.

ബെന്യാമിന്റെ രാഷ്ട്രീയാനുഭാവിത്വം കൂടി പ്രകടമാക്കാനുള്ള സന്ദർഭമായിട്ടാണോ ഇതിനെ കാണുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കാനുള്ളതിങ്ങനെയാണ്; 'ഒരു പൗരനെന്ന നിലയിൽ എനിക്ക് രാഷ്ട്രീയ സ്വാതന്ത്ര്യമുണ്ട്, അത് പ്രകടിപ്പിക്കാനുള്ളതല്ലേ? മൂടിവെക്കപ്പെടേണ്ടതാണ് തന്റെ പൊളിറ്റിക്സ് എന്ന് ചിന്തിക്കുമ്പോൾ ഉറപ്പായും അത് അടഞ്ഞ ജനാധിപത്യബോധമാണ്. എന്റെ എതിർ ചിന്തകളുള്ള എത്രയോ ആളുകൾ നല്ല സുഹൃത്തുക്കളാണ്. അരാഷ്ട്രീയവാദി ആവുക എന്നതാണ് നമ്മുടെ രാജ്യത്ത് ഏറ്റവും അപകടമുള്ള ഒന്ന്. കോർപ്പറേറ്റുകളും മറ്റ് ശക്തികളും നമ്മെ തീറെഴുതി വാങ്ങാൻ ശ്രമിക്കുന്നത് ഈ അരാഷ്ട്രീയവാദത്തിന്റെ അപകടകരമായ കടന്നുകയറ്റമാണ്. രാജ്യമുണ്ടെങ്കിലേ നമുക്ക് ജനാധിപത്യവും എഴുത്തും സാഹിത്യവും മറ്റുമൊക്കെയുണ്ടാവുകയുള്ളൂ. ഈ രാജ്യമെന്നതിനെ നിലനിർത്താനുള്ള പരിശ്രമങ്ങളിൽ പ്രധാനമാണ് തിരഞ്ഞെടുപ്പും ഭരണവും. എല്ലാവരെയും സുഖിപ്പിച്ചുകൊണ്ടുള്ള ജീവിതം അത്ര സുഖമുള്ള ജീവിതമല്ല. അതിനാൽ തന്നെ സുഖകരമായ ജീവിതം നയിക്കുന്ന സാധാരണക്കാരൻ എന്ന നിലയിൽ എന്റെ ഇഷ്ടാനിഷ്ടങ്ങളോടൊപ്പം ഞാൻ മുന്നോട്ടു പോകുന്നു.'

Content Highlights: Writer Benyamin Talks about the Donation for election Deposit to Veena George in Aranmula