കേരള സാഹിത്യ അക്കാദമി പുരസ്‌കാര നിര്‍ണ രീതികള്‍ സുതാര്യമോ എന്ന വിഷയത്തില്‍ മാതൃഭൂമി ഡോട് കോം നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അക്കാദമി അധ്യക്ഷനും എഴുത്തുകാരനുമായ വൈശാഖനും എഴുത്തുകാരായ സക്കറിയയും കല്‍പ്പറ്റ നാരായണനും തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കുകയുണ്ടായി. കല്‍പ്പറ്റ നാരയണന്‍ നിര്‍ദ്ദേശിച്ച പ്രൈമറി സെലക്ഷന്‍ കമ്മറ്റി എന്ന ആശയത്തെക്കുറിച്ചും കവി സച്ചിദാനന്ദന്റെ നിര്‍ദ്ദേശത്തെക്കുറിച്ചും വൈശാഖന്‍ മറുപടി നല്‍കുന്നു. 

കല്‍പ്പറ്റ നാരായണന്റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. അതില്‍ ഒരു തിരുത്തുണ്ട്. യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാര്യം തന്നെയാണ് അദ്ദേഹം പറയുന്നത്. അത് അദ്ദേഹത്തിന് വ്യക്തമായി അറിഞ്ഞുകൂടാഞ്ഞിട്ടായിരിക്കും സെലക്ഷന്‍ കമ്മറ്റിയുടെ കാര്യം പറഞ്ഞത്. അക്കാദമി വാങ്ങുന്നതും പ്രസാധകരും എഴുത്തുകാരും അയച്ചുതരുന്നതുമായ എല്ലാത്തരം പുസ്തകങ്ങളും വിശദമായിത്തന്നെ പരിശോധിക്കുന്നത് ഏഴുപേരടങ്ങുന്ന ഒരു വിദഗ്ധസമിതിയാണ്. അവരാണ് പുസ്തകങ്ങളെ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഈ ഏഴുപേരും സാഹിത്യ അക്കാദമിയില്‍ പലദിവസം വന്നിട്ടാണ് പുസ്തകങ്ങള്‍ പരിശോധിക്കുന്നതും ആദ്യ പത്തിലേക്ക് തിരഞ്ഞെടുക്കുന്നതും. അതത് മേഖലകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഏറ്റവും സാധ്യമാവുന്ന തരത്തില്‍ മെച്ചപ്പെട്ട പത്ത് പുസ്തകങ്ങള്‍ തന്നെയാണ് ഷോര്‍ട് ലിസ്റ്റാക്കുന്നത്. 

ഈ പത്തെണ്ണമാണ് പിന്നീട് അന്തിമ വിധികര്‍ത്താക്കള്‍ക്ക് കൊടുക്കുന്നത്. ഓരോ മേഖലയിലും നൈപുണ്യമുള്ള മൂന്നു പേര്‍ വീതമാണ് അവാര്‍ഡുകള്‍ക്കായി പരിഗണിക്കപ്പെട്ട പുസ്തകങ്ങള്‍ക്ക് മാര്‍ക്കിടുന്നത്. ഈ മൂന്നുപേര്‍ക്കും തീര്‍ച്ചയായും സാഹിത്യാസ്വാദനം, സര്‍ഗാത്മകത, വിമര്‍ശനാത്മകത,പാണ്ഡിത്യം തുടങ്ങിയ എല്ലാ ഗുണങ്ങളും തികഞ്ഞവരായിരിക്കണം. കേരള സാഹിത്യ അക്കാദമി വിവിധ മേഖലകളിലായി എന്‍ഡോവ്‌മെന്റ് ഉള്‍പ്പെടെ പതിനാറ് അവാര്‍ഡുകളാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. പതിനാറ് മൂന്ന് നാല്‍പത്തിയെട്ട് പേര്‍ വേണം വിധികര്‍ത്താക്കളായിട്ട്. ചുരുക്കിപ്പറഞ്ഞാല്‍ ലക്ഷണമൊത്ത നാല്‍പ്പത്തിയെട്ട് വിധികര്‍ത്താക്കള്‍ തന്നെ! കഴിഞ്ഞ വര്‍ഷം മൂല്യനിര്‍ണയം നടത്തിയവര്‍ ഈ വര്‍ഷം പാടില്ല എന്നതാണ് അക്കാദമിയുടെ നിബന്ധന. മാത്രമല്ല വളരെ രഹസ്യമായി പുസ്തകങ്ങള്‍ എത്തിക്കുകയും ഒരു അവാര്‍ഡ് നിര്‍ണയിക്കുന്ന മൂന്ന് വിധികര്‍ത്താക്കള്‍ പരസ്പം ഇക്കാര്യം അറിയാനും പാടില്ലാത്തവിധമാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുക. ഒരു വിധികര്‍ത്താവിനോട് മറ്റു രണ്ടുപേര്‍ ആരൊക്കെയാണ് എന്ന് സാഹിത്യ അക്കാദമി അറിയിക്കുകയില്ല, വിധികര്‍ത്താക്കള്‍ ചോദിച്ചറിയാനും പാടുള്ളതല്ല. അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിനുശേഷം അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യ ചക്രവാളത്തില്‍ വിധികര്‍ത്താക്കളുടെ പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്പോഴാണ് പരസ്പരം അറിയുക. 

അവാര്‍ഡ് സംബന്ധിച്ച് കവി സച്ചിദാന്ദന്റെ ഒരു നിര്‍ദ്ദേശം ഫേസ്ബുക്കില്‍ കണ്ടു. അദ്ദേഹം ചോദിക്കുന്നത് മാര്‍ക് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യമുണ്ടോ, മറിച്ച് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍ മാത്രം പ്രസിദ്ധപ്പെടുത്തിയാല്‍ പോരെ എന്നാണ്. കേന്ദ്ര സാഹിത്യ അക്കാദമി അങ്ങനെ ചെയ്യാറുണ്ട് എന്നു അദ്ദേഹം പറയുന്നു. തികച്ചും സ്വാഗര്‍താഹം തന്നെ. ഈ നിര്‍ദ്ദേശം കേരള സാഹിത്യ അക്കാദമി എക്‌സിക്യുട്ടീവ് കമ്മറ്റിയില്‍ അവതരിപ്പിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്. ആ നിര്‍ദ്ദേശത്തില്‍ ആരോഗ്യകരമായ എന്തെങ്കിലും വ്യത്യാസങ്ങള്‍ വരുത്തണമെങ്കില്‍ അതും പ്രായോഗികമാക്കാവുന്നതേയുള്ളൂ.

Content Highlights : Vyshakhan replys to Kalpetta Narayanan and Satchidananan Kerala Sahithya Academy Awards