കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകങ്ങളുടെ ലിസ്റ്റുകൂടി പുറത്തു വന്നു. സമൂഹമാധ്യമങ്ങളില്‍ ഷോര്‍ട്‌ലിസ്റ്റ് പ്രചരിപ്പിക്കപ്പെട്ടതോടെ അവാര്‍ഡ് നിര്‍ണയത്തിലെ സുതാര്യതയെക്കുറിച്ച്‌ പലതലങ്ങളില്‍ നിന്നും ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു വരികയുണ്ടായി. കേരളസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നിര്‍ണയ സംവിധാനങ്ങളെക്കുറിച്ച് അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍, എഴുത്തുകാരായ സക്കറിയ, കല്‍പ്പറ്റ നാരായണന്‍ എന്നിവര്‍ പ്രതികരിക്കുന്നു. 

കൃതിയുടെ മഹിമ കിലോഗ്രാമിലും സെന്റീമീറ്ററിലും അളക്കാന്‍ കഴിയില്ല- വൈശാഖന്‍

കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നിര്‍ണയത്തില്‍ പുറത്തുപറയാന്‍ കൊള്ളാത്ത കഥകള്‍ ഉണ്ടെന്ന് ഒരു മാന്യന്‍ എഴുതിയിരിക്കുന്നതു വായിച്ചു. പുറത്തു പറയാന്‍ കൊള്ളാത്ത അത്തരം കഥകള്‍ പുറത്തു പറയുക എന്നതാണ് ഒരു ബുദ്ധിജീവിയുടെ ധാര്‍മ്മിക ദൗത്യം. അതറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതില്‍ ഒരു വ്യക്തിയും ഇപ്പോള്‍ കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനുമായ എനിക്കും അവകാശമുണ്ട്. അതുകൊണ്ട് സമൂഹത്തോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ ആ കഥകള്‍ വെളിപ്പെടുത്തണം- അക്കാദമിയുടെ ഇപ്പോഴത്തെ അധ്യക്ഷനെന്ന നിലയില്‍ എനിയ്ക്ക് പ്രത്യേക താല്‍പര്യമുണ്ട് എന്നു അറിയിക്കട്ടെ. ഫേസ്ബുക്കു മുഖേനയോ പത്രക്കുറിപ്പിലൂടെയോ അദ്ദേഹത്തിനു അതൊക്കെ വെളിപ്പെടുത്താമല്ലോ. അതല്ല, ക്ഷണിക്കപ്പെട്ട ഒരു സദസ്സിനു മുന്നില്‍ പ്രസംഗിച്ചു വെളിപ്പെടുത്താന്‍ തയ്യാറാണെങ്കില്‍ യാത്രാസൗകര്യവും വാടക കൊടുത്ത് അക്കാദമി ഹാളും എല്ലാം എന്റെ സ്വന്തം ചിലവില്‍ ഏര്‍പ്പെടുത്താനും ഞാന്‍ തയ്യാറാണ്.

അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായി ചുരുക്കപ്പട്ടികയും മറ്റും പ്രസിദ്ധപ്പെടുത്തി സുതാര്യമാക്കാന്‍ തയ്യാറായപ്പോഴാണു പുറത്തു പറയാന്‍ കൊള്ളാത്ത കഥകള്‍ ഒരാള്‍ക്ക് അറിയാമെന്ന കാര്യം പ്രകാശിതമാകുന്നത്. എല്ലാ വര്‍ഷവും അവാര്‍ഡ് പ്രഖ്യാപിച്ചു കഴിയുമ്പോള്‍ അവാര്‍ഡ് കിട്ടാത്തവരും കൂടാതെ സര്‍വ്വ പുച്ഛക്കാരും ആയവരുടെ പുലഭ്യം പറച്ചിലുകള്‍ പതിവാണ്. അക്കാദമി അവാര്‍ഡ് നിര്‍ണ്ണയിക്കുന്നതിന്റ നടപടികള്‍ വിശദമായി ഞാന്‍ തന്നെ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. പിന്നെ ഒരു കൃതിയുടെ മഹിമ കിലോഗ്രാമിലും സെന്റിമീറ്ററിലും അളക്കാന്‍ കഴിയില്ലല്ലൊ. വിധികര്‍ത്താക്കളുടെ ആത്മനിഷ്ഠത അളന്നുനോക്കാന്‍ സംവിധാനം ഉണ്ടാകുന്നതു വരെ ഈ രീതി തുടരാനേ കഴിയൂ. പുറത്തു പറയാന്‍ കൊള്ളാത്ത കഥകള്‍ പറയാനുള്ള ആര്‍ജ്ജവവും മാന്യതയും ധൈര്യവും ആ മാന്യദേഹത്തിന് ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. 

അവാര്‍ഡ് പട്ടിക അക്കാദമി മാസികയായ സാഹിത്യചക്രവാളത്തില്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ സുരാത്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വരും വര്‍ഷങ്ങളിലും ഇത് തുടരും. അക്കാദമി അവാര്‍ഡുകള്‍ക്കായി ക്ഷണിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കാം.  പുസ്തകങ്ങള്‍ അക്കാദമി സ്വന്തം ചിലവില്‍ വാങ്ങുന്നുണ്ട്. എല്ലാ പുസ്തകങ്ങളും വാങ്ങിക്കുന്നതില്‍ അക്കാദമിക്ക് പരിമിതികളുണ്ട്. ആയിരക്കണിക്കിന് പ്രസാധകര്‍ ഉള്ള നാടാണ് നമ്മുടേത്. എല്ലാവരും പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ കണ്ടെന്നു വരില്ല. അതുകൊണ്ടാണ് അക്കാദമി പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നത്. പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും ആര്‍ക്കുവേണമെങ്കിലും പുസതകം നിര്‍ദ്ദേശിക്കാം. പുസ്തകത്തിന്റെ കോപ്പികള്‍ കൂടി വെക്കണമെന്ന് മാത്രം. അവാര്‍ഡു നിര്‍ണയം ജഡ്ജിങ് പാനലില്‍ മാത്രം നിക്ഷിപ്തമാണ്. 

കാര്യങ്ങള്‍ സുതാര്യമാകട്ടെ- സക്കറിയ

പുരസ്‌കാരങ്ങളെപ്പറ്റി ആവശ്യത്തിലേറെ തെറ്റിദ്ധാരണകള്‍ പൊതുവില്‍ ഉണ്ട്. മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചു കൊടുക്കുന്ന പുരസ്‌കാരങ്ങളും ഉണ്ട്. ഇല്ലെന്ന് പറയാന്‍ പറ്റില്ല. അത്തരം പുരസ്‌കാരങ്ങള്‍ ഓരോരോ താല്‍പര്യങ്ങള്‍ക്കുവേണ്ടി സ്ഥാപിച്ചിരിക്കുന്നവയാണ്. പക്ഷേ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ആ ഗണത്തില്‍ പെടുന്നവയല്ല. അത്തരം മൂല്യവത്തായ പുരസ്‌കാരങ്ങള്‍ വിലകൊടുത്ത് വാങ്ങാന്‍ കഴിയുന്നവയല്ല. അക്കാദമി പുരസ്‌കാരം നിര്‍ണയിക്കുന്നത് ഒരു കമ്മറ്റിയാണ്. അങ്ങേയറ്റം സ്വകാര്യമാണ് മൂല്യനിര്‍ണയം. അവിടെ വ്യക്തിപരമായി സ്വാധീനം ചെലുത്തി താല്‍പര്യമുള്ള പുസ്തകങ്ങള്‍ക്ക് അവാര്‍ഡ് വാങ്ങിക്കൊടുക്കല്‍ പ്രയാസമാണ്.

പൊതുവില്‍ അങ്ങനെ സംഭവിക്കാറില്ല. ഒരു കമ്മറ്റിയില്‍ നാലുപേരുണ്ടെങ്കില്‍ നാല് തരം വിലയിരുത്തലുകളുടെയും കൂടി റിസല്‍റ്റാണ് അവാര്‍ഡായി മാറുന്നത്. അത് നമ്മള്‍ അംഗീകരിക്കണം.  ഇന്നയാള്‍ക്ക് അവാര്‍ഡ് കൊടുക്കണം എന്ന് ആര്‍ക്കും സമ്മര്‍ദ്ദം ചെലുത്താന്‍ പറ്റില്ല. അല്ലെങ്കില്‍ കമ്മറ്റികള്‍ ഉണ്ടാക്കേണ്ടതില്ലല്ലോ. നല്ല അവാര്‍ഡുകളെപ്പറ്റിയാണ് ഈ പറയുന്നതെല്ലാം. അവാര്‍ഡ് സംബന്ധമായ വിവരങ്ങള്‍ അക്കാദമി സുതാര്യമാക്കുന്നതിനോട് അനുകൂലിക്കുന്നു. അവാര്‍ഡ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അത് സമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതിനുമേല്‍ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവും. വായനക്കാരുടെ കൂടി വിലയിരുത്തലുകള്‍ ഇവിടെ നടക്കും. അതാണ് സുതാര്യത കൊണ്ടുള്ള ഗുണം. ജഡ്ജ്‌മെന്റുകള്‍ കുറച്ചുകൂടി ജാഗ്രതയോടെ നിര്‍വ്വഹിക്കപ്പെടും. 

ഒരാളുടെ അഭിരുചിയില്‍ മാത്രം ഒതുങ്ങിപ്പോകരുത് കൃതികള്‍- കല്‍പ്പറ്റ നാരായണന്‍

കേരള സാഹിത്യഅക്കാദമി അവാര്‍ഡ് നിര്‍ണയം വളരെ പ്രധാനപ്പെട്ടതാണ്. അവാര്‍ഡ് പരിഗണനയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്ന പുസ്തകങ്ങള്‍ ഏതൊക്കെയായിരിക്കണം എന്ന് തീരുമാനിക്കുന്ന ഒരു പ്രൈമറി സെലക്ഷന്‍ കമ്മറ്റിയാണ് ഉണ്ടാവേണ്ടത്. ഈ കമ്മറ്റിയുടെ ഗൗരവപൂര്‍ണവും ഉത്തരവാദിത്തപരവുമായിട്ടുള്ള ദൗത്യം ഉണ്ടെങ്കില്‍ മാത്രമേ അര്‍ഹതപ്പെട്ടവരില്‍ പുരസ്‌കാരം വന്നുചേരുകയുള്ളൂ. ജഡ്ജിങ് പാനലിലേക്ക് നിര്‍ദ്ദേശിക്കേണ്ടതായിട്ടുള്ള പത്ത് പുസ്തകങ്ങള്‍ തികച്ചും അര്‍ഹതപ്പെട്ടതാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ഈ പ്രൈമറി സെലക്ഷന്‍ കമ്മറ്റിയായിരിക്കണം. അല്ലാതെ അക്കാദമിയുമായി വ്യക്തിബന്ധമുള്ള ആളുകളുടെ ഓര്‍മയിലുള്ള പുസ്തകങ്ങളാവരുത് അവാര്‍ഡിനായി ശുപാര്‍ശ ചെയ്യേണ്ടത്.

ഓരോ വിഭാഗത്തിലേയും അവാര്‍ഡിനായി പരിഗണിക്കപ്പെടേണ്ട പുസ്തകങ്ങള്‍ അക്കാദമി നിര്‍ദ്ദേശിക്കുന്ന ഒരാള്‍, അയാള്‍ യോഗ്യനാണോ അയോഗ്യനാണോ എന്നത് വേറെ കാര്യം, തിരഞ്ഞെടുക്കുമ്പോള്‍ അയാളുടെ അഭിരുചിയില്‍ മാത്രം ഒതുങ്ങിപ്പോകുന്നു പുസ്തകങ്ങള്‍. വര്‍ഷാവര്‍ഷം ആയിരക്കണക്കിന് പുസ്തകങ്ങള്‍ വലുതും ചെറുതുമായ പ്രസാധകര്‍ അച്ചടിക്കുന്നുണ്ട്. അതിലെ മികച്ച കൃതികള്‍ നിര്‍ദ്ദേശിക്കാന്‍ അത്രയും പാരായണക്ഷമതയും നിരീക്ഷണപാടവവും ഉണ്ടായിരിക്കണം. അതുകൊണ്ട്് ഷോര്‍ട് ലിസ്റ്റ് ചെയ്യുന്ന കമ്മറ്റി എല്ലാത്തരത്തിലും പവര്‍ഫുള്ളായിരിക്കണം. ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്ന പത്തു പുസ്തകങ്ങളില്‍ നിന്നും മികച്ചവ തിരഞ്ഞെടുക്കേണ്ടതും ഏറ്റവും മികച്ച ജഡ്ജിങ് പാനലായിരിക്കണം. ഉത്തരവാദിത്തത്തോടു കൂടി കൃതികളെ പരിഗണിക്കണം എന്ന് അക്കാദമിയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ അക്കാദമി അംഗങ്ങള്‍ കൂടിയിരുന്ന് അതത് വര്‍ഷത്തിലെ ഓരോ മേഖലയിലുമുള്ള മികച്ച പത്ത് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കണം. അതില്‍ നിന്നുമായിരിക്കണം ജഡ്ജസ് പുരസ്‌കാരത്തിനര്‍ഹമായ കൃതികള്‍ തിരഞ്ഞെടുക്കേണ്ടത്.

അവാര്‍ഡ് പട്ടികയില്‍ പത്തില്‍ എട്ടാമതായി വന്നു ആറാമതായി വന്നു എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ് എന്നു കൂടി പറയുന്നു. പുരസ്‌കാരം ഒന്നേയുള്ളൂ. രണ്ടും മൂന്നും ബാക്കിയുള്ള സ്ഥാനങ്ങള്‍ക്കും പ്രസക്തിയില്ല. പലപ്പോഴും പുരസ്‌കാരം ലഭിച്ച കൃതികളേക്കാള്‍ എത്രയോ മികച്ച കൃതികള്‍ ഉണ്ടാവും. അവ പുരസ്‌കാരത്തിനര്‍ഹമാവാത്തത് അവാര്‍ഡ് നിര്‍ണയ കമ്മറ്റിയുടെ ശ്രദ്ധയില്‍ പെടാത്തതിനാലാണ്. പത്തുപുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്ന പാനല്‍ കുറ്റമറ്റതായിരിക്കണം. എല്ലാ മേഖലകളിലെയും കൃതികള്‍ അവര്‍ കണ്ടിരിക്കണം. ഗണ്യമായ കൃതികള്‍ പാനല്‍ പരിഗണിച്ചിരിക്കണം. വിധികര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിലും സൂക്ഷ്മത പുലര്‍ത്തണം. കാവ്യാവബോധം ഉള്ളവര്‍ മാത്രമേ കവിത തിരഞ്ഞെടുക്കാവൂ. അതുപോലെ മറ്റുമേഖലകളിലും. 

Content Highlights ; vyshakhan Paul Zakaria Kalpeta Narayanan React on Kerala Sahithya Academy Award Shortlist