ഴുത്തുകാരിയും പ്രഭാഷകയുമായ മ്യൂസ് മേരി ജോർജ് ഇന്ന് അധ്യാപകജീവിതത്തോടു വിടപറയുകയാണ്. മ്യൂസ് മേരിയുമായി സിറാജ് കാസിം സംസാരിക്കുന്നു....

'ഞാൻ നിങ്ങളെ ഓർത്തുകൊണ്ടേയിരിക്കുന്നു, എന്തെങ്കിലും കാരണങ്ങൾ ഓടിവരും. തുമ്പി, ഒരു കവിത, മഴയുടെ കഷ്ണം, നിലാവിന്റെ ഇഴ, ഫെമിനിസത്തിലെ കാഴ്ച, പൂത്ത അരിമുല്ല, അമ്മയുടെ മണമുള്ള കോട്ടൺസാരി...'' പ്രിയപ്പെട്ട ശിഷ്യകളിലൊന്നായ സിമിത തന്നെക്കുറിച്ചെഴുതിയ കവിതകളിലെ വരികൾ മ്യൂസ് മേരി ജോർജ് ഓർത്തെടുത്തു.

യു.സി. കോളേജിൽ നിന്ന് പടിയിറങ്ങാൻ നേരമായെന്ന ഓർമപ്പെടുത്തൽ പോലെ കൊഴിഞ്ഞുവീണ ഇലകൾക്കിടയിലൂടെ നടന്നു മ്യൂസ് മേരി പറഞ്ഞു, ''ഞാനും എന്റെ കുട്ടികളും മഞ്ചാടിമണികൾ പെറുക്കി നടന്ന മണ്ണാണിത്. റിട്ടയർമെന്റ് എനിക്കൊരു പ്രശ്നമല്ല, പക്ഷേ സ്വന്തമായിരുന്ന ഒരിടം നഷ്ടമാകുന്നതിന്റെ സങ്കടം...'' ഉള്ളുപൊള്ളുന്ന ഒരു പിടയലോടെ വാക്കുകൾ മുറിഞ്ഞുനിന്നു.

എങ്ങനെയാണ് ടീച്ചർക്ക് ഈ പേരു വന്നത്?

എന്റെ പപ്പ എം.വി. വർഗീസും അമ്മ ത്രേസ്യാമ്മയും അധ്യാപകരായിരുന്നു. നല്ല വായനയുണ്ടായിരുന്ന പപ്പയാണ് അലക്സാണ്ടർ പോപ്പിന്റെ 'മ്യൂസ്' എന്നു തുടങ്ങുന്ന കവിതയിൽനിന്ന് ഈ പേരിട്ടത്. പോപ്പിന്റെ പുസ്തകത്തിൽ മ്യൂസ് എന്ന പേരിനു താഴെ പപ്പ മൂന്നു വര വരച്ചിട്ടത് എനിക്കോർമയുണ്ട്. എട്ടു ദിവസം പ്രായമായ സമയത്ത് പപ്പ എന്നെ വീട്ടിലെ കപ്പത്തോട്ടത്തിനിടയിൽനിന്ന് ആകാശം കാണിച്ചിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഗ്രീക്ക് മിഥോളജിയിലെ പർണാസ മലഞ്ചെരിവുകളിൽ സംഗീതം മീട്ടിനടന്ന മ്യൂസ് അടക്കമുള്ള ദേവതമാരെ അപ്പോഴായിരിക്കാം ഞാൻ ആദ്യമായി കണ്ടത്. മ്യൂസ് എന്ന പേര് എന്റെ എഴുത്തിലും രാഷ്ട്രീയത്തിലുമൊക്കെ വേറിട്ട അടയാളമാകാൻ സഹായിച്ചിട്ടുണ്ട്.

ഫസ്റ്റ് ഗ്രൂപ്പിൽനിന്നു മലയാളത്തിലേക്കെത്തിയത്?

പത്താം ക്ലാസുവരെ നല്ല നിലയിൽ പഠിച്ച എന്റെ ജീവിതം മാറിയത് പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പെടുത്തതോടെയാണ്. പലപ്പോഴും അതിനോടു നീതി പുലർത്താനായില്ല. തോറ്റുപോകുമെന്നു കരുതിയ പ്രീഡിഗ്രി കഷ്ടിച്ചു ജയിച്ചു. പിന്നെ ടി.ടി.സി.ക്കു ചേർന്നു. അതു പാസായി അടുത്തുള്ള സ്കൂളിൽ അധ്യാപികയായി. വലിയ സ്വപ്നങ്ങൾ കണ്ടശേഷം ചെറിയൊരു ജീവിതത്തിലേക്കു വീണുപോയെന്നു തോന്നി. അങ്ങനെ മലയാളം ഡിഗ്രി പഠനത്തിലൂടെ ഞാൻ തിരിച്ചെത്തി. എം.എ.ക്കാരിയാകാതെ ഇനി നിന്നെ എനിക്കു കാണേണ്ടെന്നു പറഞ്ഞ് വഴക്കുപറഞ്ഞ ജ്യോഗ്രഫി ടീച്ചർ മേരിയുടെ സ്നേഹവും എന്റെ കണ്ണുകൾ നനച്ചു. എം.എ. മലയാളം റാങ്കോടെ പാസായി പിന്നീട് യു.സി. കോളേജിൽ അധ്യാപികയായി ചേർന്നു.

തിരഞ്ഞെടുപ്പു വഴിയിലേക്ക് പലപ്പോഴും എത്തിയിട്ടുണ്ടല്ലോ

കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക് കോളേജിൽ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്ത് അന്നത്തെ കേരള കോൺഗ്രസ് നേതാവായ തോമസ് കല്ലമ്പള്ളി എം.എൽ.എ. വീട്ടിൽ വന്ന് എന്നെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വൈസ് ചെയർപേഴ്സൺ സ്ഥാനാർഥിയായി നിർത്തണമെന്നു പപ്പയോടു പറഞ്ഞു. ഇപ്പോൾ അതു ശരിയാകില്ലെന്നായിരുന്നു പപ്പയുടെ മറുപടി.

യു.സി. കോളേജിൽ അധ്യാപികയായിരിക്കെ 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർഥിയാകാൻ പാർട്ടിക്കാർ സമീപിച്ചിരുന്നു. എന്നാൽ അന്നു മക്കളായ അജയ്യും വിജയ്യും സ്കൂളിൽ പഠിക്കുകയായിരുന്നു. അഭിഭാഷകനായ ഭർത്താവ് മാത്യു ജേക്കബ്ബിനേയും മക്കളേയും ഓർത്തപ്പോൾ അന്നു മത്സരിക്കാൻ തോന്നിയില്ല. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ജോസ് കെ. മാണിക്കെതിരേ മത്സരിക്കാൻ താത്‌പര്യമുണ്ടോയെന്നു ജനതാദൾ ചോദിച്ചു. എന്നാൽ സീനിയറായ, പാർട്ടിക്കു വേണ്ടി അഹോരാത്രം പ്രവർത്തിച്ച പലരേയും ഓർത്തപ്പോൾ ആ ക്ഷണവും വേണ്ടെന്നുവെച്ചു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂരിൽ മത്സരിക്കാൻ ചിലരൊക്കെ ആവശ്യപ്പെട്ടപ്പോഴും പല കാരണങ്ങളാൽ സ്നേഹപൂർവം നിരസിക്കാനാണ് എനിക്കു തോന്നിയത്.

സ്ത്രീകൾ അവസരം കിട്ടുമ്പോൾ മുന്നിലേക്കു വരികയല്ലേ വേണ്ടത്

''നമ്മുടെ നിയമസഭയിലും പാർലമെന്റിലുമൊക്കെ വനിതകൾക്ക് അർഹിക്കുന്ന പ്രാതിനിധ്യത്തിന്റെ നാലിലൊന്നുപോലും ലഭിച്ചിട്ടില്ല. അതു മാറണമെന്നു ശക്തമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അതുപോലെ തിരഞ്ഞെടുപ്പിലെ അമിതമായ പണമൊഴുക്കു തടയാനും ഫലപ്രദമായ മാർഗങ്ങളുണ്ടാകണം. സ്ഥാനാർഥി നിർണയം ഉൾപ്പെടെ എല്ലാത്തിലും അമിതമായ മതാത്മകത കടന്നുവരുന്നതും രാഷ്ട്രീയം നേരിടുന്ന മറ്റൊരു പ്രശ്നമാണ്. നമ്മുടെ ചുറ്റുമുള്ളവരെ മതത്തിനപ്പുറത്തെ ചിന്തകളുമായി അരികിലേക്കു ചേർത്തുനിർത്താൻ കഴിയാതെ പോയാൽ...'' അപൂർണമായ വാക്കുകളോടെ മ്യൂസ് മേരി സംസാരം നിർത്തി.

Content highlights :writer and orator muse mary farewell in teaching uc college aluva