ത്തൊമ്പത് വയസ്സിനുള്ളില്‍ മൂന്ന് പുസ്തകങ്ങളെഴുതി ശ്രദ്ധേയനായ യുവസാഹിത്യകാരനാണ് അര്‍ജുന്‍ വൈശാഖ്. എഴുത്തുകാരനായി അറിയപ്പെടാന്‍ ആഗ്രഹിച്ചല്ല അര്‍ജുന്‍ എഴുതിത്തുടങ്ങിയത്. താന്‍ കടന്നുവന്ന വഴികളിലെ ചതിക്കുഴികളെ വായനാലോകത്തിന് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഒരു ഘട്ടത്തില്‍ ലഹരിയോടുണ്ടായിരുന്ന ആസക്തിയെക്കുറിച്ചും അത് തരണം ചെയ്ത സാഹചര്യങ്ങളും അര്‍ജുന്‍ പങ്കുവെക്കുന്നു.

ദ പ്രൊഫറ്റിക് കഴ്‌സ്, ലെവല്‍ ടെന്‍ കോഫീ, ഗ്‌ളോറിഫൈഡ് ഓര്‍ഫന്‍ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് അര്‍ജുന്‍ വൈശാഖ്, വയസ് പത്തൊന്‍പത്. വായനയെ എക്‌സ്പ്‌ളോര്‍ ചെയ്യുന്ന കാലത്താണ് നോവലിസ്റ്റായിരിക്കുന്നത്. 

പലതരം വികാരങ്ങള്‍ക്ക് അടിമപ്പെടുന്നതാണ് എന്റെ ഈ പ്രായം. ഒരു എഴുത്തുകാരന്‍ ആവാന്‍ വേണ്ടി എഴുതിയതല്ല. മറിച്ച് എഴുത്തിലൂടെ എനിക്ക് കിട്ടേണ്ടതായിട്ടുളള കുറച്ച് മനസമാധാനമുണ്ടായിരുന്നു. എന്റെ വികാരങ്ങള്‍ ഇറക്കിവെക്കാന്‍ ഒരു മാധ്യമം ആവശ്യമായിരുന്നു. അതിന് ഞാന്‍ എഴുത്തിനെ ആശ്രയിച്ചു. എന്റെ ജീവിതത്തിന്റെ കുറച്ചുഭാഗങ്ങള്‍ ഒരു കഥാപാത്രത്തിലൂടെ സഞ്ചരിച്ചപ്പോള്‍ ഞാനെന്തായിരുന്നു എന്നും എങ്ങനെയായിരുന്നു എന്നും ലോകത്തെ അറിയിക്കണമെന്നു തോന്നി. 
ആ കഥാപാത്രം എന്തൊക്കെ ചെയ്തു എന്നത് എനിക്കുപോലും ജിജ്ഞാസയുണ്ടാക്കുന്നതായി മാറി. എന്നിലെ മറ്റൊരാളെ ഉള്‍ക്കിടലത്തോടെയാണ് ഞാന്‍ എഴുതിത്തീര്‍ത്തത്. 

ആദ്യത്തെ നോവല്‍ ദ പ്രൊഫറ്റിക് കേഴ്‌സ് ആണല്ലോ. വളരെ യാഥാര്‍ഥ്യമായ, കൗമാരക്കാര്‍ കടന്നുപോകുന്ന അതീവഗൗരവതരവും നിഗൂഢവുമായ ഒരു പ്‌ളോട്ട് ആണ് നോവലില്‍ അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ എഴുത്തനുഭവത്തിന് പ്രേരകമായത് എന്താണ്?

book

ഈ നോവല്‍ പറഞ്ഞുവെക്കുന്ന വിഷയം ലഹരിയാണ്. മയക്കുമരുന്നുകളുടെ പിടിയില്‍ അമര്‍ന്നുപോയ ഒരു കൗമാരത്തിന്റെ കഥയാണ്. നമ്മുടെ സമൂഹത്തിലെ ആളുകളെ നിരീക്ഷിച്ചാല്‍ നമുക്കറിയാം ചിലരൊക്കെ ലഹരിയ്ക്ക് അടിപ്പെട്ടവരാണെന്ന്. അതിനെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ നമുക്കെന്തോ ചില തടസ്സങ്ങളുണ്ട്. സമൂഹം അത് മറച്ചുവെക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് എനിക്കു തോന്നുന്നത്. അതുകൊണ്ടുതന്നെ ഓരോ ദിവസം കഴിയും തോറും ഇതിലേക്ക് വഴുതിവീഴുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി വളരെ നിസ്സാരമാണെന്ന് കരുതരുത്. നിങ്ങള്‍ സിനിമയിലും മറ്റും കാണുന്നതിനേക്കാള്‍ സങ്കീര്‍ണമാണ് ലഹരി ഉപയോഗിച്ചാലുള്ള അവസ്ഥ. ജീവിതം ഏതാണ്ട് കൈവിട്ട അവസ്ഥയില്‍ നിന്നും കരകയറിവന്ന എനിക്ക് ഇതെല്ലാം സമൂഹത്തിനോട് പറഞ്ഞുകൊടുക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ലഹരിയുമായി സമ്പര്‍ക്കത്തിലായ ഒരു കഥാപാത്രത്തെ ഞാന്‍ തിരഞ്ഞെടുത്തത്. എന്നെപ്പോലെ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോയ ഓരാള്‍ക്കുവേണ്ടി എന്തുചെയ്യാന്‍ പറ്റും എന്നുള്ളതാണ് ഈ നോവല്‍.

എന്റെ പ്രായത്തിലുള്ളവരാണ് കൂടുതലും ലഹരിയ്ക്കടിപ്പെടുന്നത്. അവര് പോലും അറിയുന്നില്ല ഈ ട്രാപ്പില്‍പെട്ടുപോകുന്നത്. ഓരോ തവണ ലഹരി ഉപയോഗിക്കുമ്പോളും നമ്മുടെ വിശ്വാസം ഞാനിതിന് അടിമപ്പെട്ടിട്ടില്ല എന്നതാണ്. സത്യം അതല്ല. നിങ്ങള്‍ ഒരിക്കല്‍ ലഹരി ഉപയോഗിച്ചുതുടങ്ങിയോ, നിങ്ങള്‍ ട്രാപ്പ് ചെയ്യപ്പെട്ടു. തുടര്‍ച്ചയായി ലഹരി നിങ്ങളെ തേടിയെത്തും. 

എത്രാമത്തെ വയസ്സിലാണ് അര്‍ജുന്‍ ആദ്യമായി ലഹരി ഉപയോഗിച്ചുതുടങ്ങിയത്?

എന്റെ ഹയര്‍സെക്കന്‍ഡറി കാലഘട്ടത്തിലാണ് ഞാന്‍ ഇത് പരീക്ഷിക്കുന്നത്. എനിക്ക് പ്രോത്സാഹനം ഒരുപാട് ഇടങ്ങളില്‍ നിന്നും കിട്ടി. എന്റെ മാതാപിതാക്കളെ ഞാന്‍ അതിവിദഗ്ധമായി കബളിപ്പിച്ചു.ഡിജിറ്റല്‍ പഌറ്റ്‌ഫോമിലാണ് ഞങ്ങളുടെ പ്രായത്തിലുള്ളവര്‍ വളരെയധികം സമയം ചെലവഴിക്കുന്നത്. ഞങ്ങളുടെ സൈബര്‍ലോകം നിങ്ങള്‍ വിചാരിക്കുന്നതിലും വലുതാണ്. കാണുന്ന കാഴ്ചകളും വളരെ വലുതാണ്. ഡ്രഗ്‌സ് റിലേറ്റഡ് ആയിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സെര്‍ച്ചിചെയ്ത് കണ്ടുപിടിക്കും. കൂടുതല്‍ ലിങ്കുകള്‍ ഞങ്ങള്‍ക്ക് ലഭിക്കും. രക്ഷിതാക്കളെക്കുറിച്ചൊന്നും ചിന്തയോ പരിഗണനയോ ഉണ്ടാവില്ല. ഡ്രഗ്‌സ് നിങ്ങള്‍ക്ക് എന്തെല്ലാം തരത്തിലുള്ള ഗുണങ്ങള്‍ ചെയ്യും എന്ന തരത്തിലുള്ള പ്രചോദിപ്പിക്കുന്ന ആര്‍ട്ടിക്കിളുകളാണ് സൈബര്‍ലോകം തന്നുകൊണ്ടിരിക്കുക. 

16-42 എന്ന പ്രായം വ്യക്തിത്വവികാസത്തിന്റെ കാലഘട്ടമാണല്ലോ. അപ്പോള്‍ നമുക്കുമുന്നിലേക്ക് സോഷ്യല്‍മീഡിയ ഇട്ടുതരുന്ന പ്രോമിസുകള്‍ അങ്ങ് ഏറ്റെടുക്കുന്നു. ഞാന്‍ ഇങ്ങനെയൊക്കെ ആയാല്‍ ഹീറോ ആയി എന്നൊക്കെ സ്വയം അങ്ങുവിചാരിക്കുന്നു. പ്രശസ്തരായ ആളുകള്‍ ഇതൊക്കെ ഉപയോഗിച്ചതിന്റെ ഡീറ്റെയില്‍സും കൂടി ലഭിക്കുമ്പോള്‍ കൂടുതല്‍ ആവേശമാകും. ഡ്രഗ് ഉപയോഗിച്ചാല്‍ ഇതുപോലെയൊക്കെയങ്ങ് വലുതാകും എന്ന ധാരണ ഞങ്ങള്‍ക്കിടയില്‍ ധാരാളമായി പ്രചരിക്കുന്നുണ്ടായിരുന്നു. ഒരു ഇത്തിരിവട്ടത്തിരുന്ന് പുകയ്ക്കുമ്പോള്‍ സ്വയം നശിക്കുകയാണെന്ന് തിരിച്ചറിയാന്‍ കഴിയില്ല. വല്യ ആളായി, സെലിബ്രിറ്റിയായി എന്നൊക്കെ സ്വയമങ്ങ് തോന്നും. ഇരുന്നിടത്തുനിന്നും എഴുന്നേല്‍ക്കാന്‍ പോലും കഴിയില്ല. റിയാലിറ്റിയില്‍ നിന്നും പൂര്‍ണമായും ഡിറ്റാച്ച്ഡായിപ്പോകും. അതിഭീകരമാണ് ആ അവസ്ഥ. 

bookനിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തമക്ഷമത കൂടും ഇത്തരം ലഹരികള്‍ ഉപയോഗിച്ചാല്‍ എന്ന പ്രചരണം വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ വേണ്ടി പറയുന്നതാണ്. ഒരിക്കലും അത് സാധ്യമല്ല. ആല്‍ക്കഹോള്‍ കഴിച്ചാല്‍ കൊറോണയെ ചെറുക്കാം എന്ന പ്രചരണം പോലെയാണത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും നിര്‍ണായകവുമായ പ്രായമാണ് ലഹരി കവര്‍ന്നെടുക്കുക. അതിജീവിക്കുക എന്നതാണ് വെല്ലുവിളി. ഞാന്‍ സത്യസന്ധമായി ആ വെല്ലുവിളി ഏറ്റെടുത്തു. എനിക്കുവേണ്ടി മാതാപിതാക്കള്‍ എല്ലാം സഹിച്ചു. ഇന്ന് ഞാന്‍ തീര്‍ത്തും ലഹരിമുക്തനാണ്. അതുകൊണ്ടുതന്നെ ഞാന്‍ പാഴാക്കിയ സമയം സമൂഹത്തിന് തിരിച്ചുകൊടുക്കേണ്ടത് എന്റെ ബാധ്യതയാണ്. അതുകൊണ്ടാണ് നോവലില്‍ ലഹരിതന്നെ ഒരു പ്രമേയമാക്കിയത്. എന്റെ പ്രായത്തിലുള്ളവര്‍ക്കുള്ള ഒരു സന്ദേശം കൂടിയാണ് ഈ പുസ്തകം. 

നമ്മള്‍ കൈവിട്ട കാലത്തെയോ ബന്ധങ്ങളെയോ പഠനസാധ്യതകളെയോ ഒന്നും ലഹരി തിരിച്ചുകൊണ്ടുവരില്ല. നമ്മള്‍ ലഹരിയെ പാടേ കൈവിടുകയാണ് ചെയ്യേണ്ടത്. മാനസികമായും ശാരീരികമായും ഒരു ലഹരി അടിമ നേരിടുന്ന വെല്ലുവിളി അയാള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതൊക്കെയാണ് ഞാനെന്റെ നോവലിലൂടെ പറയാന്‍ ശ്രമിച്ചത്. 

എന്തുകൊണ്ടാണ് ഒരുതലമുറ ലഹരിയുടെ പിറകേ പോകുന്നത്? എന്തിന്റെ കുറവാണ് നിങ്ങള്‍ക്ക്?

അതാണ് ഞങ്ങള്‍ സ്വയം നേരിടുന്ന ഏറ്റവും വലിയ ചോദ്യം. ഹാപ്പിനസ് എന്നത് എത്തിപ്പിടിക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. മറ്റുള്ളവരെ മനസ്സിലാക്കാവന്‍ പറ്റാതാവുന്നു. നമ്മളെ സ്‌നേഹിക്കുന്നവരെ തിരിച്ചൊന്നു പരിഗണിക്കാന്‍ തോന്നുകയില്ല. ഒന്നിലും സന്തോഷം കണ്ടെത്താന്‍ കഴിയാതെയാവുക എന്നുവച്ചാല്‍ എന്തൊരു ദുരന്തമാണെന്ന് ആലോചിച്ചുനോക്കൂ. ഒരു വ്യക്തിയും ഡ്രഗും മാത്രമായിട്ട് ലോകം ചുരുങ്ങുകയാണ്. ഞങ്ങളുടെ മുന്‍തലമുറക്കാര്‍ ഈ പ്രായത്തില്‍ ധാരാളം വായിച്ചിട്ടുണ്ടാകും. കഥകളും കവിതകളും എഴുതിയിട്ടുണ്ടാകും ജീവിതത്തെ അതിന്റെ അര്‍ഥത്തില്‍ കണ്ടെത്തിയിട്ടുണ്ടാകും ആത്മാര്‍ഥമായ പ്രണയം അവര്‍ അനുഭവിച്ചിട്ടുണ്ടാകും. പക്ഷേ ഇതെല്ലാം ഇവിടെ നഷ്ടമാകുകയാണ്.എന്തിന്റെ കുറവാണ് എന്നു ചോദിച്ചാല്‍ വായനയുടെ കുറവാണ് ഞങ്ങള്‍ നേരിടുന്നത്. ലോകത്തെ അറിയാനുള്ള വായനയില്ല, ചര്‍ച്ചയില്ല, സാമൂഹികപ്രസക്തിയുള്ള കാര്യങ്ങളില്‍ ഇടപെടുന്നില്ല. സൈബര്‍ ഇടങ്ങള്‍ നിശ്ചയിക്കുന്നത് മാത്രമായിപ്പോകുന്നു ലോകത്തിന്റെ വലിപ്പം. 

ലഹരിയോട് പൂര്‍ണമായും ഗുഡ്‌ബൈ പറഞ്ഞ അര്‍ജുന്‍ വൈശാഖ് എന്ന യുവഎഴുത്തുകാരന് ഡ്രഗ്‌സ് ഉപയോഗിക്കുന്നവരോട് എന്താണ് പറയാനുള്ളത്?

എന്റെ അനുഭവത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഒറ്റയ്ക്കിരുന്നത് എന്റെ ഡിജിറ്റല്‍ ഉപകരണങ്ങളുമായാണ്. സൈബര്‍ ഇടങ്ങളിലെ ചങ്ങാത്തങ്ങള്‍ നമ്മള്‍ നേരിട്ട് കണ്ടുപരിചമുള്ളവരേക്കാളും അല്ലാത്തവരുമായാണ്. ഈ സൈബറിടങ്ങളേക്കാള്‍ വലിയൊരുലോകം നമുക്ക് ചുറ്റും കറങ്ങുന്നുണ്ട്. കാണാനും കേള്‍ക്കാനും ധാരാളമുണ്ട്. പെട്ടെന്ന് സന്തോഷം കണ്ടെത്തുക എന്ന ചിന്തയെ തീര്‍ത്തും അവഗണിക്കുക. 

പുറംലോകവുമായി നിരന്തരബന്ധം ഉണ്ടാക്കുകതന്നെ വേണം. ഒരു ഫുട്‌ബോള്‍ കളിക്കാനെങ്കിലുമുള്ള ടീം ഫ്രണ്ട്‌സ് ഉണ്ടായിരിക്കണം. അവരുമായി നിരന്തരം നമ്മുടെ കാര്യങ്ങള്‍ ഷെയര്‍ ചെയ്യണം. അയല്‍ക്കാരുമായി നല്ല സൗഹൃദം സ്ഥാപിക്കണം. അവര്‍ക്ക് ഒരു ആവശ്യം വന്നാല്‍ ഒരു ആശുപത്രി കേസ് വന്നാല്‍ നമുക്ക് മാനേജ് ചെയ്യാന്‍ കഴിയണം. സമൂഹത്തെ സ്‌നേഹിക്കാന്‍ പറ്റണം. നമുക്കുചുറഅറുമുള്ള യാഥാര്‍ഥ്യലോകത്തിന്റെ സ്പന്ദനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഒരു ലഹരിയ്ക്കും നമ്മളെ അടിമയാക്കാന്‍ കഴിയില്ല. 

നല്ല ഒരു പുസ്തകം വായിക്കുക, മാതാപിതാക്കളുടെ കൂടെ ഒരു ദിവസം ചിലവഴിക്കുക, സുഹൃത്തുക്കളെ വീട്ടുകാര്‍ കൂടി അറിഞ്ഞിരിക്കുക, അവരുടെ കുടുംബത്തെ നമ്മുടെ കുടുംബത്തിനും കൂടി പരിചിതമാവുക ഇതൊക്കെ ഒരുതരം സോഷ്യല്‍ ഡീലിങ്ങ്‌സാണ്. നമ്മളെക്കുറിച്ച് എല്ലാവര്‍ക്കും വ്യക്തമായ  ധാരണയുണ്ട്. അത് എന്താണെന്ന് നമ്മള്‍ കൂടി മനസ്സിലാക്കിയിരിക്കണം. നമ്മുടെ ഊര്‍ജം ചിലവഴിക്കെണ്ടത് എവിടെയൊക്കെയാണെന്ന് കൃത്യമായ ധാരണയുണ്ടെങ്കില്‍ രക്ഷപ്പെട്ടു.

ഏകാന്തത തേടിയുള്ള അലച്ചിലാണോ ഈ ലഹരിയില്‍ എത്തിപ്പെടുന്നത്?

ഒരു ഫങ്ഷണല്‍ ഡ്രഗ് അഡിക്ടിനെ സംബന്ധിച്ചിടത്തോളം അവന്‍ അന്നത്തെ ജോലിചെയ്ത് വൈകുന്നേരം ലഹരി ഉപയോഗിക്കുന്നു. പിന്നെയുള്ളവര്‍ ഒരു പ്രത്യേക ഗ്യാങ്ങായി ഓരോ യാത്രപോകുന്നു. അവിടെനിന്നുമൊക്കെ ലഭ്യമാവുന്ന ലഹരികളൊക്കെ ഉപയോഗിക്കുന്നു. പിന്നെ അങ്ങനെത്തനെനയുള്ള ഒരു ജീവിതമായി മാറുന്നു. പൈസാ തികയാതാവുമ്പോള്‍ ആദ്യം വീട്ടില്‍നിന്നും മോഷ്ടിക്കും പിന്നെ പുറത്തുനിന്നാവും. കഞ്ചാവ് കടത്തും. പിടിക്കപ്പെടും.
 
ഒറ്റയ്ക്ക് സ്വകാര്യമായി ഇരുന്ന് ഉപയോഗിക്കുന്ന ആളുകളുമുണ്ട്. ഇതൊക്കെ ഗഌമറസ് ലൈഫിന്റെ ഭാഗമാണെന്നേ അവര്‍ വാഴ്ത്തിപ്പാടുകയുള്ളൂ. റിയാലിറ്റിയുമായുള്ള ബന്ധം നഷ്ടപ്പെട്ട കാര്യം അറിയുകയേയില്ല. 

അര്‍ജുന്റെ വായനയിലേക്ക് വരാം.

bookഅച്ഛഛനാണ് എന്നെ വായനയിലേക്ക് കൊണ്ടുവന്നത്. തുടക്കത്തില്‍ ജെ.കെ റൗളിങ്ങ് ആയിരുന്നു ഇഷ്ടപ്പെട്ട് എഴുത്തുകാരി. ഫാന്റസി നോവലുകള്‍ ഇഷ്ടമാണ്. യുവാല്‍ നോവ ഹരാരിയുടെ പുസ്തകങ്ങള്‍ ഏറെ ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. വായന എന്നെ കൈവിട്ടിട്ടില്ലായിരുന്നു.

എല്ലാവര്‍ക്കും വേണ്ടത് ഒരു ഇന്‍സ്റ്റന്റ് പ്ലഷറാണ്‌. പുസ്തകം വായനപോലുള്ള സന്തോഷങ്ങളെക്കുറിച്ച് ആരും ബോധവാന്മാരല്ല. എഴുത്ത്, വായന എന്നൊക്കെ വളരെ കുറച്ചുപേര്‍ക്കു മാത്രം സാധ്യമായ കാര്യമായി മാറി. എപ്പോള്‍ നോക്കിയാലും സ്‌ക്രീനിലേക്ക് കൂനിക്കൂടിയിരിക്കുന്ന തലമുറയെ അല്ല സമൂഹത്തിനാവശ്യം എന്നൊക്കെ ഞങ്ങള്‍ ഇനിയും ഉള്‍ക്കൊളേളണ്ടതുണ്ട്. 

വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന ഒന്നായി, കൈയെത്തും ദൂരത്ത് ലഹരിയുണ്ട്. റിസ്‌ക് അറിയാതെ ഇതിലേക്ക് കുട്ടികള്‍ എടുത്തുചാടുന്നു. എങ്ങനെ പ്രതിരോധിക്കും നമ്മള്‍?

ഒരുപാട് ഹീറോയിസങ്ങള്‍ കാട്ടിക്കൂട്ടാന്‍ മനസ്സ് വെമ്പുന്ന പ്രായമാണ് ഹയര്‍ സെക്കന്‍ഡറി കാലഘട്ടം. ഒരു പുകയെടുത്തില്ലെങ്കില്‍, ഒരു സിപ്പ് മദ്യം കഴിച്ചില്ലെങ്കില്‍ മുതിര്‍ന്നവരായില്ല എന്ന തോന്നല്‍ ഉണ്ടാവുന്ന കാലം. തികച്ചും ഫൂളിഷാണ് ഈ ചിന്ത എന്ന് ഈ പ്രായം കടന്നുപോയവര്‍ക്കറിയാം. ഫ്രണ്ട്ഷിപ്പ് സര്‍ക്കിളുകളില്‍ ഇതൊക്കെ ചെയ്യുന്ന വീരകഥാപാത്രങ്ങളുണ്ടാകും. അവര്‍ക്കു മുന്നില്‍ ചെറുതായിപ്പോവാതിരിക്കാനാണ് പലപ്പോഴും ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്. 

ഇത്തരം കാര്യങ്ങള്‍ കൊണ്ട് ഞാന്‍ ഒരു വേറിട്ട വ്യക്തിയാണ് എന്ന ചിന്തയാണ് മിക്ക കുട്ടികള്‍ക്കും. തന്നെയൊന്ന് വേറിട്ട് അവതരിപ്പിക്കാനുള്ള ശ്രമമാണ് പലപ്പോഴും ഇത്തരം ലഹരിയുപയോഗങ്ങള്‍. ആ പ്രവണതവരാന്‍ കാരണം സ്‌പോര്‍ട്‌സ് ആര്‍ട്‌സ് തുടങ്ങിയ മേഖലയില്‍ കുട്ടികള്‍ എന്‍ഗേജ്ഡാവാത്തതാണ്. എന്‍ട്രന്‍സ് പരീക്ഷാപരിശീലനവും തയ്യാറെടുപ്പുമാണ് എല്ലാവര്‍ക്കും. പഌസ്ടുവില്‍ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും എന്‍ട്രന്‍സ് പരീക്ഷയുടെ ഭാഗമാണ്. അപ്പോള്‍ അവര്‍ക്ക് മറ്റുള്ളവര്‍ക്കുമുന്നില്‍ ശോഭിക്കാന്‍ മറ്റ് ഓപ്ഷനുകളൊന്നുമില്ല. ആത്മവിശ്വാസത്തിന്റെ ഒരുപടികൂടി ലഭിക്കാന്‍ വേണ്ടി, ഞാന്‍ മോശക്കാരനൊന്നുമല്ല എന്ന കാട്ടിക്കൂട്ടല്‍ കൂടിയാണ് ഈ ഡ്രഗ്‌സ് ഉപയോഗം.

ഈ ലോകത്തേക്ക് ക്ഷണിക്കാന്‍ ഒരുപാട് പേരുണ്ട്. ധാരാളം പ്രോത്സാഹനങ്ങള്‍ കിട്ടും. കുട്ടികളില്‍ കരിയര്‍ ഓറിയന്റഡായിട്ടുള്ള പ്രഷര്‍ കുറച്ച് മറ്റ് എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികള്‍ക്കുകൂടി പ്രാധാന്യം കൊടുത്താല്‍ ഒരുപരിധിവരെ കൗമാരക്കാരിലെ ലഹരി ഉപയോഗം തടയാം. 

പത്തൊമ്പതുകാരനായ എഴുത്തുകാരന്‍ കഴിച്ചുകൂട്ടിയ ഒരു കറുത്തകാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മാതാപാതാക്കളെ എങ്ങനെ നേരിടുന്നു?

നമ്മള്‍ എന്തുചെയ്താലും അവര്‍ കൂടെയുണ്ടാകും എന്ന വിശ്വാസമാണ് എന്നെ അതിജീവിപ്പിച്ചത്. അവര്‍ക്ക് പ്രായമായിക്കൊണ്ടിരി്കകുകയാണെന്നും നമ്മളെ നോക്കിപരിപാലിച്ചതുപോലെ തിരിച്ച് അവരെയും ശ്രദ്ധിക്കാനും സ്‌നേഹിക്കാനുമൊക്കെ കാലമായി എന്നുമൊക്കെ അപ്പോള്‍ ഓര്‍മയുണ്ടാകില്ല. ഇന്ന് ഞാനത് തിരിച്ചറിയുന്നു. അനാവശ്യമായ പ്രഷര്‍ അവര്‍ക്കുകൊടുത്ത് ജോലിചെയ്ത് നമ്മളെ പോറ്റുന്നവരാണ് അവര്‍. തിരിച്ചറിവില്ലാതെ പെരുമാറിയിട്ടുണ്ട്. കുടുംബം മുന്നോട്ട് കൊണ്ടുപോകണം, നമ്മളെ പഠിപ്പിക്കണം ആ ഒരു തിരിച്ചറിവ് നമ്മളില്‍ വന്നു കഴിഞ്ഞാല്‍ പിന്നീട് ഒരു ട്വിസ്റ്റും ഡ്രഗ്‌സ് കാരണം നമ്മുടെ ജീവിതത്തില്‍ സംഭവിക്കുകയില്ല. 

റിബല്‍ മനോഭാവമാണ് ഈ ഒരു പ്രായത്തില്‍ നമ്മളെ നയിക്കുന്നത്. അപ്പോള്‍ മാതാപിതാക്കളെ നമ്മള്‍ പരിഗണിച്ചുകൊള്ളണമെന്നില്ല. അവരുടെ വാക്കുകള്‍ ഗൗനിക്കില്ല. ലഹരിയിടത്തില്‍ എത്തിക്കഴിഞ്ഞാല്‍ മാതാപിതാക്കള്‍ നമുക്കുവേണ്ടി ചെയ്തതൊക്കെ സൗകര്യപൂര്‍വം മറക്കും. അവിടെ 
മറ്റൊന്നിനും പ്രാധാന്യമില്ല, ലഹരിയ്ക്കല്ലാതെ. അതില്‍ നിന്നും പതുക്കെ അവരെ എതിര്‍ക്കാനുളള ഊര്‍ജമൊക്കെ സംഭരിക്കും. 

ഉറക്കം, വിശപ്പ്, ശാരീരിക ക്ഷമത, ക്ഷമ തുടങ്ങിയവയൊക്കെ ലഹരി ഉപയോഗിക്കുമ്പോള്‍ എങ്ങനെയാണ്?

ഒരിക്കലുമുണ്ടാവില്ല. ഇത് തലച്ചോറിനെ ആകപ്പാടെ തകരാറിലാക്കുകയാണ്. സമയം തെറ്റിയാണ് ഉറക്കമുണ്ടാവുക. പകല്‍ സമയങ്ങളില്‍ ക്ഷീണം കാരണം എഴുന്നേല്‍ക്കാനാവാതെ ഉറങ്ങിപ്പോകും. പിന്നെ വൃത്തിബോധമൊക്കെ കുറയും. ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാനാവില്ല. ദിനകൃത്യങ്ങള്‍ ഒക്കെ തലതിരിയും. എല്ലാം ബുദ്ധിമുട്ടാണ്. ഇതിലേക്ക് ആരും വരാതിരിക്കുക. അഞ്ചാമത്തെ ഡി അഡിക്ഷന്‍ സെന്ററില്‍ നിന്നാണ് ഞാന്‍ പൂര്‍ണമായും ലഹരിമുക്തനായത്. അതുവരെ സീന്‍ വളരെ മോശമായിരുന്നു. ഞാന്‍ രക്ഷപ്പെട്ടതുപോലെ ആര്‍ക്കും രക്ഷപ്പെടാം എന്നെനിക്ക് ഇപ്പോള്‍ ഉറപ്പായും പറയാന്‍ കഴിയുന്നുണ്ട്. കലയും സാഹിത്യവും സംസ്‌കാരവും സാഹോദര്യവുമെല്ലാമുള്ള നല്ലൊരു സമൂഹം നമുക്ക് ചുറ്റിലുമുണ്ട്. അത് കാണാന്‍ കഴിഞ്ഞാല്‍ ഒരു തലമുറയ്ക്ക് ഒന്നും പേടിക്കാനില്ല.

ontent Highlights:Writer Arjun Vyshakh Shares his life experience and struggle with Drugs